Monday 5 August 2013

മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍


 ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക കൊണ്ട് മങ്ങിയ ചിമ്മിനി വിളക്കുകള്‍ തോറ്റു കൊടുക്കും .

  പറന്നു നടക്കുന്ന വെളിച്ചക്കുമിളകളോട് കൊതി മൂത്തൊരു ദിവസം രണ്ടെണ്ണത്തിനെ പിടികൂടി കുപ്പിയിലടച്ചു. ആ ജൈവ വിളക്കും കൊണ്ട് കളിക്കുമ്പോഴാണ് അപ്പന്‍ പിടികൂടിയത്. അപ്പന്റെ അടി ഒഴിവാക്കാന്‍ മിന്നമിന്നികളെ നിരുപാധികം മോചിപ്പിക്കേണ്ടി വന്നു . അന്ന് വിഷമം തോന്നിയെങ്കിലും ,ഇന്ന് മനസ്സിലാവുന്നു അതെത്ര നന്നായി എന്ന്. അന്ന് പറന്നു പോയ മിന്നമിന്നികളിതാ പെരുകിപ്പെരുകി പതിനായിരങ്ങളായി നക്ഷത്രമരങ്ങളായി ഇന്ന് എന്നെ ഇവിടെ കാത്തിരിക്കുന്നു .മലേഷ്യയിലെ കെലിപ്പ് കെലിപ്പ് എന്നറിയപ്പെടുന്ന വിനോദകേന്ദ്രത്തില്‍..


 കഴിഞ്ഞ വര്‍ഷം ജൂണിലാണ്  എല്ലാവര് കൂടി  മലേഷ്യയിലേക്ക്  ഒരു പോക്ക് പോയത്. കുലാലംബൂരില്‍  ഭാര്യയുടെ അമ്മാവനും അമ്മായിയുമുണ്ട്. ഹോങ്ങ്കൊങ്ങിലെ ജോലിയില്‍ നിന്നൊക്കെ പിരിഞ്ഞു ,മലേഷ്യയിലേക്ക് കുടിയേറിയവര്‍.വിസാ രേഖകളില്‍ അവരുടെ വിരുന്നുകാരാണ് ഞങ്ങള്‍ . അവിടെക്കൂടിയ ഒരു മാസം  അവരുടെ പൂര്‍ണ  സ്പോണ്‍സര്‍ഷിപ്പിലായിരുന്നു ജീവിതം. ഭക്ഷണം,താമസം,യാത്ര,ഫോണ്‍ വിളിക്കുള്ള ചിലവ് വരെ.ഒരു തരം സമ്പൂര്‍ണ പരാന്നഭോജികളായി ഒരു മാസം. അവരെ ദൈവം അനുഗ്രഹിക്കട്ടെ.

 മറ്റു പരിപാടികളൊന്നുമില്ലാതിരുന്ന ഒരു സായാഹ്നത്തില്‍ അമ്മാവനാണ് മിന്നമിന്നികളുടെ അത്ഭുതപ്രവര്‍ത്തികളെക്കുറിച്ച് പറഞ്ഞത് .കാണേണ്ട കാഴ്ചയാണത്രേ. സാഹി ത്യത്തിന്റെ അസ്ക്യതകളൊന്നുമില്ലത്തവരാണ് അമ്മാവനും അമ്മായിയും .അതുകൊണ്ട്  കാഴ്ചാ വിവരണങ്ങളില്‍  അതിശയോക്തിയോ ചമത്ക്കാരങ്ങളോ ഉണ്ടാവില്ല. എന്നാലും ഇവന്മാരെന്തു  അത്ഭുതം കാട്ടന്‍ എന്നൊരു ശങ്ക മനസ്സിലുണ്ടായിരുന്നു. ങ്ങാ,എന്നോലോന്നു കാണാം എന്ന ശങ്കാസമ്മതം മൂളി.

   രാത്രികള്‍  കറുത്ത് കറുത്ത് വരുന്ന സമയമാണ് . കറുത്ത  വാവിന് നാലു ദിവസം ബാക്കി.അത് ഭാഗ്യം .വെളുത്ത വാവിന്റെ വെള്ളി വെളിച്ചത്തില്‍ മിന്നമിന്നികളുടെ അഭ്യാസങ്ങളൊക്കെ നിഷ്പ്രഭമാവുമത്രേ.ഇനി മഴയൊന്നു മാറി നിന്നാല്‍ ഭാഗ്യം പൂര്‍ണം.പക്ഷേ മലേഷ്യയില്‍ മഴ എപ്പോ വേണമെങ്കിലും പെയ്യും.

   കുലാലംപുരില്‍ നിന്ന്  ഒന്നൊന്നേകാല്‍ മണിക്കൂര്‍ കാറോടിച്ചാല്‍ വെളിച്ചപ്പൊട്ടുകളുടെ സങ്കേതത്തിലെത്താം. സ്ഥലപ്പേരു കമ്പുന്ഗ് കൌതന്‍. സെലന്ഗൂര്‍ സംസ്ഥാനം . കൌല സെലന്ഗൂര്‍ എന്ന പട്ടണത്തില്‍നിന്നു ഒന്‍പതു കിലോമീറ്റര്‍ ദൂരം . .സെലന്ഗൂര്‍ ഒരു നദി കൂടിയാണ് .മലേഷ്യയുടെ ഗംഗയോ യമുനയോ ഒക്കെയാണ്.ഈ നദീ തീരത്താണ് ആ മിന്നും കൊട്ടാരം.
ടാക്സി വിളിച്ചും പോകാം.ബസ്സുകളും കിട്ടും.അപ്പൊ കംബുന്ഗ് കൊമ്ബുന്ഗ് എന്നൊന്നും പറയാന്‍ നില്‍ക്കേണ്ട. കെലിപ്പ് കെലിപ്പ് എന്ന് പറഞ്ഞാല്‍ മതി.കെലിപ്പ് എന്നാല്‍ twinkle എന്നര്‍ത്ഥം .കെലിപ്പ് കെലിപ്പ് എന്നാല്‍ twinkles.ബഹുവചനം. മലയ ബെഹ്സേ ഭാഷയുടെ ഒരു സവിശേഷ സൂത്രമാണിത്. അതായത് കുട്ടി കുട്ടി എന്നാല്‍ കുട്ടികള്‍ എന്ന് വരും.പട്ടി പട്ടി ,പട്ടികള്‍.എപ്പടി ഭാഷാഭ്യാസം .

  റമദാന്‍ മാസത്തിന്റെ അവസാനം കുറിക്കുന്ന പുതുച്ചന്ദ്രനെ കാണുന്ന ദിവസം മലയെഷ്യന്‍ വീടുകളിലും കവലകളിലും മിന്നും വിളക്കുകളുടെ പ്രളയമാണ്. ഈ വിളക്കുകളെ പറയുന്നത് ലാമ്പു  കെലിപ്പ് കെലിപ്പ്(lampu kelip kelip) എന്നാണ്. പണ്ട് എണ്ണവിളക്കുകളായിരുന്നു.ഇപ്പോള്‍ മിക്കവാറും ഇലക്ട്രിക്‌ വെളിച്ചങ്ങളാണ്.നമ്മള്‍ കാണാന്‍  പോകുന്നത് ജീവനുള്ള വിളക്കുകള്‍. മലേഷ്യയുടെ അത്ഭുതവെളിച്ചങ്ങള്‍.

 വൈകീട്ട്  ആറു മണിയോടെയാണ്  ഞങ്ങള്‍  കുലാലംപൂരില്‍ നിന്ന് പുറപ്പെട്ടത്‌ .പുറപ്പെ ടുമ്പോള്‍ അതിസാധാരണമായ ഒരു മല്ലുപ്പരിപാടി ഒപ്പിച്ചു അമ്മാവന്‍ .GPS കളില്‍ ടോള്‍  ഒഴിവാക്കിയുള്ള റോഡുകള്‍ തിരഞ്ഞെടുത്തു. അതുകൊണ്ട് ഒരു ഗുണമുണ്ടായി.ഇരുപത്തഞ്ചോളം കിലോമീറ്ററുകള്‍  കൂടുതല്‍ യാത്ര ചെയ്ത് അരമണിക്കൂറോളം വൈകി  ഞങ്ങള്‍ kelip kelip-ലെത്തിച്ചേര്‍ന്നു.

 യാത്ര  ഇരുട്ട് വീണപ്പോഴായത് കൊണ്ട്  മലയ ഗ്രാമങ്ങളുടെ സൌന്ദര്യം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു .എണ്ണപ്പനകളും മറ്റു തരം കൃഷിയിടങ്ങളും നിറഞ്ഞ മലയ ഹരിത സൌന്ദര്യം പിന്നീടുള്ള യാത്രകളില്‍ ഞങ്ങള്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്തു.ധാരാളമായി ത്തന്നെ ,ഒരു പ്രായശ്ചിത്തം പോലെ. എന്നാലും ,വര്‍ഷത്തില്‍ എല്ലാ ദിവസവും മഴ തകര്‍ത്ത് പെയ്യുന്ന  മലേഷ്യയിലെ അടിപൊളി റോഡുകള്‍  ഞങ്ങളെ അത്ഭുതപ്പെടുത്തി ,ആ ഇരുട്ടത്തും. നമ്മുടെയൊക്കെ 'കുഴിശപ്തജീവിതം' എന്ന് തീരും.

    രാത്രി  ഏഴര  മുതല്‍ പതിനൊന്നു വരെയാണ്  കെലിപ്പ് കെലിപ്പ് -ലെ പ്രവര്‍ത്തി സമയം.പാര്‍കിന്റെ പ്രധാന കവാടത്തിനടുത്ത്  വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ധാരാളം സ്ഥലമുണ്ട്. കവാടത്തിന്റെ  ആര്‍ച്ചില്‍ നിങ്ങള്‍ക്കുള്ള സ്വാഗതം റെഡി -സലാമത്ത് ദാടാന്ഗ്(selamat datang).അതിനപ്പുറത്ത്   ഒന്നു കൂടി കാണാം- a community project by Tenaga Nasional. ഇതെന്താപ്പോ ടെനാഗ നാഷ്യനല്‍ എന്ന് തപ്പി പോകുമ്പോഴാണ് മലേഷ്യയിലെ  സ്വകാര്യവത്കരണത്തെക്കുറിച്ച്  അറിയുന്നത്

.

  1988 ലാണ് ,പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്‌  സ്വകാര്യവത്കരണ നടപടികള്‍  ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് സര്‍ക്കാരിനു  കീഴിലായിരുന്ന  National Electricity Board നു  പകരം ടെനെഗ നാഷ്യനല്‍,1990 ല്‍ നിലവില്‍ വന്നത് . നമ്മളും നമ്മുടെ ഇന്ത്യയും ഒക്കെ കടന്നുപോ കാനിടയുള്ള വഴികളൊക്കെത്തന്നെ ഇത്.സ്വകാര്യന്റെ കീഴില്‍ നമ്മുടെ മിന്നാമിന്നിക്കൂട്ടത്തിനെന്തു  പറ്റുന്നോ ആവോ.

  പ്രധാന കവാടം കടന്നകത്ത്  ചെന്നാല്‍  ടിക്കറ്റ്‌ കൌണ്ടറും  ഒന്ന് രണ്ടു ഷോപ്പുകളും കപ്പിക്കടയും  ടോയ്‌ലറ്റുകളും ഒക്കെയാണ്.പരിസരങ്ങളിലെ  വൃത്തിയും വെടിപ്പും  ശ്രദ്ധേയമാണ്.ടിക്കെറ്റെടുത്ത് ഞങ്ങള്‍ ബോട്ട് ജെട്ടിയിലെ ക്യുവില്‍ ചെന്ന് നിന്നു. തുഴ വഞ്ചികളിലാണ്‌ നമ്മള്‍ മിന്നാമിനുങ്ങുകളെ കാണാന്‍ പോകുന്നത്. സെലന്കൂര്‍ നദിയുടെ ഇരു കരകളി ലുമുള്ള ചതുപ്പുകളില്‍ ആര്‍ത്തു വളരുന്ന ബെരേംബന്ഗ് എന്നറിയപ്പെടുന്ന കണ്ടല്‍കാടുകളാണ് അവരുടെ പ്ലേ ഗ്രൌണ്ട്.



 ഒരു വഞ്ചിയില്‍  നാല് പേര്‍ക്ക് കയറാം. നാലു പേര്‍ക്കും കൂടി  നാല്പത്  മലേഷ്യന്‍ റിന്ഗ്ഗെട്ട്സ്(MR). നാല്‍പ്പത്തഞ്ചു  മിനുറ്റ്  മിന്നാമിന്നി ദര്‍ശനം ,ഓരോ കുപ്പി വെള്ളം,സുരക്ഷക്കായി  ലൈഫ് ജാക്കറ്റും ഈ റിന്ഗ്ഗെട്ട്സില്‍ പെടും. പിന്നെ നമ്മുടെ തുഴച്ചില്‍കാരന്‍ ഗൈഡ് രസികനാണെന്കില്‍ കെലിപ്പ് കെലിപ്പ് നെക്കുറിച്ച്  വാ തോരാതെ വിവരണവും  മിന്നാമിന്നികളുടെ വളരെ അടുത്ത ദര്‍ശനവും, പറ്റുകയാണെങ്കില്‍ നിയമം ലംഘിച്ച്  ഒന്നിനെ കൈവെള്ളയിലൊതുക്കാനുള്ള അവസരവും ബോണസ്
.
 ധാരാളം പേര്‍ കാത്തു നില്‍ക്കുന്നുണ്ട് .ഞങ്ങളുടെ കുറച്ചു മുന്‍പിലായി  ഒരു യൂറോപ്പ്യന്‍ കൂട്ടമുണ്ട്. കൊതുകിനെ ഓടിക്കാനുള്ള എണ്ണയില്‍ കുളിച്ചുനില്‍ക്കുകയാണ്. ഏഷ്യന്‍രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന വെള്ളക്കാരന്റെ സ്ഥിരം പരിപാടിയാണിത്.മൂന്നാം ലോകക്കാരോടുള്ള ഒരു പുച്ഛത്തൈലമാണോ ഈ കൊതുകെണ്ണ? അതെന്തായാലും അവരുടെ ഭാഗത്ത്‌ നിന്നാണ് 'കൊതുകടികള്‍' ധാരാളമായി കേട്ടത്.നമ്മള്‍കൊച്ചിക്കാര്‍ക്കും തൃശൂരുകാര്‍ക്കും ഇതൊക്കെ ഒരു കൊതുകാണോ?

  വഞ്ചികള്‍ വന്നു പോകുന്നതിനനുസരിച്ച്  നാലു പേര്‍ വെച്ച്  കൊഴിയുന്നു. കാത്തുനില്‍പ്പ് സ്ഥലത്തിനു ചുറ്റും മിന്നാമിന്നികളെക്കുറി ച്ചുള്ള വിവരങ്ങളാണ് .നല്ല പോസ്ററുകള്‍. അതിലൊന്ന്‍ വളരെ ശ്രദ്ധേയാമായിരുന്നു .നെഞ്ചകത്തില്‍ പച്ച വെളിച്ചം പേറി നില്‍ക്കുന്ന അഗ്നികീടത്തിനു മേല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു - keep us glowing.



 മറ്റനേകം മലയ ഗ്രാമങ്ങളെപ്പോലെ കൃഷി ചെയ്തും മീന്‍ പിടിച്ചും സ്വസ്ഥം ഉണ്ടുറങ്ങി കഴിയുകയായിരുന്നു,കൌന്തനും. അപ്പോഴാണ് വ്യവസായവിപ്ലവത്തിന്റെ വരവ്. ചെറുപ്പക്കാരെല്ലാം അതോടെ പട്ടണങ്ങളിലേക്കും  വന്‍ നഗരങ്ങളിലേക്കും കെട്ടുകെട്ടി. കൌന്തന്റെ സ്വാസ്ഥ്യവും ഗരിമയുമൊക്കെ അങ്ങനെ കെട്ടുപോയി. അപ്പോഴാണ് എഴുപതുകളില്‍  കൌതന്‍ ഗ്രാമത്തിലെ മിന്നാമിനുങ്ങുകള്‍ ജനശ്രദ്ധയും ശാസ്ത്രശ്രദ്ധയും നേടുന്നത്. ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ മാത്രമായിരുന്നു അതിനു മുന്പ് ഗൌനിക്കത്തക്ക വിധത്തില്‍ ഈ  തീതുമ്പിക്കൂട്ടത്തെ കണ്ടെത്തിയിരുന്നത്.ഏതായാലും  അതിനു ശേഷം കൌന്തന്‍ ഗ്രാമീണര്‍ അവരുടെ പൊയ്പോയ നല്ല കാലം തെളിയിച്ചെടുക്കുകയായിരുന്നു .


  ഒരു മണിക്കൂറോളം  കാത്തുനിന്നതിനു ശേഷം ഞങ്ങള്‍  വഞ്ചിയിലേക്കെത്തി. നമ്മുടെ ചെറിയ നാടന്‍ വള്ളം. മിന്നാമിന്നികളെ അലസോരപ്പെടുത്താതിരിക്കാനാണ് മോട്ടോര്‍ ബോട്ടുകള്‍ ഒഴിവാക്കുന്നത്.ഇതേ കാരണം കൊണ്ട് തന്നെ ഫ്ലാഷ് ഫോട്ടോ യെടുപ്പും നടക്കില്ല,പുകവലിയും. അല്ലെങ്കില്‍ത്തന്നെ ആയിരക്കണക്കിന് ദൈവീക ഫ്ലാഷുകള്‍ മിന്നിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ഫ്ലാഷൊക്കെ എത്ര നിസ്സാരം.തോണിയില്‍  കുറുകെ ഇട്ടിരിക്കുന്ന മരപ്പലകകളില്‍  ഞങ്ങള്‍ ഇരിപ്പുറ പ്പിച്ചു.ലൈഫ് ജാക്കറ്റ് ഇട്ട്,കാമറകളിലെ ഫ്ലാഷുകള്‍ അണച്ച് ഞങ്ങള്‍ റെഡിയായി.ദൈവത്തിന്റെ മാജിക്‌ കാണാന്‍ അന്തം വിട്ടിരിക്കുന്ന കുട്ടികളെപ്പോലെ.



 ചുറ്റും കുറ്റാക്കൂരിരുട്ട്.എങ്ങും നിശബ്ദത . നായ്ക്കള്‍ ഓരിയിടുന്നില്ലെന്നു മാത്രം .തുഴ വെള്ളത്തില്‍ വീഴുമ്പോഴും കാര്യമായ ശബ്ദമില്ല. ഇരുട്ടില്‍ തുഴച്ചില്കാരന്റെ മുഖവും  വ്യക്തമല്ല.മുകളില്‍ നക്ഷത്രങ്ങളില്ല .പുഴയുടെ കരയോ ,കണ്ടല്‍ കാടുകളോ,പുഴയിലെ വെള്ളം തന്നെയോ കാണാനില്ല.  ഒരു ഭീകര മാന്ത്രിക നോവലിന്‍റെ ആരംഭരംഗം  പോലെ.

 സംപാന്‍ മെല്ലെ നീങ്ങിത്തുടങ്ങി. ഇല്ല ഒന്നും കാണുന്നില്ല .ഒരത്ഭുതവും സംഭവിക്കുന്നില്ല . എവിടെ കൊട്ടിഘോഷിക്കപ്പെട്ട  വെളിച്ചപ്പൊട്ടുകള്‍?ഇരുട്ട് ,ഇരുട്ട് മാത്രം. ഞങ്ങളുടെ നിരാശ , ഗൈഡും തുഴച്ചില്‍കാരനുമായ ഹാലിം തിരിച്ചറിഞ്ഞു. 'കാത്തിരിക്കൂ,കുറച്ചു കൂടി,എല്ലാം കാണാം.'

   ഹാലിം മൂന്നു വര്‍ഷമായി ഇവിടെ കൂടിയിട്ട്. ഇതേ പുഴയില്‍ നീന്തി രസിച്ചും മീന്‍ പിടിച്ചു കുടുംബം പോറ്റിയും വളര്‍ന്നവനാണ് ഹാലിം.കെലിപ്പ് കെലിപ്പ് ഒരു കമ്മ്യൂണിറ്റി പ്രൊജക്റ്റിന്‍റെ  ഭാഗമായപ്പോള്‍  ഇവിടെ കയറിപ്പറ്റി.പകല്‍ മീന്‍പിടുത്തം,ഇരുട്ടു വീണാല്‍ മിന്നാമിന്നിത്തോഴാന്‍. രസികനാണ് ഹാലിം. മിന്നാമിനുങ്ങുകളെ ക്കുറി ച്ച് നല്ല വിവരവുമുണ്ട്. പാര്‍ക്കിലെ നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് നിഷ്കര്‍ഷയുമുണ്ട് .

  വഞ്ചി മെല്ലെ മുന്നോട്ട് നീങ്ങുകയാണ് .നിശബ്ദം. ഇരുട്ടിലൂടെ. ഞങ്ങള്‍ പ്രതീക്ഷയോടെ  ഇരുകരകളിലേക്കും ഹലിമിനെയും നോക്കിയിരിക്കുകയാണ്.ഇപ്പോള്‍ അവടവിടെയായി  നാലഞ്ച് വെളിച്ചപ്പൊട്ടുകള്‍ കണ്ടുതുടങ്ങി.ഞങ്ങള്‍ ഉഷാറായി.ഹലിം വാചാലനായി .

     ലോകത്തിലെ ഏറ്റവും വലിയ മിന്നാമിന്നിക്കോളനിയാണ് ഇവിടത്തേത്.ശുദ്ധജല നദികള്‍ കടലിലെ ഉപ്പു വെള്ളത്തിലേക്ക് ചേക്കേറുന്നിടത്താണ്  മിന്നാമിന്നികളുടെ വാഗ്ദത്ത നാട്. ഇ വിടെ കരകളിലെ ചതുപ്പുകളില്‍ ബെരെമ്ബാഗ് കണ്ടലുകള്‍ നന്നായി വളരും .പശിമയുള്ള കുഴഞ്ഞ ചെളിയില്‍ ഒച്ചുകളും ധാരാളം. മിന്നാ മിന്നികളുടെ പുഴുപ്രായ ഭക്ഷണമാണ് ഈ ഒച്ചുകളും മറ്റു ചെറിയ പ്രാണികളും.കീഴ്ത്താ ടിയില്‍ നിന്നുള്ള  ഒരു സ്രവം ഉപയോഗിച്ച് ഇരയെ അലിയിച്ചെടുത്താണ് ശാപ്പാട്. എന്നാല്‍ വളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ ഇവ സാധുക്കളാണ്‌.ബെരെമ്ബാഗ് ഇലകളുടെ നീരും കുടിച്ചിരുന്നോളും.ചിലര്‍ക്ക് ഭക്ഷണം തന്നെ വേണ്ടത്രേ .

 വഞ്ചിമുന്നോട്ടുനീങ്ങി.കൂടുതല്‍മിന്നമിന്നികളെത്തിയിട്ടുണ്ട്.അന്തരീക്ഷ ത്തില്‍ തലങ്ങു വിലങ്ങും പറന്നു വെളിച്ചവരകളുണ്ടാക്കുന്നു.ഇരുട്ടിന്റെ ഭീകരത  കുറയുന്നു.വഞ്ചി തീരത്തെ കണ്ടലുകളിലേക്കടുപ്പിക്കുകയാണ്  ഹാലിം.ഇതാ സ്വര്‍ണപ്പൊടി വാരിയെറിഞ്ഞ പോലെ മിന്നാമിന്നികളുടെ പ്രളയം. അനേകായിരം പ്രകാശകണി കകളുടെ  വിസ്മയ നൃത്തം.  ദൈവീക കണങ്ങളുടെ മാസ്മരിക പ്രകടനം . ആകാശത്ത്‌ നിന്ന്  നക്ഷത്രങ്ങളെയെല്ലാം വാരിയെടുത്ത്  ഈ കണ്ടല്‍ മരങ്ങളില്‍ വിരിച്ചിട്ടിരിക്കുന്നു.ഓരങ്ങളില്‍ ക്രിസ്തമസ് മരങ്ങള്‍ അലങ്കരിച്ചു വെച്ച പാത പോലെ സെലന്ഗൂര്‍ നദി.ഹൃദയങ്ങള്‍ മിടിക്കാന്‍ മറന്ന് നില്‍ക്കുകയാണ്. മനസ്സ് മായക്കാഴ്ച്ചക്ക് മുന്നില്‍ നമിച്ചു നില്‍ക്കുകയാണ് .പുഴയും സന്തോഷത്താല്‍ പുളഞ്ഞത് കൊണ്ടോ ,കുഞ്ഞോളത്തുള്ളലുകളുടെ  ശബ്ദങ്ങള്‍  ഇപ്പോള്‍ കേള്‍ക്കാം .



   അത്യാഹ്ലാദത്തിന്റെ ഓളപ്പരപ്പിലേക്ക്  ഹാലിം ഒരു കറുത്ത കല്ലെടുത്തിട്ടു.കഴിഞ്ഞ പത്തു കൊല്ലം കൊണ്ട്  മിന്നാമിനുങ്ങുകളുടെ ഈ സമൃദ്ധി പകുതിയായിട്ടുണ്ടത്രേ.കൃഷിക്കും വീടുവെപ്പിനും ഒക്കെയുള്ള സ്ഥലം കയ്യേറ്റങ്ങള്‍,കീടനാശിനി- രാസ വള പ്രയോഗങ്ങള്‍ ,കണ്ടല്‍കാടുകളുടെ വെട്ടിനശിപ്പിക്കല്‍,പുഴയിലെ മലിനീകരണം ,വായു-ശബ്ദ മലിനീകരണങ്ങള്‍ ,അങ്ങനെ ഒരു പാട് കാരണങ്ങള്‍.അധികമായ മനുഷ്യ സാമീപ്യവും നഗരവല്‍ക്കരണത്തിന്റെ വെളിച്ചത്തില്‍ രാത്രികളില്‍ ഇരുട്ടില്ലാതായതും  അവയുടെ മറഞ്ഞു  പോക്കിന് കാരണമായിട്ടുണ്ട്. പിന്നെ മുതലാളിക്കെതിരെ മൊഴികൊടുക്കുന്ന അപരാധ ബോധത്തോടെ ഹാലിം ഇത്രയും കൂട്ടിച്ചേര്‍ത്തു . മിന്നാമിന്നി പാര്‍കിന്റെ നടത്തിപ്പുകാരായ ടെനാഗ നാഷണല്‍, സെലന്ഗൂര്‍ നദിയുടെ  മുകള്‍ ഭാഗത്തായി ഒരു അണക്കെട്ട് കെട്ടിയിട്ടുണ്ട് .അതിനു ശേഷം നദിയിലേക്കുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കുറഞ്ഞു.ശുദ്ധജലക്കുറവിലേക്ക് കടലില്‍ നിന്നും ഉപ്പു വെള്ളം തള്ളിക്കയറി. പുഴ വെള്ളത്തിലെ ലവണാംശക്കണക്കിന്റെ തകിടം മറിച്ചില്‍ ഒച്ചുകളെയും  ബെരേംബന്ഗ് മരങ്ങളെയും നശിപ്പിച്ചു തുടങ്ങി .ഭക്ഷണവും ഇലനീരും നഷ്ടപ്പെട്ട മിന്നാമിന്നികള്‍ തിരോധാനവും തുടങ്ങി.

 നാട്ടിലെ ,പണ്ടത്തെ മിന്നാമിന്നികളെ പ്പോലെ മണ്ടന്മാര്‍ തന്നെ ഇവിടെയുള്ളവരും.എന്റെ കൈവെള്ളയിലേക്കവ പറന്നു വന്നു.അടുത്തറി യുംപോഴല്ലേ ഈ പ്രഖ്യാപിത സുന്ദരന്മാരുടെയും സുന്ദരിമാരുടെയും തനിരൂപം മനസ്സിലാവുന്നത് .ക്ലോസ്എന്കൌണ്ടറില്‍  അഞ്ചാറ് മില്ലിമീററര്‍ വലിപ്പമുള്ള   കടും തവിട്ടു നിറമുള്ള വണ്ടുകള്‍ മാത്രം. വയറ്റിലെ പച്ചവെളിച്ചമി ല്ലായിരുന്നെ ങ്കില്‍ ഇവരെ നമ്മള്‍ തിരിഞ്ഞു നോക്കില്ലായിരുന്നു. ലുസിഫെരിന്‍-ലൂസിഫെറെയ്സ്  രസതന്ത്ര സൂത്രത്തില്‍ കത്തി വരുന്ന ,ചൂടില്ലാത്ത പച്ചവെളിച്ചം .ഓക്സിജന്റെ സാന്നിധ്യവും ഈ രാസപ്രക്രിയക്ക് ആവശ്യമാണ് .പച്ചവെളിച്ച നിര്‍മാണത്തിന്റെ ഫക്ടറി കളായ  പ്രകാശ കോശങ്ങളിലേക്ക് (photocytes) ഓക്സിജന്‍റെ പ്രവേശനം നിയന്ത്രിച്ചു കൊണ്ടാണ് മിന്നാമിന്നികള്‍  മിന്നും പ്രകടനം സാധ്യമാക്കുന്നത്
.
  ലോകത്തിന്റെ പല ഭാഗങ്ങളിലും  മിന്നാമിന്നികളുണ്ട്. മിന്നുന്നവയും മിന്നാത്തവയുമായി. എന്നാല്‍ ആയിരങ്ങള്‍ ഒരുമിച്ചു നടത്തുന്ന  ഏകകാലീക സ്ഫുലിംഗപ്രകടനം  തെക്ക് കിഴക്കന്‍ ഏഷ്യക്ക്  സ്വന്തം. മിന്നാമിന്നിയുടെ ചഞ്ചല സ്ഫുരണങ്ങള്‍ ഇണകള്‍ക്കുള്ള പ്രേമ ലേഖനങ്ങളാണ്.പൂവാലന്മാര്‍ മൂന്ന് സെക്കണ്ടിലോരിക്കല്‍ മിന്നിച്ചു കാണിക്കും.കാത്തിരിക്കുന്ന പ്രേമലോലകള്‍ രണ്ടു സെക്കണ്ട് കഴിഞ്ഞ്  തി രിച്ചു കണ്ണിറുക്കും. മിന്നല്‍ പണി അറിയാത്ത കൂട്ടരുമുണ്ട്‌,ചിലയിടങ്ങളില്‍.അവര്‍ സ്വയം നിര്‍മ്മിത സുഗന്ധം  പൂശിയാണ് ഇണകളെ മോഹിപ്പിക്കുന്നത് .

   ഇത്രയും ഞങ്ങള്‍ക്കുമറിയാവുന്ന കാര്യങ്ങളാണ്‌. കെലിപ്പ് യാത്രക്ക് പുറപ്പെടും മുന്‍പ് ഞങ്ങളും അത്യാവശ്യം ഗൃഹപാഠം ചെയ്തിരുന്നു. പക്ഷേ ഹാലിം പറഞ്ഞുതന്ന കാര്യങ്ങള്‍ പുതിയ അ റിവുകളായിരുന്നു. മിന്നമിന്നിയും ഒരു ഇരയാണ്. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞ പോലെ  സമസ്ത ജീവജാലങ്ങളും ഒരിക്കല്‍ വേട്ടക്കാരനും  അവസാനം ഇരയുമാണ്. വലിയ ഉറുമ്പുകളും ചെറിയ പക്ഷികളും തവളകളുമൊക്കെയാണ് മിന്നാമിന്നിയെ തിന്നുന്നവര്‍      ( തിന്നാന്‍ ശ്രമിക്കുന്നവര്‍).ഒരിക്കല്‍  തിന്നവര്‍ പിന്നെ ആ പച്ച വെളിച്ചം കണ്ടാല്‍ തന്നെ പേടിച്ചോടുമത്രേ.അത്രയും രൂക്ഷമായ ദുസ്വാദാണത്രേ .അതുകൊണ്ടായിരിക്കും മിന്നാമിന്നി ലാര്‍വകളുടെ വയറ്റിലും ദൈവം ഇത്തിരി വെളിച്ചം ഇട്ട് കൊടുത്തത് . അല്ലാതെ ഈ ചിന്നപ്പിള്ളേര്‍ക്ക് ഇണയെത്തേടാനുള്ള പ്രായമായിട്ടില്ലല്ലോ .

 വഞ്ചി ഏതാണ്ടു മുപ്പതു മിനുട്ടോളം തുഴഞ്ഞു കഴിഞ്ഞു.നാല്‍പതു നാല്‍പ്പത്തഞ്ചു മിനുട്ടാണ്‌ നമുക്കിങ്ങനെ കറങ്ങാവുന്നത്.ഇപ്പോള്‍ നമുക്ക് ചുറ്റും മിന്നാമിന്നിമരങ്ങളുടെ സ്വച്ഛമായ പ്രകാശവലയമാണ്. എന്തൊരസുലഭ നിമിഷങ്ങളാണിത്! ഇണ തേടുന്നവരുടെയും ഇണ ചേരുന്നവരുടേയും ഇടയില്‍ നമ്മളിങ്ങനെ, ഇവിടെ ,ഈ ഇരുട്ടില്‍ ,ഈ വഞ്ചിയില്‍ ,ഈ സെലന്ഗൂര്‍ പുഴയില്‍! ഒരൊളിച്ചു നോട്ടത്തിന്‍റെ മനക്കുത്തുകളില്ലാതെ .ഇതിനു വേണ്ടി മാത്രമാണ് എന്നെ മലേഷ്യ വിളിച്ചത് . ഈ അപൂര്‍വ രാത്രിക്കാഴ്ച്ചക്ക്  വേണ്ടിയാണ് എന്‍റെ ബാല്യത്തില്‍ നിന്നും അന്നാ മിന്നാമിനുങ്ങുകള്‍ പറന്നു പോയത്.ഈ സ്വര്‍ഗീയ മഹാമൈഥുന മേളക്ക്  സാക്ഷിയാവാന്‍ .

  ധാരാളം വെളിച്ചപ്പൊട്ടുകള്‍ പാറി നടക്കുന്നുണ്ട് .മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക്. ചിലത് കണ്ടലുകല്‍ക്കിടയിലെ പുല്ലിലേക്ക്‌.പാറിനടക്കുന്ന ഈ വെളിച്ചം കണ്ടാല്‍ ഉറപ്പിക്കാം അതൊരു ആണ്‍ മിന്നിയാണെന്ന്‍. മടിച്ചിപ്പെണ്ണുങ്ങള്‍ ഇങ്ങനെ കറങ്ങി നടക്കില്ല.അവര്‍ ബെരേംബന്ഗ് ഇലകളുടെ നീരും കുടിച്ച് രസിച്ചിരിക്കും. അവര്‍ക്കറിയാം ഒന്ന് കണ്ണ് കാണിച്ചാല്‍ (ലൈറ്റ് കാണിച്ചാല്‍) ഈ ആണുങ്ങള്‍ മിന്നി യെത്തുമെന്ന്.പരസ്പരം മനസ്സ് (വെളിച്ചം) കൈമാറിയാല്‍ ഇണകള്‍ പുല്‍ത്തുമ്പത്തോ  ചതുപ്പിലോ കണ്ടലിന്‍ ഇലകളിലോ ഒരുമിച്ചു കൂടും.പിന്നെ ഇണചേരലിന്റെ പവിത്ര നിമിഷങ്ങള്‍. ആണ്‍ മിന്നി പെണ്‍ മിന്നിക്കു നല്‍കുന്ന വിവാഹ സമ്മാനത്തില്‍ ബീജാണുക്കള്‍ മാത്രമല്ല ഉള്ളത് .ധാരാളം മുട്ടയിടാനും അതുവരെ ജീവന്‍ നിലനിര്‍ത്താനുമുള്ള ഊര്‍ജ്ജം കൂടിയാണ് അവന്‍ തന്‍റെ ഇണയിലേക്ക് ഒഴുക്കുന്നത്. അതോടെ അവന്‍റെ കര്‍മ്മം കഴിഞ്ഞു. കര്‍മ്മാന്തം മരണം.രണ്ടാഴ്ച്ചയോളം പാറി നടന്ന ആ പ്രകാശം  കെട്ടുപോകുന്നു. ജീവന്‍ തന്നെ സമര്‍പ്പിച്ചു കൊണ്ടുള്ള  തീവ്ര  പ്രണയം .

   മൈഥുനത്തിന് ശേഷം ധാരാളം അണ്ഡങ്ങളുടെ ഒരു ഉറ മാത്രമാണ് പെണ്ശരീരം. ചതുപ്പിലോ ഈര്‍പ്പം നിറഞ്ഞു ചീഞ്ഞ ഇലകള്‍ക്കിടയിലോ മുട്ടകള്‍ നിക്ഷേപിക്കും.പിന്നെ അവളും ജീവന്‍ വെടിയും. രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മുട്ടകള്‍ വിരിയും. പിന്നെ ലാര്‍വയായി ശൈത്യത്തിലൂടെ, പൂപ്പയായി വസന്തത്തിലൂടെ  കടന്നു അടുത്ത വേനല്‍ രാത്രികളിലേക്ക്  നെഞ്ചില്‍ പച്ചവെളിച്ചവുമായി.മിന്നാമിന്നികളായി .

  ഞങ്ങള്‍ മടങ്ങുകയായി.ചൂട്ടും കത്തിച്ചു ഇണയെത്തേടുന്ന മിന്നാമിനുങ്ങുകളോട് വിടപറഞ്ഞ്.ഇണ ചേരുന്ന ,ഇണചേര്‍ന്ന് തീപ്പെട്ടുപോയ തീക്കുമിളകളോട് വിട പറഞ്ഞ്.


 ഞങ്ങള്‍ മലേഷ്യയില്‍ നിന്ന്  പറന്നുയരുമ്പോഴേക്കും അതുല്യ പ്രേമത്തിന്‍റെ ഈ പ്രകാശവാഹകരില്‍  ഏറെയും അണഞ്ഞുപോയിരിക്കും. ഞങ്ങള്‍ വരും ,ഞങ്ങളെ സാക്ഷി യാക്കി ഉയിര്‍ക്കൊണ്ട അടുത്ത  തലമുറയെക്കാണന്‍, അടുത്ത ജൂണ്‍ വെയിലില്‍ .

   ഹാലിം ഒരു മൂളിപ്പാട്ടും ചേര്‍ത്ത്  വഞ്ചി കരയിലേക്ക് അടുപ്പിച്ചു.കുട്ടികള്‍,അപ്പുവും അമ്മുവും , ആ മൂളിപ്പാട്ട് ഇങ്ങനെ വിവര്‍ത്തനം ചെയ്തു.
            മിന്നാമിന്നികള്‍  കാണുന്നില്ല
            രണ്ടാമതൊരു വേനല്‍ക്കാലം   !

മോഹന്‍ ----