Friday 4 May 2018

ഹക്കുണ മത്താത്ത ഭാഗം രണ്ട് (ആഫ്രിക്കൻ സഫാരി)


AFRICAN  SAFARI

ഹക്കുണ മത്താത്ത - രണ്ട്
------------------------------------------------------------------------
മന്യാരയില്‍ നിന്ന് മസായിപ്പുരയിലേക്ക്
--------------------------------------------------------------------------------------------------

വൈകിയുറങ്ങിയാലും രാവിലെ വൈകാതെയുണരാൻ കഴിയുന്നത്  ഇത്തരം യാത്രകളിൽ മാത്രമാണ്. പ്രതീക്ഷകളുടെ തെളിച്ചവുമായാണ് ഇന്നത്തെ പുലരിയും വന്നിരിക്കുന്നത്. മുറിയിലെ കെറ്റിലിൽ തന്നെ ഒരു കട്ടൻ ചായയുണ്ടാക്കി ടാബുമായി ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഗുജറാത്തിൽ നിന്നും 'ഒപ്പത്തിനൊപ്പം '  ഫലസൂചനകൾ വന്ന് കൊണ്ടിരിക്കുന്നു. ലോഡ്ജിലെ പുൽത്തകിടിയും നീന്തൽക്കുളവും മന്യാരത്തടാകക്കരയിലെ മരത്തിരക്കും ഇവിടെയിരുന്ന് കാണാം. മന്യാരത്തടാകത്തിൽ നിന്നുള്ള തണുത്ത കാറ്റ് കർട്ടനുകളെയും വകഞ്ഞു മാറ്റി മുറിയിലേക്ക് കയറിപ്പോയി. 





നല്ല പുത്തൻകാറ്റ് - കാറ്റിനെത്തലോടി അമ്മ പുറത്തേക്ക് വന്നു. യാത്രയ്ക്ക് തയ്യാറായിരിക്കുന്നു. രാവിലത്തെ നടത്തം അമ്മ ഉപേക്ഷിക്കാറില്ല.ഞാൻ പ്രഭാതകൃത്യങ്ങൾ കഴിച്ച് 
അമ്മയുമായി നടത്തത്തിനിറങ്ങി.മാനേജരും മറ്റു ജോലിക്കാരും അമ്മയെക്കണ്ടോടിയെത്തി കുശലം പറഞ്ഞു, ഹബാരി യാ സുബുഹി പറഞ്ഞു.അമ്മ അവരോട് മലയാളത്തിൽ നിറയെ വർത്തമാനം പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് അമ്മ താരമായിരിക്കുന്നു


(അമ്മയ്ക്ക് സ്വന്തമായൊരു ആഗോള ഭാഷാസംവിധാനമുണ്ട്. കുവൈത്തിൽ അപ്പാർട്ട്മെന്റ് കെയർടേക്കറായ  ഇറാനിയുമായി അമ്മ സുഖമായി സംസാരിക്കും. പൊട്ടും പൊടിയുമുള്ള ഞങ്ങളുടെ അറബി മടുക്കുമ്പോൾ ഇറാനി അമ്മയെക്കണ്ട് കാര്യം പറയും. ഇത്തിരി 'കയ്യും കലാശവും'ചെലവാകുമെങ്കിലും  അമ്മയ്ക്ക് കാര്യം മനസ്സിലാകും. ഇറാനിച്ചേട്ടൻ അറബിയല്ല പാർസിയാണ് സംസാരിക്കുന്നതെന്ന് പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് അമ്മയ്ക്കും ഞങ്ങൾക്കും മനസ്സിലായത്. ) 

ലോഡ്ജിന് മുൻവശത്ത്  വായാടികളായ കിളികളുടേയും താന്തോന്നികളായ ബബൂണുകളുടേയും അവരുടെ തെമ്മാടിത്തം ഗതികെട്ട് സഹിക്കുന്ന പുൽത്തകിടിയുടേയും ഇടയിൽ കൂടെ ഞങ്ങൾ അര മണിക്കൂർ നടന്നു.അമ്മയുടെ മുട്ടുകൾ അയഞ്ഞു. പിന്നെ കുറച്ച് നേരം ബബൂണുകളുടെ പരാക്രമങ്ങൾ നോക്കി നിന്നു. തനി മുഷ്ക്കന്മാരാണിവർ. അവിടെ കിടന്നിരുന്ന ഒരു സഫാരി വണ്ടിയുടെ ജനൽ -ചില്ല് തുറക്കാനുള്ള ശ്രമത്തിലാണ് രണ്ട് മല്ലന്മാർ. വണ്ടി തുറന്ന് എന്തെങ്കിലും നശിപ്പിച്ചാലോ എന്ന് ഭയന്ന് ഞാനവരെ ഓടിക്കാൻ നോക്കി. എന്റമ്മോ, അവരുടെ ഒരു കാറലും അലറലും ചാട്ടവും.ഞങ്ങൾ പേടിച്ചു പോയി. ഞങ്ങളോടും വണ്ടിയോടുമുള്ള ദേഷ്യം അവർ തീർത്തത് റിയർവ്യൂ മിറർ ഒടിച്ചിട്ടിട്ടാണ്. മൂട്ടിലെ രോമക്കാട് പൊക്കി തുളുമ്പുന്ന ചന്തിക്കിട്ട് രണ്ട് പൊട്ടിക്കണം ഈ പോക്കിരിത്തരത്തിന്. 





ഞങ്ങൾ പ്രാതൽ കഴിച്ച് മെസ്ഹാളിന് ചേർന്നുള്ള പുൽത്തകിടിയിലെ കസേരയിൽ ചെന്നിരുന്നു. അപ്പോഴേക്കും അമ്മയ്ക്ക് കൂട്ടായി റഷീദ് വന്നു. അവർ ആഗോളഭാഷയിൽ വർത്തമാനവും തുടങ്ങി. റഷീദിന്റെ അപ്പൂപ്പൻ മുതലുള്ള കുടുംബചരിത്രം അമ്മയിനി ചോദിച്ചറിയും.ഞാൻ റൂമിലേക്ക് മടങ്ങുമ്പോൾ അമ്മുവും മിനിയും പരിഭ്രാന്തരായി പുറത്തേക്ക് വരുന്നു. 
എന്തു പണ്യാ ചെയ്തേ? എന്ന ചോദ്യത്തിൽ അവർ എന്നോടുള്ള ദേഷ്യം ഒതുക്കി വെച്ചു. 

ബാൽക്കണിയിൽ നിന്ന് പോന്നപ്പോൾ ഞാൻ വാതിലടയ്ക്കാൻ വിട്ടു പോയി. അമ്മു മുറിയിലേക്ക് കടന്നപ്പോൾ വലിയൊരു ബബൂൺ കർട്ടൻ വകഞ്ഞുമാറ്റി
അമ്മുവിനെത്തുറിച്ചു നോക്കുന്നു. തീവ്രഭയത്തിന്റെ         ഉർജ്ജസ്ഫോടനത്തിൽ അവൾ അലറി വിളിച്ചു. കാട്ടിൽ പോലും കേട്ടിട്ടില്ലാത്ത ആ ഗർജ്ജനത്തിൽ ബബൂൺ വിറച്ചു.
ജീവനും കൊണ്ടുള്ള പാച്ചിലിൽ അവൻ 'പേടിച്ചു തൂറിയ ' അടയാളങ്ങൾ ബാൽക്കണിയിലെമ്പാടുമുണ്ട്. പാവം              ബബൂൺ.

ഒമ്പതു മണിയോടെ മന്യാര ലോഡ്ജിനോടും ജോലിക്കാരോടും നന്ദി പറഞ്ഞ് സെരെങ്കട്ടിയിലേക്ക് പുറപ്പെട്ടു. മന്യാരയിൽ നിന്നുള്ള കുണ്ടൻവഴി സെരെങ്കട്ടി റോഡിലേക്ക് കയറുന്ന  കവലയിൽ ടാൻസാനിയൻ കരകൗശല വസ്തുക്കൾ വിൽക്കുന്ന ചില കടകളുണ്ട്. അതിൽ പകിട്ട് കുറഞ്ഞ കടയിലേക്ക് ഞങ്ങൾ ചെന്നു. പകിട്ട് കുറവെന്നാൽ വിലക്കുറവെന്ന് കൂടിയാണ് .രണ്ടു മുറികളും റഷീദിന്റെ ഛായയുള്ള യുവാവും ഒരു വൃദ്ധനും തടിയിൽ പണിത ശില്പങ്ങളും ഗോത്രവാസനകൾ കാണിക്കുന്ന മൂന്ന് മരക്കസേരകളുമാണ് കട. മണ്ണ് പുരണ്ട് നിലത്തിരിക്കുന്ന മുണ്ടൻ ശില്പങ്ങൾ മക്കോണ്ട ഗോത്രത്തിന്റെ സ്പെഷ്യാലിറ്റിയാണ് .പൊടിപിടിച്ച് നിറം മങ്ങി മുൻ ചുമരിൽ തൂങ്ങുന്ന കാൻവാസ് ചിത്രങ്ങളും ടാൻസാനിയൻ സ്പെഷ്യാലിറ്റിയാണ്. 







കടക്ക് പുറത്ത് മണ്ണിൽ കുടിയിരുത്തപ്പെട്ട മാക്കോണ്ടെകളുടെ പരിപാലനം വൃദ്ധനാണെന്ന് തോന്നുന്നു. പോളീഷ് ചെയ്ത്  മിനുക്കിയിട്ടില്ലാത്ത പരുക്കൻ ശില്പങ്ങൾക്കില്ലാത്ത  ഒരപകർഷത വൃദ്ധനുണ്ട്. എന്നാൽ ചമയങ്ങളുടെ ചതിവില്ലാത്ത ആ അസംസ്കൃത ശില്പങ്ങളാണ് ഞങ്ങളെ ആകർഷിച്ചത്.

കരിമരത്തിലാണ് ശിൽപങ്ങൾ. കറുപ്പ് നിറവും പരുക്കൻ ഭാവവും ശില്പങ്ങൾക്ക് ആഫ്രിക്കൻ ഗോത്രച്ചുവ നൽകുന്നു. തെക്കേ ടാൻസാനിയായിലും മൊസാംബിക്കിലുമായി ചിതറിക്കിടക്കുന്ന മാക്കോണ്ടെ ഗോത്രക്കാരാണ് ഇത്തരം ശില്പങ്ങളുടെ പരമ്പരാഗത നിർമ്മാതാക്കൾ .  കൈത്തൊഴിലാണവർക്കിത്. ഗോത്രനാമത്തിൽ തന്നെ ശില്പങ്ങൾ അറിയപ്പെടുന്നു.ആഫ്രിക്കൻ മനുഷ്യരുപങ്ങൾ, അവരുടെ ഉത്സവങ്ങൾ, മൃഗങ്ങൾ, ദേവഗണങ്ങൾ, ഭൂതപ്രേതങ്ങൾ, ആചാരനൃത്തങ്ങളിലുപയോഗിക്കുന്ന മാസ്ക്കുകൾ എന്നിവയൊക്കെയാണ് മാക്കോണ്ടെ ശിൽപങ്ങളാവുന്നത് .എങ്കിലും ഒരു കുടുംബമെന്ന പോലെ പത്തും ഇരുപതും മനുഷ്യരൂപങ്ങൾ കുഴൽപരുവത്തിൽ കെട്ടുപിണച്ച് നെയ്തെടുക്കുന്ന ട്രീ ഓഫ് ലൈഫ് അഥവാ ഫാമിലി ട്രീ അണ് ഇവരുടെ ക്ലാസിക് .ഇത്തരം ശില്പവേലകൾ ഉജാമ എന്നറിയപ്പെടുന്നു.ഞങ്ങളുടെ സമ്പന്നദാരിദ്ര്യവും സമൃദ്ധമായ പിശുക്കും അവയുടെ വിലയും ഒത്തുപോവുന്നില്ല. മൂന്ന് മാക്കോണ്ടെകളെ ഏതാനും മിനുറ്റുകൾ നീണ്ട വിലപേശലിനൊടുവിൽ ഞങ്ങൾ സ്വന്തമാക്കി.ഭംഗിയായി പണിത് കറുപ്പിച്ചു മിനുക്കിയ ഒരു 'മരച്ചട്ടി'യും . ചട്ടിയുടെ വശങ്ങളിൽ മനുഷ്യ രൂപങ്ങളും :- ' ചന്തത്തിൽ കൊത്തിവെച്ചിരുന്നു. പറയുന്ന വിലയുടെ പകുതിയെങ്കിലും താഴ്ത്തിയേ ചോദിക്കാവൂ എന്നാണ് റഷീദിന്റെ താക്കീത്. അതിലും വളരെ താഴ്ത്തിയാണ് ഞങ്ങൾ ശിൽപ്പങ്ങൾ കൈപ്പറ്റിയത്.( മലയാളിക്ക് വിലപേശലിൽ ട്യൂഷൻ നല്കുന്നു പാവം റഷീദ് !) പുലിയും സിംഹവും ആനയും തൂങ്ങിക്കിടക്കുന്ന മൂന്ന് കീചെയ്നുകൾ അമ്മുവിന് സൗജന്യമായി വൃദ്ധൻ നൽകുകയും ചെയ്തു, കൂട്ടുകാർക്ക് കൊടുക്കൂ എന്നും പറഞ്ഞ്. 



മൃദുമരങ്ങളിൽ ഗോത്രാചാരങ്ങൾക്കാവശ്യമായ മാപിക്കികൾ (mask) ഉണ്ടാക്കിയാണ് മക്കോണ്ടകൾ ഈ 'തടിപ്പണി' തുടങ്ങിയത്.ഈസ്റ്റ് ആഫ്രിക്കയിൽ കോളണി സ്ഥാപിക്കാൻ വന്ന പോർട്ടുഗീസുകാരാണ് ഇവരുടെ കേമത്തം തിരിച്ചറിഞ്ഞത്. ലോലമായ മരത്തിലുണ്ടാക്കുന്ന ശില്പങ്ങൾക്ക് ഈടില്ലായിരുന്നു. അതിന് പരിഹാരമായത് കട്ടത്തടിയായ കരിന്താളിയുടെ കറുത്ത കാതലാണ്. കരിന്താളിയിൽ പുതിയ ആശയങ്ങളും പുതിയ രൂപങ്ങളും ഉളിക്കൊത്തിൽ പിറന്നു. മറ്റ് വൻകരകളിൽ നിന്നുള്ള ടൂറിസ്റ്റുകൾ മക്കോണ്ടകളുടെ കെട്ടുകളുമായി തിരിച്ചുപോയി. അമേരിക്കയിലേയ്ക്കും യൂറോപ്പിലേയ്ക്കും അവ കയറിപ്പോയി. എഴുപതുകളിൽ അബ്സ്ട്രാക്ടിസവും ആധുനികതയും മക്കോണ്ടകളെ ആവേശിച്ചു. അപ്പോളും അവ കറുത്ത നിറവും കടുത്ത മുഖവും ഉപേക്ഷിച്ചില്ല. മക്കോണ്ട ശില്പങ്ങൾ ലോകമെമ്പാടും പേരെടുത്തപ്പോൾ ജോർജ് ലിലാംഗ പോലെ ചിലരെ പ്രശസ്തരായുള്ളു. ബാക്കിയുള്ളവർ  ഗ്രാമങ്ങളിൽ ജന്മസിദ്ധകലാശേഷിയും സ്വാഭാവികദാരിദ്ര്യവുമായി കഴിയുന്നു. തങ്ങളുടെ കുലത്തിൽ നിന്ന്  മുസാമ്പിക്കിലും ടാൻസാനിയായിലും രാഷ്ട്രനേതാക്കളുണ്ടായിട്ടുണ്ടന്ന് ഇവർക്ക് വമ്പ് പറയാം എന്ന് മാത്രം. ടാൻസാനിയായിലെ പ്രസിഡണ്ടായിരുന്ന ബെഞ്ചമിൻ മ്കപായും മൊസാംബിക്കിലെ ന്യൂസിയും.ഇന്ത്യയിലെ ദളിതർ കെ ആർ നാരായണനെക്കുറിച്ചും കെജി ബാലകൃഷ്ണനെക്കുറിച്ചും ഊറ്റം കൊള്ളുന്ന പോലൊരു മണ്ടത്തരം





.

വൃദ്ധനും റഷീദിന്റെ ചായയുള്ളവനും സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി. വിലപേശലിലെ ഔത്സുക്യം അവരെക്കുറിച്ചറിയാനും ശിൽപ്പങ്ങളെക്കുറിച്ചറിയാനും കാണിച്ചത് അവരെ സന്തോഷിപ്പിച്ചിരിക്കാം. സെരംങ്കട്ടി റോഡിൽ കുറച്ച് ചെന്നപ്പോൾ വലത് വശത്തെ വലിയൊരു കടയിലേക്ക് വണ്ടി കയറ്റി നിർത്തി. ആഫ്രിക്കൻ ഗല്ലേറിയ . 
ധനികരായ സഞ്ചാരികളെ വശീകരിക്കാനുള്ള ആർഭാടങ്ങളൊക്കെ ആ വലിയ വിൽപനശാലയ്ക്കുണ്ടായിരുന്നു. ധാരാളം പൂച്ചെടികളും ചെറു മരങ്ങളും ഭംഗിയായി അടുക്കിയ പാറക്കെട്ടുകളും മൃഗങ്ങളുടെയും മനുഷ്യരുടേയും ശില്പങ്ങളുമൊക്കെയായി ഭംഗിയായ ലാൻഡ് സ്ക്കേപ്പിങ്ങ്. കരിങ്കൽ പരപ്പിനു മേൽ ആൾപ്പൊക്കമുള്ള രണ്ട് മാക്കോണ്ടെകൾ. ഗാല്ലേറിയയുടെ പുറംചുവരിൽ നിരത്തിത്തൂക്കിയിട്ട ടിൻകാടിൻകാ ചിത്രങ്ങൾ. ആരേയും മോഹിപ്പിക്കുന്ന നിറസമൃദ്ധി, കേമമായ വരകൾ .മറു വശത്തെ ചുമര് മൂടുന്നത് പല വലുപ്പത്തിൽ രൂപത്തിൽ നിറങ്ങളിൽ മുഖം മൂടികൾ. കെട്ടിടത്തിനുള്ളിൽ കാത്തിരിക്കുന്ന ചിത്രശില്പകലാവനത്തിലേക്കുള്ള പടികൾ കയറുമ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു - ഇതൊക്കെ കാണുക. സമയമെടുത്ത് കാണുക. കാണുക മാത്രം. കാർ പാർക്ക് ചെയ്ത് ഓടി വന്ന റഷീദും അത് തന്നെ പറഞ്ഞു, ഒന്നും വാങ്ങല്ലേ സർ. വല്യ വിലയാകും. കണ്ടാൽ മാത്രം മതി. ഒരൊറ്റ ദിവസം കൊണ്ട് റഷീദ് ഞങ്ങളുടെ ക്രയവിക്രയസ്വഭാവം കൃത്യമായി പഠിച്ചിരിക്കുന്നു.

അകത്ത് ആഫ്രിക്കൻ ചിത്ര-ശില്പങ്ങളുടെ കൊടുങ്കാട് തന്നെയായിരുന്നു. ചുമരുകളിലും ഷെൽഫുകളിലും വെറും നിലത്തും അവിടെ കൊട്ടകളിലും ശിൽപങ്ങൾ തിക്കിത്തിരക്കിയിരിക്കുന്നു. ചുമര് മറയ്ക്കുന്ന ടിൻഗാടിൻഗാ ചിത്രങ്ങളുടെ വർണ്ണ സമ്പന്നതയ്ക്കിടയിൽ ഒരു കൊച്ചു കുറിപ്പുണ്ട്. അതിങ്ങനെയാണ് , ടാൻസാനിയൻ ചിത്രകാരനായ എഡ്‌വേർഡ്  സെയ്ദ് ടിൻഗാടിൻഗാ ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ടിൽ ദാരെസ്സലാമിൽ തുടങ്ങി വെച്ച ചിത്രമെഴുത്തുപദ്ധതിയാണിത്. നാലു വർഷത്തിനു ശേഷം ടിൻഗാടിൻഗാ നിര്യാതനാകുമ്പോഴേക്കും ടിൻഗാടിൻഗാ ചിത്രങ്ങൾ കിഴക്കനാഫ്രിക്ക കീഴടക്കിയിരുന്നു.ദരിദ്രമായ ചുറ്റുപാടുകളിൽ കാർഡ്ബോർഡ് കഷണങ്ങളിൽ സൈക്കിൾ പെയ്ൻറ്  തേച്ചു തുടങ്ങിയ ടിൻഗാടിൻഗാകൾ ഇന്ന് ഒന്നാന്തരം കാൻവാസുകളിൽ മുന്തിയ നിറങ്ങളിൽ നിറഞ്ഞ് സമ്പന്നരായ ടൂറിസ്റ്റുകളോടൊപ്പം യൂറോപ്പിലേക്കും അമേരിക്കൻ നാടുകളിലേക്കും കയറിപ്പോകുന്നു.

(കുറിപ്പിൽ ഇല്ലാത്ത ടിൻഗാടിൻഗാ  പുരാണം ഇങ്ങനെയാണ്.കൃസ്ത്യാനിയായ അമ്മയുടേയും ഇസ്ലാമായ പിതാവിന്റെയും മകനാണ്  ടിൻഗാടിൻഗാ. അത് കൊണ്ടാണ്        എഡ്വേർഡ് സെയ്ദ് എന്ന അസാധാരണ സങ്കലനം പേരിലുള്ളത്. നുഴഞ്ഞുകയറ്റക്കാരനെന്ന് തെറ്റിദ്ധരിച്ച ഒരു പോലീസുകാരന്റെ വെടിയേറ്റാണ്  ടിൻഗാടിൻഗാ മരിക്കുന്നത് ) 






ഒരടി മുതൽ ഒരാളോളം പോന്ന ജിറാഫുകൾ ,ആനകൾ,ഉജാമാ ശില്പങ്ങൾ.ധൈര്യത്തെ കടിച്ചുകീറിപ്പോകുന്ന സിംഹ രാജന്മാർ, പുളളിപ്പുലികൾ .ഗോത്രമനുഷ്യ രൂപങ്ങൾ -മാക്കോണ്ടെകൾ.പല തരം മാസ്ക്കുകൾ. അടുത്തത് വസ്ത്രങ്ങൾ, കടും നിറങ്ങളിൽ .നമുക്ക് പരിചയമില്ലാത്ത പാറ്റേണുകൾ. മറ്റൊരു ഭാഗത്ത് ടാൻസാനിയയുടെ മാത്രമായ ടാൻസണൈറ്റ് രത്നക്കല്ലു പതിച്ച ആഭരണങ്ങൾ.കലയുടെ ധാരാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും നമ്മൾ പരിഭ്രാന്തരായിപ്പോകും. എന്തെങ്കിലും വാങ്ങിക്കാതെ അവിടെ നിന്നിറങ്ങുന്നവരില്ല.ഞങ്ങളുടെ കൊടും പിശുക്കും കരിന്താളിക്കാതലോളം കടുത്ത മനസ്സും ധനനഷ്ടം വരുത്താതെ രക്ഷപ്പെടുത്തി. കാശ് ചെലവില്ലാതെ ആഫ്രിക്കൻ ശില്പകലയുടെ വലിയൊരു എക്സിബിഷൻ കണ്ടിറങ്ങുകയായിരുന്നു ഞങ്ങൾ. എങ്കിലും ചെറിയൊരു പരുക്കേൽക്കാതെയുമിരുന്നില്ല. ഷോറൂമിലെ ഒരു ജിറാഫുമായി അമ്മ പ്രേമത്തിലായി, കൂടെ കൂട്ടണമെന്ന് വാശിയായി. അരയാൾ പൊക്കമുള്ള ജിറാഫ് . അരോഗദൃഢഗാത്രൻ.മുൻകാലുകളിൽ നിവർന്ന് നിന്ന് ഇടതു വശത്തേക്ക് തല വെട്ടിച്ച് നോക്കി ആ സുന്ദരൻ അമ്മയെ മോഹിപ്പിച്ചു കളഞ്ഞു. അവന്റെ വലുപ്പവും വിലയും ബോധ്യപ്പെടുത്തി ഒരു വിധമാണ് അമ്മയെ അവനിൽ നിന്നും വേർപ്പെടുത്തിയത്. ടാൻസാനിയയിൽ നിന്ന് തിരിച്ചുപറക്കും മുമ്പ് കൊക്കിലൊതുങ്ങന്നതും ബാഗിൽ കൊള്ളുന്നതുമായ ഒരു ജിറാഫിനെ വാഗ്ദാനം ചെയ്യുകയും വേണ്ടിവന്നു.എന്നിട്ടും ആ മുഖമങ്ങ് മുഴുവൻ തെളിഞ്ഞില്ല. അതിന് റഷീദ് വേണ്ടി വന്നു.അമ്മയെ തിരിച്ചു വണ്ടിയിലേക്ക് കയറാൻ സഹായിക്കുമ്പോൾ റഷീദ് ഈണത്തിൽ പറഞ്ഞു ,ഇവിടം നിറയെ കാടല്ലേ ,കാട്ടിൽ നിറയെ ജിറാഫല്ലേ .വഴിയിൽ നിറയെ കടയല്ലേ ? കടയിലും നിറയെ ജിറാഫല്ലേ. സൂപ്പർ മാമാ. ഹക്കുണ മത്താത്ത .

വീണ്ടും ബജാജികളും ലോളിയോണ്ടയിലേക്കുള്ള മുണ്ടൻ ബസ്സുകളും മേയുന്ന റോഡിലൂടെ സെരങ്കട്ടിയിലേക്കുള്ള യാത്ര.കുന്നുകൾ കേറിയും ഇറങ്ങിയും ഇടവിട്ടിടവിട്ട് നാടിന്റേയും കാടിന്റേയും ചന്തത്തിൽ പുളഞ്ഞ് , വളഞ്ഞ് പോകുന്ന വഴി.ഇടത് വശം മന്യാര തടാകവും കാടും. ചിലപ്പോൾ മരങ്ങൾക്കിടയിലെ ഒഴിവ് മന്യാരത്തടാകത്തിലേക്കുളള കിളിവാതിലാവും. ആകാശം നിറയെ വെള്ളിക്കൊലുസ്സിട്ട വെള്ളമേഘങ്ങൾ സഫാരിക്കിറങ്ങിയിട്ടുണ്ട്. താഴത്തെ പുൽമേടുകളിലേക്ക്  തങ്ങളുടെ  നിഴലിനെ പറഞ്ഞു വിട്ട് കൊടുംവെയിലിനെ സ്വസ്ഥനാക്കുന്നുണ്ടവർ. നിഴൽ വീഴുന്നിടത്തെ പുല്ലിനും പച്ചപ്പിനും വല്ലാത്തൊരു നിറപ്പകർച്ചയാണ്, കാൽപ്പനികച്ചന്തമാണ്.





ഒരൈസ്ക്രീം കഴിക്കണമെന്ന്  തോന്നിയതും ഗോരംഗോരോ സംരക്ഷിത മേഖലയിലേക്കുള്ള കവാടത്തിലെത്തിയതും ഒരുമിച്ച് . കുറച്ച് സോവനീർ കടകളും ചെറിയൊരു കാപ്പിക്കടയും ടോയ്ലറ്റ് സൗകര്യങ്ങളും ചെക്ക് പോസ്റ്റും ആണ്
ഇവിടെയുള്ളത്. മൂത്രമൊഴിക്കണമെങ്കിൽ ഇവിടെ ഒഴിക്കണം.അത്തരം പരിപാടികൾ കാട്ടിൽ അപകടകരമാണ്. ഞങ്ങൾ കാര്യങ്ങളൊക്കെ സാധിച്ച് അഞ്ച് പേർക്കുള്ള ഐസ് ക്രീമുകളുമായി വന്നപ്പോഴേക്കും റഷീദ് 'പേപ്പർ വർക്കുകൾ ' കഴിഞ്ഞെത്തി. പ്രാദേശികമായുണ്ടാക്കിയ പുതുരുചിയിൽ രസിച്ചും തണുത്തും ഏതാനും സമയം. പിന്നെ ഗൊരംഗോരോ വഴി സെരങ്കെട്ടിയിലേക്ക് ,രണ്ടാം വനത്തിലേക്ക്. സഫാരി രണ്ടാം ദിനത്തിലേക്ക്. 



തരംഗീറി,മന്യാര, ഗോരംഗോരോ, സെരങ്കെട്ടി എന്നിങ്ങനെ തെക്ക് നിന്ന് വടക്കോട്ട് കോർത്തിട്ടിരിക്കയാണ് ടാൻസാനിയയുടെ വടക്കൻ വനങ്ങൾ. പിന്നെയും വടക്കോട്ട് പോയാൽ കെനിയയിലെത്തും. അവിടെ സെരെങ്കട്ടി മസായിമാരയാകും. 

സഫാരിയുടെ അവസാന ദിവസങ്ങളിലാണ് ഗോരംഗോരോ ക്രേറ്ററിലേക്കിറങ്ങുന്നത്. എന്നാൽ ഈ പോക്കിൽത്തന്നെ ആ ഗർത്തത്തിന്റെ ഒരു ദൂരക്കാഴ്ചയെങ്കിലും വേണമെന്ന് റഷീദിനെ നിർബന്ധിച്ചിരുന്നു. (റഷീദിന് അതും ഹക്കുണ മത്താത്ത) .അത്രയ്ക്ക് തീവ്രമായിരുന്നു  പൊറ്റക്കാടിന്റെയും സക്കറിയായുടേയും വർണ്ണനകൾ നിർമ്മിച്ച ഗോരംഗോരോ  പ്രണയം . അടുത്ത കാലത്ത് നെറ്റിൽ വായിച്ച ബ്ലോഗുകളും കണ്ട യുടൂബ്  വിഡിയോകളും ഇഷ്ടം ഇരട്ടിയാക്കിയിട്ടുണ്ട്.

റഷീദിന്റെ ഹക്കുണമത്താത്ത ചതിച്ചില്ല. ക്രേറ്ററിലേക്കുള്ള വ്യൂ ബാൽക്കണിക്കടുത്ത് സഫാരി വണ്ടി നിന്നു. ഞങ്ങൾക്ക് മുമ്പേയെത്തിയ ഗോരംഗോരോ പ്രണയികൾ ഇരുപതിരുപത്തഞ്ചു പേരുടെ തിക്കിത്തിരക്കുണ്ടാക്കുന്നുണ്ട്. ഞങ്ങൾ ചെന്നപ്പോൾ ആ ബാച്ച് ഒഴിഞ്ഞു പോയി. ക്രേറ്ററിലെ കാഴ്ചയ്ക്കായി റഷീദ് അമ്മയ്ക്ക്  ടെലസ്‌ക്കോപ്പുമായെത്തി. യൗവ്വനത്തിളപ്പു കഴിഞ്ഞ അഗ്നിപർവ്വതമാണ് ഗോരോംഗോരോ.അകം തിളച്ചുള്ളുള്ളിലേക്കമർന്നുണ്ടായതാണ്  ഈ ഗർത്തം. അതും രണ്ടര മില്യൺ വർഷങ്ങൾക്കു മുമ്പ് .അറുന്നൂറ് മീറ്റർ താഴ്ച.ഇരുന്നൂറ്റി അറുപത് സ്ക്വയർ കിലോമീറ്റർ  വിസ്തീർണ്ണം. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവത ഗർത്തം (caldera). ഗർത്തത്തിൽ മുപ്പതിനായിരത്തോളം മൃഗങ്ങൾ. കിഴക്കനാഫ്രിക്കയുടെ സസ്യജാലങ്ങളുടെയെല്ലാം പ്രാതിനിധ്യം. ഉപ്പുള്ളതും അല്ലാത്തതുമായ ജലാശയങ്ങൾ. ചതുപ്പുകൾ.മലകൾ. കുന്നുകൾ .പുൽമൈതാനങ്ങൾ.പ്രകൃതി തന്റെ പ്രിയജീവജാലങ്ങളെ വലിയ കൈക്കുമ്പിളിലിട്ടു പോറ്റുകയാണ്. ഇന്ദ്രിയങ്ങളെ മദിപ്പിക്കുന്ന ആ കാല്പനികച്ചന്തത്തിലേക്കാണ് ദൂരദർശിനിക്കണ്ണുകളിലൂടെ അമ്മ ഒളിഞ്ഞുനോക്കുന്നത്. ക്രേറ്റർ നിറഞ്ഞു തുളുമ്പിയെത്തുന്ന കാറ്റിന് ഉച്ചപ്പന്ത്രണ്ടിനും നല്ല തണ്ണുപ്പ് ,നല്ല ആവേശം. താഴെ ആനകളുടേയും സീബ്രകളുടേയും വിൽഡ്  ബീസ്റ്റുകളുടേയും കൂട്ടങ്ങൾ. നിഴലിന്റേയും  വെളിച്ചത്തിന്റേയും കുസൃതികളിൽ തുടുക്കുകയും മങ്ങുകയും ചെയ്യുന്ന പുൽമൈതാനത്തിന്റെ ഹരിതച്ഛവി. അതിരുകളിൽ കറുത്ത മലനിരകൾ.അതിനപ്പുറം മഞ്ഞൂതി വിടുന്ന നിറം മങ്ങിയ മലകൾ .അതിനും പിന്നിൽ വെൺമേഘപാളികളെ നിരത്തി നിർത്തി മലകളെ പ്രകോപിപ്പിക്കുന്ന ആകാശം.







മൂന്ന് സഫാരി വണ്ടികൾ എത്തിയിരിക്കുന്നു. നിറയെ ആൾക്കാരുണ്ട്. ഞങ്ങൾ ഗോരംഗോരോയെ അവരെ ഏൽപ്പിച്ച്  സെരെങ്കട്ടിയിലേക്കുള്ള യാത്ര തുടർന്നു. താഴെനിന്ന് കയറി വന്നുകൊണ്ടിരുന്ന ഒരു ചെറിയ ആട്ടിൻപറ്റം അതിന്റെ കുട്ടിത്തലവനേയും കൊണ്ട് കടന്നുപോകുന്നതു വരെ റഷീദ് പിന്നെയും വണ്ടി നിർത്തിയിട്ടു. അരുഷയിൽ നിന്ന് തരംഗീറിലേക്കുള്ള യാത്രയ്ക്കിടയിൽ വലിയ കന്നുകാലിക്കൂട്ടങ്ങളെ ഞങ്ങൾ കണ്ടിരുന്നു. അവയെ ഫോട്ടോയിൽ ഒതുക്കാൻ ഞാനും അമ്മുവും മത്സരിച്ചു. പക്ഷേ തരംഗീറിലെ ആനക്കൂട്ടങ്ങളും സീബ്രാപ്പാടങ്ങളും കാലിക്കൂട്ടങ്ങളിലെ രസം കളഞ്ഞിരിക്കുന്നു. അപ്പോളാണ് റഷീദ് അവയ്ക്ക് വേണ്ടി നേരം കളയുന്നത്. ആട്ടിൽ പറ്റം തുള്ളിച്ചാടി കടന്നു പോയി. അവയുണ്ടാക്കിയ ഗ്രോം ഗ്രോം വല്ലാതെ മുഴങ്ങി.റഷീദ് ചിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു.ഈ കണ്ഠമണിശബ്ദത്തിൽ നിന്നാണ് മസായികൾ ഈ സ്ഥലത്തിന് ന് ഗ്രോം ഗ്രോം എന്ന് പേരിട്ടത്. അതാണ്       ഗോരംഗോരോ ആയത്.അപ്പോൾ അതാണ് കാര്യം. ഞങ്ങൾ റഷീദിന് അസാൻഡസാന പാടി. റഷീദ് ഹക്കുണ മത്താത്തയും. വണ്ടി സെരങ്കട്ടി കാത്തു വെച്ച അത്ഭുതങ്ങളിലേക്ക് നീങ്ങി.

സെരങ്കട്ടിയും ന്ഗോരംഗോരോയും ഇന്ന് സംരക്ഷിത വനമേഖലയാണ്. മൃഗസംരക്ഷണത്തിന്റെ അളവുകൾ കൂടുമ്പോൾ മസായികളും കന്നുകാലികളും അരക്ഷിതമേച്ചിൽപ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. സംരക്ഷിക്കപ്പെട്ടത് കാടോ കാട്ടുമൃഗങ്ങളോ ആയിരുന്നില്ല. ലോകോത്തരധനാഢ്യരുടെ, അരബ് രാജകുടുംബങ്ങളുടെ നായാട്ടു സങ്കേതങ്ങളായിരുന്നു സംരക്ഷിക്കപ്പെട്ടത്.  അവയിൽ ഏറ്റവും മുന്തിയതാണ് ദുബായ് രാജകുടുംബത്തിന്റെ ഓർടെല്ലോ ബിസിനസ്  കോർപ്പറേഷൻ.      പിന്നെ കൂടുതൽ ടൂറിസ്റ്റുകൾ .കൂടുതൽ വരുമാനം. കൂടുതൽ റിസോർട്ടുകൾ, വൈൽഡ് ലൈഫ് ലോഡ്ജുകൾ. കാട്ടിൽ വിത്തു പൊട്ടി മുളച്ച മസായികളും വളർത്തുമൃഗങ്ങളും അവരുടെ പുൽപ്പരപ്പുകളിൽ നിന്നും നീരുറവകളിൽ നിന്നും തെളിച്ചകറ്റപ്പെട്ടു. സെരെങ്കട്ടിക്കും ഗോരംഗോരോയ്ക്കും ഇടയിൽ നാൽപ്പതിനായിരത്തോളം മസായികളാണ് ഇന്ന്  താമസിക്കുന്നത്. സെരങ്കട്ടിയിൽ കാലിമേച്ചിൽ തടഞ്ഞിട്ടുണ്ടെങ്കിലും ഗോരംഗോരോയിൽ  പകൽനേരത്ത് അത് അനുവദിച്ചിട്ടുണ്ട്. ആറു മണിക്ക് മുമ്പ് കാലികളും മസായികളും ക്രേറ്റർ കേറിപ്പോകണം. 


മസായികളുടെ നാൽക്കാലികൾ പുൽമൈതാനങ്ങളെ തരിശാക്കുമെന്നും മസായിയും മൃഗങ്ങളും തമ്മിലെ            ശണ്ഠകൾ രണ്ടു ഭാഗത്തും നാശമുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് മസായികളെ കാട്ടിൽ നിന്ന് തള്ളിമാറ്റിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ പാരിസ്ഥിതിക പഠനങ്ങളും സിദ്ധാന്തങ്ങളും ഈ ലളിതയുക്തികളെ നിരാകരിക്കുന്നു. പലയിടങ്ങളിൽ മാറിമാറിയലഞ്ഞ് കിട്ടുന്നത് തിന്ന് പറ്റാവുന്നത്ര പാലും മാംസവും തയ്യാറാക്കാൻ കാലങ്ങളായി മസായിയുടെ കന്നുകളെ പ്രകൃതി പരിശീലിപ്പിച്ചിരുന്നു. വരാനിരിക്കുന്ന വരൾച്ചാശതകങ്ങളിലേക്ക് ഏറ്റവും പ്രാപ്തമായിരുന്നു ഈ മസായി ജീവിതം. അതാണ് ഇന്നത്തെ നുണയറിവുകളുടെ തമ്പുരാക്കന്മാൻ തച്ചുതകർക്കുന്നത്. 

ഗോരോംഗോരോയിൽ നിന്ന് സെരെങ്കട്ടിയിലേക്കുള്ള യാത്ര ഇളംകുന്നുകളുടെ അരക്കെട്ടു ചുറ്റിപ്പിടിക്കുന്ന വഴികളിലൂടെയായിരുന്നു.  പുതുമഴയിൽ തിരണ്ട മണ്ണിൽ നിന്നും പൊട്ടി മുളച്ച കന്നിപ്പുൽനാമ്പുകളുടെ പച്ചവിരിപ്പാണ്  വഴിക്കിരുവശവും.  പുൽപ്പരപ്പിൽ ഹാലിളകി നടക്കുന്ന ഒട്ടകപക്ഷിക്കൂട്ടത്തിലേക്കും തുള്ളിക്കളിക്കുന്ന കന്നുകുട്ടികളിലേക്കും അവയെ മേയ്ക്കുന്ന മസായിക്കുട്ടികളിലേക്കും ഭൂമി അതിന്റെ ഉന്മാദം പകർന്നിട്ടുണ്ട്. 






തരംഗീറിയിൽ വിരലിലെണ്ണാവുന്ന ജിറാഫുകളേയേ കണ്ടിരുന്നുള്ളു. ആ കുറവ് സെരങ്കെട്ടി നികത്തുമെന്നുറപ്പായി. ഇപ്പോൾ തന്നെ അവരെ കൂട്ടം കൂട്ടമായി കാണുന്നുണ്ട്. ഒരെണ്ണത്തിനെ വാങ്ങിച്ചാലോ എന്ന് റഷീദ്.വില കുറവാണെങ്കിൽ രണ്ടെണ്ണം പോരട്ടേ എന്ന് അമ്മ .പച്ചപ്പ് വാരിക്കൂട്ടി കയറിപ്പോകുന്ന കുന്നുകൾ ഭൂതലമവസാനിക്കുന്ന റകാരമായി നീലാകാശത്തെത്തൊടുന്നു.അവിടെ ഭൂമിയുടെ അപ്പുറത്തേക്ക് വീണുപോകാതെ ശ്രദ്ധിച്ചു നടന്നു നീങ്ങുന്ന ഒരു പറ്റം ജിറാഫുകൾ .അവരുടെ ഉയർന്ന തലക്കൊടികൾ ഉച്ചവെയിലിനോട് കലഹിച്ചു കൊണ്ടിരുന്നു. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്ത ഒട്ടകങ്ങളും, കാട്ടുതേൻ അനാകർഷമായ കുപ്പികളിലാക്കി വിൽക്കുന്ന മസായി ബാലന്മാരും അവർക്കൊപ്പം വാലാട്ടി നിലക്കുന്ന ശ്വാന ശൂരന്മാരും സങ്കടപ്പെട്ടും തല കുനിച്ചും നീങ്ങുന്ന കഴുതകളുമാണ് പിന്നെയിവിടെയുള്ള കാഴ്ചകൾ.





സെരങ്കട്ടിയിലേക്ക് കടന്നാൽ 'ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ' നടക്കുന്ന മസായിക്കുട്ടന്മാരെ കാണാൻ കിട്ടില്ലത്രേ. ആ ഭാഗത്ത് കാലിമേയ്ക്കൽ നിരോധനം ശക്തമാണ്. അത് കൊണ്ട് മന്യാരയിൽ നിന്ന് കരുതിയിരുന്ന ഭക്ഷണസാധനങ്ങൾ ഗോരംഗോരോയിലെ കുട്ടികൾക്ക് കൊടുത്തു. അസാൻഡ സാനയുടേയും പിന്നെന്തൊക്കെയോ മസായി ശബ്ദങ്ങളുടെയും കോറസായിരുന്നു പിന്നെ.



വഴിക്ക് വശങ്ങളിൽ നിന്ന് ദുരെയായി മസായിഗ്രാമങ്ങൾ കാണാം. സഫാരി വാഹനങ്ങളുടെ കുളമ്പടികൾ പൊടിപറത്തുന്ന പ്രധാനപാതയിൽ നിന്നും കാതങ്ങൾ അകലെയാണ് ഗ്രാമങ്ങൾ. അതിലും ദൂരെയാണ് മുഖ്യധാരയിൽ നിന്ന് ഇന്നും മസായികൾ.മുൾച്ചെടികളും മരക്കൊമ്പുകളും നാട്ടി വട്ടത്തിൽ വളച്ചു വെച്ചിട്ടുള്ള സ്ഥലമാണ് ഓരോ ഗ്രാമവും. അതിൽ, ചാണകം തേച്ച വള്ളിക്കൊട്ടകൾ കമിഴ്ത്തിയിട്ട പോലെ ബോമകൾ (മസായിക്കൂരകൾ.) പത്തോ പന്ത്രണ്ടോ കാണും. ബോമകളുടെ വൃത്തനിരകൾക്കും ഉള്ളിലായി മരക്കമ്പുകൾ നാട്ടി സുരക്ഷയൊരുക്കിയ  മറ്റൊരു വട്ടം- കന്നും കഴുതയും ആടും അടങ്ങുന്ന വളർത്തുമൃഗങ്ങളുടെ സ്ഥലം. ചില ഗ്രാമങ്ങളിൽ വലിയ 'മുൾച്ചെടി വട്ടത്തിന് ' പുറമേ ഒരു കൂര കൂടിയുണ്ടാകും. മന്യാട്ട എന്നറിയപ്പെടുന്ന ഇവിടെയാണ് ലിംഗാഗ്രം ഉപേക്ഷിച്ച് കുട്ടിത്തം കൊഴിച്ച് മസായി ബാലന്മാർ പൗരുഷം പുണരുന്നതും കുട്ടിപ്പോരാളികളാവുന്നതും.
















ദൂരക്കാഴ്ചയിൽ ,ഒരു ഭരതൻ ചലച്ചിത്രത്തിലെ ഫ്രെയിം പോലെ മനോഹരമാണ് ഗ്രാമങ്ങൾ. നിറഞ്ഞ പച്ചനിറത്തിനിടയിൽ ചാരനിറത്തിൽ കുനിഞ്ഞു നില്ക്കുന്ന ബോമകൾ .തവിട്ട് ,വെളുപ്പ് ,ചാരക്കറുപ്പു നിറങ്ങളിൽ കന്നുകളും വെളുത്ത് രോമം നിറഞ്ഞ് ആടുകളും ഗ്രാമത്തിൽ നിന്നിറങ്ങി വരിയായി നടന്ന് പച്ചപ്പിനെ മുറിയ്ക്കുന്നു.മുന കൂർത്ത വടികളുമായി കറുപ്പഴകിൽ മസായിക്കുട്ടികളും സങ്കടങ്ങൾ നിറഞ്ഞ തല ഭൂമിയോളം താഴ്ത്തി നടക്കുന്ന മങ്ങിയ ക്രീം നിറമുള്ള കഴുതകളും അവർക്കൊപ്പം. നിറാന്തരങ്ങൾക്ക് തീവ്രത കൂട്ടി ചുവച്ച് നീല നിറങ്ങൾ കള്ളികളാക്കി വാരിപ്പുതച്ച് മസായിപ്പെണ്ണും ആണും .

മസായിഗ്രാമത്തിലേക്ക് പോയവരുടെ ബ്ലോഗുകളിൽ പറയുന്നത്  സെരെങ്കട്ടി വഴിയോട് ചേർന്നുള്ള ഗ്രാമങ്ങളിലേക്ക് പോകരുതെന്നാണ്. അവ ടൂറിസ്റ്റിക്ക് ആണത്രെ.ദരിദ്രന്റെ പരിതാപകരമായ ജീവിതാവസ്ഥകൾ പച്ചയ്ക്ക് കാണണമെന്ന് വാശി പിടിക്കുന്ന 'ടൂറിസ്റ്റിക്ക് മനസ്സിന് ' നല്ല നമസ്കാരം പറഞ്ഞ് കൊണ്ട് ഞങ്ങൾ സഫാരി വണ്ടിയിൽ നിന്നിറങ്ങി. ഗ്രാമത്തിൽ നിന്ന് കുന്തം പോലെ മെലിഞ്ഞു കൂർത്ത യുവാക്കൾ നീളൻ വടികൾ കുത്തനെച്ചലിപ്പിച്ച് ഓഹോയ് ആർപ്പുകളുമായി ഇറങ്ങി വന്നു. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ യുവതികൾ പതിഞ്ഞ ശബ്ദവും ഒതുങ്ങിയ ആട്ടവുമായി ഒപ്പമുണ്ട്. രണ്ടു കൂട്ടരുടേയും മൊട്ടത്തലകളിൽ സൂര്യനിരുന്നു മിനുങ്ങുന്നു. ഗ്രാമത്തിൽ നിന്നിറങ്ങിയ ഏതാനും ടൂറിസ്റ്റുകൾ അവരുടെ വാഹനത്തിലേക്ക് നീങ്ങുന്നു. അവരെ ഓടിക്കുകയാണോ ഞങ്ങളെ സ്വീകരിക്കുകയാണോ  ഈ ഓഹോയ്  കൂവലും വടിയിളക്കിയാട്ടവും?




കരുത്തുറഞ്ഞ ശരീരവും അല്പം കടുത്ത മുഖവുമായി 'മസായി നിലവാരത്തിൽ ' കുള്ളനായ ഒരു യുവാവ് ഞങ്ങളെ സ്വീകരിച്ചു. ( ലോകത്തിൽ ഏറ്റവും പൊക്കമുള്ള ഗോത്ര വിഭാഗമാണ് മസായികൾ.ആറടിക്കും മുകളിലാണ് ശരാശരി ഉയരം)I am Noel.Welcome to our village. ഞാൻ നിങ്ങളെ ഈ ഗ്രാമം ചുറ്റിക്കാണാൻ സഹായിക്കാം. ഉഗ്രൻ ഇംഗ്ലീഷ് .ബ്രിട്ടീഷുകാരനെ തോൽപ്പിക്കുന്ന ഉച്ചാരണം. ഞാൻ തലയൊന്നു കുടഞ്ഞു.ഇരുണ്ട ആഫ്രിക്കയിലെ പുരാതനവും അപരിഷ്കൃതവും ഊരുതെണ്ടികളുമായ ഗോത്രത്തിന്റെ ഗ്രാമത്തിൽ തന്നെയാണോ ഞങ്ങൾ?
മസായിസുഹൃത്ത് ഇടത് കൈയിലെ വടി നിലത്ത് കുത്തി, ശരീരം ചുറ്റിയിരിക്കുന്ന നീല ഷുക്കയ്ക്കടിയിൽ നിന്ന് വലത് കൈ നീട്ടി.ആഫ്രിക്കൻ വനത്തിൽ, ഒരു ഗോത്ര ഗ്രാമത്തിൽ തിരെ പ്രതീക്ഷിക്കാത്ത  ഒരു നാഗരിക ഹസ്തദാനം ഞങ്ങൾ നിർവഹിച്ചു. 
നന്ദി നോയ്ൽ.ഞങ്ങൾക്കൊരപേക്ഷയുണ്ട്. നിങ്ങളുടെ ഭാഷയിൽ ഞങ്ങളെയൊന്ന്  സ്വീകരിക്കാമോ?
മസായി എന്ന വാക്കിനർത്ഥം 'മാ' (മസായ് ) ഭാഷ സംസാരിക്കുന്നവൻ എന്നാണ്. നോയൽ നീണ്ടൊരു മാ വാചകത്തിൽ ഞങ്ങളെ പുന:സ്വാഗതം ചെയ്തു. ഒന്നും മനസ്സിലായില്ലെങ്കിലും നാഗരികതയുടെ ചവർപ്പില്ലാത്ത  നിഷ്ക്കളങ്കമായ കെട്ടിപ്പിടുത്തമായി ഞങ്ങളതനുഭവിച്ചു.

ആഫ്രിക്ക അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ ഇരുണ്ട മുൻധാരണകളെ തിരുത്തിക്കൊണ്ടിരിക്കുന്നു.