Thursday 13 September 2018

ട്രിയാനാ-- - - - ഓ--- ട്രിയാന..........



മറയാൻ മടിക്കുന്ന സൂര്യനെ കൂട്ടുപിടിച്ച്  നാലു കിലോമീറ്ററോളം നടന്നാണ് ഞങ്ങൾ പ്യൂന്തോ ദെ ഇസബെല്ല രണ്ട് എന്ന പേരു കൊത്തിയ കമാനപ്പാലത്തിലെത്തിയത്. നാട്ടുകാരുടെ ട്രിയാനപ്പാലം . സ്പെയിനിലെ സെവിയ്യ നഗരകേന്ദ്രത്തിൽ നിന്നുള്ള തെക്കോട്ടിറക്കമായിരുന്നു അത്. പിന്നെ പടിഞ്ഞാറു കിടക്കുന്ന  ട്രിയാനയിലേക്ക് ഒരു പുഴ കടക്കൽ. സെവിയ്യയിൽ നിന്ന് കൂടെ വന്ന പാത മടിച്ചു മടിച്ചാണ് പാലം കടക്കുന്നത്. കടന്ന് കഴിഞ്ഞാൽ അത് ട്രിയാനയുടെ സായാഹ്നത്തിരക്കിലുടെയങ്ങ് ഓടിപ്പോവുകയാണ്. പാലത്തിനിപ്പുറം സെവിയ്യ അതിന്റെ തിരക്കും ശബ്ദവും നിറഞ്ഞ റോഡുകളും ഉയർന്നു നിൽക്കുന്ന പള്ളിമണിഗോപുരങ്ങളും പഴയ നഗരത്തിന്റെ പുതിയ ജാരസന്തതികളായ നീളൻ കെട്ടിടങ്ങളുമായി അഹങ്കരിക്കുന്നു.പാലത്തിനപ്പുറം പ്രധാനമായും ഇടത് ട്രിയാനയിൽ ,രണ്ടോ മൂന്നോ നിലകളുള്ള ചെറു കെട്ടിടങ്ങൾ പല നിറങ്ങളുള്ള ചുമരുകളുമായി നിരന്നു നിന്നു. വിവിധ വർണ്ണങ്ങളുള്ളൊരു തോരണം വലിച്ചുകെട്ടിയ പോലെ. അവയ്ക്ക് മുന്നിൽ റോഡിനും നദിക്കും ഇടയിൽ കസേരകളിൽ അന്താലൂസിയൻ കാറ്റും ക്യുസിനും ആസ്വദിക്കുന്നവരുടെ തിരക്ക് തുടങ്ങിയിട്ടേയുള്ളു.








 പാലത്തിന്റെ വലതുവശത്ത് പക്ഷം പിടിച്ചു നിൽക്കുകയാണ് സൂര്യൻ.ദൂരെക്കാണുന്ന വലിയൊരു കെട്ടിടത്തിന്റെ സ്റ്റീൽ നിറത്തിൽ തട്ടി അവന്റെ കുറേ വെട്ടം ചിതറിപ്പാഴാവുന്നുണ്ട്. പാലത്തിനടിയിലേക്ക് ഒളിക്കാനിടം തേടി ഒഴുകി വരുന്ന ഗ്വദാൽകിവിർ നദിയെ ബാക്കിയുള്ള മഞ്ഞവെളിച്ചം തൂവിയവൻ മോടിയാക്കുന്നുണ്ട്. നദിയുടെ ഇരുകരയിലൂടേയും നടന്നു പോകുന്ന ചെറു പാതകളിലേക്ക്  ഇളം നീലപ്പൂക്കളുമായി ജരാക്കണ്ടുകളും വെളപ്പൂക്കളുമായി പേരറിയാത്ത മറ്റേതാനും മരങ്ങളും നിഴൽ വീഴ്ത്തുന്നുണ്ട്.

ഞങ്ങൾ നദിക്കപ്പുറത്തേക്ക് നടന്നു.ട്രിയാനയുടെ അർത്ഥം അറിയാമോ അമ്മുവിന്? ഞാൻ ചോദിച്ചു. ഇല്ലെന്ന് അമ്മുവും മിനിയും. നദിക്കപ്പുറം എന്നാണർത്ഥം. beyond the river. നദിക്കപ്പുറവുമിപ്പുറവും അത്രയ്ക്ക് വിത്യസ്തമായിരിക്കാം. അല്ലെങ്കിൽ ആയിരുന്നിരിക്കാം. സെവിയ്യക്കാർ അക്കരയെ വിളിക്കുന്നത് റോങ്ങ് സൈഡ് ഓഫ് ദ റിവർ എന്നാണ്. സെവിയ്യയിലെ ഉന്നതകുലജാതരുടെ പാവപ്പെട്ട വെറുക്കപ്പെട്ട ബന്ധുവായിരുന്നു എന്നും ട്രിയാന.ഇൻഡിപ്പെൻഡന്റ് റിപ്പബ്ലിക്ക് ഓഫ് ട്രിയാന എന്ന് പറഞ്ഞ് സെവിയ്യക്കാർ പരിഹസിക്കുകയും പുറത്താക്കുകയും ചെയ്തപ്പോൾ ട്രിയാനക്കാർ ആ സ്വാതന്ത്ര്യത്തിൽ ഊറ്റം കൊണ്ടു.




ഗ്വദാൽകിവിർ നദിയുടെ രണ്ടു കൈവഴികൾക്കിടയിലൊരു തുരുത്തായിപ്പെട്ടു പോയ ട്രിയാനയിലേക്ക് ആദ്യകാലത്ത് ഒരു പൊങ്ങുപാലമാണുണ്ടായിരുന്നത്. വഞ്ചികളും പൊങ്ങുതടികളും നിരനിരയായി വരിഞ്ഞുമുറുക്കി , അതിനുമേൽ പലകകൾ പാകിയ താൽക്കാലിക പാലം. ആഫ്രിക്കയിൽ നിന്നും വന്ന് തെക്കൻ സ്പെയിൻ കയ്യടക്കിയ മൂറിഷ് (ഇസ്ലാമിക് ) വംശജർ പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ഈ താൽക്കാലിക പാലം ചില്ലറ അറ്റകുറ്റപ്പണികളോടെ ഏഴു നൂറ്റാണ്ടുകൾ ഉപയോഗിക്കപ്പെട്ടു. പിന്നീട് ഇസബെല്ല രണ്ടിന്റെ ഭരണകാലത്താണ് ഇത് ഒരു മെറ്റൽആർച്ച് പാലമായി നിർമ്മിക്കപ്പെടുന്നത്, 1852 ൽ .ചുറ്റുമുള്ള നഗരങ്ങൾ തങ്ങൾക്ക് വേണ്ടാത്തവരേയും വെറുക്കപ്പെട്ടവരേയും ട്രിയാനയിലേക്ക് ഈ പാലത്തിലൂടെ ആട്ടിപ്പായിച്ചു.ഇതേ പാലത്തിലൂടെത്തന്നെയാണ് പേർഷ്യയിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നും നാടോടികളും എത്തിയത്.( പതിനാറാം നൂറ്റാണ്ടിൽ ഇത്തരം അലച്ചിലുകാർ ഇംഗ്ലണ്ടിലെത്തിയത് ഈജിപ്തിൽ നിന്നാണെന്ന് തെറ്റായി കരുതപ്പെട്ടിരുന്നു. gyptein എന്നതിൽ നിന്ന് ജിപ്സിയുണ്ടായി.) അവരുടെ പിൻതലമുറകൾ നൃത്തം ചെയ്തും പാട്ടു പാടിയും കാളപ്പോരിലേർപ്പെട്ടും നാവികരായും പെറ്റുപെരുകി ട്രിയാനയെ സ്വന്തമാക്കി. അലഞ്ഞുതിരിഞ്ഞു പോയവർ തിരിച്ച് ട്രിയാനയിലേക്ക് തന്നെയെത്തി. ട്രിയാന ഒരു ജിപ്സിക്കോളണിയായി.




വലത് വശത്ത്  ,ട്രിയാനയിലേക്കുള്ള പ്രവേശം അടയാളപ്പെടുത്തുന്ന 'മൂന്നു വിളക്കു 'കാലും കാർമ്മൻ (Capillita del Carmen) ചാപ്പലുമാണ് . പാലത്തിൽ നിന്നിറങ്ങിപ്പോവുന്ന ജോസാന്റ നടവഴിയിലും പിരിഞ്ഞു പോകുന്ന ചെറുവഴികളിലും കവലകളിലും മനോഹരമായ വിളക്കുകാലുകൾ നമുക്കിനി കാണാനുണ്ട്. ചാപ്പൽ ചെറുതെങ്കിലും മൂറിഷ് (ആഫ്രോ-ഇസ്ലാമിക്ക്) കെട്ടിടനിർമ്മാണ കൗശലത്തിന്റെ വിളംബരങ്ങളാണ്  ചെറു ഇഷ്ടികകൾ നഗ്നരായി ഒത്തുകൂടുന്ന അതിന്റെ ചുവരുകൾ. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തെട്ടിലാണ് ഇബെരോ അമേരിക്കൻ എക്സ്പോ 1929 ന്റെ  ഭാഗമായി ഈ ചാപ്പൽ പുതുക്കിപ്പണിയുന്നത് . സെവിയ്യയിൽ ഇതോടൊപ്പം പണി കഴിക്കപ്പെട്ടതാണ്  എസ്പാന്യ ചത്വരത്തിന്റെ ഭാഗമായ ബൃഹത്തായ കെട്ടിടം. രണ്ടിന്റെയും ആർക്കിടെക്ട് ഒരാളാണെന്ന് - അനിബാൽ ഗോൺസാലെസ് -അവയുടെ ഇഷ്ടികച്ചുവരുകൾ വിളിച്ചു പറയുന്നുണ്ട്. കൊലുന്നനെയുള്ള മണി ഗോപുരവും അത്രയ്ക്കൊന്നും പൊങ്ങാത്ത കുഭഗോപുരവും അവയ്ക്കിടയിൽ ഒരു നീളൻ ശാലയുമാണ് ചാപ്പലിന്റെ ഭൗതികരൂപം. ആൻഡലൂഷ്യയിൽ കരയുന്ന കന്യകയെന്ന്  (Wheeping Virgin ) ആരാധിക്കപ്പെടുന്ന പ്രത്യാശയുടെ കന്യകയാണ് (Virgin of Hope) ഇവിടത്തെ പ്രധാന മൂർത്തി.  കരുവാളിച്ച കവിളുകളിൽ കണ്ണീർക്കണങ്ങളുമായി നിൽക്കുന്ന കന്യാമറിയത്തിന്റെ മുഖം സെവിയ്യയിലും ട്രിയാനയിലും റോണ്ടയിലുമൊക്കെ വീട്ടുചുമരുകളിൽ പിന്നെ ഞങ്ങൾ കണ്ടു. മദ്യത്തിൽ മതികെട്ടൊരു മതവിരുദ്ധൻ പ്രത്യാശക്കന്യയുടെ മുഖത്തേക്ക് വീഞ്ഞു കുപ്പി വലിച്ചെറിഞ്ഞപ്പോൾ കരുവാളിച്ചതാണ് കവിളുകളെന്നും വീഞ്ഞുകണങ്ങളാണ് അവിടെ തിളങ്ങി നിൽക്കുന്നതെന്നും അന്താലൂസിയൻ പാണന്മാർ പാടുന്നുണ്ട്. ഇവിടത്തെ പള്ളികളിലൊക്കെ കാണുന്ന മറ്റൊരു ചിത്രമാണ് അന്ത്യശ്വാസം വലിക്കുന്ന ക്രിസ്തു. അതിന്റെ ഇംഗ്ലീഷാണ് രസം - Jesus in expiration ! (പണ്ട് ട്രിയാനയിലെ തെരുവിൽ നെഞ്ചിൽ കുത്തേറ്റ് വീണ ഒരു ജിപ്സിയുടെ ചിത്രമാണത്രേ പിന്നീട് Jesus in expiration എന്ന് വാഴ്ത്തപ്പെട്ടത് .) പള്ളിപ്പെരുന്നാൾ കാലങ്ങളിലെ ഘോഷയാത്രകളിൽ നാടുചുറ്റാനിറങ്ങുന്നത് ഈ മേരിയും ക്രിസ്തുവുമാണ്. കാളപ്പോരുകാരുടേയും കപ്പലോട്ടക്കാരുടേയും ജിപ്സികളുടേയും സംരക്ഷകയായതിനാൽ ട്രിയാനയുടെ അരുമയാണ് കണ്ണീർക്കന്യക .കരയുന്ന കന്യക കഴിഞ്ഞാൽ ആൻഡലൂഷ്യയുടെ പ്രമുഖ ദൈവീകതാരങ്ങളാണ് വിശുദ്ധ ജസ്റ്റയും റഫിന്നയും . ട്രിയാനയോട് ചേർന്ന് സെവിയ്യയിലാണ് ഈ സഹോദരിമാർ ജീവിച്ചത്. സെവിയ്യ സിസ്റ്റേഴ്സ് എന്ന് വിളിക്കാം. ചാപ്പലിന്റെ കുംഭഗോപുരത്തിൽ ഇവരുണ്ട്. ട്രിയാനയുടെ സ്പെഷ്യൽ സെറാമിക് ടൈലുകൾ ചേർത്തു മനോഹരമാക്കിയ ഗോപുരകുംഭത്തിന്റെ ജാലകങ്ങളിലൂടെ അവർ ട്രിയാനയുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നു.

ചാപ്പലിന് പിന്നിലായി ,വെള്ളച്ചുമരിൽ നദിയിലേക്ക് കണ്ണുരുട്ടുന്ന വലിയ കറുത്ത അക്ഷരങ്ങൾ കാണാം. Castelle de Jorge. പഴയ കോട്ടയാണ്.റോമൻ കാലത്തെ ഇൻക്യുസിഷൻ താവളമായിരുന്നു അത്. റോമൻ സഭയോട് വിധേയത്വം ബോധിപ്പിക്കാത്തവരും ജൂതരും മറ്റു മതസ്ഥരും ഇവിട പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. അവരുടെ രോദനങ്ങളുടെ സൂക്ഷിപ്പുശാലയാണ് ഇന്നീ കെട്ടിടം. ഈ കോട്ടയുടെ തകർന്നു പോയ ഭാഗങ്ങളിലാണ് ട്രിയാനയുടെ പൊതു മർക്കറ്റ്_മെർക്കാഡോ ദെ ട്രിയാന. സെറാമിക്ക് ടൈലുകളിൽ മുങ്ങി നിൽക്കുന്ന മുൻഭാഗം പോലെത്തന്നെ സുന്ദരമാണ് ചിട്ടയായും കലാപരമായും ഒരുക്കിയിട്ടുള്ള അകത്തളവും സ്റ്റാളുകളും.വൈകിയെത്തിയ ഞങ്ങൾക്ക് വേണ്ടി ഏതാനും സ്റ്റാളുകളേ കാത്തിരുന്നുള്ളൂ.



ട്രിയാനയിലേക്ക് കയറുന്നിടത്ത്  കടുംപച്ചയിലകൾ വാരിക്കൂട്ടിയൊരു മരം ആലു പോലെ പടർന്ന് പന്തലിച്ചു നില്ക്കുന്നുണ്ട് .അതിനടുത്ത് തെരുവോരം ചേർന്ന്  രണ്ടു പേർ - കമിതാക്കളാവാം - റെക്കോർഡ് സംഗീതമിട്ട് മതി മറന്നുള്ള നൃത്തത്തിലാണ്. മേലാടകളൊക്കെ പാലത്തിന്റെ കൈവരികളിൽ ചാരിവെച്ച സൈക്കിളുകളിൽ തൂക്കിയിട്ടിട്ടുണ്ട്.തേങ്ങി വലിയുന്നൊരു ബാവുൽ ഗാനത്തോട് ചേർന്ന് നിൽക്കുന്ന സംഗീതത്തോട് ചേർന്ന് എങ്ങനെയാണ് ഇവരിങ്ങനെ താളാത്മകമായി നൃത്തം ചെയ്യുന്നത്. ഒഴുകാൻ മടിയുള്ള  ഒരരുവിയുടെ ഭംഗി അതിനുണ്ടായിരുന്നു. അവർക്കു മുന്നിൽ ഭിക്ഷാപാത്രങ്ങളോ  വിരിച്ചു വെച്ച തോർത്തോ ഇല്ല. ആളുകൾ മാറി നിന്ന് നൃത്തം ആസ്വദിച്ച് കയ്യടിച്ചും കയ്യുയർത്തി വീശി അഭിനന്ദിച്ചും എക്സെലെന്റെ വിളിച്ചും  കടന്നു പോവുന്നു. നൃത്തത്തിന്റെ മന്ദലയത്തിൽത്തന്നെ കൈ വീശിയും മനോഹരമായി പുഞ്ചിരിച്ചും അവരെല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു. കൂട്ടിപ്പിടിച്ചും കെട്ടുപിണഞ്ഞും വട്ടം കറങ്ങിയും അലസവേഗങ്ങളിലൂടെ നൃത്തം തുടർന്നു.രണ്ടു പാട്ട് കഴിഞ്ഞപ്പോൾ പുരുഷൻ സാധനങ്ങൾ അവരുടെ സൈക്കിളുകളിൽ ഒതുക്കി വെയ്ക്കാൻ തുടങ്ങി. ഞങ്ങളെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു കൊണ്ട് സുന്ദരിപ്പെണ്ണ് ഫ്ലമെൻകോ നൃത്തത്തിന്റെ ദ്രുതച്ചുവടുകളിലേക്ക് കടന്നു. ഫുട്പാത്തിന്റെ സിമന്റ് തറയിൽ കാൽമടമ്പടിച്ച് അവൾ തീർത്ത നാദവിസ്മയം! ചലനങ്ങളും ഭാവങ്ങളും തീഷ്ണം. തൊട്ടു പിന്നിൽ ഒരാൾപൊക്കമുള്ള തറയിൽ നൃത്തത്തിനിടയിൽ നിശ്ചലമായൊരു നിമിഷത്തിൽ തറഞ്ഞു നിന്ന് പഴയൊരു ഫ്ലമെൻകോ നർത്തകിയുടെ കറുത്ത ശിൽപ്പം അതിന് നിശ്ശബ്ദം പിന്തുണയേകി.അയഞ്ഞ പേശികളുടെ ലാസ്യമല്ല, സ്ത്രീ ശരീരത്തിന്റെ  ശക്തിയുടെയും കത്തുന്ന സൗന്ദര്യത്തിന്റെയും അന്ധാളിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്.



സുന്ദരൻ ,സൈക്കിളുകൾ തയ്യാറാക്കിയിരിക്കുന്നു. കറുത്ത കോട്ടിട്ട് തന്റെ കൌബോയ് തൊപ്പിയിൽ അവൻ കൂടുതൽ സുന്ദരനായിരിക്കുന്നു. സുന്ദരിക്കുട്ടി തന്റെ ഫ്ലമെൻകോ ആവേശം ,അതിദ്രുതമായൊരു പാദതാളത്തിന് ശേഷം നിർത്തിവെച്ച് വിയർപ്പും ക്ഷീണവും തുടച്ചു മാറ്റി  തന്റെ കറുത്ത ബനിയൻ അരയിൽ ചുറ്റി അതിന്റെ നീളൻ കൈകൾ മുന്നിലേക്ക് കെട്ടിവെച്ചു. ഒരു കറമ്പൻ കാമുകൻ പിന്നിൽ നിന്ന് പൂണ്ടടക്കം കെട്ടിപ്പിടിച്ചപോലെ അതവിടെ തൂങ്ങിക്കിടന്നു. പിന്നെ സുന്ദരനടുത്ത് ചെന്ന്  അവർ ഒരു കെട്ടു ചുംബനങ്ങൾ പകുത്തെടുത്തു.ആ ചുംബനങ്ങളുടെ തീക്ഷ്ണതയിൽ അവന്റെ കൌബോയ് തൊപ്പിയും ഞങ്ങളുടെ മനസ്സുകളും ഇളകിയാടി.

ആൺകുട്ടി, ട്രിയാനപ്പാലം കടന്ന്  സെവിയ്യയിലേക്ക് ചവിട്ടിപ്പോയി. സുന്ദരിപ്പെണ്ണ് സൈക്കിളിലേറി ഫ്ലമെൻകോ പ്രതിമയെ വലം ചുറ്റി ജോസാൻറ റോഡിൽ നിന്ന് ഇടത്തോട്ടിറങ്ങിപ്പോയി. ട്രിയാനപ്പാലത്തിന്റെ ട്രിയാനക്കരയിൽ നിന്ന് ഞങ്ങളാലോചിക്കുകയാണ് - എന്തിനാണ് ഇവർ അരമണിക്കൂറോളം തെരുവോരത്ത് നൃത്തം ചെയ്തത്‌.നൃത്തത്തിനോടുള്ള അഭിനിവേശം? അതോ അവരവരുടെ പ്രണയം നൃത്തം ചവിട്ടിയുറപ്പിക്കുകയായിരുന്നോ? തലമുറകളിലൂടെ രക്തത്തിലേക്ക് നുരഞ്ഞുകുത്തിയെത്തുന്ന ജിപ്സിക്കണക്കളെ തൃപ്തിപ്പെടുത്തുകയോ? എന്തായാലും ട്രിയാനയിലേക്കുള്ള ഞങ്ങളുടെ പ്രവേശത്തിന് ഇതിലും നല്ല പശ്ചാത്തലം കിട്ടാനില്ല.



ഞങ്ങൾ സുന്ദരിക്കുട്ടി സൈക്കിളോടിച്ചുപോയ വഴിയിലുടെ ഫ്ലമെൻകൊ സ്മാരകം ചുറ്റി താഴേക്കിറങ്ങി നദീതീരത്തേക്ക് നടന്നു. വഴിയരുകിൽ ജീൻ ബെൽമോണ്ടിന്റെ പ്രതിമയുണ്ട്, കറുപ്പഴകിൽത്തന്നെ.ട്രിയാനയിലെ ഏറ്റവും പ്രശസ്തനായ കാളപ്പോരുകാരനാണ് ബെൽമോണ്ട്. വളരെ സാഹസികനും.പോരുകാളയോട് വളരെ ചേർന്ന് നിന്ന് അതിനെ വിറളിപിടിപ്പിക്കുന്നതിൽ വിദഗ്ദൻ. എല്ലാ പോരുകളിലും കാള തോൽക്കുന്നില്ല. ഏതെങ്കിലും കാളക്ക് എന്നെങ്കിലും ഒരു ദിവസം കിട്ടും (each dog has a day) എന്നാണല്ലോ ചൊല്ല്. അങ്ങനെയൊരു ദിവസം കാള ബെൽമോണ്ടിന്റെ വാരിയെല്ലുകൾക്കിടയിലൂടെ കൊമ്പുകൾ കേറ്റി.പോരുകാള കൊമ്പു കുത്തിയെടുത്ത നെഞ്ചിലെ തുള പ്രതിമയിലുണ്ട്. ജിപ്സിക്കാലത്ത് മിടുക്കരായ കാളപ്പോരുകാരുടേയും ഫ്ലമെൻകോ കലാകാരന്മാരുടേയും കളിമൺപാത്രനിർമ്മണ വിദഗ്ദരുടേയും നാവികരുടേയും പേറ്റുപുരയായിരുന്നു ട്രിയാന.

നദിക്ക്  സമഗതിയായി ബെട്ടിസ് റോഡ്. (calle Betis - കായെ ബെട്ടിസ് ) നിരനിരയായി ടപാസ് റെസ്റ്റോറന്റുകളാണ്. നിരയായി നിറത്തിൽ മുങ്ങിയ ചുവരുകൾ. പാലത്തിൽ നിന്ന് നമ്മൾ കണ്ട ബഹുവർണ്ണത്തോരണങ്ങളിതാണ്. സഞ്ചാരികളെ പിടിക്കാനും പിഴിയാനും ഉള്ള ഒരു കസർത്തു വാക്കാണ് ഈ ടപാസ്. വെറും സ്നാക്ക്സ്.പച്ച മലയാളത്തിൽ, കുടിക്കുമ്പോളൊരു കടി. ബാറിലാണെങ്കിൽ നമ്മുടെ ടച്ചിങ്ങ്സ്. അത്രേയുളളു. അത് ഉപ്പിലിട്ട ഒലിവാകാം. സോസിലിട്ട മീറ്റ് ബോളാകാം. സ്പാനിഷ് ഓംലറ്റ് ആകാം. രണ്ടു തവി 'പായെയ്യ' (സ്പെയിനിലെ ബോറൻ ബിരിയാണി )ആവാം. ഈ നിസ്സാരനെയാണ് സ്പെയിനിലെ 'ചായക്കട ' ടൂറിസത്തിന്റെ (restaurant tourism)മൂലക്കല്ലായി കൊണ്ടാടുന്നത്.

റെസ്റ്റോറൻറുകൾക്ക് മുന്നിലും പാതയോരത്തും ഭംഗിയായി നിരത്തിയിട്ട തീൻമേശകളിൽ ആളുകൾ എത്തുന്നതേയുള്ളു. തോർന്നുകൊണ്ടിരിക്കുന്ന വെയിലുമേറ്റ്  ഗ്ലാസുകളിൽ മയങ്ങിക്കിടക്കുന്നത്  കോർഡോബയിൽ നിന്നും റോണ്ടയിൽ നിന്നും വരുന്ന  സൊയമ്പൻ വീഞ്ഞാണ് .ചിലർക്ക് മുന്നിൽ ഷെറിക്കോപ്പകൾ വെളുക്കെ ചിരിക്കുന്നുണ്ട് . അന്താലൂസിയയിലെ  Jerez ൽ വിളയുന്ന ' വെരി സ്പെഷ്യൽ' വെളുത്ത മുന്തിരിയിൽ നിന്നുണ്ടാകുന്ന വീഞ്ഞിൽ ബ്രാണ്ടി ചേർത്ത് കടുപ്പിച്ചതാണ് ഷെറി.

ഒഴിഞ്ഞുകിടന്ന ഒരു കൂട്ടം കസേരകളിൽ ഞങ്ങളിരുന്നു. ഇവിടെയിരുന്നു കാണുന്ന കാഴ്ച്ചകൾക്കും മുന്തിയ വീഞ്ഞോളം ലഹരിയുണ്ട്. ഇസബെല്ല മഞ്ഞവെയിൽച്ചേല ചുറ്റി ചമഞ്ഞിരിക്കുന്നു. അടിയിലൂടെ ഒഴുകുന്ന നദിയിലേക്കും മഞ്ഞരാശി ഊർന്നിറങ്ങുന്നുണ്ട്. മഞ്ഞ കയാക്കുകളിൽ ചുവന്ന ജാക്കറ്റിട്ട് തുഴഞ്ഞു നീങ്ങുന്ന സുന്ദരന്മാരും സുന്ദരികളും. നദിക്കപ്പുറത്ത്  സെവിയ്യയുടെ സ്വകാര്യ അഹങ്കാരങ്ങൾ. ടൊറെ ഡെൽ ഓറോ, നഗര സംരക്ഷണഭിത്തിയുടെ ഉയർന്ന ഭാഗങ്ങൾ.അതിനു പിന്നിൽ ഉയർന്നു നിൽക്കുന്നത് സെവിയ്യ കത്തീഡ്രലിന്റെ കുന്തമുന ഗോപുരങ്ങൾ.ഗോഥിക് നിർമ്മാണ ശൈലിയുടെ പ്രത്യേകതയാണത്. എല്ലാറ്റിനും മുകളിലായി കത്തീഡ്രലിന്റെ പള്ളിമണിഗോപുരം- ഹിരാൾദാ ടവർ (Giralda  Tower) മണിഗോപുരത്തിന് കാവൽ മാലാഖമാരാകുന്നത് കാർമ്മൻ ചാപ്പലിൽ നമ്മൾ പരിചയപ്പെട്ട വി: ജസ്റ്റയും വി: റഫിന്നയും.

ആയിരത്തിയിരുന്നൂറുകളിൽ സെവിയ്യയുടെ പ്രതിരോധ ഗോപുരമായാണ് Torre del oro   നിർമ്മിക്കപ്പെടുന്നത്. പന്ത്രണ്ടു വശങ്ങളുള്ള ഗോപുരം. ഗ്വാഡൽക്യുവർ നദിയിലൂടെയുണ്ടാവുന്ന കടന്നുകയറ്റങ്ങളെ ചെറുക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷാഭിത്തികളുള്ള (city wall) പഴയ നഗരങ്ങളിൽ ഇത്തരം കാവൽപ്പുരകൾ സാധാരണമായിരുന്നു.പല തവണ പ്രകൃതിക്ഷോഭങ്ങൾ തകർക്കാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്നത് മൂന്ന് നിലകളുള്ള സുന്ദരൻ നിർമ്മിതിയായിരിക്കുന്നു. സൂര്യനെക്കണ്ടാൽ സ്വർണ്ണനിറത്തിൽ മഞ്ഞിളിക്കുന്നത് കൊണ്ട് സുവർണ്ണ ഗോപുരം എന്നും ഇത് വിളിക്കപ്പെടുന്നു.



ബെട്ടിസ് റോഡിന് ഏതാനും ചവിട്ടുപടികൾ കയറിയും ട്രിയാനപ്പാലത്തിലേക്ക് തിരിച്ചെത്താം. വീണ്ടും ഫ്ലമെൻകോശില്പവും മാർക്കറ്റും കാർമ്മൻ ചാപ്പലുമുള്ള ചത്വരത്തിലേക്ക് ഞങ്ങളെത്തി. ഒന്നരയാൾ  പൊക്കമുള്ള ചുവപ്പുരാശിയുള്ള മാർബിൾ തറയിലാണ്  ശിൽപം. വലതുകാൽ മുന്നിലെ പീഠത്തിലേക്ക് വെച്ച്, ഇടതു കൈയാൽ വലതു തുടയിൽ തന്റെ ഗിത്താർ ചാരിപ്പിടിച്ച് ,വലതു കൈവിരലുകൾ ഗിത്താർ കമ്പികളിൽ സമർപ്പിച്ച്, സ്ത്രീശരീരത്തിന്റെ ശക്തിസൗന്ദര്യങ്ങൾ അടിമുടി ലയിപ്പിച്ച് കറുപ്പഴകിലാടുന്നു  നർത്തകി. Triana Al Arte Flamenco എന്ന് താഴെ പരിചയപ്പെടുത്തൽ. കറുത്ത പ്രതിമയ്ക്ക് മുന്നിൽ കറുത്ത ടോപ്പുകളിട്ട അമ്മുവിനേയും മിനിയേയും നിർത്തി ഒരു പടമെടുത്തു. ചിത്രത്തിൽ ട്രിയാനയുടെ സർവ്വാധിപയെപ്പോലെ ഫ്ലമെൻകോ സ്മാരകം ഉയർന്നു നിന്നു. പിന്നിലെ കെട്ടിടത്തിന്റെ മുഖപ്പിൽ ചത്വരത്തിന്റെ പേരു വായിക്കാം. ആൾട്ടസാനോ. (Plaza del Altazano)

അനുരാഗിക്ക് ആദ്യസംഗമത്തിൽത്തന്നെ എല്ലാം സമർപ്പിച്ച പൊട്ടിപ്പെണ്ണാണ്  ഈ പാവം ട്രിയാന .അര മണിക്കൂറിനും അരക്കിലോമീറ്റർ നടത്തത്തിനുമിടയിൽ ടെക്സ്റ്റ് ബുക്ക് കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ
ഇതൊന്നുമല്ല ട്രിയാനയിലേക്ക് എന്നെ വശീകരിച്ചു കൊണ്ടുവന്നത്. അത് ആയിരത്തി നാനൂറുകളിൽ ഇവിടെയെത്തിയ ജിപ്സികളാണ്.വടക്കനിന്ത്യയിൽ നിന്നലഞ്ഞെത്തിയവർ .അല്ലലും അലച്ചിലും ആസ്വദിച്ച് അവർ അന്താലൂസിയൻ ഗ്രാമങ്ങളിൽ തമ്പ് കൂട്ടി .ആട്ടവും പാട്ടും പട്ടിണിയും പടം വരയുമൊക്കെയായി അവർ കഴിഞ്ഞു കൂടി. ചിട്ടയായി ജീവിതം ചവച്ചു തീർക്കുന്ന പരിഷ്ക്കാരികൾക്ക് ചിട്ടയോ ചട്ടങ്ങളോ ഇല്ലാത്ത ജിപ്സി ജീവിതം സാമൂഹ്യവിരുദ്ധമായി.അവരവരെ ഗിത്താനോകൾ എന്നപമാനിച്ച് മാറ്റി നിർത്തി.  ഗിത്താനോ എന്നത് ജിപ്സികളുടെ വിളിപ്പേരു പോലെയായിട്ടുണ്ടെങ്കിലും അതിന്റെ നേരർത്ഥം മാന്യമായി ജീവിക്കാത്തവൻ എന്നാണ്. മാന്യത ! അത്  ഡിക്ഷ്ണറി നിർവ്വചിക്കുന്നുമില്ല. ജിപ്സികളുടെ ജീവിതവും ചേരികളും കലകളുമായിരുന്നു ഈ കരയുടെ ആത്മാവ്.ഇന്നും ഈ ജിപ്സി ഹാങ്ങ് ഓവർ ആണ് ട്രിയാനയുടെ കൈമുതൽ.

ഭാവിയെ പ്രതീക്ഷിക്കുകയോ വർത്തമാനത്തെ ആസ്വദിക്കുകയോ ചെയ്യാത്ത പിന്തിരിപ്പനാണ് ഞാനെന്ന് എന്റെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. റോമിലേയും ആതൻസിലേയും എഫെസ്സസ്സിലേയും ബീസിപ്പറമ്പുകളിലേക്ക് എന്നെ കൊണ്ടുപോയ കൂടോത്രത്തിന്റെ പേര് ഭൂതകാലാസക്തി എന്നു തന്നെയാണ്. ചികിത്സയ്ക്കു വഴങ്ങാത്ത ഈ ഭ്രാന്തിനൊപ്പം അല്പം മുഷിവോടെയാണെങ്കിലും അപ്പുവും അമ്മുവും നില്ക്കുന്നുവെന്നത് എന്റെ ഭാഗ്യം.(ഇതു തന്നെ കണ്ടോ, ട്രിയാനപ്പാലത്തിൽ നിന്ന് ഭൂതകാലത്തിന്റെ ഗുഹകളിലേക്ക് ഞാൻ ഊർന്നു പോയത് !)

ആൾട്ടസാനോ ചത്വരത്തിൽ നിന്നിറങ്ങി ജോസന്റ റോഡിലൂടെയും പേരു ചോദിക്കാതെ ഏതാനും ചെറുവഴികളിലൂടെയും ഞങ്ങളലഞ്ഞു. ഐസ് ക്രീം കടകളിൽ ചെന്ന് പല ഫ്ലേവറുകൾ മണത്തും രുചിച്ചും, സഞ്ചാരിക്കൂട്ടങ്ങൾക്കൊപ്പം കൂടി, അവരുടെ ഗൈഡിന്റെ അറിവുകൾ കവർന്നെടുത്തും, സോവനീർ ഷോപ്പുകളിൽ ചെന്ന് വെറുതെ വില ചോദിച്ചും വിലപേശിയും ടപാസ് റെസ്റ്റോറന്റുകളിൽ കയറിച്ചെന്നിരുന്ന് രാത്രി പതിനൊന്നിനാരംഭിക്കുന്ന ഫ്ലമെൻകോ ഷോയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞും ഒന്നൊന്നര മണിക്കൂറോളം ഞങ്ങൾ ട്രിയാനയുമായലഞ്ഞു. അതിനിടയിൽ രണ്ടു പള്ളികളും സെറാമിക്ക് വർക്ക്ഷോപ്പും പ്രദർശനശാലയും ഞങ്ങൾക്ക് മുന്നിലെത്തി. പക്ഷേ വാതിലുകൾ അടഞ്ഞു കഴിഞ്ഞിരുന്നു.

നിരന്തരം ചിലയ്ക്കുന്ന കിളികളുടെ കൂടാണ് ട്രിയാന. മൂകമാവുന്ന ഒരു നിമിഷം പോലുമില്ല. മുക്കാൽ ഭാഗം സ്റ്റാളുകളും അടഞ്ഞുപോയ മെർക്കാഡോയിൽ പോലും ശബ്ദം നിറഞ്ഞുനിന്നു. പക്ഷെ സെറാമിക് വർക്ക്ഷോപ്പും എക്സിബിഷൻ ഹാളും നിന്ന കവല അസാധാരണമാം വിധം നിശ്ശബ്ദമായിരുന്നു. ഉള്ളിലെ കാഴ്ചകൾ നഷ്ടപ്പെട്ടതിന്റെ സങ്കടം തുടച്ചു കളയുന്നതായിരുന്നു പുറത്തെ ചുമരിലെ കാഴ്ചകൾ. ഇതിഹാസകഥാപാത്രങ്ങളുടെ ജീവൻ തുടിക്കുന്ന പൂണ്ണകായചിത്രങ്ങൾ ഏതാനും സെറാമിക് പ്ലേറ്റുകളിലെ വരകൾ ഒത്തുചേർന്ന്  ചമച്ചെടുക്കുന്നത്  ഞങ്ങളെ അത്ഭുതപ്പെടുത്തി.പടയണിക്കോലങ്ങൾ അനേകം പാളത്തുണ്ടുകളിൽ വരച്ചു ചേർത്തുണ്ടാക്കുന്ന അതേ കലാചാതുരി .പുറം ചുമരിലെ കലാകേമത്തം കണ്ട് മറ്റു സഞ്ചരികൾക്കൊപ്പം ഞങ്ങളും നിശ്ശബ്ദരായി നിന്നു.





ഗ്വദാൽകിവിർ നദിയുടെ കൈവഴികൾ കുഴച്ചു നൽകിയ കളിമണ്ണിലാണ് ട്രിയാനയുടെ വിശിഷ്ട ടൈലുകൾ നീലനിറത്തിൽ വിരിഞ്ഞിറങ്ങിയത്. കളിമൺ രൂപങ്ങൾ ചുട്ടിറങ്ങിയത്.കലാവിരുതന്മാർ അവയിൽ നിറങ്ങളും ചിത്രങ്ങളും ചേർത്തു. അസുളെഹോസ് (azulejos)എന്നവ പ്രശസ്തമായി. അന്താലൂസിയയിലെ വീടുകളിലും പള്ളിച്ചുമരുകളിലും ഗോപുരത്തുഞ്ചങ്ങളിലും കൊട്ടാരങ്ങളിലും ഈ കളിമൺപിറവികൾ വിലസുന്നു. സെവിയയിലെ എസ്പാന്യ ചത്വരത്തിലെ വമ്പൻ കെട്ടിട സമുച്ചയം ഉണ്ടാക്കിയിരിക്കുന്നത് തന്നെ ട്രിയാനയുടെ സെറാമിക് വൈദഗ്ദ്യം വിളിച്ചു പറയാനാണെന്ന് തോന്നുന്നു. അത്രയ്ക്കുണ്ട് ട്രിയാന ടൈലുകളുടെ സാന്നിധ്യം. ഇന്ന് കളിമണ്ണ് കിട്ടാനില്ല. സെറാമിക് ഫാക്ടറികളും വർക്ക്ഷോപ്പുകളുമില്ല. ട്രിയാന ടൈലുകൾ അപൂർവ്വമായിരിക്കുന്നു. അല്ലെങ്കിൽത്തന്നെ ഇന്നത്തെ കോലംകെട്ട കെട്ടിടങ്ങൾക്ക് എന്തിനാണ് ട്രിയാന ടൈലുകളുടെ നീലക്കെട്ട്?




ഇനി ജിപ്സിക്കോളണിയിലൂടെ വെറുതെയൊന്നു കറങ്ങി നടക്കണം. വെറുതെ ഒരലച്ചിൽ.അങ്ങനെയൊരാഗ്രഹം ബാക്കിയുണ്ട് .ഒരു കാൽപ്പനിക ഭൂമിയായാണ് മനസ്സിൽ ഈ കോളണിയുള്ളത്. ജിപ്സികളുടെ പരാമ്പരാഗത ചേരികളായ കൊരാലകൾ ഇന്ന് നിലവിലില്ലെന്ന് 'വിക്കി'യും വിക്കാതെയും ഗൂഗിൾ പറയുന്നു.ആയിരത്തിത്തൊള്ളായി എഴുപത്തിയേഴിലാണ് സെവിയ്യ മുൻസിപ്പാലിറ്റി ജിപ്സികളെയെല്ലാം വാരിക്കൂട്ടി മുവായിരം യൂണിറ്റുകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റിയത്. ഭേദപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ തുടങ്ങിയ കോളണി മെല്ലെ മെല്ലെ ക്ഷയിച്ചു തുടങ്ങി. ഇന്നത് പാവപ്പെട്ടവരുടേയും വെറുക്കപ്പെട്ടവരുടേയും തൊഴിലില്ലാത്തവരുടേയും ലഹരിയുടേയും ദരിദ്രകലാകാരന്മാരുടേയും അന്താലൂസിയൻ മേൽവിലാസമാണ്.അലഞ്ഞു തിരിയുന്ന ദരിദ്രകലാകാരന്മാർ എല്ലായിടത്തും ക്രിമിനലുകളാണ്. നഗരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പോലീസ് കുറ്റവാളികളെത്തേടി 'മുവ്വായിരം വീട്' കോളണിയിലെത്തുമത്രെ. നിറംകെട്ട ജീവിതങ്ങൾക്കിടയിലും പഴയ ജിപ്സി പാരമ്പര്യങ്ങൾ ഇപ്പോഴും പുലരുന്നുണ്ടത്രേ. നിറമാർന്ന ആടകളുമായി ഫ്ലമൻകോ നൃത്തവും നേർത്തനിലവിളിയുടെ പതിഞ്ഞ താളത്തിലൊഴുകുന്ന ഗാനങ്ങളും ഹൃദയത്തിലേക്ക് നേരിട്ട് ലഹരി കുത്തിവെയ്ക്കുന്ന ഗിത്താർ വായനയുമൊക്കെ Las Tres mil viviendas എന്ന മുവായിരം വീട് കോളനിയിൽ ഇപ്പോഴും സജീവമാണെന്നാണ് ഞങ്ങൾ വായിച്ചിട്ടുള്ളത്.

ആൾട്ടസാനോ പ്ലാസയിലേക്ക് തിരിച്ചെത്തിയപ്പോൾ ഒന്നു രണ്ടു സഞ്ചാരിക്കൂട്ടങ്ങളോട് ഞങ്ങൾ ജിപ്സിക്കോളണിയെക്കുറിച്ച് ചോദിച്ചു. മുവായിരം വീട്ടിലേക്കുള്ള വഴി ചോദിച്ചു. പാപങ്ങളുടെ പന്നിക്കൂട്ടിലേക്കോ കുറ്റങ്ങളുടെ കൂടാരത്തിലേക്കോ പോകുന്നവരെപ്പോലെ അവർ ഞങ്ങളെ തുറിച്ചു നോക്കി. എയ് .അത് നിങ്ങൾക്ക് പോകാൻ പറ്റിയ ഇടമല്ല. ടാക്സിക്കാറുകൾ പോലും അങ്ങനെ പോകാറില്ല. അവരുടെ നേതാവ്  ഞങ്ങളെ നിരുത്സാഹപ്പെടുത്തി. വഴിയിൽ വെച്ച് ഒരു ടാക്സിക്കാരനോടും ഞങ്ങൾ ചോദിച്ചു നോക്കി. അയാളുടെ സ്പാനിഷ് മനസ്സിലായില്ലെങ്കിലും മറുപടിയിലെ നീരസവും താല്പര്യക്കുറവും വ്യക്തമായിരുന്നു.


എവിടേക്കൊക്കെ കറങ്ങിയാലും ട്രിയാനയിലേക്ക് തന്നെ മടങ്ങിയെത്തുന്ന ജിപ്സികളെപ്പോലെ ആൾട്ടസാനോ കവലയിലൂടെ ബെട്ടിസ് റോഡിലേക്ക് തന്നെ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. നദിക്ക് ഓരം ചേർന്നൊഴുകുന്ന റോഡ്. അലുമിനിയം കസേരകളിലിരുന്ന് ഇളം വെയിലും ചെറു ഭക്ഷണവും തിന്നുന്നവർക്ക് കുട പിടിച്ചു കൊടുക്കുന്ന ഓറഞ്ച് മരങ്ങളുടെ നിര .ഞങ്ങൾ റോഡിനറ്റത്ത് സെവിയ്യയെയും കാർമ്മൻ ചാപ്പലിനേയും പുയൻറ ഇസബെല്ലയേയും കാണാവുന്ന ഒരു മേശ സ്വന്തമാക്കി. വിശപ്പൊന്നുമില്ല. ക്ഷീണവുമില്ല. പക്ഷേ മനസ് വിതുമ്പുന്നുണ്ട്. കാമുകിയെ നഷ്ടപ്പെട്ട കവിയെപ്പോലെ ഞാൻ ആനന്ദധാരയിലെ ചില വരികൾ പാടി.  വായിച്ച് വായിച്ച് ട്രിയാനയോടും ജിപ്സിക്കോളണിയോടും വല്ലാത്തൊരടുപ്പം തോന്നിയിരുന്നു. നിറം നിറഞ്ഞ കൊറാലകൾ (Corrales - സ്പാനിഷ്) .നക്ഷത്രങ്ങളെ കൂട്ടിപ്പിടിച്ചെടുത്ത് ആകാശത്തേക്ക് പറപ്പിക്കുന്നതുപോലെയുള്ള ഗിത്താർ സ്വനങ്ങൾ. ഫ്ലമെൻകോയ്ക്ക് ചുവടുവെച്ചു പഠിക്കുന്നൊരു കൗമാരക്കാരി. മഞ്ഞയും നീലയും ചുവരുകളുള്ള കെട്ടിട്ടടങ്ങൾക്കിടയിലെ ഇടുങ്ങിയ വഴിയിലേക്ക് ഗോളടിക്കുന്ന, നിക്കർ  മാത്രമിട്ടൊരു പത്തു വയസ്സുകാരൻ. കൊറാലയുടെ രണ്ടാം നിലയിൽ വലിച്ചുകെട്ടിയ ബെഡ്ഷീറ്റിന് പിന്നിൽ നിന്നുയരുന്ന ഫ്ലമെൻകോ ഗാനത്തിന്റെ തേങ്ങൽ.നടുമുറ്റത്തിരുന്ന് ലഹരിപ്പുക നുണയുന്ന , ദേഹമാകെ പച്ചകുത്തിയ യുവാക്കൾ. മുറ്റത്തെ മരത്തിൽ ചാരിവെച്ചിരിക്കുന്ന കുറ്റപ്പാട് തീർത്ത മീൻവലകൾ. അങ്ങനെയങ്ങനെ.... ദിവസങ്ങളായി ഞാൻ വരച്ചും നിറം നിറച്ചും തയ്യാറാക്കിയ ചിത്രങ്ങൾ. ഒന്നുമില്ല. ഒന്നും കാണാനില്ല.മനസ്സിന്റെ ചുവരുകളിൽ നിന്ന് അതെല്ലാം കീറിക്കളയണം .അഴുക്കുപിടിച്ച അഴകില്ലാത്തൊരു ചുമരപ്പോൾ ബാക്കിയാവും. ഇതൊരു പരാജയപ്പെട്ട യാത്രയാവും. കെട്ടിടങ്ങൾക്കും പള്ളികൾക്കും ബാറുകൾക്കും ആൾത്തിരക്കിനുമിടയിലെവിടെയോ 'ജിപ്സിക്കാലം' ഒളിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങൾ ഒരു പ്ലെയ്റ്റ് കുക്കീസിനും  രണ്ട്   Cafe con Leche കാപ്പിക്കും എനിക്കൊരു മൊഹിറ്റോയ്ക്കും ഓർഡർ കൊടുത്തു.നാരങ്ങാനീരിൽ പുതിനയും റമ്മും ചേർത്ത സൊയമ്പൻ പാനീയമാണ് മൊഹിറ്റോ. ഓർഡർ പറഞ്ഞു കഴിഞ്ഞപ്പോഴാണ് റമ്മിന്റെ സാന്നിധ്യം ഓർത്തത്. ഏതാനും മണിക്കൂറായി ഏൽക്കുന്ന പോക്കുവെയിലും മുവായിരം വീട് കോളണിയിലെത്താതെ പോയതിന്റെ നിരാശയും ചേർന്ന് തലച്ചോറിൽ മൈഗ്രേയ്ൻ മിശ്രിതം തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്. റമ്മ്, അൽപമാണെങ്കിൽ പോലും ഈ സമയത്ത് അപകടകാരിയാവും. ഞാൻ വെയ്റ്ററെ തിരിച്ചുവിളിച്ച് മൊജിറ്റോയിൽ റമ്മ് വേണ്ടെന്ന് പറഞ്ഞു. അയാൾ ഒന്നിരുത്തിച്ചിരിച്ചു തിരിച്ചുപോയി. ഇതിപ്പോ ഗ്യാസില്ലാത്ത സോഡ പറഞ്ഞ പോലായല്ലോയെന്ന്  അമ്മു പൊട്ടിച്ചിരിച്ചു.



നെടുനീളത്തിൽ ഓർഡർ ചെയ്ത Cafe con Leche നമ്മുടെ പാൽ കാപ്പിയായിരുന്നു. നല്ല കടുപ്പം. നല്ല രുചി.നിറയെ പത. കുക്കീസും ഗംഭീരം. മൊഹിറ്റോയും ഉഗ്രൻ.റമ്മും സോഡയും കൂടി ചേർക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. നദിയിലൂടെ ധാരാളം കയാക്കുകൾ നീങ്ങുന്നുണ്ട്. സുവർണ്ണ ഗോപുരത്തിൽ സായാഹ്നം കൂടുതൽ സ്വർണ്ണം പൂശുന്നുണ്ട്. ബില്ലും ടിപ്പും കൊടുത്തിറങ്ങുമ്പോൾ ഞാൻ വെയ്റ്ററോട് ഇംഗ്ലീഷിലൊന്ന് പിറുപിറുത്ത് നോക്കി - ജിപ്സികളെക്കുറിച്ച്, അവരുടെ കോളണിയെക്കുറിച്ച്.അയാൾക്കത് മനസ്സിലായില്ല എന്നു തോന്നുന്നു. ടിപ്പ് കൊടുത്തത് വെറുതെയായി. കൗണ്ടറിൽ ചെന്നെന്നെ നോക്കി അയാൾ വീണ്ടും ചിരിച്ചു. മൊഹിറ്റോയിൽ റം വേണ്ടെന്ന് പറഞ്ഞപ്പോൾ ചിരിച്ച അതേ ചിരി.

രണ്ട് റസ്റ്റോറന്റുകൾക്കിടയിലൂടെ ഒരു നടവഴി പടിഞ്ഞാട്ട് പോകുന്നുണ്ട്. അത് പുരസ് റോഡിൽ ചെന്നു മുട്ടുന്നതും ടെട്ടേറിയ ബാഗ്ദാദിൽ കാഴ്ചയെത്തുന്നതും ഒന്നിച്ചാണ്.കഫേ ബാഗ്ദാദ്.ടെറ്റേറിയ ബാഗ്ദാദ്  എന്നും പേരുണ്ട്. കുടിക്കുന്നത് കാപ്പിയാണോ ചായയാണോ എന്നനുസരിച്ച് പേര് മാറ്റിപ്പറയാം. അല്ലെങ്കിൽ ഒന്നും പറയാതെ അകത്തെ വട്ടക്കുഷ്യനിലിരുന്ന് കടുപ്പിച്ച ഷെറി മൊത്തിക്കുടിക്കാം.
ആത്മാക്കൾ പുകയുന്ന സെമിത്തേരിയുടെ ഗന്ധമായിരുന്നു മിഡിൽ ഈസ്റ്റ് ചുവയുള്ള കഫേയ്ക്ക്. ചുടലനൃത്തത്തിനു ചേർന്ന താളങ്ങൾ അവിടത്തെ തളങ്ങളിൽ തങ്ങി നിന്നിരുന്നു. വിവിധയിനം ഹുക്കകളിൽ വീർപ്പുമുട്ടുന്ന വിവിധഗന്ധപ്പുകകൾ. പുറത്തെ ബൈക്ക് ചാരി ഒരു ക്രിസ്തുരൂപൻ. നീണ്ട താടി മുടി, കരുണയിറ്റുന്ന പാതിമയങ്ങിയ കണ്ണുകൾ.ഷർട്ടെന്നോ ജുബയെന്നോ തരം തിരിക്കാനാവാത്ത മേൽവസ്ത്രം. കാഷായനിറം. അതിലെ പ്രിൻറുകൾ 'ഓം' ആണോ എന്ന് ഞാൻ ശങ്കിച്ചു .അല്ല, ചക്രങ്ങളാണ്. ചെറിയ കാളവണ്ടിച്ചക്രങ്ങൾ പോലെ. നല്ല ഉയരം.ശരീരത്തിന്റെ പേശിപ്പെരുപ്പം വ്യക്തം. ഒരു കരുത്തൻ ക്രിസ്തു അഥവാ muscular Jesus. ഒരവസാനശ്രമം, ജിപ്സിക്കോളണിയെക്കുറിച്ചൊരന്വേഷണം,കരുത്തൻ ക്രിസ്തുവിനോട്'ഞാൻ അതു ചോദിച്ചു .അവൻ അനുകമ്പാപൂർവ്വം ചിരിച്ചു. അവന്റെ പച്ചകുത്തിയ വലത് കയ്യിലെ വൈൻ ഗ്ലാസിൽ കിടന്ന് ചുവന്ന സാൻഗ്രിയയും ചിരിച്ചു.സാൻഗ്രിയ. സ്പെയിനിന്റെ സ്വന്തം സാൻഗ്രിയ .ആ പേരിനു തന്നെയുണ്ട് ഒരു ലഹരി .തണുപ്പിച്ച ചുവപ്പൻ വൈനിൽ പഴങ്ങളോ പഴച്ചാറുകളോ ചേർത്ത് മേമ്പൊടിക്ക് ബ്രാണ്ടിത്തട്ടവുമിട്ട് വരുന്ന മോഹനയക്ഷിയാണ് സാൻഗ്രിയ. സാൻഗ്രിയയോട് ഞങ്ങൾ ചോദ്യമാവർത്തിച്ചു.ട്രിയാനയുടെ ജിപ്സികൾ എവിടെയാണ്? എവിടെയാണ് അവരുടെ നിറങ്ങളിൽ മുക്കിയെടുത്ത കൊരാലകൾ ? എവിടെയൊണ് അവരുടെ ഇപ്പോഴത്തെ മുവായിരം വീട് കോളണി?
ക്രിസ്തുവും സാൻഗ്രിയയും ചിരിച്ചു. ഇത്തിരി കുടിക്കൂ എന്ന് സാൻഗ്രിയ വൈൻ ഗ്ലാസിൽ അഴിഞ്ഞാടി.
ട്രിയാനയുടെ ജിപ്സികൾ ഇന്ന് ട്രിയാനക്ക് പുറത്താണ്, സെവിയ്യയിൽ.നഗരകേന്ദ്രത്തിൽ നിന്നും വളരെ ദൂരെ.
അതൊരു പുതിയ അറിവായിരുന്നു. ജിപ്സികളില്ലാത്ത ജിപ്സിക്കോളണി. ജിപ്സി ബാറിയോ.(തെക്കൻ സ്പെയിനിലെ മിക്ക നഗരങ്ങളിലും ഒരു ജൂതക്കോളണിയുണ്ടാകും. വളരെ ഇടുങ്ങിയ കല്ലു വിരിച്ച വഴികളും സിനഗോഗുകളുമൊക്കെയായി.എന്നാൽ ജൂതന്മാരെയെല്ലാം സ്പെയിൻ എന്നേ ആട്ടിയോടിച്ചു കഴിഞ്ഞു. പക്ഷേ ടൂറിസം ബ്രോഷറുകളിൽ ബാറിയോ ജൂഡയുടെ പ്രലോഭനങ്ങളുണ്ട്)
ഞാൻ പാതവക്കിലെ സ്ട്രീറ്റ് ലൈറ്റ് നോക്കി നിൽക്കുകയായിരുന്നു. ഏതോ വികൃതിച്ചെക്കൻ അതിന്റെ മനോഹരമായ തൂക്കുവിളക്കുകൾ എറിഞ്ഞുടച്ചത് പോലെയായിരുന്നു എനിക്ക് .പോക്കുവെയിലിന്റെ തിളക്കത്തിലും എന്റെ മുഖം മങ്ങി.
അതിൽ നിരാശപ്പെടാനൊന്നുമില്ല. സാൻഗ്രിയായുടെ  ചെഞ്ചുബനങ്ങൾ ആസ്വദിക്കുന്നതിനിടയിൽ അയാൾ ആശ്വസിപ്പിച്ചു. പത്ത് പതിനൊന്നു കഴിഞ്ഞാൽ ഏതെങ്കിലും ഫ്ലമൻകോ ബാറിൽ പൊയ്ക്കൊള്ളൂ. സെവിയ്യയിലെ എല്ലാ നല്ല ആർട്ടിസ്റ്റുകളും ജിപ്സികളാണ് .

സമയം ഏഴായിരിക്കുന്നു. യുറോപ്യൻ കരയിൽ നിന്ന് മടങ്ങാൻ സൂര്യന് മടിയാണ്. അത് കൊണ്ട് ഇരുട്ടാവാൻ ഒമ്പത് കഴിയും. എങ്കിലും ഏഴു മണി ,ഏഴു മണി തന്നെ. നാലു കിലോമീറ്റർ നടക്കാനുമുണ്ട്. വൈകിയാൽ ഫ്ലാറ്റിലിരുന്ന് അമ്മ എരിപൊരി തുടങ്ങും. ഞങ്ങൾ ബാഗ്ദാദ് കഫേയോട്  വിട പറഞ്ഞ് പുരസ് റോഡിലൂടെ നടന്നു തുടങ്ങി. പുരെസ് റോഡ് ചെന്നു കയറുന്നത് ട്രിയാനപ്പാലത്തിനോട് ചേർന്ന ആൾട്ടസാനോ ചത്വരത്തിലേക്ക് തന്നെയാണ്.




മൂന്ന് ചുവടിനു മുമ്പേ കഫേയിൽ നിന്ന് നക്ഷത്രങ്ങളുടെ പിടച്ചിൽ കേട്ടു .നക്ഷത്രങ്ങൾ കൂടു വിട്ടു പറക്കുന്ന ശബ്ദം. അവ മെല്ലെ മെല്ലെ പറന്നുയരുകയാണ്. ഞങ്ങൾക്ക് തിരിച്ചു നടക്കാൻ അത് മതിയായിരുന്നു. കഫേയുടെ ഉള്ളിലെ വട്ടക്കുഷ്യനുകളിൽ ഞങ്ങൾ ചെന്നിരുന്നു. മെലിഞ്ഞൊരു ഊശാൻ താടിക്കാരൻ ഗീത്താറിന്റെ തന്ത്രികളിൽ നിന്ന് തിളക്കമുള്ള താരങ്ങളെ തട്ടിപ്പറത്തുകയാണ്. അസാമാന്യമായ വായന. കുറച്ചു കഴിഞ്ഞപ്പോൾ അതിഥികൾക്ക് വീഞ്ഞും മറ്റും നൽകിയിരുന്ന സുന്ദരിക്കുട്ടി അയാൾക്കൊപ്പം ചേർന്നു പാട്ടു തുടങ്ങി.ഗിത്താർ താളമിട്ടു പിൻവാങ്ങി. പാട്ടിന്റെ ഇടവേളകളിൽ പഴയ പോലെ ഗിത്താർ ഉഷാറായി. ഫ്ലമെൻകോ ഗിറ്റാർ വായനയും ക്ലാസിക്കൽ ഗിറ്റാറും ഗ്വദാൽകിവിർ നദിയുടെ എതിർ കരകൾ പോലെ വ്യത്യസ്തമാണ്. വായ്പാട്ടാകട്ടെ തേങ്ങൽ പോലെ വലിഞ്ഞു വലിഞ്ഞു നീങ്ങുകയാണ്,വലിഞ്ഞു വലിഞ്ഞ് മുറുകുന്നൊരു മനസ്സ് വിതുമ്പുന്നത് പോലെ .ചിലപ്പോളത് വിരഹവിഹ്വലയായ കാമുകിയുടെ കണ്ണീരാവും. അല്ലെങ്കിൽ പൊതുസമൂഹത്താൽ ആട്ടിയോടിക്കപ്പെട്ട അധഃകൃത ഗോത്രങ്ങളുടെ നിരാശയും പ്രതിഷേധവും .വിവാഹസ്വപ്നങ്ങളിൽ വീണുപോയവളുടെ ആനന്ദം അനുഭവിപ്പിക്കുന്ന കല്യാണപ്പാട്ടുമാവാം. അന്താലൂസിയൻ ജിപ്സികളുടെ പ്രാദേശിക ഭാഷയായ 'കാലോ'യിലാണ് പട്ടിലെ ശീലുകൾ .ചില സംസ്കൃത വാക്കുകളും ഈ ഭാഷയിലേക്ക് കുടിയേറിയിട്ടുണ്ട്.വരികളിലെ വികാരതീവൃത പാട്ടുകാരിയുടെ മുഖത്തും ശരീരചലനങ്ങളിലും തർജ്ജമ ചെയ്യപ്പെടുന്നുണ്ട്.

ഞങ്ങൾ ജിപ്സികൾ
അലഞ്ഞു നടക്കുന്നവർ
അലച്ചിലാണ് ജീവിതം
അതാർക്കും മാറ്റാനാവില്ല.

എവിടേക്കോയുള്ള വഴികളിലൂടെ
എവിടേക്കും പോകുന്നവർ.
ഈ നദിക്കരയിലിരുന്ന്
കലയുടെ കൂട തുറക്കുന്നവർ.

ഒരാൾ നീട്ടിപ്പാടുന്നു.
ഒരാൾ നൃത്തം ചെയ്യുന്നു.
ഒരുങ്ങി വരുന്നൂ പൂർണ്ണചന്ദ്രൻ
ഒരു ജിപ്സിപ്പെണ്ണിനിന്ന് കല്യാണം .

ഒരു പാട്ട് തീരുന്നു. ഗിത്താർ മുഴങ്ങുന്നു. മുറിയിൽ കൂടുതൽ പുക. കൂടുതൽ ആളുകൾ .കൂടുതൽ കൊക് ടേലുകൾ. കൂടുതൽ ചൂട്. ഗിത്താറിസ്റ്റ്  ടീഷർട്ട് ഊരിക്കളയുന്നു. മെലിഞ്ഞ നെഞ്ചിൽ ഉയർന്ന് നില്ക്കുന്ന വാരിയെല്ലിൽ ശ്വാസ കോശങ്ങൾ പതിഞ്ഞതാളം വായിക്കുന്നു. പെൺകുട്ടി വീണ്ടും പാടുന്നു .ഗിത്താർ കൂടെപ്പോവുന്നു.വിരൽ ഞൊടിച്ചും കൈയടിച്ചും കൂട്ടുമേളമായി കൂട്ടുകാർ.

ഒറ്റക്കലയുന്നു ഞാൻ ,ഒരു ജിപ്സിക്കുട്ടി.
ഭൂമിയെനിക്കമ്മ, സുര്യൻ സോദരൻ
വലിയ വടി വെച്ചെന്നെ വല്ലാതെയടിക്കല്ലേ
വലിയ കല്ലുകളാൽ വെറുതെയെറിയല്ലേ.
തല്ലു കിട്ടിയാൽ ഞാനോടും
കല്ലുകൊണ്ടാലും ഓടിപ്പോകും
ദൈവമേ, ഞനതല്ലാതെന്തു ചെയ്യാൻ?
ഞാനൊരു ജിപ്സിക്കുട്ടിയല്ലേ.
ഇതെനിക്കുള്ള ശാപമല്ലേ!

പാട്ടും ഗിത്താറും സങ്കടത്തിരകൾ ഉയർത്തുകയാണ്. ഒരു ഷോ നടത്തുകയൊന്നുമല്ലയവർ. സംഗീതം നൽകുന്ന സന്തോഷത്തിലേക്കും സന്താപത്തിലേക്കും മനസ്സിനെ മറകൾ മാറ്റി നിർത്തുകയാണ്. വീഞ്ഞോ ഷെറിയോ റമ്മോ ലഹരിപ്പുകയോ അവരെ സഹായിക്കുന്നുണ്ടാകാം.
(ഫ്ലമെൻകോ ഒരു ത്രിവേണീസംഗമമാണ് .ടോക്കെ (toque)എന്ന ഗിത്താറും കാൻറെ(cante)എന്ന പാട്ടും ബെയ്ലെ (Baile)എന്ന ടാപ് ഡാൻസും സംഗമിക്കുമ്പോൾ നാമതിൽ മുങ്ങിക്കുളിച്ചുപോവും. നമ്മുടെ ഒപ്പന പോലെ, മാർഗ്ഗംകളി പോലെ, തിരുവാതിരക്കളിപോലെ ഗ്രാമീണ കലയാണ് ഫ്ലമെൻകോ.ഈയടുത്താണ് അത് സ്റ്റേജുകളിലെ ഷോ ആയത് )

ബാഗ്ദാദിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങൾ വല്ലാത്തൊരു മൂഡിലായിരുന്നു. നിലാവ് പോലെ നേർത്തൊരു പാട മനസ്സിൽ തൂങ്ങുന്നുണ്ട്.കരച്ചിലും കവിതയും വരുന്നൊരാമ്പിയൻസ് .

അമ്മൂ. കുറച്ചു വരികൾ തോന്നുന്നുണ്ട് .ഫ്ലമെൻകോയ്ക്ക് പറ്റിയത്.
എന്നാൽ പോരട്ടെ, എന്നായി അമ്മു.

ഗന്ധമേറും പൂവാണ്  ഞാൻ തന്നത്.
ഗാഢമെൻ പ്രണയമല്ലോ നീ വലിച്ചെറിഞ്ഞത്.
ട്രിയാനാ. ട്രിയാനാ .. ഓ ട്രിയാന

അത്രയുമായപ്പോൾ ഞാൻ ഇടറിപ്പോയി. കണ്ണുകൾ നിറഞ്ഞുപോയി. ഫ്ലമെൻകോ മോണുമെന്റിലേക്ക്  നടന്നെത്തുന്നതുവരെ ഞങ്ങൾ നിശബ്ദരായിരുന്നു.


ഫ്ലമെൻകോ സ്മാരക പ്രതിമയോട് ചേർന്ന തിണ്ണയിൽ ഞങ്ങളിരുന്നു. ഒരു പ്രതിമ കൂടി കാണാനുണ്ട് .അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും ഇവിടെയുണ്ടോയെന്നെനിക്കുറപ്പില്ല. ചരിത്രം തന്നെ തള്ളിക്കളഞ്ഞവനാണ് .ജുവാൻ റോഡ്റിഗോ . .1492 ഒക്ടോബർ 12 ന് ക്രിസ്റ്റഫർ കൊളമ്പസിന്റെ ലാ പിന്ത (La Pinta) എന്ന കപ്പലിൽ ഈ നാവികനുമുണ്ടായിരുന്നു. കപ്പലോട്ടക്കാരായ അനേകം ട്രിയാന ജിപ്സികളിൽ ഒരാൾ. രാത്രി രണ്ടു മണിക്ക് ബഹാമിയൻ ദ്വീപ് അയാൾ കാണുന്നു. അയാൾ വിളിച്ചു പറഞ്ഞു - Teira ... Teira.(അതെ, തീരം, തീരം എന്നു തന്നെ. ഇന്ത്യയിൽ നിന്ന് പടർന്ന ജിപ്സികളുടെ ഭാഷയിൽ അങ്ങനെ ഒരു പാട് സംസ്കൃതപദങ്ങളുണ്ട്. ) ഒരു യൂറോപ്യൻ ആദ്യമായി അമേരിക്കൻ തീരം കാണുകയായിരുന്നു അപ്പോൾ .എന്നാൽ ആ ഖ്യാതി കൊളമ്പസ് കവർന്നെടുത്തു. റോഡ്റിഗോ വിസ്മൃതനായി. ബാഗ്ദാദ് കഫേയിൽ കേട്ട പാട്ട് തേങ്ങി വരുന്നു......
ദൈവമേ, ഞാനെന്തു ചെയ്യാൻ?
ഞാനൊരു ജിപ്സിക്കുട്ടിയല്ലേ.
ഇതെനിക്കുള്ള ശാപമല്ലേ!

ബാഗ്ദാദ് കഫേയിൽ നിന്നിറങ്ങുമ്പോഴേ മനസ്സിടിഞ്ഞു തുടങ്ങിയതാണ്. റോഡ്റിഗോയുടെ കഥ കൂടിയായപ്പോൾ ഗിത്താനോകൾ ( ഹിറ്റാനോ -സ്പാനിഷ് ) ഞങ്ങളുടെ മനസ്സുകളിലെ ഉരുൾപൊട്ടലുകളിൽ പിടഞ്ഞു.




സെവിയ്യ ഭാഗത്ത് ട്രിയാന ഇസബല്ലപ്പാലത്തിൽ നിന്ന് താഴോട്ടിറങ്ങി ,നദിയോട് ചേർന്ന നടപ്പാതയിലൂടെ ഞങ്ങൾ നടന്നു. വെയിലൊന്നൊതുങ്ങിയിട്ടുണ്ടെങ്കിലും ജരാക്കണ്ട് മരങ്ങളിൽ ചേക്കേറിയിരിക്കുന്ന പൂക്കളുടെ നീലക്കുത്തൽ അടങ്ങിയിട്ടില്ല. നദിയിൽ കയാക്കിങ്ങ് നടത്തുന്നവർ ഇനിയും കര പറ്റിയിട്ടില്ല. അവരെക്കാത്ത്  ബെറ്റിസ് റോഡിലെ ടപാസ് റെഡ്ടോറണ്ടുകളിലെ തീൻമേശകൾ അസ്വസ്ഥരാവുന്നുണ്ടായിരിക്കാം.പല നിറങ്ങൾ പൂശിയ ട്രിയാനച്ചുമരുകൾക്കപ്പുറത്ത് നിന്ന് ഒരു പള്ളിയുടെ മണി ഗോപുരം സെവിയ്യയിലേക്ക് എത്തി നോക്കുന്നുണ്ട്. ട്രിയാനയിൽ നടത്തിയ മിസ്സെലേനിയസ് അലച്ചിലിൽ ഞങ്ങളാ പള്ളി കണ്ടിരുന്നു.പുരെസ് റോഡിലെ വിശുദ്ധ അനയുടെ(Santa Ana/St.Ann) പതിഞ്ഞ പിങ്ക് നിറമുള്ള പള്ളി. ആ പള്ളിയുടെ മണിഗോപുരം ട്രിയാനപ്പാലത്തിൽ നിന്നേ കാണാം. നദിക്കക്കരെയുള്ള, ഉയരവും പ്രശസ്തിയും കൂടിയ ഹിരാൾദ ടവറിനെ നോക്കി അപകർഷതാബോധത്തോടെ അത് തല താഴ്ത്തി നിൽക്കുന്നു. എങ്കിലും ഹിരാൾദ   ടവറിന്റെ ഇരുണ്ടു കൂർത്ത ഗോഥിക്ക് ശൈലിയേക്കാൾ കേമം മൂറിഷ് സ്പർശമുള്ള ,ട്രിയാന ടൈലുകൾ പുതച്ച് സുന്ദരമായ ഈ മണി ഗോപുരം തന്നെയാണ് .ഇവിടെ നിന്ന് നോക്കുമ്പോൾ ട്രിയാനയുടേയും സെവിയ്യയുടേയും ഭാവങ്ങൾ ഏറെ വിത്യസ്തമാണ്. ഒരു നദിയേക്കാൾ ദൂരമുണ്ട് ഈ കരകൾക്കിടയിൽ. നിറത്തിൽ, സൗധരൂപങ്ങളിൽ, ഗന്ധങ്ങളിൽ, ആംമ്പിയൻസിൽ .അങ്ങനെയങ്ങനെ കാതങ്ങൾ ദൂരമുണ്ട്.

ഇസബെല്ലപ്പാലത്തിനടിയിലൂടെ ഊളിയിട്ടെത്തിയ കാറ്റ് ട്രിയാനയ്ക്കും സെവിയ്യയ്ക്കും ഇടയിൽ ഇത്തിരിനേരം തത്തിക്കളിച്ച്, ഗ്വദാൽകിവിർ  നദിയോട്   കിന്നരിച്ച് പടിഞ്ഞാറോട്ട് ട്രിയാനയിലേക്ക് കയറിപ്പോയി. ട്രിയാനയിൽ  ടപാസ് ബാറുകളിലും  റോഡരികിലും മരച്ചുവടുകളിലും  സായാഹ്നത്തോടൊപ്പം നുരയുന്ന വീഞ്ഞു ഗ്ലാസുകളിലും ഷെറിക്കോപ്പകളിലും അവൻ മുങ്ങി നിവരും. ആ ലഹരിയിൽ പഴയ ജിപ്സിക്കൂടാരങ്ങളിലേക്ക് വെച്ച് പിടിക്കും. പോകരുതെന്ന് ആരും അവനെ തടയില്ല .രാത്രികളിൽ അവിടെയെത്തുന്ന താന്തോന്നികളുമായി പുലരും വരെ കറങ്ങി നടക്കും.പാപരാ വെളുക്കുമ്പോൾ റോഡ്രിഗസിന്റേയും ബെൽ മൗണ്ടിനേറെയും പഴയ നാവികരുടേയും ആത്മാക്കൾക്കൊപ്പം ഗ്വദാൽകിവിറിന്റെ ഏതെങ്കിലും കൈവഴികളിലേക്കിറങ്ങി ഇസെബല്ലപ്പാലത്തിന്നടിയിലൂടെ തിരിച്ചു പോകും.

നടവഴിയോട് ചേർന്ന തിണ്ണയിൽ ഞങ്ങളിരുന്നു. ട്രിയാനയ്ക്കു മുകളിലൂടെ എല്ലാം പടിഞ്ഞാറോട്ട് പറന്ന് കൊണ്ടിരിക്കയാണ്,പോക്കുവെയിലും സൂര്യനും പക്ഷികളും.
പാലത്തിലൂടെ ധാരാളം സഞ്ചാരികൾ ട്രിയാനയിലേക്ക് കടക്കുന്നു, ട്രിയാനയുടെ ജിപ്സി സ്പർശമേൽക്കാൻ.



ഞാൻ തിണ്ണയിലേക്ക് മലർന്നു കിടന്നു. എന്തൊക്കെ വൃത്തികേടുണ്ടാവും അവിടെയൊക്കെ ,ഇങ്ങനെ കിടക്കരുത്' എന്നൊക്കെ മിനി പറയുന്നുണ്ട്. ഞാനാകാശത്തേക്ക് നോക്കിക്കിടന്നു. ഫ്ലമെൻകോ നർത്തകിയുടെ ബഹുവർണ്ണപ്പാവാട പോലെ മനോഹരമീയാകാശം. നീലയും കാറും കലർന്നിടത്തേക്ക് ചുവപ്പിഴകൾ നെയ്തു ചേർക്കുന്നു അസ്തമയസൂര്യൻ. ഗ്വാഡൽക്യുവർ നദിക്ക് മേൽ വട്ടമിട്ട് പറക്കുന്ന ചെറുകിളികൾ അതിൽ കറുപ്പിലും വെളുപ്പിലും ഡിസൈനിടുന്നുണ്ട്.

പക്ഷേ എവിടെയെന്റെ ജിപ്സികൾ? ഹിറ്റാനോകൾ?
നഗരം ഉപേക്ഷിച്ച ഏതോ കോണിൽ അട്ടിയിട്ടുകൂട്ടിയ മുവ്വായിരം കൂടുകളിൽ അവർ കലപില കൂട്ടുന്നു.ഉച്ചച്ചൂടിന്റെ പൊള്ളലിൽ പരസ്പരംകൊത്തിവലിക്കുന്നു, ചീത്ത വിളിക്കുന്നു. രാത്രിയുടെ അജ്ഞാതമായൊരു ആഭിചാരം നൽകുന്ന ഉണർവ്വിൽ പഴയ കൂടുകളിലേക്ക്, ട്രിയാനയിലേക്ക് കുഴഞ്ഞ ചിറകുകളുമായി പറക്കുന്നു. അവിട്ടെ പാട്ടായും ഗിത്താർ ചിണുങ്ങലായും നൃത്തമായും പരക്കുന്നു.

ഞാനാലോചിക്കുകയായിരുന്നു. ട്രിയാനയിൽ ഞങ്ങളെന്താണ് കണ്ടത്.? ഒരു ടൂറിസ്റ്റിന് മേനിപറയാനുള്ളതൊന്നും കണ്ടില്ല. അത്രയൊന്നും ആഘോഷിക്കപ്പെടാത്ത കുറച്ചുപള്ളികൾ, എവിടെയും കാണാവുന്ന കുറേ കഫേകൾ, ചായമടിച്ച വീട്ടു ചുമരുകൾ, നീലമുങ്ങിയ സെറാമിക് ടൈലുകൾ, കറുപ്പഴകിൽ രണ്ട് പ്രതിമകൾ , ബാഗ്ദാദ്, ബാഗ്ദാദിലെ ക്രിസ്തുരൂപന്റെ വലതുകൈയിലെ സാൻഗ്രിയയിൽ മുങ്ങി മരിച്ച ജിപ്സിക്കോളണി, ആളുകൾ ,ശബ്ദങ്ങൾ ...  അത്ര മാത്രം. എന്നിട്ടും ..

ചില സ്ഥലങ്ങൾ നാം കാണുകയല്ല, അറിയുകയാണ്. ചിലയിടങ്ങളിൽ നാം നടന്നു പോവുകയല്ല ,അവിടെ അലിഞ്ഞു തീരുകയാണ്. ചിലപ്പോൾ നാം മടങ്ങുന്നേയില്ല, പിന്നെയെത്ര യാത്രകൾ ചെയ്താലും, എത്ര ദൂരം സഞ്ചരിച്ചാലും.കരച്ചിലും കവിതയും കൂടിക്കുഴയുന്ന ഹിറ്റാനോച്ചുവ തലച്ചോറിൽ കലരുന്നു.  ഞാൻ പാടി.പടിഞ്ഞാറോട്ട് പോകുന്ന കിളികളോട് , സൂര്യനോട്  , അസ്തമയത്തോട്, നിറങ്ങളായ് നിരന്ന ചുമരുകളോട് ,കരയുന്ന കന്യകയോട് ,ഇല്ലാതെ പോയ
ജിപ്സിക്കൊരാലകളോട്.

പ്രിയേ, പോകുന്നു ഞാൻ
നൽകുന്നു നിനക്കെൻ ഹൃദയം
നാലറകളവ നാലു ചഷകങ്ങൾ
നാലിലും നിറച്ചുണ്ടെന്റെ പ്രേമം.
ട്രിയാന .... ട്രിയാന.... ഓ ട്രിയാനാ.....

ഞാൻ പാടി. അമ്മു ജയ്പൂർ സ്റ്റയിലിൽ വാഹ് വാഹ് പറഞ്ഞു.  റമ്മടിക്കാതെത്തന്നെ അച്ഛൻ  പൂസായിരിക്കുന്നു, വേഗം തിരിച്ചു പോകാം, എന്നായി മിനി.
ഞങ്ങൾ സെവിയ്യയിലേക്ക് തിരിച്ചുനടന്നു.ട്രിയാനയെ പ്രേമിച്ചവനോടുള്ള പരിഭവത്തിൽ സെവിയ്യയിലേക്കുള്ള റോഡ് കെറുവിച്ചു കറുത്തു കിടന്നു.