Friday 26 September 2014

യാത്ര എന്ന കുടുംബപദ്ധതി

യാത്ര എന്ന കുടുംബ പദ്ധതി

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് .സെപ്റ്റംബര്‍ ആണോ ഒക്ടോബര്‍ ആണോ എന്നത്ര തിട്ടമില്ല.പീജീ  പരീക്ഷ കഴിഞ്ഞ് ഒരു യാത്രക്കിറങ്ങിയതാണ് .മിനിയോടും അമ്മയോടുമൊപ്പം.അപ്പുവും അമ്മുവും ഞങ്ങളുടെ കോശങ്ങളില്‍ ഊഴം കാത്തു കിടക്കുന്നതേയുള്ളൂ.ജാംനഗറിലെ ഇര്‍വിന്‍ ഹോസ്പിറ്റലിലെ ഞങ്ങളുടെ ഒരു സുഹൃത്തും കൂടെയുണ്ട്.സോമനാഥ് ക്ഷേത്രം കണ്ടു ഗുജറാത്ത്‌ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കുലുങ്ങിക്കുലുങ്ങി തിരിച്ചു യാത്ര.അന്നും ഗുജറാത്തിലെ റോഡുകള്‍ സുന്ദരങ്ങളാണ്.കുലുക്കം സമ്മാനിക്കുന്നത് ബസ്സിന്റെ പഴക്കമാണ്.

സോമനാഥില്‍ നിന്ന് അടുത്ത സീറ്റില്‍ കൂടിയതാണ് ഒരു നീണ്ടു നീണ്ട മനുഷ്യന്‍.നീണ്ട വെളുത്ത സുന്ദരന്‍ താടി.അതിലും നീണ്ടു പിന്നിലേക്ക്‌ കെട്ടിവെച്ച വെളുവെളുപ്പന്‍ തലമുടി.നീളന്‍ കൈകളുള്ള നീണ്ട വെളുത്ത ജുബ്ബ.ചിരിക്കുമ്പോള്‍ പല്ലുകളുടെ വെളുപ്പെല്ലാം പുറത്തേക്കിടാന്‍ നീളെ തുറക്കുന്ന വായ.ഇടതു തോളില്‍ നിന്ന് നെഞ്ചിനു കുറുകെ ഊര്‍ന്നിറങ്ങി വലതെടുപ്പിനും താഴെ വിശ്രമിക്കുന്ന കാവി തുണി സഞ്ചി.ഗുജറാത്തിയില്‍ ആരംഭിച്ച സംസാരം ഹിന്ദിയും കടന്നു ഇംഗ്ലിഷില്‍ എത്തിയപ്പോഴേക്കും ഞാന്‍ ആ വെളുപ്പിനെ ഇഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന്‍റെ നീളന്‍ പേരില്‍ നിന്ന് ഞാന്‍ കിഷോരിലാല്‍ എന്ന് മാത്രം മുറിച്ചെടുത്തു.കൃഷ്ണന്റെ ദ്വാരകയില്‍ ജനിച്ചവന്‍.യാത്രകളില്‍ ജീവിച്ചവന്‍ .നീളന്‍ യാത്രകളിലൂടെ നീണ്ടു പോയവന്‍.യാത്രാനുഭവങ്ങളില്‍ അലക്കിയലക്കി മുടി മുഴുക്കെ വെളുപ്പിച്ചവന്‍.
സോമ്നാഥില്‍ ഞങളുടെ കാഴ്ചകളെപ്പറ്റി വിശദമായി ചോദിച്ചു കിഷോരിലാല്‍.സോമനാഥ് ക്ഷേത്രത്തിന്റെ ഇടതു മതിലില്‍ കടലിന്റെ അപാരതയിലേക്കു കുലച്ചു നില്‍ക്കുന്ന ഒരു ബാണസ്തംബമുണ്ട്.ആ അമ്പിന്റെ ദിശയില്‍ അന്റാര്‍ട്ടിക്ക എത്തുന്നത് വരെ കടല്‍ ,കടല്‍ മാത്രമേയുള്ളൂ.അവിടെ നിന്നപ്പോള്‍ എന്ത് തോന്നിയെന്നായി കിഷോരിലാല്‍.എന്ത് തോന്നാന്‍ .കണ്ടു.കടലിലേക്ക്‌ നോക്കി നിന്നു .അല്ലാതെന്ത്?

കിഷോരിലാല്‍ പറഞ്ഞു തുടങ്ങി- ആ ബാണരേഖയില്‍ ദക്ഷിണ ദ്രുവത്തില്‍ നിന്ന് പുറപ്പെട്ടാല്‍ എത്തുന്ന ആദ്യ മണ്‍തരികളിലാണ് സുഹൃത്തേ താങ്കള്‍ ചവിട്ടി നിന്നിരുന്നത്.വല്ലാത്തൊരു നിര്‍വൃതിയില്‍ അദേ്ദഹത്തിന്റെ കണ്ണുകള്‍ അടഞ്ഞിരുന്നു.കാഴ്ചകളുടെ കാണലും അനുഭവിക്കലും പറഞ്ഞു തരികയായിരുന്നു കിഷോരിലാല്‍ എന്ന് മനസ്സിലാക്കാന്‍ എനിക്ക് പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു.ബാണ സ്തംബത്തിനു കീഴെ കടല്‍ക്കരയില്‍ സ്ഥിരമായി തെക്കോട്ട്‌ നോക്കി നില്‍ക്കുന്ന,തിരകള്‍ കേറി വരുമ്പോള്‍ ഓടി മാറുകയും പിന്നെയും തെക്കോട്ട്‌ നോക്കാന്‍ തിരിച്ചെത്തുന്ന കറുമ്പന്‍ നായ ,റോഡരികിലെ ധാരാളം മയിലുകള്‍ ചേക്കേറുന്ന ഒറ്റ മരം അങ്ങിനെ ഒരു ദിവസം മുഴുവന്‍ ചിലവഴിച്ചിട്ടും ഞാന്‍ കാണാതെ പോയ എത്ര്യ്ത്ര കാഴ്ചകള്‍.



രാജ്ക്കോട്ടില്‍ എത്തുന്നതുവരെ യാത്ര എന്ത് എന്തിനു എങ്ങിനെ എന്ന മട്ടില്‍ സവിസ്തരം സംസാരിച്ചു അദേ്ദഹം.കിശോരിലാലിന്റെ വിശേഷങ്ങളൊന്നും ഞാന്‍ അന്വേഷിച്ചിരുന്നതേയില്ല. വിവരം കെട്ടൊരു വിദ്യാര്‍ഥിയുടെ ജ്ഞാനസ്നാനം നടക്കുകയായിരുന്നല്ലോ  ആ സര്‍ക്കാര്‍ ശകടത്തില്‍.ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു-വര്‍ഷങ്ങള്‍ക്കു ശേഷവും താങ്കളീ യാത്ര ഓര്‍ക്കുകയാണെങ്കില്‍ ,എന്നെ ഓര്‍ക്കുകയാണെങ്കില്‍ ,നിങ്ങള്‍ക്കുറപ്പിക്കാം നിങ്ങളൊരു യാത്രികനായിരിക്കുന്നു.
കിഷോരി ഇപ്പോള്‍ എവിടെയാകാം? ജീവിതത്തിന്റെ വാര്‍ദ്ധക്ക്യ പാക്കേജുകളില്‍ ഒതുങ്ങിപ്പോയിരിക്കുമോ?മാമൂല്‍ ജീവിതത്തിന്റെ നൂലാമാലകള്‍ വകഞ്ഞുമാറ്റി അവസാന യാത്ര പുറപ്പെട്ടിരിക്കുമോ?ചിലപ്പോള്‍ സോമ്നാതില്‍ നിന്നും പുറപ്പെടുന്ന ഏതെങ്കിലും സര്‍ക്കാര്‍ വണ്ടിയില്‍ മറ്റൊരു ടൂറിസ്ടിനെ യാത്രക്കരനാക്കി ജ്ഞാനസ്നാനം ചെയ്യുകയായിരിക്കാം.
ഏറെ വര്‍ഷങ്ങളും യാത്രകളും വേണ്ടിവന്നു കിഷോരിലാല്‍ പറഞ്ഞ പക്വ യാത്രികനാവാന്‍ .യാത്രകള്‍ തീര്‍ത്ഥാടനങ്ങളാവാന്‍.ഓരോ യാത്രയിലും അതിന്റെ തയ്യാറെടുപ്പിലും ഞങ്ങള്‍ കിശോരിയെ ഓര്‍ത്തു.യാത്രകളിലെല്ലാം അദൃശ്യനായ സുഹൃത്തായി അദ്ദേഹം കൂടെപ്പോന്നു.ഞങ്ങളുടെ ഓര്‍മ്മത്താളുകളില്‍ വെളുക്കെച്ചിരിക്കുന്ന നീണ്ടൊരു വെളുത്ത വരയായി കിഷോരി പതിഞ്ഞു കിടന്നു.

 

കിശോരിലാലിന്റെ കല്പനകള്‍ യാത്രകളിലെല്ലാം ഞങ്ങള്‍ പാലിച്ചു.പാക്കേജ് ടൂറുകളുടെ ആര്‍ഭാടങ്ങളും ആലോസരങ്ങളും വിരസതകളും ഏകതാനതയും ഞങ്ങള്‍ ഒഴിവാക്കിപ്പോന്നു.വീടുകളിലോ അപ്പര്‍ത്മെന്റുകളിലോ താമസിച്ചു വെച്ചുണ്ട് ഞങ്ങള്‍ ഓരോ ഇടങ്ങളിലും ജീവിച്ചു.വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാഴ്ചകള്‍ തേടിപ്പിടിച്ചു കണ്ടു.വന്‍ കാഴ്ച്ചകള്‍ക്കിടയിലെ കുഞ്ഞു കാഴ്ചകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ഞങ്ങളെപ്പോഴും ഇഴചേര്‍ന്നു നടന്നു.കാഴ്ചകളില്‍ അനുഭവങ്ങളും സംഭവങ്ങളും ചാലിച്ചു നുരപ്പിച്ച് യാത്രക്കോപ്പകള്‍ ഞങ്ങള്‍ പതച്ചു നിറച്ചു.ജീവിതത്തെ യാത്രകളുടെ പച്ചപ്പ്‌ കൊണ്ട് ,തെളിച്ചം കൊണ്ട് പുതപ്പിച്ചു.

യാത്രകളെല്ലാം സകുടുംബമായിരുന്നു.അമ്മ ,മിനി,അപ്പു,അമ്മു,ഞാന്‍.പഞ്ച യാത്രികര്‍ .ഒരാളും ഞാന്‍ പോയി, ഞാന്‍ കണ്ടു എന്ന് പറഞ്ഞില്ല.എല്ലാം ഞങ്ങളില്‍ തുടങ്ങി ഞങ്ങളില്‍ തുടര്‍ന്നു.ഈ ഞങ്ങള്‍ സ്വരൂപമായിരുന്നു ഓരോ യാത്രയും ഓരോരുത്തര്‍ക്കും നല്‍കിയ ലാഭവിഹിതം.



യാത്രകളുടെ തെരെഞ്ഞെടുപ്പും വിവരശേഖരണങ്ങളും ഒരുക്കങ്ങളും എല്ലാവരും ചേര്‍ന്ന് നടത്തുന്നു.ആറു മാസം മുമ്പെങ്കിലും ഗൌരവമായിത്തന്നെ ഈ സന്നാഹങ്ങള്‍ ആരംഭിച്ചിരിക്കും. വിദ്യാഭ്യാസത്തിന്റെ വിഷമതകള്‍ കൊണ്ട് ചിലപ്പോള്‍ അപ്പുവിനും അമ്മുവിനും പൂര്‍ണ്ണമായി പങ്ക് ചേരാന്‍ കഴിഞ്ഞില്ലെന്നു വരാം.പക്ഷേ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലും യാത്രവേളകളിലും അവരുടെ സഹകരണം സജീവം തന്നെയാണ്.
എട്ടോ പത്തോ ഡെസ്ട്ടിനേഷ്യനുകളുമായാണ് യാത്രകളുടെ തിരച്ചില്‍ ആരംഭിക്കുന്നത്. (ഇത് ഒരു യാത്ര കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കുകയായി.മിക്കവാറും യാത്രകള്‍ക്കിടയില്‍ തന്നെ അടുത്ത യാത്രയുടെ വിത്തുകള്‍ വീണിരിക്കും).ഓരോ ഇടത്തേയും കുറിച്ച് വിസ്തരിച്ച് വായന.പുതിയതും അത്ഭുതപ്പെടുത്തുന്നതുമായ ധാരാളം അറിവുകളുടെ  ഖനനം ആണ് ഇത്,ഒരു പാട് സ്ഥലങ്ങളിലേക്കുള്ള സാങ്കല്പ്പിക സഞ്ചാരവും .യാത്രക്ക് മുന്‍പേയുള്ള ഇത്തരം യാത്രകള്‍ നല്‍കുന്ന അനുഭൂതികള്‍ ഓരോ യാത്രയുടെയും അധിക ആദായമാണ് .

നടപ്പ് വര്‍ഷത്തെ ‘സഞ്ചാരപഥങ്ങള്‍’ തീരുമാനമായാല്‍ പിന്നെ എല്ലാവരും ഉഷാറാവുകയായി.മിക്കവാറും അടുത്തടുത്ത രണ്ടോ മൂന്നോ രാജ്യങ്ങളായിരിക്കും ഞങ്ങളെ കാത്തിരിക്കുന്നത്. ഇരുപതു മുതല്‍ മുപ്പതു ദിവസം വരെ  നീളുന്ന യാത്ര. ഒരു പാട് സ്ഥലങ്ങളിലേക്ക് ഓരോട്ടപ്രദിക്ഷിണമല്ല,കുറച്ചു സ്ഥലങ്ങളുടെ വിസ്തരിച്ചുള്ള കാഴ്ച തന്നെയാണ് എപ്പോഴും അജണ്ട.പ്രധാന സ്ഥലങ്ങള്‍,ആകര്‍ഷണങ്ങള്‍, ചെറുതെങ്കിലും വ്യത്യസ്തമായ കാഴ്ചകള്‍(ഇസ്താമ്പുളിലെ മ്യൂസിയം ഓഫ് ഇന്നൊസേന്‍സ് പോലെ),സഞ്ചാരമാര്‍ഗ്ഗങ്ങള്‍ ,മെട്രോ സ്റ്റേഷനുകള്‍,താമസസ്ഥലങ്ങള്‍,ഭക്ഷണവൈവിധ്യങ്ങള്‍ അങ്ങനെ വായനയും   തയ്യാറെടുപ്പുകളും ഒഴുകിപ്പരന്നു തുടങ്ങും.ഞാനും മിനിയുമാണ് ഈ വിവരശേഖരണപ്പോര്‍മുഖത്തെ പ്രധാന പടയാളികള്‍.അപ്പുവും അമ്മുവും അമ്മയും ആവശ്യം പോലെ അണി ചേരും.പുതിയ കാലങ്ങളും കാര്യങ്ങളും കരയും ജലവും വെട്ടിപ്പിടിച്ച് ഞങ്ങള്‍ മുന്നേറും.കുറിപ്പുകളും പ്രിന്റ്‌ ഔട്ടുകളുമായി പേജുകള്‍ കുന്നു കൂടും.ഗൂഗിളും വിക്കിയും ബ്ലോഗുകളും ഫേസ്ബുക്ക് സൌഹൃദങ്ങളും ഈ പടയോട്ടത്തില്‍ ഞങ്ങളോട് ചേര്‍ന്ന് നില്‍ക്കും.ഗൂഗിള്‍ എര്‍ത്തിലൂടെ ,വെര്‍ച്വല്‍ റോഡ്‌ മാപ്പുകളിലൂടെ ഞങ്ങള്‍ മണ്ടി നടക്കും.പല ദിവസങ്ങള്‍ .അപ്പു പറയും-നമ്മള്‍ ഒരിടത്ത് എത്തിച്ചേരുന്നതിനു മുന്പ് മൂന്ന് തവണയെങ്കിലും നമ്മള്‍ അവിടെയെത്തിയിട്ടുണ്ടായിരിക്കും.

പാക്കേജ് ടൂറുകളോട് അത്ര താല്‍പ്പര്യമില്ലെങ്കിലും പാക്കേജ് ടൂറ് ഏജെന്‍സികളോട് ഞങ്ങള്‍ നല്ല കൂട്ടാണ്.ഓരോ സ്ഥലത്തേയും പല ഏജെന്‍സികളുമായും ഞങ്ങള്‍ ബന്ധപ്പെടും.അവരുടെ പര്യടന പരിപാടികള്‍ ചോദിച്ചു വാങ്ങും.യാത്രക്ക് പറ്റിയ സമയങ്ങള്‍ ,വഴികള്‍,യാത്രയിലെ പ്രശ്നങ്ങള്‍,ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,പ്രാദേശിക പ്രത്യേകതകള്‍,ഉത്സവങ്ങള്‍,വിശിഷ്ട ഭക്ഷണവൈവിധ്യങ്ങള്‍,നല്ല ഭക്ഷണശാലകള്‍ -അങ്ങനെ ഒരു പാട് വിവരങ്ങള്‍ ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് വീണു കിട്ടും.പര്യടന പരിപാടിയുടെ ഒരു ഏകദേശ രൂപം തയ്യാറാക്കാനും ചിലവുകളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാനും ഈ എഴുത്തുകുത്തുകള്‍ സഹായിക്കും.
വര്‍ഷങ്ങളായി യാത്രയില്‍ ജീവിക്കുന്നവരുണ്ട്‌ .ഒരു വിധം  രാജ്യങ്ങളൊക്കെ കണ്ടു തീര്‍ന്നവര്‍. സൈക്കിളിലും ബൈക്കുകളിലുമൊക്കെയായി ലോകം ചുറ്റുന്നവര്‍. വെബ്സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും അന്നന്നത്തെ യാത്രാനുഭവങ്ങള്‍ തുടര്‍ച്ചയായി പങ്കിടുന്നവര്‍. യാത്രകളിലേക്ക് ചെറിയ വിശദാംശങ്ങള്‍ വരെ നല്‍കി നമ്മുടെ യാത്രകള്‍ കൊഴുപ്പിച്ചെടുക്കാന്‍ ഇവര്‍ക്ക് കഴിയും.ചില വിനോദ സഞ്ചാരത്താവളങ്ങള്‍ ലാഭക്കണ്ണോടെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഊതി വീര്‍പ്പിച്ചെടുക്കുന്നതാണ്.ചിലത് നമ്മുടെ രുചിഭേദങ്ങള്‍ കൊണ്ട് നമുക്കിഷ്ട്ടപ്പെടാതെ പോകാം.നമ്മുടെ മനോതരംഗങ്ങളോട് ചേര്‍ന്ന് പോകുന്ന ഒരു ‘മുന്‍പേ ഗമിക്കും ഗോവിനെ’ഇക്കൂട്ടത്തില്‍ നിന്നും കിട്ടിയാല്‍ രക്ഷപ്പെട്ടു.പിന്നെ ഗമിക്കല്‍ എളുപ്പമാണ്.



ലക്ഷ്യസ്ഥാനങ്ങളും കാഴ്ചകളും തീരുമാനമായാല്‍ പിന്നെ താമസ സൌകര്യങ്ങള്‍ തപ്പിത്തുടങ്ങും.എയര്‍ പോര്‍ട്ടുകളോട് ചേര്‍ന്ന സ്ഥലങ്ങള്‍ ഒഴിവാക്കും.സാമ്പത്തികമാണ് ഒരു കാരണം. പിന്നെ ഒരു സഞ്ചാരിക്ക് പ്രിയപ്പെട്ട സ്ഥലങ്ങളെല്ലാം വിമാനത്താവളങ്ങളില്‍ നിന്നും ദൂരെയായിരിക്കും,മിക്കപ്പോഴും .സുഖമായി വെച്ചുണ്ട് കഴിയാവുന്ന പാര്‍പ്പിടങ്ങളാണ് ഈ തപ്പലില്‍ കണ്ടെത്തുന്നത്.ഇവിടെയാണ്‌ അമ്മുകളത്തിലിറങ്ങുന്നത്. സാമ്പത്തികം, ഗതാഗതസൌകര്യം, പ്രധാന ആകര്‍ഷണങ്ങളോടുള്ള സാമീപ്യം തുടങ്ങിയ മാനദണ്ഡങ്ങളാല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഏതാനും ഇടങ്ങളില്‍ നിന്ന് അവസാന തെരഞ്ഞെടുപ്പു അമ്മുവിന്‍റെ വകയാണ്.മുഖവാതില്‍ മുതല്‍ ബാത്രൂമിലെ സൌകര്യങ്ങളില്‍ വരെ അവള്‍ പരതി നടക്കും. ഫര്‍ണീച്ച റുകളുടെ ഡിസൈന്,അവയുടെ സംവിധാനം,അകത്തള ചെടികള്‍,ബാല്‍ക്കണിയിലെ ദൃശ്യസാധ്യതകള്‍ അങ്ങനെ അവളുടെ ശ്രദ്ധ പതിയാത്ത ഇടങ്ങളില്ല.ഞങ്ങളുടെ ബജറ്റിനും മൂഡിനും ചേരുന്ന ഏറ്റവും നല്ല താമസസ്ഥലം തെരഞ്ഞെടുക്കുന്നതില്‍ അമ്മു എപ്പോഴും വിജയിച്ചു.

അമ്മുവിന്‍റെ ഈ നൈപുണ്യമാണ് ഇക്കഴിഞ്ഞ യാത്രയില്‍ എതെന്സിലെ മനോഹരമായ ബ്ലൂ ഹൌസില്‍ താമസിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തന്നത്.എതെന്സിലെ ആമ്പെലോപിക്കി മെട്രോക്കടുത്തെ നീല നിറമടിച്ച ഒറ്റനില വീട്.സുന്ദരമായ അകത്തളങ്ങളും സംവിധാനങ്ങളുമുള്ള ഈ നീല വീടിന്‍റെ പിന്നാമ്പുറ വരാന്തയില്‍ തണലും മണവും പരത്തി നിന്ന പിച്ചിപ്പന്തല്‍. പുലര്‍കാലങ്ങളില്‍ ശുഭദിനാശംസകളുമായി വിരിച്ചിടുന്ന പിച്ചിപ്പൂപരവതാനി. ആ അലൌകികാന്തരീക്ഷത്തിലിരുന്നു ഞങ്ങള്‍ കഴിച്ച പ്രാതലുകള്‍.ആതെന്സിലെ വന്കാഴ്ച്ചകള്‍ക്കൊപ്പം ഈ പിന്‍വരാന്തയും കുഞ്ഞിപ്പൂക്കളും ഞങ്ങളുടെ മനസ്സിലുണ്ടാവും.



താമസിക്കാന്‍ ചെല്ലുന്നതിനു മുന്‍പ് ഒരു പാട് തവണ ആതിഥേയരുമായി ബന്ധപ്പെട്ടു കഴിഞ്ഞിരിക്കും.സൌകര്യങ്ങള്‍ അന്വേഷിച്ചും സന്ദേഹങ്ങള്‍ നിവര്‍ത്തിച്ചും കുറെയേറെ ഈമയിലുകള്‍ പറന്നിട്ടുണ്ടാകും.അമ്മയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കെട്ടിടത്തിലേക്ക്/ലിഫ്ട്ടിലേക്കുള്ള ചവിട്ടുപടികളുടെ എണ്ണം വരെ അന്വേഷിച്ചറിഞ്ഞിരിക്കും.ആതിഥേയരുമായി രൂപപ്പെടുന്ന ഈ അടുപ്പമാണ് പാരീസില്‍ വെച്ച് തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് ഞങ്ങളുടെ ഐവര്‍ സംഘത്തെ കണ്ടെടുക്കാന്‍ ആതിഥേയനായ സ്ടീവിനെ സഹായിച്ചത് .

യാത്രാ വേളയിലേക്ക് വേണ്ട മരുന്നുകളൊക്കെ നേരത്തെ ഒരുക്കൂട്ടി വെക്കും.അമ്മ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍,മറ്റുള്ളവര്‍ക്ക് വേണ്ടി വരാവുന്ന മരുന്നുകള്‍,യാത്രയിലെ അവിചാരിതങ്ങളെ നേരിടാനുള്ളവ,എപ്പോഴും കയ്യില്‍ വെക്കേണ്ടവ,എന്നിങ്ങനെ വെവ്വേറെ വെക്കും.ചില ഇന്ജക്ഷനുകളും ഇതില്‍ പെടും.ഉദരപരമായ ആവശ്യങ്ങള്‍ക്കായി ചെറിയ തോതില്‍ ചായപ്പൊടി,കാപ്പിപ്പൊടി,പഞ്ചസാര,മുളകുപൊടി,ഉപ്പ് ,വെളിച്ചെണ്ണ ,വെളുത്തുള്ളി എന്നിവയും കരുതും.ഓരോരുത്തരും അവരവര്‍ക്ക് സൌകര്യപ്രദമായ വസ്ത്രങ്ങള്‍ എടുത്തു വെക്കും.ഒരു മാസത്തെ യാത്രയായാലും പരമാവധി നാല് ജോഡി.മിനിമലിസത്തിലാണ് വിശ്വാസം.കാഴ്ചകളുടെ കാര്യത്തില്‍ മാത്രമാണ് ധാരാളിത്തം അനുവദിക്കാറ്.ഇത്രയുമായാല്‍ പാക്കിംഗ് വിദഗ്ദ്ധര്‍ എത്തുകയായി.അപ്പുവും മിനിയും കൂടി സാധനങ്ങള്‍ ഭംഗിയായി ബാഗുകളിലൊതുക്കും.യാത്ര തീരുന്നത് വരെ പാക്കിംഗ് ആന്‍ഡ് അണ്‍പാക്കിംഗ് ഇവരുടെ മാത്രം അവകാശമാണ്.

വിമാനയാത്രകള്‍,വന്‍ നഗരങ്ങള്ക്കിടയിലെ യാത്രകള്‍,ജലയാത്രകള്‍ -ഇതൊക്കെ ഞാനും അപ്പുവും ചേര്‍ന്ന്‍ തരപ്പെടുത്തും.ഏറ്റവും കുറഞ്ഞ ചെലവില്‍ സുഖകരമായ യാത്ര ,അതാണ്‌ മുദ്രാവാക്യം.കഴ്ച്ചകളിലേക്കുള്ള ചെറിയ യാത്രകള്‍,നടപ്പുകള്‍,മെട്രോ ലൈനുകള്‍,അങ്ങനെയല്ലാം അപ്പുവിന്റെ മാത്രം ചുമലിലാണ്.അതുകൊണ്ട് എയര്‍പോര്‍ട്ട്‌ മുതല്‍ തന്നെ മൂപ്പര്‍ മാപ്പുകള്‍ സംഘടിപ്പിച്ചു തുടങ്ങും.മേട്രോസ്റെഷനുകളില്‍ നിന്ന് ,ടൂറിസ്റ്റ് ഏജന്‍സികളില്‍ നിന്ന്,അങ്ങനെ പലയിടങ്ങളില്‍ നിന്നായി പലതരം മാപ്പുകള്‍ .മെട്രോ ലൈനുകളുടെ മാപ്പുകള്‍,ടൂറിസ്റ്റ് ആകര്‍ഷണങ്ങളുടെ മാപ്പുകള്‍,റോഡ്‌ മാപ്പുകള്‍,വാക്കിംഗ് ടൂര്‍ മാപ്പുകള്‍ അങ്ങനെയങ്ങനെ ഒരു കെട്ടു മാപ്പുകളുണ്ടാവും അപ്പുവിന്റെ പുറത്തു തൂങ്ങുന്ന ബാഗില്‍.യാത്രകള്‍ക്ക് മുന്‍പേ നെറ്റില്‍ നിന്നും താഴെയിറക്കിയവയ്ക്ക് പുറമേയാണിത്.കാല്‍നട യാത്രകളില്‍ അപ്പു നയിക്കുമ്പോള്‍ ലക്ഷ്യസ്ഥാനങ്ങള്‍ അടുത്തുവരും.അത് കൊണ്ട് കോമ്പസ്സ്‌ എന്ന സ്ഥാനപ്പേര് നല്‍കി ഞങ്ങള്‍ ഇയാളെ ആദരിക്കുന്നു.ഒരു കെട്ടു മാപ്പുകളുമായി കോമ്പസ് മുന്നില്‍ നടക്കുമ്പോള്‍ ഏതു നഗരവും പത്തിരുപതു മിനിട്ട് നടത്തത്തിലേക്കൊതുങ്ങിക്കൊടുക്കും.പുരാതന നഗരങ്ങളെല്ലാം ,വഴികള്‍ ശരിക്കറിഞ്ഞാല്‍ അരമണിക്കൂര്‍ നടത്തത്തിലൊതുക്കിയെടുക്കാം.കാറും ബസ്സും തീവണ്ടിയും ഇല്ലാത്ത കാലത്ത് പണിതുയര്‍ത്തിയതാണല്ലോ ഈ നഗരങ്ങള്‍.( ഈ നടത്തവേളയിലെങ്ങാന്‍ നമ്മളാരോടെങ്ങിലും വഴിയെങ്ങാന്‍ ചോദിച്ചാല്‍ ,പെട്ടു ,മൂപ്പര്‍ക്കാകെ ഹാലിളകും .പൂര്‍ണ്ണ വിശ്വാസമാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.മോഹന്‍ലാലിന്റെ ‘ചോദിച്ചു ചോദിച്ചു പോകാം’ ഇയാള്‍ക്ക് ഹറാമാണ്.)



യാത്രാ പാസ്സുകള്‍,മ്യൂസിയം പാസ്സുകള്,നഗരക്കാഴ്ച്ചാപാസ്സുകള്‍ ലാഭ-നഷ്ടവശങ്ങള്‍ നല്ലവണ്ണം തൂക്കി നോക്കിയേ വാങ്ങൂ.ഈ സാമ്പത്തിക പരാക്രമത്തിലും കൂട്ട് അപ്പുവും ഓണ്‍ലൈന്‍ കിങ്കര്മാരും.യാത്രയുടെ രണ്ടു മൂന്നാഴ്ചകള്‍ക്ക്‌ മുന്പായി മൊത്തം ചിലവുകളുടെ ഏകദേശ രൂപമാകും.രണ്ടോ മൂന്നോ തവണകളിലായി ആവശ്യമുള്ളത്ര വിദേശ കറന്‍സികള്‍ വാങ്ങി വെക്കും.

അമ്മുവിന്‍റെ ഇടതു തോളില്‍ നിന്നിറങ്ങി വലത്ത് തൂങ്ങിക്കിടക്കുന്ന ഒരു ബാഗുണ്ട്‌.കറുത്ത തുണിയില്‍ പാരീസ് പാരീസ് എന്ന് വെളുപ്പിലെഴുതി നിറച്ച ചെറിയൊരു ബാഗ്‌.ഞങ്ങളുടെ ചില്ലറക്കാര്യങ്ങളൊക്കെ തീര്‍ത്തു തരുന്നത് അമ്മുവിന്‍റെ ഈ ബാഗാണ്..യാത്രയിലുടനീളം ചില്ലറ നാണയങ്ങള്‍ അമ്മുവിന്‍റെ കസ്റ്റഡിയിലാണ്.അത് കൊണ്ട് ഓരോ രാജ്യത്തേയും കറന്‍സികള്‍,രൂപാ –പൈസ മട്ടിലെ വിനിമയത്തോതുകള്‍ എന്നിങ്ങനെയെല്ലാം അറിഞ്ഞിരിക്കും അമ്മു.യാത്രാവേളകളില്‍ അമ്മു വിളിക്കപ്പെടുന്നത് “ചില്ലറ”എന്നാണ്,ആളത്ര ചില്ലറയല്ലെങ്കിലും.പ്രത്യേകിച്ചും “പൈസാചിക”സമയങ്ങളില്‍. 


  
യാത്രകളിലുടനീളം സംഘമായും ഒറ്റക്കായും ചെയ്യേണ്ട കാര്യങ്ങള്‍ വീഴ്ച കൂടാതെ നടക്കും.വൈകുന്നേരങ്ങളില്‍ കറക്കമൊക്കെക്കഴിഞ്ഞു തിര്ചെത്തിയാല്‍ ഊഴമിട്ട്‌ കുളി.ചിലയിടത്തെ സ്നാനസൌകര്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും.എന്നെ ശരിക്കും കുളുര്‍പ്പിച്ചത് പാരീസിലെ ബാല്‍ക്കണിക്കുളിയാണ്.ബാല്‍ക്കണിക്ക് കുറുകെ വലിച്ചിട്ട പ്ലാസ്റ്റിക് കര്‍ട്ടനു പുറകില്‍ ഉഗ്രനൊരു ഷവര്‍.വേണമെങ്കില്‍ ഇരുന്നു കുളിച്ചോളൂ എന്നാ മട്ടില്‍ ഒരു ഇരുമ്പു കസേരയും.മറ്റുള്ളവരെല്ലാം അകത്തെക്കുളിമുറിയുടെ തടവില്‍ കുളിച്ചപ്പോള്‍ നാണമില്ലാത്ത ഞാന്‍ ബാല്ക്കണിക്കുളിമുറിയുടെ സ്വാതന്ത്ര്യത്തില്‍ കുളിച്ചു തിമര്‍ത്തു.ആകാശവും നക്ഷത്രങ്ങളും അപ്പുറത്തെ ഫ്ലാറ്റിലെ റാപ്പ് സംഗീതവും എന്നെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നു.കുട്ടിക്കാലത്ത് വെള്ളം കോരിക്കുളിച്ചതിന്റെ പരമാനന്ദസുഖം ഷവറില്‍ നിന്ന് തെറിച്ചിറങ്ങി.പാരീസിലെ അഞ്ചു ദിവസവും ഞങ്ങളുടെ സിറ്റൌട്ടും എന്റെ നീരാട്ട് മുറിയുമായിരുന്നു ,ആ ബാല്‍ക്കണി.

കുളി കഴിഞ്ഞിറങ്ങുന്നത് അത്താഴം തയ്യാറാക്കലിന്റെ ആഘോഷത്തിലേക്കാണ്.അരിയിടലും,കറിക്കരിയലും മുട്ടയടിക്കലും ചെറുപയര്‍ വേവിക്കലുമൊക്കെയായി കുറേ സമയം.ഇതിനിടയില്‍ ഓരോ സ്ഥലത്തേയും ലഭ്യതയനുസരിച്ച് വീഞ്ഞോ ചമ്പാഗ്നിയോ സേവിക്കലുമാവും.ചില ആതിഥേയര്‍ വൈനും വോട്കയുമൊക്കെ നമുക്കായി ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടാവും.സാധനം സൌജന്യമായത് കൊണ്ട് അവയുടെ ലഘുസേവ അമ്മ വിലക്കാറുമില്ല.




സാധനങ്ങള്‍ അടുപ്പത്തും അമ്മയും മിനിയും അടുക്കളയിലും കയറിയാല്‍ അപ്പു ലാപ്ടോപ്പും കാമറകളും എടുക്കും.ഓരോ ദിവസത്തെയും ചിത്രങ്ങള്‍ തിയതി തിരിച്ചു സ്ഥലം കുറിച്ചു കമ്പ്യൂട്ടറിലേക്കും ഒരു കോപ്പി ഹാര്‍ഡ് ഡിസ്കിലേക്കും പകര്‍ത്തും. ആ സമയം കൊണ്ട് ഞാന്‍ അടുത്ത ദിവസത്തെ സഞ്ചാരപാതകളിലൂടെ ഒന്നോടിച്ചു പോകും,ചിലപ്പോള്‍ ചില മിനുക്ക്‌ പണികള്‍ നടത്തും.രാത്രിഭക്ഷണത്തിനു ശേഷം സമയമുണ്ടെങ്കില്‍ ഞാനും അപ്പുവും കൂടി മെട്രോയിലോ ബസ്സിലോ ഒന്ന് കറങ്ങി വരും.പിറ്റേ ദിവസത്തെ വഴികളിലൂടെയും കാഴ്ച്ചകളിലൂടെയും ഒരോട്ട പ്രദക്ഷിണ മായിരിക്കും അത്.അടുത്ത ദിവസത്തെ യാത്രക്ക് നല്ലൊരു അടുക്കും ചിട്ടയും സമയലാഭവും നല്‍കാറുണ്ട് ഈ അഭ്യാസം.







അത്താഴ സമയത്തായിരിക്കും കണ്ടു കഴിഞ്ഞ കാഴ്ച്ചകളെക്കുറിച്ചുള്ള വെടിവട്ടം.ഇതിന്റെയൊക്കെ സൂത്രധാരന്‍ ഞാനാണെന്ന മട്ടില്‍ ഒരമ്പട ഞാനേ മന്ദഹാസവുമായി ഞാന്‍ ആ അത്താഴ വേളയ്ക്കു ആദ്ധ്യക്ഷ്യം വഹിക്കും .ഓരോ സ്ഥലത്തേയും ഭക്ഷണ വൈവിധ്യം അനുഭവിക്കുന്നത് ഉച്ച ഭക്ഷണവേളകളിലും നടത്തത്തിനിടയിലെ ലഘുഭക്ഷണത്തിലുമാണ്.യാത്രക്ക് ഒരുങ്ങുമ്പോള്‍ തന്നെ ചിലയിടങ്ങളിലെ വിശേഷ ഭോജ്യങ്ങള്‍ ഉന്നം വെച്ചിരിക്കും.ടര്‍ക്കിയിലെ പോട്ടറി കബാബ്,ഗ്രീസിലെ സൌവ്ലാക്കി,സിംഗപ്പൂരിലെ പന്നിപ്പക്കോട എന്നിങ്ങനെ. എന്തൊക്കെയായാലും യാത്രയൊക്കെക്കഴിഞ്ഞു വന്നു, വൈകുന്നേരങ്ങളില്‍ എല്ലാവരും ചേര്‍ന്ന് തയ്യാറാക്കുന്ന ഇരുകറിച്ചോറത്താഴത്തിന്റെ രുചിയോളം പോന്നതൊന്നും ഒരിടത്ത് നിന്നും കഴിച്ചിട്ടില്ല.


 

മുട്ടുകളെയും അരക്കെട്ടിനേയും കഠിനമായി ദ്രോഹിക്കുന്ന ഒസ്ടിയോ ആര്‍ത്രൈറ്റിസ് അവധിയെടുക്കുന്ന സമയം കൂടിയാണ് യാത്രാവേളകള്‍ അമ്മക്ക്.വര്‍ഷത്തില്‍ പതിനൊന്നു മാസം ആമയുടെ വേഗം പരിശീലിക്കുന്ന അമ്മ ഇടക്കുറങ്ങാത്ത മുയലാവും യാത്രയുടെ പന്ത്രണ്ടാം മാസം.അമ്മയുടെ വേദനകള്‍ക്കൊപ്പം എന്റെ മൈഗ്രൈനും കൂട്ട് പോവും.സഞ്ചാരകാലങ്ങളില്‍ അപൂര്‍വമായി മാത്രം എത്തുന്ന വികൃതിക്കുട്ടനാവും ,മറ്റു കാലങ്ങളില്‍ ശത്രുവിനേപ്പോലെ എന്നെ പീഡിപ്പിക്കാറുള്ള ചെന്നിക്കുത്ത്.

എണ്പതു വയസ്സിലെ യൌവ്വന യുക്തയായ അമ്മയാണ്  യാത്രകളില്ഞങ്ങളുടെ ആത്മീയവും ആഹാരികവുമായ പ്രചോദനം. പ്രയത്തിന്റെതായ ചില്ലറ പ്രശ്നങ്ങള്പ്രകടമാവുമ്പോള്അടുത്ത വാര്ഷികാവധിയിലേക്ക് തയ്യാറാക്കുന്ന യാത്രയുടെ പ്രലോഭനങ്ങള്കൊണ്ടാണ് ഞങ്ങള്ചികിത്സിക്കാറ്.എല്ലായ്പ്പോഴും വിജയിക്കുന്ന ഒരു ചികിത്സ.
ചിലപ്പോള്‍ ,കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളും  പറഞ്ഞു പറഞ്ഞു അമ്മയെ പ്രായം ബോധ്യപ്പെടുത്തും.കടുത്ത ചികിത്സ വേണ്ടി വരുന്ന ഗുരുതര സ്ഥിതിയില്‍  ഞങ്ങളുപയോക്കിക്കുന്ന ഫലപ്രദമായ പ്രതിമരുന്നാണ് വി.എസ്. അച്യുതാനന്ദന്‍ .
അമ്മ പ്രസരിപ്പിക്കുന്ന നിഷ്ക്കളങ്കമായ ഉത്സാഹത്തിലാണ് ഓരോ യാത്രയുടെയും ജീവന്‍.തണുപ്പിലും വെയിലിലും ക്ഷീണത്താലും ഊര്‍ജ്ജം ചോരുന്ന യാത്രക്ക് ഇങ്ങനെ ഇരുന്നാലെങ്ങനാ,ഇന്യും എന്തൊക്കെ കാണാണ്ട് “ എന്നിന്ധനം നിറയ്ക്കും അമ്മ



ഒരു യാത്രയും യാത്രയോടെ അവസാനിക്കുന്നില്ല.മഴ തോര്‍ന്നിട്ടും പെയ്യുന്ന മരമാണ് യാത്ര.അതങ്ങനെ പെയ്തു കൊണ്ടിരിക്കും. ഓര്‍മ്മകളായി, വര്‍ത്തമാനങ്ങളായി, കുറിപ്പുകളായി,ആതിഥേയരുടെ അടുത്തേക്ക് പറക്കുന്ന ഇമയിലുകളായി,മുഖപുസ്തകത്തില്‍ താളുകള്‍ ചേര്‍ക്കുന്ന പുതിയ സൌഹൃദങ്ങളായി അത് പെയ്തുകൊണ്ടിരിക്കും.റോമിലെ സന,പാരീസിലെ സ്റ്റീവ്,കപ്പടോക്ക്യായിലെ മെഹ്മത്,ലോകം ചുറ്റുന്ന നോമാഡിക് മാറ്റ്,ടര്‍ക്കി സ്പെഷ്യലിസ്റ്റ് റ്റോം ബ്രോസ്നോഹാന്‍ അങ്ങനെ അങ്ങനെ.....

ഓരോ യാത്രയും പല ശാസ്ത്ര വിഭാഗങ്ങളുടെ കൂടിച്ചേരലാണ് അതില്ഭൂമിശാസ്ത്രമുണ്ട്,ചരിത്രമുണ്ട്,സാമ്പത്തികമുണ്ട്,ഭാഷാഭ്യാസമുണ്ട്.അല്പസ്വല്പം മനശാസ്ത്രവുമുണ്ട്. രസകരവും തീക്ഷണവും ആയ ഒരു പഠന കളരി കൂടിയാണ് യാത്ര. ഒരു ദിവസം തുടങ്ങി മറ്റൊരു ദിവസം അവസാനിക്കുന്ന പുതുമയുടെ പേരല്ല യാത്ര.അത് ഇരു ദിവസങ്ങള്ക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും നമ്മെ പായിക്കുന്ന ഒരു ഉന്മാദമാണ്‌.ജീവിതത്തിലെ ചില ഇടവേളകളുടെ പ്രസന്നമായ അടയാളപ്പെടുത്തലുകളാണ്.
ഒരു യാത്രയും വിനോദയാത്രയായിരുന്നില്ല.വിനോദം അന്യമായിരുന്നില്ല താനും.യാത്രകള്‍ ഞങ്ങളെ വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.അവ തന്ന ഉത്തേജനമാണ് ഇടവേളകളില്‍ ഞങ്ങളെ ത്രസിപ്പിച്ചു നിര്‍ത്തിയത്.ദിവസങ്ങളുടെ ആവര്‍ത്തനവിരസതകളില്‍ ഇഴകളകലുന്ന കുടുംബബന്ധങ്ങളെ പുതിയ ഓടും പാവും നെയ്തുറപ്പിക്കുന്നത് ഈ യാത്രകളാണ്.
നടന്ന വഴികളേയും തങ്ങിയ ഇടങ്ങളേയും ഉറക്കിയ കിടക്കകളേയും കഴിച്ച ഭക്ഷണങ്ങളെയും ഞങ്ങള്‍ പ്രണയിക്കുന്നു.കണ്ട കാഴ്ചകളേയും കണ്ടുമുട്ടിയ സൌഹൃദങ്ങളേയും ഞങ്ങള്‍ ഓര്‍ക്കുന്നു.കണ്ടു മടങ്ങിയ ഓരോ സ്ഥലവും വിരഹം നുരയുന്ന പ്രണയമായി ഞങ്ങളെ തിരിച്ചു വിളിക്കുന്നുണ്ട്.



ഇത് ഞങ്ങളുടെ യാത്രാസന്നാഹങ്ങളുടെ കുറിപ്പ് മാത്രമല്ല.യാത്രകളിലെല്ലാം ചിരിച്ചും കളിച്ചും പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും പിണങ്ങിയും കണ്ണുരുട്ടിയും ശാസിച്ചും എന്നെ പക്വമതിയായ യാത്രികനും  കുടുബനാഥനുമാക്കിയ അമ്മ മുതല്‍ അമ്മു വരെയുള്ളവര്‍ക്കുള്ള സമര്‍പ്പണമാണ്‌.എല്ലാറ്റിനുമുപരി ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ സോമനാഥില്‍ നിന്നുള്ള യാത്രയില്‍ എനിക്ക് സഞ്ചാരജ്ഞാനസ്നാനം തന്ന കിഷോരിലാല്‍ എന്ന എന്‍റെ തലതൊട്ടപ്പനുള്ള സ്നേഹമുത്തമാണ്.



-മോഹന്‍