Friday 23 March 2018

ഹാക്കുണ മത്താത്ത ഭാഗം ഒന്ന് (ആഫ്രിക്കൻ സഫാരി)



--------------------------------------------------------------------------------------------------------------

തരംഗീരിയിലെ തലതിരിഞ്ഞ മരവും നിതംബഭംഗികളും.





ടാന്‍സാനിയായിലെ തരംഗീറി വനപ്രദേശം. ആറു ദിവസത്തെ ആഫ്രിക്കന്‍ സഫാരി ഇവിടെ നിന്ന് തുടങ്ങുന്നു. സ്വാഗതം ബോര്‍ഡിനു താഴെയുള്ള ‘ഇനിയെന്ത് സംഭവിച്ചാലും നിന്റെ കുറ്റം’ എന്ന ഭീഷണി വായിച്ചതോടെ മിനിയും അമ്മുവും സഫാരി വണ്ടിയുടെ ടോപ്പ് ഉയര്‍ത്തിവെച്ചു. മുന്‍ സീറ്റിലിരുന്ന്‍ ഞാന്‍ എന്റെ സൂം കാമറ തയ്യാറാക്കി വെച്ചു.ഞങ്ങള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലേക്ക് .

സഫാരി സാരഥി റഷീദ് തരംഗീറി പാര്‍ക്ക്‌ ഓഫീസിലേക്ക് പോയി.അനുമതിപത്രങ്ങളും ഞങ്ങളുടെ വിവരങ്ങളും അവിടെ സമര്‍പ്പിക്കേണ്ടതുണ്ട്.ഞങ്ങള്‍ മൂത്രപ്പുരയിലൊക്കെ പോയി വന്നു.കാട്ടില്‍ കേറിയാല്‍ പന്നെ ആ പണി നടക്കില്ല. മിനി അമ്മയെയും കൊണ്ട് ചെറിയൊരു നടത്തത്തിനു പോയി.അരുഷയില്‍ നിന്ന് തരംഗീരിയിലെയ്ക്ക് ഒറ്റയിരിപ്പയിരുന്നല്ലോ,അമ്മയ്ക്ക് ചെറിയൊരു നടത്തം ആവശ്യമാണ്‌.അല്ലെങ്കില്‍ വൈകുന്നേരമാവുമ്പോഴേക്കും മുട്ടുകള്‍ എന്പത്തിനാല് വയസ്സിന്റെ പിണക്കം കാണിയ്ക്കും.



കാടിന് ചേരും വിധത്തില്‍ തന്നെയാണ് പാര്‍ക്ക് ഓഫീസും പരിസരവും. പലയിടത്തും ആനയുടെയും പോത്തിന്റെയുമൊക്കെ തലയോട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സന്ദര്‍ശകര്‍ക്ക് വിശ്രമിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും ഏതാനും കൂരകളും സജ്ജമാണ്. റഷീദ് വന്നു ‘കരീബു സാന തരംഗീരി’ എന്ന്  സ്വാഗതം പറഞ്ഞ് ലാന്‍ഡ്‌ ക്രൂയിസറിനെ വിളിച്ചുണര്‍ത്തി.

മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന കൊടും കാടൊന്നുമല്ലയിത്. പരന്നു പരന്നു പുല്‍മൈതാനം.ഒരു പിശുക്കുമില്ലാതെ സൂര്യന്‍ വിളമ്പുന്ന വെളിച്ചം.ഇടയ്ക്കു പൊന്തകള്‍,കുറ്റിക്കാടുകള്‍,ചെറുമരങ്ങള്‍,കാടിന്റെ ഉള്ളിലേക്ക് നീങ്ങി നില്‍ക്കുന്ന ഏതാനും വന്മരങ്ങള്‍.അത്രേയുള്ളൂ.ഇതിനെ കാടെന്നു വിളിക്കുന്നത്‌ കേട്ടാല്‍ നമ്മുടെ വാല്പ്പാറയും,പറമ്പിക്കുളവും ഷോലയാറും പൊട്ടിക്കരയും.പക്ഷെ ഇവിടെ ഞങ്ങളെ കാത്തിരിക്കുന്ന മൃഗസമൃധി ഇന്ത്യന്‍ കാടുകളെ നാണിപ്പിക്കുകയും ചെയ്യും.



മൂന്ന് കാമറകള്‍ മൃഗങ്ങള്‍ക്ക് വേണ്ടി ലെന്‍സ്‌ തുറന്നു കാത്തിരിക്കുന്നു. എവിടെ ആനക്കൂട്ടങ്ങള്‍,സീബ്രകള്‍,വില്‍ഡ് ബീസ്റ്റുകള്‍,പക്ഷികള്‍?

ക്ഷമിക്ക്,നമ്മള്‍ തുടങ്ങിയിട്ടെയുള്ളൂ.ഇപ്പോള്‍ ആ മരം കാണൂ.ആ വലിയ മരം. റഷീദ് ചൂണ്ടിക്കാണിച്ചത് തെക്കനാഫ്രിക്കയുടെ പ്രിയപ്പെട്ട ബവ്ബോബ് (Baobab)മരമാണ്.കാട്ടാനയെ കാത്തിരുന്ന കാമറകള്‍ മരത്തെ പറിച്ചെടുത്തു.ഒരു കുട്ടിയാനയുടെ തടിയുള്ള തായ്ത്തടിയും ഉയരത്തില്‍ ചെന്ന് പെട്ടെന്ന് പിരിഞ്ഞു പോകുന്ന മെലിഞ്ഞ കൊമ്പുകളും.മഴയില്ലെങ്കിലും മഴക്കാലമാണല്ലോയെന്നോര്‍ത്താവാം നിറയെ പച്ചിലകള്‍.



കൊല്ലത്തിൽ ഒമ്പത് മാസങ്ങൾ മരം നഗ്നമായിരിക്കും ഇലകളൊക്കെ പൊഴിച്ച്.ആരോ വലിച്ചിട്ട് തല തിരിച്ച് കുഴിച്ചിട്ട പോലിരിക്കും മരമപ്പോൾ .അത് കൊണ്ടാണ് തലതിരിഞ്ഞ മരം  എന്ന് ബോവ്ബാബ് അവഹേളിക്കപ്പെടുന്നത്. ബോവ്ബാബിന്റെ ഈരൂപ വൈചിത്ര്യം ആസ്വദിക്കാൻ ഞങ്ങൾക്കായില്ല. അപ്പോഴേക്കും മൂപ്പര് പച്ചക്കുപ്പായമിട്ട് സുന്ദരക്കുട്ടപ്പനായില്ലേ. 

മരം തലതിരിഞ്ഞതിനെപ്പറ്റി ആഫ്രിക്കൻ കഥകൾ ഒരുപാടുണ്ട്.മഴയും വെള്ളവും കുറവായ തെക്കനാഫ്രിക്കക്ക് വേണ്ടി ദൈവം പ്രത്യേകം ഡിസൈൻ ചെയ്തിറക്കിയതാണ് ബോവ്ബാബിനെ. ഒരു വൈൻ ഗ്ലാസിന്റെ പരുവത്തിലായിരുന്നു രൂപകൽപ്പന. മഴക്കാലത്ത് ലഭിക്കുന്ന ജലം സൂക്ഷിക്കാനായിരുന്നു ആ വൈൻ ഗ്ലാസ്.പക്ഷേ ആ  സൂത്രം പൊട്ടൻ ബോവ് ബാബിന് പിടി കിട്ടിയില്ല. മറ്റു മരങ്ങൾ നല്ല ഉരുണ്ടുയർന്ന തായ് ത്തടിയും തല നിറയെ പച്ചപ്പുമായി നിൽക്കുമ്പോൾ ഞാൻ മാത്രം..... മരം കരച്ചിലായി പിഴിച്ചിലായി പരാതിയായി .ആകെ കലമ്പൽ .ദൈവത്തിന് സഹികെട്ടു .മൂപ്പര് മരം മാന്തിയെടുത്തു. തലകീഴായി കുഴിച്ചിട്ടു.ആകാശം കണ്ട വേരുകളിൽ ചെറിയ കൂർത്ത ഇലകൾ പൊടിച്ചു പൊടിച്ചു നിറഞ്ഞു. പഴയ ശാഖകൾ വേരുകളായി നനവ്തേടി കരുത്തോടെ താഴേക്കിറങ്ങി. ആഫ്രിക്കൻ ചെകുത്താന്റെ 'വെളുത്ത 'കുത്തിത്തിരുപ്പും ഈ വൃക്ഷസങ്കടത്തിന് പിന്നിലുണ്ടെന്ന് ചില ഗോത്രങ്ങൾ പാടി നടക്കുന്നുണ്ട്.



രൂപം അലമ്പായെങ്കിലും തലതിരിഞ്ഞ മരം തന്‍റെ കർമ്മം തുടർന്നു. ജലസംഭരണവും വിതരണവും. ധാരാളം നാരുകൾ മെനഞ്ഞുണ്ടാക്കിയ തടിയിലും പതുപതുത്ത പുറംതൊലിയിലുമായി ഗ്യാലൺ കണക്കിന് വെള്ളമാണ് പൂർണ്ണ വളർച്ചയെത്തിയ ബോവ്ബാബ് കരുതി വെക്കുന്നത്. ഈ പൂണ്ണ വളർച്ചയെന്ന് പറയുന്നത് എഴുന്നൂറ് വർഷം കൊണ്ടൊക്കെ സംഭവിക്കുന്നതാണ്. ഒരെണ്ണൂറ് വർഷമായാലേ ബോവ്ബാബിന്റെ തല തിരിഞ്ഞ സൗന്ദര്യംപൂണ്ണമായി ആസ്വദിക്കാനാവൂ. ആയിരത്തോളം വർഷമൊക്കെയാണ് ഇവന്റെ ആയുസ്സ് .ശരീരം നാരുമയമായതിനാൽ പ്രായമറിയിക്കുന്ന 'വളർച്ച വട്ടങ്ങൾ' ഇവർക്കില്ല. കാർബൺ ഡേറ്റിങ്ങാണ് ഉപയോഗിക്കാവുന്ന വിദ്യ. ഇവരിൽ ഏറ്റവും വയസ്സൻ സൗത്ത് ആഫ്രിക്കയിലാണ്. അവിടെ ഒരു സ്വകാര്യ ഫാമിൽ.പ്രായം ആറായിരം വർഷം. അതായത് ജനനം ബിസി നാലായിരത്തിൽ .ഇതിന്റെ പൊള്ളയായ അകത്തളത്തിൽ ഒരു കൊച്ചുബാറും നടത്തുന്നുണ്ട് ഇതിന്റെ ഉടമസ്ഥർ .

ഇന്ത്യയിൽ അപൂർവ്വമാണെങ്കിലും വിന്ധ്യനിലും ഗുജറാത്തിലും കൊങ്കൺ തീരത്തുമായി നൂറിൽപ്പരം ബോവ്ബാബ് മരങ്ങളുണ്ട്. ആഫ്രിക്കയിലെ സ്പീഷ്യസിനോടാണ് ഇവർക്ക് വംശക്കൂറ്. വിത്തുകൾ കടലിലുടെ ഒഴുകി വന്നടിഞ്ഞതോ അറബി കച്ചവടക്കാർ കൊണ്ടുവന്ന് പിടിപ്പിച്ചതോ ആവാം. ചിലയിടങ്ങളില്ലാം സർക്കാർ ഇതിനെ സർക്കാർ സംരക്ഷിത മരമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജപാളയത്തെ ചിന്മയ വിദ്യാലയത്തിൽ ഒരു വലിയ ബോവ്ബാബ് സംരക്ഷിക്കപ്പെടുന്നുണ്ട്.

തരംഗീറിലെ ആദ്യ ആനക്കാഴ്ചയും ഒരു ബോവ്ബാബിനൊപ്പമായിരുന്നു. വറുതിക്കാലത്ത് ആനകളുടെ ജലസ്രോതസ്സാണ്  ഈ മരത്തിന്റെ തൊലിയും നാരുകളും. ടാൻസാനിയയിലാണെങ്കിൽ എന്നും വറുതിക്കാലമാണ്. ചിലപ്പോൾ ആനക്കൂട്ടമോ ആർത്തി മുഴുത്ത ആനക്കുട്ടനോ മരത്തെ വല്ലാതെ ആക്രമിക്കും. തല തിരിഞ്ഞവനും സ്രഷ്ടാവിനെ ചോദ്യം ചെയ്ത തിരുമാലിയും ഒക്കെയാണെങ്കിലും ആളൊരു പൊണ്ണത്തടിയനാണ് .ദുർബല ശരീരനും ദുർബലമനസ്ക്കനുമാണ്. ഒറ്റപ്പെട്ടവനുമാണ്. കൂട്ടമായി ബോവ്ബാബുകളെ സാധാരണ കാണാറില്ല. ആനകളുടേയും മൃഗങ്ങളുടേയും അതിക്രമം അധികമായാൽ മരം നിലംപതിക്കും. പിന്നൊയൊരു കൂമ്പാരം നാരുകളായി ദ്രവിച്ചു തീരും. പഴക്കം ചെന്ന മുൻ തലമുറ മരങ്ങളൊക്കെ ഇങ്ങനെയും പ്രായം കൊണ്ടും തീർന്നുകൊണ്ടിരിക്കുകയാണ്. പുതിയ മരങ്ങൾ മൃഗങ്ങളുടെ , പ്രത്യേകിച്ചും ആനകളുടെ ആർത്തിയിൽ അകാലത്തിൽ മരിച്ചു പോകുകയാണ്. ആനകൾ കൂടുതലും ബോവ്ബാബുകൾ കുറവും ആയ തെക്കു കിഴക്കേ ആഫ്രിക്കയിൽ നിന്ന് ഈ മരം തന്നെ മറഞ്ഞു പോയേക്കാം.


എന്നാൽ അങ്ങനെയങ്ങു തോറ്റു മരിക്കുന്നവനല്ല ബോവ്ബോബ്. ദൈവത്തോട് കലഹിച്ചവനാണ് . തല തിരിച്ചിട്ടപ്പോൾ വേരും കൊമ്പും മാറി കുരുത്തവനാണ്. ആനകൾ തൊലി കുത്തിയെടുത്തു പോയാൽ അവൻ പുതിയ തൊലി വളർത്തും. കാറ്റോ കാട്ടാനകളോ മറിച്ചിട്ടാല്‍ പുതിയ തായ്ത്തടി വളർത്തിയെടുക്കും. അങ്ങനെയങ്ങ് കുറ്റിയറ്റ് പോവില്ല ഈ തല തിരിഞ്ഞ വൃക്ഷവംശം എന്ന് റഷ്ദി ഉറപ്പുതരുന്നു. 

ഇന്ന് തരംഗീറിൽ മാത്രമേ ടാൻസാനിയയിൽ ബോവ്ബാബുകളുള്ളൂ. ഇവിടത്തെ മറ്റൊരു രസികൻ മരമാണ് സോസേജ് ട്രീ.മരക്കൊമ്പുകളിലെമ്പാടും സോസേജുകൾ തൂക്കിയിട്ടപോലെ പഴങ്ങൾ തൂങ്ങിക്കിടക്കുന്നത് രസകരമാണ്. ആനകളുടെ പ്രിയഭോജ്യമാണ് ഈ വെജ് സോസേജുകൾ .സോസേജ് മരങ്ങൾ നമുക്ക് സെരങ്കട്ടിയിലും ഗോരങ്ങ്ഗോരോയിലും മന്യാരയിലും കാണാം. 

കാടിന്റെ ഉള്ളിലേക്ക് ചെല്ലുന്തോറും കാട് , മൃഗങ്ങളും പക്ഷികളും ഉറവിടമറിയാത്ത ശബ്ദങ്ങളുമൊക്കെയായി സമ്പൂർണ്ണമാവുന്നു.ഞങ്ങളും ഇവിടെയൊക്കെയുണ്ട് എന്ന് ചിന്നം വിളിച്ച് ആനക്കൂട്ടങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കൊച്ചു കൃസൃതിക്കുട്ടന്മാരും കൂട്ടത്തിലുണ്ട്. നീളൻ കൊമ്പന്മാരും കുഞ്ഞൻ കൊമ്പുള്ള സുന്ദരികളുമുണ്ട്. ചിലർക്ക് പ്രിയം തഴെയുള്ള പുല്ലും കുറ്റിച്ചെടികളുമാണ്. ചില കരിവീരന്മാർ മരച്ചില്ലകൾ ഒടിച്ചെടുക്കുകയാണ്. രണ്ടു പേർ അപ്പുറത്തെ ഒറ്റപ്പെട്ട ബോവ്ബാബ് മരത്തിലേക്ക് നടക്കുന്നു. മറ്റൊരു ചെറുകൂട്ടം സഫാരിവണ്ടികൾ കടന്നു പോവുന്ന മൺപാതക്കരികിൽ ഞങ്ങളെ കാത്ത് നില്ക്കുന്നു.



റഷീദ് വണ്ടി നിർത്തി .എഞ്ചിൻ ഓഫാക്കുകയും ചെയ്തു. ഒരു കൂട്ടം ആനകൾക്കിടയിലാണ് വണ്ടിയങ്ങനെ നിർത്തിയിട്ടിരിക്കുന്നത് പഹയൻ.ഒരുത്തനാണെങ്കിൽ റോഡിന് വളരെ അടുത്താണ്. ഞങ്ങളൊന്നു വിറച്ചു. ആഫ്രിക്കൻ കാട്ടുകറമ്പനൊന്നു കലി വന്നാൽ? ഇടം തിരിയാനെ, വലം തിരിയാനെ, തിരിച്ചു പോ ആനേ എന്നൊന്നും അലറി വിളിച്ചിട്ട് ഒരു കാര്യവുമില്ല. റഷീദേ, വണ്ടി സ്റ്റാർട്ടാക്കി നിർത്തിക്കോളൂ എന്നായി ഞാൻ.റഷീദ് ഹക്കുണ മത്താത്ത പറഞ്ഞ് ,ചിരിച്ച് എന്‍റെ മുകളിലെ ടോപ്പും തുറന്നു വെച്ചു.

രാവിലെ ഒമ്പത് മണിയോടെ അരുഷയിൽ നിന്ന് പുറപ്പെടുമ്പോൾ സഫാരി സാരഥി പരിചയപ്പെടുത്തിക്കൊണ്ട് റാഷീദി എന്നോ റാഷ്ടീ എന്നോ പേര് പറഞ്ഞു. അമ്മയ്ക്കാ പേര് ബുദ്ധിമുട്ടായി. എന്നെക്കൊണ്ടു വയ്യ, റഷീദ്.റഷീദ് മതി .ഞാൻ റഷീദെന്നേ വിളിക്കൂ എന്നായി അമ്മ.റഷീദ് അപ്പോൾ ഇതേ ചിരി ചിരിച്ചു.ഇതേ ഹക്കുണ മത്താത്ത പാടി. അങ്ങനെ ഞങ്ങളുടെ സ്വാഹിലി സമ്പത്തിലേക്ക് ജാംബോയ്ക്കും കാരിബു സാനയ്ക്കും അസാൻഡ സാനയ്ക്കും ശേഷം മറ്റൊരു പ്രയോഗം കൂടി കയറിപ്പറ്റി.

വാഹനം ഓഫാക്കിയില്ലെങ്കിൽ വണ്ടിയുടെ വിറയൽ ഫോട്ടോകളുടെ ശോഭ കെടുത്തുമെന്നാണ് റഷീദ് പറയുന്നത്. ശക്തി കൂടിയ എഞ്ചിനുള്ള ലാൻഡ്  ക്രൂസർ പരിഷ്ക്കരിച്ചാണ് സഫാരി വണ്ടികളാവുന്നത്. കുലുക്കം പ്രശ്നം തന്നെയാണ് .അടുത്തേക്ക് നീങ്ങിവരുന്ന ആനക്കുട്ടവും പ്രശ്നമാണ്. സഫാരി വണ്ടികളോട് മൃഗങ്ങൾക്ക് പൊതുവേ സൗഹൃദമാണെന്നാണ് റഷീദ് പറയുന്നത്. അങ്ങോട്ട് ശല്യമില്ലെങ്കിൽ ഇങ്ങോട്ടുമില്ല. സഫാരി നടക്കുന്ന  കാടുകളിൽ നായാട്ടില്ലാത്തതിനാൽ അവർ മനുഷ്യരെ വേട്ടക്കാരായി കാണുന്നില്ല. റഷീദിനെ വിശ്വസിക്കുന്നു. വിശ്വാസം അതല്ലെ എല്ലാം, നാട്ടിലായാലും കാട്ടിലായാലും .ആ വിശ്വാസം സഫാരിയുടെ ആറു ദിവസങ്ങളിലും കാട്ടിലെ സുഹൃത്തുക്കൾ കാത്തു സൂക്ഷിച്ചു, സെരങ്കട്ടിയിൽ വെച്ചൊരു ബബൂൺ വണ്ടിയിലേക്ക് കയറി വന്ന് അമ്മുവിൽ നിന്നൊരു പഴം തട്ടിയെടുത്തതൊഴിച്ചാൽ .



മെല്ലെ മെല്ലെ ഭയം കുറഞ്ഞു. ആശങ്കകൾ കാട്ടിലേക്കിറങ്ങിപ്പോയി. കുറുമ്പനാനകൾ കൊച്ചു കുസൃതികളുമായി അടുത്തുവന്ന് തലയാട്ടി പരിചയപ്പെട്ടു. ഒരാൾ ഒരു കെട്ടു പുല്ലും പറിച്ച് വന്ന് അമ്മയുടെ ഭാഗത്ത് വന്ന് ചവച്ചുതുടങ്ങി. അമ്മയും ആനയും അതൊരേപോലെ ആസ്വദിച്ചു. കൊമ്പന്മാരും യുവാക്കളും ,അമ്മയുടെ കാലുകൾക്കിടയിലേക്ക് മുല തേടി നൂഴ്ന്നു കയറുന്ന കുട്ടിക്കുസൃതികളുമായി ആനക്കൂട്ടങ്ങൾ പിന്നെയും പിന്നെയും. കാട്ടിലെ ആദ്യമൃഗകാഴ്ചയുടെ സമൃദ്ധിയിൽ ഞങ്ങൾ അന്തം വിട്ടിരിക്കുന്നു. ലോങ്ങ്ഷോട്ടിലും സൂമിലും വൈഡ് ആംഗിളിലുമായി അവരെല്ലാം സസ്നേഹം ഞങ്ങളുടെ ക്യാമറയിൽ കയറിയിരുന്നു .വീഡിയോ ക്യാമറയുമായി  മിനി ഇടത്തും വലത്തും മാറിമാറിയും ചിലപ്പോൾ മുന്നൂറ്റിയറുപത് ഡിഗ്രിയിലും കറങ്ങുന്നു . ഞങ്ങളുടെ പ്രതീക്ഷകൾക്കുമപ്പുറത്തേക്കാണ് ടാൻസാനിയൻ കാടുകൾ വളർന്നു കയറുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളുടെ ആഹ്ളാദം റഷീദ് നന്നായി ആസ്വദിക്കുന്നുണ്ട്.



ക്യാമറകളിൽ എസ്ഡി കാർഡുകളിൽ ചിത്രങ്ങളും വീഡിയോകളും കുമിഞ്ഞുകൂടുകയാണ്. മതി, പോകാം എന്നായപ്പോൾ റഷീദ് പറയുന്നു " വരട്ടെ,അവനും കൂടി വന്നോട്ടെ ''. അവൻ നീണ്ട കൊമ്പുകൾക്ക് മേലെ തുമ്പിക്കൈ പിണച്ചുവെച്ച് തലയും മൂടും കുലുക്കി വരുകയാണ്. ഒരു പ്രഭാത സവാരിക്കിടയിൽ കണ്ടുമുട്ടിയവരോട് ഒന്ന് കുശലം പറഞ്ഞേക്കാം എന്ന മട്ട് .ക്ഷുബ്ധനല്ല. രസിച്ചാണ് വരവ്. ലക്ഷ്യം ഞങ്ങൾ തന്നെയാണ് .ഞങ്ങൾ പേടിക്കണോ വേണ്ടയോ എന്ന വിറയിലിലായി. തൊട്ടപ്പുറത്തുള്ള രണ്ടു മൂന്ന് സഫാരി വണ്ടിക്കാർ അതാസ്വദിച്ചു നില്ക്കുകയാണ്.
വേഗം ,വേഗം .പടമെടുക്കൂ. വീഡിയോയെടുക്കൂ. ഗംഭീരമായ ചിത്രങ്ങൾ കിട്ടും. റഷീദ് തിരക്ക് കൂട്ടി.
ഉവ്വുവ്വ്. അവൻ വന്ന് ഈ വണ്ടി കുത്തിമറിച്ചിടുമ്പോൾ നല്ല പടം കിട്ടും അപ്പുറത്തെ വണ്ടിക്കാർക്ക് .അതും പറഞ്ഞ് അമ്മു അവനെ തന്റെ DSLRലേക്ക് പിടിച്ചുകെട്ടിത്തുടങ്ങി.
അമ്മുവിന് റഷീദിന്‍റെയും കാടിന്‍റെയും ആനകളുടേയും നിഷ്ക്കളങ്കതയിൽ ഇപ്പോഴും വിശ്വാസമായിട്ടില്ല.

അവൻ അടുത്ത് വന്ന് ചെറിയ കണ്ണുകൾ അടച്ചു തുറക്കുകയും ചെവി മെല്ലെയാട്ടുകയും താഴ്ത്തിയിടുകയും ചെയ്തു. പിന്നെ തുമ്പിക്കയ്യുയർത്തി എനിക്ക് മുമ്പിലെ ബോണറ്റിൽ വെച്ച് വണ്ടിയിലെ മുൻ വരിക്കാരെയൊന്നു നോക്കി റോഡിനപ്പുറത്തേക്ക് കടന്നു പോയി. ഞങ്ങൾക്ക് ബാക്കിയുണ്ടായിരുന്ന ഇത്തിരി സഫാരിപ്പേടിയും കൊണ്ടാണ് അവൻ പോയത്.



റഷീദിന് സന്തോഷമായി.ഞങ്ങൾക്കും. ലാൻഡ് ക്രൂയിസർ വീണ്ടും മുരണ്ടു. തരങ്ങ്ഗീറിയിലെ പ്രധാനവിഭവങ്ങൾ ബോവ്ബാബ് മരങ്ങളും ആനകളുമാണ് .ചെറുമഴയൊക്കെ തുടങ്ങിയിരിക്കുന്നു കിഴക്കനാഫ്രിക്കയിൽ .കൊടുംവേനൽ മടങ്ങിപ്പോയിരിക്കുന്നു. അല്ലെങ്കിൽ ആനകളുടെ പ്രളയമായേനെ എന്നാണ് റഷീദ് പറയുന്നത്. ആനകൾ    മാത്രമല്ല, സിംഹങ്ങളും പുള്ളിപ്പുലികളും ചീറ്റകളും ബീസ്റ്റുകളും മറ്റു ചെറുമൃഗങ്ങളും ഇത്തിരി നനവും തേടി തരംഗീറി  നദീതടത്തിലേക്കൊഴുകും. ഡിസംബർ ജനുവരികളിൽ മഴയൊഴുകുമ്പോൾ അവർ തരംഗീറി വനത്തെ അതിന്‍റെ പരമ്പരാഗത അന്തേവാസികൾക്ക് തിരികെക്കൊടുത്ത് മാതൃവനത്തിലേക്ക് മടങ്ങും. ഡിസംബർ മധ്യവാരത്തിലെ സഫാരി കറെയൊക്കെ മൃഗക്കാഴ്ചകൾ നഷ്ടപ്പെടുമെന്നറിഞ്ഞുതന്നെയാണ്  ഞങ്ങൾ തുടങ്ങുന്നത്.

എരാങ്ങി കുന്നുകളിലെ മഴയും ജലവും ശേഖരിച്ചെത്തുന്ന തരംഗീറി നദി കാര്യമായി നിറഞ്ഞിട്ടില്ല. എങ്കിലും ചുറ്റുമുള്ള ചതുപ്പിലും വെള്ളക്കെട്ടുകളിലും ജലത്തെ പിടിച്ചു നിർത്തുന്നത് തരംഗീറി നദി അതിന്‍റെ ഗർഭത്തിൽ പേറുന്ന വെള്ളമാണ്.

ചെറുകുന്നുകളും പുൽമൈതാനങ്ങളും കുറ്റിക്കാടുകളും ചതുപ്പുകളും ജലാശയങ്ങളും ഇടക്കിടക്ക് ബോവ്ബാബുകളും സോസേജ് മരങ്ങളും അക്കേഷ്യയും ഒക്കെ നിറഞ്ഞതാണ് തരംഗീറി വനത്തിന്‍റെ ഭൂപ്രകൃതി.അതിലൂടെ കേറിയിറങ്ങിയും ഇളകിയാടിയും മുരണ്ടു നീങ്ങുകയാണ് സഫാരി. സീസണല്ലാത്തതിനാൽ മൃഗങ്ങളെപ്പോലെ സഫാരി വണ്ടികളും കുറവാണ്. പിന്നെ കുറേപ്പേരൊക്കെ സെരങ്കട്ടിയും ന്ഗോരങ്ങ് ഗോരയും കണ്ടു തിരിച്ചുപോകും. 

ചതുപ്പുകൾക്കരികിൽ എതാനും കൊക്കുകൾ തത്തിനടക്കുന്നുണ്ട്. ഗ്രെ ക്രൗൺ ക്രെയിൻ വിഭാഗത്തിൽ പെട്ട എതാനും പേർ ഹാജരായിട്ടുണ്ട്. അതിസുന്ദരരാണിവർ. രണ്ടു പേർ കൂട്ടുചേർന്ന് ഇര തേടുന്നുണ്ട്. ഇണകളാകാം. അത്ഭുതകരമായ synchronization അവരുടെ നീക്കങ്ങളിലുണ്ട്. കഴുത്തുയരുന്നതും താഴുന്നതും ഇരയെടുക്കുന്നതും എല്ലാം ഒരുമിച്ച് .നടക്കുന്നത് സമാന്തരമായ വരകളിലൂടെ .നീളൻ കാലുകളുടെ ചലനം മാർച്ച് പാസ്റ്റിലേത് പോലെ കൃത്യം. തൊട്ടപ്പുറത്തെ ഇല കൊഴിഞ്ഞ് ഉണക്കം പിടിച്ച മരത്തിൽ രണ്ടു പേർ ഉറക്കം പിടിച്ചിരുപ്പുണ്ട്. നമ്മൾ കണ്ടു ശീലിച്ച വെള്ള കൊക്കുകൾ.ചുവന്നു നീണ്ട കൊക്കും മഞ്ഞച്ച നീളൻ കാലുകളുമായി . ചതുപ്പിനേയും കടന്നാൽ ഇരുവശത്തും ചെറു ജലാശയങ്ങളാണ് .ഒരു പറ്റം സീബ്രകൾ രണ്ടിടത്തുമുണ്ട്. ചിലർ വെള്ളത്തിലിറങ്ങി നിൽപ്പാണ്. ഏതാനും പേർ കൂട്ടമായി നിന്ന് വെള്ളം കുടിക്കുന്നു. അവരുടെ കറുപ്പും വെളുപ്പും വരകളെല്ലാം കൂടി കെട്ടുപിണഞ്ഞ് കണ്ണകളുടെ സ്വസ്ഥത കെടുത്തുന്നു.സീബ്രകളുടെ നിറം കറുപ്പാണെന്നും വരകളാണ് വെളുപ്പെന്നും റഷീദ് പറയുന്നു.ഭ്രൂണശാസ്ത്രപരമായ  പഠനനിഗമനങ്ങളും ഇത് തന്നെയെന്ന് ഞാന്‍ പിന്നീട് വായിച്ചറിഞ്ഞു.



കാട് കൂടുതൽ സജീവമാവുകയാണ്. ഒരുപാട് പക്ഷികൾ. ഒട്ടുമുക്കാലും ഞങ്ങളുടെ അറിവുകളിലേക്ക് മുമ്പ് ചിറകടിച്ചിട്ടില്ലാത്തവർ.വിചിത്രമായ നിറസങ്കലനങ്ങൾ, രൂപഭംഗികൾ, കിളിപ്പേച്ചുകൾ.റഷീദ് ക്ഷമയോടെ ഓരോരുത്തരേയും പരിചയപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷിലും നാട്ടു വിളിപ്പേരും പറഞ്ഞു തരുന്നുണ്ട്. 'കിളി നോട്ടത്തിൽ ' അസ്ഥിക്ക് പിടിക്കും കമ്പമില്ലാത്തതിനാൽ അതൊന്നും തലച്ചോർ ചേർത്തുവെച്ചില്ല.Black headed heron, white faced whistling  duck, yellow  necked spur foul ,ഗിനി ഫൌള്‍,ഈജിപ്ഷ്യന്‍ ഗൂസ്  എന്നിങ്ങനെ  ഏതാനും പക്ഷികൾ വീണ്ടും വീണ്ടും മുന്നിലെത്തുകയും റഷീദ് വിസ്തരിച്ച് പറയുകയും ചെയ്തതിനാൽ ഇപ്പോഴും ഓർമ്മയിലും കാമറയിലുമുണ്ട്. കാമറയെടുക്കുമ്പോഴേക്കും പറന്ന് പോകുന്ന ദുസ്വഭാവം ഇവിടത്തെ പക്ഷികൾക്കില്ല.



റഷീദ് പരിചിതവഴികളിലൂടെ ലാൻഡ് ക്രുയിസർ കുതിരയെ തെളിച്ചുകൊണ്ടു പോകുകയാണ്. എവിടെ എപ്പോൾ ഏതൊക്കെ മൃഗങ്ങളെന്ന് ഏകദേശം മൂപ്പർക്കറിയാം. തുടരെത്തുടരെ വന്ന് റഷീദിനീ കാട്  മൃഗശാലയായിക്കാണും. മാൻ കൂട്ടങ്ങൾ അവയുടെ ഭയം തുളുമ്പുന്ന നോട്ടങ്ങളും ചപലതകളുമായി വന്നിട്ടുണ്ട്. ചെറു മാനുകളും ഗസ്സില്ലകളും ഇംപാലകളും കൂട്ടത്തിലുണ്ട്. ചെറുകൂട്ടങ്ങളായി പിന്നെയും പിന്നെയും സീബ്രകൾ. കൂട്ടത്തിൽ ഓരോരുത്തരും ഓരോ ദിക്കിലേക്ക് ശ്രദ്ധവെച്ചിരിക്കുന്നത് സീബ്രകളുടെ പ്രത്യേകതയാണ്. കാട്ടിലെപ്പോഴും സംഭവിക്കാവുന്ന വേട്ടയിലേക്കാണ്  ആ കരുതൽ. അലസത ഭാവിക്കുമ്പോഴും ഇളം പുല്ലും തളിരിലകളും രുചിക്കുമ്പോഴും കൂട്ടുകാരൊത്ത് തിമിർത്ത് മറിയുമ്പോഴും ചാടി വീഴുന്ന ഒരാക്രമണം, ഇര തേടലിന്റെ പല്ലിറുക്കൽ ,അങ്ങനെയൊക്കെ ഭയക്കുന്നുണ്ടവർ. പുൽനാമ്പുകളും സസ്യങ്ങളും മരച്ചില്ലകളും ഇത് പോലെ തങ്ങളെ ചവച്ചിറക്കുന്ന ഇരയെക്കാത്ത് ഭയക്കുന്നുണ്ടാകാം.



ഒന്നരയോടെ ഞങ്ങൾ തരംഗീറി വനത്തിലെ പിക്നിക്ക് ഏരിയയിലെത്തി. ഓരോ വനത്തിലും ഒന്നോ രണ്ടോ പിക്നിക്ക് ഇടങ്ങളുണ്ടാവും. ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ,മേശകൾ , ബെഞ്ചുകൾ, വേസ്റ്റ്‌ സംഭരണികൾ ,ടോയ്ലറ്റുകൾ തുടങ്ങിയവയൊക്കെ ഇവിടെയുണ്ടാവും. ഭംഗിയായും വൃത്തിയായും വെച്ചിട്ടുണ്ട് ഇവിടെ.ഇരുപത്തഞ്ചോളം പേർക്ക്  ഭക്ഷണം കഴിക്കാനുള്ള സ്ഥലസൗകര്യമുണ്ട് ഇവിടെ.ഹാളിന് മേൽക്കൂരയുമുണ്ട്. ഇവിടേക്കും ടോയ്ലറ്റിലേക്കും വീൽ ചെയറിന് പോകാവുന്ന വിധത്തിലാണ് വഴി സംവിധാനം ചെയ്തിരിക്കുന്നത്.

റഷീദ് കാട്ടുമരത്തണലിൽ വണ്ടി നിർത്തി.അമ്മയെ വണ്ടിയിൽ നിന്നിറക്കാൻ പേരക്കുട്ടിയെപ്പോലെ റഷീദ് ഓടി വന്നു. ഡിക്കിയിൽ കരുതി വെച്ചിരുന്ന പിവിസിപ്പെട്ടിയെടുത്തു വെച്ച് വണ്ടിയിൽ നിന്നുള്ള ഇറക്കം ലളിതമാക്കി. 'പോലെ പോലെ ' (മെല്ലെ മെല്ലെ) പറഞ്ഞ് അമ്മയ്ക്കൊപ്പം നിന്നു. സൂപ്പർ മാമ, ഹക്കുണമത്താത്ത (അടിപൊളി അമ്മ, ഒന്നും പ്രശ്നമല്ല)എന്നുറക്കെപ്പാടി ആ ഇറക്കത്തിന് താളവും ഊർജ്ജവും നൽകി.അരുഷയിൽ നിന്ന് രജാബു ഏൽപ്പിച്ച ഭക്ഷണപ്പൊതികളുമായി ഞങ്ങൾ മെസ് ഏരിയായിലേക്ക് നടന്നു. ഒരു മേശക്കിരുപുറത്തായി ഞങ്ങൾ ഇരുന്നു. മറ്റൊരു സഫാരി സംഘം അടുത്ത മേശയിലുണ്ട്. കണ്ടിട്ട് ഒരു ഭാരതീയം ലുക്കുണ്ട് .തെക്കൻ ആഫ്രിക്കയിൽ ഇത്തരം മുഖങ്ങൾ സാധാരണമാണ്. വർഷങ്ങൾക്ക് മുമ്പേ ഗുജറാത്തിൽ നിന്നും മറ്റും കുടിയേറിയവരുടെ പിൻതലമുറകൾ ധാരാളമായിത്തന്നെ ഇവിടെയുണ്ട്. രണ്ടായിരത്തി ഏഴില്‍  ടാൻസാനിയൻ സുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ടത് റിച്ച ആദ്യ എന്ന ഇന്ത്യൻ വംശജയാണ്.ഇവര്‍ .തന്നെയാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ അക്കൊല്ലം ടാൻസാനിയായെ പ്രതിനിധീകരിച്ചത് .



ടൂര്‍ ഓപ്പരേട്ടര്‍ രജബു കൊടുത്തയച്ച പൊതികളിൽ സമോസയും കേയ്ക്കും പൊരിച്ച കോഴിക്കാലും ഏതാനും പഴങ്ങളും ജ്യൂസും സാലഡുമായിരുന്നു. വെള്ളം കുപ്പിക്കണക്കിന്  റഷീദ് അരുഷയിൽ നിന്ന് കരുതിയിരുന്നു. ഭക്ഷണസ്ഥലത്ത് കുരങ്ങൻ വർഗ്ഗത്തെ സൂക്ഷിക്കണമെന്ന് റഷീദ് മുന്നറിയിപ്പ് തന്നിരുന്നു.എന്നാൽ അവരാരും ശല്യത്തിന് വന്നില്ല .തൊട്ടപ്പുറത്ത് മാൻകൂട്ടങ്ങളും സീബ്രകളും ഒരു കാട്ടുപന്നിക്കൂട്ടം തങ്ങളുടെ കുഞ്ഞൻമാരുമായും മേയുന്നുണ്ട്. അവർക്കും ഞങ്ങളുടെ ഭക്ഷണത്തിൽ കണ്ണില്ല .ഭക്ഷണം ആവശ്യത്തിലധികമായിരുന്നു. കാട്ടിലേക്കിറങ്ങാനുള്ള ആവേശത്തിൽ ഞങ്ങൾ കഴിച്ചത് കുറവുമായിരുന്നു.ബാക്കി വന്നത് റഷീദ്  വൃത്തിയോടെ ഒരു പാക്കറ്റിലാക്കി വണ്ടിയിൽ വെച്ചു. 



മെസ് ഏരിയയ്ക്ക് ചേർന്ന് ഒരു ബാവ്ബോബ്  ആന കുത്തിപ്പൊളിച്ച തൊലിയുമായി പന്തലിച്ച് നിൽക്കുന്നുണ്ട്. അതിനു പിന്നിൽ ധാരാളം അക്കേഷ്യ മരങ്ങൾ.റഷീദ് മേശ വൃത്തിയാക്കി വേസ്റ്റെല്ലാം ഒരു ചാക്കിലാക്കി ഡിക്കിയിൽ വെച്ചു. ഒന്നും പിക്നിക്ക് എരിയായിൽ ഉപേക്ഷിക്കാൻ പാടില്ല. സഫാരി വണ്ടി പാർക്ക് ചെയ്തതിന് അടുത്ത് ഒരു ടെൻറടിച്ചിട്ടുണ്ട്. ചെറിയത്. രണ്ടു പേർക്ക് പാകം.പുറത്തൊരു മധ്യവയസ്ക്കൻ സായ്പ് മടക്കുകസേരയിലിരുന്ന്  വായനയിലാണ്. മറ്റൊരുത്തൻ ടെന്റിനുള്ളിൽ ഉറക്കത്തിലാണ്. കാട്ടിനുള്ളിൽ ഇത്തരം ടെന്റിലുറക്കം കൊതിപ്പിക്കുന്നതാണ്, കുന്നോളം പേടിയുണ്ടെങ്കിലും .


ടാൻസാനിയൻ കാടുകളിൽ പലതരം ടെൻറുകൾ ലഭ്യമാണ്. ഒന്നോ രണ്ടോ മുറിയും കട്ടിലുകളും ഫ്ലഷ് ക്ലോസറ്റും സോളാർ വെളിച്ചവുമൊക്കെയായി ലക്ഷ്വറി ടെൻറുകൾ .അത്തരം എട്ടോ പത്തോ ടെൻറുകൾ ഒരുമിച്ചുണ്ടാകും. ഗാർഡുകളും റിസപ്ഷൻ ഏരിയയും മെസ്സ് ഹാളും ഉണ്ടാകും.

പിന്നെയുള്ളത് ഇവിടെ കണ്ട തരം ടെൻറുകളാണ്. മൊബൈൽ ടെൻറുകളാണ് .ഭക്ഷണം ലഭിക്കും.ടോയ്ലറ്റ് സൗകര്യങ്ങളുണ്ടാവും. ചിലർ നിലത്തും ചിലർ സഫാരി വണ്ടിക്ക് മുകളിലും ടെൻറടിക്കും.വൈകുന്നേരം തോക്കുമായി റേഞ്ചർ വരും. പകൽ സമയങ്ങളിൽ ഒരു ഗാർഡ് ഉണ്ടാകും . 



മൂന്നാമത്തെ കൂട്ടം പരമസാഹസികമാണ്.വീണിടം വിഷ്ണു ലോകം. എങ്കിലും ഒരു വിധം സുരക്ഷിതമായ സ്ഥലം സഫാരി ക്കാർക്കറിയാം. ഡ്രൈവറും കുക്കും സഹായിയും കൂട്ടത്തിലുണ്ടാവും. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും സൗകര്യങ്ങളും വണ്ടിയിൽ സൂക്ഷിക്കും. ആവശ്യാനുസരണം പാകം ചെയ്തു കഴിക്കാം. മലശോധനയ്ക്ക്  ബോർവെൽ കുഴിക്കുന്ന പോലെ കുഴിയെടുത്തു തരും. മുകളിൽ ഒരു ക്ലോസെറ്റ് ഫ്രെയിം വെച്ച് തരും.ഓരോരുത്തർക്കും അവരവരുടെ സമ്പാദ്യം നിക്ഷേപിച്ച് മണ്ണിട്ടുമൂടാം. അതിന് മുകളിൽ അടുത്ത ആൾ. വീണ്ടും മണ്ണ് .അങ്ങനെ.ഇത്തരം സഫാരിക്ക് ചിലവ് കുറവാണ്. കൂടുതൽ രസകരമാണ്. ധൈര്യമുണ്ടെങ്കിൽ.

ടെൻറുകളും അതിന്റെ കൊളുത്തുകളും കയറുകളും മൃഗങ്ങൾക്ക് ഭയമാണ് എന്നാണ് വിശ്വാസം. തമ്പടിച്ചു താമസിക്കുമ്പോൾ സഫാരി നിയമങ്ങൾ കൃത്യമായി പാലിക്കണം. ഇരുട്ടു വീണാൽ പ്രകൃതി ഏത് രൂപത്തിൽ വിളിച്ചാലും പുറത്തിറങ്ങരുത്.തമ്പിനകത്ത് സാധിച്ചോളണം. ടെന്റിന്റെ അടിസ്ഥാനം ക്ഷുദ്രജീവികൾക്ക് നുഴഞ്ഞു കയറാനാവാത്ത വിധം ഭൂമിയോട് ചേർത്തടിക്കണം. പാമ്പുകൾ ഉള്ള സ്ഥലമാണെങ്കിൽ 'പാമ്പോടും ലായനികൾ ' തളിക്കണം. കയ്യോ കാലോ തലയോ പുറത്തിടരുത്. മൃഗങ്ങൾ വലിച്ചെടുത്തുകൊണ്ട് പോവും .ഭക്ഷണം ടെന്റിൽ വെയ്ക്കരുത്. മണം പിടിച്ചാൽ ടെന്റിനോടുള്ള ഭയമൊക്കെ മൃഗങ്ങളങ്ങു മറക്കും.

പുറത്തിരുന്നു പുസ്തകം വായിക്കുന്ന ജെഫ്രിക്ക് കെനിയയിൽ തമ്പടിച്ച് കഴിഞ്ഞതിന്റെ തഴക്കമുണ്ട്. അവിടെ തമ്പുകളുടെ സംഘത്തിന് ചുറ്റും വൈദ്യുതി വേലിയുണ്ട്. ഇവിടെ ആ പതിവില്ല. ഉള്ളിലുറങ്ങുന്ന ചങ്ങാതിക്ക് ആദ്യ കാട്ടുരാത്രി കാളരാത്രിയായിരുന്നു.മരങ്ങളുലയുന്നതും ചില്ലകളൊടിയുന്നതും ബബൂണുകൾ കാറുന്നതും ഹയ്നകൾ കൂവുന്നതും കിളികൾ കുറുകുന്നതും എണ്ണിക്കൊണ്ടിരുന്നു. എണ്ണിയെണ്ണിയിരുന്ന് മൂത്രമൊഴിക്കണമെന്നായി. വഴിയില്ല. അത് പിടിച്ചു വെച്ച് വെച്ച്  രണ്ടിന് പോകണമെന്നായി. അതിന് തീരെ വഴിയില്ല. അങ്ങനെ പിടിച്ചു വെച്ചതെല്ലാം കൂടി രാവിലെ തീർത്ത് രാവിലത്തെ സഫാരിക്ക് അവധി കൊടുത്ത് 
മൂപ്പരുറക്കമായി.

ജെഫ്രിയുടെ 'തമ്പൻ വിവരണം' ഞങ്ങളുടെ സഫാരിയുടെ ആംബിയൻസ് പിന്നേയും മെച്ചപ്പെടുത്തി. അമ്മയെ റഷീദ് ഹക്കുന മത്താത്ത പാടിക്കേറ്റി.ലാൻഡ് ക്രൂയിസർ മുരണ്ടുനീങ്ങി.

കാടേ വാ ,കാടിന്റെ മക്കളേ വാ .....
ഞാനെന്റെ ഖരഖരപ്രിയ രാഗത്തിൽ നീട്ടിപ്പാടി .പാട്ട് വെറുതെയായില്ല. ഒരു കൂട്ടം കൊമ്പന്മാർ അക്കേഷ്യത്തണലുപേക്ഷിച്ച് റോഡിലേക്കിറങ്ങി വന്നു. ഏഴെട്ടു പേരുള്ള കൂട്ടം വണ്ടിക്ക് മുന്നിലേക്കും നാൽവർ സംഘം പിന്നിലേക്കും നീങ്ങുന്നു .തെറ്റില്ലാത്ത തലപ്പൊക്കവും കുറ്റമില്ലാത്ത നീളൻ കൊമ്പുകളും 'സംഘി'കൾക്കുണ്ട്.റഷീദ് പതിവ് പോലെ വണ്ടി ഓഫാക്കിയിട്ടു. മുന്നോട്ട് നീങ്ങാനുള്ള വഴി ക്ലിയർ ചെയ്തിട്ടേ ആനയെക്കാണാൻ വണ്ടി നിർത്താവൂ എന്നാണ് സഫാരി ബ്ലോഗുകൾ എന്നോട് പറഞ്ഞിരുന്നത്. ഇവിടെ ഗജങ്ങളുടെ രാസ്താരോഖോ ആണ്. വണ്ടി നിർത്തിയാലെന്ത്? ഇല്ലെങ്കിലെന്ത്? പിന്നിലുടെ നീങ്ങിയ ഒരു കുറുമ്പൻ തുമ്പിക്കയ്യിട്ട് ഒന്നു പരതി മറ്റുള്ളവരോടൊപ്പം അപ്പുറത്തേക്ക് നടന്നു. 
ക്യാമറനോക്കിക്കോളണേ, ആന കൊണ്ട് പോവരുത്.ഞാൻ അമ്മുവിനോട് വിളിച്ചു പറഞ്ഞത് അവളെ ചൂടാക്കി. താനെന്റെ അപ്പനാണോടോ?അതോ ക്യാമറയുടെയോ?
മുന്നിലെ സംഘം വഴിയിലൂടെ മന്ദം മന്ദം മുന്നോട്ട് നീങ്ങി.'ആനച്ചന്തി ' യുടെ ചന്തം വെളിപ്പെടുത്തിക്കൊണ്ട് അവരങ്ങനെ 'ആനനടയിൽ 'നീങ്ങുകയാണ്. അവർ         കുറച്ചകന്നപ്പോൾ റഷീദ് വണ്ടിയെടുത്തു.



വാൽപ്പാറയിൽ ആനയിറങ്ങിയെന്നറിഞ്ഞാൽ അതിരപ്പിള്ളിയിൽ വണ്ടി നിർത്തുന്നവരാണ്. പൂരത്തിനും പള്ളിപ്പെരുനാളിനും ആനയിൽ നിന്ന് ദൂരെ നിന്ന് ഉത്സവം കാണുന്നവരാണ്. ഇവിടെ ആഫ്രിക്കൻ ആനകൾക്കിടയിൽ വണ്ടിയും ഓഫാക്കി ക്യാമറയും ക്ളിക്കിയിരിക്കയാണ്. ആഫ്രിക്കൻ നാഷണൽ പാർക്കുകളിലെ മൃഗങ്ങൾ മാന്യരാണെന്നും അവർ സഫാരിക്കാരെ ഉപദ്രവിക്കില്ലെന്നും ഞങ്ങൾ അന്ധമായി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.

തരംഗീറി നദിയുടെ വരണ്ട മണൽത്തിട്ടയിലാണ് റഷീദ് വണ്ടി നിർത്തിയത്. നമ്മുടെ വേനൽക്കാല നിളയെപ്പോലെ അവിടവിടെ ചില വെള്ളക്കെട്ടുകളുണ്ട്. വനത്തിൽ മറ്റുപലയിടത്തുമായി നല്ല ജലാശയങ്ങളുള്ളതിനാലാവാം മൃഗങ്ങളുടെ തിക്കിത്തിരക്കില്ല.കൊടിയ വേനലിൽ ഇവിടം നിറച്ചും മൃഗങ്ങളാവുമത്രേ.മണൽ കുഴിച്ചുമാറ്റി വെള്ളം കണ്ടെത്തിക്കുടിക്കുന്ന ആനക്കൂട്ടങ്ങൾ അക്കാലത്തെ സ്പെഷ്യൽ കാഴ്ചയാണ്.അക്കാലത്ത് 'മരം കേറി ' സിംഹങ്ങളും പുള്ളി - ചീറ്റപ്പുലികളും നദിക്കരയിലുണ്ടാവുമത്രേ. വനത്തിലെ ആനകളുടെ എണ്ണം മുവ്വായിരം (ഇപ്പോൾ 300-400)കടക്കുമത്രെ. ഞങ്ങളുടെ ഈ ഡിസംബർ യാത്രയുടെ നഷ്ടങ്ങളാണിതൊക്കെ. 

അലസരായ ഏതാനും വിൽഡ് ബീസ്റ്റുകളും സീബ്രകളും നദീതടത്തിലുണ്ട്. മരങ്ങൾക്കിടയിലൂടെ പുൽമേട്ടിലേക്കും നദിക്കരയിലേക്കും പോകുന്ന മാരുതനും മന്ദമാണ്. ഭക്ഷണത്തിനു ശേഷം ,കാട്ടിലിതിലപ്പുറം എന്ത് കാണാനുണ്ടെന്ന മട്ടിലൊരു മന്ദത ഞങ്ങളിലുമുണ്ട്. കാട് കരുതി വെക്കുന്ന അത്ഭുതങ്ങളറിയാത്ത മണ്ടന്മാർ ഞങ്ങൾ. ചതുപ്പിൽ നിന്നും വെള്ളത്തിൽ നിന്നും ഇരകൊത്തിപ്പറക്കുന്ന ഏതാനും ചെറുകിളികൾ മാത്രമാണ് ചുറുചുറുക്കോടെയുള്ളത്.



സീറ്റിൽ അലസമായിക്കിടന്ന് , എവിടേക്കോയുള്ള ഗ്രേറ്റ് മൈഗ്രേഷനിൽ പങ്കെടുക്കുന്ന മേഘങ്ങളെ നോക്കിക്കൊണ്ടിരിക്കെ കാട്ടിൽ വെച്ചുണ്ടാകാവുന്ന ഏറ്റവും വന്യവും അസംബന്ധവുമായ ചിന്തയിൽ ഞാൻ ചോദിച്ചു - കാട്ടിലെ ഏറ്റവും ഭംഗിയുള്ള നിതംബമേതാണ്‌. കുറച്ചു മുമ്പ് സഫാരി വണ്ടിക്ക് മുന്നിലൂടെ 'ക്യാററ് വാക്ക് ' നടത്തിയ ആനക്കൂട്ടത്തിന്റെ നിതംബതാളം അപ്പോൾ മനസ്സിലുണ്ടായിരുന്നു.അമ്മുവിന്റെ വോട്ട് സീബ്രയ്ക്കായിരുന്നു. സംശയമുണ്ടെങ്കിൽ നോക്കടാ എന്ന് പറയുന്ന രണ്ടു സീബ്രകൾ നദിയിലേക്ക് മുഖം തിരിച്ചു നിൽക്കുന്നുണ്ടായിരുന്നു. നീണ്ട മുടി പിന്നിലേക്ക് മെടഞ്ഞിട്ട സുന്ദരിയുടെ പിൻ ദർശനം അവരോർമ്മിപ്പിച്ചു. കറുപ്പും വെളുപ്പും വരച്ചു മുഴുപ്പിച്ച ചന്തികൾക്കിടയിലൂടെ ആ മനോഹരമായ വാലങ്ങനെ... ആഹാ...



ഞാൻ റഷീദിന്റെ അഭിപ്രായം ചോദിച്ചു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും കാര്യം മനസ്സിലായപ്പോൾ റഷീദ് നാണം കേറി വിവശനായി.നല്ല തണ്ടും തടിയുമുണ്ടെങ്കിലും കൊച്ചു കുട്ടിയുടെ മുഖവും ചിരിയുമാണ് റഷീദിന്. വാക്കുകളിൽ വികാരം പുരളുമ്പോൾ കീഴ്ത്താടി കിടന്നു വിറയ്ക്കും. 
നിർബന്ധിച്ചപ്പോൾ റഷീദ് ഞങ്ങളെ ഞെട്ടിച്ച് ഒട്ടകപ്പക്ഷിക്ക് വോട്ടിട്ടു. ഞങ്ങൾ നാലു പേരും ഒരുമിച്ച് വീറ്റോചെയ്തു. അപ്പോൾ റഷീദ് പുതിയ നോമിനിയെ അവതരിപ്പിച്ചു - ജിറാഫ്.ആ കൊള്ളാം. സഫാരിയിൽ ഇതുവരെ ഒരു ജിറാഫ്  വന്നു പെട്ടിട്ടില്ല. വരട്ടെ, നോക്കാം. 

അങ്ങനെ വരാനിരിക്കുന്ന സഫാരിദിനങ്ങളിലേക്ക്  അസാധാരണമായൊരു അജണ്ട കയറി നിന്നു. അക്കാര്യം മണത്തറിഞ്ഞ മൃഗങ്ങൾ പലപ്പോഴും ഞങ്ങൾക്ക് മുഖം തിരിച്ചു നിന്നു. ഞങ്ങൾ അവരുടെ 'മൂടിന് 'മാർക്കിട്ടു കൊണ്ടിരുന്നു.





മണി മൂന്ന് കഴിയുന്നു. മടക്കം തുടങ്ങാം എന്ന് റഷീദ്.മെല്ലെ ,പോലെ പോലെ .നദിയോട് കൈ വീശി, ചെറുകുന്നുകൾ കയറിയിറങ്ങി, തന്റെ കുഞ്ഞുങ്ങളെയൊക്കെ ഞങ്ങളുടെ മുന്നിലേക്കിറക്കിവിട്ട കാടിനോട് നന്ദി പറഞ്ഞ് മെല്ലെ.മടക്കമാണെങ്കിലും വഴിമാറിപ്പോരുന്നത് കൊണ്ട് പുതുമകൾക്ക് പഞ്ഞമില്ല.

കുറച്ചു കൂടി വലിയ ജലാശയങ്ങളാണ്  ഈ ഭാഗത്ത്. എന്നിട്ടും അവയ്ക്ക് ബോവ്ബാബുകളുടേയും മററു കുറ്റിമരങ്ങൾക്കിടയിലും ഒളിച്ചിരിക്കാനാവുന്നുണ്ട്. മരങ്ങളിലേക്കാൾ കൂടുതൽ പക്ഷികൾ ഇവിടെ വെള്ളത്തിലാണ്.ഇണകളായും കൂട്ടമായും  ഒറ്റക്കും അവർ നീന്തിത്തിമിർക്കുകയാണ്. പറവകൾക്ക് പരാതികൾ കുറവാണല്ലോ, ശത്രുക്കളും. വിതയ്ക്കേണ്ട കൊയ്യേണ്ട കളപ്പുരകൾ നിറയ്ക്കേണ്ട. നീന്തടാ, നീന്ത്. 

വെയിൽ മഞ്ഞച്ചു തുടങ്ങിയിരിക്കുന്നു. രാവിലത്തെ കഥാപാത്രങ്ങൾ അരങ്ങ് വിട്ടിരിക്കുന്നു. ദൂരെയെങ്ങാൻ മരങ്ങൾക്കോ മൺത്തിട്ടകൾക്കോ അപ്പുറത്ത് ആനപ്പുറത്തിന്റെ കറുത്ത 'റ' കൾ ഇടയ്ക്കു കാണാം. സീബ്രകളും ബീസ്ററുകളും എണ്ണത്തിൽ കുറഞ്ഞിരിക്കുന്നു. പകരം ധാരാളം മാനുകൾ രംഗത്തുണ്ട്. മാനുകളിൽ ഇത്രയും ഉപജാതികളുണ്ടെന്ന് ഞാൻ ഇവിടെ വെച്ചാണ് എണ്ണി ബോധ്യപ്പെട്ടത്. വലിയ എലാൻഡകളിൽ തുടങ്ങി ഇംപാല, ടോപ്പികൾ, വാട്ടർ ബക്കുകൾ, ഗസില്ലകൾ എന്നിങ്ങനെ കുഞ്ഞൻ ഡിക്ക് ഡിക്ക് വരെ.





ഇന്നത്തെ സഫാരി തീരുന്നതിന്‍റെ സങ്കടത്തിലാണ് എല്ലാവരും. ആകാവുന്നിടത്തോളം കാടിനെ കാഴ്ചയിലേക്ക്  കണ്ട് കെട്ടാനുള്ള ശ്രമത്തിലാണിപ്പോൾ ഞങ്ങൾ. പല ജോടി കണ്ണുകൾ പലയിടങ്ങളിലേക്ക് പായുന്നു. വഴിയോരം നിന്ന് കാബിനറ്റ് കൂടുന്ന മൂന്ന് പന്നിക്കുട്ടന്മാരെ കാണിച്ചത് അമ്മുവാണ്. മുഖത്തോടു മുഖം ചേർത്തുവെച്ച് കടുത്ത ചർച്ചയിലാണ്. കാട്ടുപന്നികൾ ധാരാളമായിട്ടുണ്ട് ഈ ഭാഗത്ത്.അഞ്ചാറു കുഞ്ഞുങ്ങളുമായി നീങ്ങുന്ന കുടുംബങ്ങളുമുണ്ട്. മുതിർന്ന പന്നി അതിന്റെ വളർന്ന് വളഞ്ഞ തേറ്റകളും പൊടിയും ചെളിയും പുരണ്ട മുഖവുമായി ചെറുവക ഭീകരനാണ്. പന്നികൾക്ക് അടുത്തുതന്നെ മേയുന്നുണ്ട് സീബ്രകളും ബീസ്ററുകളും മാനുകളും മറ്റും. നേരം വൈകുന്തോറും മൃഗങ്ങൾ ഒരു കോക്ക്‌ ടൈൽ കാഴ്ചയൊരുക്കി ഒത്തുകൂടുകയാണ്. അൽപ്പം വിട്ടു തത്തി നടക്കുന്നത് ഒരു ഒട്ടകപക്ഷിയിണകളാണ്. കറുത്ത തൂവലുകളുമായി ആണും തവിട്ട് നിറത്തിൽ പെണ്ണും .അവരവരുടെ പ്രണയസല്ലാപങ്ങളിലാണ്. അവരുടെ സ്വർഗ്ഗത്തിലേക്ക് ഞങ്ങളുടെ ക്യാമറക്കണ്ണുകളല്ലാതെ മൃഗങ്ങളൊന്നും കട്ടുറുമ്പാകുന്നില്ല.



പാർക്കിന്‍റെ പുറത്തെത്താറായെന്നു തോന്നുന്നു . തുടക്കത്തിൽ കണ്ടിരുന്ന മൺപുറ്റുകൾ ഇവിടെയും ധാരാളമായിട്ടുണ്ട്. സഫാരി ആരംഭിക്കുന്നതിന്‍റെ അത്യാവേശത്തിൽ അപ്പോളവയെപ്പറ്റി പറയാൻ   വിട്ടുപോയതാണ്. ബ്രോഷറുകളിലും മറ്റു ലഘുലേഖകളിലും തരംഗീറിയുടെ പര്യായ- പ്രതീകങ്ങളായി കാണുക ആനക്കൂട്ടവും ബോവ്ബാബ് മരങ്ങളും ഈ വാത്മീകങ്ങളുമാണ്.

വലിയ പുററുകളാണ്. പല രൂപത്തിൽ. മറ്റൊരു വനത്തിലും ഇത്രയും പുറ്റുകൾ ഇത്രയും വലുപ്പത്തിൽ കണ്ടിട്ടില്ല. അമ്മ അവയിൽ നിന്നും പല രൂപങ്ങൾ വായിച്ചെടുക്കുകയാണ്. കൈ കൂപ്പിനില്ക്കുന്നത്. ശിവന്റെ ജട പിടിച്ച മുടിയോട് കൂടിയതല ,തുമ്പിക്കയ്യുയർത്തി നില്ക്കുന്ന ആന. അങ്ങനെ യങ്ങനെ. എഴുപത്തഞ്ചു കഴിഞ്ഞപ്പോൾ അമ്മ സ്വന്തമാക്കിയ സിദ്ധിയാണത്. മേഘങ്ങളിൽ മലാഖമാരെയും ചീങ്കണ്ണികളേയും മുയലുകളേയും കാണുക. ഉണങ്ങിക്കിടക്കുന്ന മരക്കൊമ്പുകളിലും വേരുകളിലും കിളിരൂപങ്ങൾ,പാറക്കെട്ടുകളിൽ സിംഹമുഖങ്ങൾ. അങ്ങനെയൊക്കെയാണത്. 


പുററുകളിൽ തിരക്കിട്ട തെരച്ചിലിലാണ് അണ്ണാനും കീരിയ്ക്കും ഇടയിൽ നിൽക്കുന്ന കുറേ കൂട്ടുകാർ. പുറ്റിനോട് ചേരുന്ന മൺ നിറമാണ്. റഷീദ് പറയുന്നത് കുഞ്ഞൻ കാടൻ കീരികളാണ് (Wild dwarf mangoose)ഇവരെന്നാണ്. പറഞ്ഞത് കാടൻ കീരിയെന്നാണെങ്കിലും ഞങ്ങൾ കേട്ടത് കീരിക്കാടൻ എന്നാണ്. നാട്ടുകീരിയോളം ശൗര്യം ഈ കീരിക്കാടന്റെ മുഖത്തിനില്ല. സൗമ്യതയും ഓമനത്തവും ആണവിടെ. വലുപ്പവും കുറവ്. എന്നാലും തരം കിട്ടിയാൽ ഇവൻ കുലഗുണം കാണിക്കുമെന്ന് റഷീദ്  സാക്ഷ്യപ്പെടുത്തുന്നു. കീരിക്കാടന്മാർ കൂട്ടത്തോടെ മാംബയെ നേരിടുന്നത്  രണ്ടു തവണ തരംഗീറിയിൽ തന്നെ റഷീദ് കണ്ടിട്ടുണ്ട്.

കിഴക്കനാഫ്രിക്കയുടെ സർപ്പസമ്പാദ്യങ്ങൾ പ്രധാനമായും മൂന്നാണ് .മൂന്നും ഭേദപ്പെട്ട വിഷപ്പാമ്പുകളാണ്. ബൂംസ്ലെനും  പച്ച, കറുപ്പ് മാംബകളും. ഇതിൽ  ബൂംസ്ലെനും പച്ച മാംബെയും മരം കേറികളും മരവാസികളുമാണ്. അതുകൊണ്ടാകാം , നമ്മുടെ പച്ചിലപ്പാമ്പിനെപ്പോലെ ഇവയ്ക്കും പച്ച നിറമാണ്. പെൺ ബൂംസ്ലെനുകൾക്ക് മങ്ങിയ തവിട്ട് നിറമാണ്. മരപ്പൊത്തുകളിലും പൂതലിച്ചു വീണ മരത്തടികളിലും മുട്ടകളിട്ട് അടുത്ത വിഷജന്മങ്ങളെ വിരിയിക്കുന്നു. ബ്ലാക്ക് മാംബെ   നിലംനിരങ്ങികളാണ്.ഇവരാണ് കീരിക്കാടന്മാരുടെ കയ്യേറ്റത്തിന് സാധാരണ ഇരയാവുന്നത്. കാട്ടിലെ പാമ്പുകൾ മനുഷ്യരിൽ നിന്നും സഞ്ചാരവഴികളിൽ നിന്നും ഒഴിഞ്ഞു മാറുന്നവരാണ്. കാട്ടിലെ പാമ്പിനറിയില്ലല്ലോ, ഒന്ന് തീണ്ടിത്തീർക്കാവുന്നതേയുള്ളൂ നാട്ടിലെ മനുഷ്യനെന്ന്.അത് കൊണ്ട് തന്നെ ഇവരെക്കാണാനും ഇവരുടെ കടിയേൽക്കാനും വലിയ ബുദ്ധിമുട്ടാണ്.

അമ്മുവിന് പാമ്പുകളെ വല്ലാത്ത പേടിയാണ്. കാണുകയൊന്നും വേണ്ട, പാമ്പെന്ന് കേൾക്കുകയോ പാമ്പിന്റെ പടം കാണുകയോ മതി അവൾ പേടിച്ചു കരയാൻ. ഇവിടെ നേരിയ സർപ്പസാന്നിധ്യമെങ്കിലുമുണ്ടെന്നറിഞ്ഞാൽ അപ്പോൾ സ്ക്കൂട്ടാവും അവൾ ഈ സഫാരിയിൽ നിന്നും. അത് കൊണ്ട് ഇവിടത്തെ കാട്ടിൽ പാമ്പില്ല എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.കാട്ടിലെ മൃഗങ്ങൾ സഫാരിക്കാരെ ആക്രമിക്കില്ലെന്നുറപ്പിക്കുന്ന മണ്ടന്മാർക്ക് കാട്ടിൽ നിന്ന് പാമ്പുകളെ ഒഴിവാക്കാനാണോ ബുദ്ധിമുട്ട് !

കാടിന്‍റെ ഈ പുറംഭാഗങ്ങളിൽ അധികവും അക്കേഷ്യകളാണ് .കൂട്ടമായി നിന്ന്  അക്കേഷ്യയുടെ കാടു തന്നെ തീർക്കുന്നുണ്ടവർ. ചില്ലകളും ഇലകളും മുള്ളുകളും ധാരാളമുള്ള അക്കേഷ്യക്കാട്ടിൽ നിന്ന് കിളികളുടെ സിംഫണിയുയരുന്നുണ്ട്. കിളികളെ കാണാൻ ബുദ്ധിമുട്ടുണ്ട്. മരങ്ങൾക്ക് താഴെ ഒരു വെർവെറ്റ് കുരങ്ങൻ (vervet monkey) കുടുംബം നാലുമണിക്കളികളിലാണ്.
നേരിയ മഞ്ഞ കലര്‍ന്ന ചാരരോമങ്ങള്‍ പുറത്തും  വെളുത്ത നനുത്ത രോമങ്ങള്‍ വയറിനും ഭംഗിയേറ്റുന്നു.തന്‍റെ കറുത്ത മുഖത്തേക്കാള്‍ ‘നീലപ്പിടുക്ക്’(വൃഷണസഞ്ചി) സഞ്ചാരികള്‍ക്ക് തുറന്നു കാണിക്കുന്നതില്‍  ബദ്ധശ്രദ്ധനാണ് ഈ വികടകപി.



അക്കേഷ്യ വെറുമൊരു മരമല്ല .മരത്തറവാടാണ്. അറുപത്തിരണ്ടുതരം അംഗങ്ങളുള്ള വൃക്ഷവംശമാണ്. അതിൽ ആറു തരം ടാൻസാനിയൻ കാടുകളിൽ മാത്രം താമസം. അക്കേഷ്യ ബുദ്ധിജീവിയാണ്. ബുദ്ധി കൊണ്ട് കഴിഞ്ഞു പോകുന്നവനാണ്. അതിജീവനത്തിന്റെ , പ്രതിരോധത്തിന്‍റെ മാതൃകയാണ്.മുറ്റിയ മരമായും കുറ്റിമരമായും കഴിയാനറിയാം. ആഫ്രിക്കൻ സഫാരിപ്പടങ്ങളിൽ കാണാറുള്ള കുട നിവർത്തിയപോലുള്ള അക്കേഷ്യ തരംഗീറിയിൽ കുറവാണ്. സെരങ്കട്ടി പുൽമേടുകളിൽ ധാരാളമുണ്ട്.കുടമരം (umbrella tree ) എന്നിവരറിയപ്പെടുന്നു. ടോര്‍ട്ടില്ലിസ് എന്നും പേരുണ്ട്.ടാന്‍സാനിയയിലെ പല സഫാരി കാമ്പുകളുടെ പേരിലും ഈ ടോര്‍ട്ടില്ലിസ് ഉണ്ടാവും.

തന്‍റെ പരിസ്ഥിതിക്കനുസരിച്ച് പരിണമിക്കുകയാണ് അക്കേഷ്യയുടെ രീതി. അത് കൊണ്ട് പലയിടത്തായി കഴിയുന്ന പലർക്കും പല മുഖഛായയാണ്. എന്നാൽ എല്ലാവർക്കും പ്രതിരോധത്തിന്‍റെ മുൾക്കരുത്തുണ്ടായിരിക്കും. മുള്ളുകൾ നീളത്തിലോ ചൂണ്ടക്കൊളുത്തോ ആകാം. ചിലപ്പോൾ ജിറാഫുകൾ മുള്ളുകളെപ്പറ്റിച്ച് ഇലകൾ പറിച്ച് തിന്നും . മരമപ്പോൾ അടുത്ത അടവെടുക്കും. ടാനിൻ എന്ന വിഷം ഇലകളിലേക്കെത്തിക്കും. ഇലകൾ കയ്ക്കും.തീറ്റക്കാർ ഒഴിഞ്ഞു പോകും. കയ്ച്ചിട്ടും ഇല തിന്നവർക്ക് കയ്പുള്ള മരണം. 

തീരുന്നില്ല.തീറ്റക്കാരെത്തിയാൽ അക്കേഷ്യ കാറ്റിലേക്ക് എത്തിലിൻ എന്ന രാസപദാർത്ഥം തള്ളിവിടും. അമ്പത് മീറ്ററോളം സഞ്ചരിക്കുന്ന സന്ദേശമാണത്. മുന്നറിയിപ്പ് കിട്ടുന്നവരും ടാനിൻ വിഷം ഇലകളിലാക്കും. അവരും എത്തിലിൻ മെസ്സേജ് കാറ്റിൽ പോസ്റ്റ് ചെയ്യും .ഇല തിന്നാൻ വരുന്ന ജിറാഫുകൾ നട്ടം തിരിയും. ഒരു പരിധി വരെ ഈ പ്രതിരോധങ്ങളെ മറികടക്കാൻ ജിറാഫുകൾക്കറിയാം. അവർ അക്കേഷ്യയുടെ താഴെയുള്ള ചില്ലകളിൽ നിന്ന് ഇലകളെടുക്കും. ഒരു മരത്തിൽ നിന്ന്  എട്ട് പത്ത് മിനിറ്റ് വരെ .മരം ടാനിനെക്കുറിച്ചും എത്തിലിനെക്കുറിച്ചും ആലോചിക്കുമ്പോഴേക്കും ജിറാഫ് അടുത്ത അക്കേഷ്യയിൽ നിന്ന് തീറ്റ തുടങ്ങും. 

ഇതൊന്നും പോരാതെ ഒരു കടിയൻ കാലാൾപ്പട കൂടിയുണ്ട് അക്കേഷ്യയ്ക്ക് .ചില മുള്ളുകളുടെ താഴെ ചെറിയ മുഴകളുണ്ട്.ഇതിനുള്ളിലാണ് കടിയനുറുമ്പുകളെ അക്കേഷ്യ തേനും നീരും നൽകിപ്പോറ്റുന്നത് .മേയാൻ വരുന്ന ജിറാഫുകളെ കടിച്ചോടിക്കലാണ് ഈ പടയാളികളുടെ  കർമ്മം .എന്ത് പറയുന്നു? ഇത് വെറും മരമോ ,മനുഷ്യരേക്കാൾ മുന്തിയ ഇനമോ ?



പാർക്കിന്റെ പുറത്തെത്താറാവുമ്പോഴേക്കും ധാരാളം കരങ്ങന്മാർ നിരന്നിരിക്കുന്നു. ബബുണകളും വെര്‍വെട്ടുകളും സാദാ തവിട്ടു കുരങ്ങന്മാരും  ഒക്കെയുണ്ട്. ധാരാളം അക്കേഷ്യകളും സോസേജ് മരങ്ങളും ബോവ് ബാബുകളും ഉണ്ടിവിടെ.  കുറച്ചകലെ ഒരു            ബോവ്ബാബിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ ജിറാഫ് ദർശനം നൽകുന്നു. (ജിറാഫിനേയും ആനയേയും ആകാരത്തിൽ വിനയപ്പെടുത്തുന്നത് ഈ ഭീമൻ                 ബോവ്ബാബുകൾ മാത്രമാണ്, ടാൻസാനിയൻ കാട്ടിൽ) റഷീദിന്റെ നോമിനി. പോര, ജിറാഫിന്റെ പിൻഭാഗം അൽപ്പം പതിഞ്ഞതാണ്. ഒരു ഗുമ്മില്ല.                  ലോവേസ്റ്റിട്ട ന്യൂജെനറേഷൻ പയ്യന്റത് പോലയാണത്. പിന്നെയും നാലഞ്ചു ജിറാഫുകൾ നോമിനേഷനുകളുമായി വന്നു.ഏതായാലും 'പൃഷ്ഠപ്പട്ട സമർപ്പണം ' സഫാരിയുടെ അവസാന ദിവസമാകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. 



ജിറാഫുകളുടെ സംഘം പ്രത്യേക കാഴ്ചയാണ്. ആകാരത്തിന്റെ ആധികാര്യത ആ നിൽപ്പിലും നടത്തത്തിലും ഉണ്ട്. ഒരു അലസതാളത്തിലാണ് നടത്തം. നാലഞ്ചു പേർ തലയുമുയർത്തി നീങ്ങുന്നത് കണ്ടാൽ ഒരു ജാഥയുടെ മുൻനിരക്കൊടികളാണെന്ന് തോന്നും. പൊക്കമുള്ള കാലുകളിൽ നിന്ന് നീളൻ കഴുത്തും നീട്ടി മറ്റുള്ളവരുടെ പരിധിക്ക് പുറത്തായ ഇലകളാണ് തീറ്റ .

ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജിറാഫുകളാണ് ഇവിടെയുള്ളവര്‍.അതുകൊണ്ട് മസായി ജിറാഫെന്നും കിളിമഞ്ജാരോ ജിറാഫെന്നും ഇവര്‍ വിളിക്കപ്പെടുന്നു. കിളിമഞ്ജാരോ ആഫ്രിക്കയുടെ ഏറ്റവും പൊക്കമുള്ള കൊടുമുടിയാണല്ലോ.എന്നാല്‍ മസായികളിലെ പുതു തലമുറയില്‍ പൊക്കക്കാര്‍ കുറവാണെന്ന് റഷീദ്. മസായി ഗോത്രത്തിനു പുറത്തുള്ളവര്‍ക്കാണത്രേ ഇപ്പോള്‍ ‘പൊക്കം’.






ഏതാനും മണിക്കൂറുകളിലെ കാട്ടുകറക്കം കഴിഞ്ഞ് തരംഗീറി പാർക്ക് ഓഫീസിന്റെ മുറ്റത്തെത്തിയിരിക്കുന്നു. കാട്ടിനുള്ളിലേക്ക് പോയവർ ഇവിടെ വന്ന്  'ഞങ്ങളിതാ പോവുന്നു' എന്ന് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി റഷീദ് ഓഫീസിലേക്ക് പോയി.ഓഫീസിന്റെ മുൻവശത്ത് കുറച്ചുമാറി കുറ്റിമുടിത്തലയുമായി രണ്ടു മസായിപ്പെണ്ണുങ്ങൾ ഇരിക്കുന്നുണ്ട്. രണ്ടു പേരും അവരുടെ കരകൗശല പണിയിലാണ്. മറ്റൊരാൾ മണ്ണിൽ ചാക്ക് വിരിച്ച് കിടന്നുറക്കമാണ്. അവരുണ്ടാക്കിയതായിരിക്കാം, കുറേ മാലയും വളയും തളയും വളയങ്ങളും ചുറ്റിലും കെട്ടിത്തൂക്കിയിട്ടുണ്ട്. നിറങ്ങൾ നിറയെയുണ്ടെങ്കിലും അപൂർണ്ണവും അപരിഷ്കൃതവുമെന്നാണ് അവ തോന്നിപ്പിക്കുന്നത്. ടാൻസാനിയയിലേക്ക് പുറപ്പെടുമ്പോൾ ഒരു സുഹൃത്ത് ഉപദേശിച്ചത് ,മസായി ജ്വല്ലറി വാങ്ങിക്കാൻ തോന്നിയാൽ തിരിച്ച് വന്ന് ആമസോണിൽ നിന്ന് മതിയെന്ന് . 



പാർക്കിൽ നിന്നിറങ്ങുമ്പോഴേക്കും  ഒരു കാട്ടുസഫാരിക്കാരനു വേണ്ട ആകാംക്ഷ, ആവേശം, അന്ധവിശ്വാസം ( സഫാരി ഗൈഡിലും കാട്ടിലും ) അൽപ്പത്തം തുടങ്ങിയ ഗുണങ്ങൾ ഞങ്ങൾ സ്വന്തമാക്കിയിരുന്നു. തരംഗീറിയിലേക്ക് സ്വാഗതം എന്ന ആർച്ച് ബോർഡ് വിട്ട് പുറത്ത് വന്നാൽ ഔദ്യോഗികമായി ഞങ്ങൾ കാടിന് പുറത്തായി.എന്നാൽ കാടിന്റെ അതിർത്തികളോ അളവുകളോ മസായികൾക്കും മൃഗങ്ങൾക്കും വിഷയമല്ല. മസായികൾ വെള്ളത്തിനും കന്നുകളുടെ തീറ്റക്കുമായി കാടും കേറും. മൃഗങ്ങൾ കാടുവിട്ട് കാടു മാറുന്ന ദേശാടന വഴികൾ (migration corridor) മസായികളുടെ കൃഷിയിടങ്ങളിലൂടെയും മറ്റുമാണ് കടന്നു പോകന്നത്.ഗോരോങ്ങ്ഗോരോ സംരക്ഷിത പ്രദേശമായപ്പോൾ പുറന്തള്ളപ്പെട്ടവരാണ് ഈ മസായികൾ .മേച്ചിൽപ്പുറങ്ങൾ നഷ്ടമായപ്പോൾ കൃഷി ചെയ്തും പാർക്കിലും ലോഡ്ജുകളിലും ചില്ലറപ്പണികൾ ചെയ്തും ബാക്കിയായ കന്നുകൾക്കൊപ്പം പുതിയ ജീവിതത്തിലേക്ക് ഒതുക്കപ്പെട്ടവർ.

ഇന്ന്  ഈ മൈഗ്രേഷ്യൻ കോറിഡോർ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നത് സഫാരിക്കമ്പനികളുടെ കൂട്ടായ്മയാണ് .മൃഗങ്ങൾ കുറഞ്ഞാൽ സവാരി ബിസിനസ്സ്  ഗിരിഗിരിയാവുമെന്ന് അവർ മനസ്സിലാക്കി. അത് കൊണ്ട് മസായികൾക്ക് ലാഭവിഹിതം നൽകി കോറിഡോറിൽ മൃഗങ്ങളുടെ വനാന്തരഗമനത്തിന് തടസ്സമുണ്ടാകില്ലെന്ന് അവർ ഉറപ്പു വരുത്തുന്നു.

കല്ലും മണ്ണും ഇട്ടുറപ്പിച്ച നാട്ടുവഴികളിലൂടെ ലാൻഡ് ക്രൂയിസർ കുളമ്പടിച്ചു നീങ്ങുകയാണ്. വണ്ടി കണ്ട് കുട്ടികൾ അവരുടെ കൊച്ചുകൂരകളിൽ നിന്ന് ഓടി വരുന്നുണ്ട്. ചിലർ വഴിയിൽ സഫാരി വണ്ടിക്കായി കാത്തു നിൽക്കുന്നുണ്ട്. പഴകി മങ്ങിയ കുപ്പായങ്ങളും പൊടിയടിഞ്ഞു വെളുത്ത ദേഹങ്ങളും വെളിച്ചകെട്ട കണ്ണുകളുമായി മൂക്കിള തുടച്ച കൈകൾ നീട്ടുകയാണ് അവർ. റഷീദ് കരുതി വെച്ചിരുന്ന ഉച്ചഭക്ഷണത്തിൽ നിന്ന് അവർക്കെല്ലാം വീതിച്ചു കൊടുത്തു. അതും കഴിഞ്ഞപ്പോൾ കൊറിക്കാനായി കരുതിയിരുന്ന പ വറവുകളും ബിസ്ക്കറ്റും കൊടുത്തു.വെള്ളത്തിലേക്കിട്ട അപ്പത്തിലേക്ക് മീനുകൾ പാഞ്ഞു വരുന്നത് പോലെ പിന്നെയും കുട്ടികൾ ഓടി വരുന്നു. കൈയിലുള്ളതെല്ലാം കഴിഞ്ഞപ്പോൾ, റഷീദ് ക്ഷമ ചോദിച്ച് വണ്ടി വിട്ടു. ഇടക്കിടക്കുള്ള ഹമ്പുകളിൽ വണ്ടി മെല്ലെയാവുമ്പോൾ അവർ റഷീദിനെ പിടികൂടി. ഒരിടത്ത് മൂന്നു പയ്യന്മാർ മസാലി നൃത്തം കിതച്ച് കിതച്ചവതരിപ്പിച്ച്  നീട്ടി നിന്നു. വടിയും കയ്യിൽ പിടിച്ച്    മുതിർന്നവരെപ്പോലെ മേലോട്ട് ചാടി അവർ പരവശരായിരുന്നു. ബാക്കിയുണ്ടായിരുന്ന ഏതാനും ജൂസുകളും ഒരു കുപ്പി വെള്ളവും അവർക്ക് നൽകി.റഷീദ് നൽകിയ രണ്ട് കാലിക്കുപ്പികൾ പോലും അവർ നന്ദിപൂർവ്വം സ്വീകരിച്ചു. 


ദാരിദ്ര്യം ഇത്രത്തോളം നഗ്നമായി കൈ നീട്ടുമ്പോൾ എത്ര രസകരമായ സഫാരിക്കിടയിലായാലും ഞങ്ങൾക്ക്  അകംപുറം പൊള്ളും. ഉച്ചസമയത്ത് വേണ്ടാഞ്ഞിട്ടും തിന്നുതീർത്ത ഭക്ഷണത്തെപ്പറ്റി ഞങ്ങൾ പശ്ചാത്തപിച്ചു. അടുത്ത ദിവസങ്ങളിൽ ഇവർക്കുള്ളത് നീക്കിവെച്ചിരിക്കും.

തരംഗീറിയിൽ നിന്നുള്ള റോഡ് 104 A ഹൈവേയിലെ ചെറിയൊരു ഉത്സവാന്തരീക്ഷത്തിലേക്കാണ് ചെന്ന് ചേർന്നത്. കടുത്ത നിറങ്ങളും കറുത്ത മൊട്ടത്തലകളുമായി മസായിക്കൂട്ടങ്ങൾ . കടുംപച്ചയിലും ചുവപ്പിലും നീലയിലും കള്ളികളുള്ള ഷുക്കകളിൽ (ശരീരം ചുറ്റി മറയ്ക്കുന്ന പുതപ്പ്. മസായിയുടെ ഔദ്യോഗിക വേഷം)പൊതിഞ്ഞ് അവർ കറുപ്പിനെ തോൽപ്പിക്കുന്നു .അവരുടെ ചന്ത ദിനമണെന്ന് റഷീദ്. ഇന്ന് വിദൂരമായ മസായി ഗ്രാമങ്ങളിൽ നിന്ന് അവരെത്തും. പിക്കപ്പ് വാനുകളിലും ലോറികളിലും മറ്റ് ലൊടുക്കു വണ്ടികളിലും അവർ നഗരത്തിലെത്തുന്നു. വിറ്റും വാങ്ങിയും കുടിച്ചും മദിച്ചും  വൈകുന്നരം അവർ ബോമകളിലേക്ക് മടങ്ങുന്നു.





യാത്ര മടങ്ങുന്നത് വരണ്ട ഭൂമിയിലൂടെയാണ്. ഇടക്കിടക്കുള്ള കവലകളിൽ ഭൂമിയോളം വരണ്ട ജീവിതങ്ങൾ  കൂടിനില്ക്കുന്നുണ്ട്.കാട് നഷ്ടപ്പെട്ട മസായികളും മേട് നഷ്ടപ്പെട്ട മാടുകളും, ഇതൊക്കെ തങ്ങൾക്കൊരുക്കിയ കാഴ്ചകളെന്ന മട്ടിൽ ഞങ്ങളെപ്പോലുള്ള സ്വാർത്ഥ സഞ്ചാരികളും.

നേരെ നേരേ നീളെ നീളെ പോകുന്ന റോഡിൽ വാഹനങ്ങൾ കുറവാണ്. ഇവിടെ മഴയും കുറവാണ്. അത് കൊണ്ട് റോഡുകൾക്ക് പരുക്കോ വാർദ്ധക്യമോ ഇല്ല. യൗവ്വനയുക്തയായി അതങ്ങനെ മലർന്ന് കിടക്കുന്നു. ഇടയ്ക്ക് ചില സഫാരി വണ്ടികൾ . സീസണില്‍ അവയുടെ എണ്ണം വളരെ കൂടും.ലോളിയോണ്ടോ എന്ന് വലുതാക്കിയെഴുതി നെറ്റിയിലൊട്ടിച്ച് മസായികളെ കുത്തിനിറച്ച തല്ലിപ്പൊളി ബസുകൾ വലപ്പോഴും കാണാം. ഭ്രാന്തൻ വണ്ടുക്കളപ്പോലെ മൂളിപ്പായുന്ന ഓട്ടോറിക്ഷകളാണ് റോഡുകളിൽ സാധാരണം. മെയ്ഡ് ഇൻ ഇന്ത്യ, ബജാജ് . പക്ഷേ റഷീദ് ടീവിയെസ് എന്നേ പറയൂ .റഷീദേ, ബജാജ് എന്നെഴുതിയത് കാണുന്നില്ലേ എന്ന് രണ്ടു തവണ ചോദിച്ചു. മറുപടിയിങ്ങനെ -yes,yes.that is teeveeyes.വലിയ പട്ടണങ്ങളില്‍ ഇവ ബജാജി എന്നും വിളിക്കപ്പെടുന്നു.

ഹൈവേയിൽ നിന്ന് തിരിഞ്ഞ് മന്യാര, ഗോരങ്ങ്ഗോരോ സെരങ്കട്ടി പാർക്കുകളെ കോർത്തിടുന്ന റോഡ് മെലിഞ്ഞിട്ടാണെങ്കിലും ചന്തത്തിന് കുറവില്ല. മന്യാര തടാകക്കരയുടെ തുഞ്ചത്തുള്ള മന്യാര വൈൽഡ് ലൈഫ് ലോഡ്ജിലാണ് ഇന്ന് താമസം. അവിടേക്കുള്ള വെട്ടുവഴി     മഹാകഷ്ടമാണ്. കുണ്ടും കുഴിയും കല്ലും ചാലും .ചെറിയ രണ്ടു പള്ളികൾ വലിയ കുരിശുകളുടെ ഭാരം താങ്ങി ഞെരിയുന്നു. ഓരങ്ങളിൽ ബീൻസും മറ്റും കൃഷിയിറക്കിയിട്ടുള്ള കളങ്ങളുണ്ട്. ഒന്നുരണ്ട് ഹോംസ്റ്റേ ബോർഡുകളും പബുകളും കഴിഞ്ഞാൽ ലോഡ്ജെത്തി.

മന്യാരയിൽ അനധികൃത കയ്യേറ്റങ്ങൾ സാധാരണമാണത്രെ. ഒരു പക്ഷേ ഈ ലോഡ്ജ് നിൽക്കുന്നതും അത്തരമൊരു കയ്യേറ്റത്തറയിലായിരിക്കും.ആ പാപത്തിലൊരു പങ്കുപറ്റാനായി ,കൂറ്റൻ ഗേറ്റ് കടന്ന് ,വലിയ പുൽത്തകിടി ചുറ്റി ഞങ്ങൾ ലോഡ്ജിന്റെ പൂമുഖത്തെത്തി.




ഗംഭീരനിർമ്മിതി.പശ്ചാത്തലത്തിൽ മോഹിപ്പിക്കുന്ന പ്രകൃതി .പുൽത്തകിടികളും മരങ്ങളും തീയിടവും മ ന്യാരയിൽ മുഖം നോക്കുന്ന ഓപ്പൺ ബാറുമൊക്കെയായി സുന്ദരമായ ലേ ഔട്ട്. ഞങ്ങളെ സ്വീകരിക്കാൻ ലോബിയിൽ നിന്നിറങ്ങി വരുകയും മിനിയോടൊപ്പം അമ്മയെ കൈപ്പിടിച്ച് കൊണ്ടു പോകുകയും ജ്യൂസും സ്നാക്ക്സും നൽകി സന്തോഷിപ്പിക്കുകയും ചെയ്ത ഇന്ത്യൻ വംശജനായ മാനേജരോട് ഞാനത് പറഞ്ഞു. 
- സന്തോഷം. പക്ഷേ നിങ്ങളെ ബുദ്ധിമുട്ടിക്കാവുന്ന ഒരു കൂട്ടരുണ്ടിവിടെ .ബബൂണുകൾ .ധാരാളമുണ്ടവർ. അവർ ഞങ്ങളെ അനുസരിക്കില്ല. നിങ്ങളേയും. സൂക്ഷിക്കുക.

ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പെട്ടികളും കുപ്പികളും നിറച്ച ചാക്ക് ഒരാൾ വന്ന് എടുത്തു കൊണ്ടുപോയി. അതാണത്രേ സംവിധാനവും. ഒന്നും പുറത്ത് വലിച്ചെറിയരുത്. പ്രത്യേകിച്ചും കാട്ടിൽ .അവ അടുത്ത ലോഡ്ജുകരുടെ ചുമതലയാണ്.

മന്യാര വൈൽസ് ലൈഫ് ലോഡ്ജിലെ മിക്ക ജോലിക്കാരും ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ്. വർഷങ്ങൾക്ക് മുമ്പ് തെക്കനാഫ്രിക്കയിലേക്ക് കുടിയേറിയവരുടെ ടാൻസാനിയൻ പിൻമുറക്കാരാണ് ഇന്ന് ഇത് നടത്തുന്നത്. 



ഞങ്ങളെ ലോഡ്ജിലാക്കി റഷീദ് ,ഡ്രൈവർമാർക്കായി ലോഡ്ജ് ഒരുക്കിയിട്ടുള്ള താമസ സ്ഥലത്തേക്ക് പോയി.ആർക്കും ക്ഷീണമൊന്നുമില്ല. എന്നാലും,എല്ലാവരും ചൂടുവെള്ളത്തിൽ വിസ്തരിച്ച് കുളിച്ചു വന്നു. മനസ്സിൽ നിറയുന്ന സന്തോഷം ശരീരത്തിന്റെ വിഷമങ്ങളെ ഒഴിപ്പിച്ചു കളയും.രാവിലെ മുതൽ വഴിയിലിറങ്ങിക്കുലുങ്ങിയിട്ടും അമ്മയ്ക്കു പോലും ഒരു പ്രശ്നവുമില്ല. സൂപ്പർ മാമ. ഹക്കുണ മത്താത്ത .

മാനേജർ കൊണ്ടുപോയി ഷെഫിനെ പരിചയപ്പെടുത്തി. നാളെ ഉച്ചയ്ക്കുള്ള ഭക്ഷണപ്പെട്ടി ഇവിടെ നിന്നാണ്. ഞങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് അത് തയ്യാറാക്കാമെന്ന് മൂപ്പരേറ്റു.റോഡിൽ കാത്തു നില്ക്കുന്ന മസായി ബാല്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞു. അവർക്കുള്ളത് കൂടി കരുതാമെന്ന് അദ്ദേഹം ചിരിച്ചു. 

ലോഡ്ജിൽ താമസക്കാർ കുറവാണ്. ഡിസംബറിന്‍റെ നഷ്ടം ഇവർക്കുമുണ്ട്. അത്താഴവും ഫയർ പ്ലെയിസിലെ ആഫ്രിക്കൻ മേളവും പുറത്ത് നടന്നൊരു ഫോട്ടോ ഷൂട്ടും കഴിഞ്ഞ് അപ്പുവിനെ വിളിച്ച് അന്നത്തെ കാഴ്ച്ചകൾ വിസ്തരിച്ച് പറഞ്ഞ് കൊതിപ്പിച്ചാണ് ഞങ്ങൾ മുറിയിലേക്ക് മടങ്ങിയത്. റിസപ്ഷനിലെ പഴക്കം ഭാവിക്കുന്ന പരുക്കൻ ക്ലോക്കിൽ അപ്പോൾ സമയം പത്തേ പത്ത്. 



കാഴ്ചകൾക്കിടയിലെ ചില വരികൾ യാത്രാകാലങ്ങളിൽ ടാബിൽ കുറിച്ചിടുന്ന സ്വഭാവമുണ്ട് ഈയിടയായിട്ട്. അത് നിർബന്ധപൂർവ്വമായ ഡയറിയെഴുത്തോ കുറിപ്പെടുക്കലോ അല്ല .എഴുതാതെ പറ്റില്ലെന്ന് മനസ്സ് നിർബന്ധിച്ചാൽ . എഴുതാതെ ഉറക്കം വരുന്നില്ലന്ന് വന്നാൽ .അന്ന്  പതിനൊന്നരയോടെയെഴുന്നേറ്റ് ഞാനിങ്ങനെ കുറിച്ചു -came,saw,fell in love.deep green wild love. പിന്നെ പ്രണയപരവശനായി കിടക്കയിലേക്ക് .ഉറങ്ങാൻ കഴിയുന്നില്ല. മുറിയുടെ പുറം ഭാഗത്തേക്ക് ചുവരാകുന്ന ചില്ലിലൂടെ, താരകങ്ങൾ മന്യാരത്തടാകത്തോട് കണ്ണിറുക്കിക്കളിക്കുന്നതും നോക്കി കിടന്നു.