Thursday 2 November 2017

പുരാതന അഗോറയും ആതെന്‍സിലെ ചെരുപ്പുകുത്തികളും





മൊണാസ്റ്റിറാക്കി മെട്രോ സ്റ്റേഷനു മുന്നിൽ, നിരത്തിന്‍റെ ഓരം ചേർന്നുള്ള പൊക്കം കുറഞ്ഞ നീളൻ തിണ്ണയിൽ ഇരിക്കുകയാണ് ഞങ്ങൾ അഞ്ചു പേർ.അമ്മ, മിനി, അപ്പു, അമ്മു, ഏററവും അററത്ത് കുപ്പിയിലെ വെള്ളം മടമടാ കുടിച്ച് കൊണ്ട് ഞാൻ . കനപ്പെട്ട കാഴ്ച്ചകളിലൂടെ   കറങ്ങാനുള്ള ഊർജ്ജമൊന്നും ഇനി ബാക്കിയില്ല. ശരീരം എപ്പോഴേ രാജി തന്നു കഴിഞ്ഞു.  മനസ്സപ്പോഴും പുതിയ കാഴ്ചകളിലേക്കുള്ള കിളിവാതിലുകൾ തേടുകയാണ്. മുന്നിലെ ഹേഡ്റിയൻ ലൈബ്രറിയുടെ വൻ തൂണുകളുടെ മറവിൽ നിഴലുകളുമായി തഞ്ചത്തിൽ കളിക്കുകയാണ് നാലുമണി വെയിൽ. വലതുവശത്തെ ഉയരങ്ങളിൽ അക്രൊപ്പൊലിസ് കാണാം. അവിടെ പാർത്തനോൺ ക്ഷേത്രത്തിൻ്റെ വലുപ്പത്തിനും പഴക്കത്തിനും മുമ്പിൽ ചെറുതായിപ്പോയ സന്ദർശകർ അരിച്ചരിച്ചു നീങ്ങുന്നുണ്ട്. ചുററിലും ബീസികൾ ബാക്കി വെച്ച അടയാളങ്ങളാണ്.ഈ മെട്രോ സ്റ്റേഷനും കടകളും തീററശാലകളും ആതൻസിനെത്തേടിയെത്തിയ ആൾക്കൂട്ടവും മാത്രമാണ് ഏഡിക്കു സ്വന്തം.ഇടത് ഭാഗത്ത് നിരനിരയായിക്കിടക്കുന്ന ഉന്തുവണ്ടികളിലേക്ക് പഴക്കച്ചവടക്കാർ ഉച്ചത്തിൽ ക്ഷണിക്കുന്നുണ്ട്‌.ചെറിയും പ്ളമ്മും പെയറും മുന്തിരിയും പേരറിയാത്ത വേറെയും പഴങ്ങളും അവിടെ ഇരുന്നു മോഹിപ്പിക്കുന്നുണ്ട്.


ബീസികളുടെ ബിംബപ്പറമ്പാണ്  മൊണാസ്ടിറാക്കിക്ക് ചുറ്റും.പഴക്കത്തിന്‍റെ ഗർവ്വോടെയും അംഗഛേദത്തിന്‍റെ ജാള്യത്തോടെയും പൊടി പൂശി നില്ക്കുന്ന വൻ തൂണുകൾ എല്ലാ ഫ്രേയ്മിലുമുണ്ടാകും.പുരാതന അഗോറ,റോമൻ അഗോറ,ഹാഡ്രിയാന്‍റെ ലൈബ്രറി, അക്രൊപൊലിസ്, ക്രമിക്കോസ് ,അങ്ങനെ പുരാതന ഗ്രീസിന്‍റെ വാസ്തുശില്പശേഷിപ്പുകളിലേക്കുള്ള തീർത്ഥാടനങ്ങൾ തുടങ്ങേണ്ടത് ഇവിടെ നിന്നാണ് .മൊണാസ്ടിറാക്കി അഥവാ ചെറിയ ആശ്രമം എന്ന് വിളിക്കപ്പെടുന്ന ഈ ചത്വരത്തിൽ നിന്ന്.ഈ പ്രദേശത്തെ പുരാവസ്തു ഖനനങ്ങൾക്കിടയിൽ വലിയ ആശ്രമം ഭാഗികമായി തകർന്ന് ചെറിയ ആശ്രമം (monastiraki) ആവുകയായിരുന്നു.
രാവിലെ ഒമ്പതിന് തുടങ്ങിയതാണ് ആതൻസിലെ ബീസിക്കാഴ്ചകൾ .( ഇത് അപ്പുവിന്റെ പ്രയോഗമാണ് .ഗ്രീക്ക് റോമൻ കാഴ്ചകൾക്ക് ഇതിലും നല്ലൊരു തലക്കെട്ട് നല്കാനില്ല) ബീസിക്കാഴ്ചകൾക്ക് ചില പ്രത്യേകതകളുണ്ട്. ഇടക്കിടക്ക് കണ്ണുകളടക്കണം. മനസ്സ് തുറക്കണം. ഉള്ളിൽ കാണണം കാഴ്ചകൾ. ഒറ്റപ്പെട്ടും പൊട്ടിയും പൊടി പിടിച്ചും നില്ക്കുന്ന വലിയ മാർബിൾ സ്തംഭങ്ങൾക്കപ്പുറവും ഇപ്പുറവുമെല്ലാം പുതിയ തൂണുകൾ ചേർത്തു വെക്കണം. അവയ്ക്കു മേലെ പഴയ ഗ്രീക്ക് സ്റ്റൈലിൽ മേൽക്കൂര ചേർക്കണം. യവന സുന്ദരീസുന്ദരന്മാരെ ആവാഹിച്ചു വരുത്തണം. അധികാരത്തിന്‍റെയും അടിമയുടേയും ശബ്ദങ്ങൾ ചിട്ടപ്പെടുത്തണം. അടഞ്ഞ കണ്ണുകളും മനസ്സിൽ തെളിയുന്ന ചരിത്രജ്ഞാനവും ചേർന്നാണ് കാഴ്ചകൾ മുഴുമിപ്പിക്കുന്നത്. പിന്നെ എത്ര തിരക്കു കൂട്ടിയാലും കാലത്തിന്‍റെ മന്ദഗതിയെ നമുക്കിവിടെ മറികടക്കാനാവില്ല. കാലത്തിന് പതിഞ്ഞ താളമാണിവിടെ. കാഴ്ചകൾക്കിടയിൽ കാലുകളുടെ വേഗം കൊണ്ട് ആ താളം തകർക്കാൻ ശ്രമിക്കരുത്.

നാല് ദിവസം കൊണ്ട് കണ്ട് തീർക്കാനായി, അക്രൊപൊലിസ് അടക്കമുള്ള ആറ് കാഴ്ചകളിലേക്കായി പന്ത്രണ്ട് യൂറോയുടെ ടിക്കറ്റ് വടക്കേ ഗെയ്റ്റിൽ നിന്നും വാങ്ങി ഒമ്പത് മണിക്കായിരുന്നു അഗോറ പ്രവേശനം. പ്രശസ്തമായ       പാർത്തെനോണിന്റെ പടം പ്രൊഫൈൽ ആയിട്ടുള്ള ടിക്കറ്റ് തന്നെ ലളിത മനോഹരമാണ്.പാർത്തെനോണിന്റെ ഇരുവശത്തുമായാണ് ആറ് കാഴ്ചകളിലേക്കുള്ള ടിക്കറ്റുകൾ. പുരാതന അഗോറയുടെ പരന്നു പരന്നു കിടക്കുന്ന ശേഷപ്പറമ്പുകളിലൂടെയുള്ള നടത്തം അമ്മക്ക്  വലിയ ബുദ്ധിമുട്ടാകും.അതുകൊണ്ട് ടിക്കറ്റ് ബൂത്തിൽ അമ്മയെ ഏൽപ്പിക്കുകയായിരുന്നു.അവരാകട്ടെ  ബൂത്തിനോട് ചേർന്ന് ഒരു മരത്തണലിൽ അമ്മയെ സസ്നേഹം കസേരയിട്ടിരുത്തി.
അഗോറപ്പറമ്പിലേക്ക് കടക്കുമ്പോൾ ബീസികളിലേക്ക് തലവെച്ച് കിടക്കുന്ന ചരിത്രത്തിന്റെ ഈർപ്പഗന്ധം ഒമ്പതു മണിയുടെ പൊള്ളിക്കുന്ന വെയിലിലും നമുക്ക് കിട്ടും. ഒരു ശ്മശാനത്തിലേക്ക് നടക്കുന്നതു പോലെ കാലുകൾ സങ്കടപ്പെടും.നേരെയപ്പുറത്ത് അക്രൊപൊലിസ് അതിന്റെ പഴക്കവും പ്രൗഢിയും പൊക്കിപ്പിടിച്ച് നില്ക്കുന്നുണ്ട്. മലമുകളിലെ പാർത്തനോണോ എറക്തിയോണോ കാഴ്ചയിൽ പെടാതെ ഏതൻസിലൂടെ നടക്കാനാവില്ല.
പുരാതന ഗ്രീസിലെ പൊതുസ്ഥലങ്ങളാണ് അഗോറകൾ. ചന്തകളും ചർച്ചാവേദികളും യവനദൈവഗണത്തിനായുള്ള ക്ഷേത്രങ്ങളും പ്രതിമകളും കിണറുകളും ജലസംഭരണികളും ജലവിതരണ സംവിധാനങ്ങളുമൊക്കെയായി സഗൗരവം കാത്തിരിക്കുകയാണ് ഈ പുരാതന അഗോറ.(Ancient Agora. റോമൻ അഗോറ വേറെയാണ്.അവിടെ നമുക്ക് പിന്നെപ്പോകാം .)
അഗോറയുടെ വടക്കുവശത്ത് നിന്ന് തുടങ്ങിയാൽ നമ്മൾ നടക്കുന്നത് പുരാതന പനാത്തെനെയ്ക്ക് നടവഴിയിലേക്കാണ്. പുരാതന ഗ്രീസിന്റെ ഉത്സവപ്പാത. നന്നാലു വർഷങ്ങൾ കൂടുമ്പോൾ ഗ്രേറ്റ് പനാത്തെനെയ്ക്ക്       ഉത്സവത്തിന്റെ ഘോഷയാത്രകൾ ,നഗരവാതിലായ               ഡിപൈലോണിൽ നിന്ന്  തുടങ്ങി അഗോറയെ കോണോട് മുറിച്ചുകടന്ന്  പാർത്തെനോണിലേക്കുള്ള പടികൾ കയറിപ്പോയി. അനേകം വാദ്യങ്ങളുടെയും ആയിരങ്ങളുടെ ആർപ്പുവിളികളുടേയും അകമ്പടിയോടെ .ആതൻസിന്റെ സ്വന്തം ദേവതയായ അഥീനയ്ക്ക് ചാർത്താനുള്ള പുത്തനങ്കിയുമായാണ് ഈ യാത്ര. ആതൻസിലെ പ്രഭുകുമാരികളുടെ മാസങ്ങളോളം നീളുന്ന കൈവേലയാണ്  മനോഹരമായ അങ്കിയാവുന്നത്.

ഒളിമ്പിക്സിന് വളരെ മുമ്പേ തുടങ്ങിയിട്ടുള്ളതാണ് പനാത്തനെയ്ക്കിലെ മത്സരങ്ങൾ.ഒളിമ്പിക്സിൽ നിന്ന് വിഭിന്നമായി പനാത്തെനെയ്ക്ക് ഫെസ്റ്റിവലിൽ കായികമത്സരങ്ങൾക്ക് പുറമെ കവിത ചൊല്ലലും പാട്ടു പാടലും നൃത്തവും വിവിധ വാദ്യോപയോഗങ്ങളും ഉണ്ടായിരുന്നു. മസിലു മുഴച്ചവർ കുതിരകൾ വായുവേഗത്തിൽ വലിച്ചോടുന്ന രഥങ്ങളിൽ നിന്ന്  ആയുധങ്ങളോടെ ചാടിയിറങ്ങുകയും പിന്നാലെ ഓടിച്ചെന്ന് തിരിച്ചുകയറുകയും ചെയതു. കലാകാരന്മാർ മരത്തണലുകളിലിരുന്ന് :ണ്ഢന്ത് ഉം  ണ്ഡത്ത ഉം വായിച്ചു.കവികൾ അഥീനയെ വാഴ്ത്തി കവിതകൾ ചൊല്ലി.തത്ത്വജ്ഞാനികൾ വഴിവക്കിലെ സദസ്സുകളിൽ തർക്കങ്ങളിൽ മുഴുകി.
പനാത്തെനെയ്ക്ക് ഉത്സവത്തിലെ കുതിരയോട്ട മത്സരങ്ങൾക്കും ശരീരവേഗമത്സരങ്ങൾക്കും വേണ്ടി നിർമ്മിക്കപ്പെട്ടതായിരുന്നു അക്രൊപൊലിസിന് തൊട്ടപ്പുറമുള്ള പനാത്തെനെയ്ക്ക് സ്റ്റേഡിയം. വർഷങ്ങളും ഭരണാധികാരികളും അതിനെ പരിഷ്ക്കരിച്ചെടുത്ത്. 1896 ലെ  ആദ്യ ആധുനിക ഒളിമ്പിക്സിന്റെ വേദിയാക്കി. പൂർണ്ണമായും, ഇരിപ്പിടങ്ങളടക്കം,മാർബിളിൽ നിർമ്മിക്കപ്പെട്ട ലോകത്തിലെ ഏക സ്റ്റേഡിയമാണ്  ഇത്.
പനാത്തെനെയ്ക്ക് പാതയുടെ കാര്യമായ അടയാളപ്പെടുത്തലുകളൊന്നുമില്ല ഇപ്പോൾ. ഇരുവശത്തുമുണ്ടായിരുന്ന കൽച്ചാലുകളുടെ അവശിഷങ്ങൾ ചിലയിടത്തെല്ലാം പഴയ നനവുകളോർത്ത് നെടുവീർപ്പിടുന്നുണ്ട്. അക്രൊപൊലിസിലെ പാർത്തനോണിലേക്ക് കയറിപ്പോകുന്ന കൽപ്പടവുകളാണ് ഈ പാതയുടെ പരുക്ക് പറ്റാത്ത ഭാഗങ്ങൾ. ബാക്കിയെല്ലാം നൂറ്റാണ്ടുകൾ നിറച്ച ചരലിൽ പുതഞ്ഞു കിടക്കുന്നു. എങ്കിലും ചരിത്രമറിയുന്നവന്റെ കാലടികൾ പഴയ ഉത്സവത്തേരോട്ടത്തിന്റെ ചക്രച്ചാലുകൾ തേടിപ്പോകും.
ബീസിയിലെ ആറാം നൂറ്റാണ്ടു മുതലാണ് ചരിത്രകാരന്മാർ അഗോറയുടെ പഴക്കമളക്കുന്നത്. അതിനും നൂറ്റാണ്ടുകൾക്കു മുമ്പേ ഇതൊരു ജനവാസ കേന്ദ്രമായിരുന്നു. കൂട്ടിച്ചേർക്കലുകളും പുതുക്കിപ്പണിയലുമൊക്കെയായി  ഏക്കറുകളോളം വലുപ്പമുള്ളൊരു ദീർഘചതുരമായി അഗോറ വളരുന്നത് ബീസി രണ്ടാം നൂറ്റാണ്ടോടെയാണ്. പിന്നീട് റോമാക്കാരുടേയും പേർഷ്യക്കാരുടേയും മറ്റും അധിനിവേശത്തിൽ അഗോറ തകർക്കപ്പെടുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്തു. അനേകം കൊല്ലങ്ങളുടെ കനത്തിൽ
അഗോറക്ക് മേൽ മണ്ണ് മൂടുകയും അതിന് മുകളിൽ പുതിയ ആതൻസിന്റെ പുതിയ പാർപ്പിsങ്ങൾ ഉയരുകയും ചെയ്തു.
മെട്രോ പാതയുടേയും ആതൻസ് - പൈറിയസ്  റെയിൽപ്പാതയുടേയും കുഴിക്കൽ പണികളാണ് അഗോറയെ കണ്ടെത്തിയത്. പന്ത്രണ്ടേക്കറോളം സ്ഥലത്തെ വീടുകളും കെട്ടിടങ്ങളും മാറ്റിയാണ് ആർക്കിയോളജിക്കാർ അഗോറയെ പുറത്തെത്തിച്ചത്. ഗ്രീക്ക് ,ജർമ്മൻ ,അമേരിക്കൻ പുരാവസ്തു ഗവേഷകർ അവരുടെ ഖനനങ്ങളും പുനർനിർമ്മാണങ്ങളും ഇപ്പോഴും തുടരുന്നു. കല്ലിൻമേൽ കല്ലു ചേർന്ന് അഗോറ അതിന്റെ പൂർവ്വ രൂപത്തിലേക്ക് പതിയെ പുനർജ്ജനിക്കുകയാണ്.
അഗോറപ്പറമ്പിൽ ചരിത്രത്തിന്റെ ഗരിമ കാണിക്കുന്നത് മൂന്ന് നിർമ്മിതികളാണ്. തെക്കോട്ടുള്ള നോട്ടത്തിൽ അക്രാപൊലിസ് നിങ്ങളുടെ കാഴ്ചയെ മോഷ്ടിക്കുന്നില്ലെങ്കിൽ വിശുദ്ധ അപ്പോസ്തലന്മാരുടെ പേരിലുള്ള ചെറിയ പള്ളി കാണാം. വലത് വശത്ത് ഹഫേസ്റ്റസിനായുള്ള ക്ഷേത്രം. ഇടത് വശത്ത് പൂർണ്ണമായും പുനർനിർമ്മിക്കപ്പെട്ട   സ്റ്റോവ ഓഫ് അറ്റ് ലോസ് കെട്ടിടം.(stoa of Atlos.)


ഗ്രീക്ക് പുരാണ കഥകളിലും സോക്രട്ടീസ് ഡയോജെനസ് മുതലായ തത്ത്വജ്ഞാനികളിലും താല്പര്യമുള്ള അമ്മുവാണ് ആദ്യം ഹഫേസ്റ്റസിന്റെ അടുത്തു പോകാം എന്ന് പറഞ്ഞ് അഗോറൈസേഷന്റെ ദിശ നിശ്ചയിച്ചത്.(അമ്മുവിന്റെ ഈ ഗ്രീക്ക് താൽപര്യം ഞങ്ങളേയും ചിലപ്പോൾ അവളെത്തന്നെയും അത്ഭുതപ്പെടുത്താറുണ്ട്. അവളുടെ അക്കാഡമിക്ക് അസിസ്റ്റൻസിന് കാത്താണ് ഈ കുറിപ്പ് വൈകിയത്. )   ( ദേവസഭയിൽ ഒരു പാട് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നുവെങ്കലും, )നിർഭാഗ്യവാനായ ഒരു ദേവനാണ് ഹഫേസ്റ്റസ്. ഗ്രീക്ക്  പുരാണങ്ങളിലെ ദേവേന്ദ്രനും ഇന്ദ്രാണിയുമായ സിയൂസിന്റേയും ഹീരയുടേയും മകൻ. തന്റെ സമ്പർക്കമില്ലാതെ സീയൂസ് സ്വന്തം നെറ്റിത്തടത്തിൽ നിന്നും അഥീനക്ക് ജന്മം നല്ലിയതിൽ പ്രതിഷേധിച്ച് ഹീര തന്റെ തുടയിൽ നിന്നും വലിച്ചൂരിയെടുത്തതാണ് ഹഫേസ്റ്റസ്. ജന്മനാ വിരൂപനും  ശോഷിച്ച കാലുകളോട് കൂടിയവനുമായിരുന്നു ഈ ദേവസന്തതി. ഹഫേസ്റ്റസിന്റെ കുറവുകളിൽ അസ്വസ്ഥയായ ഹീര മകനെ സ്വർഗ്ഗത്തിൽ(ഗ്രീക്കുകാരുടെ ഒളിംപസ്, നമ്മുടെ ഇന്ദ്രപ്രസ്ഥം.) നിന്നും വലിച്ചെറിഞ്ഞു. ഒമ്പത് ദിനരാത്രങ്ങൾ നീണ്ട ആ വീഴ്ചയിലും കിട്ടി ദേവന് കുറേ വൈകല്യങ്ങൾ .കടലിൽ ചെന്നു വീണ ഹഫേസ്റ്റസ് ഒമ്പതു വർഷക്കാലം സാഗരദേവന്മാരുടെ സംരക്ഷണത്തിൽ കഴിഞ്ഞു. അത്രയും കാലം ഹഫേസ്റ്റസ്  അവിടെയിരുന്ന് ദേവന്മാർക്ക് വേണ്ടി കൊല്ലപ്പണി ചെയ്തു .അഥീനയുടെ പരിചയും കുപ്പിഡിന്റെ (കാമദേവൻ) അമ്പുകളും മറ്റ് ദേവന്മാർക്ക് വേണ്ട ആയുധങ്ങളും തയ്യാറാക്കിയത് ഇദ്ദേഹമാണ്.
പിന്നീട് ഒളിംപസിൽ തിരിച്ചെത്തിയ ഹഫേസ്റ്റസ്  ,തന്റെ പിതൃത്വം വെളിപ്പെടുത്താത്തതിന് ,പ്രത്യേകം തയ്യാറാക്കിയ സ്വർണ്ണക്കസേരയിൽ ഹീരാ ദേവിയെ ബന്ധിച്ചു.അമ്മയുടെ അവഗണനയും ക്രൂരതകളും മറക്കാനായില്ലെങ്കിലും ഹഫേസ്റ്റസിന്റെ മാതൃസ്നേഹം നിലനിന്നു. പിതൃത്വമില്ലാത്ത മാതൃസൃഷ്ടിയായിരുന്നല്ലോ അദ്ദേഹം.ഒരിക്കൽ     മാതാപിതാക്കൾക്കിടയിലെ ഒരു ദൈവീകശണ്ഠയിൽ മൂപ്പര് ഹീരാമ്മയുടെ പക്ഷം പിടിച്ചു. ഇതിൽ ക്ഷുഭിതനായ   സീയുസ്  ഹഫേസ്റ്റസിനെ  കാലിൽ പിടിച്ചെടുത്ത് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. ഇത്തവണ വേഗത്തിലായിരുന്നു വീഴ്ച. ഒറ്റകൊല്ലം കൊണ്ട് ലെമ്നോസ് ദ്വീപിൽ വന്നു പതിച്ചു.
വീണ്ടും ഒളിംപസിലേക്ക് തിരിച്ചെത്തിയ ഹഫേസ്റ്റസ്  ഒരു വർക്ക്ഷോപ്പൊക്കെ തട്ടിക്കൂട്ടി ദേവലോകത്തെ ആസ്ഥാന കൊല്ലനായി ഒതുങ്ങിക്കൂടി.  സീയുസിന്റെ ഉത്തരവിൽ ദേവലോകസുന്ദരിയായ  അഫ്രോഡിറ്റിനെ വിവാഹം ചെയ്തു. അനേകം ജാരന്മാരുണ്ടായിരുന്ന അതിസുന്ദരിക്ക്  ഹഫേസ്ററസിനോട് ഒരിക്കലും വിശ്വസ്തത പുലർത്താനായില്ല. ഹഫേസ്റ്റസ് തന്റെ ആലയിൽ ഒരു പ്രത്യേക ലോഹവല തയ്യാറാക്കി, ഭാര്യയുടെ കിട്ടലിനു മുകളിൽ ഒരുക്കി വെച്ചു. അന്നത്തെ ജാരസംഗമത്തിൽ രണ്ടു പേരും വലയിലായി.നഗ്നരായി. കാലുകൾ പിണഞ്ഞു ചേർന്ന് ദേഹങ്ങൾ പരസ്പരം അലിഞ്ഞു ചേർന്ന് 
അവരങ്ങനെ വലയിൽ പെട്ട് നാണംകെട്ട് കിടന്നു. മുറിക്ക് പുറത്ത് നിന്ന് ഹഫേസ്റ്റസ് ചിരിക്കുകയോ കരയുകയോ ചെയ്തിരിക്കാം.
ക്ഷേത്രത്തിലേക്കുള്ള വഴി നീളെ അമ്മു ഹതഭാഗ്യനായ ഹഫേസ്റ്റസിനെക്കുറിച്ച്  അങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു. അദ്ദേഹത്തോടുള്ള അനുകമ്പ അമ്മുവിന്റെ വാക്കുകളിലും അവയുടെ താളത്തിലും ഉണ്ട്.കൂടപ്പിറപ്പിന്റേയോ അടുത്ത കൂട്ടുകാരന്റേയോ സങ്കടങ്ങളെന്ന പോലെയാണ് അവൾ പറഞ്ഞു കൊണ്ടിരുന്നത്.
ഡോറിക് (doric) ശൈലിയിലുള്ള ഉയർന്ന മാർബിൾ തൂണുകളിൽ പൊതിഞ്ഞ് ആദരം ജനിപ്പിക്കുന്ന ഗാംഭീര്യവുമായി നില്ക്കുകയാണ്, ഹഫേസ്റ്റസിന്റെ ക്ഷേത്രം.അഗോറയോസ് കൊളോണോസ് എന്ന ചെറുകുന്നിന് മുകളിലാണ്  ഈ ക്ഷേത്രം. ചുറ്റിലും ഉയർന്ന് വന്ന പുതിയ ആതൻസ്  നഗരവും കാലം മണ്ണിട്ട് തൂർത്തെടുത്ത പഴയ അഗോറയും ആ കുന്നിന്റെ ഉയരം പിന്നെയും കുറയ്ക്കുന്നുണ്ട്. ദേവനോളം കാലക്കേട്' ദേവാലയത്തിനുണ്ടായില്ല.പുരാതന ഗ്രീസിൽ നന്നായി സംരക്ഷിക്കപ്പെട്ടുപോന്ന അപൂർവ്വം പുരാണ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇടക്കാലത്ത് ഓർത്തഡോക്സ് പളളിയായും മ്യൂസിയമായും ഈ ക്ഷേത്രം കൂറുമാറി. മന്ദിരത്തിന്റെ ഈ മെയ് വഴക്കമാണ് ഇതിനെ ഈ കാലത്തേക്ക് സംരക്ഷിച്ചു നിർത്തിയത്.ഭൂമിയുടെ പിണക്കങ്ങളും രാജാക്കന്മാരുടെ പടയോട്ടങ്ങളും മേൽക്കൂരയ്ക്കും മാർബിൾ തൂണുകൾക്കും അല്പം പരിക്കേൽപ്പിച്ചിട്ടുണ്ടെങ്കിലും .
ഏതാനും കുറ്റിച്ചെടികൾക്കിടയിലൂടെ ചെരിഞ്ഞുകയറുന്ന ,ഇടയ്ക്ക് പൊളിഞ്ഞടർന്ന കല്പടവുകളുള്ള വഴിയിലൂടെ ഞങ്ങൾ ഹഫേസ്റ്റസിനടുത്തേക്ക് കയറിത്തുടങ്ങി. ക്ഷേത്രത്തിന് ചുറ്റും ഏതാനും ചെറു മരങ്ങളെ വെട്ടിയൊതുക്കി മെരുക്കി നിർത്തിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് കുറച്ചു പച്ചപ്പിനെ പ്രകൃതി സ്വതന്ത്രരായി അഴിച്ചു വിട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നുരണ്ടു ക്രിസ്തുമസ് മരങ്ങൾ സൂര്യന് നേരെ വിരൽ ചൂണ്ടി നിൽക്കുന്നുണ്ട്. വെയിലേറ്റ് മങ്ങിയും മുറിവേറ്റും ഒരു പുൽത്തകിടി ഒരു വശത്തുണ്ട്.

അകലെ നിന്ന് അനേകം അഴികളുള്ള ആനക്കൊട്ടിലിന്റെ ആനച്ചന്തം അണിഞ്ഞിരുന്ന ഹഫേസ്റ്റസ് ക്ഷേത്രം അടുത്തെത്തുമ്പോൾ ഗജഗാംഭീര്യവും കഴിഞ്ഞ് വളരുകയാണ്. തെക്ക് വടക്ക് ഭാഗങ്ങളിൽ 13 വീതവും കിഴക്കും പടിഞ്ഞാറും ആറു വീതവുമായി മുപ്പത്തിനാല്  തടിയൻ തൂണുകളിൽ അതങ്ങ്  ഉയർന്നു പോകുന്നു. ഉടൽ നീളത്തിൽ ഇരുപത്തിനാല്  പൊഴികളുമായി ,മൂന്നോ നാലോ ഘന ഖണ്ഡങ്ങളിലായി ,വെയിലിൽ ഇത്തിരി തുടുക്കുന്ന ക്രീം കളറിൽ തൂണിടകളിൽ കൊച്ചു ശില്പസൗന്ദര്യങ്ങളുമായി അനേകം തൂണുകൾ മരവും മാർബിളും ചേർന്ന മേൽക്കൂരയ്ക്കു കീഴിലങ്ങനെ ഞെളിഞ്ഞു നില്ക്കുന്നു. ഉള്ളിലായി പന്ത്രണ്ട് തൂണുകളുടെ മറ്റൊരു         ദീർഘചതുരച്ചുററുണ്ട്. അതിനും ഉള്ളിലായിട്ടാണ് ഹഫേസ്റ്റസിന്റെ 'പ്രതിഷ്ഠ'യുള്ള ക്ഷേത്രഗർഭം. ക്ഷേത്രത്തിന്റെ ഒരു ഭാഗത്തേക്കും പ്രവേശനമില്ല. അടർന്ന് മാറിയ മേൽക്കൂരക്കീറുകളിലൂടെയും തൂണുകൾക്കിടയിലൂടെയും നുഴഞ്ഞു കയറുന്ന വെളിച്ചം തറയിലും ചുമരിലും വരയ്ക്കുന്ന പ്രാകൃത ജാമിതീയ രൂപങ്ങളെ നോക്കി നില്ക്കാം. പടിഞ്ഞാറ് ചെന്ന്  ചെമ്പോട് മേഞ്ഞ അഥീനിയൻ മേൽക്കൂരകൾ കണ്ട് ലൈക്ക ബെറ്റസ് കുന്നും കണ്ട്  ഞങ്ങൾ കൊളോണോസ് കുന്നിറങ്ങി.ദിശാസൂചകമായി അക്രൊപൊലിസ്  ദൂരെ കാത്ത് നിൽക്കുന്നുണ്ട്. (അമ്മുവിന്റെ ഹഫേസ്റ്റസ് വിവരണം മുപ്പരോട് വല്ലാത്തൊരനുകമ്പയും അടുപ്പവും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. അത് കൊണ്ടാണ് ക്ഷേത്രത്തിൽ മൂപ്പർക്കൊപ്പം അഥീനയുടെ പ്രതിഷ്ഠ കൂടിയുള്ള വിവരം ഞാൻ ഒഴിവാക്കിയത്. എനിക്കിവിടെ ഹഫേസ്റ്റസ് മാത്രം മതി.)
താഴെ ഭൂതകാല നിദ്രയിൽ നിന്നുണരാൻ മടിക്കുന്ന കൽക്കെട്ടുകളും അംഗേച്ഛേദങ്ങളിൽ കരയുന്ന              ശിൽപങ്ങളുമായി അഗോറയുടെ സമതലം.ഹഫേസ്റ്റസ് കഴിഞ്ഞാൽ കാഴ്ചയെ നേരിട്ട് മെരുക്കുന്നത് അപ്പോസ്തലന്മാരുടെ പള്ളിയും പൂർണ്ണമായും പുനരുദ്ധരിക്കപ്പെട്ട അറ്റ് ലോസിന്റെ സ്റ്റോവയുമാണ്. മേൽക്കൂരയുള്ള നടവഴികളേയോ കെട്ടിടങ്ങളുടെ ചായ്പുകളെയോ ആണ് പുരാതന ഗ്രീക്കുകാർ സ്റ്റോവ എന്ന് പറഞ്ഞിരുന്നത്.  റോയൽ സ്റ്റോവ, പെയിന്റഡ് സ്റ്റോവ ,മിഡിൽ സ്റ്റോവ എന്നിങ്ങനെ പിന്നെയും ' മോന്തായം മൂടിയ 'ഇടങ്ങളുണ്ടായിരുന്നു അഗോറയിൽ. ഇന്ന് അവയുടെ അൽപ്പാവശിഷ്ടങ്ങളോ സ്ഥാനം സൂചിപ്പിക്കുന്ന ചെറിയ ബോർഡുകളേയുള്ളു. പിന്നെയുള്ളത്  റോമൻ ജനറലായിരുന്ന അഗ്രിപ്പ  (റോമിൽ പാൻതിയോണും ട്രെവി  ഫൗണ്ടനിലേക്കുള്ള  അക്യുഡക്‌ടും നിർമ്മിച്ച അഗ്രിപ്പ തന്നെ.) പണി കഴിപ്പിച്ച  വലിയ സംഗീതശാലയുടെ ബാക്കി നില്ക്കുന്ന ശിലകൾക്കും ശൂന്യതയ്ക്കും കാവൽ നിൽക്കുന്ന മൂന്ന് വലിയ പ്രതിമകളാണ്.കുറെയൊക്കെ വെട്ടും തട്ടും കാലം നല്കിയിട്ടും വൻ പീഠങ്ങളിൽ നിവർന്ന് നിന്ന് അവർ കാവൽപണി തുടരുന്നു.


കൊളോണോസ്  കുന്നിറങ്ങി ഞങ്ങൾ അഗോറയുടെ    തെക്ക് - പടിഞ്ഞാറ്  മൂലയിലേക്ക് നടന്നു. വഴിയിൽ ധാരാളം പഴച്ചെടികളും പാഴ്ച്ചെടികളുമുണ്ട്. ഒരാകാരവും നിരൂപിച്ചെടുക്കാൻ പറ്റാത്ത വിധത്തിൽ കാലം കുത്തി നിർത്തിയ മാർബിൾ പലകകളും കൽക്കെട്ടുകളുമുണ്ട് എമ്പാടും. തണലുകളിലിത്തിരി തങ്ങിയും നടന്നും ഞങ്ങൾ അടയാളക്കല്ലിലെത്തി.അഗോറയുടെ അതിരടയാളപ്പെടുത്തുന്ന കല്ല്. ഈ അതിരടയാളത്തിനപ്പുറത്ത് കുശവന്മാരുടേയും കൊല്ലന്മാരുടേയും ചെരുപ്പുകുത്തികളുടേയും വീടുകളുടേയും പണിശാലകളുടേയും നിരകളായിരുന്നു..അഗോറയുടെ സ്റ്റോവാകളിൽ ഇടം കിട്ടാതെ പോയ അധകൃതർ.അത്തരമൊരു പുര-പണിപ്പുര കോംപ്ലക്സിലാണ് ഞങ്ങൾ കയറി നില്ക്കുന്നത്.    ആതൻസിന്റെ പഴയ ചെരുപ്പുകുത്തിയായ സൈമണിന്റേതാണ് ഈയിടമെന്ന് ചരിത്രകാരന്മാരും ഖനനങ്ങളും ഘോഷിക്കുന്നു.

അഗോറക്കാലത്തെ അധികാരികൾക്കും യുവജനങ്ങൾ അപകടകാരികളാണെന്ന് അറിയാമായിരുന്നു. അറിവുകൾ ആഗിരണം ചെയ്തവർ പൊട്ടിത്തെറിക്കുമെന്ന് അവർ ഭയപ്പെട്ടു. അഗോറയിൽ നിന്നും അവിടത്തെ ഔദ്യോഗിക വ്യവഹാരങ്ങളിൽ നിന്നും ചർച്ച വേദികളിൽ നിന്നും വിലക്കപ്പെട്ട അവർ അഗോറയുടെ അരികുകളിലെ വീടുകളിലും കടകളിലും പണിശാലകളിലും പറ്റിക്കൂടി. ജ്ഞാനികൾ യുവാക്കളെത്തേടി അവിടയെത്തി. അത്തരമൊരു പണിശാലയായിരുന്നു സൈമൺ ദ ഷൂ മേക്കർ എന്ന്  ഗ്രീക്ക്  ചരിത്രത്തിൽ അറിയപ്പെടുന്ന സൈമണിന്റെ ചെരുപ്പു നിർമ്മാണശാല. മഹാജ്ഞാനിയായ സോക്രട്ടീസിന്റെ ഒരു താവളമായിരുന്നു ഇത്.


അക്രൊപൊലിസിൽ കൽപ്പണിയിലും ശില്പ നിർമ്മാണത്തിലും ഏർപ്പെട്ടിരുന്ന സോഫ്രോണിക്കസിന്റെ മകനായിരുന്നു സോക്രട്ടീസ്. ശില്പിയായിത്തന്നെ അദ്ദേഹം ജീവിതം ആരംഭിച്ചു. പക്ഷേ ശിൽപ്പങ്ങളുടെ അപൂർണ്ണതയിൽ അയാൾ അസ്വസ്ഥനായിക്കൊണ്ടിരുന്നു.  മനുഷ്യരുടേയും ദേവന്മാരുടേയും യഥാർത്ഥ സൗന്ദര്യം അവരുടെ ഉള്ളുകളിലാണെന്നും ,ആ അകംപൊരുളുകൾ ശില്പങ്ങളിലേക്ക് പകർത്തപ്പെടുന്നില്ലെന്നും  അദ്ദേഹം ദു:ഖിച്ചു. ബുദ്ധിയുടേയും നന്മയുടേയും പെരുപ്പിക്കലിലൂടെ മനുഷ്യൻ കൂടുതൽ സുന്ദരനാവേണ്ടതുണ്ടെന്ന് അദ്ദേഹം കരുതി. സോക്രട്ടീസ് മനസ്സിന്റേയും ചിന്തകളുടേയും കൊത്തിമിനുക്കുകളിലേക്ക് വഴിമാറി. നിരന്തരം ചോദ്യങ്ങൾ ചോദിച്ചും എന്നാൽ ആർക്കും ഉത്തരം നല്കാതെയും അയാൾ അഗോറയുടെ അകത്തും പുറത്തും അലഞ്ഞു,സോക്രട്ടീസിന്റെ ചോദ്യങ്ങളേറ്റ്  പൊങ്ങച്ചക്കാരുടെയും വികടപണ്ഡിതന്മാരുടെയും 'വായുസഞ്ചികൾ ' ശൂന്യമായി.
അയാളുടെ ചോദ്യങ്ങൾ തന്നെയായിരുന്നു വലിയ ഉത്തരങ്ങൾ എന്നറിഞ്ഞ ചെറുപ്പക്കാർ സോക്രട്ടീസിന്റെ ശ്രോതാക്കളായി. ചിലർ അടുത്ത ശിഷ്യരായി. സൈമണിന്റെ ഉമ്മറത്തിരുന്ന് സോക്രട്ടീസ് അവരോട് സംവദിച്ചു.തർക്കവിതർക്കങ്ങൾ കഴിഞ്ഞ് ആളുകളൊഴിഞ്ഞപ്പോൾ സൈമൺ അതെല്ലാം ഓർമ്മയിൽ നിന്നെടുത്ത് പകർത്തിവെച്ചു. മുപ്പത്തിരണ്ടദ്ധ്യായങ്ങൾ.  ഷൂമേക്കർ ഡയലോഗ്സ് എന്നറിയപ്പെട്ട ആ ചുരുളുകൾ പലതും അഗോറയിലെ ഖനനങ്ങളെയും കബളിച്ചിച്ച് ഒളിച്ചു കഴിയുന്നു. സോക്രട്ടീസാകട്ടെ തന്റെ ശിഷ്യരേയും അനുയായികളുടേയും ചരിത്ര വിദ്യാർത്ഥികളുടേയും ബോധത്തിലല്ലാതെ ഒന്നും രേഖപ്പെടുത്തിയില്ല. പാശ്ചാത്യ തത്ത്വജ്ഞാനത്തിന്റെ ഉറവ ഉയിരെടുക്കുന്നത്  സോക്രട്ടീസിൽ നിന്നാണ്, ചെരുപ്പു കുത്തി സൈമണിന്റെ പണിപ്പുരയിൽ നിന്നാണ്.അനേകം വിഖ്യാതരായ ശിഷ്യരിലൂടെ അതങ്ങനെ ഒഴുകുന്നു. .
അരിസ്റ്റോക്ളിസ് തന്റെ ചിന്തകളും പ്രബന്ധങ്ങളും പേരു തന്നെയും തീയിലെറിഞ്ഞ്  സോക്രട്ടീസിന്റെ പ്ളാറ്റോ എന്ന ശിഷ്യനായി. പേരെടുത്ത ഗുസ്തിക്കാരനായിരുന്ന അദ്ദേഹം സോക്രട്ടിയൻ കളരിയിൽ  ദ റിപ്പബ്ലിക്ക്’ എഴുതിയ ചിന്തകനായി. ഒരു തത്ത്വജ്ഞാനിയാണ് ഏറ്റവും നല്ല ഭരണാധികാരിയെന്ന് ഉദ്ബോധിച്ച രചന. പ്ളാറ്റോയുടെ പ്രിയശിഷ്യനായിരുന്നു അരിസ്റ്റോട്ടിൽ. പിൽക്കാലത്ത് മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവായി അദ്ദേഹം .
യുവാക്കൾക്ക് പുത്തനറിവുകൾ നൽകി വഴി തെറ്റിച്ചതിന്  സോക്രട്ടീസ് വധശിക്ഷക്ക് വിധിക്കപ്പെട്ടു. സൈമണിന്റെ വീടിനടുത്ത് അഗോറയിലെ കാരാഗൃഹത്തിൽ അദ്ദേഹം വിചാരണ നേരിടുകയും വിധിപ്രകാരം വിഷം കഴിച്ച് മരിക്കുകയും ചെയ്തു.  അദ്ദേഹത്തിന്റെ പ്രബോധനങ്ങൾക്കും മരണത്തിനും ഇടയിൽ ഏതാനും വാരകൾ മാത്രം, രാഷ്ട്രീയസൂചനകൾ ആപൽക്കരമെന്ന് തോന്നിയപ്പോൾ അരിസ്റ്റോട്ടിൽ ആതൻസിൽ നിന്ന് കടന്ന്  കളഞ്ഞു. അല്ലെങ്കിൽ 'ജ്ഞാനാന്വേഷണത്തോട്  രണ്ടാം തവണയും ആതൻസ് പാപം ചെയ്തേനെ '.

ഞാൻ സൈമൺ-ഗൃഹത്തിന്റെ തിണ്ണയിൽ കണ്ണടച്ചിരുന്നു. പാശ്ചാത്യ ജ്ഞാനോദയത്തിന് ഊർജ്ജം പ്രവഹിച്ചത് ഇവിടെ നിന്നാണ്. ഒരു ചെരുപ്പുകുത്തിയുടെ ഉമ്മറത്ത് നിന്ന് .സോക്രട്ടീസ്, പ്ളാറ്റോ, അരിസ്റ്റോട്ടിൽ, ആന്റിസ്തെനെസ് പിന്നെ അത്ര പ്രശസ്തരല്ലെങ്കിലും മിടുക്കരായ അനേകം ശിഷ്യർ. എല്ലാം ഇവിടെ നിന്നാണ് തുടങ്ങിയത്. അവിടെ നിന്നിറങ്ങി വിശുദ്ധ അപ്പോസ്തലന്മാരുടെ പള്ളിയിലേക്കുള്ള നീണ്ട നടത്തത്തിന്  പ്ളാറ്റോയുടെ വരികൾ കൂട്ടു പോന്നു- ജീവൻ  ശരീരത്തിൽ കുടുങ്ങിപ്പോയ ആത്മാവു മാത്രമാണ്.
പുരാതന മേൽക്കൂരച്ചന്തകൾ (സ്റ്റോവാകൾക്ക് ഏന്റെ വികല തർജ്ജമ) ബാക്കി വെച്ച കല്ലട്ടികൾക്കും മാർബിൾ ഖണ്ഡങ്ങൾക്കും  ശില്പങ്ങൾ മറഞ്ഞു പോയ പീഠങ്ങൾക്കും ഇടയിലൂടെ ഞങ്ങൾ നടന്നു. അഗോറയുടെ കിഴക്കേ ഭാഗത്ത്  ഒതുക്കിപ്പണിത ശില്പം പോലെ പളളി. അഗോറയിലെ കുഴിച്ചുമറിക്കലിൽ പല പള്ളികളും നഷ്ടപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടിലെ ഈ ബൈസാന്റയിൻ നിർമ്മിതി നിലനിന്നു. മണ്ണിഷ്ടികകളുടെ  കാവി - ക്രീം നിറസങ്കലനവും വൈവിധ്യമാർന്ന ക്രമീകരണങ്ങളുണ്ടാക്കുന്ന മനോഹരങ്ങളായ പറ്റേണുകളാണ് ഈ ബൈസാന്റയിൻകാല കൃസ്ത്യൻ ദേവാലയത്തിന്റെ രൂപമുദ്ര. ഗ്രീസിലേയും ടർക്കിയുടെ ഒർത്തഡോക്സ്  കൃസ്ത്യൻ മേഖലകളിലേയും പള്ളികൾ ഇങ്ങനെയാണ്.പല തട്ടുകളിലും  ആകൃതിയിലുമായി മേൽക്കൂരകൾ.നിരനിരയായിക്കിടന്ന് മേൽക്കൂരക്ക് ചന്തംകൂട്ടുന്ന മങ്ങിയ ചുവപ്പുമായി മേച്ചിലോടുകൾ.ഏറ്റവും ഉയർന്നു നില്ക്കുന്ന പ്രധാന കുഭഗോപുരത്തിന്റെ തുഞ്ചത്ത് വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന കുരിശ് . ഇഷ്ടികകളുടെ  ഇടത്തേപ്പിൽ നിന്നോ ജാലികളിൽ നിന്നോ പടരുന്ന പാടലവർണ്ണഛവി. ആകെക്കൂടെ ശില്പഭംഗിയിലും ലാളിത്യത്തിലും നമ്മുടെ ലാറി ബേക്കറെ  തോൽപ്പിക്കും ഈ ദേവാലയം .മിനിയെയും അപ്പുവിനെയും എന്നിട്ടും ഈ പള്ളി കാര്യമായി  ആകർഷിച്ചിട്ടില്ല. അവർ അപ്പുറത്തെ സ്റ്റോവ ബാക്കി വെച്ച വലിയൊരു മാർബിൾ പാളിയിൽ കയറിയിരുപ്പാണ്. നഗരത്തിൽ ബാക്കിയുള്ള കാഴ്ചകളെക്കുറിച്ചുള്ള വർത്തമാനത്തിലാണവർ.

അമ്മു എന്റെ കൂടെ പളളിക്കുള്ളിലേക്ക് പോന്നു. ഓയിൽ പെയിൻറിംഗിൽ കമ്പവും വാസ്തുവിദ്യയിൽ താല്പര്യവും ഗ്രീക്ക് ചരിത്രത്തിലും ഐതിഹ്യങ്ങളിലും ആസക്‌തിയുമുള്ള അമ്മുവാണ് ഇത്തരം ഭാഗങ്ങളിൽ എനിക്ക് കൂട്ടാവുന്നത്. പള്ളിയുടെ ഉൾഭാഗം  പത്താം നൂററാണ്ടിലെത്തുന്ന പഴക്കത്തോട് നീതി പുലർത്തുന്നുണ്ട്.  പുറം ഭാഗം പഴക്കം നടിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് മനസ്സിലാവും .ഇതാണ് പുനർനിർമ്മാണത്തിന്റെ പ്രശ്നം. എത്ര ഗവേഷണവും ശ്രദ്ധയും ആത്മാർത്ഥതയുമുണ്ടെങ്കിലും നൂറ്റാണ്ടുകളുടെ പഴക്കം ചുമരുകളിൽ തേച്ചുവെയ്ക്കാൻ പ്രയാസമാണ്. പത്താം നൂറ്റാണ്ടിലെ ഈ നിർമ്മിതി 1950കളിലാണ് വീണ്ടും കെട്ടിപ്പൊക്കുന്നത്.സമീപത്തെ പള്ളികളിൽ നിന്ന് പുരാവസ്തുഗവേഷകൾ കണ്ടെത്തിയ ചുമർചിത്രങ്ങളാണ് ഇവിടെ ചുമരുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നത്. ചുമരുകളിൽ പാറ്റാവുന്നിടത്തൊക്കെ ഞങ്ങൾക്ക്  പരിചയമില്ലാത്ത പുണ്യവാളന്മാർ തിക്കിത്തിരക്കുന്നുണ്ട്. സമഭുജങ്ങളേടെയുള്ള ഗ്രീക്ക് കുരിശിന്റെ  ആകാരമാണ്  ഉൾത്തടത്തിന്. നാല് ഭാഗത്ത് പ്രാർത്ഥനാ-ബലി വേദികളാണ്.ഉയർന്ന് പോവുന്ന നാലു റോമൻ തൂണുകളിലാണ് കുംഭഗോപുരത്തിന്റെ നില്പ്.അവിടേയും കൂട്ടിന് ചുമരും താങ്ങി നില്ക്കുന്ന വിശുദ്ധരുണ്ട്.
പള്ളിയിൽ നിന്നിറങ്ങുമ്പോൾ പടിഞ്ഞാറെക്കോലായിൽ ചാരിയിരിക്കുന്നുണ്ട് ഒരു കുരിശ് .കയറിയിരിക്കാൻ ത്രോണോസോ മദ്ബഹയോ ഗോപുരത്തുഞ്ചമോ കിട്ടാതെ പോയ പാവം. കുരിശിനോളം തന്നെ അനാഥത്വവും വിഷാദവുമായി ഒരു  നായ അടുത്തുതന്നെ നിവർന്ന് കിടക്കുന്നുണ്ട്. നമ്മുടെ നാടൻ ചേലിലുള്ള , മൂക്കത്തും മുതുകത്തും  കറുപ്പ് മയങ്ങുന്ന മങ്ങിയ വെള്ള നിറമുള്ള  ചാവാലി. ഗ്രീസിന്റെ തണുപ്പു കാലത്തോട്  'കുരച്ചു '' നിൽക്കാൻ അല്പം പൂട കുടുതലുണ്ടെന്നു മാത്രം. പഴയ മാർബിൾ ഇരിപ്പിടം ഉപേക്ഷിച്ച് അപ്പുവും മിനിയും  പള്ളിക്ക് കിഴക്ക് പനാത്തെനെയ്ക്ക് പാതയോട് ചേർന്നുള്ള മരത്തണലിലേക്ക് മാറിയിരുന്നിരുന്നു. അങ്ങോട്ട് നടന്നു തുടങ്ങിയപ്പോൾ പട്ടിയെഴുന്നേറ്റ്  അമ്മുവിന്റെ കൂടെച്ചെന്നു. ഞാൻ കൂടുതൽ അനാഥമായ കുരിശിനോടൊപ്പം കുറച്ചു നേരം കൂടിയിരുന്നു.
നായക്കൂട്ടുമായി ചെന്ന അമ്മുവിനെക്കണ്ട്  മിനിയും അപ്പുവും അമ്പരന്നു.
ഇത് ഡയോജെനിസിന്റെ നായ. - അമ്മു പ്രഖ്യാപിച്ചു.
മുഖമുയർത്തി അമ്മുവിനെ നോക്കിയും കുരയ്ക്കും കരച്ചിലിനും ഇടയ്ക്ക് വെയ്ക്കാവുന്ന ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയും  നായ ആ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചു.  മരത്തണലിലിരിക്കുന്ന ഞങ്ങൾ നാല് പേർക്കും മുമ്പിലായി അവൻ  കുന്തിച്ചിരുന്നു.
അമ്മുവിന്റെ പ്രിയപ്പെട്ട ഗ്രീക്ക്  ഹീറോയാണ്  ഡയോജെനെസ്. സോക്രട്ടീസോ പ്ളാറ്റോയോ അവളെ ഇത്രയ്ക്ക് ആകർഷിച്ചിട്ടില്ല.  എനിക്കും ഏറെ പ്രിയപ്പെട്ടതാണ് ഡയോജെനെസ് എന്ന അരാജകജീവിതം. ദാരിദ്ര്യം ഇത്രയും ആഘോഷിച്ച ഒരു ചിന്തകനും ഉണ്ടായിട്ടില്ല. നാട്ടുവഴികളിലിരുന്ന് തെണ്ടുകയും  തോന്നിയടത്തിരുന്ന് തിന്നുകയും സ്ഥലമോ സമയമോ നോക്കാതെ 'പ്രകൃതിയുടെ വിളികളെ' സാധിക്കുകയും ചെയ്തു. അഗോറയിലെ കടത്തിണ്ണകളിലും ചായ്പ്പുകളിലും മരത്തണലിലും ആളുകളോട് സംവദിച്ചു. ആൾക്കൂട്ടത്തിന്റെ പൊതുവിശ്വാസങ്ങളെയും പൊങ്ങച്ചങ്ങളെയും അദ്ദേഹം അപഹസിച്ചു.അഗോറയിലേയും ആതൻസിലേയും ആൾക്കൂട്ടങ്ങളിൽ അയാൾ സ്ഥിരം ശല്യക്കാരനായി. പകൽനേരത്തളിൽ തന്റെ തൂക്കുവിളക്കുമായി നല്ല മനുഷ്യനെത്തേടി നടന്നു. രാത്രിയിൽ വക്കു പൊട്ടിയ വലിയ മൺജാറയിൽ ചുരുണ്ടു കിടന്നുറങ്ങി. മനുഷ്യരേക്കാൾ നായ്ക്കളായിരുന്നു കൂട്ട്. ഇന്ന്  ആത്മ തിരസ്ക്കാരം , പരപുച്ഛം, തീവ്രലാളിത്യം ,പുത്തൻ ചിന്തകൾ എന്നിവയൊക്കെ ചേർന്ന് വന്നാൽ  ഡയോജെനസ് സിൻഡ്രോം എന്നു പേരിട്ട് ഭ്രാന്തനാക്കാനുള്ള സംവിധാനങ്ങളുണ്ട്.

പഴയ പെനാത്തനെയ്ക്ക് വീഥിയിലൂടെ ഞങ്ങൾ തെക്കേ ഗെയ്റ്റിലേക്ക് നടന്നു.പഴയ പ്രൗഡിയുടെ                  ഗർവൊന്നുമില്ലാത്ത അഗോറയുടെ മണ്ണ് കലടികളിൽ ഒതുങ്ങിയമർന്നു. തേർച്ചക്രച്ചാലുകൾക്കും കുതിരക്കുളമ്പടിപ്പാടുകൾക്കും മീതെ എത്ര മണ്ണടരുകളായിരിക്കും കാലം ഇട്ടുമൂടിയത്. ഗെയ്റ്റ് വരെ വന്ന്,ഡയോജെനെസിന്റെ നായ തന്‍റെ സാമ്രാജ്യാതിര്‍ത്തിയില്‍ നിന്ന് മരച്ചുവട്ടിലേക്ക് തിരിച്ചുപോയി.


അഗോറയുടെ തെക്കേ ഗേറ്റും കടന്ന് നില്ക്കുകയാണ് ഞങ്ങൾ. ഇവിടെ നിന്ന് നോക്കുമ്പോൾ അക്രൊപൊലിസിലേക്ക്  കയറിപ്പോകുന്ന യാത്രക്കാരെ കാണാം. എവിടെ നിന്നു കണ്ടാലും അക്രൊപൊലിസ് ഒരു യവനകാമുകിയെപ്പോലെ നമ്മെ മോഹിപ്പിക്കും. മുകളിലേക്ക് മാടി വിളിക്കും. എല്ലാ നടത്തവും നീങ്ങേണ്ടത് അങ്ങോട്ടാണെന്ന് അത് നിർബന്ധിക്കും. ആതൻസിലെ യാത്രികനുള്ള വെല്ലുവിളിയാണിത് . പന്ത്രണ്ടുമണിച്ചൂടിലും ആ മോഹവലയത്തിൽ ഞങ്ങൾ വീണു പോയി. പക്ഷേ മുകളിലേക്ക് കയറിപ്പോകാൻ കൃത്യമായ വഴികളൊന്നും കാണാനില്ല. ഗേറ്റിനു ചേർന്നു തന്നെയുള്ള ചെറിയ കാബിനിലിരുന്ന്  ഒരു ആഫ്രോ യൂറോ സുന്ദരി യാത്രികർക്ക് നിർദ്ദേശങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവൾക്ക് മുന്നിലെ കിളിവാതിലിലൂടെ ഞാനും അമ്മുവും ചെന്ന് വഴി ചോദിച്ചു. അത്തരം ചോദിച്ചു ചോദിച്ചു പോകലിൽ വിശ്വാസമില്ലാത്ത അപ്പു കൈയിലുള്ള മാപ്പുകളിൽ ആ വഴിക്കായി ഖനനം ചെയ്യുകയായിരുന്നു.
ആഫ്രോ സുന്ദരി വലത് വശത്തെ വാതിൽ തുറന്ന് പുറത്ത് വന്നു. ആഫ്രിക്കയോളം തന്നെ വലുതായിരുന്നു അവളുടെ ശരീരം. ഒരാഫ്രിക്കൻ സംഘഗാനം പോലെയായിരുന്നു അവളുടെ സംസാരം.
So you want to climb to acropolis now?
Yes.
അകത്തേക്ക് വരൂ എന്നു ക്ഷണിച്ച് അവരെന്നെ ആ ചെറിയ കാബിനിലേക്ക്  വലിച്ച് കയറ്റി. ആഫ്രിക്കക്കാരി ബാക്കി വെച്ച ,കേരളം പോലൊരു മെലിഞ്ഞ സ്ഥലത്ത് ഞാൻ ഒതുങ്ങി നിന്നു. അക്രൊപൊലിസിലേക്കുള്ള വഴിവരചിത്രം ചുമരിൽ പതിച്ചിരിക്കും എന്നാണ് കരുതിയത്. പക്ഷേ അവരെന്നെ ചുമരിലെ നീളൻ കണ്ണാടിക്കു മുമ്പിൽ നിർത്തുകയായിരുന്നു.

See man. How you look like.

മുഖമൊക്കെ കറുത്തു കൂരച്ചു വിയർപ്പ് തേച്ചൊട്ടിച്ച മുടിയുളെളാരാൾ ഷർട്ടിൽ നനഞ്ഞ ഭൂപടങ്ങളുമായി എന്നെ നോക്കി ഇളിച്ചു കൊണ്ടു നിൽക്കുന്നു. ഒന്നര മണിക്കൂർ നടത്തവും മനസ്സിന്റെ അമിതാവേശവും സൂര്യന്റെ പൊള്ളുന്ന വികൃതികളും എന്നെ വല്ലാത്ത രൂപത്തിലാക്കിയിരിക്കുന്നു. ഞാൻ പുറത്തു നില്ക്കുന്ന അമ്മുവിനേയും അപ്പുവിനേയും മിനിയേയും നേക്കി. അവരും ഇതു പോലെത്തന്നെ. അപ്പോഴും പുതു കാഴ്ചകളിലേക്ക് വെമ്പുന്ന മനസ്സിന്റെ ആവേശം എല്ലാവരിലും ചിരിച്ചു നില്ക്കുന്നുണ്ട്.
ആഫ്രിക്കൻ സുന്ദരി കാബിനിന്റെ പൊക്കത്തിൽ നിന്ന് ഞങ്ങളോട് പ്രസംഗിച്ച് തുടങ്ങി.നൂറ്റാണ്ടുകൾക്ക് മുമ്പ് സോക്രട്ടീസിന്റെയും പെരിക്ളിസിന്റേയും പ്രഭാഷണങ്ങൾക്ക് കാതോർത്തിരുന്ന ശിഷ്യരെപ്പോലെ ഞങ്ങൾ അവരെ ശ്രദ്ധിച്ചു കേട്ടു .

സുഹൃത്തുക്കളേ, നിങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന് ഞാൻ ഊഹിക്കുന്നു. നിങ്ങളിപ്പോൾ ക്ഷീണിതരും അവശരും ആണ്. മനസ്സിൽ എത്ര ആവേശമുണ്ടെങ്കിലും ഇവിടെ നിന്ന് ഈ പൊരിവെയിലത്ത് അക്രൊപൊലിസിലേക്ക് കയറിയെത്തുക ദുഷ്കരമാണ്. സൂര്യൻ  ഒരു ദയയും കാണിക്കില്ല.നാലു ദിവസത്തേക്കുള്ളതാണ് നിങ്ങൾ വാങ്ങിയിട്ടുള്ള ടിക്കറ്റ്. അതു കൊണ്ട് സമയമുണ്ട്. നാളെ രാവിലെ വെയിൽ കനക്കുന്നതിന് മുമ്പ് തെക്ക് ഭാഗത്ത് നിന്ന് കയറിത്തുടങ്ങുക. ഇപ്പോൾ മടങ്ങിപ്പോയി വടക്കേ ഗേറ്റിലൂടെത്തന്നെ പുറത്തുകടക്കുക.അതിന് ഒരിരുപത് മിനിറ്റെടുക്കും .അവിടെ നിറയെ റെസ്റ്റോറൻറുകളുണ്ട്. ഏസിയുള്ള ഏതെങ്കിലും റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുക. എപ്പോഴും ധാരാളം വെള്ളം കുടിക്കുക.
ഇത്രയും പറഞ്ഞ് ശുഭയാത്രയും നേർന്ന്  തന്റെ തടിച്ച കൈവിരലുകളുയർത്തിയിളക്കി ഞങ്ങളെ പിരിച്ചുവിട്ട് അവൾ കാബിനിലേക്ക് തിരിച്ചു പോയി. വിവരമുള്ളവരുടെ നിർദ്ദേശങ്ങൾക്ക് മുമ്പിൽ ഞങ്ങൾ എപ്പോഴും അനുസരണയുള്ള കുട്ടികളാണ്. അവൾക്ക് മുന്നിൽ ചെന്ന് 'താങ്ക്യൂ കോറസ്' പാടി ഞങ്ങൾ തിരിച്ചു നടന്നു തുടങ്ങി.ഇനി അക്രൊപൊലിസും കയറി പനാത്തെനോണും എറെക്തിയോണും കണ്ട് മല തിരിച്ചിറങ്ങി വടക്കെ ഗെയ്റ്റിൽ നിന്ന് അമ്മയേയും കൂട്ടി പോകാമെന്ന് കരുതിയത് ഞങ്ങളുടെ  ആനമണ്ടത്തരം. അല്ലെങ്കിൽ അമിതാവേശം.
തിരിച്ചു നടക്കുമ്പോളും മണ്ണോളം കുനിഞ്ഞു വിനയപ്പെടുന്ന ശിലാഖണ്ഡങ്ങൾ ചരിത്രത്തിന്റെ പുറമ്പോക്കിൽ കിടന്ന് പുരാതന അഗോറിയൻ കഥകൾ അയവിറക്കുന്നുണ്ട്.ഇടത് വശത്ത്  പഴയ അവശേഷിപ്പുകൾ തടുത്തുകൂട്ടി ചരിത്രം കളം വരച്ചു കളിക്കുന്നുണ്ട്. പഴയ മരത്തണലിൽ ഡയോജെനെസിന്റെ നായ കിടപ്പുണ്ട്. ഞങ്ങളെക്കണ്ടതോടെ അവൻ ചാടിയെഴുന്നേൽക്കുകയും വാലാട്ടുകയും ആൽഫാ ബീററ ഗാമ ചേലിൽ സ്നേഹം മുരളുകയും ചെയ്തു.ഡയോജെനെസിനു ശേഷം അവന് ഒരു സഹയാത്രികന്റെ  കരുതൽ നല്കിയത് ഞങ്ങളാണെന്ന് തോന്നുന്നു. അവനോട് ഡയോജെനെസിനെക്കുറിച്ച് ഇനിയും സംസാരിക്കാനുണ്ട്, ഞങ്ങൾ അവനോടൊപ്പം മരത്തണലിൽ ചെന്നിരുന്നു. ആഫ്രോ സ്ഥൂലസുന്ദരി ബോധ്യപ്പെടുത്തിയ 'ക്ഷീണം' കൂടിയാണ് അവിടെ ഞങ്ങളെ പിടിച്ചിരുത്തിയത്.ഓ ഇനി ഇവരാ കിളവനേക്കുറിച്ച് കുറേ പറഞ്ഞോണ്ടിരിക്കും എന്ന് പിറുപിറുത്ത് നായ കാലൊക്കെ നീട്ടിവെച്ച് കാതുകൾ മടക്കിയിട്ട് കണ്ണുകളടച്ചു.
സോക്രട്ടീസിന്റെ ആരാധകനായിരുന്നു ഡയോജെനെസ്. എന്നാൽ സോക്രട്ടീസിന്റെ പ്രധാന ശിഷ്യനായ പ്ലാറ്റോയെ ഡയോജെനെസ് വെറുത്തു. സോക്രട്ടീസ് ചിന്തകളുടെ പ്ലാറ്റോ വ്യാഖ്യാനങ്ങളെ അവസരം കിട്ടിയപ്പോഴൊക്കെ അയാൾ അപഹസിച്ചു. വലിയ ശബ്ദത്തിൽ ചെറിയ ചോദ്യങ്ങൾ ചോദിച്ചും കേൾവിക്കാർക്കിടയിലിരുന്ന് തന്റെ ദരിദ്ര ഭക്ഷണം കഴിച്ചും പ്ലാറ്റോയുടെ ക്ലാസുകളിൽ  അയാൾ ശല്യക്കാരനായി. ഒരിക്കൽ തൂവലുകളില്ലാത്ത ഇരുകാലിയെന്ന്  പ്ലാറ്റോ മനുഷ്യനെ വിശേഷിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ഡയോജനെസ് പ്ലാറ്റോയുടെ പ്രസംഗങ്ങൾക്കെത്തിയത് തൂവലെല്ലാം പറിച്ചു കളഞ്ഞൊരു കോഴിയെ പൊക്കിപ്പിടിച്ചു കൊണ്ടാണ്. ഇതാ പ്ലാറ്റോയുടെ മനുഷ്യനെന്ന് വിളിച്ചു പറഞ്ഞു കൊണ്ട്.
സോക്രട്ടീസിന്റെ മറ്റൊരു ശിഷ്യനായിരുന്ന ആൻറിസ്തെനസിനെയായിരുന്നു ഡയോജനെസ് ഗുരുവായി സ്വീകരിച്ചത്. ഡയോജെനെസിന്റെ തെരുവു ജീവിതവും അരാജക ശൈലിലും ഇഷ്ടപ്പെടാതിരുന്ന ആന്റിസ്തെനെസ് ആദ്യമൊക്കെ അദ്ദേഹത്തെ ആട്ടിപ്പായിച്ചിരുന്നു. വിശ്വസ്തനായൊരു നായയെപ്പോലെ വിടാതെ പിന്തുടർന്നും ആട്ടും തുപ്പും സഹിച്ചുമാണ് അദ്ദേഹം ശിഷ്യത്വം ഉറപ്പിച്ചത്. ഗുരുവിനേക്കാൾ ശിഷ്യനെ പ്രശസ്തനാക്കിയാണ് ചരിത്രം അന്റിസ്തെനെസിനോട് പകരം വീട്ടിയത്.
ഡയോജെനെസിന്റെ നായ ഞങ്ങളെ ഒറ്റക്കണ്ണിട്ടു നോക്കി. ‘വിശ്വസ്തനായ നായ' പ്രയോഗം അവൻ  ശ്രദ്ധിച്ചെന്ന് തോന്നുന്നു. ഇനി കാണാനുള്ളത്  പെർഗമോണിലെ അറ്റലോസ് രാജാവ്  100-150 ബീസികളിൽ പണി കഴിപ്പിച്ച സ്റ്റോവയാണ്.  ഇവിടെ നിന്ന് നോക്കുമ്പോൾ ഒരു പുത്തൻ ഇരുനില കെട്ടിടമാണത്. അഗോറയുടെ പഴമ പതിയുന്നേയില്ല ഈ കെട്ടിടത്തിൽ .അതുകൊണ്ട് തന്നെ അങ്ങോട്ട് പോകാൻ ഒരു താല്പര്യക്കുറവുണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷേ അഗോറയിൽ നിന്ന് ഗവേഷകർ കണ്ടെടുത്ത പൊട്ടും പൊടിയും സൂക്ഷിക്കുന്ന മ്യൂസിയം കൂടിയാണത്. അങ്ങോട്ട് പോകാതെ വയ്യ. എഴുന്നേറ്റു.  കൂടെ നായയും.

ഒരു ചിരകാല സുഹൃത്തെന്ന പോലെ അവൻ ഞങ്ങളെ അറ്റലോസിന്റെ സ്റ്റോവയിലേക്ക് (Stoa of Attalos) കൂട്ടിക്കൊണ്ടുപോയി. പ്രൗഢഗംഭീരമായ ഇരുനില കെട്ടിടമാണിത്. ഇടത്തോട്ടുള്ള ഉമ്മറസ്ഥലത്ത് തൂണുകളുടെ രണ്ടു നീളൻ നിരകളാണ്. സ്തംഭനിരകളുടെ ആ ഫ്രെയിം അപ്പുവിനെ ഇളക്കിയിട്ടുണ്ട്. DSLR ഉം അപ്പുവും അമ്മുമോഡലും  ബിസിയാണ്.ഞാനും മിനിയും സ്റ്റോവയിലെ ചാരുബഞ്ചിലിരുന്നു. വിശ്വസ്തനായ നായ തറയിലും, അടുത്തു തന്നെ.
രണ്ടു തരംതൂണുകളാണ്   സ്റ്റോവയുടെ തറ നിലയിൽ നിരന്നു നിൽക്കുന്നത്.ഡോറിക്‌ (Doric)ശൈലിയിൽ പുറം നിരയും അയോണിക് (Ionic) ഉൾനിരയും.മുകൾനിലയിലും തുണകളുടെ സംവിധാനം ഏതാണ്ട് ഇത് പോലെത്തന്നെ.അല്പം അലങ്കാരങ്ങൾ കൂടുമെന്ന് മാത്രം. പ്രധാനമായും നാലുതരം തൂണുകളാണ്  ഗ്രീക്ക്- റോമാ വാസ്തുവിൽ കാണപ്പെടുന്നത്. ഡോറിക്ക് തൂണിന് ചുറ്റും  നെടുനീളത്തിൽ ഇരുപത്തിനാല് ചാലുകളുണ്ടകും. അയോണിക്കിന്  ഇത് ഇരുപത് ചാലുകളാണ്.( ഈ പൊഴികളില്ലാതെയും ചിലയിടത്ത് അയോണിക്ക് സ്തംഭങ്ങളുണ്ട്. ) പിന്നെയുള്ളത് റോമൻ, കൊര്യന്ത്യൻ തൂണുകളാണ്.ഇവയിൽ ഏറ്റവും 'ലളിതഗാത്രൻ' റോമൻ തൂണാണ്. തൂണുകളുടെ തലക്കെട്ടുകൾക്കും വിത്യാസങ്ങളുണ്ട്. തൂണുകളെ കുറിച്ച് പഠിച്ചു കഴിഞ്ഞപ്പോൾ കെട്ടിടങ്ങൾ കാണാതായി. എങ്ങും തൂണുകൾ മാത്രം.



തൂണുകളുടെ നിര കഴിഞ്ഞാൽ പിന്നെയുള്ളത് കാൽ‌ - അര - മുക്കാൽ പ്രതിമകളാണ്.പഴയൊരു വാൾപടയിൽ വീണുപോയ വീരാളികളെപ്പോലെയാണ് സ്റ്റോവായുടെ  ഉമ്മറത്ത്  'കുത്തിവെച്ചിട്ടുള്ള' പ്രതിമകൾ. മിക്കവയ്ക്കും തലയില്ല. ചിലതിന് കയ്യില്ല. ചിലതിന് കാലുകളില്ല. അഗോറയിൽ ദ്വാരപാലകരായും അലങ്കാരങ്ങളായും  നിന്ന് തളർന്നവർ. നൂറ്റാണ്ടുകളോളം മണ്ണിനടിയിൽ ഒളിച്ചു കിടന്നതിന്  അമേരിക്കൻ ഖനനപ്പോലീസ് കുഴിച്ചിട്ടു പിടിച്ച മൺപാത്രങ്ങളേയും നാണയങ്ങളേയും ആയുധങ്ങളേയും മുകൾനിലയിൽ ചില്ലുകൂടുകളിൽ തടവിലിട്ടിരിക്കുകയാണ്. ഞങ്ങളെപ്പോലുള്ള  മണ്ടന്മാർക്ക് നിസ്സാരന്മാരെന്ന്  തോന്നുന്ന ഈ പ്രതികളാണ്  പഴയ അഗോറയുടെ സംവിധാനങ്ങളെക്കുറിച്ചും പഴക്കത്തെക്കുറിച്ചും സാക്ഷ്യം പറഞ്ഞത്. പുരാവസ്തുഗവേഷകര്‍ കുഴിച്ചെടുത്ത വിവരങ്ങളെല്ലാം വെച്ച്,അന്നത്തെ വലിപ്പത്തിലും ഗരിമയിലും അഗോറ തന്നെ സംഭാവന ചെയ്ത കല്ലും മണ്ണും മാര്‍ബിള്‍ തൂണുകളും വെച്ചാണ് ആര്‍ക്കിയോളജിക്കാര്‍ ഈ കെട്ടിടം പുനരാവിഷ്ക്കരിച്ചത് എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.
മുകൾനിലയിലെ കാഴ്ചകൾ കണ്ടിറങ്ങി വന്നപ്പോഴേക്കും നായ ഒരു ഡോറിക്ക് തൂണിന്‍റെ നിഴലിൽ ,'മുക്കാല്‍കായ' പ്രതിമച്ചുവട്ടില്‍ ഉറക്കം തുടങ്ങിയിരുന്നു .ഒരു കൂട്ടം നല്ല മനുഷ്യരെ കണ്ടെത്തിയ സംതൃപ്തി ആ ഉറക്കത്തിനുണ്ടായിരുന്നു. ഡയോജെനെസിനാണ്  വിളക്കും വെളിച്ചവും വേണ്ടത്. കുറച്ചു ദൂരം കൂടെ നടന്നാൽ  , കുറച്ചു നേരം കൂട്ടിരുന്നാൽ നായക്ക് നല്ല മനുഷ്യരെ തിരിച്ചറിയും. 



ഞങ്ങൾ ആ പഴയ 'മാളിൽ ' നിന്നിറങ്ങി ഗേറ്റിലേക്ക് നടന്നു. അഗോറയിൽ ഇപ്പോഴും അധികം സന്ദർശകരില്ല. മണ്ണിൽ നിന്നുയർന്ന നിൽക്കാത്ത ചരിത്രത്തോട് ആളുകൾക്ക് താല്പര്യമില്ല. അവരുടെ കാഴ്ചകളെ സന്തോഷിപ്പിക്കുകയോ സംഭ്രമിപ്പിക്കുകയോ ചെയ്യുന്ന യാതൊന്നും അഗോറയിലില്ല. അതു കൊണ്ടാകാം, വിയർത്തൊലിച്ച് പലവട്ടം അവർ അക്രൊപൊലീസിലേക്ക് കയറിപ്പോകുന്നത്. ഉയർന്ന് നില്ക്കുന്ന എറക്തിയോണും പാർത്തെനോണും കണ്ട് ആവേശം കൊള്ളുന്നത്. അവർ ഓർക്കാതെ പോകുന്ന ,അവർക്ക് നഷ്ടമാവുന്ന  ചരിത്രസത്യങ്ങളാണ് അഗോറായിലേക്ക് ഞങ്ങളെ ക്ഷണിച്ചു കൊണ്ടുപോയത്.ഇവിടത്തെ കടത്തിണ്ണകളിലും മരച്ചുവടുകളിലും വഴിസദസ്സുകളിലുമാണ് ജനാധിപത്യത്തിന്റെ നനാതരം ചേരുവകൾ തയ്യാറായത്.ഇവിടെ വെച്ചാണ് തർക്കവിതർക്കങ്ങളിൽ നിന്ന് പൈത്തോഗോറസ് തിയറം തീർച്ചയാവുന്നത്. ഈ വസ്തുതകളൊക്കെ അറിയുന്നത് കൊണ്ടാണ്, അഗോറയിലൊന്ന് ചുറ്റി നടക്കാനായില്ലല്ലോ എന്ന് സങ്കടപ്പെട്ട് വടക്കേ ഗേറ്റിനരികിലൊരു പ്ളാസ്റ്റിക് കസേരയിൽ അമ്മയിരിക്കുന്നത്.
അഗോറയിലേക്ക് കയറുമ്പോൾ എന്തൊരു ശൂന്യമായിരുന്നു ഇവിടം. എത്ര നിശ്ശബ്ദമായിരുന്നു.  ഇപ്പോളങ്ങനെയല്ല.
കാലത്തിന്റെ ചരൽവർഷങ്ങളിലൂടെ തേർച്ചക്രങ്ങളുരുളുന്ന കിരുകിരുപ്പ് അറിയുന്നുണ്ട്. പനത്തെനെയ്ക്കുത്സവത്തിൽ പങ്കെടുക്കുന്ന ജനാരവമുണ്ട്. തേർത്തട്ടിലേക്കോടിച്ചാടിക്കേറുന്ന മത്സരാർത്ഥികളുടെ അലർച്ചകൾ കേൾക്കാം.. അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കാണികളുടെ കൂക്കിവിളികൾ, കയ്യടികൾ, ആക്രോശങ്ങൾ .കച്ചവടക്കാരുടെ വായ്ത്താരികൾ.  ഭോജനശാലയിലെ ഇരിപ്പിടങ്ങളിലിരുന്ന് കൂട്ടുകാരുമായും  അനുയായികളുമായി തർക്കിക്കുന്ന ജ്ഞാനികള്‍. ആൾത്തിരക്കിലേക്ക് ഒരു തൂക്കുവിളക്കുമായി നടന്നു കയറുന്ന ജ്ഞാനിയായൊരു വൃദ്ധൻ .ആതൻസിലെ മുതിർന്ന പൗരന്മാരോട് ജീവിത മൂല്യങ്ങളെക്കുറിച്ച് തർക്കിച്ചു കൊണ്ട് മറ്റൊരു തത്വജ്ഞാനി. കാരണവന്മാരിങ്ങനെ അവഹേളിക്കപ്പെടുന്നത് കണ്ടാനന്ദിക്കുന്ന യവനയുവാക്കൾ .അതെ, അഗോറ സജീവമാണിപ്പോൾ. വളരെ വളരെ സജീവം.
ഗേറ്റിലെ കസേരയ്ക്കടുത്ത് അമ്മയ്ക്ക് കൂട്ടുകാരായിക്കഴിഞ്ഞിരുന്നു. മൂന്ന് യൂറോപ്യൻ വിദ്യാർത്ഥികൾ .രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും. ഇരുപത് - ഇരുപത്തിരണ്ടു വയസ്സിന്റെ ഔത്സുക്യം മൂവരിലുമുണ്ട്. പെൺകുട്ടികൾക്ക് ഒരേ ഉടുപ്പുകളാണ്. അയഞ്ഞ പൈജാമയിൽ നിറയെ ആനച്ചിത്രങ്ങൾ. കറുത്ത ടോപ്പിൽ കഥകളിത്തല. അതു കണ്ടാണ് അമ്മ കേറി പരിചയപ്പെട്ടത്.അമ്മയുടെ തെറ്റും പൊട്ടുമുള്ള ഇംഗ്ലീഷും പിള്ളേരുടെ യൂറോപ്യൻ ആക്സന്റും ഏറ്റുമുട്ടാൻ തുടങ്ങിയിട്ട് അരമണിക്കൂർ കഴിഞ്ഞത്രെ. കഥകളിക്കുപ്പായം ഇന്ത്യയിൽ നിന്നൊന്നുമായിരുന്നില്ല. അപ്പുറത്തെ മൊണാസ്റ്റിറാക്കിയിലെ ബാർഗെയിൻ ഷോപ്പിൽ നിന്നാണ്.അപ്പുവും അമ്മുവും അമ്മയുടെ സംരക്ഷണം ഏറ്റെടുത്തതോടെ യൂറോപ്യൻ ഉണ്ണികൾ ഹായ് ലില്ലി സീയു എഗൈൻ പറഞ്ഞ് പിരിഞ്ഞു പോയി.ഗ്ലാഡിസ് ,വെറോണിക്ക, സ്റ്റീഫൻ ,അമ്മ ഓരോരുത്തരേയും പേരു ചൊല്ലി യാത്ര പറഞ്ഞു.
ഏതാനും മണിക്കൂർ  അമ്മയെ സേഫ് കസ്റ്റഡിയിൽ വെച്ചതിന്  ടിക്കറ്റ് കൂട്ടിലെ കൂട്ടുകാരോട് നന്ദി പറഞ്ഞ്  ഞങ്ങൾ പുറത്തെ അഡ്രിയാനോ തെരുവിലേക്ക് കടന്നു. ആഫ്രോ സുന്ദരി പറഞ്ഞ പാകത്തിലൊരു തീറ്റക്കട കണ്ടുപിടിച്ച് ഏസിത്തണുപ്പിൽ ഒതുങ്ങിയിരുന്നു. അമ്മു ഹഫേസ്റ്റസിന്റേയും ഡയോജെനസിന്റേയും  ബാധയിൽ നിന്ന് മുക്തയായിട്ടില്ല. അഗോറയിൽ നിന്ന് അവരേയും കൊണ്ടാണ് അവൾ പോന്നത്. അമ്മയോട് വാതോരാതെ വിസ്തരിക്കുന്നുണ്ട്. അമ്മ സശ്രദ്ധം കേട്ടുകൊണ്ടിരിക്കുന്നു.
മുടി നീട്ടിവളർത്തി പിന്നിൽ കെട്ടിവെച്ചൊരാളാണ് ഓർഡറെടുക്കാൻ വന്നത്. മുടിയിലും ഭംഗിയായി വെട്ടിയൊതുക്കിയ താടിയിലും ഉപ്പും കുരുമുളകും കലരുന്നുണ്ട്.  നല്ല ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്.ചോദിച്ചും ചർച്ചിച്ചും ഭക്ഷണം തീരുമാനിക്കാൻ ഞങ്ങൾ പത്തു മിനിട്ടോളം എടുത്തു. ഇടംകൈ കൊണ്ട്   കൊച്ചുപുസ്തകത്തിൽ എല്ലാം കുറിച്ചിട്ട് അയാൾ പറഞ്ഞു.ഇരുപത് മിനിട്ടോളം എടുക്കും എല്ലാം തയ്യാറാവാൻ. തിരക്കുകൂട്ടണ്ട. ഞങ്ങൾക്ക് ഒരു തിരക്കുമില്ല. നിങ്ങൾക്കൊരു വിശ്രമവുമാവട്ടെ.
കള്ളൻ, ഇവിടെയിരിക്കുന്ന സമയത്തിനും കാശു വാങ്ങുമായിരിക്കാം. എനിക്കാധിയായി.

Do you charge us for that extra time?

അയാളൊന്നന്തിച്ചു നിന്നു. പിന്നെ ഇടതു കൈയിലെ പേനകൊണ്ട് തലക്കടിച്ച്, ഒരു പുരാതന ഗ്രീക്ക് ക്ഷേത്രം തകർന്ന് മർബിൾ കല്ലുകൾ കൂട്ടത്തോടെ ഇളകി വീഴുന്ന ശബ്ദത്തിൽ ആർത്ത് ചിരിച്ച് അകത്തേക്ക് പോയി.അടുത്ത മേശകളിലെ തീറ്റക്കാർ ഞങ്ങളെ നോക്കിച്ചിരിക്കുകയും തുറിച്ചു നോക്കുകയും പെട്ടെന്ന് തന്നെ ഭക്ഷണത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

റെസ്റൊരന്റിന്റെ എതിര്‍വശത്ത് നിരനിരയായി സോവേനീര്‍ ഷോപ്പുകളും വസ്ത്രക്കടകളുമാണ്.അവിടെ തൂങ്ങി നിറയുന്ന ബനിയന്‍ ടോപ്പുകളില്‍ അഥീനയുടെയും ഏറെക്തിയോണിന്റെയും ചിത്രങ്ങള്‍ക്കിടയില്‍ കഥകളിത്തലയും ഉണ്ട്.റെസ്ട്ടോരെന്റിന്റെയും എതിരെയുള്ള തുണിക്കടയുടെയും കവല്‍ക്കാരെനെന്ന മട്ടില്‍ ഒരു കറമ്പന്‍ നായ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറിയിരിക്കുന്നുണ്ട്.ഇരുകടയിലേക്കും കയറുന്നവരേയും ഇറങ്ങുന്നവരെയും കാര്യമായി നിരീക്ഷിക്കുന്നുണ്ട് കറമ്പന്‍. ലുക്കൊക്കെ ഗംഭീരമാണെങ്കിലും ഇവനും ഒരു തെരുവുനായ തന്നെയാവാം.ഒറ്റക്കും തെറ്റക്കുമായി ആതെന്സിലും മറ്റു നഗരങ്ങളിലും യജമാനരഹിതശ്വാനന്മാരെ കാണാം. ഇന്ത്യൻ നഗരങ്ങളിലെപ്പോലെ ഒരു കലാപത്തിലേക്കെത്തും വിധത്തിൽ എണ്ണത്തിലോ  ശൗര്യത്തിലോ ആതൻസിലെ പട്ടികൾ ഭയപ്പെടുത്തുന്നില്ല.യവനശ്വാനന്മാർ നല്ല നിലയിൽ   പട്ടിപ്പൗരബോധമുള്ളവരാണ്. സഞ്ചാരികളെ അവർ കുരച്ചോടിക്കുന്നില്ല. യാത്രക്കാരോട് തൊട്ടുരുമിനടന്ന് ശല്യപ്പെടുത്തുന്നില്ല. തിരക്കേറിയ റോഡുകൾ ഓടിക്കടന്ന് ചിതറിയ മാംസത്തിന്റെ അശ്ലീലം പരസ്യപ്പെടുത്തുന്നില്ല. സീബ്രാലൈനിൽ ക്ഷമാപൂർവ്വം കാത്തു നിൽക്കുന്ന നായ്ക്കളെ ഞങ്ങൾ കണ്ടിട്ടുണ്ട്. സിഗ്നലിലെ പച്ച-  മഞ്ഞ -ചുവപ്പ് സൂത്രവാക്യം  തിരിയാഞ്ഞിട്ടാവാം ആൾക്കൂട്ടത്തിന്റെ കൂടെയേ അവർ അപ്പുറത്തേക്ക് നടക്കാറുള്ളു.  ഗ്രീസിലെ നവസാമ്പത്തിക സമ്മർദ്ദത്താൽ വീടുകളിൽ നിന്ന് പുറന്തള്ളപ്പെട്ട കുലീനന്മാരാണ് അവരിൽ പലരും .തെരുവില്‍ ജനിച്ചു തെരുവില്‍ വളര്‍ന്ന ഒന്നാന്തരം തെരുവുപട്ടികളുടെ തലമുറ ഒരു പക്ഷെ വരാനിരിക്കുന്നതേയുള്ളൂ.
തെരുവ് നായ്ക്കളേക്കുറിച്ച് സംസാരിച്ച് ഞങ്ങൾ നായ്ക്കളുടേയും തെരുവുകളുടേയും തമ്പുരാനായ ഡയോജെനെസിൽ തിരിച്ചെത്തി.350 BCയില്‍ എയ്ജിന (Aegina)ദ്വീപിലേക്കുള്ള യാത്രക്കിടയില്‍ ഡയോജെനെസും സംഘവും തടവിലാക്കപ്പെടുകയും ക്രെറ്റിലെ അടിമച്ചന്തയില്‍ എത്തുകയും ചെയ്തു.അടിമകളെ വാങ്ങാന്‍ വന്നവര്‍ ഡയോജെനെസിനോട് ചോദിച്ചു-
നാട്?
ലോകം മുഴുവന്‍ എന്‍ നാട്.
എന്ത് തൊഴിലറിയാം?
മനുഷ്യരെ നയിക്കാനറിയാം. ഒരു ‘മാസ്ടറെ’ ആവശ്യമുള്ളവര്‍ക്ക് എന്നെ സ്വീകരിക്കാം.

ഡയോജെനെസില്‍ ആരാധന തോന്നിയ ഒരു കൊരിന്ത്യന്‍ മാന്യന്‍ അദ്ദേഹത്തെ തന്റെ മക്കളുടെ വിദ്യാശിക്ഷകനായി സീകരിച്ചു.ഡയോജെനെസിന്റെ ജീവിതത്തിലെ അവസാന കാലമായിരുന്നു കൊരിന്ത്യയിലേത്.ഇവിടെ വെച്ചാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തിയും ഡയോജെനെസും കണ്ടുമുട്ടുന്നത്.അന്ന് അലക്സാണ്ടര്‍, ‘ദി ഗ്രേയ്റ്റ്’ ആയി തുടങ്ങിയിട്ടേയുള്ളൂ.(മുമ്പ് അഗോറയില്‍ വെച്ച് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ.പ്ലാറ്റോയുടെ ശിഷ്യനായ അരിസ്ടോട്ടില്‍ ആയിരുന്നു അലക്സാണ്ടറുടെ ഗുരു.)
ഇവരുടെ കൂടിക്കാഴ്ച ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.
അലക്സാണ്ടര്‍ : ഞാന്‍ അലക്സാണ്ടര്‍ .മഹാനായ ചക്രവര്‍ത്തി.
ഡയോജെനെസ് : ഞാന്‍ ഡയോജെനെസ്.മഹാ നായ.
അലക്സാണ്ടര്‍ ഞെട്ടുന്നു. :താങ്കള്‍ക്കു ഞാന്‍ എന്താണ് ചെയ്തു തരേണ്ടത്?എന്തും എനിക്ക് കഴിയും.
                    മഹാജ്ഞാനി ചോദിച്ചോളൂ.
ഡയോജെനെസ്  : ആയിക്കോട്ടെ.നീങ്ങി നില്‍ക്കൂ.താങ്കള്‍ എനിക്കുള്ള സൂര്യന്‍റെ വെളിച്ചവും ചൂടും തടസ്സപ്പെടുത്തുന്നു.

ആരാധന കുമിഞ്ഞു കുനിഞ്ഞ ശിരസ്സുമായി ചക്രവര്‍ത്തി  തിരിച്ചു നടന്നു.അലക്സാണ്ടറായിരുന്നില്ലെങ്കില്‍ എനിക്ക് ഡയോജെനെസ് ആകണമായിരുന്നു,എന്ന് പിറുപിറുത്തു കൊണ്ട്.

ഇത് നമ്മടെ നാരാണത്ത്‌ ഭ്രാന്തന്‍റെ കഥ പോലുണ്ടല്ലോ?
നാരണത്തു ഭ്രാന്തന് കുറച്ചുകൂടി നല്ല ഗ്രീക്ക് തര്‍ജ്ജമ സിസിഫെസിലുണ്ടെന്നു അമ്മക്കറിയില്ല.മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുകയെന്നത് സിസിഫെസിന് ദൈവങ്ങള്‍ നല്‍കിയ ശിക്ഷയായിരുന്നു.പക്ഷെ,ആ ഒറ്റ ചോദ്യം കൊണ്ട് വിദൂര ദേശങ്ങളിലെ രണ്ടു കാലങ്ങളെ,രണ്ടു കഥാപാത്രങ്ങളെ അമ്മ കൂട്ടിമുട്ടിച്ചു. ചരിത്രത്തിലെ അകന്നു കിടന്ന രണ്ടേടുകളെ ഒന്നിച്ചു വെച്ചുതന്നു അമ്മ.


ഇത്തരം ആത്മഞാനികള്‍,ആരാജകജീവിതങ്ങള്‍,അവധൂതന്മാര്‍ എല്ലാ സംസ്ക്കാരങ്ങളിലുമുണ്ട്,എല്ലാ കാലഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. ബാലന്മാരെപ്പോലെ നിഷ്ക്കളങ്കരും ഭ്രാന്തന്മാരെപ്പോലെ ഉന്മാദികളും വേതാളങ്ങളെപ്പോലെ അസാധാരണക്കാരും ആയവര്‍. കാലാകാലങ്ങളില്‍ നമുക്കും നമ്മുടേതായ അത്തരം ആത്മാന്വേഷികളും അരാജകവാദികളും ഉണ്ടായിരുന്നു.അതില്‍ മുന്തിയ താന്തോന്നി രായിരം കുന്നിലേക്ക് വലിയ പാറക്കല്ലുകള്‍ ഉരുട്ടിക്കയറ്റുകയാണ്.പിന്നീടവയെ താഴേക്കു തള്ളിയിട്ട് പൊട്ടിച്ചിരിക്കും.മന്തിപ്പോള്‍ ഏതു കാലിലാണാവോ!

ജലാംബരങ്ങള്‍ അഴിഞ്ഞുപോയ നിളയുടെ ആത്മാവിനോട് ചേര്‍ന്ന് നടക്കുകയാണ് കവി. ‘പി’യെന്നോരക്ഷരത്തിന്റെ ധൂര്‍ത്ത്.വളയന്കാലന്‍ കുടകൊണ്ട് മണലിലിങ്ങനെ വരയുന്നു- ഏവമെന്തിനിണങ്ങി നാം തമ്മില്‍ ,വേര്പിരിയുവാന്‍ മാത്രമായി.

വള്ളിപൊട്ടിത്തുലഞ്ഞ ചെരുപ്പിനോട് കലഹിക്കുന്ന കാലുകളെ പണിപ്പെട്ട് വലിച്ചുകൊണ്ടുപോകുന്നു അയ്യപ്പന്‍ .കള്ളച്ചാരായവും കവിതയും മണ്ണും മരണവും മണക്കുന്ന അയ്യപ്പന്‍.അങ്ങനെ നമുക്കും നമ്മുടേതായ ഡയോജെനെസുമാര്‍.

രണ്ടു ഗൈറോയ്ക്കും  വെജിറ്റബിൾ ഫെത്ത ഓംലെറ്റിനും ഒരു മീറ്റ് സൌവ്ലാക്കിക്കും നൽകിയ ഓർഡർ അര മണിക്കൂറിലേറെയെടുത്തത് ഏസിയുടെ തണുപ്പും അമ്മുവിന്റെ ചൂടൻ വിവരണവും നാറാണത്തുഭ്രാന്തന്‍ മുതലായവരുടെ വരവും കാരണം അറിഞ്ഞില്ല. ഗൈറോ, നമ്മുടെ ഷവർമ്മയുടെ ഗ്രീക്ക് പതിപ്പാണ്.കുറച്ച് ചില്ലി സോസും ഉപ്പും കുരുമുളകും ചെലുത്തിപ്പോൾ അവ എന്റേയും അമ്മുവിന്റേയും രുചിബോധത്തിന് വഴങ്ങി. ഓംലെറ്റ് അതിന്റെ തക്കാളിയും സവാള വളയങ്ങളും ചീസും തിന്നു വീർത്ത വയറുമായി മിനിയും അമ്മയുമായി ഒത്തുതീർപ്പിലെത്തി. പെട്ടു പോയത് അപ്പുവാണ്. ഗ്രീസിൽ വന്ന് സൌവ്ലാക്കി കഴിക്കാതെങ്ങനെ എന്ന് പറഞ്ഞ് ഓർഡർ ചെയ്തത് കഴിക്കുന്നതെങ്ങനെ എന്ന് വിഷമിക്കുകയാണവൻ .കുരുമുളകുപൊടിയിൽ കുളിപ്പിച്ചിട്ടും ഉപ്പു തേച്ചു താലോലിച്ചിട്ടും വെളളപ്പിഞ്ഞാണത്തിലെ അക്രൊപ്പൊലിസ് ചിത്രത്തിൽ മലർന്നു കിടക്കുന്ന മാംസപിണ്ഡത്തിന് മലയാളി യുവാവിന്റെ ചോദനകളെ തൃപ്തിപ്പെടുത്താനായില്ല. അവസാനം      സൌവ്ലാക്കിയെ 'ഇത് പെന്തക്കോസ്ത് കെബാബ്' എന്നാക്ഷേപിച്ച്  അപ്പു മൊഴി ചൊല്ലി.കാശു കൊടുത്തു വാങ്ങിയ ഭക്ഷണം കളയാനാവില്ലെന്ന ശാഠ്യമുള്ളതിനാൽ ഞാനും മിനിയും അത് കഴിക്കാൻ ശ്രമിച്ചെങ്കിലും പകുതിയെങ്കിലും തീർക്കാൻ ഞങ്ങൾക്കായില്ല.
കടയിൽ നിന്ന് ആവുന്നത്ര ഏസിത്തണുപ്പ് വലിച്ചെടുത്ത് പുറത്തേക്കിറക്കിയിട്ടിരിക്കുന്ന കസേരകളിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. വല്ലാതെ ഒച്ചയുണ്ടാകുന്ന ഒരു മെഗാ കൂളറിന്റെ 'മിനി'ത്തണുപ്പിവിടെയുണ്ട്. അമ്മു ഡയോജനസ് കഥകൾ തുടർന്നു.ഏതാണ്ട് അര മണിക്കൂറോളം ഞങ്ങളങ്ങനെ അവിടെയിരുന്നു.  അതിൽ കൂടുതലെങ്ങനെയാണ്  ഭക്ഷണം കഴിച്ചൊരു പീടികപ്പുറത്ത് കാററുകൊണ്ടിരിക്കുക. അമ്മുവിന്റെ ഡയോജനസിനും വേണ്ടേ അല്പം വിശ്രമം ?അമ്മുവിന് ,യാത്ര പുപ്പെടും മുമ്പേ അവളാവശ്യപ്പെട്ടിരുന്ന ഡയോജെനെസ് വിളക്ക് വാങ്ങിക്കുവാന്‍ തിടുക്കവുമായി.



ഞങ്ങൾ അഡ്രിയാനോ തെരുവിലൂടെ നടത്തം തുടങ്ങി. റെസ്റ്റോറൻറുകളുടേയും സോവനീർ കടകളുടേയും ഇടയിലൂടെ  വിയർത്തൊതുങ്ങി വടക്കോട്ട് നടന്നെത്തുന്നത് ഹഡ്രിയാന്റെ ലൈബ്രറിക്കു മുന്നിലാണ്.രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  റോമാചക്രവർത്തിയായിരുന്ന ഹഡ്രിയാനാണ് ഈ മന്ദിരം പണിതത്. പുതുക്കിപ്പണിയുന്ന ഏതൻസ് നഗരത്തിന് ഗംഭീരമായൊരു ലൈബ്രറി ആവശ്യമാണെന്ന് ചക്രവർത്തിക്ക് ബോധ്യമുണ്ടായിരുന്നു. ഭരണാധികാരിയുടെ പ്രതാപപ്രകാശനമായിരുന്നില്ല ആ ലൈബ്രറി . ഹഡ്രിയൻ  ചക്രവർത്തിക്ക് റോമൻ ഗ്രീക്ക് സാഹിത്യ ശാഖകളിൽ താല്പര്യവും അറിവും ഉണ്ടായിരുന്നു. കവിതകളെഴുതിയിരുന്നു അദ്ദേഹം.അക്കാലത്തെ തത്വജ്ഞാനികളുമായി സൗഹ്യദവുമുണ്ടായിരുന്നു. വെറുമൊരു പുസ്തക ശേഖരണാലയമോ  വായനശാലയോ ആയിരുന്നില്ല അന്നത്തെ ലൈബ്രറികൾ.ഹഡ്രിയൻ ലൈബ്രറിയിൽ സാഹിത്യ സംവാദങ്ങൾക്കുള്ള ഇടങ്ങളുണ്ടായിരുന്നു.  തത്ത്വചിന്തകരും പുതു ചിന്തകരും  പ്രഭാഷണങ്ങൾ നൽകുമായിരുന്നു. പുറത്തെ പൂന്തോട്ടത്തിന്റെ  പ്രശാന്തതയിൽ ബുദ്ധിജീവികൾ പുതിയ ആശയങ്ങൾ പങ്കു വെച്ചു.പുതിയ ചിന്തകൾ, മീമാംസകൾ, ശൈലികൾ എന്നിവയെല്ലാം അഗോറയുടെ തുറസ്സുകളിലെന്ന പോലെ ഈ കെട്ടിടത്തിന്റെ ഹാളുകളിലും ചർച്ച ചെയ്യപ്പെട്ടു.സർക്കാർ രേഖകളും ഉത്തരവുകളും  പാപ്പിറസ് ചുരുളുകളായി ഇവിടെ സൂക്ഷിക്കപ്പെട്ടു. ഒരു ചെറിയ ജലാശയവും പള്ളിയും (ആതൻസിലെ ആദ്യ പളളിയായിരുന്നു അത്.) കൂടിയുണ്ടായിരുന്നു ഈ ലൈബ്രറി സമുച്ചയത്തിൽ .
ആധുനിക ലോകത്തെ പുത്തൻ ലൈബ്രറിയെക്കുറിച്ചല്ല ഈ വിവരണം.ഏഡിയിലെ നൂറ്റാണ്ടുകളെ എണ്ണിത്തുടങ്ങുന്നേയുള്ളു അന്ന്. ഇന്ന് ലൈബ്രറിയിലേക്ക് നടക്കുമ്പോൾ നൂറ്റാണ്ടുകളേയും പടയോട്ടങ്ങളേയും ഞങ്ങൾ ശപിച്ചു. അവയാണ്  മഹത്തായ ആ നിർമ്മിതിയെ ഏതാനും തൂണുകളിലും പൊളിഞ്ഞ മതിലുകളിലുമായി അവശേഷിക്കുന്ന ദയനീയ രൂപമാക്കിയത്.പരിക്കുപറ്റി നില്ക്കുന്ന ഇരുപതോളം തൂണുകൾ, നൂറോളം തൂണുകളുടെ സ്തംഭനിരയും ഗരിമയുള്ള മുറികളും ചുമരലമാരികളിൽ നിറയെ പാപ്പിറസ് ചുരുളുകളുമുണ്ടായിരുന്ന ഗതകാലത്തെയോർത്ത് നെടുവീർപ്പിടുന്നു. ഖനനങ്ങളും പുനർനിർമ്മാണശ്രമങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായ ബാരിക്കേഡുകളും കെട്ടിമറകളും തലങ്ങും വിലങ്ങും പായുന്ന ലോഹദണ്ഡുകളും അവശേഷിക്കുന്ന കാഴ്ചയെ മലിനമാക്കുന്നുണ്ട്.
അര മണിക്കൂറിന്റെ വായനയേ ലൈബ്രറിയുടെ അവശേഷിപ്പുകൾക്കിടയിൽ ഞങ്ങൾക്കുണ്ടായുള്ളു. ആ സമയം കൊണ്ട്  സൂര്യൻ നനഞ്ഞ ലിപികളാൽ ഞങ്ങളുടെ ശരീരം മുഴുവൻ എഴുതി നിറച്ചിരുന്നു.  അമ്മയും അമ്മുവും തളർന്നിരിക്കുന്നു. റോമൻ അഗോറയിലേക്കാണ് ഇനി പോകാനുള്ളത്. അവിടേക്കെത്താൻ അക്രോപൊലിസിലേക്ക് കയറിപ്പോകുന്ന റോഡിലൂടെ കുറേയധികം ചുവടുകൾ വെയ്ക്കാനുണ്ട്. അമ്മയ്ക്കും അമ്മുവിനും അത് ബുദ്ധിമുട്ടാവും. ഞങ്ങൾ തിരിച്ചെത്തുന്നത് വരെ കാത്തിരിക്കാനായി അവർക്കൊരു സ്ഥലം വേണം. അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റാനായി കുന്നിറങ്ങി വന്നത്. ആതൻസിന്റെ ഊടുവഴികളിലൂടെ കറങ്ങി നഗരത്തിലെ പ്രധാന കാഴ്ചകളിലേക്കെത്തുന്ന ചുവന്ന ടോയ് ട്രെയിൻ . ആതൻസ് ഹാപ്പി ട്രെയിൻ.
ഏതൻസിലെ കാഴ്ചക്കറക്കങ്ങളിൽ ഈ തീവണ്ടിയെക്കുറിച്ച് വായിച്ചതാണ്. അമ്മയ്ക്ക് ആ യാത്ര സൗകര്യമാവുമെന്നും മനസ്സിൽ കുറിച്ചിരുന്നു. പക്ഷേ പിന്നെ യാത്രാ ഒരുക്കങ്ങളുടെ തിരക്കുകൾക്കിടയിലൂടെ ആ 'കിളി' പോയി. നിഷ്ക്കളങ്കരായ സഞ്ചാരികൾക്കായി ഇത്തരം വിട്ടു പോകലുകൾ യഥാസമയം പൂരിപ്പിക്കപ്പെടുക തന്നെ ചെയ്യും. ഹഡ്രിയൻ ലൈബ്രറിയുടെ മുന്നിലേക്ക് ചുവന്നു തുടുത്ത് കുണുങ്ങിയിറങ്ങി വരുന്ന ഹാപ്പി ട്രെയ്ൻ ആ പൂരിപ്പിക്കലാണ് ചെയ്യുന്നത്.

അമ്മയേയും അമ്മുവിനേയും ട്രെയിനിന്റെ അവസാന ബോഗിയിലേക്ക് കയറ്റി വിട്ട് ഞങ്ങൾ റോമൻ അഗോറയിലേക്കുള്ള കയറ്റം കയറാൻ തുടങ്ങി. സൂര്യന്റെ കോപം പാൻറ്സിന്റേയും ടീ ഷർട്ടിന്റേയും അടിയിലേക്ക് നുഴഞ്ഞു കയറി ശരീരത്തിന്റെ മടക്കുകളിൽ നനവായി ചൊറിഞ്ഞു തുടങ്ങിയിരിക്കുന്നു.
അക്രൊപൊലിസിന്റെ നേരേ വടക്കായിട്ടാണ് റോമൻ             അഗോറ. (അസ്തമന സമയത്ത് അഗോറയിലെ സ്തൂപങ്ങൾക്കിടയിലൂടെയുള്ള അക്രൊപൊലിസ് കാഴ്ച മനോഹരമായിരിക്കും )  .ജുലിയസ് സീസറും അഗസ്റ്റസുമാണ് അഗോറയുടെ നിർമ്മാണച്ചിലവുകൾ വഹിച്ചത്. കുറേയേറെ പൊട്ടിപ്പൊളിഞ്ഞു പോയിട്ടും ഏതാനും  തൂണുകളിൽ നിഗളിച്ചു നിൽക്കുന്ന പടിഞ്ഞാറൻ കവാടക്കമാനത്തിൽ (ഇതാണ് പ്രധാന കവാടം: അഥീനയുടെ പേരിലാണ് ഇത് )ഇക്കാര്യം എഴുതി വെച്ചിട്ടുണ്ട്. റോമൻ അഗോറ സജ്ജമായതോടെ ,നമ്മൾ രാവിലെ കണ്ടിറങ്ങിയ പുരാതന ഗ്രീക്ക് അഗോറയിലെ കച്ചവടത്തിരക്ക് കുറെയൊക്കെ ഇങ്ങോട്ട് മാറ്റപ്പെട്ടു.
അഗോറയിലേക്ക്  കയറിയപ്പോൾ തന്നെ വലത് വശത്തെ ചുമരിൽ ചാരിനില്ക്കുന്ന ടാപ്പിനടുത്തേക്ക് ഞങ്ങൾ നടന്നു. ചൂടുവെള്ളമെങ്കിൽ ചൂടുവെള്ളം.മുഖമൊന്ന്  കഴുകാതെ വയ്യ. എന്നാൽ ഞങ്ങളുടെ ഇന്ദ്രിയങ്ങളെ ഞെട്ടിച്ചു കൊണ്ട് നല്ല തണുത്ത വെള്ളം ടാപ്പിലൂടെ ഒഴുകി വന്നു. കഴുകിക്കഴുകി മുഖം കഴുകൽ ഒരരക്കുളിയിലവസാനിച്ചു. മിനിയാകട്ടെ അതിനു ശേഷം അടുത്തുണ്ടായിരുന്ന സ്റ്റൂളിലിരുന്ന് മയങ്ങാനും തുടങ്ങി.

അയോണിക്  (ionic) ശൈലിയിലുള്ള ഏതാനും സ്തൂപ ശ്രേണികളും അവയ്ക്ക് തെക്കായി ഏതാനും കച്ചവടമുറികളുടെ അവശിഷ്ടങ്ങളും കഴിഞ്ഞാൽ അഗോറയിൽ കാണാനുള്ളത്  'കാററുകളുടെ ഗോപുര'മാണ്.(Tower of winds.). കച്ചവടമുറികൾക്കിടയിലൂടെ കയറിപ്പോകുന്ന മാർബിൾപടികളിലൂടെ ഞങ്ങൾ ആ അഷ്ടമുഖ ഗോപുരത്തിലെത്തി.
കാലത്തിന്റെ കെറുവിക്കൽ ഗോപുരത്തിനോടുമുണ്ട്. ബിസി ഒന്നാം നൂറ്റാണ്ടിലിത് പണിയപ്പെട്ടപ്പോൾ  പുറത്ത് സൂര്യഘടികാരവും (sun dial) അകത്ത് ജലഘടികാരവും മേൽക്കൂരയിൽ ട്രൈട്ടൺ മുഖമുള്ള കാറ്റാടിയും ഉണ്ടായിരുന്നു. വളയൻ ഓടുകൾ പാകിയിട്ടുള്ള മേൽപ്പുര ഇന്ന് ശൂന്യമാണ്. കാറ്റാടി കുത്തി നിർത്തിയിരുന്ന കുറു ദണ്ഡും ചെറു പീഠവും ബാക്കിയുണ്ട്. സൺ ഡയലിനായി കുത്തി നിർത്തിയിട്ടുള്ള ഇരുമ്പ് വടികൾ ഗോപുരത്തിന്റെ ചില പാർശ്വങ്ങളിൽ സൂര്യനെ ധ്യാനിക്കുന്നുണ്ടിപ്പോഴും. നിഴലിനെക്കാത്തു കിടക്കുന്ന ചില വരകളുമുണ്ട് ഗോപുര ചുമരിൽ.പൽ ചക്രങ്ങളും   പിസ്റ്റണുകളും ഒക്കെച്ചേർന്ന  സൂക്ഷ്മ സങ്കീർണ്ണ സംവിധാനമായിരുന്നത്രേ ഗോപുരത്തിനുള്ളിൽ സജ്ജീകരിക്കപ്പെട്ട ജലഘടികാരം. സൂര്യനില്ലാത്തപ്പോൾ ജലമാണ് സമയത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഗോപുരത്തിന് ചേർന്ന് പുറത്ത് ഒരു ഇരുനില, ടാങ്കുണ്ട്. മുകൾ നില ഏതാണ്ട്  തകർന്നു കഴിഞ്ഞിരിക്കുന്നു. മുകളിലെ ടാങ്കിൽ നിന്ന് താഴത്തെ  ടാങ്കിലേക്ക് ഒഴുകുന്ന വെള്ളമാണ് ജലഘടികാരത്തെ സെക്കന്റു,മിനിറ്റ്, മണിക്കൂർ ദിവസം ,മാസം, കൊല്ലം കണക്കിൽ നടത്തിച്ചിരുന്നത്. ഗോപുരത്തിന്റെ രണ്ടു വാതിലുകളും അടച്ചു പൂട്ടിയിരിക്കുന്നു. അതു കൊണ്ട് അത്ഭുത ഘടികാരത്തിന്റെ നേർക്കാഴ്ച ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അറ്റകുറ്റപ്പണികൾ തീർത്ത് 2016 ആഗസ്റ്റിൽ ഗോപുരം പൊതുജനത്തിന് തുറന്ന് കൊടുത്തു. ഒരു പക്ഷേ ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ - സമയ നിർണ്ണയ ഗോപുരമായ ഇവിടേക്ക് ഇപ്പോൾ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ടത്രേ.
ഗോപുരത്തിന്റെ ഓരോ ഭാഗവും ഓരോ കാറ്റിന്റെ പേരിലാണ്. തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് എന്നിങ്ങനെ നാലും ഇതിനിടയിൽ വടക്ക് കിഴക്ക് എന്നിങ്ങനെ വേറെ നാലു ഇടക്കാറ്റുകൾ. തെക്കൻ കാറ്റ്, തെക്ക് പടിഞ്ഞാറൻ കാറ്റ് എന്നിങ്ങനെ അലസമായല്ല കാറ്റിനെ പരാമർശിക്കുന്നത്.  വടക്കൻ കാറ്റിനെ ബോറിയേസ്, കിഴക്കൻ കാറ്റിനെ യൂറുസ് എന്നൊക്കെയുള്ള പേരുകളിട്ട് അരുമയോടെയാണ് വിളി.ഗ്രീക്കുകാരന്റെ  തെന്നൽ ദൈവങ്ങളാണിവർ.ഓരോ കാറ്റിനും അതു കൊണ്ടുവരുന്ന കലാവസ്ഥക്കനുസരിച്ച് ചമയങ്ങളുമുണ്ട്.


റോമൻ അഗോറയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ ഒന്നുകൂടി മുഖം കഴുകി.ഇനി താഴോട്ടിറങ്ങണം. മൊണാസ്ടിറാക്കി സ്ക്വയറിലേക്ക് .സൂര്യന്റെ ചൂട് ഒട്ടും ഇറങ്ങിയിട്ടില്ല. നടത്തം മെല്ലെയാണ്. പത്ത് മിനിറ്റ് നടന്നപ്പോഴേക്കും ത്മമ്മയും അമ്മുവും കേറിപ്പോയിരുന്ന ചുവന്ന ട്രെയിൻ തിരിച്ച് വന്നു. ഞങ്ങൾ അടുത്തെത്തുമ്പോഴേക്കും അമ്മുവും മറ്റ് രണ്ട് യാത്രക്കാരും ചേർന്ന് അമ്മയെ 'ബോഗി'യിൽ നിന്നിറക്കിയിരുന്നു. പെട്ടിക്കൂട് ബോഗിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടായ ബുദ്ധിമുട്ടൊഴിച്ചാൽ അമ്മയും അമ്മുവും ഹാപ്പിയായിരുന്നു. ഞങ്ങൾ കണ്ടു കഴിഞ്ഞതും നാളെ കാണാനുള്ളതുമായ അഥീനിയൻ കാഴ്ചകളിലൂടെ ഒരോട്ട പ്രദക്ഷിണമായിരുന്നു അവർക്കത് .എന്നാൽ  സഞ്ചാരികൾക്കിടയിൽ അത്ര നല്ല അഭിപ്രായമല്ല ഈ ട്രെയിനിനെക്കുറിച്ച്.പല റിവ്യൂകളിലും അൺ ഹാപ്പി ട്രെയിൻ എന്നാണ് ഇത് പരാമർശിക്കപ്പെടുന്നത്.ഒന്നാമത് ഒരു ഹോപ് ഓൺ ഹോപ് ഓഫ് സ്വഭാവമില്ല ട്രെയിനിന് .പിന്നെ, വാഗ്ദാനം ചെയ്യപ്പെടുന്ന ഇംഗ്ലീഷ് കമന്ററി പലപ്പോഴുമുണ്ടാവാറില്ല. ഏതായാലും അമ്മയ്ക്കും അമ്മുവിനും അതൊരു 'ഹെൽപ് ഫുൾ' ട്രിപ്പ്‌ ആയിരുന്നു.
വെയിലിൽ ഒറ്റയടിക്ക് താഴേക്കിറങ്ങുന്നതിന്റെ ചൂടേറിയ ആയാസം ഒഴിവാക്കാനായി കടകളിൽ കയറിയിറങ്ങി മെല്ലെപ്പോകാൻ ഞങ്ങൾ തീരുമാനിച്ചു.അങ്കത്തിന്റെ ക്ഷീണം കുറയ്ക്കാം ഷോപ്പിങ്ങ്  താളിയുമൊടിക്കാം. അഥീനയുടേയും എറെക്തിയോണിന്റേയും മാർബിളിൽ തീർത്ത കൊച്ചു ശില്പങ്ങൾ. അക്രൊപൊലിസിലെ     പനാത്തെനോണിൻെറ കൊച്ചുമാതൃക. അത് കളിമണ്ണിലായാലും മതി. ഗ്രീസിന്റെ ഒരു കൊച്ചു പതാക (ഞങ്ങളുടെ ആതിഥേയരുടെ ഒരു കൊടിയടയാളം സ്വന്തമാക്കുന്നത് ഞങ്ങൾക്കിന്ന് നിർബന്ധമാണ്) ഒലിവ് തടിയില്‍ പണിത രണ്ട് വൈൻ ഗ്ലാസ്സുകൾ.അമ്മുവിന് ഡയോജെനെസിന്റെ തൂക്കുവിളക്ക്. ഇത്രയുമാണ് പട്ടികയിലുള്ളത്. നാലഞ്ചു കടകളിൽ കയറിയിറങ്ങി വിലപേശിത്തളർന്നാണ്  ഞങ്ങളീ വലിയ കടയിലെത്തിയത്.വില്ലന വസ്തുക്കളെല്ലാം തറയിലും ഷെൽഫുകളിലും വലിച്ചു വാരിയിട്ടിരിക്കുകയാണ്.ധാരാളം സഞ്ചാരികളുണ്ട്. കച്ചവടത്തിരക്കുണ്ട്. നാല് വിൽപ്പനക്കാരികളുണ്ട്. കാഷ് കൗണ്ടറിൽ കഴുത്തു വരെ വെളുത്ത മുടി വിടർത്തിയിട്ട് ഇറുകിയ മഞ്ഞ ടീ ഷർട്ടിൽ സ്തനങ്ങൾ മുന്നിലേക്ക് തള്ളിച്ച് ഇരു കൈകളും വലിയ നിതംബങ്ങളിൽ കുത്തിവെച്ച് ആരോടെന്നില്ലാതെ വെളുക്കെച്ചിരിച്ച് ഒരു ഗ്രെക്കോ വാർദ്ധക്യം.
ഒരൊതുക്കവുമില്ലാത്ത  കടയിലെ അലങ്കോലങ്ങൾക്കിടയിലൂടെ സൗന്ദര്യത്തിന്റെ ചേരുവകളെല്ലാം ഒതുക്കി വെച്ചൊരു വില്പനക്കാരി നടന്നു വന്നു .അവളുടെ തുടുത്ത കവിളുകളോളം വെളുത്തതും മൃദുലവും ആയ കൈത്തളങ്ങൾ ചേർത്തുവെച്ച് ഈണത്തിലൊരു നമസ്കാർ പറഞ്ഞ് അപ്പോൾ തന്നെ അവൾ ഞങ്ങളെ കൈയിലെടുത്തു.
ഇവൾ സൂസന്ന. കാമുകനോടൊപ്പം റുമാനിയായിൽ നിന്ന് ഒരു വർഷം മുമ്പ് കുടിയേറി വന്നവൾ. ( കെട്ടിയവനെന്നല്ല കാമുകൻ എന്ന് തന്നെയാണ് അവൾ പറഞ്ഞത്.) അവന് ആർക്കിയോളജി വകുപ്പിൽ നല്ല ജോലി കിട്ടി. അവളും കൂടെപ്പോന്നു. പകൽ സമയങ്ങളിൽ അവൻ ജോലിക്ക് പോകുമ്പോൾ അവൾ ഒറ്റക്കാവും. വല്ലാത്ത ബോറടി .അത് കൊണ്ട് ഇവിടെ വരും. ഒരു പാട് ആളുകൾ .ഒരുപാട് ദേശങ്ങളിൽ നിന്ന് .പലതരക്കാർ .രസമാണ്.  അവളങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ശരിയാവാം.കളവാകാം. കനവാകാം. സൂസന്നയുടെ സൗന്ദര്യം അവളുടെ സംസാരത്തിനുമുണ്ട്. എങ്കിലും അവളുടെ വാക്കുകൾക്കിടയിൽ  ദുരഭിമാനം നിലവിളിക്കുന്നുണ്ട്. അവിടെ റുമാനിയയുടെ നവദാരിദ്ര്യത്തിന്റെ നിഴലുകളുണ്ട്.
ഞങ്ങളാവശ്യപ്പെട്ടതെല്ലാം വളരെ പെട്ടെന്ന് പല കൂനകളിൽ നിന്നും റാക്കുകളിൽ നിന്നും അവൾ തപ്പിയെടുത്തു. ഞങ്ങളുടെ വിലപേശൽ അതിക്രമങ്ങളോട്  കലാപരമായി സഹകരിച്ചു.പേശിപ്പേശി നെല്ലിപ്പടിക്ക് താഴെയെത്തിപ്പോൾ നിസ്സഹായയായി ചിരിച്ചു നിന്നു. ഇതിലും വില കുറക്കാൻ ഉടമസ്ഥ സമ്മതിക്കില്ലെന്ന് പറഞ്ഞു. അവരോടൊന്ന് ചോദിച്ചു നോക്കൂ എന്നായി മിനി. ചോദിക്കേണ്ടി വന്നില്ല. തടിച്ച കൈകൾ നീട്ടിക്കുലുക്കി വിലകൾ ഇനിയും താഴില്ലെന്ന്  ഉടമ ഞങ്ങളെ ബോധ്യപ്പെടുത്തി. എന്നാലിറങ്ങട്ടെ എന്നു തിരിച്ചു നടന്നു തുടങ്ങിയപ്പോൾ , one minute please പ്രഖ്യാപിച്ച്  സൂസന്ന അകത്തേക്ക് പോയി. പുറത്തിരിക്കുന്ന തടിച്ചിയേക്കാൾ വലിയ ഉടമസ്ഥ അകത്തുണ്ടായിരിക്കാം. ഒരു കൊച്ചു കടലാസ്സിൽ എന്തോ വായിച്ചു കൊണ്ട് സുസന്ന മടങ്ങി വന്നു. കുറച്ച വിലയായിരിക്കും. കുറിപ്പൊന്നു കൂടി വായിച്ച് ,അത് സോക്രട്ടീസിന്റെ കാലിന്നടിയിലേക്ക് തള്ളി വെച്ച് സുന്ദരിയിങ്ങനെ മൊഴിഞ്ഞു.
ദൂസരെ ദൂക്കാൻ മെ ഇസെ കം മെ ന മിലെ തോ വാപസ് ആയിയേ.
സുസന്നയുടെ ഹിന്ദി സൂത്രത്തിൽ  വീണുപോകരുതല്ലോ? ഞാനും അപ്പുവും കൂടി അടുത്തുള്ള രണ്ടു കടകളിൽ വിലപേശിച്ചെന്നു. കച്ചവടക്കാർ പറയുന്ന ഉയർന്ന വിലയ്ക്കേ വ്യത്യാസമുള്ളു. നമ്മൾ അഞ്ചോ പത്തോ മിനിറ്റെടുത്ത് പേശിപ്പേശിയെത്തുന്ന കുറഞ്ഞവില എല്ലായിടത്തും ഒന്ന് തന്നെ .സുസന്നക്കടയിലേക്ക് ഞങ്ങൾ തിരിച്ചു ചെന്നു. ശുക്രിയാ  ശുക്രിയാ ജപിച്ച് കൊണ്ട് അവൾ പെട്ടെന്ന് തന്നെ ഓർഡറുകൾ പാക്ക് ചെയ്തു തന്നു.
സൂസന്നയോട് വിട പറഞ്ഞിറങ്ങുമ്പോൾ, ഒരു കടലാസ് കഷണത്തിൽ ഞാനവൾക്കിങ്ങനെ എഴുതിക്കൊടുത്തു. Koottukare , mattu Kadakalil ithilum vila Kurachu Kittunnilenkil Ividekku thanne Varane.രണ്ടു തവണ വായിച്ചു കൊടുത്തപ്പോഴേക്കും അവൾക്കതിന്റെ ശബ്ദ സംവിധാനവും താളവും പിടി കിട്ടി. mattu എന്നത് മറ്റു എന്നു തന്നെ വായിക്കാമെന്നായി. varane എന്നത് വാരണേ എന്നു തെറ്റാതായി.രണ്ടു തവണ കൃത്യമായി തിരിച്ചുച്ചരിച്ച് ഞങ്ങളെ അത്ഭുതപ്പെടുത്തിയവൾ.ഇന്ത്യയിൽ കേരളം എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് വരുന്നവരോട്  ഇത് കാച്ചിക്കോളാൻ പറഞ്ഞിറങ്ങുകയായിരുന്നു ഞങ്ങൾ. അപ്പോൾ സുന്ദരിയുടെ സ്പെഷൽ റിക്കൗസ്റ്റ് .
Can you write this in Tamil? Please, if you can.
Tamil? Why Tamil?
We have lot of Tamil Tourists here. They have lot of money with them and they buy things.
ദുഷ്ടേ ,സുസന്നേ, നിനക്ക് മലയാളികളെ വേണ്ടല്ലേ. നീയിപ്പോ തമിഴ് പറഞ്ഞങ്ങനെ വില്ക്കണ്ട. മനസ്സിൽ പറഞ്ഞത് സുന്ദരിയോട് പറഞ്ഞില്ല. ഒന്നു ശ്രമിച്ചാൽ  ഒരരത്തമിഴിൽ അവൾക്ക് വേണ്ടത് ഒപ്പിക്കാമായിരുന്നു. വേണ്ടെന്നു വെച്ചു. രണ്ടു കടകൾക്കപ്പുറത്ത് സൂസന്നയുടെ സുഹൃത്തിന്റെ കടയുണ്ട്. അവിടെ അമ്മു ആഗ്രഹിക്കുന്ന ഡയോജെനസ് തൂക്കുവിളക്കുണ്ട്. സുസന്ന ഫോൺ ചെയ്ത് വിലയുറപ്പിച്ചിട്ടുണ്ട്. അവൾക്ക്  താങ്ക്യൂ  പറഞ്ഞ് കടയുടെ വീതിയേറിയ മൂന്ന് കല്പടികൾ അമ്മയേയും കൊണ്ട് ആയാസപ്പെട്ടിറങ്ങുമ്പോഴാണ് സുസന്ന അവസാന വെടി പൊട്ടിച്ചത്.
അണ്ണേയ്, രൊമ്പം നന്ട്രി സാർ.
പൊന്നു സൂസന്നേ .നീ മിടുമിടുക്കി. കച്ചവടത്തിൽ  നീ കൊടി പാറിക്കും .പ്രലോഭനശാസ്ത്രത്തിൽ നീ അതിപ്രഗല്ഭ.
സുസന്നയെ വാനോളം പുകഴ്ത്തിയാണ്  ഞങ്ങൾ അടുത്ത കടയിൽ അവളുടെ കൂട്ടുകാരിയെ സമീപിച്ചത്.അര യൂറോ കുറയുമെങ്കിൽ കുറയട്ടെ. ഡയോജനസ് റാന്തൽ ഭംഗിയും ആഢ്യത്തവുമുള്ളതായിരുന്നു. മററ് കടകളിൽ പേശിത്താഴെയെത്തിയ വിലയേക്കാൾ ഇരുനൂറ് സെന്റ് കുറവും അല്പം വലുപ്പക്കുടുതലും ഉണ്ട്. നല്ല പഴക്കവും തോന്നിക്കും. ഇപ്പോഴും ഒന്നുയർത്തി മുഖത്തോട് ചേർത്തു വെച്ചാൽ മനുഷ്യനെ കണ്ടെത്താമെന്ന് അമ്മു. അവൾ വളരെ വളരെ ഹാപ്പിയാണ്.

അമ്മുവിന്റെ തൂക്കുവിളക്കും കൊണ്ടാണ് ഞങ്ങളിപ്പോൾ മൊണാസ്റ്റിറാക്കി മെട്രോക്ക് മുമ്പിലെ പൊക്കം കുറഞ്ഞ നീളൻ തിണ്ണയിലിരിക്കുന്നത്. ഇടയ്ക്കിടക്ക്  അക്രൊപൊലിസിന്റെ ചിത്രം ആലേഖനം ചെയ്ത മഞ്ഞ സഞ്ചിയിൽ നിന്ന്  അമ്മു വിളക്കെടുത്ത് പൊക്കിപ്പിടിക്കും. അപ്പോൾ കാൽനടക്കാരുടെ ശ്രദ്ധ അവളിലേക്ക്  തിരിയും.അവരിൽ നിന്ന് ഒന്നോ രണ്ടോ മനുഷ്യരെ കണ്ടെത്തിയതായി അവൾ പ്രഖ്യാപിക്കും.ഹായ് ബ്യൂട്ടിഫുൾ  ലേഡി എന്നവളോട് അലറി വിളിച്ച് കടന്നു പോയ ഒരു ജിപ്സിച്ചെക്കനും റഷ്യൻ റഷ്യൻ എന്ന് ആവർത്തിച്ച് പരിചയപ്പെടുത്തുകയും അമ്മയുടെ കൈത്തലം കയ്യിലെടുത്ത് ചുംബിക്കുകയും അമ്മുവിന്റെ തലയിൽത്തലോടി ഗ്രാനീസ് ക്യൂട്ട് ഗേൾ എന്നു അരുമയോടെ പുഞ്ചിരിക്കുകയും ചെയ്ത സുന്ദരിയും അതിൽ പെടും
വിലപേശിക്കച്ചവടത്തിന്റെ അഥീനിയൻ അരങ്ങാണ്  മൊണാസ്ട്രിയാക്കി ചത്വരത്തിൽ നിന്നും പിരിയുന്ന ചെറു പാതകൾ. പ്രത്യേകിച്ചും പോണ്ടോറോസ്സൗ, അഡ്രിയോനു തെരുവുകൾ.ഒട്ടുമിക്കവയും സ്ഥിരം കടകളാണ്. 'നിശ്ചിത വില ' എന്ന വലിയ എഴുത്തുകൾ കടക്കു പുറത്തും ഉള്ളിലുമിരുന്ന് കണ്ണുരുട്ടും. വീണു പോകരുത്.വിലപേശുക. വീണ്ടും വീണ്ടും പേശുക. വില വീഴും താഴേക്ക്.ആഭരണങ്ങൾ, സോവനീറുകൾ ,കരകൗശലങ്ങൾ ,പഴയ വസ്തുക്കൾ ,പുതുമയുള്ള പാഴ് വസ്തുക്കൾ, തുണികൾ അങ്ങനെയങ്ങനെ എന്തും ഇവിടെ സുലഭം. വ്യാജനിർവ്യാജ നിർമ്മിതികള കടക്കാർ തന്നെ പരിചയപ്പെടുത്തും. വ്യാജ വസ്തുക്കൾ വാങ്ങുകയാണ് സുരക്ഷിതം. അവ തീർച്ചയായും വ്യാജമായിരിക്കും. ഗ്രീക്ക് നിർമ്മിതമെന്ന് ചൈനയിൽ വെച്ചേ എഴുതപ്പെട്ടത്.ഒറിജിനലിന്റെ കാര്യത്തിൽ അത്ര തീർച്ചയില്ല.വല്ലപ്പോഴും വിറ്റു പോവുന്ന ഒറിജിനലിനേക്കാളും കച്ചവടക്കാർക്കുമിഷ്ടം വല്ലാതെ വിറ്റു പോവുന്ന വ്യാജന്മാരെയാണ്.
ഞങ്ങളിരിക്കുന്നതിന്റെ എതിർ വശത്ത് ,ഹഡ്രിയന്റെ ലൈബ്രറിയോട് ചേർന്ന് ഒരു മോസ്ക്കുണ്ട്. ഒട്ടോമൻ ശൈലിയുടെ സവിശേഷതകളൊക്കെ ചേർത്തുവെച്ചൊരു കൊച്ചു പളളി.ഉയർന്ന തൂണുകളും വലിയ കുംഭ ഗോപുരവുമൊക്കെയായി ഈ ഒട്ടോമൻ പള്ളി തന്റെ ചെറിയ വലിപ്പത്തേക്കാൾ ഗരിമ ആർജിക്കുന്നുണ്ട്.
ആതൻസിലെ ഒട്ടോമൻ ഗവർണരായിരുന്ന  ട്സിസ്റ്റരാക്കിസ് ആണ് ഈ മോസ്ക് നിർമ്മിക്കുന്നത്. 1759 ൽ. പള്ളി നിർമ്മിക്കുന്നതിലേക്ക് മൂപ്പര് അക്രൊപൊലിസിനപ്പുറത്തെ സീയുസ് ദേവക്ഷേത്രത്തിൽ നിന്ന്  ഒരു വൻ തൂണു പൊക്കിക്കൊണ്ടുവന്നു. ഒട്ടോമൻ ടർക്കികളത് വലിയ ദൈവനിന്ദയായിക്കരുതി. അവരുടെ വിശ്വാസം ഉറപ്പിച്ച് ഒളിംപിയൻ ദൈവങ്ങൾ കോപിച്ചു. ആതൻസിൽ പ്ലേഗ് പടർന്ന്  പിടിച്ചു. ജനം ഗവർണറെ ആതൻസിൽ നിന്ന് ഓടിച്ചു.(തൊട്ടപ്പുറത്തെ ഹഡ്രിയാൻ ലൈബ്രറിയിൽ ഇഷ്ടം പോലെ തൂണുകളുള്ളപ്പോൾ  ഇയാളെന്തിനാണാവോ സീയുസിന്റെ തൂണെടുത്ത് ദൈവകോപം വരുത്തിയത്)

ഗ്രീക്ക് സ്വാതന്ത്ര്യ സമരക്കാലത്ത്  പട്ടണപ്പിതാക്കന്മാരുടെ ഒത്തുചേരലിടം ആയിരുന്ന ഈ പള്ളി പിന്നീട് പട്ടാള ബാരക്കായും വെയർഹൗസായും ഒക്കെ വേഷം മാറിയിട്ടുണ്ട്. ഇപ്പോളത്  ഗ്രീക്ക് നാടൻ കലകളുടെ കുഞ്ഞൻ കൂടാരമാണ്. 1966 ൽ സൗദി അറേബ്യയിൽ നിന്നും പുറത്താക്കപ്പെട്ട സൗദ് രാജാവിനായി ഇത് പളളിയായിത്തന്നെ മോടി പിടിപ്പിക്കപ്പെട്ടിരുന്നു. ഇന്നിപ്പോൾ മുഖപ്പുകളിൽ നിന്ന്
കെട്ടിയിറക്കിയ ടാർപോളിൻ പന്തലുകൾക്കടിയിൽ കച്ചവടം വിലപേശിത്തകർക്കുകയാണ്.
ആതൻസിൻ്റെ മാപ്പ് നിവർത്തി വെച്ച് കവിയുടെ ചെരുപ്പു കടയിലേക്ക് വഴിവെട്ടുകയാണ് അപ്പു. യാത്രകളിൽ വഴിയുറപ്പിക്കൽ ചുമതല അപ്പുവിനാണ്. ഞങ്ങൾ കോംപസ് എന്നു വിളിക്കുന്ന അപ്പു. മൊണാസ്റ്റിറാക്കി സ്ക്വയർ മുറിച്ചുകടന്ന് ,അപ്പുറത്തെ റോഡും മുറിച്ചുകടന്നാൽ പിന്നെ അഞ്ചു മിനിറ്റ് നടത്തം എന്നാണ് കോംപസ്    വിശദീകരിക്കുന്നത്. സ്റ്റാവറോസ് മെലിസ്സിനോസിന്റേതാണ് വിഖ്യാതമായ ചെരുപ്പ് കട. ആതൻസിന്റെ ആസ്ഥാന കവിയെന്ന ഖ്യാതി കൂടിയുണ്ട് മെലിസ്സിനോസിന് . സ്റ്റാവറോസിന്റെ അപ്പൻ ഗെർഗിയോസ് ആണ് മെലിസ്സിനോസ്  തറവാട്ടിൽ ചെരുപ്പ് - ഷൂസ് - തുകൽ കച്ചവടം തുടങ്ങുന്നത്. അന്ന് പാണ്ട്രസ്സൗ സ്ട്രീറ്റിലായിരുന്നു കട .ഗ്രീസിലെ രാജ്ഞി നേരിട്ടവിടെ വന്ന് പാദരക്ഷകൾ തെരഞ്ഞെടുക്കാറുണ്ടത്രേ. അപ്പന്റെ മരണശേഷം    സ്റ്റാവ്റോസ് കച്ചവടം ഏറ്റെടുത്തു.ആതൻസിലെ ഒളിമ്പിക്സ് കാലത്ത് കച്ചവടത്തെരുവുകളിൽ നിന്ന് പഴയ വാടകക്കാർ കുടിയൊഴിക്കപ്പെട്ടു.ഉയർന്ന വാടക്കക്ക് പുതിയ കക്ഷികളെ നേടാനുള്ള അടവായിരുന്നു അതിൽ. അക്കൂട്ടത്തിൽ കവിയുടെ കട  അഗ്യാസ് തെക്ക്ലാസ് സ്ട്രീറ്റിലേക്ക് മൊണാസ്ടിറാക്കി ചത്വരം കടന്ന്  പോയി. മെലിസ്സിനോസിനെ മൊബൈൽ വലയിൽ തപ്പിക്കൊണ്ടിരുന്ന അപ്പു അദ്ദേഹത്തിന്റെ കുറച്ചു വരികളുമായി എഴുന്നേറ്റു.
Take away the Glories and the Honors
The granite palaces of this vain world
And only give me the smile of Pain the tear of Joy
And I will erect
a thousand palaces in me in which to live
സ്റ്റാവ്റോസിന്റെ ഏറ്റവും പ്രശസ്ത കൃതിയായ അഥീനിയൻ റുബൈയാതിൽ നിന്നാണ്  വരികൾ. 
കവിയുടെ കടയിലേക്ക്  നടക്കുന്നതിന് മുമ്പ് എറിഡനോസ് അരുവിയേയും  ചത്വരത്തിന് പേര് നല്കിയ  (ചെറിയ )      ആശ്രമത്തേയും കാണേണ്ടതുണ്ട്. ആതൻസ് വൻ നഗരമായി വളർന്നപ്പോൾ ഭൂമിക്കടിയിൽ പെട്ടു പോയ നദിയാണ് എറിഡനോസ് . ആതൻസിന്റെ സരസ്വതി.ലൈക്കാബെറ്റോസ് മലയിൽ  നിന്നൂർന്നിറങ്ങി വന്ന് കെരാമിക്കോസിൽ അവസാനിക്കുന്നു ഈ കൊച്ചരുവി. മൊണാസ്റ്റിറാക്കിയിൽ മെട്രോ പണിക്കിടയിലാണ് അവളെ ആതൻസുകാർ കണ്ടെത്തുന്നത്. മൊണാസ്റ്റിറാക്കി സ്ക്വയർ ഭാഗത്ത് അവൾ സംരക്ഷിക്കപ്പെടുന്നുണ്ട്. ചത്വരത്തിന് നടുവിൽ അവളെക്കാണാനായൊരു സംവിധാനമൊരുക്കിയിട്ടുണ്ട്. താഴേക്ക് നോക്കുവാനായി ബാൽക്കണിപോലൊരു സംവിധാനം.  ഒരു കൊച്ചരുവിയുടെ പൊട്ടുപൊടിയും ഇഷ്ടികക്കെട്ടുകളും ഞങ്ങൾ ഇവിടെ നിന്ന് നോക്കിക്കണ്ടു. നല്ല മഴക്കാലത്ത് പഴയ പുഴയോർമ്മയിൽ എറിഡനോസ്  ഇപ്പോഴും കുറച്ചൊക്കെ നനയാറുണ്ടത്രേ! അപ്പോൾ എവിടെ നിന്നൊക്കെയോ ക്രോം ക്രോം ആരവങ്ങളുമായി തവളകൾ ചാടിയെത്തും.
എറിഡനോസിന്റെ ബാൽക്കണിക്കാഴ്ചയ്ക്ക് തൊട്ടപ്പുറം വലത്തായിട്ട് ,ചത്വരത്തിന്  മൊണാസ്റ്ററാക്കിപ്പേര് നല്കിയ ആശ്രമപ്പള്ളി. പണ്ടിത് വലിയൊരു കൂട്ടം കന്യാസ്ത്രീകളുടെ ആശ്രമവും കന്യാമേരിയുടെ പള്ളിയുമായിരുന്നു. പുരാവസ്തു ഖനനങ്ങളും മെട്രോ നിർമ്മാണവും പഴയ വലിയ ആശ്രമത്തിന്റെ കുറേ ഭാഗങ്ങൾ അപഹരിക്കുകയും അതിനെ ചെറിയ മൊണാസ്ട്രി ( monastiraki) ആക്കുകയും ചെയ്തു.
പള്ളിമണിഗോപുരമൊഴിവാക്കിയാൽ  ട്സിസ്റ്റരാക്കി മോസ്കുമായി സഹോദരതുല്യസാമ്യമുണ്ട്  ഈ കുഞ്ഞാശ്രമത്തിന്. പ്രധാന ദീർഘവൃത്താകൃത ഗോപുരം ഒരേ പോലെ വളയൻ ഓടുകൾ മേഞ്ഞതാണ്. ജാലകങ്ങളും കമാനങ്ങളും ഒരേ പോലെ. പഴയ റോമാ സാമ്രാജ്യത്തിൽ പഗാൻ ക്ഷേത്രമായും മോസ്ക്കായും കൃസ്ത്യൻ പളളിയായും വീണ്ടും ഒട്ടോമൻ ദേവാലയമായും ഒക്കെ  മന്ദിരങ്ങൾ വേഷം മാറുന്നത് സാധാരണമാണ്. വിശുദ്ധമേരിയുടെ പേരിലാണ് ഇന്നത്തെ ദേവാലയം .ഗ്രീക്കിൽ അറിയപ്പെടുന്നത്  Pantanassa Panagia  എന്നും.

മൊണാസ്റ്റിറാക്കിയിലെ ചരിത്രം തപ്പലും മെട്രോ നിർമ്മാണവും താഴെക്കുടുങ്ങിയ എറിഡനോസിന്റെ സംരക്ഷണവുമൊക്കെയായി ചത്വരത്തറ പൊന്തിയപ്പോൾ പളളിക്കെട്ടിടം  മാമോദീസത്തൊട്ടിയിലേക്കിറക്കി വെച്ച പൊൻകുരിശ്ശ് പോലെയായി.  പള്ളിയുടെ കതകുകളും ജാലകങ്ങളും എത്തിവലിഞ്ഞാണ്  ചത്വരത്തിലേക്കെത്തി നോക്കുന്നത്. അഞ്ചോ ആറോ പടികളിറങ്ങിയാണ് ഞങ്ങൾ പള്ളിവാതിൽക്കലെത്തിയത്. പ്രധാന കവാടം  അടഞ്ഞുകിടക്കുന്നു. ആർഭാടങ്ങളൊന്നുമില്ലാത്ത മരവാതിൽ. താഴെ ആളുകളൊന്നുമില്ല. മുകളിലെ ഒരടി മാത്രം പൊക്കമുള്ള ചുറ്റുമതിലിൽ ചിലരിരുന്ന് സൊറ പറയുന്നുണ്ട്. ഞങ്ങൾ പള്ളിക്ക് ചുറ്റുമൊന്ന് കറങ്ങി വന്നു.എല്ലാ വാതിലുകളും അടഞ്ഞു കിടക്കുകയാണ്. സന്ദർശനസമയം കഴിഞ്ഞിരിക്കുന്നു.കൊച്ചുപള്ളിക്കുള്ളിലെ  ചുമരിലും മേൽക്കൂരയിലും നിറയുന്ന മൊസൈക്ക് വർണ്ണച്ചിത്രങ്ങൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നർത്ഥം. ഉത്തരത്തിൽ നിന്ന് തൂങ്ങിയാടുന്ന ചന്തമുള്ള ഷാൻഡലിയർ വിളക്കുകൾ നഷ്ടപ്പെടുന്നു. കൊത്തുപണികളുള്ള മെഴുകുതിരിക്കാലുകൾ , അൾത്താരയിലെ പ്രശസ്തിയും പഴക്കവുമേറിയ അപൂർവ്വ വിശുദ്ധ രൂപങ്ങൾ. എല്ലാം ഞങ്ങൾക്ക് ഷ്ടപ്പെടുന്നു.യാത്രകൾ അങ്ങനെയാണ്. എത്ര മോഹിച്ചാലും എത്ര തയ്യാറെടുപ്പുകളുണ്ടെങ്കിലും ചില കാഴ്ചകൾ ചോർന്നു പോവും. സമയമായിട്ടില്ലടോ കാണാൻ എന്ന് മൗനം പൂണ്ട് ആർഭാടങ്ങളില്ലാത്ത മരവാതിലുകൾ കൊട്ടിയടയ്ക്കും. സാരമില്ല. ദേഷ്യപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ഓ, ശരി, പിന്നെ വരാം എന്ന് പറഞ്ഞ്  ചിരിയോടെ മടങ്ങുക. ആ ഗ്രീസ് യാത്രയിൽ എത്ര ശ്രമിച്ചിട്ടും ഈ കൊച്ചു പള്ളിയിലേക്കൊന്നോടിയെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒരു പക്ഷേ വർഷങ്ങൾ കഴിഞ്ഞ് അടുത്ത തലമുറയോടൊപ്പം ഞങ്ങൾ ഇവിടെ തിരിച്ചെത്തും. അന്നെന്ത് സന്തോഷമായിരിക്കും! ഞങ്ങൾക്കും പള്ളിക്കും വിശുദ്ധ മേരിക്കും.
പള്ളിമണിഗോപുരം അടുത്ത കാലത്തെ നിർമ്മിതിയാണ്. സിമന്റൊക്കെയിട്ട് മിനുസപ്പെടുത്തി കടുപ്പത്തിൽ ക്രീം നിറം പൂശി ഇരുമ്പു ഗ്രില്ലിട്ട് നില്ക്കുന്ന മണി ഗോപുരം ,പരുപരുത്ത ശരീരമുള്ള പള്ളിയുമായി ചങ്ങാത്തത്തിലല്ല. ഏഡിയും ബീസിയും തമ്മിലെന്ന പോലെ അവർ മുഖം തിരിച്ചു നിലക്കുന്നു. മൊണാസ്റ്റിറാക്കി ചത്വരത്തിന്റെ ആനച്ചന്തത്തിന് അതൊരു കുറവു തന്നെ.
ഞങ്ങൾ പള്ളിയുടെ കാൽ മതിലിലിരുന്നു. സ്ക്വയറിന്റെ എതിർ ഭാഗത്ത്  യുവാക്കൾ എന്തോ തെരുവ് പരിപാടിക്ക്  തയ്യാറെടുക്കുകയാണ്.നിലത്ത് വലിയ കാർപ്പറ്റ് വിരിച്ചിട്ടുണ്ട്. പല തരം ഡ്രംസും  ഗിത്താറുകളും റെഡി.പിരിവിനായി ബക്കററുകളും റെഡി. കോളേജ് കുട്ടികളാണെന്ന് തോന്നുന്നു. അവരിൽ ആണും പെണ്ണുമുണ്ട്. കറുമ്പന്മാരും വെളുമ്പന്മാരും ഇടനിറമ്പന്മാരുമുണ്ട്.
പള്ളിലേക്കിറങ്ങിപ്പോകുന്ന പടികളിൽ ഒരു കിഴക്കൻ യൂറോപ്യൻ കുടുംബം . (ഏറെ വർഷങ്ങളുടെ പ്രവാസവും  കഴിഞ്ഞു പോയ കുറേ യാത്രകളും അപരിചിതരെ ഭൂപടത്തിലെ വരകൾക്കിടയിൽ തൂക്കിയിടാൻ ഞങ്ങളെ ശീലിപ്പിച്ചിരിക്കുന്നു.) ഒന്നനങ്ങാതെ നിന്നാൽ പാവക്കുട്ടികളെന്നു തോന്നിപ്പോകുന്ന രണ്ടു സുന്ദരിക്കുഞ്ഞുങ്ങൾ. ചെറിയ സുന്ദരി ,ഒന്നാം പടിയിലിരുന്ന് പുസ്തകം വായിക്കുന്ന അമ്മയുടെ  മടിയിൽ തല വെച്ചു കിടന്ന് ആകാശം കാണുന്നു.അമ്മ, കയ്യില്ലാത്ത അയഞ്ഞ കമ്മീസുടുപ്പിൽ അതിസുന്ദരിയാണ്. മുഖസൗന്ദര്യവും കഷണ്ടിയും  സമൃദ്ധമായുള്ള പുരുഷൻ മൂത്ത പാവക്കുട്ടിയുമായി പള്ളിയിലേക്കുള്ള പടികൾ കയറിയിറങ്ങിക്കളിക്കുകയാണ്. ഇടക്ക് പള്ളിക്കു ചുറ്റും ഒന്നോടി വരും. എന്നിട്ട് ഒരുമിച്ച് പൊട്ടിച്ചിരിച്ച്  മനോഹരമായൊരു ജുഗൽബന്ദി തീർക്കും.
അട്ടഹാസങ്ങളും വാദ്യങ്ങളുടെ അലർച്ചകളും ഒക്കെച്ചേർന്നൊരു സംഘഗാനം തെരുവ് കലാകരന്മാർ അവതരിപ്പിച്ചു കഴിഞ്ഞു. അവർ വിശ്രമത്തിലേക്കും പാട്ടപ്പിരിവിലേക്കും പിരിഞ്ഞിരിക്കുന്നു. അവരുടെ അടുത്ത പ്രകടനത്തിനു മുമ്പേ ഞങ്ങൾ എമൗ റോഡ് മുറിച്ചുകടന്ന് മെലിസ്സിനോസിന്റെ ചെരുപ്പുകടയിലേക്ക് നടന്നു. അഞ്ചു മിനിറ്റിലേക്കൊതുങ്ങുന്ന ചുവടുകളേ വേണ്ടിവന്നുള്ളു മെലിസ്സിനോസിന്റെ കടയിലേക്ക്.

കൊച്ചു കടയിലെ കച്ചവടം ചെരുപ്പു തന്നെയാണോ എന്ന് സംശയമായി ഞങ്ങള്‍ക്ക്.ഒരു ചെരുപ്പുകടയുടെ സാധാരണകാഴ്ചയല്ല മുന്നില്‍. മെലിസിനൊ പോയറ്റ്‌ സാണ്ടല്‍ മെയ്‌ക്കര്‍ എന്നാണ്‌ മുന്നിലെ ബോര്‍ഡ്.കടയുടെ ചില്ല് ചുമരിലാകെ മെലിസ്സിനോമാരുടെയും ഇവിടെ നിന്നും ചെരുപ്പ് വാങ്ങുന്ന ,വാങ്ങിയ പ്രമുഖരുടെ ചിത്രങ്ങളാണ്.


കടയുടെ അകത്ത് സാമാന്യം തിരക്കുണ്ട്. എങ്കിലും ആരും തിരക്കുകൂട്ടുന്നില്ല. തിക്കിത്തിരക്ക് മുഴുവൻ ചുമരുകളിലാണ്. അവിടെ ചെരുപ്പു കടയെക്കുറിച്ചും മെലിസ്സിനോസിനെക്കുറിച്ചും വിവിധ ഭാഷകളിലെ പത്രങ്ങളും മാസികകളും എഴുതിയ കുറിപ്പുകൾ ചില്ലിട്ടു തൂക്കിയിട്ടുണ്ട്.
പ്രമുഖ റോക്ക് മ്യൂസിക്ക് സംഘമായ ബീററിൽസിലെ നാലു പേർ വന്നിരുന്ന നാലു കസേരകൾ ചുമരും ചാരി വിശ്രമിക്കുന്നുണ്ട്. വെബ് സൈറ്റുകളിൽ ഞാൻ കണ്ടു പരിചയപ്പെട്ട  ചെരുപ്പുകുത്തിക്കവിയെ കാണാനില്ല. അമ്പതോളം പ്രായം വരുന്നൊരാൾ ചെറിയൊരു സ്റ്റൂളിലിരുന്ന് ഒരു ഫിലിപ്പിനോ സുന്ദരിക്കുട്ടിയുടെ കാലളവുകൾ കൈക്കലാക്കുന്നു . അവളുടെ അളവുകളല്ലാം ഒന്നാന്തരം തന്നെ. അവളുടെ പിന്നിലായി അവളേക്കാൾ സ്ത്രൈണതയുള്ള കൂട്ടുകാരൻ നില്ക്കുന്നുണ്ട്. അവന്റെ കയ്യിലാകട്ടെ അഞ്ചാറ് കടലാസുകളിൽ കുറേ പാദരൂപരേഖകൾ. ഒരു കെട്ട് ചെരുപ്പുകൾക്കുള്ള ഓർഡറാണത്.
അളവെടുപ്പുകാരൻ അമ്പതുകാരൻ സുന്ദരിയുടെ കാലടികൾ അളന്നു വെച്ച്   ഓരോ ജോഡി ഒനാസിസ്, നൈക്ക് സ്റ്റൈലുകൾക്ക് ഓർഡർ കുറിച്ചു വെച്ച് ആദ്യം എന്റെ കാലുകളിലേക്കും പിന്നെ മുഖത്തേക്കും ചിരിച്ച് അഭിവാദ്യം ചെയ്തു.
ഗുഡ് ഈവനിംഗ്
ഗുഡ് ഈവനിങ്ങ്. ഞങ്ങൾ ഇന്ത്യയിൽ നിന്നാണ്.സ്റ്റാവ്റോസ് മെലിസ്സിനോസ് ? പോയറ്റ് സാൻഡൽ മേക്കർ?
അമ്പതുകാരൻ സൗമ്യമായി ചിരിച്ചു. ഞാൻ പാന്തെലിസ്. .സ്റ്റാവ്റോസിന്റെ മകനാണ്. അപ്പൻ ഇപ്പോൾ വരാറില്ല. വയ്യ. വയസ്സായി.
(
ആതൻസിൽ ഒരു ചെരുപ്പുകട നടത്താനുള്ള യോഗ്യതയൊക്കെ പാന്തെലിസിനുണ്ടെന്ന് പിന്നീട് ഞങ്ങൾ നെറ്റിൽ നിന്നറിഞ്ഞു. ഇയാളും കവിയാണ്. ചിത്രകാരനാണ്.നാടകമുണ്ട്, സംഗീതമുണ്ട്. The Artist , Poet and sandal maker of Athens എന്നാണ് ഇപ്പോഴത്തെ നടത്തിപ്പുകാരനുള്ള വിശേഷണം. )
ചെരുപ്പുകുത്തിക്കവിയുടെ അസാന്നിധ്യം വലിയ നിരാശയായി. അതുവരെ ഞാൻ മനസ്സിൽ കരുതിവെച്ച ചോദ്യം ഇനിയെങ്ങോട്ട് എന്നറിയാതെ ഇറങ്ങിപ്പോയി.
താങ്കൾ ഒന്നാമതായി കവിയാണോ, ചെരുപ്പുകുത്തിയാണോ? ( Are you poet the sandal maker or sandalmaker the poet?) സ്റ്റാവ് റോസ് മെലിസ്സിനോസ്  ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെ ഉത്തരം തന്നേനേ. "കവിതയെഴുത്തു തന്നെ .ചിലപ്പോൾ കടലാസ്സിൽ.ചിലപ്പോൾ തുകലിൽ.
പണിതീർന്ന ചെരുപ്പുകളും പണി കാത്തു കിടക്കുന്ന തുകലും വിഖ്യാതരായ 'ചെരുപ്പുവാങ്ങി'കൾക്കൊപ്പം മെലിസ്സിനോസുമാർ ചിരിക്കുന്ന ചിത്രങ്ങളും ചുമരിൽ  തൂങ്ങാനിടത്തിന് മത്സരിക്കുന്നു. അതിൽ സോഫിയാലോറൻ, ജാക്വലിൻ ഒനാസിസ്, ജെസ്സിക്കാ പാർക്കർ, അന്തൊണി ക്വിൻ,ബീററിൽസ് ബാൻഡിലെ ലെനൻ മുതലുള്ള അംഗങ്ങൾ എന്നിവരൊക്കെയുണ്ട്.



1958 ലാണ് ബീറ്റിൽസുകാർ സ്റ്റാവ്റോസിന്റെ കടയിലെത്തുന്നത്. ജഗപൊകയായി ആ വരവ്. അവരിരുന്ന കസേരകൾ കടയിൽ ഇന്നും പ്രദർശിപ്പിക്കുന്നുണ്ട്. അന്ന് ബീറ്റിലുകളുടെ ഓട്ടോഗ്രാഫ് വാങ്ങാത്തതിന് മെലിസ്സിനോസ് കിടാങ്ങൾ അപ്പനോട് പരിഭവിച്ചു. അവരെന്റെ ഓട്ടോഗ്രാഫ് അല്ലേ വാങ്ങേണ്ടത് ?ബീറ്റിൽസിന്റെ  പ്രതാപം തീർന്നാലും മെലിസ്സിനോസിന്റെ ചെരുപ്പുകൾ തേടി ആളുകൾ ആതൻസിലേക്ക്  വരും.  അതായിരുന്നു സ്റ്റാവ്റോസിന്റെ മറുപടി. കാലം സ്റ്റാവ് റോസിന്റെ വാക്കുകൾക്കൊപ്പം നിന്നു. ബീറ്റിൽസ് വിസ്മൃതിയിലായി. കവി പണിത ചെരുപ്പുകൾ ആതൻസിലും ഗ്രീസിലും പുറത്തും പാദമുദ്രകൾ തീർത്തു. ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ ആ ചെരുപ്പുകൾ അണിഞ്ഞു സ്റ്റേജിലെത്തി. ആതൻസിലെത്തിയ സഞ്ചാരികൾ ,ക്ലിയോപാട്ര ഒനാസിസ്  സോക്രട്ടീസ് അരിസ്റ്റോട്ടിൽ എന്നൊക്കെ പേരുകളുള്ള ചെരുപ്പുകൾ ജോഡിക്കണക്കിന് വാങ്ങി തിരിച്ചു പോയി.
പതിനഞ്ചു യൂറോയ്ക്ക്  ഒരു ജോഡി കിട്ടുമായിരുന്നിട്ടും ചെരുപ്പൊന്നും വാങ്ങാൻ ഉദ്ദേശ്യച്ചിട്ടില്ലാത്ത ഞങ്ങൾ അഞ്ചു പേർ    ചെറു കടയ്ക്ക്  അധികപ്പറ്റാവുന്നുണ്ട്, പാന്തെലീസ്     മെലിസ്സിനോസോ ജോലിക്കാരോ യാതൊരു നിരസവും കാണിക്കുന്നില്ലെങ്കിലും .ഒരാൾ ഞങ്ങളെ മൂലയിലൊരു പീഠത്തിലെ പുസ്തകക്കെട്ടിലേക്ക് ക്ഷണിച്ചു. മെലിസ്സിനോസുമാരുടെ അഞ്ചാറ് പുസ്തകങ്ങൾ. ഗ്രീക്കിലും ഇംഗ്ലീഷിലും. Sandal maker poetന്റെ എഴുത്തുകൾക്കും ചെരുപ്പുകൾക്കും പ്രചോദനമാവുന്നത് ഗ്രീക്ക് പുരാണവും  ഇതിഹാസകഥകളും ചരിത്രവും തന്നെയാണ്. പുസ്തകങ്ങളോട് ചേർന്ന ചുമരിൽ ചെരുപ്പുകുത്തിക്കവിയുടെ പുസ്തകകങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ ചില്ലിട്ട്  തൂക്കിയിട്ടുണ്ട്.
I'm not just Cretan, Spartan, Athenian, Macedonian
All Greek, the whole of Greece in my chest I have enclosed
And whoever the Greeks divide 'tis my ancestral duty
To strike them back with the lance of Eternal truth
I'm European; I'm Asian; I'm African
American; Australian; Oceanian, son of the Pole
I'm all the people sheltered under the same sky
A child of Heaven and Earth: Man, the measure of all things
And finally, Christian or Jew, Brahmin or Buddist
Muslim or you who owe allegiance only to your own meditation
Just think the everpure butterfly of instinct
That flies in time and space in gardens without boundries
നൂറ്റാണ്ടുകൾക്ക് മുമ്പ്   ഒരു ബീസിക്കാല സായാഹ്നത്തിൽ, അഗോറയുടെ തെക്കുപടിഞ്ഞാറെ മൂലയിലെ തന്റെ ചെരുപ്പു നിർമ്മാണശാലയുടെ തിണ്ണയിലിരുന്ന് സൈമണെന്ന ചെരുപ്പുകുത്തിയെഴുതുകയാണ് - ഞാൻ അഥീനിയനല്ല, ഞാൻ ഗ്രീക്കുകാരനല്ല. ഞാൻ വിശ്വ പൗരനാണ്. കുറച്ച് മുമ്പാണ്  ഒരു കൂട്ടം തലതിരിഞ്ഞ യുവാക്കളോട് ദേശത്തെക്കുറിച്ചും ദേശഭക്തിയെക്കുറിച്ചും സംസാരിച്ച് സോക്രട്ടീസ് എഴുന്നേറ്റ് പോയത്.
കടയിൽ സഞ്ചാരികളുടേയും ഓർഡറുകളുടേലും തിരക്കുകൂടിയിട്ടുണ്ട്. മുറിവേറ്റ തുകലിന്റേയും  മുറിവുണക്കുന്ന പശയുടേയും മണം. എവിടെ നിന്നോ അഗോറയിലെ പഴമണ്ണിന്റെ മണം. പുറത്ത് വെയിലിന്റെ യൗവ്വനം അഞ്ചു മണിക്കും തിളക്കുന്നുണ്ട്. മുൻവശത്തെ ഗ്ലാസ് ചുവരിനപ്പുറത്ത് നില്ക്കുകയാണ് അവർ.വളളിപ്പൊട്ടിത്തുലഞ്ഞ ചെരുപ്പുമായ്  അയ്യപ്പൻ .റോഡിലെ ചൂടിനെ നഗ്നപാദങ്ങളിലേക്കാവഹിച്ച് പി. വലതു കൈയിലെ കാലൻ കുട നിലത്ത് കുത്തിപ്പിടിച്ചിട്ടുണ്ട്. കാലുകളിൽ മന്തിന്റെ കനവുമായി നാറാണത്ത് ഭ്രാന്തൻ ഓർമ്മകളിലേക്ക് കല്ലുകളുരുട്ടിക്കയറ്റുന്നുണ്ട്. അവരിങ്ങനെ പുറത്ത് കാത്തു നിൽക്കുമ്പോൾ ഞാനിങ്ങനെ! മെലിസ്സിനോസിന്റെ ചെരുപ്പു കടയുടെ ആർഭാടത്തിൽ നിന്നും സമൃദ്ധിയിൽ നിന്നും തുകൽ ഗന്ധത്തിൽ നിന്നും സോഫിയാ ലോറന്റേയും ജാക്വിലിന്റേയും ' കാൽച്ചിരി'യിൽ നിന്നും ബദ്ധപ്പെട്ടിറങ്ങി ഞാൻ അവരോടൊപ്പം ചേർന്നു.  കല്ലും കവിതയും  ,മണ്ണും മഷിയും മണക്കുന്ന അവരോടൊപ്പം .

മൊണാസ്റ്റിറാക്കി സ്ക്വയറിലേക്ക് തിരിച്ച് നടക്കുമ്പോൾ അക്രൊപൊലിസിന്റെ കിഴക്കേ തുഞ്ചത്ത്  ഗ്രീസിന്റെ പതാക വല്ലാതെ ഇളകിപ്പറക്കന്നുണ്ട്. നീലയുടേയും വെള്ളയുടേയും അവ്യക്തസങ്കലനം ഇവിടെ നിന്നു കാണാം.ആതൻസിലെ കാറ്റും സഞ്ചാരികൾക്കൊപ്പം പാർത്തെനോണിലേക്ക് മലകയറിയെന്ന് തോന്നുന്നു. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തൊന്നിലെ ഏപ്രിൽ മാസത്തിൽ നാസിപ്പട കുന്നുകയറി ഈ കൊടിമരത്തിലെത്തി. പതാകയുടെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൌക്കുദിസിനോട്  ഗ്രീക്ക് പതാക താഴെയിറക്കാനും സ്വസ്തികപ്പതാക ഉയർത്താനും  നാസിപ്പട്ടാളം ആജ്ഞാപിച്ചു. അദ്ദേഹം ആചാരപൂർവ്വം കൊടിയിറക്കി. അതിനെ ചുബിച്ചു .പിന്നെ ശരീരത്തിൽ ചുറ്റിക്കെട്ടി, അക്രൊപൊലിസിൽ നിന്ന് താഴേക്ക് ചാടി. ഭാരത് മാതാ കീ ജയ് എന്ന പോലെയെന്തെങ്കിലും അയാളപ്പോൾ വിളിച്ചു പറഞ്ഞിരിക്കണം.
സൂര്യൻ പിണങ്ങിപ്പിരിഞ്ഞു പോയെങ്കിലും ഉപേക്ഷിച്ചു പോയ  ചൂടും വെളിച്ചവും ബാക്കി നില്ക്കുന്നുണ്ട്. ചരിത്രം ഉപേക്ഷിച്ചുപോയ ക്ഷേത്രങ്ങളും അഗോറകളും ശില്പങ്ങളും മററ് മന്ദിരങ്ങളും ഗ്രീസിലെമ്പാടുമുണ്ട്. പതറി നില്ക്കുന്ന സമ്പദ് വ്യവസ്ഥയെ ഒട്ടൊക്കെ സമാധാനിപ്പിക്കുന്നത് ഈ ടൂറിസം സാധ്യതകളാണ്.  ഭൂതകാലത്തിന്റെ ഈ നീക്കിയിരിപ്പില്ലായിരുന്നെങ്കിൽ ഗ്രീസ് പട്ടിണി കിടന്നേനെ. ചരിത്രം തീറ്റ കൊടുക്കുന്ന സുന്ദരൻ പക്ഷിയാണ് ഗ്രീസ്.