Monday 17 July 2017

ഒരു യാത്രികന്‍ അന്ധവിശ്വാസിയാകുന്ന വഴികള്‍




റോമിലേക്ക് ചെല്ലുക. റോമിന്‍റെ വെടിപ്പുള്ള നടപ്പാതകളിലൂടെയും കല്ലു പതിച്ച ഇടവഴികളിലൂടെയും വെറുതെ അലഞ്ഞു നടക്കുക. റോമിന്‍റെ ജെലാത്തോയും ഫ്രസ്ക്കാത്തി വൈനും ആസ്വദിക്കുക.റോമാക്കാരന്‍റെ 'ഗ്രാസ്സിയെ'യും 'ബോനോ'യും  'ച്യാവോ'യും ആവർത്തിച്ച് പറയുക, ആവർത്തിച്ച് കേൾക്കുക.റോം നിങ്ങളെ ദത്തെടുക്കും. റോമിൽ ചെന്നാൽ റോമാക്കാരനെപ്പോലെയല്ല, റോമാക്കാരനാകും നിങ്ങൾ.

വൻ ചത്വരങ്ങളിൽ ഞെളിഞ്ഞും ചെറുവഴികളിൽ ഒളിഞ്ഞും നില്ക്കുന്ന ധാരാളം ജലധാരകൾ. ചരിത്രവും കഥകളും പീഡനങ്ങളും നിലവിളികളും ചോരയും ചേർത്തു കുഴച്ചെടുത്ത കൊളോസിയം. സാധാരണക്കാരായ ആയിരങ്ങൾക്കൊപ്പം ഡസൻ കണക്കിന്  പുണ്യാളന്മാരും ആകാശസ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി നില്ക്കുന്ന സെൻറ്  പീറ്റേഴ്സ് ബസലിക്ക.ഭൂതകാലത്തിലേക്ക്  അലസം ഒഴുകുന്ന ടൈബര്‍ നദി. പാന്തിയോൺ എന്ന വൃത്താകൃത അത്ഭുതം. പടുവൃദ്ധന്റെ ചിതറിപ്പോയ ചിന്തകൾ പോലെ റോമൻ ഫോറം. അങ്ങനെയൊക്കെയാണ്  റോം  നമ്മെ മോഹിപ്പിക്കുന്നത്.അനന്തകാലത്തോളം അനേകായിരങ്ങളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും ഈ അനശ്വരനഗരം. വെറുതെയല്ല തിരിച്ചു ചെല്ലണമെന്ന് തനിക്ക് തോന്നിയ ഒരേ ഒരു നഗരം റോമാണെന്ന്  എസ്ക്കെ പറഞ്ഞത് .

ലണ്ടനും പാരീസിനും ശേഷമാണ്  ഞങ്ങൾ റോമിലക്ക് കടന്നത്.ഞങ്ങൾ അഞ്ചു പേർ.എന്‍റെ കൂടെ അമ്മയും അമ്മുവും അപ്പുവും മിനിയും. അത്  എട്ടു ദിവസത്തോളം നീണ്ടു നിന്ന തീവ്രപ്രണയത്തിന്‍റെയും ഇന്നും തുടരുന്ന ഗൃഹാതുരത്വത്തിന്‍റെയും തുടക്കമായിരുന്നു. ലണ്ടൻ അതിന്‍റെ നരച്ച ഭാവവും മുഷിഞ്ഞ മുഖവും കൊണ്ട് ഞങ്ങളെ അകറ്റി നിർത്തി. വെസ്റ്റ് മിനിസ്റ്റർ അബിയിലെ പ്രശസ്ത ശവകുടീരങ്ങളോ,തേംസ്‌ നദിയുടെ ശൃംഗാര ഭാവങ്ങളോ,ഷേക്സ്പിയർ സ്മരണകളോ ഞങ്ങളെ സ്വാന്ത്വനിപ്പിച്ചില്ല. അമിത ചമയങ്ങളണിഞ്ഞ വിലക്ഷണ സ്മിതം തൂകിക്കൊണ്ടിരുന്ന നിശാസുന്ദരിയായിരുന്നു  പാരീസ്, ഞങ്ങൾക്ക്. അതേ, ഫാഷൻ വിസ്മയങ്ങളുടേയും ലൂവറിന്റേയും മൊണാലിസയുടേയും പാരീസ്.

ഓരോ നഗരത്തിനും സവിശേഷമായ ഒരാത്മരൂപമുണ്ട്. ഓരോ മനുഷ്യനോടും വ്യത്യസ്തമായി സംവദിക്കുന്ന  ഒരാത്മാവ്. ഞങ്ങൾക്കനുഭവപ്പെട്ടിട്ടുണ്ട്, ആത്മാവിലേക്ക് വിരൽ നീട്ടിത്തൊടുന്ന പ്രാചീന നഗരമനസ്സിന്റെ മുതുമുത്തച്ഛൻ തണുപ്പ്. റോം അതാണ് ചെയ്തത്.കാലാകാലത്തോളം  സ്വരൂപിച്ചു വെച്ച വാത്സല്യത്തിലേക്ക് കെട്ടിപ്പിടിച്ചെടുത്തു റോം. കാത്തിരിക്കുകയായിരുന്നു ,എന്തേയിത്ര വൈകിയത് എന്ന് പരിഭവിച്ച് റോമിന്‍റെ മാത്രമായ ജലധാരാ വിസ്മയങ്ങളുടെ കുളിർമ്മയിലേക്കും മാർബിൾ മിനുപ്പിലേക്കും ഞങ്ങളെ സ്വീകരിച്ചിരുത്തി.

മാർപ്പാപ്പത്തമ്പുരാക്കൻമാരുടെ മട്ടുപ്പാവുകളിലും പള്ളിക്കൊത്തളങ്ങളുടെ ചുവരുകളിലും മാത്രമല്ല റോമൻ ശില്പകല മുഖം കാണിക്കുന്നത്. സാധാരണക്കാരന്‍റെ ചായ്പുകളിലും പാതയോരങ്ങളിലെ ജലധാരകളിലും അത് ജ്വലിച്ചു നില്ക്കുന്നതു കാണാം.മൈക്കൽ ആഞ്ചലോയേയും  ഡാവിൻഞ്ചിയേയും മാത്രമല്ല, ബർണിനിയേയും നിക്കോളായ് സാവിയേയും  റോമിൽ ചെന്നാൽ നാം അറിയണം.
  
 
 
വത്തിക്കാനിലേക്കു കൂടി പോകാനുള്ള സൗകര്യത്തിനായി കോർണേലിയ മെട്രോ സ്റ്റേഷനടുത്താണ് താമസം ഒരുക്കിയിരുന്നത്.അന്തോണിനോ സന്ന എന്ന ഇറ്റലിക്കാരനാണ് ഞങ്ങളുടെ ആതിഥേയൻ . പല തവണ ഈമെയിൽ വഴി ബന്ധപ്പെട്ടിരുന്നതു കൊണ്ട്  അദ്ദേഹത്തോട്  ഒരടുപ്പമൊക്കെ തോന്നിത്തുടങ്ങിയിരുന്നു.മൂപ്പർ ഇറ്റാലിയനിൽ എഴുതി ഗൂഗിൾ ട്രാൻസ്ലേറ്ററിലിട്ട് ആവി കയറ്റി അന്‍ഗ്രേസിയാക്കി  കുടഞ്ഞിടുകയാണ് ഈമെയിലുകളിൽ.ഒരു യാന്ത്രിക മൊഴിമാറ്റത്തിന്‍റെ അപാകതകളൊക്കെ കാണും അതിൽ. തരാതരം പോലെ അർത്ഥം തരപ്പെടുത്തിയെടുക്കും. വെനീസിൽ നിന്ന് റോമിലെ തെർമിനി സ്റ്റേഷനിലെത്തി അവിടെ നിന്ന് ചുവന്ന വര പിടിച്ച് ഞങ്ങൾ കൊർണേലിയയിലെത്തുകയായിരുന്നു. ചുവപ്പു-നീല വരകളിലായി രണ്ടു മെട്രോ ലൈനുകളാണ് റോമിനുള്ളത്.കൊർണേലിയ സ്റ്റേഷനിലിറങ്ങി എസ്ക്കലേറ്റർ കയറിയിറങ്ങി പത്തു പതിനഞ്ചു പടികളും കയറി പുറത്തെത്തിയപ്പോഴാണ്  മണ്ടത്തരം മനസ്സിലായത്. എത്തേണ്ട സ്ഥലം കിടക്കുന്നത് രണ്ടു റോഡിനപ്പുറത്ത്. ഒന്നുകിൽ തിരിച്ചിറങ്ങി ശരിയായ എക്സിറ്റ് കണ്ടെത്തി വീണ്ടും എസ്കലേറ്ററും പത്തു പടികളും കയറി അപ്പുറത്തെത്തണം.അത് എഴുപത്തഞ്ചു പിന്നിട്ട അമ്മക്ക് ബുദ്ധിമുട്ടാകും.അതു കൊണ്ട് നൂറു മീറ്ററോളം മുന്നോട്ട് ചെന്ന് റോഡ് ക്രോസിങ്ങിലെത്തി.റോഡുകൾക്കപ്പുറത്തു നിന്ന്  ഒരു നാലരയടിക്കാരൻ കൈവീശിക്കാണിക്കുന്നു .ഇയാളാണോ നമ്മുടെ ആന്തോണിനോ സന്ന? ഈ പഹയനെങ്ങനെ കൃത്യമായി ഞങ്ങളെ കണ്ടെത്തി.ഇതു പോലൊരു അത്ഭുതപ്പെടുത്തൽ പാരീസിലെ ഗോണ്‍കോട്ട് മെട്രോ  സ്റ്റേഷനിൽ വെച്ച് സ്റ്റീവ് ഞങ്ങൾക്ക് തന്നിരുന്നു. സ്റ്റീവിന്‍റെ ചെറിയ  ഒറ്റമുറി ഫ്ളാറ്റിലെ വലിയ സൗകര്യങ്ങളിലാണ് പാരീസിൽ നാലു ദിവസം കൂടിയത്.മെട്രോയിലെ തിക്കിനും തിരക്കിനും ഇടയിൽ നിന്ന്, ഒരു മണിക്കൂറിലേറെ കാത്തു നിന്ന്,സ്റ്റീവ് എന്നെ പേര്  ചൊല്ലി വിളിച്ചു.ഇതെങ്ങനെ പറ്റിച്ചെടാ പഹയാ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.It is easy to find out a stranded five member Indian family.

 
റോഡുകൾ മുറിച്ചു കടന്നെത്തിയപ്പോൾ സനച്ചേട്ടൻ കെട്ടിപ്പിടിച്ചു കൊണ്ട് സ്വീകരിച്ചു.കനത്ത കൈകൾ.മുഖത്തെ അന്തസ്സുറ്റ ചുളിവുകൾ മനസ്സിൻറേയും ശരീരത്തിന്‍റെയും കരുത്തു വിളിച്ചു പറയുന്നു.അടുത്തു തന്നെയുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.ഫ്ളാറ്റിലെ സൗകര്യങ്ങളും പരിമിതികളും ഒരേ പുഞ്ചിരിയോടെ അദ്ദേഹം വിവരിച്ചു തന്നു. റോമിലെ ചുറ്റിത്തിരിയലിന്  സഹായിക്കുമെന്നു പറഞ്ഞ് ഒരു കെട്ടു പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. അതിലൊരു പുസ്തകം ഞങ്ങളുടെ റോം കാഴ്ചകളുടെ ഫോക്കസ് മാറ്റിക്കളഞ്ഞു.

aqueducts of rome
എന്നൊരു ചെറു പുസ്തകം .
കാര്യമാത്ര പ്രസക്തവും മനോഹരവുമായ വിവരണം.മുന്തിയ ഇനം കടലാസ്സിൽ മിന്നി നില്ക്കുന്ന ചിത്രങ്ങൾ.കുളിയൊക്കെക്കഴിഞ്ഞ്  ഒരോ കട്ടൻ കാപ്പിയുമായി എല്ലാവരും ഒത്തു കൂടി.അന്നത്തെ സായാഹ്നക്കാഴ്ചകളും പിറ്റേന്നത്തെ മുഴുദിനക്കാഴ്ചകളും ഒന്നു കൂടി തിട്ടപ്പെടുത്തി.വീണ്ടും aueducts of rome ലേക്ക്. റോമിന്‍റെ പല ഭാഗങ്ങളിലായി കിലോമീറ്ററോളം പരന്നും നിരന്നും കിടക്കുന്ന ഈ പുരാതന നീർക്കുഴലുകൾ തീർച്ചയായും മോഹിപ്പിക്കുന്നുണ്ട്.പക്ഷേ അവ കണ്ടു തീർക്കാൻ മൂന്നോ നാലോ ദിവസങ്ങൾ വേണ്ടി വരും.അതിനു് ശ്രമിച്ചാൽ റോം യാത്രാപരിപാടികൾ ആകെ തകിടം മറിയും.ഓരോ നീർക്കുഴലും  ഒഴുകിയൊഴുകി ചെല്ലുന്നത് പ്രശസ്തങ്ങളായ ജലധാരകളിലേക്കാണ്. നീര്‍ക്കുഴലുകള്‍ വെള്ളം നല്കിപ്പോറ്റുന്ന ജലധാരകളുടെ കാഴ്ചകളിലേക്ക്  പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നീർച്ചാലുകളോട്  കൂട്ടു കൂടാൻ പിന്നീടൊരിക്കൽ ഇവിടെയെത്തണം.



പത്തും ഇരുപതും മുപ്പതും കിലോമീറ്ററോളം അകലെയുള്ള ഉയർന്ന സ്രോതസ്സുകളിൽ നിന്നാണ്  ഈ നീർക്കുഴലുകൾ ആരംഭിക്കുന്നത്. മൈലുകളോളം യന്ത്രസഹായമില്ലാതെ ഭൂഗുരുത്വം ഒന്ന്  കൊണ്ട്  മാത്രമാണ് ഈ ചെരിഞ്ഞിറങ്ങുന്ന ചാലുകളിൽ നീരൊഴുകുന്നത്.  മണ്ണിനു മുകളിലും താഴെയുമായി,വെട്ടു കല്ലിലും ചുണ്ണാമ്പുകല്ലിലും ഒരുക്കിയെടുത്ത്,മലകളെ വളഞ്ഞും ചിലപ്പോള്‍ തുരന്നും, താഴ്വാരങ്ങളിൽ കമാനത്തൂണുകളിൽ ഉയർന്നും  ഈ കൃത്രിമ നീർച്ചാലുകൾ നഗരത്തിലെത്തുന്നു.നഗരത്തിലെ ജലധാരകളിൽ, പ്രഭുകുടുംബങ്ങളിലെ കുളിമുറികളിൽ(roman baths), കൃഷിയിടങ്ങളിൽ,സാധാരണക്കാരനും മൃഗങ്ങൾക്കും കുടിനീരായി തെരുവോരങ്ങളിലെ തൊട്ടികളിൽ ജലം അവതരിക്കുന്നു.
ഇത്തരം പതിനൊന്നോളം ഓവുകളാണ് പുരാതന റോമിൽ 312BC-112AD കാലയളവിൽ റോമൻ  സാമ്രാജ്യാധിപതികൾ നിർമ്മിച്ചത്. ജർമ്മൻ ഗോത്രവർഗമായ ഗോത്തുകളുടെ പടയോട്ടത്തിൽ ഇവയിൽ പലതും തകർക്കപ്പെട്ടു.പിന്നീട് റോമൻ കാത്തോലിക്കാ സഭയുടെ സ്വാധീനകാലത്ത്  മാർപ്പാപ്പമാരുടെ നേതൃത്വത്തിലും അവരുടെ ആശ്രിതരും അനുഗൃഹീതരുമായ ശില്പികളുടെ കാർമ്മികത്വത്തിലും ചിലതെല്ലാം പുനരുദ്ധരിക്കപ്പെടുകയും ജലധാരകൾ നിർമ്മിക്കപ്പെടുകയും ചെയ്തു.ഈ സമയത്തു തന്നെയാണ് റോം നവോത്ഥാന കാലഘട്ടത്തിലൂടെ കടന്നു പോകുന്നത്.1950തോടെ എട്ട്  ഓവുകൾ പുനർ നിർമ്മിക്കപ്പെട്ടു കഴിഞ്ഞിരുന്നു.ഇന്നും ഈ നീർച്ചാലുകൾ തന്നെയാണ്  റോം നഗരത്തിന്റെ മുക്കാൽ ഭാഗത്തേക്കും ജലമെത്തിക്കുന്നത്.

   അന്നു രാത്രി  രണ്ടു മണിക്കൂറോളം കമ്പ്യൂട്ടർ വലയിൽ കുത്തി മറിഞ്ഞു ഞാനും അപ്പുവും. പ്രധാനപ്പെട്ട ജലധാരകളൊക്കെ വലയിലായി.അവയിൽ പ്രശസ്തവും അടുത്തടുത്തു കിടക്കുന്നതുമായവയെ തെരഞ്ഞെടുത്തു.റൂട്ട് മാപ്പ് തയ്യാറാക്കി.സന്ദർശനസമയങ്ങളും തീർച്ചപ്പെടുത്തി.അടുത്ത രണ്ടു രാത്രികളിലായി  ഇഷ്ടം കൂടിയ ഫൗണ്ടനുകളെക്കുറിച്ച്  ചെറു കുറിപ്പുകൾ തയ്യാറായി.അപ്പുവും അമ്മുവും ചേർന്ന്  കുറിപ്പുകളെല്ലാം ചേർത്ത്  ഒരു ഫയലാക്കി we love rome ഫോൾഡറിൽ  സേവ്  ചെയ്തു. താമസിച്ചിരുന്ന കെട്ടിടത്തിനോടു ചേർന്നുണ്ടായിരുന്ന ചെറു കടയിലെ അപ്പാപ്പൻ , ഞങ്ങൾ അഞ്ചു പേരുടെ നിറഞ്ഞ പുഞ്ചിരികൾക്കും രണ്ടോ  മൂന്നോ തവണ നടത്തിയ വാങ്ങലുകൾക്കും പകരമായി അവയെല്ലാം സൗജന്യമായി പത്തു പേജുകളിലായി അച്ചടിച്ചു തന്നു.ഞങ്ങളുടെ ഫയൽ മാനേജർ മിനി അതെല്ലാം ഭംഗിയുള്ള ഒരു ഫയലിലൊതുക്കി, പേരും കൊടുത്തു-fountains of rome /റോമിലെ ജലധാരകൾ.

 അനേകമനേകം ജലധാരകളെയാണ് റോം നമുക്കായി കരുതിവെച്ചിരിക്കുന്നത്. ഈ സമ്പത്ത് ലോകത്ത് മറ്റൊരു നഗരത്തിനുമില്ല.കണ്ടാലും കണ്ടാലും മതിവരാത്ത കലാപ്രവാഹമാണ് ഓരോ ഫൌണ്ടനും.ഫൌണ്ടന്‍ എന്ന വാക്കിനു നിഘണ്ടു നല്‍കുന്ന അര്‍ത്ഥം ജലധാരായന്ത്രം എന്നാണ്.എന്നാല്‍ റോമിന് അതിന്‍റെ നീരൊഴുക്കുകളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ യന്ത്രങ്ങള്‍ ആവശ്യമില്ല.വെള്ളം പുനരുപയോഗിക്കുന്നയിടങ്ങളിലെ മോട്ടോറുകളല്ലാതെ. അതുതന്നെ ഈ അടുത്ത കാലത്ത് കൂട്ടിച്ചേര്‍ത്തതാണ്.

നോക്കിലും വാക്കിലും അവസാനിക്കും ഇന്നത്തെ ഭീകര ജലധാരായന്ത്രങ്ങളുടെ ആസ്വാദനം.ഹൌ,വാഹ്,ഭയങ്കരം എന്നൊക്കെ നമ്മള്‍ പറഞ്ഞു പോകും.കൂടുതല്‍ ഉയരത്തില്‍,കൂടുതല്‍ ശക്തിയില്‍,കൂടുതല്‍ നിറങ്ങളില്‍,വല്ലാത്ത ശബ്ദങ്ങളില്‍ എന്നതാണ് അവയുടെ മുഖക്കുറിപ്പ്‌.ദുബായിയിലെ ബുര്‍ജ് ഖലീഫ ഫൌണ്ടന്‍,ജനീവയിലെ ജെറ്റ് ദ് ഔ.സിംഗപ്പൂരിലെ ഫൌണ്ടന്‍ ഓഫ് വെല്‍ത്ത് എന്നിവയുടെ മുന്നില്‍ ഭ്രമിച്ചും രസിച്ചും ഞങ്ങള്‍ നിന്നിട്ടുണ്ട്.ദശനിമിഷവേശ്യാസംഗമം പോലെ ക്ഷണികവും അപൂര്‍ണവും ആയിരുന്നു ആ ആനന്ദം. കണ്ടുകഴിഞ്ഞെങ്കില്‍ വായും പൊളിച്ചു കടന്നുപോകൂ എന്ന് അവയൊക്കെ ഞങ്ങളെ ആട്ടിപ്പായിച്ചിട്ടുണ്ട്.
റോമിലെ ജലധാരകള്‍ പഞ്ചേന്ദ്രിയങ്ങളിലേക്ക് സൌമ്യമായി പടര്‍ന്നു കയറുന്ന ചതുര്‍മാന കലയാണ്‌. ഓരോ ജലധാരയും ഞങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു.അവരുടെ മാര്‍ബിള്‍ തിണ്ണകള്‍ ജലം ചാറ്റിക്കഴുകി ഞങ്ങളെ കൈ പിടിച്ചിരുത്തി.കഥകളും കെട്ടുകഥകളും പറഞ്ഞു തന്നു.ചരിത്രത്തിന്റെ അരുവികളിലൂടെ ഞങ്ങളെ ഒഴുക്കി.റോമന്‍ നവോത്ഥാനത്തിന്‍റെ നടവഴികളിലേക്ക് കൂട്ടുവന്നു.ശില്പചാതുര്യത്തിന്‍റെ പെരുംകവലകളില്‍ ഞങ്ങളെ കൊണ്ടുനിര്‍ത്തി.തിരിച്ചുപോകാനെഴുന്നേല്‍ക്കുമ്പോള്‍ ‘വരണം,തിരിച്ചു വരണം’ എന്ന് നനവുള്ള ചുംബനങ്ങള്‍ കൊണ്ട് യാത്ര പറഞ്ഞു.

 
റോമിനോട് വിട പറയുന്നതിന്റെ തലേ ദിവസമാണ്  ഞങ്ങൾ ജലധാരാപര്യടനത്തിനിറങ്ങിയത്.എട്ടര മണിയോടു കൂടി കോർണേലിയാ സ്റ്റേഷനിലെത്തി.അഞ്ചു മിനിറ്റിനുള്ളിൽ ട്രെയിനെത്തി.ചുവന്ന വര മെട്രോയിലൂടെ വത്തിക്കാൻ മ്യൂസിയം, ലെപാൻതോ, സ്പാഞ്ഞ എന്നിങ്ങനെ ആറേഴു  സ്റ്റേഷനുകൾ കടന്ന് ബാർബെറീനിയിലിറങ്ങി. ബാർബെറീനി - ഫൊന്താന ഡി ത്രെവി (Fontane de Trevi) എന്നാണ് സ്റ്റേഷന്റെ മുഴുവൻ പേര്. നമ്മുടെ അങ്കമാലി ഫോർ കാലടി സ്റ്റൈൽ.ബാർബറീനിയിൽ നിന്ന് റിപ്പബ്ളിക്ക  എന്നൊരു സ്റ്റേഷൻ കൂടി കഴിഞ്ഞാൽ റോമാ തെർമിനി എന്ന സെൻട്രൽ  സ്റ്റേഷനായി. 

സ്റ്റേഷനിൽ നിന്നു പടികൾ കയറുന്നത്  ബാർബെറീനി ചത്വരത്തിലേക്കാണ്.പടിഞ്ഞാട്ട് ഓടിപ്പോവുന്ന ത്രിത്തോനെ റോഡ്,കിഴക്കോട്ടു മറയുന്ന നിക്കോ ഡി ടോളെന്റിനോ,ബാര്ബെരിനി വഴികള്‍,വടക്കോട്ട്‌ മണ്ടുന്ന വിത്തോറിയോയോ വെനെത്തോ എന്നിവയാണ് ഈ പലവഴിക്കവലയിലെ മുഖ്യ ചട്ടമ്പികൾ. ചത്വരത്തിലേക്ക് നടക്കുമ്പോൾ കാഴ്ചയിലേക്ക്  തെറിച്ചുയരുന്ന ഒരു ജലസ്തംഭം വന്നു വീഴും.ഒരു ബേസിൻ പോലെ തുറന്നു വെച്ച ഷെല്ലിൽ ആനപ്പുറത്തെന്ന പോലെ ഇരിക്കുന്ന അർദ്ധമനുഷ്യരൂപം.കൈയിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ശംഖ്.ഈ ശംഖിൽ നിന്നാണ്  ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് ആ ജലധാര ഉയർന്നു വരുന്നത്.ഇത് പ്രശസ്തമായ ത്രിത്തോണ്‍ ഫൗണ്ടന്റെ റിയർ വ്യൂ.ത്രിത്തോണിലേക്ക്  നടക്കുമ്പോൾ കവലയിൽ തിരക്കായി വരുന്നതേയുള്ളു.വിയ ത്രിത്തോണില്‍(via triton) വാഹനപ്പാച്ചിൽ തുടങ്ങിയിട്ടില്ല. ത്രിത്തോണ്‍ റോഡിലൂടെ താഴോട്ടിറങ്ങുമ്പോൾ ഇടതു വശത്തായിട്ടാണ് ജലധാര. ജലധാരക്കരികിൽ നാലഞ്ചു ചാരനിറപ്രാവുകളും ചെറുകൂട്ടം സന്ദർശകരും ഇളം വെയിലും മാത്രം.ഒരു റാപ് സംഗീതത്തിന്റെ ശ്രുതി പോലെ ജലത്തിന്റെ ശ്വസോച്ഛാസങ്ങൾ. അടുത്ത് ചെന്ന്  ആ ജലോച്ഛാസങ്ങളിലേക്ക് കണ്ണും കാതും സമർപ്പിച്ച് ഞങ്ങൾ നിന്നു.



  
വൃത്താകൃതിയിൽ കെട്ടിയെടുത്ത ബേസിനിൽ വെയിൽ കാഞ്ഞു രസിക്കുന്ന വെള്ളം.വെള്ളത്തിലേക്ക്  മുഖം ചേർത്തു നില്ക്കുന്ന നാല്  ഡോൾഫിനുകൾ. ഡോൾഫിനുകളുടെ മേലോട്ടുയർത്തിവെച്ച വാലുകൾക്ക് മേൽ തുറന്നു വെച്ചൊരു ചിപ്പി. ചിപ്പിക്കു മേൽ മത്സ്യരൂപത്തിലുള്ള കീഴ്ഭാഗം.(hind region).പിന്നിലേക്കു മടക്കിയിരുന്ന് ,രണ്ടു കൈകളിലുമായി ഉയർത്തിപ്പിടിച്ച ശംഖിലേക്ക്  ശക്തമായൂതി ജലധാരക്കുയിർ നല്കുന്ന ട്രിററൺ.നമ്മുടെ മത്സ്യകന്യകയുടെ ,ഗ്രീക്ക്  മിത്തോളജിയിലേക്കുള്ള ആൺ പരാവർത്തനമാണ്    ട്രിട്ടൺ.ഗ്രീക്ക്-റോമൻ ഇതിഹാസങ്ങളിൽ സാഗരങ്ങളുടെ അധിപരായ പൊയ്സഡന്റേയും ആംഫ്റിറ്റയുടേയും മകൻ.തന്റെ ശംഖൊലി കൊണ്ട് തിരമാലകളെ പ്രക്ഷുബ്ധമാക്കുകയും പ്രശാന്തമാക്കുകയും ചെയ്യുന്ന കടലിന്റെ രാജകുമാരൻ,സാഗരദൂതൻ.
(
അച്ചൻ പൊസൈഡന്റെ ആയുധമായ തൃശൂലം മകൻ ട്രിട്ടന്റേയും  ആയുധമാണ്.അതെ,നമ്മുടെ ശിവനും താക്കറെമാരുടെ ശിവസേനയും പേറ്റന്റ് എടുത്തുവെച്ചിട്ടുള്ള തൃശൂലം തന്നെ.)



     ഉന്നതങ്ങളിലുള്ള ജലസ്രോതസ്സുകൾ നല്കുന്ന സമ്മർദ്ദതന്ത്രങ്ങളാണ്  ജലധാരകൾക്ക് ജലവും ജീവനും നല്കുന്നത്.ട്രൈടനേക്കാൾ 130 അടിയോളം ഉയരത്തിലുള്ള ഇരുപതില്‍പരം കിലോമീറ്റര്‍ ദൂരെക്കിടക്കുന്ന മലമുകളിൽ നിന്നുള്ള വെള്ളം അക്വാ ഫെലീസ് നീർച്ചാലുകളൂടെയൊഴുകി ട്രൈടന്റെ ശംഖിലൂടെ കുതിച്ചു ചാടുന്നു.ഏഴെട്ടടിയോളം ഉയരത്തിലേക്ക്.അവിടെ നിന്ന് പലതുള്ളികളായിപ്പിരിഞ്ഞ് ,ഇളം വെയിലിൻറെ ചെറു ചീളുകളും സ്വന്തമാക്കി താഴേക്ക്.ട്രൈടന്റെ ജട കെട്ടിയ മുടിയിലേക്ക്, പേശീനിബിഡമായ ശരീരവടിവുകളിലേക്ക്.ചിപ്പിത്തോടിന്റെ പരുപരുപ്പിൽ വീണുടഞ്ഞ് ,അലസമൊഴുകി താഴെ ഒരുക്കി വെച്ച ജലശയ്യയിലേക്ക്.അവിടെക്കിടന്ന് നിറഞ്ഞു തുള്ളുമ്പോൾ ഡോൾഫിനുകളുടെ തുറന്നിരിക്കുന്ന വായിലൂടെ നീർച്ചാലുകളിലേക്ക് മടക്കം.പിന്നെ മറ്റു നീർച്ചാലുകളുമായി ചേർന്നോ ചേരാതെയോ മറ്റു ജലധാരകളിലേക്ക്, സമീപഗൃഹങ്ങളിലേക്ക്,പ്രശസ്തമായ റോമൻ ബാത്തുകളിലേക്ക്.

റോമിലെ പുരാതന ജലധാരകളിൽ വെള്ളം ഉയർന്നു ചാടുന്നതിവിടെ മാത്രമാണ്. ട്രൈടൺ ഫൗണ്ടൻറെ ആരംഭകാലത്ത്  ട്രൈടന്റെ ശംഖിൽ നിന്നുയരുന്ന ജലസ്തംഭത്തിന്  പതിനാറടിയോളം ഉയരമുണ്ടായിരുന്നുവത്രെ.കാലാന്തരങ്ങളിൽ  സ്രോതസ്സിലെ ജലദൗര്‍ലഭ്യവും ഓവുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചുണ്ണാമ്പു പൊടിയും ചോർച്ചയും ഒക്കെക്കൂടി ആ പതിനാറടിച്ചാട്ടത്തെ ഇന്നത്തെ ഏഴോ എട്ടോ അടിയിലേക്ക് ചുരുക്കിയിരിക്കുന്നു.

മുന്കാലത്തും ഇതൊരു തിരക്കേറിയ കവലയായിരുന്നിരിക്കണം.നൂറ്റാണ്ടുകള്‍ക്കു മുമ്പ്,ഫൌണ്ടാനൊക്കെ ചത്വരം കീഴടക്കുന്നതിനും മുമ്പ്, ഈ ഭാഗത്തായിരുന്നു അനാഥ ശവങ്ങളെ പ്രദർശിപ്പിച്ചിരുന്നത്.റോമിലെ തിരിച്ചറിയപ്പെടാതെ പോയ ശവങ്ങളെ അവിടെ നിരത്തിക്കിടത്തി,ഒരു ഔദ്യോഗിക കരച്ചിൽകാരൻ(official crier) നെഞ്ചത്തടിച്ച് വാവിട്ട് നിലവിളിക്കുമായിരുന്നത്റേ.നിലവിളി കേട്ട് ഓടിക്കൂടുന്ന ഹതഭാഗ്യർ ശവക്കൂട്ടത്തിൽ നിന്ന്  തങ്ങളുടെ ഉറ്റവരെ കണ്ടെത്തും.ഞാനീ പഴങ്കാര്യം പറഞ്ഞു തീർന്നതും, ശവത്തിൽ ചവിട്ടിയ പോലെ അമ്മു ചാടി മാറി നിന്നു .പിന്നാലെ ബാക്കിയുള്ളവരും 'അതു കൊണ്ടൊന്നുമല്ലെന്ന ഭാവേന' എഴുന്നേററു  വലതു വശത്തേക്ക് നീങ്ങി.
ഞങ്ങൾ ട്രൈടനു മുമ്പിലെ കരിങ്കല്ലു പാകിയ തറയിലിരുന്നു.ഇവിടെയിരുന്ന്  ജലധാര കാണുമ്പോൾ,ഇളം മഞ്ഞയും നീലയും കലർന്ന ആകാശശീലക്കു മുൻപിൽ ബറോക്ക്  കലാശൈലിയുടെ വിസ്മയങ്ങൾ തുടിച്ചുയരുന്നു.ട്രൈടനും ഡോൾഫിനുകൾക്കും ജലത്തിനും ഉയിരു ചേർന്നതു പോലെ.ശംഖിലേക്കൂതുമ്പോൾ ട്രൈടന്റെ കവിളൊന്നു വീർത്തുവോ,നെഞ്ചിലെ മാംസപേശികൾ ഒന്നു തുടിച്ചുവോ,ഡോൾഫിനുകൾ വെള്ളം വലിച്ചെടുക്കുന്നുണ്ടോ?




ആയിരത്തിഅറുനൂറുകളിൽ,നവോത്ഥാനകാലത്തെ റോമിൽ ഉത്ഭവിക്കുകയും യൂറോപ്പിലാകെ ഒഴുകിയെത്തുകയും ചെയ്ത ചമല്ക്കാരരീതിയാണ്    ബരോക് .അതിസൂക്ഷ്മവും അതിവിദഗ്ദവുമായ കലാപ്രയോഗം കൊണ്ട് ആസ്വാദകനെ ശരീരം കൊണ്ടും മനസ്സു കൊണ്ടും കലയുടെ ഭാഗം തന്നെയാക്കുന്നതാണ്  ബരോക് ശൈലി.കബളിപ്പിക്കും വിധം ലളിതമെങ്കിലും സൂക്ഷ്മാംശങ്ങളിലെ ശ്രദ്ധ കൊണ്ട്,കൗശലപൂർവ്വമായ ചമയങ്ങൾ കൊണ്ട് ,അചേതനങ്ങളായ കലാവസ്തുക്കളെ ചലനാത്മകവും ഭാവസമ്പന്നവുമാക്കുന്നു ഈ ശൈലി.അലങ്കാരസമൃദ്ധവും സമഗ്രവും ധീരവുമാണ് ബരോക്. ശില്പകലയിൽ മാത്രമല്ല,സംഗീതത്തിലും ചിത്രമെഴുത്തിലും രംഗാവതരണങ്ങളിലും ബരോക്  മുദ്ര പതിപ്പിച്ചിരുന്നു. ബെർണിനീയും അദ്ദേഹത്തിന്റെ സുഹൃത്തും പിന്നീട്  ബദ്ധവൈരിയുമായിത്തീർന്ന ബൊറോമിനിയുമായിരുന്നു റോമിൽ ബരോക്  രീതിയുടെ പ്രധാന പ്രായോക്താക്കൾ.

ട്രൈടണിലേക്കടുക്കുമ്പോൾ ഒരു കുറിയ കുടവയറൻ  ഞങ്ങൾക്കൊരു പുഞ്ചിരി സമ്മാനിക്കുകയും ഇറ്റാലിയനിലും ഇംഗ്ളീഷിലും മാറി മാറി സുപ്രഭാതം നേരുകയും ചെയ്തിരുന്നു.പ്രത്യഭിവാദ്യം  ചെയ്തെങ്കിലും കാര്യമായ സൗഹൃദമൊന്നും ഞങ്ങൾ കാണിച്ചില്ല.ശല്യക്കാരനാകാവുന്ന ഒരു ഗൈഡായി അയാളെ ഞങ്ങൾ തീർച്ചപ്പെടുത്തിയിരുന്നു.അയാളാകട്ടെ പിശുക്കനായ ഒരു കാരണവരെപ്പോലെ വല്ലപ്പോഴും നാലഞ്ചു ധാന്യമണികൾ പ്രാവിൻ കൂട്ടത്തിലേക്കെറിഞ്ഞു കൊടുത്ത് അവയുടെ കലപില കേട്ടു രസിച്ചു നിന്നു.

  ഇപ്പോളയാൾ വിടർന്നൊരു ചിരിയുമായി  ഞങ്ങളുടെ  അടുത്തേക്ക്  വരുകയാണ്.പെട്ടു പോയല്ലോ എന്ന സങ്കടത്തോടെയും  ഇയാളെ ഇപ്പൊ ശരിയാക്കിത്തരാം എന്ന ഭാവത്തോടെയും ഞാൻ എഴുന്നേറ്റു.അയാളാകട്ടെ ഇന്ത്യക്കാരാണല്ലേ എന്ന കുശലത്തോടെ ഞങ്ങൾക്കൊപ്പം കൽത്തറയിലിരുന്നു.പേര് സന.റോമിലെ ഷെയർ മാർക്കറ്റിൽ വിരുതു കാണിക്കുന്ൗനു.റോമിനെക്കുറിച്ച് ഒരു ബ്ളോഗ് കൊണ്ടു നടക്കുന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ കടുത്ത അനുഭാവി.ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ്  കൂട്ടമായി കേരളത്തിലെ ഇ എം എസ്സ് മന്ത്രി സഭയെ അംഗീകരിക്കുന്നു. നമ്മുടെ കോൺഗ്രസ്സുകാർ ആ ക്രെഡിറ്റ് കൊടുക്കുന്നത് ഇറ്റലിക്കുള്ളിൽ കിടക്കുന്ന സാൻമാരിനോക്കാണ്. മഹാത്മാഗാന്ധി,ഇന്ദിരാഗാന്ധി തുടങ്ങി സകലമാന ഗാന്ധിമാരെ കുറിച്ചും നല്ല വിവരം.സോണിയായെ ഞങ്ങളുടെ കുട്ടി എന്നാണ് വിശേഷിപിച്ചത്. ഇന്നാണെങ്കിൽ,ഇറ്റാലിയൻ നാവികരെ ഇന്ത്യൻ നിയമത്തിൻറെ  ഇടനാഴിയിലൂടെ അങ്ങിനെ വലിച്ചിഴക്കുമ്പോൾ,സന ഇത്ര  ഊഷ്മളമായി പെരുമാറുമായിരുന്നോ,ആവോ. അപ്പുവിൻറെ കൈയിലെ 'ജലധാരാ ഫയൽ' അദ്ദേഹം മറിച്ചു നോക്കി,ഫയലിൽ കയറാതെ പോയ ഒരു കറുത്തചിത്രം വരച്ചു ചേർത്തു. ഇന്നു എല്ലാം മറന്ന് നമ്മൾ ആസ്വദിക്കുന്ന ജലധാരകൾ വൻസാമ്പത്തിക ബാധ്യതയാണ്  അന്ന് റോമിന്റെ മേൽ വീഴ്ത്തിയത്.ഇത്  റൊട്ടിച്ചുങ്കം എന്നറിയപ്പെട്ട അധികനികുതിയായി ജനങ്ങളിൽ വന്നു വീണു.ജനങ്ങളിലുണ്ടായ അസ്വസ്ഥതയും പ്രതിഷേധവും തുടർന്നുള്ള വൻ ജലധാരാ പദ്ധതികളെ തടസ്സപ്പെുത്തിയത്രേ.സന ഇതു പറയുമ്പോൾ അമ്പടാ കമ്മ്യൂണിസ്റ്റുകാരാ എന്നൊരു ചിരി ഞങ്ങൾ ഒതുക്കി വെച്ചു.


      ബാര്‍ബെരീനി ചത്വരം - ഒരു പഴയ ചിത്രം -ഗൂഗിള്‍

സനക്ക് പോകുവാൻ  സമയമായി.ഞങ്ങളെഴുന്നേറ്റു.എത്ര പെട്ടെന്നാണ് ഇയാൾ ഞങ്ങളുടെ സൗഹൃദം കൈക്കലാക്കിയത്.കെട്ടിപ്പിടിച്ചും കൈകുലുക്കിയും വിടപറയുന്നതിനിടയിൽ ,മൂപ്പരു പറയുകയാണ്.. ഇന്ത്യയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ.....
 
ഇന്ത്യയോടും ഇന്ത്യൻ ജനാധിപത്യത്തിനോടുമുള്ള അളവു തെറ്റിയ ആ ആദരപ്രകടനം ഞാൻ മുളയിലേ നുള്ളി.
'
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ്  എന്റെ രാജ്യത്തെ അവഹേളിക്കരുത്'
ആ ആക്ഷേപഹാസ്യത്തിൽ  കുംഭകുലുക്കിച്ചിരിച്ച്  കൈവീശി ,സനയെന്ന കുറിയ കമ്മ്യൂണിസ്റ്റ്കാരൻ ഷെയർ മാർക്കറ്റ് മന്ദിരത്തിലേക്ക് നടന്നു.

റോമിലെ പ്രശസ്തമായ ബാർബെറീനി  കുടുംബത്തിന്റെ ആസ്ഥാനമായതിനാലാണ് ഈ ചത്വരത്തിന് ഈ പേര് കിട്ടിയത്.ബാർബെറീനി കൊട്ടാരം ട്രൈട്ടൻ ഫൗണ്ടന്റെ തൊട്ടടുത്ത് കിഴക്കു വശത്താണ് .ഇന്നത് പുരാതന കലയുടെ ദേശീയ കലവറയാണ്.1626ൽ മഫ്ഫിയോ ബാർബെറീനി അർബൻ viii മാർപ്പാപ്പയാവുന്നതോടെയാണ്  ബാർബെറീനിമാരുടേയും ബെർണിനിയുടേയും  പുഷ്ക്കലകാലം തുടങ്ങുന്നത്.സ്വജനപക്ഷപാതത്തിന്റ തിരു(പാപ്പാ)രൂപമായിരുന്നുഅർബൻ എട്ടാമൻ.മൂപ്പരുടെ ആശ്രിതവാത്സല്യത്തിന് ഇരയായ ഒരു കലാകാരനായിരുന്നു ,ബർണീനി.അർബൻ എട്ടാമന്റെ പ്രത്യേക താല്പര്യത്തിലും ബർണീണിനിയുടെ അസാമാന്യ കരവിരുതിലുമാണ്  ട്രൈറ്റൻ ഫൗണ്ടൻ 1642-43ൽ സംഭവിക്കുന്നത്.റോമിലെ ജനങ്ങൾക്കും പ്രഭുകുടുംബങ്ങളിലേക്കും ജലമെത്തിക്കുന്നതിനായി അക്ക്വാ ഫെലിസ് നീർക്കുഴൽ പുനർമ്മിച്ചതിന്റെ ഓർമ്മക്കായിട്ടാണ്അര്‍ബന്‍ പാപ്പ   ട്രൈട്ടൺ ഫൗണ്ടൻ നിർമ്മിക്കുന്നത്.ഈ ജലധാരാശില്പനിർമ്മാണത്തിന് വളരെ യോജിച്ച പ്രതിഫലം തന്നെയാണ്  ബർണീനിക്ക് ലഭിച്ചത്.അക്വാ ഫെലീസിൽ നിന്നും  ആവശ്യംപോലെ വെള്ളം  സൗജന്യമായി ഉപയോഗിക്കാനുള്ള അവകാശം.ബാർബെറീനി സ്ക്വയറിനടുത്തുള്ള തന്റെ രണ്ടു ബംഗ്ളാവിലേക്ക് വെള്ളമെടുത്തിട്ട് പിന്നെയും വെള്ളം  മറ്റു പ്രഭുകുടുംബങ്ങൾക്ക് വില്ക്കുമായിരുന്നത്രേ , ബർണീനി.നല്ലൊരു ശില്പി മാത്രമായിരുന്നില്ല ബർണീനി ,കൗശലക്കാരനായ ഒരു ബാർബെറീനി സേവകൻ കൂടിയായിരുന്നു.അർബൻ എട്ടാമന്റെ  മാർപ്പാപ്പാ കിരീടവും ബാർബെറീനി കുടുംബമുദ്രയായ തേനീച്ചകളേയും,ട്രൈട്ടൻ ജലധാരയിൽ ഡോൾഫിനുകൾക്കിടയിൽ കൊത്തിവെക്കാൻ അദ്ദേഹം  മറന്നില്ല.
ട്രൈടന്റെ പശ്ചാത്തലക്കാഴ്ചയിൽ നിരന്നു നില്ക്കുന്ന പുത്തൻ കെട്ടിടങ്ങൾ ഈ ദൃശ്യവിരുന്നിനെ വല്ലാതെ അലസോരപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും ബർണിനിപ്പേരും തലയിൽ വെച്ചു  നിലക്കുന്ന ഹോട്ടൽ മന്ദിരം. ജലധാരയുടെ വലതു മൂലയിലേക്ക് ഒന്നുകൂടി നീങ്ങി നിന്നാല്‍ ഈ കോണ്ക്രീറ്റ് ശല്യങ്ങളെ കുറച്ചൊക്കെ ഒഴിവാക്കാം.  .റോഡിനു മറുവശത്തു പടർന്നു പന്തലിച്ചു നിലിക്കുന്ന മരത്തിന്റെ ഹരിതസമൃദ്ധിയപ്പോള്‍  പശ്ചാത്തലത്തിലേക്ക് സൗഹാർദപൂർവ്വം കയറി നില്‍ക്കും.     മരച്ചുവട്ടിലേക്ക്,ഞങ്ങൾ റോഡ് മുറിച്ചു നടന്നു.അവിടെയും ബെർണിനി  നമുക്കായി ചെറിയൊരു ജലധാര ഒരുക്കി വെച്ചിട്ടുണ്ട്.തേനീച്ച ഫൗണ്ടൻ.

ട്റൈടൻ ഫൗണ്ടന്റെ ബേസിനിൽ നിന്നായിരുന്നു റോമിലെ ആം ആദ്മികൾ വീട്ടാവശ്യങ്ങൾക്കും കന്നുകാലികൾക്കും വെള്ളമെടുത്തിരുന്നത്.മനോഹരമായ ഈ ജലധാരച്ചുവട്ടിൽ നിന്ന്  സാധാരണപ്പരിഷകൾ വെള്ളമെടുക്കുന്നത് റോമിലെ 'വെണ്ണപ്പാളി'കൾക്ക്  ഇഷ്ടപ്പെട്ടില്ല.ട്റൈടന്റെ ശംഖിൽ നിന്നുയരുന്ന ജലസ്തംഭം ,കാറ്റുള്ള സമയങ്ങളിൽ ,വെള്ളമെടുക്കുന്ന സ്ത്രീകളെ നനയിച്ച് 'കൃഷ്ണകുസൃതി'കാട്ടുമായിരുന്നു.മാത്റമല്ല ട്റൈടനിലെ അധികജലത്തിന് ഒരു സംഭരണിയും വേണമായിരുന്നു.ഈ പ്റശ്നങ്ങൾക്കെല്ലാം പരിഹാരമായി ബെർണീനിയുടെ തന്നെ  നിർദേശമായിരുന്നു 1644ൽ തയ്യാറായ ബീ ഫൗണ്ടൻ.ബാർബെറീനി  ചത്വരത്തിന്റെ ഇടത്തേ മൂലയിൽ വെനീത്തോ -വെനീ വഴികൾ കൂടിച്ചേരുന്നിടത്താണ് ഇത്.വിടർന്നു നില്ക്കുന്ന ചിപ്പിത്തോടിന്റെ പശ്ചാത്തലത്തിൽ ചിറകു വിടർത്തി നില്ക്കുന്നൊരു തേനീച്ച.തേനീച്ചച്ചിറകിൽ ഇരുവശങ്ങളിലായി ഒട്ടി നില്കുന്ന രണ്ടു തേനീച്ചകൾ കൂടി.ബാർബെറീനിമാരുടെ കുടുംബ മുദ്റയാണ് തേനീച്ചകൾ എന്നറിയുമ്പോൾ ഒരാശ്രിതന്‍റെ മണിയടിയുടെ  ഒലികൾ കേൾക്കുന്നില്ലേ.



ചെറുതെങ്കിലും ബരോക്ക് ശൈലിയുടെ നല്ലൊരൊഴുക്കു തന്നെയാണ്  തേനീച്ച ഫൌണ്ടനും.വശങ്ങളിലുള്ള കൊച്ചു തേനീച്ചച്ചിറകുകള് നടുവിലെ വലിയ തേനീച്ചയുടെ ചിറകില് ലയിക്കുകയും  ഇവയെല്ലാം തന്നെ വിശറി പോലെ നില്ക്കുന്ന ചിപ്പിത്തോടിലേക്ക് സൌമ്യമായി കൂട്ടു ചേരുന്നതും  ഒരു ബരോക്ക് വിരുന്നു തന്നെയാണ്.ആകെക്കൂടിയുള്ളൊരു കാഴ്ച്ചയില് വലിയ ചിറകു വിടര്ത്തി നില്ക്കുന്ന ഒറ്റത്തേനീച്ചയാണെന്നാണ്  തോന്നുക.തേനീച്ചകളുടെ വായിലൂടെയാണ് ,വഴിപോക്കര്ക്കു കുടിക്കാനുള്ള സൌകര്യത്തിനു വെള്ളം ഒഴുകി വരുന്നത്.താഴെ ബേസിനിലുള്ള കുതിരകള്ക്കും മറ്റു മൃഗങ്ങള്ക്കുമാണ്.തേനീച്ചവായില് നിന്നും തേന് പോലെ ഒഴുകി വരുന്ന ജലം ,അര്ബന് മാര്പ്പാപ്പയില്നിന്നും ഉതിരുന്ന തേന് സമാനമായ ഭാഷണങ്ങളെ  സാക്ഷ്യപ്പെടുത്തുകയാണത്രേ .,എന്റെ ബെര്ണിനീ, നീയൊരു മിടുമിടുക്കന് ആശ്രിതന് തന്നെ. കുത്തനെ നില്ക്കുന്ന ചിപ്പിത്തോടില് ഇത് പൊതു ആവശ്യങ്ങള്ക്കുള്ളതാണെന്നും അപ്പുറത്തുള്ള ട്രിട്ടന് ഫൌണ്ടന് നഗരാലങ്കാരണത്തിനാണെന്നും ഇതെല്ലാം പോപ് അര്ബന് എട്ടാമന്റെ കരുണയാണെന്നും രേഖപ്പെടുത്തിയുട്ടുണ്ട്.മാര്പാപ്പാ സ്ഥാനലബ്ധിയുടെ ഇരുപത്തിയൊന്നാം വര്ഷത്തിലാണ് 1644 ലാണ് (in 1644,xxi of his pontificate)ഇതുണ്ടാക്കിയതെന്നും എഴുതപ്പെട്ടിട്ടുണ്ട്.പാപ്പയെക്കാള് വലിയ പാപ്പാ ഭക്തി കാണിച്ച ബെര്നീനി ഇരുപത്തിരണ്ടാം  വര്ഷം എന്നാണ് കൊത്തിവെച്ചത് .ഏതാനും ആഴ്ച്ചകള്ക്കപ്പുറം ആഗസ്തില് ആരംഭിക്കുന്ന ഇരുപത്തിരണ്ടാം വര്ഷം ബെര്നീനിയെ പ്രലോഭിപ്പിച്ചിരിക്കാം.എന്നാല് റോമാക്കാര് വിട്ടു കൊടുത്തില്ല. ബെര്നീനിമാര് രാജ്യം മുഴുവന് കൊള്ളയടിച്ചു ,ഇപ്പോള് സമയവും തട്ടിയെടുക്കുന്നു എന്നായിരുന്നു അന്നത്തെ ചുവരെഴുത്തുകള്.ഒടുവില് അധികാരികള് xxii ലെ i വെട്ടിക്കളഞ്ഞു. അത് അറം പറ്റി.പാപ്പസിയുടെ ഇരുപത്തിരണ്ടാം വര്ഷത്തിനു എട്ടു ദിവസം ഇപ്പുറം വെച്ച് അര്ബന് എട്ടാമന് കാലം ചെയ്തു.അങ്ങനെ മൂപ്പരുടെ അവസാനത്തെ സംഭാവനയായി തേനീച്ച ഫൌണ്ടന്.

 അധികാരികള്അന്ന് നടത്തിയ വെട്ടു പിന്നെ ചില തെമ്മാടികള്തുടര്ന്നു .ആര്ട്ട്വാന്ഡലിസ്റ്റ് art vandalist) എന്നിവരെ ചിലര്വന്ദിച്ചു വിളിക്കും .ജലധാരയിലെ തേനീച്ചത്തല രണ്ടു വട്ടം തെമ്മാടികള്വെട്ടിക്കളഞ്ഞു.തേനീച്ച തല ശേഖരണക്കരാണോ ഇവര്‍!പഴയ ഫോട്ടോകളിലോക്കെ നോക്കി സര്ക്കാര്ശില്പ്പികള്തല വീണ്ടും ചേര്ക്കും. ഇവന്മാര്വീണ്ടും വെട്ടും.നിരാശാഭരിതരായ കലാകാരന്മാരാവാം,വെറും മരുന്നടിക്കാരാവാം,വ്യവസ്ഥിതിയെ തകര്ക്കാന്വെമ്പുന്ന അതി വിപ്ലവക്കാരാവാം.ഏതായാലും ഇറ്റലിയിലെ കലാശില്പ്പങ്ങളെല്ലാം ഇത്തരം ഭീഷണി നേരിടുന്നുണ്ട്.

1644ല്‍ നിര്‍മിക്കപ്പെട്ട ഈ ജലധാര 1887 വരെ ഇപ്പോഴത്തെ സ്ഥാനത്തിനു കുറച്ചപ്പുറത്തായി സിസ്ടിന റോഡിന്റെ മൂലയിലായിരുന്നു.റോഡുകള്‍ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായി തേനീച്ചകളെ ഇവടെ നിന്നും ഒഴിവാക്കേണ്ടി വന്നു. 1919ല്‍ വിത്തോരിയോ വെനെത്തോ റോഡിന്‍റെ മൂലയില്‍ പുനര്‍ജ്ജനിക്കുന്നത് വരെ തേനീച്ചകള്‍ റോമിലെ റോമിലെ ഏതോ ഗുദാമില്‍ വിസ്മൃതിയുടെയും അവഗണനയുടെയും അശ്രദ്ധയുടെയും പൊടിപിടിച്ചു കിടന്നു.ശില്പത്തിന്റെ നടുവിലെ തേനീച്ചയും കുത്തനെയുള്ള ചിപ്പിത്തോടും ഒഴികെ ബാക്കിയുള്ളതെല്ലാം ആ ഗുദാമില്‍ കൊഴിഞ്ഞുപോയി. യദാര്‍ത്ഥത്തില്‍ 1919ല്‍ നടന്നത് ജലധാരയുടെ പുനര്‍നിര്‍മ്മാണവും പുനപ്രതിഷ്ഠയുമായിരുന്നു.

 തേനീച്ചകള്ചുരത്തുന്ന തേന്വെള്ളവും രുചിച്ചു ജലധാരയോട്  വിട ചൊല്ലി ഞങ്ങള്ട്രൈട്ടന്‍  റോഡിലേക്കിറങ്ങി. അധികം താമസിക്കാതെ പ്രധാന പാതയോട്  പിരിഞ്ഞ്വടക്ക് കിഴക്കോട്ടു ഓടിപ്പോകുന്ന ചെറു പാതയാണ്,via sistina. സിസ്ത്തിന റോഡ്‌. വഴി ഓടിപ്പോകുന്നതു പ്രശസ്തമായ സ്പാനിഷ് പടികളുടെയും (spanish steps) ദേ മോന്തേ പള്ളിയുടെയും മുന്നിലേക്കാണ്‌.
പള്ളിക്കു മുന്നിലെത്തുമ്പോൾ സിസ്റ്റിന ,ചെരിഞ്ഞു കിടക്കുന്ന ഗർഭിണിയെപ്പോലെ ഒരു വശത്തേക്ക് വീർത്തു വരും.ഈ അർദ്ധവൃത്ത വിസ്താരവും രണ്ടു വശങ്ങളിലൂടെ പിണങ്ങിപ്പിരിഞ്ഞ്  താഴേക്കിറങ്ങിപ്പോകുന്ന പടികളും ചേർന്നാൽ ഡി മോണ്ടി ചത്വരമായി.പള്ളിയോളം തന്നെ തലയെടുപ്പുള്ള ഒരു സ്തംഭവും ചത്വരത്തിന്  പ്രൗഢിനല്കിക്കൊണ്ട്  നടുവിലുണ്ട്.നാലഞ്ചിടങ്ങളിലായി വില്പനക്ക് വെച്ചിരിക്കുന്ന കാൻവാസ് ഓയിൽ പെയിന്റിങ്ങുകളും  വരയ്ക്കലിലും പുകയ്ക്കലിലും മുഴുകിക്കഴിയുന്ന താടിയും മുടിയും നീട്ടിയ അവയുടെ വില്പനക്കാരും ചത്വരത്തിന്  വല്ലാത്തൊരു ചന്തം നല്കുന്നുണ്ട്.ചിത്രങ്ങളിൽ പ്രകൃതി ദൃശ്യങ്ങളുണ്ട്, പോർട്റേയ്റ്റുകളുണ്ട്, അസംബന്ധത്തോളം ആധുനികമായ നിറക്കൂട്ടുകളുമുണ്ട്. ചിത്രങ്ങളിലെ വര്‍ണങ്ങളോട് പൊരുതി നില്‍ക്കുന്ന വസ്ത്രങ്ങളുമായി ധാരാളം സഞ്ചാരികള്‍ പടിക്കെട്ടുകളിറങ്ങിപ്പോകുന്നുണ്ട്.



 
1502ല്‍ ഫ്രാന്‍സിലെ ചക്രവര്‍ത്തി ലൂയി പന്ത്രണ്ടാമനാണ് ഈ പള്ളി പണിയിക്കുന്നത്.ഫ്രഞ്ച് സൈന്യം നാപ്പില്‍സ് പിടിച്ചടക്കിയത് ആഘോഷിക്കുകയായിരുന്നു ചക്രവര്‍ത്തി. ഇപ്പോഴും ഈ പള്ളിയും അടുത്തുള്ള മെദിചി ബംഗ്ലാവും(Villa Medici) ഫ്രാന്‍സിന്‍റെ കീഴിലാണ്. ഫ്രഞ്ച് വിപ്ലവക്കാലത്ത് നെപ്പോളിയന്‍ റോമിലെ ഫ്രഞ്ച് അക്കാഡമി ഈ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഇന്നും യുവകലാകാരന്മാര്‍ക്ക് ആശ്രയമാണ് വില്ല മെദിചി.

പള്ളിയുടെ മുന്നിലുള്ള ,ബാൽക്കണി പോലെയുള്ള ഡി മോണ്ടി ചത്വരത്തിൽ നിന്ന്  താഴേക്ക്  നോക്കിയാൽ ,പ്രസിദ്ധമായ സ്പാനിഷ് പടികൾ കുണുങ്ങിക്കുണുങ്ങിയിറങ്ങിപ്പോകുന്നതു കാണാം.ഇരു വശങ്ങളിലായി രണ്ടായി ഇറങ്ങി വന്ന് ഒന്നായിച്ചേർന്ന് താഴേക്കിറങ്ങിപ്പോകുന്ന135 പടികളാണ് സ്പാനിഷ് സ്റ്റെപ്സ്.(ചിലർ ഇവിടെ 138 പടികൾ വരെ എണ്ണിത്തീർക്കുന്നുണ്ട്.)ഡി മോണ്ടി ചർച്ച് നില്ക്കുന്ന പാസിനി കുന്നിനും താഴെ സ്പാഗ്ന ചത്വരത്തിലെ നൗകാ ജലധാരക്കുമിടയിൽ ചാരി വെച്ചൊരു കോണിപ്പാലമാണിത്.
സ്പാഗ്ന,ബര്ബെരീനി മെട്രോ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍ വലിയൊരു വിഭാഗം ചെന്നെത്തുന്നത് ഈ നടക്കല്ലുകളിലാണ്. സന്ധ്യയാകുമ്പോഴേക്കും പടികളിലെല്ലാം ആളുകള്‍ നിറയും. പല നാടുകളില്‍ നിന്ന് വന്നവര്‍.ഭിന്നങ്ങളായ ഭാഷകളുമായി ,വസ്ത്രങ്ങളുമായി സംസ്ക്കാരങ്ങളുമായി അവര്‍ സ്പാനിഷ് പടിക്കെട്ടുകളെ സചേതനമാക്കും.വസന്തകാലത്ത് പടികളുടെ കൈവരിയിലെ വലിയ ചെടിച്ചട്ടികളില്‍ നിരയായ് പൂത്തുലഞ്ഞു നില്‍ക്കുന്ന അസ്സെയ്ലിയ പുഷ്പങ്ങള്‍ സ്പാനിഷ് സ്റ്റെപ്പുകളിലേക്ക് ചുവപ്പുകള്‍ വാരിയെറിയും.ചില വേനല്‍ക്കാല രാവുകളില്‍ പടികളിലൂടെ പൂച്ചനടയിറങ്ങി വരുന്ന സുന്ദരിമാരുടെ ഫാഷന്‍ ഷോ നടക്കും.ഈ കാഴ്ച്ചകളെയൊക്കെ അട്ടിമറിച്ച് ഒരിക്കല്‍ സ്പാനിഷ് പടികള്‍ കൊച്ചു ബോളുകളെക്കൊണ്ട് നിറഞ്ഞു.ആയിരക്കണക്കിന് കുഞ്ഞന്‍ പന്തുകള്‍.പല നിറങ്ങളില്‍.പ്ലാസ്റ്റിക്‌ പന്തുകള്‍ പടികളില്‍ ഇടം കിട്ടാനായി തിക്കിത്തിരക്കി.ചിലവ ഉരുണ്ടിറങ്ങിച്ചെന്നു ജലധാരക്ക് ചുറ്റും പറ്റിക്കൂടി.സഞ്ചാരികള്‍ അന്തം വിട്ടു നിന്നു.ചിലര്‍ പന്തുകളെ സോവനീറെന്ന പോലെ വാരിക്കൂട്ടി.ക്യാമറകള്‍ മത്സരിച്ചു വാ തുറക്കുകയും പറ്റാവുന്നത്ര ‘പന്തുരുളുകലുകള്‍’ അകത്താക്കുകയും ചെയ്തു.ചെക്കിനി എന്നൊരു തല തിരിഞ്ഞ കലാകാരന്‍ പടികള്‍ക്കു മുകളിലേക്ക് പിന്നെയും പിന്നെയും പന്തുകള്‍ എറിഞ്ഞു കൊണ്ടിരുന്നു.ഓരോ പന്തും രാഷ്ട്രീയക്കാരന്‍റെ ഓരോ നുണയാണെന്നാണ് ചെക്കിനി വിളിച്ചു പറഞ്ഞത്.എന്നാലതിനു ഇത്രയും പന്തുകള്‍ മതിയാവില്ലെന്ന് ജനം തിരിച്ചാര്‍ത്തു വിളിച്ചു.





സ്പാനിഷ് പടികളിറങ്ങി താഴെയെത്തുമ്പോള്‍ ,ഒരു പൂമ്പാറ്റ  ചിറകു വിരിച്ചിരിക്കുന്ന പോലെ സ്പാഗ്ന ചത്വരം.രണ്ട് തൃകോണരൂപ മൈതാനങ്ങള്‍ ശീര്‍ഷങ്ങള്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ് ഇവിടെ.പൂമ്പാറ്റച്ചിറകുകളില്‍ നിറങ്ങള്‍ നിറച്ച് പല വേഷങ്ങളണിഞ്ഞ് പല ഭാഷകള്‍ പറയുന്ന പല പ്രായക്കാരായ പ്രസന്നവദനരരായ സന്ദര്‍ശകര്‍.ചിറകുകള്‍ക്കിടയില്‍ തുടിക്കുന്ന ഉടല്‍ പോലെ നൌകാജലധാര.റോമാക്കാരുടെ ഫോണ്ടാണ ഡെല്ല ബാര്കാച്ച്യ(Fontana Della Barcaccia)ഇംഗ്ലീഷുകാരന്‍റെ Fountain of the Ugly/old/leaky boat എന്നൊക്കെയാണ്..നമുക്ക് നൌകാജലധാര എന്ന് മതി.
മറ്റു ജലധാരകളിലെപ്പോലെ ഈ വെള്ളത്തിലും ഒരു കഥ നനയുന്നുണ്ട്.1598ലെ ക്രിസ്ത്മസ് കാലത്ത് ടൈബര്‍ നദി കരകവിഞ്ഞൊഴുകി.റോം മുഴുവന്‍ വെള്ളത്തിനടിയിലായി.ഗതാഗതം ബോട്ടുകളിലായി.പിന്നീട് വെള്ളവുമായി ടൈബര്‍ പിന്‍വാങ്ങിയപ്പോള്‍ ചത്വരത്തില്‍ ഒരു ബോട്ട് മാത്രം ബാക്കിയായി.ആ ബോട്ടാണ് നൌകാജലധാരയ്ക്ക് വഴിയൊരുക്കിയത്.ത്രിത്തോണ്‍ ജലധാരയുടെ ലോറെന്‍സോ ബെര്നീനിയുടെ അപ്പന്‍ ബെര്‍നീനിയാണ് ഇതിന്റെ ശില്പി.നിര്‍മ്മാണം കഴിയുന്നതിനു മുമ്പ് അപ്പന്‍ മരിക്കുകയും മകന്‍ ജലധാര പൂര്‍ത്തിയാക്കുകയും റോമിലെ ഏറ്റവും പ്രശസ്തനായ ശില്പിയായി വളരുകയും ചെയ്തു.

ഓവല്‍ ആകൃതിയില്‍ ചുറ്റുമതില്‍ കെട്ടിയെടുത്ത ജലാശയത്തിലേക്ക് പകുതിയോളം താഴ്ന്നുപോകുന്ന മട്ടില്‍ വളരെ താഴ്ത്തിയാണ് ജലധാര നിര്‍മ്മിച്ചിരിക്കുന്നത്.ഇവിടേയ്ക്ക് ജലമെത്തിക്കുന്ന അക്വാ വെര്‍ജിന്‍ നീര്‍ക്കുഴലിലെ സൂക്ഷ്മസമ്മര്‍ദത്തെ ബെര്‍നീനിമാര്‍ അങ്ങനെയാണ് മറികടന്നത്.

ഞങ്ങള്‍ ഏറ്റവും താഴെയുള്ള സ്പാനിഷ്‌ പടികളിലിരുന്നു.ബോട്ടിന് ചുറ്റുമുള്ള ജലാശയത്തിനു അതിരിടുന്ന ഇരുമ്പു വേലിയിലിരിക്കുന്ന മൂന്നാളുകള്‍ കാഴ്ച്ചയെ അല്പം ചൊറിയുന്നുണ്ട്. സാരമില്ല.വലിയ  സങ്കടങ്ങള്‍ നിറയുകയായിരുന്നു മനസ്സില്‍ .ഒന്ന്,കാലം വസന്തമല്ല.രണ്ടു സമയം സന്ധ്യയല്ല.വിടവാങ്ങുന്ന സൂര്യന്‍ വിതറുന്ന സ്വര്‍ണ്ണ ശോഭയില്‍ വസന്തത്തില്‍ ചുവന്നൊലിക്കുന്ന അസെയ്ളിയ പുഷ്പങ്ങളുമായി സ്പാനിഷ്‌ പടികള്‍ സുരസുന്ദരിയാവും.അസൂയ മൂക്കുന്ന ദേ മോന്തേ പള്ളിയില്‍ നിന്നപ്പോള്‍ ആറുമണിയുടെ മണിയൊച്ച ഉയരും.താഴെ ബോട്ടിലെ സൂര്യമുഖങ്ങളില്‍ നിന്ന് ജലം ശക്തിയായി ഒഴുകും.പടികള്‍ മുഴുവന്‍ നിറഞ്ഞിരുന്ന്‍ ആളുകള്‍ പള്ളിയിലേക്കും ബോട്ടിലേക്കും മാറി നോക്കി കഴുത്തു കഴപ്പിക്കും. വരണം ഒരു വസന്തത്തില്‍ വരണം.സന്ധ്യക്ക്‌ ഇവിടെ വന്നിരിക്കണം.


ഞങ്ങളുടെ അടുത്തിരുന്നു കൈപ്പുസ്തകം വായിച്ചു കൊണ്ടിരുന്ന മദാമ്മക്കുട്ടി,പുസ്തകത്തില്‍ പറഞ്ഞപ്രകാരം നൌകയില്‍  നിന്ന് ഏഴു പഴുതുകളിലൂടെ ജലം ചാടുന്നുണ്ടെന്നു ഉറപ്പു വരുത്തി തിരിച്ചു വന്നിരുന്നു. ഈ സ്പാനിഷ് പടികൾ എത്രയെണ്ണമാണെന്നറിയുമോ? മിനി അവളോട് ചോദിച്ചു.
നൂറ്റിമുപ്പത്തിയഞ്ച്.നാലാം ക്ളാസിലെ ഒന്നാം റാങ്കുകാരിയെപ്പോലെ അവൾ ചാടിക്കേറി ഉത്തരം പറഞ്ഞു.
ഒന്ന് എണ്ണിനോക്കുന്നോ എന്നായി മിനി.
അവൾ എഴുന്നേറ്റ് വന്ന്  മിനിയെ തല്ലാനോങ്ങി നിന്നു.
Naughty lady....I am not from St.Thomas clan.
(
തല്ലിപ്പൊളിപ്പെണ്ണേ ഞാൻ തോമാശ്ലീഹായുടെ കുടുംബത്തീന്നല്ല )
അളവറ്റ സൗന്ദര്യം അടക്കി വെച്ച അവളുടെ ചെറിയമുഖമപ്പോൾ ആവശ്യത്തിലേറെ ചുവന്നിരുന്നു. തുടുത്തിരുന്നു. നിഷ്ക്കളങ്കതയുടെ തോരണങ്ങൾ ചെറിയ കണ്ണുകളിൽ ഇളകിയാടിയിരുന്നു.ആ നിമിഷത്തിൽ അവൾ ഞങ്ങൾക്ക് അയൽവീട്ടിലെ തോമാച്ചായന്റേയും അന്നച്ചേടത്ത്യാരുടേയും വെളുത്തു ജനിച്ച സുന്ദരിക്കുട്ടിയായി.രണ്ടു തവണ പേര് പറഞ്ഞിട്ടും അവളുടെ ഇംഗ്ലീഷിൽ കലരുന്ന എരണം കെട്ട ജർമ്മൻ ചുവ കാരണം ഞങ്ങളുടെ മലയാളിക്കാതുകൾക്ക് അത് വ്യക്തമായില്ല. ഞങ്ങളവളെ ജർമ്മനിക്കുട്ടിയെന്ന് ഓർമ്മയിൽ പതിച്ചു. ജർമ്മനിക്കുട്ടിയും നാളെ തിരിച്ചു പോകുകയാണ്, ട്രെയിനിൽ ഫ്ളോറൻസിലേക്ക് . അവിടെ ഗലേറിയ അക്കാഡമിയിൽ രണ്ടുദിവസത്തെ ക്ലാസുകൾ. അതു കഴിഞ്ഞ്  അവിടെയും മിലാനിലും ഒന്നു കറങ്ങി തിരിച്ച് നാട്ടിലേക്ക്.

ഞാൻ ജർമ്മനിക്കുട്ടിയുടെ കീശപ്പുസ്തകം മറിച്ചു നോക്കുകയായിരുന്നു. കുഞ്ഞുകുഞ്ഞു അക്ഷരങ്ങളിൽ ഒരു പാട് കാര്യങ്ങൾ പറയുന്നുണ്ട് ഒരു പോക്കറ്റ് ഡയറിയുടെ വലുപ്പം മാത്രമുള്ള പുസ്തകം. വത്തിക്കാനിൽ നിന്ന് തുടങ്ങി റോമിലെ കാഴ്ചകളിലൂടെയും ചത്വരങ്ങളിലൂടെയും പുസ്തകം ഒരു കാൽനടയാത്ര നടത്തുകയാണ്. ഓരോയിടത്തേയും കാര്യങ്ങൾ സമഗ്രമായി സംഗ്രഹിച്ചിട്ടുണ്ട്.ഞാൻ വേഗം പിയാസ ഡി സ്പാഞ്ഞയിലേക്കോടിച്ചെന്നു. ഒന്നോടിച്ച് വായിച്ച് അവസാനത്തെ 'രസമുള്ള വസ്തുതകളിലെത്തി ' (interesting facts) ത്രെവിയെക്കുറിച്ച് കൂടിയൊന്ന് വായിക്കാം എന്ന് കരുതിയതാണ്. സുന്ദരിക്കുട്ടി ചെറിയ കണ്ണുകളിൽ വല്ലാത്ത ദൈന്യത നിറച്ച് പുസ്തകത്തിന് കാത്ത് നില്ക്കുന്നു. ക്ഷമാപണത്തോടെ കൊച്ചുപുസ്തകം മടക്കിക്കൊടുത്ത് ഓരോരുത്തരായി കൈ കുലുക്കി ഞങ്ങളവളെ യാത്രയാക്കി. പിന്നാലെ ഞങ്ങളും ബാക്കിയുള്ള നാലഞ്ചു സ്പാനിഷ് പടികളിറങ്ങി.

ഫ്രാൻസിനും സ്പെയിനിനും ഇടയിൽ നിലവിൽ വന്ന സമാധാന ഉടമ്പടിയുടെ ആഘോഷത്തിനും ഓർമ്മയ്ക്കുമായിട്ടാണ് 1726 ൽ ഈ പടികൾ പൂർത്തിയാകുന്നത് .ഫ്രഞ്ച് നയതന്ത്രജ്ഞനായ Étienne Gueffier ഒസ്യത്തിലെ എഴുപതിനായിരം സ്കൂഡോകൾ (പഴയ ഇറ്റാലിയൻ നാണയം.) ഉപയോഗിച്ച് ഫ്രാൻസിസ്കോ ഡി സ്കാന്റിസ് എന്ന ഇറ്റാലിയൻ ആർക്കിട്ടെക്ടിന്റെ ഭാവനയിലാണ് ഇത് നിർമ്മിക്കപ്പെടുന്നത്. മുകളിലെ ഫ്രഞ്ച് അധീനതയിലുള്ള ഡി മോണ്ടി പള്ളിക്കും താഴെ സ്പാനിഷ് എംബസി നിന്നിരുന്ന ചത്വരത്തിനും ഇടക്ക് ഫ്രഞ്ചുകാരന്റെ കാശു കൊണ്ട് ഇറ്റലിക്കാരൻ കെട്ടിയുണ്ടാക്കിയ 135 പടികൾക്ക് സ്പാനിഷ് സ്റ്റെപ്പ്സ് എന്നറിയപ്പെടാനായിരുന്നു യോഗം.
പടികൾക്കെതിർ വശത്താണ്  കൊണ്ടോട്ടി (via de condotti)റോഡ് തുടങ്ങുന്നത്.റോഡിന്റെ ആരംഭത്തിൽ  ഏതാനും കച്ചവടക്കാർ ,നമ്മുടെ ഭേൽപുരിക്കച്ചവടക്കാർക്കുള്ള വലിയ തട്ടത്തിൻ ഉപ്പു ചേർത്തു വറുത്ത ആൽമണ്ടും പിസ്റ്റായും പുഴുങ്ങിയ ചെസ്റ്റ്  നട്ടും വില്ക്കുന്നുണ്ട്. ഞങ്ങൾ അയാളിൽ നിന്ന് കുറച്ച് ചെസ്റ്റ് നട്ട് വാങ്ങി റോഡിന്റെ ഓരത്തേക്ക് നീങ്ങി നിന്നു. നമ്മുടെ പുഴുങ്ങിയ മധുരക്കിഴങ്ങിനോടടുത്ത മണവും രുചിയുമാണ് പുഴുങ്ങിയ ചെസ്റ്റ് നട്ടിന്.



ഇവിടെ നിന്ന് ജലധാരക്ക് മുകളിലൂടെ പടിക്കെട്ടുകൾ കയറ്റി കാഴ്ചയെ ദേ മോന്തേപ്പള്ളിയുടെ ഗോപുരങ്ങളിലെത്തിക്കുമ്പോൾ സ്പാഞ്ഞയുടെ കാല്പനിക സൗന്ദര്യത്തിൽ നാം മുങ്ങിപ്പോകും.പടികൾ കയറുമ്പോൾ വലതു വശത്തു കാണുന്ന  വീട്ടിലായിരുന്നു ക്ഷയബാധയുടെ  ചുവന്ന ചുമകളുമായി ഇംഗ്ലീഷ് മഹാകവി കീറ്റ്സ് അവസാന നാളുകൾ കഴിച്ചു കൂട്ടിയത്.ജലധാരയുടെ നനഞ്ഞ മർമ്മരങ്ങളും സ്പാനിഷ് പടികളിലെ അസെയ്ളിയപ്പൂക്കളും സഞ്ചാരികളുടെ ആരവങ്ങളും അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളെ ആശ്വസിപ്പിക്കുമായിരുന്നു. റൊമാന്റിസിസത്തിന്റെ ഈ യുവരാജാവ് ഇരുപത്തിയഞ്ചാം വയസ്സിൽ മരിക്കുന്നത് ഇവിടെയാണ്.അദ്ദേഹത്തിന്റെ സമാധിശിലയിൽ പേരെഴുതിയിട്ടില്ല. കീറ്റ്സിന്റെ ആഗ്രഹപ്രകാരം അതിൽ  ഇങ്ങനെയാണ് എഴുതപ്പെട്ടത് – Here lies one whose name was writ in water. നൗകാജലധാരയുടെ സ്വാന്തനമായിരുന്നത്രെ ഇങ്ങനെ പരാമർശിക്കപ്പെട്ടത്.കീറ്റ്സിന്റെ പഴയ ഭവനം ഇന്ന് കീറ്റ്സ് - ഷെല്ലി മ്യൂസിയമാണ്.

പടിക്കെട്ടുകളുടെ തൊട്ടിടത്തു വശത്തുള്ള ക്ലാസിക്ക് റോമൻ ചുവയുള്ള കെട്ടിടത്തിന്റെ മുൻ ചുമരിൽ ഒരു മാർബിൾ ഫലകത്തിൽ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു. ബബിങ്ങ്ടൺസ് ടീ റൂംസ്.1893 ൽ രണ്ട് ഇംഗ്ലീഷ് മദാമ്മമാർ ആരംഭിച്ച ഈ ചായക്കട നൂറിലേറെ വർഷങ്ങളേയും രണ്ട് ലോകമഹായുദ്ധങ്ങളേയും ആഗോളവൽക്കരണത്തേയും അതിവേഗഭക്ഷണ ശീലത്തേയും അതിജീവിച്ച് ഇന്ന് വർദ്ധിതപ്രൗഡിയോടെ നില കൊള്ളുന്നു. ഇറ്റലിയിൽ ചായ കുടിക്കണമെങ്കിൽ ഫാർമസിയിൽ പോകണമായിരുന്ന കാലത്താണ് ഇംഗ്ലീഷുകാർക്കായി മദാമ്മകൾ ഇതാരംഭിക്കുന്നത്. ഇന്നത് എഴുത്തുകാർ ചിത്രകാരൻമാർ ബുദ്ധിജീവികൾ, രാഷ്ട്രീയക്കാർ, അങ്ങനെ ഒരു പാട് പേരുടെ ഇഷ്ട സംഗമസ്ഥലമാണ്.

കീറ്റ്സ് ഭവനവും  സ്പാഞ്ഞയിലെ മററു കെട്ടിടങ്ങളും പടിക്കെട്ടുകളും ഫൊന്താന ബ്രൊക്കാഷ്യയും തട്ടുകച്ചവടക്കാരുമൊക്കെത്തന്നെ ഒരു മെഗാ സിംഫണിയിലേക്കെന്ന പോലെ ഉരസലുകളില്ലാതെ ചേർന്നു പോകുന്നു. സഞ്ചാരികളുടെ ബഹളങ്ങളോ വൈവിധ്യങ്ങളോ കതിരവണ്ടികളുടെ sപ്ട്ടപ്പുകളോ ഗൈഡുകളുടെ പ്രഭാഷണങ്ങളോ അതിൽ അപശ്രുതിയാവുന്നില്ല.ബെർണീനിയുടെ ജലധാരയിൽ കുളിച്ചീറനുമായി, തരള ഹൃദയവുമായി ജനാലപ്പടിയിൽ നിൽക്കുന്ന കീറ്റ്സിനു മുന്നിലൂടെ  മേലേപ്പള്ളിയിലേക്ക്  കയറിപ്പോകുന്ന സ്പാനിഷ് സ്റ്റെപ്പുകളോട് യാത്ര പറഞ്ഞ്  പുഴുങ്ങിയ ചെസ്റ്റ് നട്ടിന്റെ മധുരക്കിഴങ്ങന്‍ രുചിയുമായി ഞങ്ങൾ ത്രിത്തോൺ റോഡിലേക്ക് തിരിച്ചു നടന്നു.



 ത്രിത്തോൺ റോഡിലെ തിരക്കും വെയിലിന്റെ ചൂടും അല്പം കൂടിയിട്ടുണ്ട്.രണ്ട് സഞ്ചാരിക്കൂട്ടങ്ങൾ റോഡിനപ്പുറത്തുണ്ട്.ഒന്നിനെ തടിച്ചു കൊഴുത്തൊരു കുള്ളത്തി നയിക്കുന്നു.പൊക്കക്കുറവിനെ മറികടക്കാനാകാം അവളൊരു വലിയ കാലൻകുട ഉയർത്തിപ്പിടിച്ചിട്ടുണ്ട്.അതിന്റെ തുഞ്ചത്തൊരു ചുവന്ന റിബൺ കെട്ടിവെച്ചിട്ടുമുണ്ട്. രണ്ടാമത്തെ സംഘത്തിന്റെ നേതാവ് ഒരു സുന്ദരപുരുഷനാണ്.റോമൻ സൗന്ദര്യത്തിന്റെ പുരുഷപ്രതീകം.ഊർജ്ജം വാരിവിതറുന്ന ഭാവഹാദികളോടെ ഉറച്ച  ഉച്ചാരണത്തോടെ ഉച്ചത്തിൽ വിവരണം.കുള്ളത്തിയുടെ കൂട്ടത്തിൽ കാണുന്ന അലസത ഇവിടെയില്ല. എല്ലാവരും നേതാവിന്റെ സംസാരത്തിലോ സൗന്ദര്യത്തിലോ മുഗ്ദ്ധരാണ്.ത്രിത്തോൺ റോഡിൽ നിന്ന്  ത്രെവി ജലധാരയിലേക്ക് പോകുന്ന രണ്ട് ചെറുവഴികൾ-വിയാ പോലിയും(viaPoli) വിയാ സ്റ്റാംപറിനയും ജലധാരക്ക് മുന്നിൽ വെച്ച് മൂന്നാമത്തെ വഴിയിൽ കയറുന്നു.അങ്ങനെ മുക്കവലയിൽ നിന്ന്,Tri vei യിൽ നിന്ന്  ത്രെവിയായി ,ത്രെവി ചത്വരമായി,ത്രെവി ജലധാരയായി.
ഇവിടെ നിന്നും ത്രെവിയിലേക്കുള്ള വഴി കണ്ടെത്താൻ ബദ്ധിമുട്ടില്ല.ആളുകൾ കൂട്ടത്തോടെ പോകുന്ന രണ്ട് വഴികളിൽ ഏതും തെരെഞ്ഞെടുക്കാം.ഞങ്ങൾ വിയ പോലിയിലൂടെ നടന്നു തുടങ്ങി.തിരക്കും വീതിയും കുറവാണിവിടെ.അകത്തേക്ക് മോട്ടോർ വാഹനങ്ങളില്ല.വല്ലപ്പോഴും പോലീസ് വാഹനങ്ങളോ കടകളിലേക്ക് സാധനങ്ങളുമായി ചെറു വാനുകളോ വരും.റെസ്റ്റോറന്റുകൾക്കും ജലാത്താറിയ ബോർഡ് വെച്ച ഐസ്ക്ക്രീം കടകൾക്കും മുമ്പിൽ റോഡിലൊരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ മിക്കവാറും ശൂന്യമാണ്.റോമിലെ ജൂൺ  സഞ്ചാരികളോട് സൗഹൃദത്തിലല്ല.പതിനൊന്ന്  മണിയുടെ സൂര്യൻ പതിവിൽക്കവിഞ്ഞ ദേഷ്യത്തിലുമാണ്. അന്തരീക്ഷത്തിലെ ഈർപ്പം അസ്വസ്ഥതക്ക് ആക്കം കൂട്ടുന്നുണ്ട്.പക്ഷേ ത്രെവയിലേക്ക് നടക്കുന്നവർ ഇതൊന്നും അറിയുന്നില്ല.വഴിയിൽ  ക്രോസിഫറി ചത്വരത്തിൽ വെച്ചേ കേൾക്കാം ത്രെവിയിലെ ആരവം.ജലത്തിന്റെ ആരവം. ജനത്തിന്റെ ആരവം.കാഴ്ചക്ക് മുമ്പേ കാതുകളറിയുന്നു ഈ ത്രെവിയെ..ചത്വരത്തിലെത്തുമ്പോൾ ഇടത് വശത്തുള്ള പാലസ്സോ പോലി (Palazo Poli) എന്ന പോലിക്കൊട്ടാരത്തിന്‍റെ കിഴക്കേ മുഖപ്പിൽ നിന്നാണ് ഫൊന്താന ത്രെവിയെന്ന അതിശയ ശില്പം ആരംഭിക്കുന്നത്
.
  ആളുകൾ തിങ്ങിനിറഞ്ഞൊരു കവലയിലേക്കാണ് ഞങ്ങൾ 
കടന്നുചെന്നത്.ഉത്സവപ്പറമ്പിൽ ചെന്നെത്തിയ പ്രതീതി .വിസ്തൃതമായ ജലധാരയും കാത്തിരുന്നു കണ്ട കാഴ്ച ആഘോഷമാക്കുന്ന ആൾക്കൂട്ടവും കവലയെ പകുത്തെടുക്കുന്നു.എന്തൊക്കെ തരം മുഖങ്ങൾ, വേഷങ്ങൾ, ഭാഷകൾ!ത്രെവിയിലെപ്പോഴും ലോകത്തിന്റെ ഒരു തുണ്ടുണ്ടാകും എന്നിവർക്കൊരു പരസ്യവാചകം തന്നെയുണ്ട്.റോമിൽ നിങ്ങൾക്ക് മൂന്നു മണിക്കൂറുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട മൂന്നു കാഴ്ചകളിൽ കൊളോസിയത്തിനും സെൻറ്  പീറ്റേഴ്സ് ബസിലിക്കയ്ക്കും ഒപ്പം ത്രെവി ഫൗണ്ടനുമുണ്ട്.

  വിയാ പോലിയിൽ നിന്ന് കവലയിലേക്ക് കടക്കുമ്പോൾ വെള്ളത്തിന്റെ കിന്നാരത്തോടൊപ്പം കാഴ്ചയിലേക്ക് കയറി നിന്നത് നേരേ എതിർ വശത്തെ മൂലയിലുള്ള പള്ളിയാണ്.കൊഴുത്ത കൊരിന്ത്യൻ  തൂണുകൾ താങ്ങി നില്ക്കുന്ന ,വിശുദ്ധരായ വിൻസെന്റിന്റേയും അനസ്താസിയസിന്റേയും ദേവാലയം.ആയിരത്തി അറുനൂറുകളിൽ ബരോക്ക്  ശൈലിയിൽ നിർമ്മിക്കപ്പെട്ടത്.ഇരുപത്തഞ്ചോളം പാപ്പാമാരുടെ ഹൃദയങ്ങൾ ഇവിടെ എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

പള്ളിക്കു  ഇടതു വശത്തായി,വിയ സ്റ്റാംപറിനയും ട്രെവിയുടെ മൂന്നാമത്തെ വിയ ആയ മുറാടിനോയും ചേരുന്ന കോണിൽ ചരിത്രത്തിൽനിന്ന് കത്തുന്ന മഹാവിളക്ക്.രണ്ടുമാലാഖമാർ കാവൽ നില്ക്കുന്ന ,വിശുദ്ധ മാതാവിന്റെ ചിത്രസാന്നിധ്യമുള്ള  ഈ വെളിച്ചമാണ്  ആദ്യകാലങ്ങളിൽ ത്രെവിയേയും ജലത്തിലേക്കെറിയപ്പെടുന്ന നാണയങ്ങളേയും സംരക്ഷിച്ച് പോന്നത്.മാലാഖമാരെ ഭയപ്പെടുകയും ഇരുട്ടിലേ മോഷ്ടിക്കാവൂ എന്നു വിശ്വസിച്ചും  പോന്ന മണ്ടൻ കള്ളന്മാരുടെ കാലമായിരുന്നു അത്.


മാലാഖവിളക്കിന് തൊട്ടിടത് ചേർന്ന്  ജെലാത്തോ കട.ബാർ ജലാത്താറിയ എന്ന് ബോർഡ്.മദ്യവും ജലാത്തോയും ആണ് വില്പന.ജലാത്തോയെ ഇറ്റാലിയൻ ഐസ്ക്രീം എന്നാണ്  പരിചയപ്പെടുത്താറ്.എന്നാൽ ഐസ്ക്രീം എന്ന് വിളിക്കപ്പെടാൻ മാത്രം കൊഴുപ്പില്ല ഇതിൽ.ക്രീം കുറവും പാല് കൂടുതലുമായിരിക്കും. കൊഴുപ്പിന്റെ ആധിക്യം നേർത്ത ഇറ്റാലിയൻ രുചിഭേദങ്ങളെ അപായപ്പടുത്തുന്നു എന്നതിനാലാണ് ഇത്.ഈ ജലാത്താറിയയോട് ചേർന്നാണ്  farmacia  എന്ന് ബോർഡ്  വെച്ച ഫാർമസി.കട അടഞ്ഞ് കിടക്കുകയാണ്.ഈ സ്ഥലത്താണ് 1453 ൽ ട്രെവി ജലധാര ആദ്യം നിർമ്മിക്കപ്പെട്ടത്. ആഢംഭരങ്ങളൊന്നുമില്ലാത്ത തൊട്ടിയും നീർക്കുഴലും ചേർന്നൊരു കൊച്ചു ജലധാരയായിരന്നു അത്. അക്വാ വിർഗോ എന്ന നീർക്കുഴലിന്റെ സ്ഥാപനവും സാമാപനവും രേഖപ്പെടുത്തുവാൻ പോപ്പ് നിക്കോലാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്.

ഞങ്ങൾ ജലധാരയുടെ മുൻവശത്തേക്കെത്തി. അർദ്ധവൃത്തത്തിൽ ജലധാരയെ ചുറ്റി നില്ക്കുന്ന ബാരിക്കാഡ് പിടിച്ച്  ത്രെവി എന്ന 'മഹാസംഭവത്തെ' നോക്കി നിന്നു.സ്പാഞ്ഞയിൽ നിന്നുള്ള നടത്തത്തിനുശേഷം സ്വല്പം നേരത്തെ 'പിടിച്ചു നില്പ്' അമ്മയ്ക്കും ആവശ്യമുണ്ട്.മുന്നിൽ നിന്നിങ്ങനെ നോക്കി നില്ക്കുമ്പോഴാണ്  ജലധാരയുടേയും അതിലെ ശില്പങ്ങളുടേയും ഭീമാകാരം ബോധ്യപ്പെടുന്നത്.(ഒരു പക്ഷേ ,റോമിലെ ജലധാരകളിൽ മുമ്പിൽ നിന്നു നോക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്നത് ഇവിടെ മാത്രമായിരിക്കാം. പാലസ്സോ പോലിയുടെ ചുമരിൽ നിന്നും തുടങ്ങുന്ന ജല-ശില്പ സമുച്ചയത്തിന് പിൻവശദർശനമില്ലല്ലോ. ഇനിയിപ്പോ tri-view -മൂന്നു ദിശയിൽ നിന്നു മാത്രം ദർശനം -എന്നതിൽ നിന്നായിരിക്കുമോ ത്രെവി എന്നുണ്ടായത് ?എന്‍റെ ഓരോ മണ്ടത്തരങ്ങളേ.85×160 അടി അളവുകളുടെ വലിപ്പത്തിലാണ്   അതങ്ങനെ നിറഞ്ഞ് നില്ക്കുന്നത്. പാലസ്സോ പോലിയുടെ വടക്കേച്ചുമരും അതിന്റെ തൂണുകളും ജാലികളും മുഖപ്പുകളും അവയിലെ റെലിഫ്  ശില്പങ്ങളും എല്ലാറ്റിനും മുകളിൽ മാലാഖമാർ താങ്ങി നില്ക്കുന്ന പാപ്പാ കിരീടവും മുദ്രയും   ജലധാരക്ക് നല്കുന്ന വലിപ്പവും ഗരിമയും ചെറുതല്ല.ശില്പങ്ങളും അലങ്കാരവേലകളും നിറഞ്ഞ ഈ ചുമരിന്  മുന്നിലായി കടലിന്റെ നടത്തിപ്പുകാരായ ഓഷ്യാനസിന്‍റെയും ത്രിത്തോന്മാരുടെയും കരാരെ മാർബിൾ ശില്പങ്ങൾ.അവിടെ നിന്നും താഴോട്ട് ജലം കുണങ്ങിക്കുണുങ്ങിയിറങ്ങിച്ചെല്ലുന്ന വലിയ തൊട്ടി. വശങ്ങളിൽ , കാഠിന്യം കുറഞ്ഞ ട്രാവെർട്ടൈൻ കല്ലുകളിൽ ഒരുക്കിയെടുത്ത പാറക്കൂട്ടങ്ങൾ,റോമായുടെ ഫലവൃക്ഷങ്ങൾ,ജലസസ്യങ്ങൾ,ജലജീവികൾ.ട്രെവിയെ ഭൗതികമായി വിവരിക്കാൻ ഇത്രത്തോളം എളുപ്പമാണ്. പക്ഷേ ,പിന്നിൽ നിന്നും മുന്നിലേക്കും  മുകളിൽ നിന്ന് താഴേക്കുമായി പല  തലങ്ങളിൽ ജല-മാർബിൾ മിശ്രണം ഒരുക്കിയ സംവിധാന കൗശലത്തെ വിവരിക്കാനാവാതെ ഞങ്ങളങ്ങനെ നിന്നു.
ത്രെവിക്കു മുമ്പിലെ ഉച്ചച്ചൂടിൽ നിന്ന് ആളുകൾ ഒഴിയുന്നുണ്ട്.അപ്പുറവുമിപ്പുറവുമുള്ള  ബാർ ജലാത്താറിയകളിൽ തിരക്കായിരിക്കുന്നു.ഇറ്റലിയുടെ ഐസ്ക്രീം രുചി വൈവിധ്യങ്ങൾ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞു പോയ പത്ത് പതിനഞ്ചു ദിവസങ്ങളിലായി ഞങ്ങളത് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്,ഐസ്ക്രീം കൊണ്ടുമാകാം ജീവിതം എന്ന് ഞങ്ങളെ പഠിപ്പിച്ചത് ഇറ്റലിയാണ്,മിലാനിൽ വെച്ച്.

മനപ്പൂർവ്വം താറുമാറാക്കിയ യാത്രാപരിപാടി ,മിലാൻ പള്ളിക്കു സമീപം ബുക്ക് ചെയ്തിരുന്ന അപ്പാർട്ടമെന്റ് നഷ്ടപ്പെടുത്തിയിരുന്നു.പകരം കിട്ടിയ  അപ്പാർട്മെന്റിലേക്ക് ഇരുപത്  മിനിറ്റ് ട്രാം യാത്ര കഴിഞ്ഞെത്തുമ്പോൾ അഞ്ചര മണി കഴിഞ്ഞിരുന്നു,കടകളെല്ലാം അടച്ചിരുന്നു.എങ്കിലും എവിടെ നിന്നെങ്കിലും അരിയും അനുസാരികകളും കിട്ടുമെന്ന് കരുതിയിറങ്ങിയതാണ് ഞാനും അപ്പുവും.ചെന്നെത്തിയത്  റോഡ് രണ്ടായി പിരിഞ്ഞ് പോകുന്ന  കവരയിൽ നിറഞ്ഞ് നിന്ന ജലാത്താറിയായിൽ. ഉള്ളിലേക്ക് ചെന്ന് ഞങ്ങൾ ,തേനിൽ മൂക്കു കുത്തിയ കരടിക്കുട്ടന്മാരെപ്പോലെ കണ്ണും മൂക്കും തള്ളി നിന്നു.ചില്ലു പാളികൾക്ക് പിന്നിലെ നിറങ്ങൾക്കും രുചിയുടെ തണുപ്പിനും പിന്നിൽ നിന്നും രണ്ട്  അതിസുന്ദരികൾ അതീവവശ്യമായി ഞങ്ങളെ ക്ഷണിച്ചു.തണുപ്പും തല തരിപ്പിക്കുന്ന മണവും തരുണികളുടെ കത്തുന്ന സൗന്ദര്യത്തിന്‍റെ  ചൂടും ഒക്കെച്ചേർന്ന് ഞങ്ങളെ വല്ലാത്തൊരു മോഹനിദ്രാവസ്ഥയിലെത്തിച്ചു. ഞങ്ങൾ കണ്ട ഏറ്റവും സുന്ദരികളായ സ്ത്രീകളായിരുന്നു ഞങ്ങളുടെ  മുമ്പിൽ.ഒരുവൾ അല്പം തടിച്ച് ഗോതമ്പ്  നിറത്തിൽ .നമ്മുടെ തെക്കനിന്ത്യൻ സൗന്ദര്യവടിവിൽ.അടുത്തവൾ വെളുത്തു മെലിഞ്ഞ് .ഉയരം പാകം,കുറവില്ല.രണ്ടു പേരും അതിമനോഹരമായി പുഞ്ചിരിച്ചു.ശബ്ദവും ഒരു പോലെ വശ്യം,കാതരം.കൊതിയോടെ ശരീരത്തിലിറുകിപ്പിടിച്ച് കിടക്കുന്ന മഞ്ഞ ബനിയൻ അവരുടെ സൗന്ദര്യത്തെ മുഴപ്പിച്ച് നിർത്തി.വളരെ കാര്യമായി അവരോരോ  ഐസ്ക്രീമും ഫ്ളേവറുകളും പരിചയപ്പെടുത്തി.പലതിന്‍റെയും ചെറിയ സാമ്പിളുകൾ രുചിക്കാൻ തന്നു. ഗംഭീരം,അതുല്യം,ഒന്നാന്തരം എന്നൊക്കെ ഇംഗ്ളീഷിൽ ഒച്ചയുണ്ടാക്കി ഞങ്ങളതിനെ പ്രോത്സാഹിപ്പിച്ചു. കൊതികൊണ്ടൂറി നിറഞ്ഞ ഉമിനീരിൽ പലതരം രുചികൾ നീന്തിക്കളിച്ചു. അരക്കിലോ വീതം വെച്ച് ഞങ്ങൾ ലെമൺ,പിസ്ടാഷ്യോ,ബെറി ഫ്ളേവറുകളിൽ ജെലാറ്റോകൾ വാങ്ങിയിറങ്ങുമ്പോൾ ,നല്ല ജെലാത്തോ കട കണ്ടെത്താനുള്ള സൂത്രം സൗജന്യമായി പറഞ്ഞു തന്നു സുന്ദരികൾ .ഒന്ന്,കടക്ക് മുന്നിലെ ബോർഡ് ശ്രദ്ധിക്കുക.ജെലാത്തോ ഫാറ്റോ എൻ കാസോ(നുമ്മടെ വീട്ടിലിണ്ടാക്കീതാട്ടാ)എന്നോ ഫറ്റോനെല്ല നോസ്ട്രാ ഫാബ്രികാ (നുമ്മടെ കമ്പനി തന്നെ ണ്ടാക്കീത്)എന്നിങ്ങനെ എഴുതിയിട്ടുണ്ടെങ്കിൽ സാധനം കൊള്ളാം.രണ്ട്,പിസ്റ്റാഷ്യോ ജെലാറ്റോയുടെ നിറം.നല്ല തത്തപ്പച്ചയാണെങ്കിൽ സാധനം ശുദ്ധം,മറ്റുള്ളതും നല്ലതാവും
.

അന്ന് തുടങ്ങിയ ജെലാത്തോ തീറ്റ ഇപ്പോഴും തുടരുന്നു. മിലാനിലും ഫ്ളോറൻസിലും വെനീസിലും പിസായിലുമൊക്കെ ജലാത്തോ തീറ്റ തുടർന്നു. തോന്നിയപ്പോഴൊക്കെ ഞങ്ങൾ ജലാത്തോ തിന്നു.പലപ്പോഴും പ്രധാന ഭക്ഷണം തന്നെ അതായി.ഈ ജലാത്തോ വിരുന്ന് ഏറ്റവും ആസ്വദിച്ചത് അമ്മയാണ്.ഓരോ ജലാത്തോ കടയിലും ഞങ്ങൾ റോമൻ സൗന്ദര്യം തെരെഞ്ഞപ്പോൾ അമ്മ ചില്ലലമാരകളിൽ നിന്ന്  പുതിയ ഫ്ളേവറുകൾ കണ്ടെത്തിക്കൊണ്ടിരുന്നു. ഐസ്ക്രീം പകർന്നു കിട്ടാൻ കൊതിയോടെ കാത്തു നില്ക്കുമ്പോൾ പണ്ട് പണ്ട്  മൂത്തകുന്നത്തും ചെട്ടിക്കാട്ടും പെട്ടി ഐസ്ക്രീം വിറ്റിരുന്ന സേവ്യേട്ടന്റെ    പേപ്പേ  ഹോണടി കേട്ടുവത്രേ അമ്മ..ഈ പ്രായത്തിലൊക്കെ ഇങ്ങനെ ഐസ്ക്രീമടിച്ചാൽ എന്തെങ്കിലും അസുഖം വരുമെന്ന ഞങ്ങളുടെ  ആശങ്കകളൊക്കെ ജലറ്റോയിൽ അലിഞ്ഞു തീർന്നു.പല കടകളിൽ നിന്ന്  എത്രയെത്ര രുചികൾ.അവിടെയൊക്കെ ഞങ്ങൾ കണ്ട സുരസുന്ദരികൾ.
ത്രെവിയിലെ ബാർ ജലാത്താറിയായിൽ ഉച്ചച്ചൂടിലെ തിരക്കുണ്ടായിരുന്നു.ഇത്തരം ഇടങ്ങളിൽ ഇരുന്നു കഴിച്ചാൽ ചിലവ് കൂടും.അത് കൊണ്ട് 'കൊണ്ടു പൊയ്ക്കോളാം' ഓർഡർ കൊടുത്ത് കാത്തു നിന്നു.ദേവ (റോമാ)ലോകത്തെ അപ്സരസ്സുകൾ   അമൃത്  കോണുകളിലും കപ്പുകളിലും വിളമ്പിത്തന്നു.

അമൃതകുംഭങ്ങളുമായി ഞങ്ങൾ ,നടപ്പാതയിൽ നിന്ന് അർദ്ധവൃത്തത്തിൽ ജലധാരയിലേക്ക് ഇറങ്ങിപ്പോവുന്ന  പടികളിലിരുന്നു.ഇവിടെയിരുന്നങ്ങനെ ത്രെവിയെക്കാണുമ്പോൾ,ബരോക്  ശൈലിയുടെ ശില്പകൗശലം പോലിക്കൊട്ടാരച്ചുമരിനെ ചലനാത്മകമാക്കുമ്പോൾ,പണ്ടത്തെ റോമൻ ആംഫിതിയേറ്ററിലിരുന്ന് ഗ്രീക്ക്-റോമൻ പുരാണ രംഗാവതരണം കാണുന്ന ആംമ്പിയൻസ്.

പോലിക്കൊട്ടാരത്തിന്റെ ഭിത്തിയിൽ അറയെന്നോ മാടമെന്നോ പറയാവുന്ന നിർമ്മിതിക്ക് മുന്നിൽ ഒാഷ്യാനസ് ദേവൻ .ഘനഗംഭീരം മുഖം. ദേവാനുചിതം തിളക്കം കണ്ണുകളിൽ.ആഭിജാത്യം ഇഴ ചേരുന്ന നീണ്ട കനത്ത താടി.   നെടു നീളൻ ആകാരം.ത്രസിച്ച് നില്ക്കുന്നു പേശികൾ.വലത് കൈയിൽ  അധികാര സൂചകമായി കുറു ദണ്ഡ്. കാറ്റിലാകെയുലയുന്ന മേലാട 'നഗ്നമൂലം' പണിപ്പെട്ട് മറയ്ക്കുന്നുണ്ട്. ഇടതു കാലല്പം മുന്നോട്ടുയർത്തി വെച്ച്  ചിപ്പിത്തോടിന്റെ രൂപത്തിലുള്ള രഥത്തട്ടിലെ നില്പ്  മൊത്തം ജലധാരക്ക്  വല്ലാത്തൊരു ചലനാത്മകതയും പ്രൗഡിയും ഉറപ്പാക്കുന്നുണ്ട്.ഒാഷ്യാനസിന് പിന്നിൽ അർദ്ധവൃത്തത്തിൽ നിരന്ന് നില്ക്കുന്ന കൊര്യന്ത്യൻ  തൂണുകളും അതിൽ തങ്ങി നില്ക്കുന്ന അർദ്ധ കുംഭത്തിന്റെ ചന്തവും ചുമരിൽ  സൂക്ഷ്മമായി കൊത്തിയുയർത്തിയ ചിത്രപ്പണികളും തേർത്തട്ടിനെ നന്നായി പൊലിപ്പിക്കുന്നുണ്ട്.കാഴ്ചക്ക് മേൽ സർവ്വാധിപത്യം പുലർത്തുന്ന ഓഷ്യാനസിനു വിധേയമായിട്ടാണ് ജലധാരയുടെ സൗന്ദര്യം വികാസം പ്രാപിക്കുന്നത്.

ഓഷ്യാനസിന് മുമ്പിൽ , ദേവരഥം വലിച്ചു രണ്ടു കുതിരകൾ. കടലിന്റ വിപരീത ഭാവങ്ങൾ സാക്ഷ്യപ്പെടുത്തി ഒന്ന് ക്ഷുഭിതം.മറ്റേത് ശാന്തം.അവയെ നിയന്ത്രിച്ച് കൊണ്ട് ഇടതും വലതും ശംഖൊലിയുമായി രണ്ട്  ത്രിത്തോന്മാർ.നമ്മൾ ത്രിത്തോൺ ഫൗണ്ടനിൽ കണ്ട മെർമാൻ തന്നെ.പൊസൈഡൻ ദേവന്റെ സന്തതി.ത്രിത്തോൺന്മാരുടെ സാന്നിധ്യമാകാം ,ജലധാരയിലെ പ്രധാനപുരുഷശില്പം പൊസൈഡൻ അഥവാ നെപ്ട്യൂൺ ആണെന്ന ധാരണയുണ്ടാക്കിയത്. എന്നാൽ ജലധാര രൂപകല്പന ചെയ്ത നിക്കൊളാസ്  സാൽവി തന്നെ അത് ഓഷ്യാനസ് ദേവനാണെന്ന് രേഖപ്പെടുത്തുന്നു.


ഓഷ്യാനസിന്റെ തേരിന് ചുറ്റു നിന്നുമായി ജലം ഒഴുകിയിറങ്ങുന്നു.പല തലങ്ങളിലായി സൗമ്യമായി ഇറങ്ങിവന്ന് താഴെയുള്ള ജലാശയത്തിലേക്ക് കൂട്ട് തേടിപ്പോകുന്നു.ജലാശത്തിൽ നിന്നും പതിയെക്കേൾക്കാം കൂട്ടു ചേരുന്ന മർമ്മരങ്ങൾ.ചിലപ്പോഴൊക്കെ പുളകം സഹിക്കാഞ്ഞ്  തെറിച്ചുയരുന്നു  ജലകണികകൾ. ജലപരിരംഭണത്തിന്റെ കുഞ്ഞലകൾ ജലാശയത്തിന്റെ സുതാര്യതയെ കളങ്കപ്പെടുത്തുന്നില്ല.സന്ദർശകർ പ്രാർത്ഥനാപൂർവ്വം അർപ്പിച്ചുപോയ നാണയങ്ങൾ അടിത്തട്ടിൽ മയങ്ങുന്നത് വ്യക്തമായി കാണാം.ചിലപ്പോഴൊക്കെ,മദ്ധ്യാഹ്ന സൂര്യന്റെ രൂക്ഷമായ ഒളിഞ്ഞു നോട്ടം അവയെ വിളിച്ചുണർത്തും. അപ്പോഴൊക്കയവ നാണം കൊണ്ട് യൂറോ കണക്കിന് തിളങ്ങും.സന്ദർശകരിലേക്ക് പടർന്ന് കയറിയ പഴയൊരു റോമൻ(അന്ധ)വിശ്വാസമാണ് ഈ നാണയങ്ങളെ ട്രെവിയുടെ അടിത്തട്ടിലേക്കെത്തിക്കുന്നത്.

പുരാതന റോമക്കാർ നഗരം വിട്ടു പോകുമ്പോൾ  നദികളിലും തടാകങ്ങളിലും നാണയങ്ങൾ അർപ്പിക്കുമായിരുന്നു. സുരക്ഷിതമായി റോമിൽ തിരിച്ചെത്തുന്നതിനുള്ള ചെറിയ ഇൻഷുറൻസ് പ്രീമിയം ആയിരുന്നു അത്.റോമിൽ നിന്നു പോകുന്ന പുരുഷനെക്കൊണ്ട്  വന്ന് കാമുകിയോ പ്രതിശ്രുതവധുവോ ട്രെവിയിലെത്തി ഇങ്ങനെ നാണയമെറിയും.മുൻപൊക്കെ കാമുകനുമായി വന്ന് ,പുത്തനൊരു കപ്പിൽ ഈ ജലധാരയിലെ വെള്ളം കുടിച്ച്,ആ കപ്പ് ഉടച്ചും കളഞ്ഞ്  തങ്ങളുടെ ബന്ധം ഉറപ്പിക്കുമായിരുന്നു റോമൻ സുന്ദരിക്കുട്ടികൾ.വിശ്വാസം അതല്ലേ എല്ലാം.
ഏതായാലും ആ വിശ്വാസം നാണയത്തുട്ടുകളായി ഉറക്കുന്നുണ്ട് ട്രെവിയുടെ അടിത്തട്ടിൽ .ഏകദേശം 3000 യൂറോയാണ് ഒരു ദിവസം അങ്ങനെ വെള്ളത്തിലാവുന്നത്. പാവപ്പെട്ടവർക്കായുള്ള സൂപ്പർ മാർക്കറ്റിന്റെ നടത്തിപ്പിലേക്കാണത്രേ ഇതത്രയും പോകുന്നത്. എന്നാൽ ശ്രമകരമല്ലാത്തൊരു മോഷണത്തിനവസരമായി ട്രെവിയെ കണ്ടവരുമുണ്ട്. അക്കൂട്ടത്തിൽ പ്രഥമസ്ഥാനീയനാണ് റോബെർട്ടോ സെർസിലെററ(Roberto Cercelletta) .രണ്ടായിരത്തി രണ്ടിൽ പിടിക്കപ്പെടുന്നതു വരെ  മുപ്പത്തിനാല് വർഷമാണ് ,റോമാക്കാർ ഡി അർതഗ്നാൻ എന്നു വിളിക്കുന്ന ഇയാൾ നാണയ മോഷണം നടത്തിയത്.കുന്തം പോലെയൊന്നിൽ കാന്തം വെച്ചായിരുന്നത്രെ മൂപ്പരുടെ കൈ നനയാതെയുള്ള നാണയം പിടുത്തം. പലനാൾ കള്ളൻ 2002 ൽ ഒരു നാൾ പിടിക്കപ്പെട്ടു. പക്ഷേ കോടതിയിൽ അർതഗ്നാൻ മോഷണക്കുറ്റം നിഷേധിച്ചു. സന്ദർശകർ വെള്ളത്തിലുപേക്ഷിച്ച നാണയങ്ങളാണ്  താനെടുത്തത്.ഉപേക്ഷിക്കപ്പെട്ടത് മോഷ്ടിക്കാനാകുമോ? കോടതി ആ വാദം അംഗീകരിച്ചു. അർതാഗ്നനെ വെറുതെ വിട്ടു. പോലീസ് വിട്ടില്ല.ജലധാരയിലേക്ക് അതിക്രമിച്ചു കയറിയതിന് ചെറിയൊരു തടവ് തയ്യാറാക്കിക്കൊടുത്തു അവർ.1999 ൽ അങ്ങനെയൊരു നിയമം റോമിൽ നിലവിൽ വന്നിരുന്നു. ശിക്ഷ കഴിഞ്ഞ അർതാഗ്നാൻ നേരെ ചെന്നത് ട്രെവിയിലേക്കാണ്. ജലധാരയുടെ വശങ്ങളിലെ മാർബിൾ പാറക്കെട്ടുകളിൽ കയറി നിന്ന്  വയറ്റത്തടിച്ച് വലിയ വായിൽ നിലവിളിയായി. തന്റെ മാന്യമായ തൊഴിൽ നഷ്ടപ്പെടുത്തിയതിലെ പ്രതിഷേധം. തന്റെ വയററിപ്പിഴപ്പ് തകർത്തവർക്കെതിരെ തന്റെ വയർ കീറിക്കാണിക്കാനും ശ്രമിച്ചു മൂപ്പര് .പോലീസ് വീണ്ടും പൊക്കി. വീണ്ടും തടവ്.ഉപേക്ഷിക്കപ്പെട്ട നാണയത്തുട്ടുകളുടെ ഈ തമ്പുരാൻ 2013 ഡിസംബറിൽ മരണത്തിന്റെ അവസാനത്തടവറയിലായി ,അറുപത്തിരണ്ടാം വയസ്സിൽ .


                  ഡി അർതഗ്നാന്‍റെ പ്രതിഷേധം

ജലധാരക്ക് മുന്നിലെ പടികളിൽ ആളുകൾ കുറഞ്ഞിരിക്കുന്നു. വിശപ്പിന്റെ വിളിയിൽ ഭക്ഷണക്കടകളിലേക്ക് വലിഞ്ഞതാകാം.റോമിന്റെ ജൂൺ മാസച്ചൂട്  കഠിനമാണ്, പ്രത്യേകിച്ചും നട്ടുച്ചകളിൽ. കഴിഞ്ഞു പോയ പത്തു പതിനഞ്ചു ദിവസങ്ങളിലായി ഞങ്ങൾ അതിനോട്  പൊരുത്തപ്പെട്ടിരിക്കുന്നു. ഇടക്കിടക്ക് ജലാറേറായിങ്ങനെ കിട്ടണമെന്നു മാത്രം.


                   ട്രെവി ഫൌണ്ടന്‍റെ ആദ്യസ്ഥാനം 

ട്രെവിയിലേക്ക് നാണയമെറിയൽ ചടങ്ങിന് തയ്യാറെടുക്കുന്നുണ്ട്  രണ്ട് പേർ. യുവതി വലിയ  ആവേശത്തിലാണ്. യുവാവിൽ നിന്ന് ഏതോ യൂറോക്കഷണം  വാങ്ങി നെഞ്ചോട് ചേർത്തു വെച്ചൊന്ന് ധ്യാനിച്ച്  ഇടത് ചുമലിന് മുകളിലൂടെ പുറകിലേക്കെറിയുന്നു. എന്നിട്ട് നാണയം ജലത്തെ ചുംബിക്കുന്ന ശബ്ദത്തിന്      കണ്ണടച്ച് കാതോർക്കുന്നു. യുവാവിന്റെ ക്യാമറാ ഫ്ളാഷും  അവൾ കാതോർത്ത ശബ്ദവും ഒന്നിച്ച്.ചുവന്നു തുടുത്ത മുഖവുമായി അവൾ തുള്ളിച്ചാടി.ആ സന്തോഷത്തിൽ പങ്കു ചേർന്ന് അവളുടെ കുട്ടിപ്പാവാടയും ഇളകിയാടി.അടുത്തത് യുവാവ് നാണയമെറിയുന്നു, അവൾ പടം പിടിക്കുന്നു. മൂപ്പരും സന്തോഷത്തിൽത്തന്നെ .പക്ഷേ അമിതാവേശമില്ല.
ഇനിയെന്തു ചെയ്യേണ്ടൂ എന്നൊന്ന് അന്തം വിട്ട് നിന്ന്  സുന്ദരിക്കുട്ടി അമ്മയുടെ അടുത്തു വന്നിരുന്നു, ഗ്രാനീ എന്ന് മനോഹരമായി വിളിച്ചു കൊണ്ട് .അമ്മ പകുതി തിന്നു തീർത്ത ഐസ് ക്രീം കോണിലേക്ക് അവൾ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു.യുവാവ് അടുത്തുവന്ന് നിന്ന് പരിചയപ്പെടുത്തി, ഞങ്ങൾ പോളണ്ടിൽ നിന്നാണ്.
പഴയ കമ്മ്യൂണിസ്റ്റ് രാജ്യം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാസ്തികൻ ഉണർന്നു.
-
സുഹൃത്തേ, ട്രെവിയിലേക്ക്  കൊയിനുകളെറിഞ്ഞാൽ റോമിലേക്ക്  വീണ്ടും വീണ്ടും തിരിച്ചു വരുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?
-
ഓ. അത് ,അങ്ങനെയൊന്നുമില്ല. അയാൾ ചിരിച്ചു. ചിരിക്കുമ്പോൾ കൂട്ടുകാരിയേക്കാൾ കുഞ്ഞായിപ്പോകുന്നുണ്ട് അയാൾ.
-
മൂന്ന് കൊല്ലം മുമ്പാണ് ഞാനാദ്യമായി ഇവിടെ വരുന്നത്.പോളണ്ടിലെ യൂണിവേഴ്സിറ്റിയിൽ കലാചരിത്ര വിഭാഗത്തിൽ ഐക്കണോഗ്രാഫി പഠനത്തിലായിരുന്നു ഞാൻ . സ്റ്റെഫായും അന്നാദ്യമായി വരുകയായിരുന്നു. ഞങ്ങൾക്കന്ന് പരസ്പരം അറിയില്ലായിരുന്നു. പക്ഷേ ഒരുമിച്ചാണ് ഇവിടെ ഇന്നത്തെ പോലെ വന്നു നിന്നത്. തപ്പി നോക്കിയപ്പോൾ എന്റെ കയ്യിൽ ഒറ്റ കൊയിനുമില്ല. അന്ന് സ്റ്റെഫായാണ് കൊയിനുകൾ തന്നത്. ഞങ്ങൾ പരിചയപ്പെട്ടു.
കഴിഞ്ഞ കൊല്ലം ഇതേ ദിവസം ഇവിടെ വെച്ച് ഞങ്ങളൊരുമിച്ചു. ഇത്തവണ ഞങ്ങൾ ഒരുമിച്ചാണ് വന്നത്.നാണയമെറിഞ്ഞില്ലെങ്കിലും ഞങ്ങൾ ഇനിയുള്ള വർഷങ്ങളിലും ഇവിടെ വരും. ഒരുമിച്ച് .
ഐക്കണോഗ്രാഫി ഒരു പുതിയ വാക്കായിരുന്നു ഞങ്ങൾക്ക് .അത്തരമൊരു ഗ്രാഫിയെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ലായിരുന്നു. പോളിഷ് സുഹൃത്ത് ദയാപുരസ്സരം എന്റെറ അജ്ഞത തുടച്ചു നീക്കി. ചിത്രങ്ങളിലും നിർമ്മിതികളിലും ( പള്ളികൾ, മുഖപ്പുകൾ, അൾത്താരകൾ, കൊട്ടാരങ്ങൾ, ജലധാരകൾ) ഉള്ള രൂപങ്ങളിലൂടെ കലയുടെ വ്യാഖ്യാനമാണ് ലക്ഷ്യം. ബൈസാന്റയിൻ, ക്രിസ്ത്യൻ, റോമൻ ഗ്രീക്ക് എന്നൊക്കെയായി പലവകഭേദങ്ങളുമുണ്ട്.കൂട്ടത്തിൽ ഇന്ത്യൻ ഐക്കണോഗ്രാഫിയും പ്രധാന ഉപവിഭാഗമാണ്. ജലധാരകളിലെ ഐക്കണോഗ്രാഫി സാധ്യതയും സ്റ്റെഫായും ട്രെവിയിൽ വെച്ചാണ് ഇദ്ദേഹത്തിലേക്ക് കയറിക്കൂടുന്നത്.
ഏതായാലും കാലിൽ ചുറ്റിയ 'തേടിയ വള്ളി' പെട്ടെന്നൊന്നും ഊരിക്കളയേണ്ടെന്ന് വെച്ചു ഞാൻ. ട്രെവിയും അതിന്റെ ഭാഗമായ പോലിക്കൊട്ടാരച്ചുമരും പ്രതിമകളുടേയും രൂപങ്ങളുടേയും സമൃദ്ധിയിലാണ്, സുഹൃത്താകട്ടെ ആവേശത്തിലുമാണ്.’നടുനായകത്വം’ വഹിച്ചു നില്‍ക്കുന്ന ഓഷ്യാനാസിന്റെ ഇരുവശത്തുമായി സമൃദ്ധിയുടെയും സൌഖ്യത്തിന്റെയും പ്രാധിനിത്യപ്രതിമകളാണ്. സമൃദ്ധിയുടെ പെണ്‍രൂപം കൈകളില്‍ നിറഞ്ഞ പഴക്കൂട താങ്ങി നില്‍ക്കുന്നു. താഴെ കാലുകള്ക്കടുത്തു പാത്രത്തില്‍ നിന്ന് ചെടികള്‍ക്കായി ഒഴുകിപ്പോകുന്ന വെള്ളം.ആരോഗ്യസൌഖ്യം സൂചിപ്പിക്കുന്നത് ഇടതു കയ്യില്‍ കുന്തവും വലതു കൈയില്‍ പാത്രത്തില്‍ വെള്ളവുമായി നില്‍ക്കുന്ന മറ്റൊരു സുന്ദരിയാണ്. അവളുടെ കയ്യിലെ പാത്രത്തില്‍ നിന്ന് മെരുങ്ങിപ്പോയൊരു പാമ്പ്‌ വെള്ളം കുടിക്കുന്നു.ഈ ശില്‍പങ്ങള്‍ക്കും മുകളിലായി ഇരുവശത്തുമായി വീണ്ടും രണ്ടു ശില്‍പ്പങ്ങള്‍.ഒന്നില്‍ നമ്മുടെ കഥയിലെ കന്യക അഗ്രിപ്പയുടെ പടയാളികള്‍ക്ക് നീരുറവ കാട്ടിക്കൊടുക്കുന്നു. മറ്റേതില്‍ അഗ്രിപ്പാ തന്നെയാണ് താരം.ഐക്കണോഗ്രാഫിക്കാരന്‍ മുകളിലേക്ക് മുകളിലേക്ക് കത്തിക്കയറുകയാണ്.മുകളില്‍ ഉരുളന്‍ തൂണുകളുടെ തട്ടത്തില്‍ പ്രതിമകളായി നില്‍ക്കുന്ന നാല് സുന്ദരികള്‍ നാല് ഋതുക്കളെ ഓര്‍മ്മപ്പെടുത്തുന്നു.എല്ലാറ്റിനും മുകളില്‍ ക്ലെമെന്റ് പന്ത്രണ്ടാമന്‍ പാപ്പയുടെ അധീശത്വം വിളിച്ചുപറഞ്ഞു കുലചിഹ്നങ്ങളും കിരീടവും താങ്ങിപ്പിടിച്ചു മാലാഖമാര്‍.പോലിച്ചുമരിലെ പന്ത്രണ്ടു ജാലകങ്ങളും സൂചകപ്രതിമകളും ഒന്ന് കൂടിയുഴിഞ്ഞ് ഞങ്ങള്‍ കണ്ണുകളെ താഴേക്കു കൊണ്ട് വന്നു.
പോളിഷ് സുന്ദരിക്കുട്ടി ഇതിനിടയിൽ രണ്ടു വലിയ കപ്പ് ജെലാറ്റോയുമായി വന്നു. അമ്മയുടെ തീറ്റ നോക്കിയിരുന്ന് അവൾക്ക് മടുത്തു കാണും.
ഒരു വെട്ടുകിളിയുടെ വേഗത്തിൽ ആ വെകിളിപ്പെണ്ണ് ആ വലിയ കപ്പ് ജലാറ്റോ തിന്നു തീർത്തു.ഗ്രാനിയോട് യാത്ര പറഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ അമ്മയുടെ പഴംമനസ്സിൽ നിന്ന് ആ പുരാതന ചോദ്യം. - 
കുട്ടികളെത്രേണ്ട്?
ഞങ്ങൾ തന്നെ കുഞ്ഞുങ്ങളല്ലേ അമ്മൂമ്മേ എന്ന് പറഞ്ഞ് കുഞ്ഞുങ്ങളേക്കാൾ നിഷ്ക്കളങ്കമായി ചിരിച്ച് കൊണ്ട് അവർ നടന്നു പോയി.
കുഞ്ഞുങ്ങൾക്ക് പിന്നാലെ ഞങ്ങളും പോകാനെഴുന്നേറ്റു. നാണയമെറിയൽകാരുടേയും ഫോട്ടോ പിടുത്തക്കാരുടേയും ഇടയിലൂടെ വഴിയിലെത്തി.സെൽഫി സാഹസങ്ങൾ സാധാരണമല്ലാതിരുന്നത്  കൊണ്ട്  ജലധാരയെത്തന്നെ ഫോക്കസ് ചെയ്യുന്നുണ്ട് കാമറക്കണ്ണുകൾ.
മുമ്പ് കണ്ട റോമൻ സുന്ദരൻ നയിക്കുന്ന ടൂറിസ്റ്റ് സംഘം      ട്രെവിയിലെത്തിയിട്ടുണ്ട്. തന്റെ ചടുലവും സ്ഫുടവും ആയ ഇംഗ്ലീഷ് കൊണ്ട് അയാൾ ഇരുപതിലേറെപ്പേരുള്ള കൂട്ടത്തെ ഒരു വിധമൊക്കെ ത്രസിപ്പിച്ചു നിർത്തുന്നുണ്ട്. ഒരു വിധം ഉച്ചത്തിൽ സംസാരിക്കുന്നുണ്ട് ഇദ്ദേഹം.വിജ്ഞാന വിതരണം തന്റെ  കൂട്ടം വിട്ട് പോകരുതെന്ന സ്വാർത്ഥതയൊന്നും മൂപ്പർക്കില്ല.ചില പന്ന ഗൈഡുകളുണ്ട്  ,അവരുടെ ടിക്കറ്റെടുത്തവർക്ക് മാത്രം കേൾക്കുന്ന വിധത്തിൽ ശബ്ദം ക്രമീകരിക്കുന്നതിൽ വിദഗ്ദരായവർ .സൂത്രത്തിൽ അവരെയൊന്നു കേൾക്കാൻ ശ്രമിച്ചാൽ നിരുത്സാഹപ്പെടുത്തും ഈ അല്പന്മാർ .ഞങ്ങൾ മെല്ലെ സുന്ദരന്റെ കുഞ്ഞാടുകളുടെ കൂടെച്ചേർന്നു. യാത്രകളിൽ ഞങ്ങൾ വിജയകരമായി നടപ്പിലാക്കി വരുന്ന ഒരു സാമ്പത്തിക എച്ചിത്തരമാണിത്.ഇത് ഞങ്ങളായി തുടങ്ങി വെച്ചതൊന്നുമല്ല.യാത്രാലഹരി തലക്കു പിടിച്ച ദരിദ്രവാസി സഞ്ചാരി കാലങ്ങളായി നടപ്പിലാക്കി വരുന്ന ബജ്ജറ്റ് ട്രാവൽ ടിപ്സിലുള്ളതാണ്. കാശുള്ളവൻറെ തോളിൽ കയറി നിന്ന്  കാശില്ലാത്തവൻ കാഴ്ച കാണുന്ന സുന്ദരസുരഭില സോഷ്യലിസം.\തെമ്മാടിത്തരം

സുന്ദരൻ ഗൈഡ് തുടങ്ങിയിട്ടേയുള്ളുവെന്ന് തോന്നുന്നു. ചരിത്രത്തിൽ പിടിച്ചു മെല്ലെ കയറിവരുകയാണ്. റോമാ ചക്രവർത്തി ഒക്ടേവിയൻ അഗസ്റ്റസിനൊപ്പം ബിസി പത്തൊമ്പതിൽ നിന്ന് നടന്നു തുടങ്ങിയിട്ടേയുള്ളു. 
ഒക്ടേവിയന്റെ പ്രധാന സേനാധിപനും മരുമകനും ആയിരുന്നു അഗ്രിപ്പ .ഇദ്ദേഹമാണ് റോമിലെ ആദ്യത്തെ നീർക്കുഴലായ അക്വാ വിർഗോ (വെർജിൻ) നിർമ്മിക്കുന്നത്.നീരുറവകൾ തേടി വലഞ്ഞ ,അഗ്രിപ്പയുടെ പട്ടാളക്കാർക്ക് ജലസ്രോതസ് കാണിച്ചു കൊടുത്ത കന്യകയുടെ ഓർമ്മയ്ക്കാണ് അക്വാ വിർഗോ എന്ന പേര്. അന്നും പെണ്ണിന്റെ പേരിനേക്കാൾ സാംഗത്യം അവളുടെ കന്യകാത്വത്തിനായിരുന്നു.ഇന്നത്തെ പ്രശസ്തമായ പാർത്തിയോണിനടുത്ത് അഗ്രിപ്പക്കുണ്ടായിരുന്ന റോമൻ ബാത്തുകളിലേക്ക്  വെള്ളമെത്തിക്കുക എന്നതായിരുന്നു നീർക്കുഴൽ നിർമ്മാണത്തിലെ സ്വാർത്ഥ ലക്ഷ്യം.
ജർമ്മൻ ഗോത്തുകളുടെ പടയോട്ടത്തിൽ പുരാതന റോമിലെ മിക്ക നീർക്കുഴലുകൾ തകർക്കപ്പെട്ടു. റോമാക്കാരെ  വെള്ളംകുടി മുട്ടിച്ച്  തകർക്കുക എന്നതായിരുന്നു ഗോത്തുകളുടെ ലക്ഷ്യം.ഭൂമിക്കടിയിൽ ഒളിച്ചു കിടന്ന്  അക്വാ വിർഗോ ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുപത്തിയൊന്ന് കിലോമീറ്റർ നീളമുള്ള ഈ നീർക്കുഴലിന്റെ പത്തൊമ്പത് കിലോമീറ്ററും ഭൂമിക്കടിയിലാണ് .പിന്നീട് പാപ്പക്കാലത്താണ് തകർക്കപ്പെട്ട കുഴലുകളുടെ പുനർനിർമ്മാണം നടക്കുന്നത് .പയസ് അഞ്ചാമന്റെ നേതൃത്വത്തിൽ 1570 കളിൽ ഇത് പൂർത്തിയാകുകയും ട്രെവിയിൽ ഒരു ഫൗണ്ടൈൻ സ്ഥാപിക്കുകയും ചെയ്തു.

സുന്ദരൻ ഗൈഡ് ആവേശത്തിലാണെങ്കിലും മൂപ്പരുടെ സംഘത്തിന്  ഇന്നത്തെ കാഴ്ചയിലുള്ള താൽപ്പര്യം പണ്ടത്തെ ചരിത്രത്തിലില്ല.അവരെയൊന്ന്  കുലുക്കിയുണർത്താറായെന്നു അദ്ദേഹത്തിന്  തോന്നിക്കാണും ,ചുവന്ന റിബ്ബൺ  കെട്ടിയ കാലൻകുട പൊക്കിപ്പിടിച്ച്  ഒരു പ്രൊഫസ്സറുടെ ഭാവഹാദികളോടെ ഒരു ചോദ്യം.
എവിടെയാണ്  റോം പണിതിരിക്കുന്നത്?
സദസ്സുണർന്നുവെങ്കിലും നിശബ്ദം.ഉത്തരമില്ല.
പത്രോസിന്റെ സിംഹാസനത്തിൻ മേലെയാണോ? പത്രോസിന്റെ ശവക്കുടീരത്തിന്റെ മുകളിലാണോ?
വിശ്വാസത്തിന്റെ കുരിശിലാണോ?
ചോദ്യങ്ങളുടെ ചരൽ  വാരിയെറിയുകയാണ്  ഗൈഡേമാൻ.
സദസ്സിൽ അമ്പരപ്പ്, കുശുകുശുപ്പ്. ഉത്തരമില്ല.
സ്വർഗ്ഗത്തിലാണോ? നരകത്തിലാണോ? ടൈബറിന്റെ മടിയിലാണോ? ഏവിടെയാണ് ,എവിടെയാണ് റോം പണിതിരിയ്ക്കുന്നത്.?
വീണ്ടും കല്ലേറ്. ഇപ്രാവശ്യം കുറച്ച് കടുപ്പത്തിലാണ് കല്ലേറ്. കാലൻകുട കൊണ്ട് ഓരോ ഭാഗത്തേക്കും ചൂണ്ടിയാണ് ചോദ്യങ്ങൾ.കുടക്കാൽ തിരിഞ്ഞ് തിരിഞ്ഞ് ഞങ്ങൾക്ക് നേരെയായ നിമിഷത്തിൽ ആ ഉത്തരം എന്നിൽ നിന്ന് ചാടിയിറങ്ങിപ്പോയി.
Rome is build on seven hills.
അതന്നെ. ഗൈഡൻ സായ്‌വ്  അലറി.നുഴഞ്ഞുകയറ്റക്കാരൻ പട്ടാളക്കാരനോട്  ഹലോ പറയുന്നത് പോലെയായി അത്. .എന്റെ ഉത്തരത്തിൽ നിന്ന്  ഗൈഡ് പ്രസംഗം തുടർന്നു. റോമിലെ ഏഴു കുന്നുകളിൽ  ഒന്നാണ് ക്വിരിനാൽ .ഈ കുന്നുപുറത്തായിരുന്നു  അന്നത്തെ പാപ്പാക്കൊട്ടാരം.കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നു കാണാവുന്ന  വിധത്തിലാവണം  ട്രെവിയിലെ ഫൗണ്ടൻ എന്നത്  അർബൻ എട്ടാമൻ പോപ്പിന്റെ  പൂതിയായിരുന്നു.അങ്ങനെയാണ് ഇന്നത്തെ ഫർമസിയുടെ സ്ഥാനത്തു നിന്ന് ഇന്ന് കാണുന്ന പോലിക്കൊട്ടാരച്ചുമരിലേക്ക് ജലധാര മാറിയത്. ഇഷ്ടശില്പിയായ ബെർണിനിയെത്തന്നെയാണ്  അർബൻ പോപ്പ് ജലധരാ നിർമ്മാണം  ഏൽപ്പിച്ചത്.രൂപരേഖയും  രൂപത്തറയുമൊക്കെ തയ്യാറായെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാൽ ആ സംരംഭം  മുന്നോട്ടു പോയില്ല.മട്ടുപ്പാവിലിരുന്നു 'ട്രെവിക്കാഴ്ച' കാണാതെ അർബൻ എട്ടാമൻ 1644ൽ കാലം ചെയ്തു.റോമിന്റെ ഏറ്റവും സുന്ദരമായ ജലസൃഷ്ടിയിൽ കയ്യൊപ്പു ചേർക്കാനാവാതെ ബെർണീനി 1680ൽ കാലയവനികക്കപ്പുറത്തെ ശില്പശാലയിലേക്ക് കയറിപ്പോയി.ട്രെവിയിലെ സ്വപ്നം അങ്ങനെ അനാഥമായി.
ട്രെവിയിൽ ജലചിന്തകൾ വീണ്ടും ഒഴുകിത്തുടങ്ങുന്നത്  പിന്നെയും നൂറോളം വർഷങ്ങൾ കഴിഞ്ഞാണ്.1730ൽ ക്ലെമെൻസ്  പന്ത്രണ്ടാമൻ പോപ്പ് ഒരു മത്സരം നടത്തി.അന്നത്തെ പ്രശസ്ത വാസ്തുശില്പികളെല്ലാം അവരുടെ ജലധാരാരൂപകല്പനകളും പദ്ധതി രേഖകളുമായി പാപ്പാകൊട്ടാരത്തിൽ ഹാജരായി.ഗലീലിയോ ഗലീലിയുടെ കുടുംബക്കരനായ അലസ്സൻഡ്രോ ഗലീലി വിജയിയായി.റോമിലെ പൗരന്മാർക്ക്  അത് പിടിച്ചില്ല.അലസ്സൻഡ്രോ ഫ്ലോറിൻസിൽ നിന്നായിരുന്നു.ആരവിടെ,റോമിലൊരു ഫൗണ്ടൈൻ പണിയാൻ റോമിൽ ആളില്ലെന്നോ? ബഹളമായി. പ്രക്ഷോഭമായി.ഇന്നും നല്ല റേറ്റിങ്ങുള്ള പ്രദേശികവാദം സ്വജനപക്ഷപാതം ഒക്കെത്തന്നെ ചേരുവകൾ.അവസാനം രണ്ടാമനും റോമാക്കാരനുമായ നിക്കോളാസ് സാൽവി ഒന്നാമനായി. അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന  സാൽവിയുടെ ആദ്യത്തെ വമ്പൻ പദ്ധതിയായിരുന്നു അത്. അവസാനത്തെയും.ഹെർണിയ കൊണ്ടും പ്രായം കൊണ്ടും വലഞ്ഞിരുന്ന പോപ്പിന് തന്റെ കാലത്തും ജലധാരയുടെ നിർമാണം പൂർത്തിയാകുമോ എന്ന ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് പണി നടന്നുകൊണ്ടിരിക്കെത്തന്നെ ജലസ്പർശമേറ്റിട്ടില്ലാത്ത ജലധാര മൂപ്പർ ഉദ്ഘാടനം ചെയ്തു കളഞ്ഞു ,1735ൽ.(ഉമ്മൻ ചാണ്ടി സിൻഡ്രോം എന്ന് പറയും)ആ വിവരം ജലധാരയുടെ മുഖപ്പിലൊരു മാർബിൾ ഫലകത്തിൽ എഴുതിവെക്കുകയും ചെയ്തു.ട്രെവി ഫൗണ്ടൻ പൂർത്തിയാക്കാതെ പോപ് 1740ലും സാൽവി 1751ലും ജീവിതത്തിൽ നിന്നും പിരിഞ്ഞു പോയി.1762,മെയ് 22നാണു പോപ്പ് ക്ലെമെൻസ്  പതിമൂന്നാമൻ ,ജലത്തിന്റെയും മാർബിലിന്റെയും ശില്പചാതുര്യത്തിന്റെയും അപൂർവ സങ്കലനമായ ട്രെവി ചത്വരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
ട്രെവിയുടെ നാൾവഴികൾ വിസ്തരിച്ചു പറഞ്ഞതിന്റെ  സംതൃപ്തിയിൽ ഗൈഡൻ ഒന്ന് നിർത്തി.തന്റെ സദസ്സിനെ നോക്കി പുഞ്ചിരിച്ചു.സംഘവും സംതൃപ്തമാണ്.അവർ സ്വന്തമായ കാഴ്ചകളുടെയും താല്പര്യങ്ങളുടെയും ചെറിയൊരു ഇടവേളയിലേക്ക്  പിരിഞ്ഞുപോയി. ഞങ്ങൾ ഗൈഡിന്റെ അടുത്ത് ചെന്ന്  അരമണിക്കൂർ നേരത്തെ സൗജന്യ അറിവുകൾക്ക് നന്ദി പറഞ്ഞു.ഞങ്ങൾ ഇന്ത്യക്കാരാണെന്നു മൂപ്പർ ഗണിച്ചെടുത്തു കഴിഞ്ഞിരുന്നു.അമ്മയുടെ സുഖവിവരങ്ങളും ആരോഗ്യകാര്യങ്ങളൊക്കെ സ്നേഹപുരസ്സരം ആരാഞ്ഞു.അമ്മയും മക്കളുമൊക്കെക്കൂടിയുള്ള 32 ദിവസങ്ങൾ നീണ്ടൊരു യാത്രയുടെ അവസാനദിനങ്ങളിലാണ് ഞങ്ങളെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.അടുത്ത തവണ റോമിൽ വരുമ്പോൾ തീർച്ചയായും കാണേണ്ട ചില കാഴ്ചകൾ പരിചയപ്പെടുത്തി.അത്രയൊന്നും ആഘോഷിക്കപ്പെടുന്ന കാഴ്ചകളായിരുന്നില്ല അവ.എന്നാൽ ഞങ്ങളുടെ അഭിരുചികളോട് കൃത്യമായി ചേർന്നുപോകുന്നതായിരുന്നു.ഏതാനും നിമിഷങ്ങളിലെ കൊച്ചുവർത്തമാനത്തിൽ നിന്ന് ഞങ്ങൾ അഞ്ചു പേരുടെ യാത്രാഫിലോസഫി മനസ്സിലാക്കിയിരിക്കുന്നു അദ്ദേഹം.വെറുതെയല്ല മൂപ്പരുടെ സംഘത്തിൽ ഇത്രയും ആളുകൾ.അദ്ദേഹം ഞങ്ങളെ ട്രെവിയുടെ വലതു ഭാഗത്തേക്ക് കൊണ്ട് പോയി ,ജലധാരയുടെ കാൻവസെന്നു പറയാവുന്ന പൊലികൊട്ടാരത്തിന്റെ  മുകൾ നിലയിലേക്ക്  ചൂണ്ടി.
മുകളിൽ ഇരുവശത്തുമായുള്ള ആറു ജാലകങ്ങളിൽ വലതുവശത്തെ ഒരെണ്ണം ജാലകമല്ല.ജനല് കെട്ടിയടച്ചു ജനൽപ്പാളികൾ വരച്ചുവെച്ചിരിക്കുകയാണ്.പെട്ടെന്ന് തിരിച്ചറിയുകയില്ല.ട്രെവിയെക്കുറിച്ചുള്ള എഴുത്തുകളിൽ ഏറെയൊന്നും വിവരിക്കപ്പെടാത്തതാണ് ഈ fake window.മുമ്പ് വായിച്ചിരുന്നതുകൊണ്ടും  വ്യാജനെ കൃത്യമായി അറിയാമായിരുന്നതുകൊണ്ടും ഗൈഡൻ സുഹൃത്തിനെ ഒന്ന് കൂടി ഞെട്ടിക്കാൻ കഴിഞ്ഞു.ഈ 'കപട ജാലക'ത്തിനും ഒരു കഥയുണ്ട്.ഇത്തരം കഥകളുടെയും കെട്ടുകഥകളുടെയും. കെട്ടഴിച്ചാണ്  ഗൈഡുകൾ ട്രെവിയെ പൊലിപ്പിച്ചെടുക്കന്നത്.



ഇന്ന് ഗ്രാഫിക് കലകളുടെ പ്രദര്‍ശനശാലയും ഗവേഷണസ്ഥാപനവുമായി പ്രവര്‍ത്തിക്കുന്ന പോലിക്കൊട്ടാരം മുന്‍പ് ഏതോ മുന്തിയ പ്രഭുകുടുംബത്തിന്റെ സ്വകാര്യസ്വത്തായിരുന്നു.താവഴിയിലെ ഏതോ തലതെറിച്ച സന്താനം ജനലിലൂടെ വീണോ എറിയപ്പെട്ടോ ട്രെവിയില്‍ ജലസമാധിയായി.
വത്തിക്കാനും പോപ്പും അടുത്തുള്ളത് കൊണ്ടായിരിക്കും അന്ധവിശ്വാസത്തില്‍ അഗ്രഗണ്യരാണ് റോമാക്കാര്‍.അവര്‍ രാത്രികളില്‍ ജനലിലൂടെ താഴേക്കു വീഴുന്ന കറുത്ത രൂപത്തെ കണ്ടു തുടങ്ങി.ആദ്യമൊരു നിലവിളി.പിന്നെ കറുത്ത രൂപം ട്രെവിയിലേക്ക് തുഴയുന്ന നിശബ്ദദ.അവസാനം രൂപം വെള്ളത്തില്‍ പതിക്കുന്ന ഘോര ജ്ലൂം നാദം.പൊലിക്കൊട്ടരത്തിന്‍റെ വലതുവശത്തെ ജനലപ്പോള്‍ തുറന്നു കിടക്കും.അധികാരികള്‍ ആ ജനല്‍ എടുത്തുകളഞ്ഞ് ഇഷ്ട്ടിക വെച്ചടച്ചു. ജലധാരയുടെയും കൊട്ടാരച്ചുമാരിന്റെയും ആര്‍ക്കിടെക്ച്ചുരല്‍ സിമ്മെട്രി നില നിര്‍ത്താന്‍ അവിടെ പഴയ പോലൊരു ജനല്‍ വരച്ചു വെച്ചു.ആ ജനലും ചൂണ്ടിയാണ് ഞങ്ങളും ഗൈഡനും നില്‍ക്കുന്നത്.





ഗൈഡ് തന്റെ കുട്ടികളെ വിസിലടിച്ചു വിളിച്ചു.അവർ കൈകളിൽ ബർഗറും ജെലാറ്റോയും കപ്പൂച്ചിനോക്കപ്പുകളും കൊല(കോള)ക്കുപ്പികളുമായി അലസം തിരികെ വന്നു.ഞങ്ങൾ മനസ് നിറഞ്ഞ കൃതജ്ഞതകളർപ്പിച്ചു  ഗൈഡിനോട് വിടപറഞ്ഞു.അദ്ദേഹം അമ്മയുടെ കൈകൾ  കൂട്ടിപ്പിടിച്ചു ടേക്ക് കെയർ മാതാജി എന്നു പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയത്.(ഭാരതീയ ടൂറിസ്റ്റുകളുടെ ബാഹുല്യം കൊണ്ടാവാം  മാതാജി പിതാജി  ദീദി വിളികൾ സാധാരണമാണ്).നടന്നു തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് വിളിച്ചു അദ്ദേഹം പിന്നെയും ഓര്‍മ്മപ്പെടുത്തി –പസ്ക്കിനോയെ മറക്കരുത്. വലിയ കാഴ്ചയൊന്നുമല്ല.എന്നാലും കാണണം.ഇപ്പോള്‍ ആരും അയാളെ ഓര്‍ക്കാറില്ല,കാണാറില്ല.ഞങ്ങളുടെ ഇന്നത്തെ അലച്ചിലിന്റെ തീമില്‍ പെടാതിരുന്നിട്ടും പസ്ക്കിനോയെ കാണാന്‍ തന്നെ ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി.

ട്രെവിയിലേക്ക് നാണയമെറിയാനുള്ള വീട്ടുകാരുടെ. ആഗ്രഹത്തെ എന്റെ പിശുക്കും (കപട)നാസ്തികനാട്യങ്ങളും ചേർന്ന് പരാജയപ്പെടുത്തിയിരുന്നു. ട്രെവിയിലെ വെള്ളത്തിൽ ഒളിച്ചു കളിക്കുന്നുണ്ട് ഏതാനും സൂര്യദൂതന്മാർ. ട്രെവിക്ക് നേരെ മുകളിൽ നിന്ന് വെളിച്ചപ്പൊട്ടുകളുടെ കളി രോഷത്തോടെ നോക്കുകയാണ് സുര്യൻ. ജലധാരയിലെ പ്രതിമകളിലേക്കും ആ രോഷച്ഛവി പരന്നിട്ടുണ്ട്. ജൂൺ വെയിലിനോട് കലഹിച്ച് ഉടുപ്പുകളെല്ലാം ഊരിയെറിഞ്ഞൊരു മാലാഖക്കുഞ്ഞ് വലതു വശത്തെ പാറക്കൂട്ടങ്ങളിൽ നിന്ന് രസിക്കുന്നു. മൂന്ന് വയസ്സ് പ്രായം കാണും. ജലധാരയിലെ കുസൃതിത്തുള്ളികൾ ഇടക്കവളെ ഇക്കിളിപ്പെടുത്തി. അപ്പോളവൾ മാതാപിതാക്കളെ നോക്കി കളകളം ചിരിച്ചു. അപ്പു അവളുടെ സന്തോഷത്തെ ക്യാമറയിലേക്ക് ക്ലിക്കിയെടുത്തു. അപ്പോളാണവൾ ജലധാരയിലെ രൂപങ്ങളിലേക്ക് തിരിഞ്ഞ് നിന്നത്. ഓഷ്യനസ് അപ്പൂപ്പന്റെ വലിപ്പം കണ്ടിട്ടോ, കലഹിക്കുന്ന കുതിരയെക്കണ്ടിട്ടോ അവൾ രണ്ടു കൈകളും മേലോട്ടുയർത്തിപ്പിടിച്ച് അലറിക്കരഞ്ഞു.അപ്പുവിന്റെ കാത്തു നിന്ന നിക്കോർലെൻസ് അതും സ്വന്തമാക്കി. ക്യാമറയിലെ  SD കാർഡിൽ മാലാഖക്കുഞ്ഞിന്റെ ചിരിയും കരച്ചിലും കെട്ടിപ്പിടിച്ച് കിടന്നു. 
യാത്രയിലെപ്പോഴും ക്ലിക്കൻ പരുവത്തിലായിരിക്കണം ക്യാമറ ,പ്രത്യേകിച്ചും ട്രെവിയിൽ .എപ്പോഴും അപൂർവ്വവും രസകരവുമായ ഒരു സംഭവം ട്രെവി ഫൗണ്ടന്റെ ചന്തത്തിലേക്ക്  കയറി നില്ക്കാം.ഒരിക്കൽ ചൂടു മൂത്തിട്ടോ ഭ്രാന്ത് മൂത്തിട്ടോ ഒരു മദാമ്മ തന്റെ മറയില്ലാത്ത സൗന്ദര്യവുമായി ജലധാരയിലേക്കിറങ്ങി നിന്നത്രേ.ഇനിയും ചുവക്കാത്ത റോമിൽ, ട്രെവിയിലെ വെള്ളം 2007 ലെ ഒരു ദിവസം ചുവന്നു. എന്തിനോ പ്രതിഷേധിയ്ക്കുന്ന ഏതോ ഒരുത്തൻ ചെഞ്ചായം കലക്കിയതായിരുന്നു. പില്ക്കാല സന്ദർശകരുടെ ഭാഗ്യം കൊണ്ട്  ട്രെവിയിലെ മാർബിൾ നിർമ്മാണങ്ങൾക്ക് പരിക്കൊന്നും പറ്റിയില്ല.



                   ട്രെവി ചുവന്നപ്പോള്‍ - ഗൂഗിള്‍

ഇനി നവോണ സ്‌ക്വയറിലേക്ക്.ഇരുപതോളം മിനിട്ടുകളിലേക്ക് നീളുന്ന അലസനടത്തത്തിന്റെ ദൂരമുണ്ട് നവോണ സ്ക്വയറിലേക്ക്.ഉച്ചച്ചൂടിന്റെ ഉശിരും ഉച്ചിയിലേക്കിഴയുന്ന ജെലാറ്റോ തണുപ്പും മധുരവും ഞങ്ങളെ കൂടുതൽ മന്ദരാക്കിക്കൊണ്ടിരുന്നു. ഒരു ടാക്സി വിളിക്കണമെങ്കിൽ അത് കിട്ടുന്നിടത്ത് ചെന്ന് കയറി അത് പോകാവുന്നിടത്തോളം ചെന്നിറങ്ങി പിന്നേയും നടക്കണം. അപ്പോഴും ഇത്ര തന്നെ സമയമെടുക്കും. പല ഭാഗങ്ങളിലേക്കും മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാലാണ് ഈ സമയസമത്വം.റോം പോലെയുള്ള വളരെ പഴയ നഗരങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് ഈ ഗതാഗത സോഷ്യലിസം. ചതുരക്കല്ലുകൾ പാകി മനോഹരമാക്കിയ ഇടവഴിയിലൂടെ അതിവിശാലമായ നവോണ ചത്വരത്തിലേക്ക്  കൊച്ചരുവി കടലിലേക്കെന്ന പോലെ ഞങ്ങൾ ചെന്നു ചേർന്നു. കാൽനടക്കിടയിൽ ഞങ്ങൾ കോമ്പസ് എന്ന് വിളിക്കുന്ന അപ്പു നടത്തിയ ചില ഇടപെടലുകൾ കാരണം ഞങ്ങൾക്ക് രണ്ടു മിനിറ്റ് ലാഭിക്കാനും പാൻതിയോണിനു മുമ്പിലെ തിരക്കൊഴിവാക്കാനും നവോണ സ്ക്വയറിന്റെ ഹൃദയത്തിലേക്ക് തന്നെ ചെല്ലാനും ഞങ്ങൾക്ക് കഴിഞ്ഞു. പഴയ വഴിയായിരുന്നെങ്കിൽ ഒരു മൂലയിൽ നിന്ന് ഒളിഞ്ഞുനോട്ടം പോലെയായേനേ ആ പ്രവേശനം.നവോണ യിലേക്ക് കയറേണ്ടതിങ്ങനെത്തന്നെയാണ് .ആദ്യ നിമിഷത്തിൽ, ആദ്യ ദർശനത്തിൻ, ആദ്യത്തെ ചുവടുവെപ്പിൽ ഇന്ദ്രിയങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകണം. അതിവിശാലമായൊരു തുറന്ന പ്രദർശനശാലയാണ് നവോണ സ്ക്വയർ. അതിശയിപ്പിക്കുന്ന കലാസൃഷ്ടികളുടെ ആനന്ദദായകസങ്കലനം. മൂന്ന് ഗംഭീര ജലധാരകൾ നിരയായ് നിന്നങ്ങനെ നനയുന്നു. ചത്വരത്തിലേക്ക് നിറയെ അനുഗ്രഹങ്ങൾ വിതറിക്കൊണ്ട് വിശുദ്ധ ആഗ്നസിന്റെ പള്ളിയുടെ മുഖപ്പുകൾ നേരെ മുന്നിൽ. പഴക്കമേറിയിട്ടും അഴകൊട്ടും കുറയാതെ ചത്വരത്തിന് അതിരിട്ട് നില്ക്കുന്ന കെട്ടിടങ്ങൾ. അതിലൊന്ന്  ഇന്നസൻറ് പത്താമൻ പോപ്പിന്റെ കുടുംബക്കൊട്ടാരമാണ്. ചുററിലുമുള്ള ഈ കെട്ടിടങ്ങൾക്കു മുമ്പിലെ ടാർപോളിൻ തണലിൽ റോമാക്കാരും സഞ്ചാരികളും ഇറ്റലിയുടെ വിശിഷ്ടഭോജ്യങ്ങൾ നുണയുന്നു. കാരിക്കേച്ചറുകളും പോർട്രേയിറ്റുകളും ഇറ്റാലിയൻ   ദൃശ്യങ്ങളും വരക്കുന്ന ചിത്രകാരന്മാർ ധാരാളം. ബാക്കിയുള്ള സ്ഥലത്ത് സഞ്ചാരികൾ തിക്കിത്തിരക്കുന്നു.


ക്രിസ്തുവർഷം 86 ൽ ഡൊമീഷ്യൻ ചക്രവർത്തി പണി കഴിപ്പിച്ച സർക്കസ് അഗോണാലിസ് എന്ന മത്സര മൈതാനമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഇന്നത്തെ രൂപം പ്രാപിക്കുന്നത്.അതിനിടയിൽ അഗോണാലിസ് ലോപിച്ച് അഗോൺ ആവുകയും പിന്നീട് നവോണും അവസാനം നവോണയും ആയി. ബാർബെറീനിപ്പോപ്പിന്  എങ്ങനെയായിരുന്നോ ബാർബെറീനി സ്ക്വയറും ക്യൂറിനാൽ കുന്നും, അത്രക്ക് തന്നെ പ്രിയപ്പെട്ടതായിരുന്നു ഇന്നസന്റ് പത്താമന് നവോണ .അദ്ദേഹമാണ് പഴയ ജലധാരകൾ പരിഷ്ക്കരിച്ചും ലോകനദികളെ അടയാളപ്പെടുത്തുന്ന fountain of four rivers നിർമ്മിച്ചും വിശുദ്ധ ആഗ്നസിന്റെ ദേവാലയം പണിതും നവോണയെ ഇന്നത്തെ സുന്ദരിയാക്കിയത്.നവോണയിൽ ഇന്ന് മത്സരങ്ങളൊന്നുമില്ല. എങ്കിലും ബറോക്ക് ശില്പികളിൽ മുമ്പന്മാരായ ബെർണീനിയുടേയും ബൊറോമിനിയുടേയും നിശ്ശബ്ദമത്സര വേദിയായി നവോണയെ കാണാനാണ് സഞ്ചാരികൾക്കും റോമാക്കാർക്കും ഇഷ്ടം.ജലധാരകളിൽ, ശില്പങ്ങളിൽ ജീവൻ തുടിപ്പിക്കുന്നത് ബെർണീനിയാണെങ്കിൽ ആഗ്നസ്സിന്റെ പള്ളിയുടെ പകിട്ടിലെ കയ്യൊപ്പ് ബൊറോമിനിയുടേതാണ്. എത്രയോ വിശാലമായ ഈ ചത്വരത്തിൽ എത്രയോ കാഴ്ചകളുണ്ടായിട്ടും  കണ്ണുകളിൽ നിറയുന്നത് നാലു നദികളും പള്ളിയുമാണ്. വിശാലമായ കാൻവാസിന്റെ അരികുകളിൽ മറ്റു ജലധാരകളും ദൃശ്യങ്ങളും ഫേഡ് ഔട്ട്  ആകുന്നു.

ഞങ്ങൾ നാലു നദിക്കരയിൽ ചെന്നു നിന്നു.നമ്മുടെ ഗംഗയുടെ തീരത്ത് .ഏഷ്യൻ വൻകരയുടെ പ്രതിനിധിയാണ് ഗംഗ .ആഫ്രിക്കയുടെ നൈൽ ,അമേരിക്കയുടെ റിയോ ഡി ഡെല്ലാ പ്ലാറ്റ, യൂറോപ്പിന്റെ ഡാന്യൂബ്.അങ്ങനെ നാലു നദികൾ.ഗംഗ ഇവിടെ ദേവിയോ മാതാവോ അല്ല. ത്രസിക്കുന്ന പേശികളും നീണ്ട താടിയും മുടിയുമായി പുരുഷ സൗന്ദര്യത്തിന്റെ സ്വരൂപമാണ്. കാലുകൾക്കിടയിലൂടെ വെള്ളത്തിലേക്കിറക്കി വെച്ച നീണ്ട തുഴ. ചാരത്ത് തഴച്ചു നില്ക്കുന്ന പന.ചുററിലും ജലസസ്യങ്ങൾ. താഴെ വെള്ളത്തിൽ നീന്തുന്ന കടൽപ്പാമ്പ്. ഗതാഗതയോഗ്യമായ ഗംഗയെ, തടങ്ങളിൽ  വളക്കൂറുള്ള എക്കലിട്ട് ധാന്യങ്ങളും പഴങ്ങളും വിളയിക്കുന്ന ഗംഗയെ ,ഇങ്ങനെയൊക്കെയാണ് ബെർണീനി അടയാളപ്പെടുത്തുന്നത്.




ആഫ്രിക്കയുടെ നൈൽ ദൃഢകായനും മുഖം ഒരു ശീലയാൽ മറച്ചിരിക്കുന്നവനുമാണ്.സമീപത്ത് വെള്ളത്തിലേക്കാഞ്ഞിരിക്കുന്ന ഒരു രുദ്രസിംഹം. നൈലിന്റെ ഉത്ഭവത്തെക്കുറിച്ചും ആഫ്രിക്കയെക്കുറിച്ചുതന്നെയും യൂറോപ്പ്യന്മാർക്കുണ്ടായിരുന്ന അജ്ഞതയായിരുന്നു ആ മുഖാവരണം.കൊടും കാടിനെ സൂചിപ്പിച്ചു ആ വലിയ സിംഹം.
ആഗ്നസ്സിന്റെ പള്ളിയുടെ ഭാഗത്താണ് യൂറോപ്പിന്റെ ഡാന്യൂബും അമേരിക്കയുടെ നദിയായ റിയോ ഡി ലാ പ്ലാറ്റായും. റോമിന്റെ ടൈബറുള്ളപ്പോൾ എന്തുകൊണ്ട് ഡാന്യൂബ് ?വോൾഗ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്  ഡാന്യൂബ്. ജർമ്മനിയിൽ നിന്നാരംഭിച്ച്  പത്തോളം യൂറോപ്യൻ രാജ്യങ്ങളിലൂടെ അതൊഴുകുന്നു. ജർമ്മനി, ആസ്ത്രിയ തുടങ്ങിയ ഇടങ്ങളിലെ പ്രൊട്ടസ്റ്റൻറ്  തീരങ്ങളിൽ വീണ്ടും കാത്തോലക്കാസഭയുടെ അധികാരം മുളപ്പിച്ചെടുത്ത ഇന്നസൻറ് പാപ്പയുടെ മനസ്സറിഞ്ഞുതന്നെയായിരിക്കും ബെർണീനി ഡാന്യൂബിനെ പ്രതിഷ്ഠിച്ചത്. അമേരിക്കയുടെ റിയോ ഡി ലാ പ്ലാററയെ ആഫ്രിക്കൻ അടിമയെക്കൊണ്ട് അവതരിപ്പിച്ച് പിന്നേയും കൃസൃതിക്കാരനാവുന്നുണ്ട് ബെർണീനി.അതേ സമയം അമേരിക്കൻ നാടുകളുടെ സമ്പന്നതയെ പ്രതിമക്ക് സമീപമുള്ള നാണയങ്ങളെക്കൊണ്ട് അടയാളപ്പെടുത്തുന്നുമുണ്ട്.(എന്‍റെ ഐക്കണോഗ്രാഫിക്കാരാ എന്റെ കാഴ്ചകള്‍ കുറേക്കൂടി പൂര്‍ണ്ണമാക്കിയ നിനക്ക് നന്ദി)

നാലു വശങ്ങളിലായുള്ള നാലു നദികളുടെ ഇടയിലെ തറയിൽ നിന്ന്  അറുപത്തഞ്ചു മീറ്റർ പൊക്കത്തിലേക്കുയർന്നു പോകുന്നു ഈജിപ്ഷ്യൻ മാതൃകയിലുള്ള സ്തൂപം. മറ്റൊരിടത്തെ റോമൻ ദേവാലയാവശിഷ്ടങ്ങളിൽ നിന്ന് ഇവിടെ കൊണ്ട് വന്നു സ്ഥാപിക്കുകയായിരുന്നു ഇത്. സ്തൂപത്തിന്റെ തുഞ്ചത്ത് ഇന്നസന്റ് പത്താമന്റെ പാംഫീലി (Pamphili)കുടുംബ മുദ്രയായ സാമാധാനപ്രാവ്. ജലധാരയുടെ വലുപ്പത്തിലേക്ക് ഉയരത്തിന്റേയും ആകാശത്തിന്റേയും അംശങ്ങൾ ചേർക്കുന്നുണ്ട് ഈ സ്തൂപം. നദികളിൽ നൈലും ഗംഗയും പാപ്പാസിയുടേയും കൃസ്തീയതയുടേയും പ്രതീകമായ സ്തംഭത്തിനോട് മുഖം തിരിച്ചിരിക്കുമ്പോൾ ഡാന്യൂബും ഡി പ്ലാറ്റയും അതിനെ ആദരവോടെ നോക്കുന്നതായിട്ടും കൈയുയർത്തി വന്ദിക്കുന്നതായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്.അക്കാലത്ത് ഏഷ്യയിലും ആഫ്രിക്കയിലും കൃസ്തുമതം പ്രചാരത്തിലില്ലായിരുന്നല്ലോ. എന്നാൽ ഡാന്യൂബിൻേറയും ഡി പ്ലാറ്റയുടേയും ഈ കൈയുയർത്തൽ ,മുന്നിലുള്ള ബൊറോമിനി നിർമ്മിച്ച ആഗ്നസിൻെറ പള്ളി മുഖപ്പുകൾ തകർന്നു വീഴുമെന്ന് ഭയന്നിട്ടാണെന്നൊരു   ദുർവ്യാഖ്യാനവുമുണ്ട്. റോമൻ  ശില്ലകലാചരിത്രത്തിലെ ബദ്ധവൈരികളായിരുന്നു ബെർണിനിയും ബൊറോമിനിയും.  വാസ്തവത്തിൽ1651 ൽ ജലധാര പൂർത്തിയായതിനു ശേഷം പിന്നേയും വർഷങ്ങൾ കഴിഞ്ഞാണ്  പളളിപ്പണിയിൽ ബൊറോമിനി ചേരുന്നത്.ഇന്നസന്റ് പത്താമന്റെ മരണശേഷം പള്ളിയിലുള്ള അധികാരികളുടെ താല്പര്യം കുറഞ്ഞു. ബൊറോമിനി പദ്ധതിയുപേക്ഷിച്ചു പോയി. പിന്നെ1670ലാണ് പള്ളി ഇന്നത്തെ രൂപത്തിൽ പൂർത്തിയാകുന്നത്.



ബെർണീനിക്ക്  ഈ ജലധാരയുടെ നിർമ്മാണച്ചുമതല ലഭിച്ചതിനു പിന്നിൽ രസകരമായൊരു ഗൂഢാലോചനയുണ്ട്. മുൻഗാമിയായ ബാർബെറീനിപ്പോപ്പിനോട്  പോപ്പ് ഇന്നസൻറിനുണ്ടായിരുന്ന താല്പര്യക്കുറവ് അദ്ദേഹത്തിന്റെ ആശ്രിതരോടുമുണ്ടായിരുന്നു. അതുകൊണ്ട്  നവോണയിലേക്ക് ശില്പമാതൃകകൾ ക്ഷണിച്ചപ്പോൾ ബെർണീനി ഒഴിവാക്കപ്പെട്ടു. ബെർണീനിയുടെ കടുത്ത ആരാധകനും പോപ്പിന്റെ അടുത്ത ബന്ധുവുമായ ഒരു രാജകുമാരൻ ബെർണീനി തയ്യാറാക്കിയ ചെറു ശില്പമാതൃക പോപ്പിന്റെ സ്വകാര്യ മുറിയിൽ കൊണ്ടു വെച്ചു.അത് കണ്ട പോപ്‌ ഇങ്ങനെ പറഞ്ഞത്രേ-ബെര്‍നിനിയുടെ രൂപകല്പനകള്‍ ഒഴിവാക്കണമെന്നുള്ളവര്‍ അവ കാണാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു.
നവോണ സ്ക്വയറിന്റെ വിസ്താരവും നിരയായി നില്ക്കുന്ന മൂന്ന് ജലധാരകളും സായാഹ്നവും സൂര്യന്റെ അരിശം അല്പം ശമിപ്പിച്ചിട്ടുണ്ട്. സ്ക്വയറിന്റെ വരമ്പത്തെ റെസ്റ്റോറൻറുകളിലെ കസേരകളൊക്കെ നിറഞ്ഞിരിക്കുന്നു. കൈവരികളും കടന്ന്  ചെന്ന് ജലധാരയുടെ തൊട്ടിത്തിണ്ണയിൽ ഇരുന്നും നിന്നും ഒരോ നദിയേയും നനയുകയാണ് അപ്പുവും അമ്മുവും. മുഖത്തേക്ക് തെറിച്ചെത്തിയ വെള്ളത്തുള്ളികളെ 'ഇത് നമ്മുടെ ഗംഗ, ഇത് നൈൽ ' എന്നൊക്കെ തരം തിരിക്കുന്നുണ്ട് അവർ.


ഞങ്ങൾ ബൊറോമീനിയുടെ  ആഗ്നസ് പള്ളിയിലേക്ക് നടന്നു.
കുട്ടികൾ കൂടെക്കൂടാൻ കൂട്ടാക്കിയില്ല. മിലാൻ മുതൽ റോം വരെ കണ്ട അനേകം പള്ളികളുടെ അകം പുറം കാഴ്ചകൾ നിറഞ്ഞു കവിയുകയാണത്രെ. അവിചാരിതമായെത്തിയ മറ്റൊരാകർഷണത്തിന്റെ വലയിലുമായിരുന്നു അവർ. ജലധാരയിൽ നിന്നല്പം മാറി, നിലത്ത് വലിയൊരു ഡ്രോയിങ്ങ് ബോർഡ് വെച്ച്  അതിൻമേൽ വർത്തമാനപ്പത്രത്താളിനോളം വലിപ്പമുള്ള വെള്ളപ്പേപ്പറിൽ പെൻസിൽ വര തുടങ്ങിയിരിക്കുന്നു ഒരു ചിത്രകാരൻ .നിലത്തൊരു ചെറു കമ്പളം വിരിച്ച് അതിൽ മുട്ടുകുത്തി നിന്നാണ് വര. അഞ്ചു മിനിട്ട് വര, അഞ്ചു മിനിറ്റ് വിശ്രമം ,പിന്നഞ്ചു മിനിറ്റ് ആകാശത്തിന്റെ ഓരോ മൂലയിലേക്ക് നോക്കിയിരിക്കൽ. ഇടക്കൊരു കപ്പൂച്ചിനോ. ഇടക്കൊരു സിഗരറ്റ് .ഇടക്കൊന്ന് എഴുന്നേറ്റ് നടക്കും.അപ്പുവിനും അമ്മുവിനും ആളെ ഇഷ്ടപ്പെട്ടു. വരച്ച് വരച്ച് ഈ വരയെന്താകുമെന്ന കൗതുകത്തോടെ അപ്പുവും ചിത്രകലയിൽ താല്പര്യമുള്ള അമ്മുവും അയാളുടെ അടുത്ത് നില്പായി.



പളളിയിലേക്ക് നടക്കുമ്പോൾ ഗംഭീരമായ കുംഭ ഗോപുരവും വശങ്ങളിലുള്ള സ്തംഭ ഗോപുരങ്ങളും നമ്മെ ആകർഷിക്കും, ഈ ഗോപുരങ്ങൾ തന്നെയാണ് പള്ളിയുടെ രൂപകല്പനയിൽ ബൊറോമിനിയുടെ പ്രസക്തമായ സംഭാവന. ഗോപുരങ്ങളോളം തന്നെ ഗരിമയുള്ളതാണ് പള്ളിയുടെ വലിയ വാതിലും.നാലു അൾത്താരകളും ചുമർശില്പങ്ങളും മറ്റലങ്കാരങ്ങളും കണ്ടന്തം വിട്ടു നടക്കാൻ ഞങ്ങൾ അരമണിക്കൂറിലേറെ സമയമെടുത്തു. പഴയ സർക്കസ് അഗോണാലിസിൽ വെച്ച് അറുത്തുമാറ്റപ്പെട്ട  വി.ആഗ്നസ്സിന്റെ തല ,തലയോടായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ക്രിസ്തീയത കുറ്റമായ കാലത്ത്  ക്രിസ്തുവിനെ മനസ്സാ വരിച്ച പന്ത്രണ്ടു വയസ്സുകാരിയായിരുന്നു ആഗ്നസ്സ്.സുന്ദരിയായ അവളെ വേൾക്കാൻ കൊതിച്ച പ്രഭുകുമാരന്മാരൊക്കെ നിരാശരായി. അവരുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ നിന്ന ആഗ്നസ്സിനെ വധിക്കാൻ തീരുമാനമായി.റോമാനിയമപ്രകാരം കന്യകയ്ക്ക് വധശിക്ഷ പാടില്ല. അതു കൊണ്ട് ആഗ്നസ്സിനെ നഗ്നയാക്കി ബലാൽത്സംഗം ചെയ്യാനായി വേശ്യാലയത്തിലേക്ക് തള്ളിവിട്ടു.ദേഹം മുഴുവൻ രോമം വളർന്ന് അവളുടെ നഗ്നത മറയ്ക്കപ്പെട്ടു. ബലാൽക്കാരത്തിന് മുതിർന്നവർക്ക് കാഴ്ച നഷ്ടപ്പെട്ടു.അവസാനം നിയമം മറന്നൊരു ജനറൽ ആഗ്നസ്സിന്റെ തല വെട്ടിമാറ്റി. പെൺകുട്ടികളുടേയും കന്യകമാരുടേയും ബലാത്സംഗത്തെ അതിജീവിച്ചവരുടേയും രക്ഷാധികാരിയായി വി.ആഗ്നസ്സ് പിൽക്കാലത്ത് വാഴ്ത്തപ്പെട്ടു.



പള്ളിയിൽ നിന്നിറങ്ങുമ്പോൾ നിഴലുകൾ കിഴക്കോട്ട് വല്ലാതെ ചാഞ്ഞുകിടക്കുന്നു. ചിത്രകാരൻ വരയിൽത്തന്നെയാണ്.ആറേഴ് പേരുള്ള ഒരു ചെറു സംഘം അയാൾക്ക് ചുറ്റുമുണ്ട്. അയാളോട് ചേർന്നു തന്നെയുണ്ട് അപ്പുവും അമ്മുവും. അമ്മു നിലത്ത് കുന്തിച്ചിരുപ്പാണ്. കടലാസ്സിന്റെ അരികുകളിലും ഒത്ത നടുവിലുമൊക്കെ വരകൾ  നിറഞ്ഞിട്ടുണ്ട്. നമ്മുടെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മട്ടിലുള്ളവരകൾ.ഒരു മൂർത്തരൂപമായിട്ടില്ല.ഏതായാലും മൂപ്പര് വരച്ചു കഴിഞ്ഞിട്ടൊന്നു വന്നു കാണണം. ഞങ്ങൾ നവോണ സ്ക്വയറിന്റെ തെക്കേ അറ്റത്തുള്ള മൂർ ഫൗണ്ടനിലേക്ക് നടന്നു.
ഗിയാക്കോമോ ഡെല്ലാ പോർട്ട എന്ന ശില്പി രൂപകല്പന ചെയ്തതും പിന്നീട് ഇന്നസന്റ് പത്താമന്റെ നിർദ്ദേശപ്രകാരം ബെർണീനി നവീകരിച്ചതുമാണ് ഈ ജലധാര. രണ്ടു നിലകളിലായുള്ള വെള്ളത്തൊട്ടികളും  നടുവിൽ ഒരു ശംഖിൻ മുകളിൽ കാലുകൾക്കിടയിൽ ഇറുക്കി വെച്ച ഡോൾഫിനോട്  വാലിൽ പിടിച്ച് പൊരുതുന്ന പുരുഷരൂപവുമാണ് ബെർണീനിയുടെ സംഭാവന.ബറോക്ക് ശൈലിയുടെ മറ്റൊരു വിളംബര ശില്പമാണിത്. ശില്പത്തിന് ആഫ്രിക്കൻ അറബിയുടെ മുഖമായതിനാൽ ആദ്യകാലത്ത് ഇത് എത്യോപ്യൻ ഫൗണ്ടനെന്നും പിന്നീട് മൂർ ഫൗണ്ടനെന്നും അറിയപ്പെട്ടു.(fountain of moor). മൂർ ശില്പത്തിന് ചുറ്റുമായി ജലത്തിലൊരുക്കിയ പീഠങ്ങളിൽ നാല് ട്രിട്ടൺമാർ (മത്സ്യകന്യകന്മാർ)ഇരട്ടശംഖിലെക്കൂതുന്നു.ശംഖുകളിലൂടെ ജലം ഒഴുകിയിറങ്ങുന്നു.ഏറ്റവും പുറത്തു ഏതാനും വിലക്ഷണമുഖങ്ങളും .നിരത്തി വെച്ചിട്ടുണ്ട്.


ഇവിടെ സന്ദർശകർ കുറവാണ്. ആളുകൾക്ക് താല്പര്യം 'പരസ്പരംപൊരുതി നിൽക്കുന്ന ' fountain of four rivers ഉം ആഗ്നസ് പള്ളിയും തന്നെയാണ്. ഞങ്ങൾ കിഴക്കുവശത്തെ മരബെഞ്ചിലിരുന്ന് അന്നത്തെ മൂന്നാമത്തെ ജെലറ്റോ സ്വാദിലേക്ക് നാക്കിറക്കി. ഇവിടെയിരുന്നു നോക്കുമ്പോൾ പള്ളിയുടെ പ്രൗഡഗംഭീരമായ മുഖപ്പിന്റേയും സ്തംഭങ്ങളുടേയും സായാഹ്നസന്ദർശകരായ വെൺമേഘങ്ങളുടേയും പശ്ചാത്തലത്തിൽ  മൂർ ഫൗണ്ടൻ അതിശയകരമായ സൗന്ദര്യവും പൗരുഷവും ചലനാത്മകതയും ആർജ്ജിക്കുന്നു. ബരോക്ക്  ശൈലിയുടെ കേമത്തം.

നവോണയിലെ മൂന്ന് ജലധാരകളും ആഗ്നസ് പള്ളിയും  
പാംഫിലിക്കൊട്ടാരവും 55-200 ലെൻസിന്റെ ഫ്രെയ്മിൽ ഭംഗിയായി ഒതുക്കാനാവാത്തതിന്റെ വിഷമവുമായാണ് ഞങ്ങൾ ചത്വരത്തിന്റെ വടക്കേയറ്റത്തേക്ക് നടന്നത്. മൂലയിലെ ഏതെങ്കിലും കെട്ടിടത്തിൽ കയറിപ്പറ്റിയാൽ സംഗതി നടക്കുമെന്ന് ക്യാമറാമാൻ അപ്പു വെറുതെ പ്രത്യാശിച്ചു. ചത്വരത്തിൽ സന്ദർശകർ കൂടിയിട്ടുണ്ട്. ആ വർദ്ധനവ് നമ്മുടെ ചിത്രകാരന്റെ ചുറ്റുമുണ്ട്. അവർ അയാൾക്ക് ശല്യമാവും വിധം തിക്കിത്തിരക്കുന്നില്ല.
വടക്കേയറ്റത്തുള്ള നെപ്ടൂന്‍ ഫൌണ്ടന്‍ ചുറ്റും കാഴ്ചക്കാര്‍ തീരെയില്ല.പണ്ടും ഒരു വെള്ളത്തൊട്ടി മാത്രമായി അവഗണിക്കപ്പെട്ടു കിടന്നു ഇത്. മുന്നൂറു കൊല്ലം.മൂര്‍ ഫൌണ്ടന്റെ ആദ്യ ശില്പിയായ ഡെല്ല പോര്ട്ടയുടെ വകയായിരുന്നു തൊട്ടി നിര്‍മ്മാണം.നാവോണ ചത്വരം നവീകരിച്ചപ്പോള്‍ ഒക്ടോപുസ്സിനെ കുന്തം കൊണ്ട് നേരിടുന്ന നെപ്ട്യൂണ്‍ ദേവന്‍ മദ്ധ്യത്തില്‍ സ്ഥാപിക്കപ്പെട്ടു.ഒക്ടോപുസിന്റെ വായില്‍ നിന്ന് ജലമോഴുകി അതൊരു ഫൌണ്ടനായി.ചുറ്റിലും അലറുന്ന കുതിരകളും ദേവശിശുക്കളും സുന്ദരികളായ ജലകന്യകളുമായി മറ്റേതൊരു ജലധരയോളം തന്നെ സൌന്ദര്യസമൃദ്ധമാണ് ഈ ഫൌണ്ടന്‍.നെപ്ട്യൂണ്‍ ദേവന്റെയും നീരാളിയുടെയും  രൂപങ്ങള്‍ മാര്‍ബിള്‍ ശിലയെ ചലനാത്മകമാകുന്ന ബരോക്ക് ശൈലിയുടെ അലര്‍ച്ചയാണ്.പക്ഷെ സഞ്ചാരികള്‍ക്ക് വടക്കേയറ്റത്തെത്താന്‍ മടിയാണ്.


നെപ്ട്യൂൺ ഫൗണ്ടനിൽ നിന്ന് മടങ്ങുമ്പോൾ ചത്വരത്തിന്‍റെ പടിഞ്ഞാറേ മൂലകളിലുടെ വെയിലും യാത്രയായിരുന്നു. ഫൗണ്ടൻ ഓഫ് ഫോർ റിവേഴ്സിന്റെ ചാരത്തുണ്ടായിരുന്ന ആൾക്കൂട്ടവും ചിത്രകാരനും ഒഴിഞ്ഞു പോയിരിക്കുന്നു. ഉറക്കമുണർന്നെഴുന്നേറ്റപോലെ നവോണ സജീവമായിരിക്കുന്നു. നിറയെ ആളുകൾ. ബഞ്ചുകളൊക്കെ നിറഞ്ഞിരിക്കുന്നു. രണ്ട് മൊബൈൽ ജെലാത്തേറിയകൾ പള്ളിക്കും നദികൾക്കുമിടയിൽ തത്തി നടക്കുന്നുണ്ട്. അതിലൊന്നിൽ നിന്ന് ഞങ്ങൾ അന്നത്തെ നാലാമത്തെ ജലാറ്റോ കൈക്കലാക്കി. നല്ല തത്തമ്മപ്പച്ചനിറമായിരുന്നതിനാൽ ശുദ്ധമെന്നു കരുതി അഞ്ചു പേരും പിസ്റ്റ  തന്നെ വാങ്ങി.വലിയ ഇടവേളകളില്ലാതെ വായിലേക്ക് നുണഞ്ഞു കയറുന്ന ജെലാറ്റോകളാണ് പകൽ സമയങ്ങളിലെ ഞങ്ങളുടെ ഊർജ്ജ സ്രോതസ്.അല്പം വില കൂടുതലുള്ള അഞ്ചു പിസ്ടാഷ്യോ ചെലവായതിന്റെ സന്തോഷത്തിൽ, നവോണയിലെ ചിത്രകാരനെക്കുറിച്ച് ചോദിച്ചപ്പോൾ വിശദമായി പറഞ്ഞു തന്നു  ,ജെലാറ്റോകാരൻ .
നവോണ സ്ക്വയറിന്റെ കിഴക്കേ അതിരിലെ ബാർജെലാറ്റിനോയുടെ മൊബൈൽ വിഭാഗമാണ് നമ്മുടെ ജെലാറ്റോ കച്ചവടക്കാരൻ.ഇയാളുടെ മുതലാളിയുടെ  സുഹൃത്താണ് ചിത്രകാരൻ .ബെൽജിയംകാരൻ .കഴിഞ്ഞ നാലു വർഷങ്ങളിലും രണ്ടോ മൂന്നോ പ്രാവശ്യം റോമിലെത്തിയിട്ടുണ്ട്. വന്നാൽ രണ്ടു മാസമെങ്കിലും തങ്ങും. പകൽ സമയങ്ങളിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ വരക്കും. ചിലപ്പോൾ വാട്ടർ കളറിൽ.ചിലപ്പോൾ ഓയിൽ കളർ ഉപയോഗിക്കും.കഴിഞ്ഞ വരവിൽ ഡോട്ട് പെൻ ഉപയോഗിച്ചായിരുന്നു വര. ഇത്തവണ വന്നിരിക്കുന്നത് ഒരു കെട്ട് പെൻസിലുകളുമായാണ്.വരയെല്ലാം നിലത്തു വിരിച്ച കാൻവാസിലാണ്. ചിലപ്പോഴതിൽ വെയിൽ തിളച്ചു കിടക്കും. ചിലതിൽ മഴയുടെ നനവ്.ചില ചിത്രങ്ങളിൽ പോക്കുവെയിൽ പുരണ്ടിരിക്കും. ചില ചിത്രങ്ങൾ മഞ്ഞു പുതച്ച് വിറച്ചു കിടക്കും. എല്ലാം നവോണയുടേയും ചിത്രകാരന്റേയും കാലാവസ്ഥ പോലെ, മനസ്സ് പോലെ.



ഞങ്ങൾ ജലാത്തേറിയയിലേക്ക് ചെന്നു. അവിടെ മുതലാളിക്കസേരക്കടുത്ത ചെറിയ മേശമേൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.വലിപ്പം പറയാനാവാത്ത വിസ്മയമായിരുന്നു അത്. അത്യാവേശമുള്ള കാമുകിയെപ്പോലെ കടലാസു മേനിയിലാകെ പടർന്നു കയറിയിരിക്കയാണ് കറുത്ത വരകൾ. ആ പരിരംഭണമൂർച്ഛയെ കണ്ടു നില്ക്കെ ഞങ്ങളും ഒന്നു കിതച്ചുപോയി. ചിത്രത്തിന്റെ മുകൾ - വലതു മൂലയിൽ ഒരു ഗരുഡമുഖം. താഴേക്ക് ഇറങ്ങി വരുന്ന കിളിക്കണ്ണ്.അതാണ് ചിത്രത്തിന്റെ വീക്ഷണ കോൺ.

ഗരുഡദൃഷ്ടിയുടെ സൂക്ഷ്മത ചിത്രത്തിനുണ്ട്. ചത്വരത്തിലെ എല്ലാ മൂലകങ്ങളേയും പെൻസിൽവരകളിൽ കോർത്തിട്ടുണ്ട്. മൂന്നു ജലധാരകളും ചിത്രത്തെ നനയ്ക്കുന്നുണ്ട്. വിശുദ്ധ ആഗ്നസ്സിന്റെ ആശിസ്സുകളുണ്ട്‌.അതിരുകളിൽ കെട്ടിടങ്ങളും മേൽക്കൂരകളുമുണ്ട്‌. ജലധാരക്ക് ചുറ്റും കൂടി നില്ക്കുന്ന ആളുകൾ .തൊപ്പി വെച്ചവർ .കുട പിടിച്ചവർ.കച്ചവട വണ്ടികൾ .ബാൽക്കണികളിൽ നിന്നൂർന്നിറങ്ങുന്ന  വള്ളിച്ചെടികൾ. എത്ര സമർത്ഥമായാണ് ചത്വരത്തിലെ നിർമ്മിതികൾ സഹവർത്തിക്കുന്നത്. ഒരേ ശ്രുതിയിൽ
ഭ്രാന്തൻ അപ്പുറത്തിരുന്ന്  ഒരു കോപ്പ ബിയറിൽ നുരയുകയാണ്. മുമ്പ് ചീകിയൊതുക്കി കെട്ടിവെച്ചിരുന്ന മുടി അഴിച്ചിട്ടിരിക്കുന്നു .അച്ചടക്കമില്ലാത്ത താടിയും മീശയും അവരുടെ പങ്ക് ബിയർ പിടിച്ചു വാങ്ങിയിട്ടുണ്ട്. മുന്നിലൊരു വലിയ പെൺകുട്ടി അയാളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.ജേർണലിസ്റ്റാവാം ,ചിത്രകലാ വിദ്യാർത്ഥിയാവാം, അവസരം മുതലാക്കുന്ന മിടുക്കി ബ്ലോഗറാകാം.അവളുടെ അന്വേഷണങ്ങൾക്ക്  ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ  അയാൾ മറുപടി പറയുന്നുണ്ട്. അടുത്ത കസേരകളിലിരുന്ന് നാലഞ്ചു പേർ ആ വർത്തമാനത്തിൽ നുഴഞ്ഞു കയറുന്നുണ്ട്. അവരും ചോദിക്കുന്നുണ്ട്.ചില പ്രതികരണങ്ങൾ രസകരമായിരുന്നു. അപ്പോളവൾ മറ്റുള്ളവരേക്കാൾ ഉച്ചത്തിലും കുലുങ്ങിയും ചിരിച്ചു. അപ്പോൾ അവളുടെ ശരീര വലുപ്പത്തിനു ചേർന്ന സ്തന സമൃദ്ധികൾക്കിടയിൽ തല ചായ്ച്ചുറങ്ങുന്ന മുത്തുമാലയിലെ മരക്കുരിശ് ഞെട്ടിയെഴുന്നേറ്റ് പിടഞ്ഞു.അവരുടെ പിന്നിലായ് ഞങ്ങളഞ്ചു പേരും ജെലാറ്റോകളുമായി അവരുടെ സംസാരത്തിലേക്ക് കാത് നീട്ടിവെച്ച് ഒതുങ്ങിക്കൂടി.

എന്തിനാണിങ്ങനെ നവോണയിൽ വന്നിരുന്ന് വരയ്ക്കുന്നത്?
അതെന്റെ ഉയിരിനു വേണ്ടി . ജീവിക്കാൻ വേണ്ടിയുമാണ്. 
അതിനിങ്ങനെ. നിലത്ത് കുത്തിയിരുന്ന്?             ആളുകൾക്കിടയിലിരുന്ന്?
ഞാൻ വ്യത്യസ്തമായി ജീവിക്കുന്നു. വരയ്ക്കുന്നു.
ഇയാളുടെ ഭ്രാന്ത് അത്ര ചെറുതല്ല.
കൂട്ടത്തിലൊരാൾ പഴയൊരു ഇറ്റാലിയൻ മാഗസിൻ നിവർത്തിക്കാണിച്ചു. ചിത്രകാരനെക്കുറിച്ചുള്ള ചെറു വിവരണവും അയാളുടെ വരകളുമാണ്.
എന്ത് കൊണ്ട് ഓരോ തവണയും പുതിയ മീഡിയം? പുതിയ രീതി?
ഞാൻ പറഞ്ഞില്ലേ. ഞാൻ വ്യത്യസ്തമായി വരയ്ക്കുന്നു. ഒരോ ദിവസവും ഒരോ മാസവും പുതിയതാണ് .ഓരോ നിമിഷവും നവോണ വ്യത്യസ്തമാണ്. മാറിക്കൊണ്ടിരിക്കുന്ന നവോണയെ വരക്കുമ്പോൾ രീതികളും മാറും.
ഇത് ഭ്രാന്ത് . മുഴുത്ത ഭ്രാന്ത്. ഞാൻ മനസ്സിൽ കരുതി.
എല്ലാ വരകളും മുകളിൽ നിന്നുള്ള കാഴ്ചകളാണല്ലോ?
എല്ലാം പക്ഷിക്കാഴ്ചകൾ !
അതെ .പക്ഷികളാണ് ഏറ്റവും നന്നായിക്കാണുന്നത്. വ്യക്തമായിക്കാണുന്നത്. അവരുടെ കാഴ്ചയാണ് ഏറ്റവും മനോഹരം.
ഞാൻ ആ പഴയ ഇറ്റാലിയൻ മാഗസിൻ മറിച്ചു നോക്കുകയായിരുന്നു. ആറ് ചിത്രങ്ങൾ.ആറിലും നവോണ തന്നെ. എല്ലാം മുകളിൽ നിന്നുള്ള നോട്ടങ്ങൾ .പല ഭാഗങ്ങളിൽ നിന്ന് .പല കോണുകളിൽ നിന്ന്. ഓരോ മീഡിയത്തിലും അതിൽ പറ്റാവുന്നത്ര സൂക്ഷ്മതയോടെ ചിത്രീകരണം. വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണ് നവോണയിലെ ഈ ഭ്രാന്തൻ പക്ഷി.
മാഗസിൻ തിരിച്ചു കൊടുക്കുന്നതിനിടയിൽ ഞാനദ്ദേഹത്തോട് ചോദിച്ചു - എന്ത് കൊണ്ട് നവോണ മാത്രം? എന്ത് കൊണ്ട് ഇതിനേക്കാൾ പ്രശസ്തമായ ട്രെവി വരയ്ക്കുന്നില്ല?




  നവോണ സ്ക്വയര്‍  (ഗൂഗിള്‍) അപ്പുവിന് എടുക്കാന്‍ കഴിയാതെ പോയ  ചിത്രം 


കാത്ത് നിന്ന ചോദ്യം കടന്നു വന്ന പോലെ അദ്ദേഹം ചിരിച്ചു.
അവിടെ ആകാശമില്ല. താഴെ ആവശ്യത്തിന് ശൂന്യതയില്ല. തലച്ചോറിനെടുക്കാൻ വേണ്ട ശുദ്ധവായുവുമില്ല.ജലധാരക്ക് നാലാം (പിൻ)വശവുമില്ല.
(no enough sky to look from .no enough empty space to look through. no air to keep brain working )
വെറും ഭ്രാന്തനല്ല ഇയാൾ .നല്ല കാമ്പുള്ള ഭ്രാന്തനാണ്. അയാളെ കേട്ടുകൊണ്ടിരിക്കെ ട്രെവി, ആളുകൾ തിങ്ങി നിറഞ്ഞ കുടുസ്സു മുറിയിലെ കൗതുകവസ്തുവായി.
ചിത്രകാരൻ, 'കിളിയുടെ നവോണ ' സ്വന്തമാക്കാൻ എത്തിയ ഒരു സംഘവുമായി ചർച്ചയിലാണ്. സർഗ്ഗവൈഭവത്തിന്റെ അസാധരണവും അനുപമവുമായ പെൻസിൽ വരകൾക്കു മുന്നിൽ  ഏതാനും മിനിറ്റുകൾ കൂടി ഞങ്ങൾ അത്ഭുതപ്പെട്ടു നിന്നു. പിന്നെ നവോണയിൽ നിന്ന് പുറത്തേക്കുള്ള ഇടവഴിയിലേക്ക് നടന്നത് വിട പറയുന്നത് ചത്വരത്തിനോടാണോ ചിത്രത്തിനോടാണോ എന്ന ശങ്കയിലായിരുന്നു.
നവോന ചത്വരത്തിൽ നിന്നും മടങ്ങുന്നതിനു മുമ്പ് ഒരാളെ കാണാനുണ്ട്.ഗൈഡിനു വാക്ക് കൊടുത്തതാണ്.ചത്വരത്തിന്റെ തെക്കേ തുമ്പില്‍ നിന്നും വിയ ഡി പസ്ക്കിനോയിലൂടെ ഒരഞ്ചു മിനിറ്റ് നടത്തം.രണ്ടു റോഡുകള്‍ കൊണോട് ചേരുന്ന  മൂലയിലാണ് മൂപ്പരെ കുറച്ചൊക്കെ പുനരുദ്ധരിച്ചു നിർത്തിയിട്ടുണ്ട്. കുറേയേറെ പൊളിഞ്ഞൊരു പീഠത്തിൽ കുറച്ചൊക്കെ തട്ടും മുട്ടും കിട്ടിയ മട്ടിലൊരു വൃദ്ധന്റെ പ്രതിമ.നവോനയുടെ സമീപപ്രദേശങ്ങളിൽ, നിർമ്മാണാവശ്യങ്ങൾക്കായി  തെരച്ചിൽ നടത്തിക്കൊണ്ടിരിക്കെ മൂപ്പരെഴുന്നേറ്റു പോന്നു.സഹൃദയരായ റോമാക്കാർ നവോന ചത്വരത്തിനു സമീപം  തന്നെ അങ്ങേരെ പ്രതിഷ്ഠിച്ചു.കാലങ്ങളോളം മുണ്ടാട്ടം മുട്ടിക്കിടന്നതിന്റെ വിഷമം തീർക്കാൻ പ്രതിമ ചറുപിറെ സംസാരിച്ചു തുടങ്ങി.പോപ്പിനും ഭരണാധികാരികൾക്കുമെതിരെ രൂക്ഷവിമർശനങ്ങൾ,പൊള്ളിക്കുന്ന ആക്ഷേപഹാസ്യങ്ങൾ ,പരാതികൾ.അങ്ങനെ പല കുറിപ്പുകൾ പല ദിവസങ്ങളിലായി  പ്രതിമയുടെ ഓരോ ഭാഗങ്ങളിലായി നിരന്നു.  ആരാണിത് ചെയ്യുന്നതെന്ന് ആര്‍ക്കും അന്ന് മനസ്സിലായില്ല. വത്തിക്കാനിൽ തുന്നൽ പണിക്ക് പോയിക്കൊണ്ടിരുന്ന പസ്ക്വിനോ എന്നൊരു വിരുതനായിരുന്നുവത്രേ ഇതിനു പിന്നിൽ .അധികാരികൾക്കെതിരെ വാ തുറന്നാൽ ജീവിതം അടഞ്ഞു പോകുന്ന കാലത്തായിരുന്നു ഈ ഒളിപ്പോര്.ഈ പേരില്ലാത്തവന്റെ പേരിൽ നിന്നാണ്  pasquinades എന്ന ഇംഗ്ളീഷ് വാക്കുണ്ടാവുന്നത്.ആക്ഷേപങ്ങള്‍ കൊണ്ട് വല്ലാതെ പൊറുതി മുട്ടിയ ഒരു മാര്‍പ്പാപ്പ പസ്ക്കിനോയെ കടലിലെറിയാനും ശ്രമിച്ചിരുന്നു.പസിക്വിനോയുടെ മരണ ശേഷം നാട്ടുകാരതേറ്റെടുത്തു.അതിന്നും തുടരുന്നു..............
(
ഇറ്റലി യാത്റയിലുടനീളം പാപ്പസിയോടുള്ള കടുത്ത വിദ്വേഷം നാട്ടുകാരും ഗൈഡുകളും  പ്രകടിപ്പിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.ടസ്ക്കനിയിലേക്ക് വൈൻ നുണയൽ യാത്രക്കുകൊണ്ടു പോയ ഗൈഡ് സുന്ദരിയായിരുന്നു അതിൽ മുന്പന്തിയിൽ .വൈനിന്റെ മാധുര്യത്തേക്കാൾ പാപ്പാമാരുടെ ചവർപ്പായിരുന്നു സുന്ദരിക്കുട്ടിയുടെ ഇഷ്ടവിഷയം.)

കുറച്ചൊക്കെ വളഞ്ഞും സമയം കളഞ്ഞും  ഞങ്ങൾ വീണ്ടും ട്രൈട്ടൺ റോഡിലെത്തി.റോമൻ വഴികളിൽ നിന്ന് സൂര്യൻ പൂർണമായും പിൻ വാങ്ങിയിരിക്കുന്നു. വഴിവിളക്കുകളിൽ കുഞ്ഞുസൂര്യന്മാർ ഗർവ്വോടെ ഞെളിയുന്നുണ്ട്. വഴികളിൽ ആളും ആരവവും അധികരിച്ചിട്ടുണ്ട്. ബാർബെറീനി സ്റ്റേഷൻ ഭാഗത്തേക്ക് നടക്കുമ്പോൾ ട്രെവിയെ ഒന്നു കൂടി കാണുകയായിരുന്നു ലക്ഷ്യം. അതിനിടക്ക് മറ്റൊരു കുഞ്ഞൻ ഫൗണ്ടൻ ഞങ്ങളെ ഇടതുവശത്തെ ചെറുവഴിയിലേക്ക് വിളിച്ചു കൊണ്ടു പോയി.ഞങ്ങളുടെ 'ജലധാരാ പര്യവേക്ഷണപ്പുസ്തകത്തിൽ ഇടം പിടിക്കാത്തവനാണ് ഈ കുഞ്ഞൻ.കെട്ടിടച്ചുമരിലെ മാടത്തിൽ രണ്ടു വശങ്ങളിലായി ഈരണ്ടു പുസ്തകങ്ങൾ. തടിച്ച് കട്ടിക്കവറൊക്കെയിട്ട്, റഫറൻസ്   ഗ്രന്ഥത്തിന്റെ ഗൗരവമുള്ള പുസ്തകങ്ങൾ.അവക്കിടയിൽ നിന്ന് താഴേക്ക് ഒരു മാൻ ശിരസ്സ് . പുസ്തകങ്ങൾക്ക് താഴെ നിന്നും മാൻ ശിരസ്സിൽ നിന്നും ജലം താഴെ തൊട്ടിയിലേയ്ക്ക് വീണുകൊണ്ടിരിക്കുന്നു .  ലളിതം. സുന്ദരം ഈ 'ബുക്ക്  ഫൗണ്ടൻ'.ഫൗണ്ടനെ പടങ്ങളിലാക്കിക്കൊണ്ടിരിക്കെ ഒരു പെൺകുട്ടി വേഗത്തിൽ നടന്ന വന്ന് ,മാനിനെ ചുംബിക്കാനെന്ന പോലെ കുനിഞ്ഞ് നിന്ന് വെള്ളം കുടിച്ചു പോയി. ഇറ്റലിയിലെ ഒട്ടുമുക്കാൽ പെൺകുട്ടികളെപ്പോലെ ഇവളും സുന്ദരി തന്നെ. അവൾക്കു പിന്നാലെ ഞങ്ങളും ആ ജലധാരയിൽ നിന്ന് വെള്ളം കുടിച്ചു. റോമിന്റെ രുചി.നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് ഒഴുകിയെത്തുന്ന ജലത്തിന്റെ തണുപ്പ് ട്രൈട്ടണിലും ട്രെവിയിലും മറ്റും അറിഞ്ഞതാണ്. ജലധാരകളിലെ വെള്ളം drinkable എന്നാണ്  റോമൻ ചൊല്ലെങ്കിലും  ഞങ്ങളതിന്  ധൈര്യപ്പെട്ടിരുന്നില്ല. മുൻകാലങ്ങളിൽ ട്രെവിയിലെ ജലം ലോലവും തചികരവുമായിരുന്നു. വീപ്പക്കണക്കിന് വെള്ളം ഇവിടെ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോയിരുന്നു. സന്ദർശനത്തിനെത്തുന്ന ഇംഗ്ലീഷുകാരും ഒരു പാത്രം വെള്ളമെങ്കിലും നാട്ടിലേക്ക് കൊണ്ടു പോകുമായിരുന്നു, സ്പെഷ്യൽ ടീ ഉണ്ടാക്കാൻ.


വഴിവിളക്കുകൾ തെളിഞ്ഞിരിക്കുന്നു .കടകളിൽ നിയോൺ വിളക്കുകളുടെ പ്രലോഭനശോഭ. സന്ദർശകരുടെ സംഘങ്ങൾ ധാരാളമായുണ്ട് വഴികളിൽ .വല്ലാത്തൊരു ആകർഷണശക്തിയിലെന്ന പോലെ ആളുകളെല്ലാം ട്രെവിയിലേക്ക് തിരിയുന്നു.ഉച്ചച്ചൂടിൽ കണ്ടതുപോലയല്ല. വഴിയരികിലെ കാപ്പിക്കടകളെല്ലാം വളരെ സജീവമാണ്.

ട്രെവിയിലേക്കെത്തുന്നതിന് മുമ്പേ കേൾക്കാം ജലാരവത്തോട് മത്സരിക്കുന്ന ജനാരവം.ജലധാരക്ക് മുന്നിൽ ഉത്സവമാണ്. വഴിവിളക്കുകളുടെ മഞ്ഞപ്രഭയെ കീറി മുറിച്ചു കൊണ്ട്  കാമറാ ഫ്ലാഷുകളുടെ പടയോട്ടം.ഇവരോട് മത്സരിക്കാൻ ഇന്ന് നിലാവും നിറഞ്ഞെത്തിയിട്ടുണ്ട്. വെളിച്ചങ്ങളുടെ വൈവിധ്യത്തിൽ മായികമായൊരു മൂർച്ഛയിലാണ് ട്രെവി.ബരോക് ശൈലിയുടെ ചലനാത്മകത പാരമ്യത്തിലെത്തിക്കുന്നുണ്ട് ഈ വെളിച്ചവ്യന്യാസം.ജലവും ഒഴുക്കും  പ്രതിബിംബങ്ങളും വെളിച്ചവും നിഴലും ശില്പങ്ങളോടൊപ്പം ബരോക് ആഘോഷത്തിന് മാറ്റ് കൂട്ടുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു രാത്രിയിൽ തന്നെയായിരിക്കണം  ഇറ്റാലിയൻ നടി അനിറ്റ ഏക്ബെർഗ് ട്രെവിയിൽ ഇറങ്ങി നിന്ന്  നിലാവിൽ കുളിച്ചത്.പ്രശസ്ത സംവിധായകനായ ഫെല്ലിനിയുടെ ലാ ഡൊൾസേ വിറ്റാ എന്ന സിനിമക്ക് വേണ്ടി .ശരീരവടിവുകൾ ശരിക്കും വരച്ചെടുത്ത കറുത്ത സ്ട്രാപ് ലെസ് ഗൗണിൽ ട്രെവിയിലെ നീരും നിലാവുമായി നനഞ്ഞു നില്ക്കുന്ന അനിറ്റയുടെ ചിത്രം യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഒരു പാട് സന്ദർശകരെ ട്രെവിയിലേക്ക് ഒഴുക്കി. മാർസെല്ലോ മാസ്ട്രോ യാനി (masteroianni) ആയിരുന്നു ലാ ഡോൾസെ വിറ്റായിലെ നായകൻ.   1996ൽ അദ്ദേഹം അന്തരിച്ചപ്പോൾ ട്രെവി കറുപ്പ് പുതച്ച് അനുശോചിച്ചു.സൗന്ദര്യത്തിൽ മർലിൻ മൺട്രോയോട് മത്സരിച്ചിരുന്ന അനിറ്റയുടെ അവസാനകാലം ദുരിതമയമായിരുന്നു.രണ്ടു വിവാഹവും രണ്ടു വിവാഹമോചനവും അനേകം കാമുകരും ഉണ്ടായിരുന്ന അനിറ്റക്ക് സന്തതികളില്ലായിരുന്നു.രണ്ടായിരത്തി പതിനൊന്നിൽ ഇടുപ്പെല്ലിനേറ്റ ക്ഷതം അവരെ ആശുപത്രിക്കിടക്കയിൽ തളളിയിട്ടു. അക്കാലത്ത് വീട്ടിൽ നടന്നൊരു വൻമോഷണവും തീപ്പിടുത്തവും അവരെ 
ഭരിദ്രയാക്കി. ഫെല്ലിനി ഫൗണ്ടേഷനിൽ നിന്നല്പം സാമ്പത്തിക സഹായം നേടാനുള്ള ശ്രമവും പരാജയപ്പെട്ടു.ഞങ്ങൾ 2013 ൽ ട്രെവിയിലെത്തുമ്പോൾ ചില ടൂർ ഗൈഡ് പാണന്മാർ  'അനിറ്റ ദുരന്തഗാഥ' പാടി നടക്കുന്നുണ്ടായിരുന്നു.


                അനിറ്റ ട്രെവിയുടെ റാണി -ഗൂഗിള്‍

2015 ജനുവരിയിൽ അവർ മരിക്കുമ്പോൾ ട്രെവിയിൽ വലിയ നവീകരണ പ്രയത്നങ്ങൾ നടക്കുകയായിരുന്നു.അതു കൊണ്ട് തന്നെ ട്രെവിക്ക്  കറുപ്പു ചുറ്റിക്കരയാൻ കഴിഞ്ഞില്ല. ഫൗണ്ടനു മുമ്പിലെ കെട്ടിടത്തിൽ നിന്നും തൂക്കിയിട്ട ചിത്രവും അതിലെ 'ഷാവോ അനിറ്റ ' ലിഖിതവുമായിരുന്നു ട്രെവിയുടെ ആദരാഞ്ജലികൾ.

പിന്നേയും പിന്നേയും സഞ്ചാരികൾ വന്നു നിറയുകയാണ്, നവോണയുടെ ഭ്രാന്തൻ  ചിത്രകാരൻ പറഞ്ഞ 'ചെറിയ ' ട്രെവിയിലേക്ക്.അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ കുറെയൊക്കെ ശരിയാണ്. Space നല്കുന്ന, ശൂന്യമായ ഇടങ്ങൾ നല്കുന്ന ചാരുത ട്രെവിക്കില്ല. തിക്കിത്തിരക്കുന്ന ജനവും വെളിച്ചവും രാത്രിയെ അല്പമായ ആകാശത്തിലൂടെ ഓടിക്കുന്നുണ്ട്.അപ്പോഴും ട്രെവി,റോമിൽ തനിക്ക് മാത്രം സ്വന്തമായ ഗാംഭീര്യത്തോടെ ഒരു ചത്വരം മുഴുവൻ നിറഞ്ഞു നിന്ന്  വീണ്ടും വീണ്ടും സഞ്ചാരികളെ ആകർഷിക്കുന്നു.  അവർ കൂടുതൽ കൂടുതൽ നാണയങ്ങൾ ട്രെവിക്ക് സമർപ്പിക്കുന്നു .ഫെല്ലിനിമാരും അനിറ്റമാരും ട്രെവിയുടെ   ജലത്തിലിറങ്ങുന്നു . പഴയൊരു റോമാ നാടകം കാണാൻ കാണികൾ തിങ്ങി നിറയുന്ന ആംഫി തിയറ്ററാണ് ട്രെവി.

മൂന്നു വിതാനങ്ങളിലൂടെയുള്ള ജലസഞ്ചാരത്തിന്റെ അലസനൃത്തഭംഗി. പലതലങ്ങളിലായുണരുന്ന ജലമർമ്മരത്തിന്റെ സ്വര്‍ഗീയനാദലയം.ട്രെവിക്ക് ചുറ്റും ഇരുന്നും നിന്നും നടന്നും ജല-ശില്പ കേളി കാണുന്ന ജനങ്ങളുടെ ആഹ്ളാദാരവങ്ങൾ അത്ര സൗമ്യമല്ല. കലപില  കിന്നരിച്ചും ചറുപിറെ വെള്ളത്തുള്ളികളെറിഞ്ഞ് കലഹിച്ചും അവരോട് കടുത്ത ചങ്ങാത്തത്തിലാണ് ട്രെവിയിലെ സചേതന ശില്പങ്ങൾ. 
.
മുക്കിലും മൂലയിലും മുന്തിയ മന്ദിരങ്ങളിലും സുന്ദരങ്ങളും പ്രശസ്തങ്ങളുമായ കുറേ ജലധാരാശില്പങ്ങൾ ഒരുക്കി വെച്ചിട്ടും പുതുകാലത്തിൻറെ ജ്വരമായിത്തീർന്ന ട്രെവീശില്പത്തിലെ കയ്യൊപ്പാകാൻ ബർണിനിക്ക് ഭാഗ്യമുണ്ടായില്ല.പാവം ബർണിനി! അയാള്‍ ഈ ആള്‍ക്കൂട്ടത്തിലെവിടെയോ ഇരുന്നു തേങ്ങുന്നുണ്ട്.

കുറേ നേരമായി ട്രെവിക്ക് മുമ്പിലെ പടവിലിരിക്കുന്നു. മുന്നിലൂടെ കടന്നു പോകുന്ന തിരക്ക്  പലപ്പോഴും ജലധാരയെ മറയ്ക്കുന്നുണ്ട്. അപ്പോഴും ഞങ്ങൾ ട്രെവിയെ അറിയുന്നുണ്ട്. എട്ടര കഴിഞ്ഞിരിക്കുന്നു. പതിനൊന്ന് വരെയാണ് മെട്രോ പാസ്സിന്റെ പ്രാബല്യം.വൈകുന്തോറും തീവണ്ടികളുടെ എണ്ണവും കുറയും. ഞങ്ങൾ 
മനസ്സില്ലാമനസ്സോടെ പോകാനെഴുന്നേറ്റു. എല്ലാവരും വിഷണ്ണരാണ്. വിട പറയുന്നത് ട്രെവിയോട് മാത്രമല്ല. റോമിനോടാണ്. ഒരു മാസക്കാലം നീണ്ട യാത്രയോടാണ്. നാളെ മടക്കണമാണ്. മനസ്സിന്റേയും ശരീരത്തിന്റേയും ഊർജ്ജം ചോർന്നു പോവുകയാണ്. ഒരോ യാത്രയുടെ അവസാനത്തിലും ഞങ്ങൾ നേരിടുന്നതാണ് ഈ ഊർജ്ജ പ്രതിസന്ധി.

'നമ്മളിവിടേക്ക് വീണ്ടും വന്നില്ലെങ്കിലോ? ഇതിനിയും കഴിക്കാൻ കഴിഞ്ഞില്ലെങ്കിലോ?' എന്നും പറഞ്ഞ് അപ്പുവും അമ്മുവും അന്നത്തെ അഞ്ചാമത്തെ കെട്ട് ജെലാറ്റോയുമായെത്തി. തൈരിൻെറ നേരിയ പുളിയുള്ള ജെലാറ്റോ നുണയുമ്പോൾ മനസ്സ് തണുത്ത് പിടഞ്ഞു. എന്നെങ്കിലും തിരിച്ചു വരണം ഈ മുത്തച്ഛന്റെ അടുത്തേക്ക്. ഈ വഴികളിലൂടെ വീണ്ടും നടക്കണം.ജെലാറ്റോകൾ രുചിക്കണം. കാഴ്ചകളൊക്കെ കണ്ട് കഴിഞ്ഞെന്നും പറഞ്ഞ് പിരിഞ്ഞുപോകാവുന്ന നഗരമല്ല റോം. ഏതൊരു യാത്രികനും എപ്പോഴെങ്കിലും എത്തിച്ചേരുന്ന മുതുമുത്തച്ഛൻ തറവാടാണിത്. വരണം. തിരിച്ചു വരണം. തീർച്ചയായും. ബാർബറീനിയിൽ നിന്ന് കോർണേലിയയിലേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ ഞാനത് മനസ്സിൽ പറഞ്ഞു പറഞ്ഞുറപ്പിച്ചു.
അപ്പാർട്ട്മെന്റിലെത്തിയപ്പോഴും മുഖങ്ങൾ മ്ളാനമാണ്.ഉറങ്ങാനുള്ള താല്പര്യമൊന്നുമില്ല ആർക്കും .
-
നാളെ ഉച്ചക്ക് രണ്ട് മണിക്ക്‌ പോയാൽ മതി എയർപോർട്ടിലേക്ക്.സനയുടെ മകൻ കാറുമായി വരും.രാവിലെ ഒന്ന് കറങ്ങി വരാം.

ആ തീരുമാനത്തിന്റെ പിന്തുണയിലാണ്  ഉറക്കം കിടക്കകളിലേക്ക് മടങ്ങി വന്നത്. ട്രെവിയോട് പറയാതെ പോയാൽ റോമിലേക്ക് ഇനിയും വരാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ഭയം അന്നത്തെ സ്വപ്നത്തിൽ പെയ്തു കൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ എട്ടു മണിക്ക് തന്നെ ബാർബെറീനി ചത്വരത്തിൽ വീണ്ടുമെത്തി. രാത്രി പെയ്ത മഴയിൽ ഈറൻ റോഡുകളുമായി ബാർബെരീനി. സൂര്യനും നന്നായി മഴ നനഞ്ഞിട്ടുണ്ട്. വലിയ ചൂടില്ല. വലിയ വെളിച്ചമില്ല.തേനീച്ച ഫൗണ്ടനും ട്രൈട്ടണും ഉണർന്നു വരുന്നു. ട്രൈട്ടണ് ചുറ്റും പഴയ പോലെ പ്രാവുകൾ ധാന്യമണികൾ തേടി അലസം നടക്കുന്നു. നമ്മുടെ കുംഭകുലുക്കിക്കമ്മ്യൂണിസ്റ്റ് ഇന്നും ഹാജരുണ്ട്.തലേദിവസം ഇടിഞ്ഞു വീണ ഷെയർ മാർക്കറ്റ് ഉണ്ടാക്കിയ ദു:ഖഭാരം ഞങ്ങളെക്കണ്ടതോടെ സന ഇറക്കി വെച്ചു. ഓടി വന്ന് ഓരോരുത്തരുടേയും കൈപിടിച്ച് കുലുക്കി. അമ്മയെ കെട്ടിപ്പിടിച്ചു. ആ സ്നേഹം ഞങ്ങളേയും ഉഷാറാക്കി.ചത്വരത്തിൽ കുറച്ചു കൂടി പ്രകാശം പരന്നു. പ്രാവുകൾ ധാന്യമണികൾക്ക് തിരക്ക് കൂട്ടി.
സഖാവേ, ഞങ്ങളിന്നുച്ചയ്ക്ക്  മടങ്ങുകയാണ്. ഇനി വരുമ്പോളൊക്കെ ഞങ്ങൾ താങ്കളെ ഇവിടെ വന്നന്വേഷിക്കും.
ആണോ? വീണ്ടും കണ്ടത് ഭാഗ്യമായി .
സന തന്റെ കുംഭകുലുക്കിച്ചിരിച്ചു.ഷാവോ ഷാവോ എന്ന് പറഞ്ഞ്  പിന്നെയും പിന്നെയും ഹസ്തദാനം. അമ്മയെ കെട്ടിപ്പിടിച്ച് ഒരു God bless you കൂടിപ്പറഞ്ഞു ആ കമ്മ്യൂണിസ്റ്റനുഭാവി.
-ഞങ്ങൾ ട്രെവി വരെ ഒന്നു പോകുന്നു. യാത്ര പറയണം.
_
അത് നന്നായി റോമിൽ നിന്ന് മടങ്ങുമ്പോൾ ട്രെവിയോട് പറയണം.ട്രെവിയോട് ബൈ പറയുമ്പോൾ നാം റോമിനോട് പോയി വരാം എന്ന് പറയുകയാണ്.
ഞങ്ങൾ ട്രൈട്ടൺ പാതയിലൂടെ താഴേക്ക് നടന്നു.വഴിയിൽ ആളുകളും വാഹനങ്ങളും അപൂർവ്വം.രാവിലെത്തന്നെ പെയ്ത് മാറിയ മഴ എല്ലായിടത്തും നനവിന്റെ പുതപ്പിട്ട് മൂടിയിരിക്കുന്നു. ട്രെവിയിൽ നാലഞ്ചാളുകളേയുള്ളൂ. രാവിലെ കുളി കഴിഞ്ഞ് ഈറനുടുത്ത് നില്ക്കുകയാണ് ട്രെവി ചത്വരം. ഓഷ്യാനസ് ദേവൻ ഇപ്പോഴും ഗൗരവത്തിൽ തന്നെ, ദൃഡപേശികളൊക്കെ മുഴപ്പിച്ച്.റോമൻ ശില്പ വൈദഗ്ധ്യത്തെ തഴുകി ജലത്തിന്റെ അലസനടനം. പിന്നിൽ കാരണവരപ്പോലെ തലയുയർത്തി പോലിക്കൊട്ടാരം.
ഇത് മൂന്നാം തവണയാണ്  ട്രെവിയിലിങ്ങനെ വന്നു നില്ക്കുന്നത്. ഇന്നലെ ഉച്ചച്ചൂടിൽ ജെലാറ്റോയെ കൂട്ടുപിടിച്ച്. വൈകുന്നേരം നിലാവിന്റെ മായിക വെളിച്ചത്തിൽ. ഇന്നിപ്പോൾ നനവൂറുന്ന തണുത്ത പ്രഭാതത്തിൽ, തിരക്കുകളില്ലാതെ. യാത്ര പറയാൻ ഇതിലും നല്ല പശ്ചാത്തലമില്ല.


ഞങ്ങളഞ്ചു പേരും ട്രെവിക്ക്  പിന്തിരിഞ്ഞ് നിന്നു. ഇന്നലെ എന്റെ കപടനാസ്തിക ഗീർവാണം സഹിച്ച പോളണ്ടുകാരനും അയാളുടെ കൂട്ടുകാരിയും അവിടെയെങ്ങാനുമുണ്ടോ എന്ന് ഞാനൊന്ന് പാളി നോക്കി.പിന്നെ വിടവാങ്ങലിന്റെ വിങ്ങലോടെ,ഒരു ദൈവീകാനുഷ്ഠാനത്തിന്റെ വിശുദ്ധിയോടെ,ഇടതു കരം നെഞ്ചോട് ചേർത്തു വെച്ച്  വലതു കൈയിലെ നാണയം,തിരിച്ചു  വരാനുള്ള കൊതി ചേർത്ത് ഇടത് തോളിന് മുകളിലൂടെ ട്രെവിയിലെ ജലത്തിലേക്കെറിഞ്ഞു. പോലിക്കൊട്ടാരത്തിന്റെ മുകളിൽ നിന്നുർന്നിറങ്ങി വന്നൊരു കാറ്റ്  ജലധാരയിലൂടെ മദിച്ചുയർന്ന്  ക്വരിനാൽ കുന്നിലേക്ക് കയറിപ്പോയി.      അനശ്വര നഗരത്തിന്റെ മുതുമുത്തച്ചൻ മനസ്സ് ജലത്തിലൂടെ ഉയർന്നു വന്ന്  ഞങ്ങളുടെ കവിളുകളിൽ സ്നനേഹമുത്തം നല്കി.കവിളുകൾ നനഞ്ഞു. ആ നനവ് ഒരുറപ്പായിരുന്നു. ഹ്രസ്വമെങ്കിലും തീവ്രമായ പ്രണയത്തിന്റെ വിരഹവേദനയോടെ ഞങ്ങൾ തിരിച്ചു  നടന്നു.
ട്രൈട്ടൺ റോഡിലേക്ക് തിരിച്ചു കയറുമ്പോൾ അമ്മുവും അപ്പുവും  ഇങ്ങനെയൊരു കുസൃതിച്ചിരി കുലുക്കിയെടുക്കുന്നുണ്ടായിരുന്നു.
-
ഒരു യാത്രികൻ അന്ധവിശ്വാസിയാകുന്നത് ഇങ്ങനെയൊക്കെയാണ്.

തിരിച്ചു നടക്കുമ്പോൾ ,റോമിലേക്കുള്ള അടുത്ത യാത്രയുടെ ചിന്തയായിരുന്നു മനസ്സിൽ.തിരിച്ചു വരും.അന്നും ട്രെവിയിലേക്ക് ഓടിയെത്തണം.ജനത്തിനും  ജലാരവത്തിനും ഇടയിൽ നിന്ന് ഓഷ്യാനസ് ദേവനെ വണങ്ങണം.റോമൻ ശില്പവൈദഗ്ദ്യത്തെ വണങ്ങണം.തിരിഞ്ഞു നിന്ന് ,ഇടതു കൈ നെഞ്ചോടു ചേർത്തുവെച്ച്,വലതു കൈയിലെ നാണയം ഇടതു ചുമലിനു മുകളിലൂടെ ട്രെവിക്ക് നല്കണം.അപ്പോഴും സ്നേഹചുംബനങ്ങൾ കൊണ്ട് ഞങ്ങളുടെ കവിളുകൾ നനയും.തീര്‍ച്ച.
   ----------------------------------