Thursday 29 September 2016

ഭാൻഗഢിലെ കൃഷ്ണ ,കൃഷ്ണയുടെ ഭാൻഗഢ്



പാതിയും പൊളിഞ്ഞുപോയ മതിലിൽ കുന്തിച്ചിരിക്കുകയാണ് കൃഷ്ണ.പേരിനെത്തോൽപ്പിക്കുന്ന കറുപ്പഴകുമായി അവൾ കറപിടിച്ചു മങ്ങിയ പല്ലുകൾ കാട്ടിച്ചിരിച്ചു. രാജസ്ഥാനിലെ അനേകം കൃഷ്ണമാരെപ്പോലെ അവളുടെ മുടി പൊടിപിടിച്ച് ചെമ്പിച്ചും  എണ്ണമയമില്ലാതെയും കൈകാലുകളിൽ പരുക്കൻ തൊലിയുമായിരുന്നു.മുൻപിൽ രണ്ടു ചെറിയ മൺകുടങ്ങൾ പാള പോലെയെന്തോ കൊണ്ട് മൂടി വെച്ചിട്ടുണ്ട്. കൈയിലുള്ള വടി കൊണ്ട് കല്ലിൽത്തട്ടി ശബ്ദമുണ്ടാക്കി സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച് ,മേലേ കത്തിനില്ക്കുന്ന സൂര്യനെച്ചൂണ്ടിയും ഭാൻഗഢ് ഫോർട്ടിലേക്കുള്ള ദൂരം കാണിച്ചും  അവരെ വെള്ളം വാങ്ങിക്കുടിക്കാൻ  പ്രലോഭിപ്പിക്കുകയാണ്  കൃഷ്ണ.ആരും അവളിൽ നിന്ന് വെള്ളം കുടിച്ചില്ലെങ്കിലും പലരും ഒരു രൂപയുടേയും  രണ്ടു രൂപയുടേയും നാണയങ്ങൾ അവൾക്ക് നല്കുന്നുണ്ട്. അതൊക്കെ കല്ലുകൾക്കിടയിലെ ചെറിയ വിടവിലേക്ക് അവൾ തള്ളി വെച്ചു.
ഭാൻഗഢ് കോട്ടയിലേക്കുള്ള  നീണ്ട വഴിയുടെ കാൽ ഭാഗം നടന്നുവന്നു്  കോട്ടയുടേയും തകർന്നു കിടക്കുന്ന ചുമരുകളുടേയും രണ്ട് ക്ഷേത്രങ്ങളുടേയും ദൂരക്കാഴ്ചയിൽ തൃപ്തിപ്പെട്ട്  കാറിലേക്ക് തന്നെ മടങ്ങിപ്പോയിരിക്കയാണ് അമ്മ. ഇത്രയെങ്കിലും കാണണമെന്ന് സഞ്ചാരക്കൊതിച്ചിയായ എൺപത്തിരണ്ടുകാരിക്ക് നിർബന്ധമായിരുന്നു. അതാണ് ജയ്പൂരിൽ നിന്നു തൊണ്ണൂറിലധികം കിലോമിറ്റർ ദൂരമുള്ള ബാൻഗഢിലേക്ക് കൂടെക്കൂടിയത്. ഹിന്ദി പറയുമ്പോൾ പുഞ്ചിരിക്കുകയും ഇംഗ്ലീഷ് കേട്ടാൽ വെറുതെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ശുദ്ധ ഗ്രാമീണൻ അയൂബ്ഖാൻ ആയിരുന്നു ഡ്രൈവർ .അമ്മയെക്കൊണ്ടുപോയി കാറിലിരുത്തി അയൂബ് ഖാനെ ഏൽപ്പിച്ച് മിനി മടങ്ങി വരുന്നതും കാത്തിരിക്കയാണ് ഞാൻ കൃഷ്ണയോടൊപ്പം


 .
  കൃഷ്ണക്ക് പിന്നേയും ആളുകൾ നാണയങ്ങൾ നല്കിക്കൊണ്ടിരുന്നു. പരിസരങ്ങളിൽ ധാരാളമുള്ള കുരങ്ങന്മാർക്ക് പഴങ്ങളുമായി വന്ന സംഘം കൃഷ്ണയ്ക്കും രണ്ട് പഴങ്ങൾ നല്കി. അവളതുടനെ തന്റെ മുഷിഞ്ഞ കുപ്പായത്തിനുള്ളിലൊളിപ്പിച്ചു.
കരങ്ങന്മാർ തട്ടിയെടുക്കും. ഒരെണ്ണം അനിയൻ ചെക്കന് കൊടുക്കണം.  കൃഷ്ണ പറഞ്ഞു.
അനിയന് എത്ര പ്രായമായി കൃഷ്ണാ
ക്യഷ്ണ കൈപ്പത്തികളകത്തിപ്പിടിച്ചു അനിയന്റെ വലിപ്പം കാണിച്ചു.
കൃഷ്ണ കാണിച്ചത് ശരിയാണെങ്കിൽ  അനിയൻ ഇപ്പോഴും മുല കുടിക്കുകയായിരിക്കണം.രണ്ടും മൂന്നും പഴങ്ങൾ റിസർവിൽ പിടിച്ചു  വെച്ചിട്ടുള്ള കുരങ്ങന്മാരെ അവൾ  അസൂയയോടെ നോക്കുന്നുണ്ട്. ഏതായാലും അവർ അവളുടെ കൊച്ചു കുടങ്ങളിലെ വെള്ളത്തിൽ കണ്ണ് വെക്കുന്നില്ല.

കൃഷ്ണേ, ഇത്രയും ആൾക്കാർക്ക് കൊടുക്കാൻ മാത്രം വെള്ളമുണ്ടോ ഈ പാത്രങ്ങളിൽ?
കൃഷ്ണ ഒന്ന് പരുങ്ങി ,ചിരിച്ചു കൊണ്ടിരുന്നു. ചുറ്റും കൂടിയിരുന്ന കുരങ്ങന്മാർ അവളുടെ ചിരിയെ ഇളിച്ചനുകരിച്ചു.

നാലിലോ അഞ്ചിലോ പഠിക്കാനിരിക്കേണ്ട കൃഷ്ണ.മൂന്നാം ക്ലാസുകാരിയുടെ വലുപ്പം കഷ്ടിച്ചുള്ള കൃഷ്ണ. വളർന്നു വലുതാവുമ്പോൾ അവൾ തന്റെ സങ്കടങ്ങളേയും നിറം ചേരാത്ത ജീവിതത്തേയും ബാപ്പു ബസാറിൽ നിന്ന് വിലപേശി വാങ്ങിക്കുന്ന വില കുറഞ്ഞ നിറം കൂടിയ കുപ്പായങ്ങൾ കൊണ്ട് മറയ്ക്കും.ഈ കുഞ്ഞൻ കുടങ്ങൾ മാറ്റി വെച്ച്, വലിയ കുടങ്ങളുടെ ഗോപുരവുമായി വെള്ളം തേടി കിലോമീറ്ററോളം നടക്കും.

അമ്മയെ കാറിലിരുത്തി മിനി മടങ്ങിവരുന്നുണ്ട് .ഞാൻ കൃഷ്ണക്ക് പത്തു രൂപ കൊടുത്ത് ഒരു ഫോട്ടോയും എടുത്ത് യാത്ര പറഞ്ഞു. പത്തു രൂപ കൃഷ്ണയെ വല്ലാതെ സന്തോഷിപ്പിച്ചു.

കൃഷ്ണാ, കൃഷ്ണക്ക് ഇതെത്ര രൂപയാണെന്ന് അറിയാമോ?
അവളുടെ കണ്ണുകൾ വിടർന്നു വന്നു. കൈപ്പത്തികൾ അകന്നു .ഇത് വലുത് വലുത് എന്നവൾ പറഞ്ഞു.
അവളുടെ അളവുകൾ അങ്ങനെയാണ്. വിടർന്ന കണ്ണുകൾ. അകലുന്ന കൈയ്പത്തികൾ. നോട്ടുകൾ വലുത്. .നാണയങ്ങൾ ചെറുത് .ചേരികളിൽ ചെറിയവർ. പുറത്ത് വലിയവർ .കോട്ടകൾ വലുത് .കുടിലുകൾ ചെറുത്.
 
മിനിക്ക്  ഞാൻ കൃഷ്ണയെ പരിചയപ്പെടുത്തി.
ഇവിടെ നിറയെ പ്രേതങ്ങളാല്ലേ, കൃഷ്ണ?. മിനി ചോദിച്ചു.
കൃഷ്ണ വലതുകയ്യാൽ വായ് പൊത്തി ഇവരെന്തു മണ്ടന്മാരാ എന്ന മട്ടിലൊരു 'ഒടുവിലാൻ ചിരി' ചിരിച്ചു.ചുററും ചിതറിയിരിക്കുന്ന കരങ്ങൻകൂട്ടത്തെ കാണിച്ചു പറഞ്ഞു. -
ഇവന്മാർക്കൊരു കുഴപ്പോല്ല്യല്ലോ.
കുഞ്ഞുകൃഷ്ണയുടെ ലോജിക് ശരിയാണ്. പ്രേതസാന്നിധ്യവും അഭൗമശക്തികളും ആദ്യം അലോസരപ്പെടുത്തേണ്ടത് മൃഗങ്ങളേയാണ് .പ്രത്യേകിച്ചും വാനരന്മാരെ .അവരാകട്ടെ ഖുശിയായിക്കഴിയുന്നു.



ഭാരതത്തിന്റെ ഡ്രാക്കുളക്കോട്ടയാണ് ഭാൻഗഢ് കോട്ട. പ്രേതകഥകളും പ്രകൃത്യാതീത ശക്തികളുടെ താണ്ഡവങ്ങളുമായി ഭയവും കൗതുകവും കലർത്തി സഞ്ചാരികളെ വശീകരിക്കുന്നുണ്ട് ഭാൻഗഢ് . most haunted places in India  എന്നൊന്നന്വേഷിക്കാൻ ഗൂഗിളിനോട് പറഞ്ഞാൽ ആദ്യം പൊക്കിക്കാണിക്കുന്നത് ഭാൻഗഢ്  കോട്ടയായിരിക്കും. ഭാൻഗഢിനെക്കുറിച്ച് ചോദിച്ചാൽ വിക്കിച്ചേട്ടനും ഗൂഗിളമ്മായിക്കും നൂറ് നാവാണ്. അതൊക്കെ വായിച്ച് ഊതിവീർപ്പിച്ച ആവേശക്കുമിളയാണ് കുറേ കുരങ്ങന്മാരുടെ കൂട്ടുപിടിച്ച് കൃഷ്ണ പൊട്ടിച്ചു കളഞ്ഞത്.

ഇങ്ങോട്ട് പോരുന്ന വഴിക്ക് രണ്ടു മൂന്നു കവലകളിൽ ബാംഗ്പുര ഗ്രാമത്തിലേക്കുള്ള വഴി ചോദിച്ചിരുന്നു അയൂബ് ഖാൻ .അപ്പോഴൊക്കെ ഞാനയാളെ തിരുത്തി. ബാംഗ്പുരയല്ല  അയൂബ്, ഭാൻഗഢാണ്. ഭാൻഗഢ് .അവസാനം  അയൂബ് തിരിച്ചെന്നെത്തിരുത്തി. ബാംഗ്പുര ഗ്രാമത്തിനടുത്താണ് സാബ് ,ഭാൻഗഢ് കോട്ട. അയൂബെന്ന ഗ്രാമീണന്  ഗ്രാമമാണ്  പ്രധാനം.കോട്ടയല്ല. ജയ്പ്പൂരിൽ നിന്ന്  നൂറിനടുത്ത്  കിലോമീറ്റർ അകലെയാണ്  ആൽവാർ ജില്ലയിലെ ഈ ഗ്രാമം.

ഹൈവേ വഴി പോരാതെ രാംഗഢ്  വഴിയുള്ള അത്ര സുഖകരമല്ലാത്ത യാത്രയായിരുന്നു ആന്തി ഗ്രാമം വരെ. പ്രശസ്തമായ ഷോലെ ചിത്രീകരിച്ചതു് രാംഗഢിലാണത്രെ.അയൂബിനു ആ സ്ഥലവും കൂടി  ഞങ്ങളെ കാണിക്കണം. വർഷങ്ങൾക്ക് മുമ്പാണ് അയൂബ് ഇവിടെ വന്നിട്ടുള്ളത്. അന്ന് രാംഗഢിലെ ഡാമിൽ സമുദ്രം പോലെ വെള്ളമുണ്ടായിരുന്നു. ഇപ്പുറത്തെ പാടങ്ങളിൽ ഗോതമ്പും ബാർലിയും വിളഞ്ഞ് കിടന്നു. പച്ചപ്പിന്റെ ധാരാളിത്തവുമായി മരങ്ങൾ നിരന്നു നിന്നു. ഇപ്പോൾ രാംഗഢിൽ മഴയില്ല. ഡാമിൽ വെള്ളമില്ല. കൃഷിയില്ല. പച്ചപ്പില്ല. വർഷങ്ങളായി രാംഗഢ് ഇങ്ങനെ വരണ്ടുണങ്ങിക്കിടക്കുകയാണ്. ചെറിയൊരു പട്ടണത്തിന്റെ പൊങ്ങച്ചങ്ങളുണ്ടായിരുന്ന രംഗഢിൽ ഇപ്പോഴുള്ളത് ഒന്നു രണ്ട് മാടക്കടകളും കുറേ വാനരന്മാരും ഡാമിലെ ആൽഗേ നിറഞ്ഞ അല്പം വെള്ളത്തിൽ പെട്ടു പോയ ഏതാനും മുതലുകളുമാണ്. ആയൂബിലെ ഗ്രാമീണൻ സങ്കടത്തോടെ രംഗഢിലെ ഭൂമിയെ നോക്കിക്കൊണ്ടു നിന്നു. ഷോലെ ഷൂട്ട് ചെയ്ത സ്ഥലമാണ്. അന്നെന്തു ഭംഗിയായിരുന്നു ഇവിടം. ഇവിടെയാണ് ധർമ്മേന്ദ്രയും ഹേമമാലിനിയും ആടിപ്പാടി നടന്നത്. ഇവിടത്തെ കാട്ടിലാണ് അംജത് ഖാന്റെ അട്ടഹാസങ്ങൾ മുഴങ്ങിയത്.
രാജസ്ഥാനിൽ പലഭാഗങ്ങളിലും  ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങളുടെ ചമയങ്ങൾ ഊരിവെച്ച്  ദരിദ്രഗ്രാമങ്ങളുടെ സങ്കടങ്ങളിലേക്ക്   തലവര മാറി വരഞ്ഞ പല പ്രദേശങ്ങളും വഴിമാറുന്നുണ്ട്. ഭാൻഗഢിനും ഇതു തന്നെയാണ് സംഭവിച്ചത്.പതിനാറാം നൂറ്റാണ്ടിലാണ് ആമറിലെ ഭരണാധികാരിയും അക്ബറിന്റെ ദിവാനുമായിരുന്ന രാജാ ഭഗവാൻ ദാസ്  ഭാൻഗഢ് നഗരം പണിയുന്നത്. മുഗളന്മാരുടെ സാമന്ത രാജ്യമായിരുന്നു അന്ന് ആമർ (Amer/Amber) രജപുത്രരിലെ കച്ച് വാ ഗോത്രക്കാരായിരുന്നു ആമർ രാജാക്കന്മാർ .യുദ്ധവീരരായ ഇവരെ മുഗൾ സാമ്രാജ്യം കീഴടക്കിയത്  സൈന്യബലം കൊണ്ട് മാത്രമല്ല,അവരുമായി ബന്ധുബലം സ്ഥാപിച്ചുകൊണ്ടുമായിരുന്നു.ഒരു വെടിക്ക്  രണ്ടു പക്ഷിയെന്നോ ഒരു പക്ഷിക്ക്  രണ്ടു വെടിയെന്നോ ഈ  നയതന്ത്രത്തെ വ്യാഖ്യാനിക്കാം.

ആമർ രാജാവായിരുന്ന രാജാ ബാർമലിന്റെ മകനാണ് ഭാൻഗഡ് സ്ഥാപിച്ച  ഈ രാജാ ഭഗവാൻ ദാസ്.ഇദ്ദേഹത്തിന്റെ സഹോദരി ജോധാ ബായി മുഗൾ ചക്രവർത്തി അക്ബറിന്റെ  പത്നിയായിരുന്നു.ഭഗവാൻ ദാസിന്റെ മകളെ വിവാഹം  ചെയ്തിരുന്നത്  സലീം രാജകുമാരനായിരുന്നു.ഈ രാജകുമാരൻ  പിൽക്കാലത്ത്  ജഹന്ഗീർ എന്ന പേരിൽ ചക്രവർത്തിയായി. ഭഗവാൻ ദാസിന്റെ ഇളയ മകൻ മാധോസിങ്ങ് ആണ് ഭാൻഗഡ് കോട്ടയിലിരുന്ന് ഭരണമാരംഭിച്ചത്.മാധോസിങ്ങിനെപ്പോലെ മിടുക്കനായിരുന്നില്ല പിന്നാലെ വന്ന ചത്തർസിങ്ങ് .ചത്തർ സിങ്ങിനു ശേഷം വന്നവരെ ചരിത്രം തന്നെ ഓർക്കുന്നില്ല. ഭാൻഗഢ് ക്ഷയിച്ചു കൊണ്ടിരുന്നു. മുഗളന്മാരുടെ സഹായത്തോടെ കോട്ട മാത്രം സംരക്ഷിക്കപ്പെട്ടു. ഔറംഗസേബിന്റെ കാലശേഷം മുഗൾ സാമ്രാജ്യം ക്ഷയിച്ചു തുടങ്ങി, കോട്ട തകർന്നും തുടങ്ങി. സംരക്ഷകരില്ലാതെ പോയ ഭാൻഗഢിനെ 1720 ൽ ജയ് സിങ്ങ് രണ്ടാമൻ ജയ്പൂരിനോട് ചേർത്തു.(ഇദ്ദേഹമാണ് ജയ്പൂർ നഗരം നിർമ്മിച്ചത്. ജയ്സിങ്ങിൽ നിന്നാണ് ജയ്പൂരിന് ആ പേര് കിട്ടുന്നത്.) എന്നിട്ടും  ഭാൻഗഢിന്റെ കഷ്ടകാലം കഴിഞ്ഞില്ല. വടക്കേയിന്ത്യയെ മുഴുവൻ പട്ടിണിക്കിട്ട 1783ലെ വൻ ക്ഷാമം ഭാൻഗഢ് കോട്ടയെ അനാഥമാക്കി, ഭാർഗഢിനെ ശൂന്യമാക്കി.
ഇത്രയും ചരിത്രത്തിന്റെ  ബ്ലാക്ക് ആൻഡ് വൈറ്റ്  പ്രിന്റൗട്ട്. ഇനിയുള്ളത് നാട്ടുകേൾവികളുടെയും കെട്ടുകഥകളുടെയും ഈസ്റ്റ്മാൻ കളർ ഹൊറർ തിരച്ചിത്രമാണ്. ചരിത്രത്തിന്റെ നരച്ച ലിപികളിൽ ഗ്രാമീണർക്ക്  താല്പര്യമില്ല.അവർ പാടത്തും വരമ്പത്തുമിരുന്നു മക്കളോടും  കൊച്ചുമക്കളോടും പറയാൻ നിറമുള്ള  നാടോടിക്കഥകൾ  മെനഞ്ഞെടുത്തു.കഥപറഞ്ഞു പറഞ്ഞു കാലം പുതിയ കഥാപാത്രങ്ങളെ പ്രസവിച്ചു.          രത്നവതിയും ദുർമന്ത്രവാദിയും .ബാലുനാഥും  കോട്ടയുടെ നിഴലും.അങ്ങനെ ഒരു കോട്ട നിറയെ കഥകൾ.

പഴയ ഭാൻഗഢിലെ സന്യാസിയോ അവധൂതനോ ആയിരുന്നിരിക്കാം ബാലുനാഥ്.ആരവല്ലിയുടെ സ്വച്ഛവും സുന്ദരവുമായ താഴ്വാരം അദ്ദേഹം ധ്യാനത്തിന് തെരെഞ്ഞെടുത്തു. ധ്യാനവും സന്യാസവുമായി സ്വസ്ഥമായിക്കഴിയുന്നതിനിടക്കാണ് ഭാൻഗഢിൽ കോട്ടവരുന്നത്. അനുവാദം അന്വേഷിച്ചു വന്ന രാജാവിനോട് സന്യാസി പറഞ്ഞു - കോട്ടയുടെ നിഴൽ എന്റെ ധ്യാന സ്ഥലത്തേക്ക് എത്തരുത്. അങ്ങനെ വന്നാൽ എന്റെ ശാപം ഈ കോട്ടയിലും പ്രജകളിലും പതിക്കും.ഒരു പക്ഷേ കോട്ടയിലെ ബഹളങ്ങളും അധികരിക്കുന്ന ജനസാന്നിധ്യവും തന്റെ ഏകാന്തതയെ ബാധിക്കരുതെന്നായിരിക്കും മൂപ്പര് ആഗ്രഹിച്ചത്. ഏതായാലും കോട്ട നാലുനിലയിൽ നിർത്തി  ധ്യാനസ്ഥലം നിഴൽബാധയിൽ നിന്നൊഴിവാക്കി രാജാക്കന്മാർ . വർഷങ്ങൾ കഴിഞ്ഞുപോയി. രാജാക്കന്മാർ മാറി വന്നു. നാട് അഭിവൃദ്ധിപ്പെട്ടു.രാജവരുമാനം കൂടി. മരണമില്ലാതെ ധ്യാനത്തിൽ മുഴുകിയ ബാലുനാഥിനെ ഭാൻഗഢ് മറന്നു. കോട്ടയുടെ നിലകൾ കൂടിക്കൂടി വന്നു. അഞ്ച്, ആറ് ,ഏഴ്. നീണ്ടുവന്നു വീണ നിഴലിൽ ബാലുനാഥ് പൊട്ടിത്തെറിച്ചു. ശാപവാക്കുകൾ കോട്ടയിലും നാട്ടിലും വന്നു വീണു. കോട്ടയുടെ ഉയർന്ന നിലകൾ തകർന്നു. അനേകം പേർ മരിച്ചു. ബാക്കിയുള്ളവർ ഭാൻഗഢ് ഉപേക്ഷിച്ചു പോയി. ശൂന്യമായ ഭാൻഗഢിൽ ബാലുനാഥ് പിന്നേയും ധ്യാനനിരതനായി. പിന്നീടെപ്പോഴോ ദിവംഗതനായി.കോട്ട പരിസരങ്ങളിലെവിടെയോ ബാലുനാഥ്  നിത്യധ്യാനത്തിലാണെന്നു് വിശ്വസിക്കപ്പെടുന്നു.
ഭാൻഗഢിന്റെ ചരിത്രത്തിലൊന്നും കണ്ടെത്താനാവാത്ത രത്നവതി രാജകുമാരിയാണ് രണ്ടാമത്തെ കഥയിലെ നായിക. അവളെ തീവ്രമായി ആഗ്രഹിച്ച സിംഗിയ എന്ന ദുർമന്ത്രവാദി വില്ലൻ. ഒരിക്കൽ രത്നവതിയുടെ ദാസിയിലൂടെ വശീകരണത്തൈലം കൊടുത്തു വിടുന്നു അയാൾ. ദുർമന്ത്രവാദിയുടെ ദുരുദ്ദേശം മനസ്സിലാക്കാനുള്ള ജ്ഞാനദൃഷ്ടിയുണ്ടായിരുന്നു രാജകുമാരിക്ക് .അവരത് നിലത്തൊഴിച്ചു കളഞ്ഞു. അതിൽ നിന്ന് രൂപം കൊണ്ട ഭീമൻ പാറ ഉരുണ്ടുചെന്ന് സിംഗിയയെ കൊന്നുകളഞ്ഞു. മരിക്കുന്നതിന് മുമ്പ് സിംഗിയയും ശാപം പാസ്സാക്കി. 
രാജകുമാരി കൊല്ലപ്പെടുമെന്നും രാജ്യം നശിക്കുമെന്നും .അടുത്ത വർഷം അജാബ്ഗഡുമായുള്ള യുദ്ധത്തിൽ രത്നവതി കൊല്ലപ്പെട്ടു.രാജ്യം ഛിന്നഭിന്നമായി. രത്നവതി പുനർജ്ജനിക്കുമെന്നും അപ്പോൾ ഭാൻഗഢ് പഴയ പോലെ സമ്പന്നമാകുമെന്നും ഗ്രാമം വിശ്വസിക്കുന്നു. രത്നവതിക്കഥക്കു തന്നെ ധാരാളം വകഭേദങ്ങളുണ്ടാക്കിയിട്ടുണ്ട് ഗ്രാമീണ രസികർ. ഭാൻഗഢിലെ നാടൻ കഥപ്പുരകൾ ഇപ്പോഴും തിരക്കിലാണ് .

കോട്ടയിൽ അതിസാഹസികതക്ക്  ശ്രമിച്ചവർക്കുണ്ടായ തിക്താനുഭവങ്ങൾ. രാത്രി കോട്ടയിൽ തങ്ങി മരണപ്പെട്ടവരുടെ കഥകൾ. ഇരുളും ഭയവും മരണവും ചാലിച്ച കഥകൾ കറുത്തിറങ്ങുകയാണ്. കോട്ടയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടി ക്കൊണ്ടിരിക്കയാണ്. ഗ്രാമം ഒന്നു മിനുങ്ങിത്തുടങ്ങിയിട്ടുണ്ട്.അടുത്തു തന്നെ പച്ച പിടിച്ചിട്ടുള്ള   മാർബിൾ ശില്പനിർമ്മാണവും ഗ്രാമീണരെ സന്തോഷിപ്പിക്കുന്നു .എവിടെയോ രത്നവതി പുനർജ്ജനിച്ചിട്ടുണ്ട്.


കോട്ടമതിലുകളും കാവൽപ്പുരകളും കോട്ടയും കൊത്തളങ്ങളും ക്ഷേത്രങ്ങളും അങ്ങാടികളും പതിനായിരക്കണക്കിന് പ്രജകളും പാർപ്പിടങ്ങളുമൊക്കെയായി ഒരു നഗരം തന്നെയായിരുന്നു ഭാൻഗഢ് കോട്ട. കൃഷ്ണയുടെ ജലവിതരണകേന്ദ്രത്തിനടുത്തു നിന്ന് തകർന്നുപോയ  ജോഹ് രി ബസാർ ആരംഭിക്കുന്നു.ഇരുവശത്തും നെടുവീർപ്പിട്ടു നിൽക്കുന്ന പൊളിഞ്ഞ ചുമരുകളുടെയും തൂണുകളുടെയും കടമുറികളുടെയും ഇടയിലൂടെ കോട്ടയിലേക്കുള്ള  നടവഴി സങ്കടപ്പെട്ടു  നടന്നുപോകുന്നു.ചുറ്റിലും പരിസരത്തിന്  പഴമയുടെയും  പരിഭ്രാന്തിയുടെയും ഭാവം പകർന്ന്  താടിയും മുടിയും നീട്ടി ആൽമരങ്ങൾ.വിചിത്രാകാരങ്ങളിലേക്ക്  തായ്ത്തടിയും കൊമ്പുകളും വളർത്തി പേര് പറയാത്ത വേറെയും  മരങ്ങൾ.ഒറ്റക്കും തെറ്റക്കും കുരങ്ങന്മാർ.ആരവല്ലി മലനിരകളിൽനിന്നു വയറു നിറച്ചെത്തുന്ന  കാറ്റിന്റെ നീളൻ ഏമ്പക്കങ്ങൾ.നീണ്ടു പോകുന്ന വഴിക്കറ്റത്തു മുറിവേറ്റു വീണ രാക്ഷസനെപ്പോലെ കോട്ട.കോട്ടയെ മടിയിലേക്കെടുത്തു വെക്കുന്നു  മൂന്നുവശത്തു നിന്നും ചരിഞ്ഞിറങ്ങുന്ന ആരവല്ലി.കോട്ടയുടെ  വലതു വശത്തു മലയുടെ നിറുകയിൽ  ഒരു  ഛത്രി കാണാം.പഴയ നിരീക്ഷണഗോപുരമാവാം.മലകയറിച്ചെല്ലാൻ നമ്മെ മോഹിപ്പിക്കും വിധം ഗംഭീരമാണ് അതിന്റെ നിൽപ്പ്.പൊടിവീണ്  ചെമ്പിച്ച ചെറിയ മരങ്ങൾ ഛത്രിയിലേക്ക്  അലസം കയറിപ്പോകുന്നുണ്ട്.ആരവല്ലി പലയിടത്തും ഇത്തരം ഛത്രികളെ സൂക്ഷിക്കുന്നുണ്ട്.



ജോഹ് രി മാർക്കറ്റിന്റെ  ശേഷിപ്പുകൾ കഴിഞ്ഞെത്തുന്നത്  ചെറിയൊരു മൈതാനത്തേക്കാണ്.ഇവിടെ രണ്ടാമത്തെ കോട്ട മതിലിലെ ഇരുമ്പഴികളുടെ ബലമുള്ള വാതിലുകൾ നാം കടക്കുന്നു .ആർക്കിയോളജിക്കാർ പുല്ലൊക്കെ പിടിപ്പിച്ചു  മനോഹരമാക്കിയിട്ടുണ്ട് ഇവിടം.വലതുവശത്ത് രണ്ടാൾപ്പൊക്കമുള്ള  തറയിൽ ക്രീം നിറത്തിലുള്ള രാജസ്ഥാൻ കല്ലിൽ മനോഹരമായൊരുക്കിയ ഗോപിനാഥക്ഷേത്രം.വടക്കേ ഇന്ത്യയുടെ സ്വന്തമായ 'നഗര'ശൈലിയിൽ  'ശിഖര'മൊക്കെയായി ഒതുങ്ങി നിൽക്കുന്നു.കോട്ടയിൽ പലയിടത്തും പിന്നെയും  ചില ക്ഷേത്രങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. നവീൻ, സോമേശ്വർ,കേശവ് റായ് ,മംഗളാദേവി,ഗണേഷ്  ക്ഷേത്രങ്ങൾ. കാലം കോട്ടക്ക് ഏൽപ്പിച്ചത്ര  പരുക്ക്  ക്ഷേത്രങ്ങൾക്കില്ല. പലതിലും ഇന്ന് പ്രതിഷ്ഠയോ പൂജയോ ഇല്ല.കോട്ടവാതിലിനോട് ചേർന്നുള്ള ഹനുമാൻ ക്ഷേത്രത്തിൽ മാത്രമാണ് പൂജയും ആളനക്കവുമുള്ളത്.ഈ കോട്ടവാതിലാണ് ഹനുമാൻ ഗേറ്റ് .ഇതിനടുത്തു  മോദോ കി ഹവേലി. മോദോ  അന്നത്തെ പൗര പ്രമുഖനോ            രാജോപദേഷ്ടാവോ ആയിരിക്കാം.അത് കഴിഞ്ഞ് നർത്തകരുടെ വാസസ്ഥലം.ഗോപിനാഥ ക്ഷേത്രത്തിനും കൊട്ടാരത്തിനുമിടയിൽ രാജസഭ കൂടിയിരുന്ന കെട്ടിടം.
മൈതാനത്തിന്റെ ഇടതുഭാഗത്തേക്ക്  വേരുകൾക്കിടയിൽ പഴയ കല്ക്കെട്ടുകളെ ഒതുക്കി നിർത്തുന്ന ആൽമരങ്ങളെ കടന്ന് ചെന്നാൽ മറ്റൊരു ക്ഷേത്രമാണ്.  സോമേശ്വരക്ഷേത്രം. അടുത്തു തന്നെയാണ് അമ്പലവാസികളുടെ പാർപ്പിടമായിരുന്ന പുരോഹിത്ജി കി ഹവേലി. ക്ഷേത്രത്തിനോട് ചേർന്ന് തന്നെ ചെറിയ കുളം .കുളത്തിലേക്ക് ഒരു ചെറു നീർച്ചാൽ മലകളിൽ നിന്ന് ഒഴുകിയെത്തുന്നുണ്ട്. ചുറ്റും ധാരാളം വാനരന്മാരും മയിലുകളും. കൂട്ടത്തിൽ ഒരു മുട്ടൻ വടിയുമായി കല്യാൺ ദാസ്.ദാസിനെ എവിടെയോെവെച്ച് കണ്ടിട്ടുണ്ട്. തീർച്ച.നാട്ടുകാരോട് ചോദിക്കാൻ വെച്ചിരുന്ന ചോദ്യം ദാസിനോടും ചോദിച്ചു
.
-ഇപ്പോ പ്രേതമൊക്കെ വരാറുണ്ടോ?
_പത്തു പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുമ്പ്  പ്രേതങ്ങളൊക്കെയുണ്ടായിരുന്നു. ഇപ്പൊ വല്ലപ്പോഴുമൊന്ന് വന്നാലായി. ആൾക്കാർക്കൊന്നിലും വിശ്വാസമില്ലല്ലോ.
കല്യാൺ ദാസ് സങ്കടപ്പെട്ടു.
ദൈവവിശ്വാസമാണോ ഭൂതപ്രേതാദികളിലെ വിശ്വാസമാണോ ദാസ് ഉദ്ദേശിച്ചത്? എന്തായാലും വിശ്വാസം അതല്ലേ എല്ലാം.

അടുത്ത കോട്ടമതില് വരെ കല്യാൺ ദാസ് കൂടെ വന്നു. മൊത്തം മൂന്ന് വൻമതിലുകളുടേയും ആരവല്ലിയുടേയും സംരക്ഷണത്തിലാണ് പ്രേതക്കോട്ട. ഭൂമിക്കടിയിലുള്ള അറകളിലേക്കോ ഇളകിക്കിടക്കുന്ന കെട്ടുകളിലേക്കോ സാഹസപ്പെടരുതെന്നുപദേശിച്ച്  ദാസ്  വാനരന്മാർക്കിടയിലേക്ക് മടങ്ങിപ്പോയി. എവിടെ വെച്ചാണ് ഇയാളെ കണ്ടിട്ടുള്ളത് .എവിടെ വെച്ചാണ് ദാസ് മുമ്പെന്നോട് ഭാൻഗഢിനെക്കുറിച്ച് സംസാരിച്ചത്? പിടി കിട്ടുന്നില്ല.കോട്ടയിലെ അദൃശ്യശക്തികൾ എന്റെ ഓർമ്മകളെ കലക്കിക്കളഞ്ഞോ??



രാജസ്ഥാൻ ശിലകൾ നല്കുന്ന ഗരിമ ഈ കോട്ടമതിലിനുമുണ്ട്.ഇവിടെ നിന്ന് കോട്ടയുടെ പടിപ്പുരയിലേക്കുള്ള വഴി ചെരിഞ്ഞ് കയറുന്നു.ഇരുമ്പഴികളിട്ട വലിയ പടിപ്പുരവാതിൽ കയറുമ്പോൾ തടവറയിലേക്ക് കടക്കുന്ന ജീവപര്യന്തക്കാരന്റെയത്രയും വ്യസനങ്ങൾ എവിടെ നിന്നോ മനസ്സിൽ വന്നു തൂങ്ങി. വാതിൽ കടന്നാൽ ഇരുവശത്തുമുള്ള ഉയർന്ന തറയിൽ ഇരിക്കാം, വർഷങ്ങൾ ദ്രവിച്ചടിഞ്ഞ പൊടി നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ . ഞാനും മിനിയും ആ പൊടിയിൽ ,അയൂബ് വെയിലിനെത്തടയാൻ തന്ന രാജസ്ഥാൻ പത്രിക വിരിച്ചിരുന്നു. വിശപ്പിന്റെയും ക്ഷീണത്തിൻെറയും ഭൂതങ്ങൾ വല്ലാതെ ആക്രമിക്കുന്നുണ്ട്. വെണ്ണ തേച്ച് പുഷ്ടിപ്പെടുത്തിയ ബ്രെഡ്ഡും ധാരാളം വെള്ളവും അകത്താക്കി.ഇപ്പോൾ ഉഷാറായി. ആരവിടെ? എവിടെ ഭൂതത്താൻ കോട്ട?



കോട്ടയിലേക്ക് പൊളിഞ്ഞു തുടങ്ങിയ പടികൾ കയറുമ്പോൾ കേട്ട പ്രേതകഥകളുടെ ഇരുളൊക്കെ ഒഴിഞ്ഞ് പോകും. ഉച്ചയുടെ തിളക്കുന്ന വെയിലിൽ ,ധാരാളം ഇടനാഴികളും വരാന്തകളും അഴികളില്ലാത്ത ജനലുകളും തുറപ്പുകളുമായി രഹസ്യമൊന്നുമില്ലെന്ന് മലർന്നു കിടക്കുകയാണ് കോട്ട. കോട്ടയുടെ അടിയിലേക്ക്  ചില കുഞ്ഞൻ മാളങ്ങൾ തുറക്കുന്നുണ്ട്. കൂരിരുട്ടിന്റെ നാട്ടുരാജ്യത്തിലേക്കിറങ്ങാൻ ശ്രമിച്ച് ഭയപ്പെടുന്നുണ്ട് ചില പോക്കിരി സഞ്ചാരികൾ .മൊബൈലുകളുടെ പുത്തൻ വെളിച്ചം  നൂറ്റാണ്ടുകൾ സ്വരുക്കൂട്ടിവെച്ച പഴയ ഇരുളിനോട് തോല്ക്കുന്നു . ഇടനാഴികളുടെ അറ്റത്തും ഇത്തരം ഇരുട്ടറകൾ കാണാം. അവിടേക്ക് കടന്ന് നോക്കുന്നത് ബുദ്ധിയല്ല. ഭൂതപ്രേതങ്ങളൊന്നുമില്ലെങ്കിലും പാമ്പുകളും മറ്റു വിഷജന്തുക്കളുമുണ്ടാവാം.


കോട്ടയുടെ നടുവിലൂടെ മുകൾ നിലകളിലേക്കുള്ള പടിക്കെട്ട് കയറിപ്പോകുന്നു. വശങ്ങളിൽ ഭൂതകാലത്തിൽ നിന്നുണർന്ന് അന്തം വിട്ട് നില്‌ക്കുന്ന കുറേ മുറികളുണ്ട്. അവിടെ നിന്ന് പൊടിയുടേയും ഈർപ്പത്തിന്റേയും ഗന്ധം സൂര്യ വെളിച്ചത്തിലേക്ക് എത്തി നോക്കുന്നുണ്ട്. ചില മുറികളിൽ വവ്വാലുകൾ ശീർഷാസനത്തിലാണ്.നാലുനിലകളും കയറി മുകളിലെത്തിയപ്പോഴേക്കും വശംകെട്ടു പോയിരുന്നു. എന്റെ നീളൻ മുടി ഊർന്ന് വീണ് മുഖത്തെ വിയർപ്പിൽ ഒട്ടിപ്പിടിച്ചു.ഏഴു നിലകളോടെ 'സപ്ത മഹൽ ' എന്നറിയപ്പെട്ടിരുന്ന കോട്ട ഇന്ന് നാല് നിലകളോടെ ഭൂത് മഹൽ എന്നാക്ഷേപിക്കപ്പെടുന്നു.ബാലു നാഥിന്റെ സന്യാസത്തിലേക്ക് നിഴൽ നീട്ടിയ മൂന്ന് നിലകൾ തകർന്നു പോയിരിക്കുന്നു . മേൽത്തളത്തിൽ കോട്ടച്ചുമരുകളിൽ നിന്നും പിണങ്ങി വീണ കല്ലുകളുടേയും ഇഷ്ടികളുടേയും കൂമ്പാരങ്ങളാണ്. ചിലയിടങ്ങളിൽ എവിടേക്കാണ് കയറിപ്പോകുന്നതെന്നു മറന്ന് പെട്ടെന്ന്  നിന്ന്പോയ ചവിട്ടുപടികൾ. ഇവിടെ നിന്ന് മുന്നിലേക്ക് നോക്കിയാൽ കോട്ടയുടെ വിസ്തൃതിയും പൊളിഞ്ഞും പൊളിയാതെയും കിടക്കുന്ന കുറേ ക്ഷേത്രങ്ങളും കാവൽ ഗോപുരങ്ങളും കാണാം. കോട്ടയുടെ പുറം മതിലിനും പുറത്ത് വലിയൊരു മക്ബറയുണ്ട്. കച്ച്വാ രാജകുടുംബത്തിൽ നിന്ന്   ഇസ്ലാമിലേക്ക് മാറിപ്പോയ ഏതോ രാജാവോ രാജകുമാരനോ അവിടെയുറങ്ങുന്നു. പുതിയ കഥകളിൽ ഇത്                    ബാലുനാഥിന്റെ സാമാധിയായിക്കൊണ്ടിരിക്കുന്നുണ്ട്. ഹനുമാൻ ഗേററ് കടന്ന് ആളുകൾ കോട്ടയിലേക്ക് വരുന്നതു കാണാം.ഡെൽഹി ഗേററ്, ലാഹോറിഗേററ്, ഫുൽബാരിഗേററ്, അജ്മീർ ഗേററ് എന്നിങ്ങനെ നാല് കോട്ട വാതിലുകൾ കൂടിയുണ്ട്.

കോട്ടയുടെ പിന്നിലേക്ക് നോക്കുമ്പോൾ കെട്ടിപ്പിടിക്കാവുന്ന ദൂരത്തിൽ ആരവല്ലി.  അടുത്ത് തന്നെ സിരിസ്ക്ക കടുവാ സംരക്ഷണ ദേശീയ പാർക്ക് തുടങ്ങുന്നു.ആരവല്ലി പറഞ്ഞു വിട്ടൊരു ചെറു കാറ്റ് വന്ന് എന്റെ നീളൻ ജുബ്ബയിൽ പിടിച്ച് വലിച്ചു.മുഖത്തേക്ക് ഒട്ടിക്കിടന്നിരുന്ന മുടിയിഴകളെ പറത്തിമാറ്റി  ഓ, ആളെ മനസ്സിലായി  എന്ന് പറഞ്ഞ്‌ മടങ്ങിപ്പോയി.

ഭാൻഗഢിലെ പഴയൊരു രാജകുമാരനെപ്പോലെയാണല്ലോ നില്പ്? മിനി കളിയാക്കി .

ഞാൻ ബാലു നാഥിനെ ഓർക്കുകയായിരുന്നു. രാത്രി കാലങ്ങളിൽ പൊളിഞ്ഞു പോയ മൂന്ന് നിലകൾക്ക് താഴെ നിന്ന്  ആദ്ദഹം പൊട്ടിച്ചിരിക്കുന്നുണ്ടായിരിക്കും.

നാല് മണിയോടെ ഞങ്ങൾ താഴേക്കിറങ്ങി. അഞ്ചു കഴിഞ്ഞാൽ ജോലിക്കാർ ആളുകളെ പുറത്താക്കിത്തുടങ്ങും. സൂര്യഭഗവാന്റെ സാന്നിധ്യത്തിലല്ലാതെ കോട്ടയിൽ തങ്ങരുതെന്നാണ് ആർക്കിയോളജി വകുപ്പിന്റെ  ഉത്തരവ്. ഉദയം മുതൽ  അസ്തമയം  വരെ മാത്രം പ്രവേശനം. രാത്രി സമയങ്ങൾ പ്രേതഭൂതങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു. ഒരു പക്ഷേ പ്രേതബാധിതം എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഏക കോട്ടയാകാം ഭാൻഗഢ്. കോട്ടയിലും പരിസരങ്ങളിലും വൈദ്യുതവിളക്കുകളില്ല. ആർക്കിയോളജി സംഘം (ASl-Archeology Society of India) ഇവിടെ ഒരോഫീസ് പോലും തുറക്കാതെ കോട്ടയയെ ഇരുട്ടിലുപേക്ഷിച്ച് മുങ്ങിയിരിക്കുകയാണ്.
അന്ധവിശ്വാസങ്ങളും അബദ്ധവിശ്വാസങ്ങളും പാഴാവുന്നില്ല.

കൗതുകം കൊണ്ട് വരുന്ന സഞ്ചാരികൾ മാത്രമല്ല ഹനുമാൻ ഗേറ്റ് കടക്കുന്നത് .അദൃശ്യ അമാനുഷ അസാധാരണ ( ദുഷ്ട) ശക്തികളെക്കുറിച്ച് പഠനത്തിലേർപ്പെട്ടവർ, കോട്ടയുടെ വിപണനമൂല്യമറിയുന്ന ടിവി ചാനലുകാർ, പ്രേതങ്ങളില്ലെന്ന് തെളിയിക്കാൻ വെമ്പുന്ന അതിസാഹസികർ ,ഭാൻഗഢിനെ പശ്ചാത്തലമാക്കുന്ന എഴുത്തുകാർ, സിനിമാക്കാർ.അങ്ങനെ ഒരു പാടുപേരെ ബാലുനാഥും രത്നവതിയും ആകർഷിക്കുന്നു. ആജ്തക്, സീ ന്യൂസ് ചാനലുകളുടെ പരിപാടി മുമ്പ് കണ്ടിട്ടുണ്ട്. സീ ന്യൂസ് പാരാനോർമ്മൽ ശാസ്ത്രത്തിൽ വിദഗ്ദരെന്ന് അവകാശപ്പെടുന്ന മൂന്നു പേരേയും കൊണ്ടാണ് കോട്ട കേറിയതു്. ഒരാളുടെ കൈയിൽ ഉർജ്ജമളന്നെടുക്കുന്ന ജർമ്മൻ ഉപകരണം.ഒരു വിദഗ്ദയുടെ കൈയിൽ നെഗറ്റീവ് എനർജിയും പോസിറ്റീവ് എനർജിയും വേച്ചേറെ പിടിച്ചെടുക്കുന്ന വിചിത്രസാമഗ്രി.മറെറാരാൾ വലിയൊരു ക്രിസ്റ്റൽ ഗോളകവുമായി. രാത്രിയിൽ അവർ കൊട്ടാരത്തിലെ  ഇടനാഴികളും മുറികളും അരിച്ചുപെറുക്കി .ഇവിടെ നെഗറ്റീവ് എനർജിയുണ്ട്, അവിടെ പോസിറ്റീവ് എനർജി തീരെയില്ല, എന്നൊക്കെ പറഞ്ഞുള്ള ആ കോമാളിപ്പരിപാടി ഇപ്പോഴും ഓർമ്മയുണ്ട്. നെഗറ്റീവ് എനർജിയുണ്ടെന്ന് പറയുമ്പോഴും പ്രേതമില്ല ഇല്ലയെന്നാവർത്തിക്കാൻ പാടുപെടുന്ന ഈ വിദഗ്ദാഭിപ്രായത്തേക്കാൾ എത്ര നിഷ്ക്കളങ്കവും കൃത്യമായിരുന്നു കല്യാൺ സിങ്ങ് ഞങ്ങൾക്ക് തന്ന മറുപടി.ഇപ്പോഴാണ് ഓർമ്മ വന്നത്, അന്നത്തെ സീ ന്യൂസ് പരിപാടിയിൽ കല്യാൺ ദാസുണ്ടായിരുന്നു. തീർച്ച.

കേരളത്തിൽ ഇത്തരം സ്ഥലങ്ങളിൽ കാണാവുന്ന സാമൂഹ്യ വിരുദ്ധരുടെ അസന്മാർഗ്ഗിക അവശേഷിപ്പുകൾ  ഇവിടെ കാണുന്നില്ല. സുമൻ +സുമി സമവാക്യങ്ങളോ 'ഹൃദയഭേദക' ചിത്രങ്ങളോ അശ്ലീലലിഖിതങ്ങളോ ഇല്ല. രത്നവതിയും ബാലുനാഥും ഭൂതഗണങ്ങളും  ആർക്കിയോളജി വകുപ്പിലെ ജീവനക്കാരും കോട്ടയെ കാത്തു പോരുന്നുണ്ട്. പഴയ അങ്ങാടിത്തെരുവിലൂടെ തിരിച്ചു നടക്കുമ്പോൾ, രണ്ട് ജീവനക്കാരികൾ വടിയും കുട്ടയുമായി നടന്ന് കുരങ്ങന്മാരുപേക്ഷിച്ച പഴത്തൊലികൾ എടുത്തുമാറ്റുന്നുണ്ട്. നമ്മുടെ കുഞ്ഞുകൃഷ്ണയെ കാണാനില്ല. അവളുടെ രണ്ടു കുട്ടിക്കുടങ്ങളും വടിയും അവിടെയുണ്ട്.കല്ലുകളുടെ ഇടയിലൊളിപ്പിച്ച നാണയങ്ങൾ അവിടെത്തന്നെയുണ്ട്.ഞാൻ കൊടുത്ത പത്തു രൂപ മറെറാരു പൊത്തിലൊളിച്ചിരിക്കുന്നുണ്ട്. കൃഷ്ണക്ക് എല്ലാവരേയും വിശ്വാസമായിരിക്കാം.കുരങ്ങന്മാരേയും ഭൂതങ്ങളേയും സഞ്ചാരികളേയും എല്ലാം .

ഹനുമാൻ ഗേറ്റിലൂടെത്തന്നെ ഞങ്ങൾ പുറത്തിറങ്ങി. ഉച്ചച്ചൂടിലൂടെയുള്ള രണ്ടു മണിക്കൂർ നടത്തം ക്ഷീണിപ്പിച്ചിരിക്കുന്നു. പാതയോരത്ത് ഒരു ബോർവെൽ ടാപ്പുണ്ട്.ടാപ്പിനടിയിൽ ഒരു  കൊച്ചിരുമ്പു ബക്കറ്റ്  വരണ്ടിരിക്കുന്നു..കോട്ടയിലേക്ക് കയറുമ്പോൾ ഈ ടാപ്പ്  ശ്രദ്ധിച്ചിരുന്നില്ല.അപ്പോൾ വെള്ളം  ആവശ്യമില്ലായിരുന്നില്ലല്ലോ.വെള്ളമൊന്നുമുണ്ടാവില്ല എന്ന മുൻ വിധിയോടെയാണ്  ഞാൻ ബോർവെൽ ടാപ്പിന്റെ  ലിവർ  താഴ്ത്തിത്തുടങ്ങിയത്. അപ്പോഴാണ് നമ്മുടെ കുഞ്ഞു കൃഷ്ണ എവിടെ നിന്നോ  വന്ന് , ഞാൻ  വെള്ളമെടുത്ത് തരാം  എന്ന് പറഞ്ഞു ലിവറിൽ കയറിപ്പിടിച്ചത്.ജലത്തെ ഭൂമിക്കടിയിൽ നിന്നും അവൾ അനായാസം വിളിച്ചുവരുത്തി.

ഞാൻ മുഖവും തലയും  നന്നായൊന്നു  കഴുകി.എന്തൊരു  തണുപ്പാണ് ഈ  വെള്ളത്തിന്! എന്തൊരു സുഖം. ഭാൻഗഡ് കോട്ടയിൽ നിന്ന്  അപ്പോൾ മാത്രം  ഇറങ്ങി വന്നൊരു കാറ്റ് ഞങ്ങളെ  പിന്നെയും  തണുപ്പിച്ചു.ബക്കറ്റിൽ നിന്ന്  വെള്ളമെടുത്ത് മുഖം കഴുകുന്നതിനിടയിൽ മിനി കൃഷ്ണയോട് എവിടെയായിട്ടാണ് വീടെന്നു  തിരക്കി.അവൾ കിഴക്കോട്ടു  ചൂണ്ടിക്കാണിച്ചു.കോട്ടമതിലിനുള്ളിൽ വെച്ച് വീട്  വടക്കാണെന്നു  കാണിച്ച  കൃഷ്ണ ഇപ്പോൾ കിഴക്കോട്ട്  വിരൽ ചൂണ്ടുന്നു.അവൾക്കു  ദിക്ക്  തെറ്റിയതാണോ?  എന്റെ  ഓർമ്മത്തെറ്റാണോ? കിഴക്കോട്ടും വടക്കോട്ടും മാറി മാറി  നോക്കുന്ന  എന്നെ വലിയ കണ്ണുകളിലൂടെ നോക്കിക്കൊണ്ടു  നിൽക്കുകയാണ്  അവൾ.മുഖത്തെവിടെയോ ഒരു ചെറുചിരി ഒളിഞ്ഞിരിക്കുന്നുണ്ട്.ഞാനൊന്ന് കൂടി അടുത്തു  ചെന്ന്  അവളുടെ  കണ്ണുകളിലേക്ക്  സൂക്ഷിച്ചു നോക്കി. കണ്ണുകൾക്ക് വല്ലാത്ത  തിളക്കം.അവളുടെ ഭാവങ്ങളും  ശബ്ദങ്ങളും ഒഴുകിവരുന്നത് ഈ കണ്ണുകളിലൂടെയാണ്. ദരിദ്രയായ കൊച്ചു പെൺകുട്ടിക്കു മേലുണ്ടായിരുന്ന മാനസികാധിപത്യം എനിക്ക് നഷ്ടപ്പെടുകയായിരുന്നു.   ഉച്ചവെയിലും ബോർവെൽ വെള്ളത്തിന്റെ തണുപ്പും ക്ഷീണവും കോട്ടയിലെ ഇരുട്ടറകളും കൃഷ്ണയുണ്ടാക്കിയ ദിഗ്ഭ്രമവും തലച്ചോറിലെ അറകളിൽ വെച്ച്  ഗൂഡാലോചന നടത്തിയിട്ടുണ്ട്.അല്ലെങ്കിൽ ഞാനവളോട്  ഇങ്ങനെ ചോദിക്കുമായിരുന്നില്ല.

മോളേ, സത്യമായും നീ രത്നവതിയല്ലേ?കോട്ടയിലെ  രത്നാവതി?

കൃഷ്ണ കണ്ണുകൾ കൂടുതൽ വിടർത്തി മഞ്ഞപ്പല്ലുകൾ  കാട്ടിച്ചിരിച്ചു.

രത്നവതി  രാജകുമാരി.ഞാൻ കൃഷ്ണകുമാരി.

അവൾ തന്റെ എല്ലിച്ച കാലുകൾ നീട്ടി നീട്ടി വെച്ച്  കോട്ടവാതിൽ കയറിപ്പോയി.അല്പം മുമ്പ് മാത്രം  ഇറങ്ങി വന്ന  കാറ്റ് അവളോടൊപ്പം  മടങ്ങിപ്പോയി.
നാല് മണി കഴിഞ്ഞിട്ടും  വെയിലും ചൂടും  കാര്യമായി കുറഞ്ഞിട്ടില്ല.കാറ്റില്ലാത്തതിനാൽ വിയർപ്പും  ശല്യപ്പെടുത്തുന്നുണ്ട്.കാറിൽ ഏസിയൊക്കെ ഇട്ട് സുഖമായുറങ്ങുകയാണ്  അമ്മയും  അയൂബും.അവരെ വിളിച്ചുണർത്തി ഞങ്ങൾ കാറിലെ  ഇന്നോവത്തണുപ്പിലേക്ക് കയറിയിരുന്നു.