Sunday 24 May 2015

ആംബെലോക്കിപ്പിയില്‍ ഒരു ഒമ്പതു മണി യാത്റ


ഗ്രീസിലെ യാത്ര ഇന്ന്   അവസാനിക്കുകയാണ്. വൈകുന്നേരം അഞ്ചുമണിക്ക് പെഗാസസ് പക്ഷി ഏതൻസിൽ നിന്ന് ഞങ്ങളെ കൊത്തിയെടുത്ത് പറക്കും. രാവിലത്തെ എട്ടുമണിയടി ഇരുപ്പു മുറിയിലെ വലിയ വട്ടക്ക്ലോക്ക്  വെപ്രാളപ്പെട്ട് തീർക്കുന്നു .ഇന്നലെ  വളരെ വൈകി ,എട്ടരക്കോ ഒമ്പതിനോ ഇറങ്ങിപ്പോയ പകൽ എപ്പോഴോ തിരിച്ചെത്തിയിട്ടുണ്ട്.ആരും കിടക്ക വിട്ടെഴുന്നേറ്റിട്ടില്ല.ഉറക്കമൊന്നുമല്ല.ഇന്ന്  യാത്രാപരിപാടികളൊന്നുമില്ല.അതിന്റെ അലസതയും യാത്ര തീരുന്നതിന്റെ സങ്കടവും കെട്ടിപ്പിടിച്ചു കിടക്കുകയാണ് എല്ലാവരും.ഉത്തേജകൗഷധം പിൻവലിച്ച പോലെ ഊർജ്ജമൊക്കെ ചോർന്നു പോകുന്ന ദിവസം.

എട്ടരയോടെ അലസമായ ആ കിടപ്പും മടുത്ത് ഞാനെഴുന്നേറ്റു.തലേദിവസം  സൂര്യഭഗവാൻ  സോളാർ പാനലുകളിൽ ഒാവർ ടൈം ചെയ്ത്  ചൂടാക്കിയിട്ട വെള്ളത്തിലൊരു കുളി.ഒരു കട്ടൻ ചായ.ഉഷാറായി.

ഒമ്പതു മണി.ഒന്നു കറങ്ങിവരാം.വാതിൽ ചാരി പുറത്തിറങ്ങുമ്പോൾ  ചെറിയ സ്റ്റൂളിൽ വലിയ പൃഷ്ഠം ഒതുക്കി വെച്ചിരിക്കുന്നു, അഡ്റിയാന അലക്സാൻ്റ.ഞങ്ങളുടെ ആതിഥേയ.'ടൂ റോസസ് ബ്ളൂ ഹൗസ് 'എന്ന പേരിൽ കമ്പ്യൂട്ടർ വലയിൽ വിപണനം ചെയ്യപ്പെടുന്ന നീല മുക്കിയ വാടക വീടിന്റെ നടത്തിപ്പുകാരി.

ചോക്ലേറ്റ് കലക്കിയ ചായ മൊത്തിക്കുടിക്കുന്നത് നിർത്തിയെഴുന്നേറ്റ്  അലക്സാൻഡ്റ ഗുഡ് മോർണിങ് തന്നു.ഇതെന്താ ഇവിടെ എന്നന്തിച്ചു നിന്ന എന്നോട്  വീടിന് പുറത്തു നടത്തുന്ന  എലക്ട്റിക് വയറിങ്ങ്  പണിയെക്കുറിച്ച് പറഞ്ഞു തുടങ്ങി ,ഗ്റീസിൽ ലഭ്യമായ ഏറ്റവും നല്ല ഇംഗ്ളീഷിൽ.ശരിയാണ്,ഇന്നലെ രാവിലെ  ഈ മെയിലിലൂടെയും  വൈകുന്നേരം ഫോൺ വിളിച്ചും          അഡ്‌റിയാന കാര്യം പറഞ്ഞിരുന്നു.

(ശരീരം 'മദ്ധ്യവയസ്ക'  വിട്ടു കുതിക്കുന്നുണ്ടെങ്കിലും മുഖത്ത് യൗവ്വനം പിടിച്ച്  നിർത്തുന്ന വിടർന്ന ചിരി,വലിയ കുസൃതിക്കണ്ണുകൾ.)
വീട്ടിൽ നിന്ന്  റോഡിലേക്കുള്ള ചെറിയ ഇടനാഴിയുടെ  വാതിൽ ചാരിയിറങ്ങി.


ഇടനാഴിയിലൂടെ പുറത്തെത്തിയാൽ റോഡിനപ്പുറത്ത് ചായക്കട.കഫറ്റേറിയ എന്നു വിളിക്കണം .അതിനുള്ള അന്തസ്സൊക്കെ അതിനുണ്ട്.കടയിൽ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നവർ കുറവാണെങ്കിലും  അകത്തും  പുറത്തും കലപില ധാരാളം.കഫറ്റേറിയയ്ക്ക്   ഇടതായി പലരോട്  ചോദിച്ചിട്ടും മനസ്സിലാക്കാൻ കഴിയാതെ പോയ പലനിലക്കെട്ടിടം.ചുറ്റുവട്ടത്തെപ്പോഴും രണ്ടോ മൂന്നോ കടും നീല യൂണിഫോമുകൾ കടുപ്പിച്ച മുഖത്തോടെ തോക്കുമായി റോന്തു ചുറ്റുന്നുണ്ടായിരിക്കും.ചോദിച്ചവരെല്ലാം തബ തബ കബ കബഎന്ന് വിസ്തരിച്ച് പറഞ്ഞു തന്നു, ഗ്രീക്ക് ഭാഷയിൽ.. ഗ്രീക്കുകാർ അങ്ങനെയാണ്.എല്ലാം പറഞ്ഞു തരും. ഗ്രീക്കു ഭാഷയിൽ.നമുക്ക്  മനസ്സിലായില്ലെന്ന് തോന്നിയാൽ വീണ്ടും പറഞ്ഞു തരും.അതും ഗ്രീക്കിൽ തന്നെ.അങ്ങനെ പല തവണകളിലായി പല ശബ്ദങ്ങളിലായി,ആംഗ്യങ്ങളിലായി ,ഭാവങ്ങളിലായി സംഗതി നമ്മളിലേക്കരിച്ചരിച്ചിറങ്ങും. അങ്ങനെയാണ്  ട്രാഫിക് വകുപ്പിന്റെ ഗൗരവപ്പെട്ടൊരു  മന്ദിരമാണതെന്ന്  ഞങ്ങൾക്ക് തോന്നിത്തുടങ്ങിയത്.യഥാർത്ഥത്തിലത് ഹെല്ലെനിക്ക്(ഗ്രീക്ക്)പോലീസിന്റെ ആസ്ഥാനമന്ദിരമാണെന്ന് ആഗോളവലകുലുക്കിക്കണ്ടെത്തുകയായിരുന്നു പിന്നീട്.
ഗ്രീസിലെ പ്രധാന ആകർഷണമായ അക്രോപ്പൊലിസിൽ നിന്നും  രണ്ട് മെട്രോ  സ്റ്റേഷനുകൾക്കു മാത്രം  ദൂരെയാണെങ്കിലും , പ്രധാന പാത വിട്ടാൽ ഒതുക്കമുള്ളൊരു ഗ്രാമച്ഛായയാണ്  ഞങ്ങൾ താമസിക്കുന്ന ആംബലോക്കിപ്പിക്ക്.(പറഞ്ഞു പറഞ്ഞു  ഗ്രീക്കുകാരന്റെ  ആംബലോക്കിപ്പിയെ ഞങ്ങള്‍ അമ്പലംപൊക്കിയാക്കിയിരുന്നു) .അതു കൊണ്ടായിരിക്കാം  ഒമ്പതു മണിയായിട്ടും  വഴിയിൽ ആളുകൾ കുറവാണ്.കടകൾ തുറക്കുന്നതേയുള്ളു.സുന്ദരന്മാരും സുന്ദരിമാരും പ്രേമചാപല്യങ്ങളുമായി പുറത്തേക്കെത്തിയിട്ടില്ല. കമിതാക്കളെപ്പോലെത്തന്നെ വെയിലിനും ചൂടു പിടിച്ചിട്ടില്ല.

വീടിനു മുന്നിലെ റോഡ് കഴിഞ്ഞ്  വലത്തു വഴിയിലേക്ക്  തിരിഞ്ഞപ്പോൾ  പാപാ ജോൺ വെളുക്കെ ചിരിച്ച്  ഗുഡ് മോർണിങ്ങ് പറഞ്ഞു .കട തുറക്കുകയാണ് ജോൺ.നാലഞ്ചു ദിവസത്തെ പരിചയം.ഒരു പാക്കറ്റ് ബ്രഡ്ഡും നാലു പാത്രം  തൈരും  പത്തു കോഴിമുട്ടയും  വാങ്ങിയപ്പോൾ ഗ്രീസിലേയും ഇന്ത്യയിലേയും വിശേഷങ്ങൾ കൈമാറിയുണ്ടായ അടുപ്പം.കടക്ക് മുമ്പിൽ പന്തലിച്ചു പച്ചച്ചു നില്ക്കുന്ന മേപ്പിൾ മരത്തിനും  പാപയുടെ  നീണ്ട ചുരുണ്ട മുടി നിറഞ്ഞ ഹിപ്പിത്തലക്കും ഒരേ  ഛായയാണ്.
  
   ഈ ചെറിയ തെരുവിന്റെ  വലതു വശത്ത് കാറുകൾ പാർക്ക് ചെയ്തിട്ടിരിക്കയാണ്.രണ്ടു വശങ്ങളിലും നല്ല നടപ്പാത.ഓരങ്ങളിൽ സൂര്യവെളിച്ചം പിശുക്കി താഴേക്ക് വിടുന്ന മേപ്പിൾ,ഒലിവ്,ഓറഞ്ച്,ആൽമണ്ട്,അരളി മരങ്ങൾ.റോട്ടിലൊരു പായ വിരിച്ചു കിടക്കാൻ തോന്നും.ആതൻസിലെ ഉൾവഴികളൊക്കെ ഇങ്ങനെയാണ്.അരികുകളിലൊക്കെ മരങ്ങൾ നിറഞ്ഞ്.

വഴി ഇടത്തോട്ട് വളഞ്ഞു പോയി മറ്റൊരു റോഡിന്റെ ശാഖയായി ചേരുന്നു.ഞാൻ വളവിൽ നിന്നും വലത്തോട്ടു കയറി.ടെറക്കോട്ട  ടൈലുകൾ വിരിച്ച്  മനോഹരമാക്കിയ ചെറിയൊരിടം.നാലഞ്ച് ഈന്തപ്പനകൾ പട്ടകൾ പടർത്തി നില്ക്കുന്നുണ്ട്.അവയ്ക്കിടയിലായി പന്തലിച്ചു നില്ക്കുന്ന രണ്ട് ജരാക്കാണ്ട് മരങ്ങൾ.പച്ചപ്പിലും പരിസരങ്ങളിലും  തത്തിക്കളിക്കുന്ന സ്വച്ഛത.ശൂന്യമായിക്കിടക്കുന്ന രണ്ട് ചാരുബഞ്ചുകൾ.അവിടേക്ക് ചെറിയൊരു കാറ്റ് കയറി വന്നു.പ്രഭാതത്തിലെ  ആദ്യത്തെ കാറ്റായിരിക്കും, പനമ്പട്ടകളും ജരാക്കാൻഡ് ഇലകളും ഇളകിയാടി.

ഒരു ചെറിയ പാർക്കിന്റെ  ഭാവമുള്ള ആ കൊച്ചു സ്ഥലം ഞാൻ ,അന്ന്  കണ്ടു മുട്ടിയ ആദ്യ പ്രണയ ജോഡികൾക്കൊപ്പം മുറിച്ചു കടന്നു.ഇപ്പുറം ഇരുവരി റോഡാണ്.വാഹനത്തിരക്കായിത്തുടങ്ങിയിട്ടുണ്ട്.യവനജോഡികൾ വലത്തോട്ട് തിരിഞ്ഞ് മെട്രോ ഭാഗത്തേക്ക് നടന്നു പോയി.പയ്യൻ മെലിഞ്ഞ്,പെണ്ണിനോളം പൊക്കമില്ലാതെ.നീട്ടിയ മുടി പിന്നിൽ കെട്ടിവെച്ചിരിക്കുന്നു.
താഴേക്ക് നിരങ്ങുന്ന ജീൻസിനും മുകളിലേക്ക് വലിയുന്ന കറുത്ത ബനിയനുമിടയിൽ ഇടക്കിടക്ക് തല കാണിക്കുന്ന വെളുത്ത അടിവസ്ത്രം.മുമ്പ് മുഖത്ത് കണ്ട ശാന്തത പിന്നിൽ നിന്ന് നോക്കുമ്പോഴും അനുഭവപ്പെടും.ആൺകുട്ടിയുടെ വലതുകരം പെൺകുട്ടിയുടെ ഭൂമദ്ധ്യരേഖ ചുറ്റിപ്പോകുന്നു.പെൺകുട്ടി ധരിച്ചിരിക്കുന്ന ചുവന്ന കുട്ടിപ്പാവാടയും മഞ്ഞ കയ്യില്ലാത്ത മേലുടുപ്പും അവളുടെ ശരീരവടിവും കാലുകളുടെ ഭംഗിയും പ്രസരിപ്പിക്കുന്നു.ഇളംകാറ്റിൽ പറക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന  കറുത്ത മുടിയിഴകൾ  അവളുടെ പിന്നിൽ നിന്നുള്ള കാഴ്ചക്ക്  അഴക് കൂട്ടി.

ആതൻസിലെ കമിതാക്കൾ ഇംഗ്ളണ്ടിലെപ്പോലെ അക്രമാസക്തരല്ല.ലണ്ടനിലെ പാർക്കുകളിലും തെരുവുകളിലും പൊടുന്നനെ അരങ്ങേറുന്ന പ്രണയചാപല്യങ്ങൾ കണ്ടാൽ അവരൊരു ബലാത്സംഗത്തിലേക്ക് കടക്കുകയാണെന്ന് തോന്നും.ഏതായാലും യവനപ്രണയം അതിന്റെ അന്തസ്സ് നിലനിർത്തുന്നുണ്ട്.
പ്രണയിനികളെ കാഴ്ചയിൽ നിന്ന്  ഇറക്കി വിട്ടപ്പോഴേക്കും റോഡിൽ ചെറിയ ട്രാഫിക്ക് ജാം രൂപപ്പെട്ടിരുന്നു.റോഡ്  എളുപ്പത്തിൽ മുറിച്ചു കടക്കാൻ അത് സഹായിച്ചു.റോഡിനപ്പുറം ലാറി ബേക്കർ നിർമ്മിതിയാണോയെന്ന് തോന്നുന്ന ഒരു പള്ളിയാണ്.പള്ളിക്കു ചുറ്റുമുള്ള സ്ഥലം ഇഷ്ടിക വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്.ഇന്നലെ രാത്രി ഇവിടെ വരുമ്പോൾ പിരിഞ്ഞ് പോകുന്ന സൂര്യന്റെ മൃദുല പ്രഭയിൽ ,പള്ളിക്കു ചുറ്റുമിട്ട കസേരകളിൽ മധുപാനവും മതിവരുവോളം തീറ്റയുമായിരുന്നു.ചുറ്റുമുള്ള റെസ്റ്റോറന്റുകാർ പള്ളിപ്പറമ്പ് കയ്യേറിയതൊന്നുമല്ല.വാടക കൊടുത്ത്  ഔദ്യോഗികമായിത്തന്നെയാണ്.നമുക്കിക്കാര്യത്തിൽ തോന്നുന്ന അസ്ക്യതയൊന്നും ഇവിടത്തുകാർക്ക് തോന്നുന്നില്ല.ദൈവത്തിനുള്ളത് ദൈവത്തിന്, പള്ളിക്കുള്ളത് പള്ളിക്ക്,പള്ളക്കുള്ളത് പള്ളയിലേക്ക്.അതാണ് നയം.നമ്മുടെ കപടാദർശങ്ങളേക്കാൾ എത്രയോ തെളിച്ചമുണ്ട് ഈ നേർവഴികൾക്ക്!

വെള്ള പൂശിയ മാടങ്ങളല്ല ഇവിടെ ഈ ദേവാലയങ്ങൾ .മണ്ണിന്റെ നിറമുള്ള പോസ്റ്റ് ബൈസാന്റൈൻ  നിർമ്മിതികളാണ് .ചുറ്റു മതിലിന്റെ തടവുകളില്ലാതെ  മണ്ണിലേക്കും മനുഷ്യനിലേക്കും നീങ്ങിക്കിടക്കുന്ന സുന്ദരനിർമ്മിതികൾ.മതിൽക്കെട്ടിന്റെ മറയിലല്ലാതെ ദേവാലയങ്ങളുണ്ടോ കേരളത്തിൽ.മുമ്പൊക്കെ ചില അമ്പലങ്ങളുണ്ടായിരുന്നു.പാടത്തിന്റെ നടുക്കോ വലിയ മൈതാനത്തോ മതിൽ മറവില്ലാതെ സ്നേഹപുരസ്സരം നിന്നവ.
ഒമ്പതു മണിയായിട്ടും  ആളുകൾ നന്നേ കുറവാണ്  പള്ളിയിൽ.പ്രഭാതപ്രാർത്ഥനകൾ കഴിഞ്ഞതാണോ?ആകെ ആറോ ഏഴോ ആളുകൾ .വെളിച്ചവും മടിച്ചു മടിച്ചാണ് അകത്തേക്ക് കയറുന്നത്.നാലു വരിയായിട്ട ചാരു ബഞ്ചുകൾ ഭക്തരുടെ വരവു കാത്ത്  സങ്കടപ്പെടുന്നുണ്ട്.അൾത്താരക്കു താഴെ  ചെറിയ കൈവരികളാൽ സംരക്ഷിക്കപ്പെട്ട്  സുവർണ്ണ കബളത്താൽ പുതച്ച്  മേശമട്ടിലൊരു പീഠം.അതിന്റെ ഉയർന്ന ഭാഗത്ത്  വശങ്ങളിലെ രണ്ടു മെഴുകുതിരികൾക്കിടയിലായി ഒരു മരക്കുരിശ്ശ്.താഴെ ക്രിസ്ത്യാനികളുടെ പട്ടാളപ്പുണ്യാളൻ  കുന്തക്കാരൻ സെൻറ്  ജോർജ് കുതിരപ്പുറത്തിരിക്കുന്നു. പീഠത്തിനു വലത് ഭാഗത്ത്  ആർഭാടങ്ങളൊന്നുമില്ലാത്ത തടിക്കസേരയിൽ ഒരു വൃദ്ധപുരോഹിതൻ.നരച്ച തല,നരച്ച താടി,നരച്ച മുഖഭാവം. പുരോഹിതന് തൊണ്ണൂറു ഡിഗ്രിയിലായി പൂരോഹിതനേക്കാൾ വാർദ്ധക്യവും സൗമ്യതയും തേജസ്സുമായി ഒരു സ്ത്രീ. സാഹചര്യത്തെളിവുകൾ അതൊരു കുമ്പസാരമെന്നു പറയുന്നുണ്ടെങ്കിലും ഒരു കുശലാന്വേഷണത്തിന്റെ ചേഷ്ടകളാണ് കൂടുതലും.ചുരുണ്ടു ചെമ്പിച്ച മുടിയും വെള്ളാരങ്കൽ കണ്ണുകളുമായി കലണ്ടറിലെ മാലാഖമാർക്കിടയിൽ നിന്ന് ഇറങ്ങി വന്നൊരു ചെറുപ്പക്കാരൻ ജനലഴികളും പടികളും തുടച്ചു കൊണ്ട് നില്ക്കുന്നു.അയാളിൽ നിന്നാണ് അത് സെന്റ്  ദിമിത്രിയോസ് പള്ളിയാണെന്ന് ഞാൻ മനസ്സിലാക്കിയത്.രണ്ട് മിനിട്ടോളം അയാളുടെ ഗ്രീക്ക് കഥകളി കാണേണ്ടിയും വന്നു.എനിക്കൊന്നും മനസ്സിലായില്ല.ഈ ദിമിത്രിയോസ് തന്നെ കഷ്ടിച്ചാണ് മനസ്സിലായത്.പുണ്യാളൻ ജോർജിന്റെ ഗ്രീക്ക് പരാവർത്തനമാണ്  ഈ ദിമിത്രിയോസ്. ഗ്രീസിൽ വളരെ ജനപ്രിയനാണ് ദിമിത്രിയോസ്.ചത്വരങ്ങളിലും പള്ളികളിലും ധാരാളമായി അദ്ദേഹം 'കുന്തപ്പെട്ടു' നില്ക്കുന്നത് കാണാം.

കുന്തക്കാരൻ പുണ്യാളനോട് വിട പറഞ്ഞിറങ്ങി.ഇടതു വശം ചേർന്ന് പള്ളിയൊന്നു പകുതി ചുറ്റി,അപ്പുറത്തെ ചെറുവഴിയിലേക്കിറങ്ങി.ഇരു കരകളിലും ചെറിയ കടകളും ബേക്കറികളും  ബജ്ജറ്റ് റെസ്റ്റോറന്ടുകളുമുള്ള ഈ റോഡ്  ഉടനെത്തന്നെ ഒരു മുക്കവലയിലേക്കോടിക്കേറുന്നു.

ഇതേ മുക്കവലയും  കവലയിൽ നിന്നും മുളച്ചിറങ്ങുന്ന മൂന്നു വഴികളുമാണ് കഴിഞ്ഞ ദിവസം ഞങ്ങളെ അത്ഭുതപ്പടുത്തിക്കളഞ്ഞത്. ആതൻസ് മെട്രോയിൽ കൂട്ടട്ടിക്കറ്റെടുത്തതിനാൽ യാത്ര ചിലവും ബുദ്ധിമുട്ടും കുറവായിരുന്നു.രാവിലെ എട്ടരക്ക് പോയി രണ്ടു മണിക്ക് വെയിൽ മൂക്കുമ്പോൾ വീട്ടിൽ തിരിച്ചെത്തും.പിന്നെ ഇരുകറിച്ചോറും അച്ചാറും വെച്ചൊരു പിടുത്തം.രണ്ടു മണിക്കൂർ കിടത്തം.അനന്തരം കാഴ്ചകളിലേക്ക് വീണ്ടും.അതാണ്  പതിവ്.ഇന്നലെ ഒരു മണിക്കു മുമ്പേ വീട്ടിലെത്തിയപ്പോൾ ,കുട്ടികളേയും  അമ്മയേയും ഉച്ചഭക്ഷണത്തിന്റെ അവസാന മിനുക്കുകളിലേക്ക് വിട്ട് ഞാനും മിനിയും കൂടി പത്തു മുട്ടക്കും ഇത്തിരി പച്ചക്കറിക്കും അന്വേഷിച്ചിറങ്ങി.മുട്ട പാപ്പ ജോൺ തരും.പച്ചക്കറി?ഒന്നു രണ്ടു ചെറുകടകളിൽ കയറിച്ചോദിച്ചു.കണ്ടുമുട്ടിയ നാലഞ്ചു വഴിയാത്രക്കാരോടും ചോദിച്ചു.ഇംഗ്ളീഷിലും മലയാളത്തിലും മാറി മാറി ചോദിച്ചു.വെജിറ്റബിൾ,തക്കാളി ,ഉള്ളി,പച്ചക്കറി,ടുമാറ്റോ എവിടെ കിട്ടും?വെജിറ്റബിൾ മാർക്കറ്റ് വേർ?സൗഹാർദപൂർവ്വം കബതബ പറഞ്ഞ് വഴിമുടക്കി നിന്നതല്ലാതെ വിവരവിനിമയം നടന്നില്ല.അപ്പോഴാണ്  ദിമിത്രിയോസ്  ദേവൻ പറഞ്ഞു വിട്ട പോലെ ഒരു സുന്ദര തടിയൻ പള്ളിയിൽ നിന്നിറങ്ങിവന്നത്.തടിമാടനെന്നാക്ഷേപിക്കപ്പെടാൻ മാത്രം  തടിയൊന്നുമില്ല.മുഖം മുതൽ കാൽനഖം വരെ തുള്ളിക്കളിക്കുന്ന മാംസക്കൂനകളാണ് ശരീരമുദ്ര. മുഖമാംസപ്പരപ്പിൽ നിന്നും തെളിഞ്ഞുയരുന്ന ശിശുസമാന പാൽപ്പുഞ്ചരി.ഞങ്ങളുടെ ആവശ്യം മനസ്സിലായിട്ടാണോയെന്നറിയില്ല അദ്ദേഹം പള്ളിക്ക് പിന്നിൽ ഇടതുവശത്തേക്ക് കയ്യുയർത്തിച്ചൂണ്ടി. കക്ഷത്തിനു താഴെയപ്പോൾ  മാംസക്കുഞ്ഞുങ്ങൾ ഇളകിയാടി.
"efcharisto" ഞങ്ങൾ ഗ്രീക്കിൽ നന്ദി പറഞ്ഞു.
മൂപ്പർക്കത് ക്ഷ പിടിച്ചു.ഗ്രെക്കോ പാൽപുഞ്ചിരി പരന്നൊഴുകി.

പള്ളിക്കു പിന്നിലെ കവലയിൽ,നെൽക്കതിർ തേടിപ്പറന്ന കിളി നെൽവയലിൽ വീണ പോലെ ഞങ്ങൾ അന്തിച്ചു നിന്നു 
കവലയിലും രണ്ടു കൈവഴികളിലും കച്ചവടത്തിരക്കാണ്. ഒരു ഭാഗത്ത്  പച്ചക്കറികളുടെ നിറവ്.വിവിധ നിറങ്ങളിൽ പഴക്കൂനകൾ,പച്ചക്കറിക്കൂമ്പാരങ്ങൾ..മഞ്ഞമണിത്തുടുപ്പുമായി ചോളസുന്ദരികൾ.ഇലപ്പച്ചയുടെ താഴ്വാരങ്ങൾ. അതിനുമപ്പുറം മുട്ടക്കച്ചവടക്കാർ ഒരുക്കിവെച്ച വെള്ള പിരമിഡുകൾ.അവയുടെ പിന്നിലെ കൂടുകളിൽ നിന്ന് കോഴിക്കുരവകളുടെ സിംഫണി.റോട്ടിലേക്കിറക്കി വെച്ച മരത്തട്ടുകളിലും നിലത്തു വിരിച്ചിട്ട തുണികളിലുമാണ് ചരക്കുകൾ.അതിനു പിന്നിൽ നിറയെച്ചിരിച്ച് തങ്ങളുടെ വിളകളെ അഭിമാനത്തോടെ പരിചയപ്പെടുത്തുന്ന 
ആതൻസിന്റെ കർഷകഗ്രാമങ്ങൾ.

കവലയിലെ രണ്ടാമത്തെ വഴിയിൽ കൃഷി ഉപകരണങ്ങൾ,അടുക്കള സാമഗ്രികൾ,മറ്റ് ഗൃഹോപകരണങ്ങൾ,വസ്ത്രങ്ങൾ ,ചെറു ഫർണീച്ചറുകൾ എന്നിവ കലപില കൂട്ടിക്കിടക്കുന്നു.അവിടേയും തിരക്കിനു കുറവൊന്നുമില്ല.പക്ഷേ ,കച്ചവടസ്ഥലത്തെ ചന്തയാക്കുന്ന അലമ്പും ബഹളങ്ങളും ഒന്നുമില്ല താനും,രണ്ടിടത്തും.പണ്ട് ഞങ്ങളുടെ ഗ്രാമത്തിൽ ചീരംകുളങ്ങര പാടത്ത് ആണ്ടിലൊരിക്കൽ  നടന്നിരുന്ന വിഷുവാണിഭത്തിന്റെ  ആംമ്പിയൻസ്.

ഇത് ഏതൻസിന്റെ  പ്രശസ്തമായ വഴിവാണിഭം.ലൈൽക്കി  മാർക്കറ്റ്.തൃശൂർ തേക്കിൻകാട്  റൗണ്ടിലെ നടപ്പാത കയ്യേറി  നടത്തുന്ന ഞായറാഴ്ചക്കച്ചവടമല്ലിത്.വില്ക്കുന്നവന് ന്യായവിലയും  വാങ്ങുന്നവന്  ഗുണനിലവാരവും ഉറപ്പാക്കുന്ന ഔദ്യോഗിക സംവിധാനം.കർഷക ഗ്രാമങ്ങളുടേയും ഉപഭോക്തൃ നാഗരികതയുടേയും സൗഹൃദസമ്മേളനം കൂടിയാണ് ഈ ചന്തകൾ.ഗ്രീസിൽ സൂപ്പർ മാർക്കറ്റുകളുടെ അധിനിവേശത്തെ വലിയൊരു പരിധിവരെ പ്രതിരോധിച്ചത് ഇവരാണ്.കാർഫോർ തുടങ്ങിയ ചന്തഭീകരർ ഇപ്പോൾ ചങ്ങലക്കണ്ണികൾ വിരിച്ചിട്ടുണ്ടെങ്കിലും ഗ്രീക്ക് ആം ആദ്മിക്ക് താല്പര്യം ഈ ചന്തകളാണ്.ഈ വിനീത വാണിഭയിടങ്ങൾ അത്യാഢംബരങ്ങൾ കാട്ടി അവന്റെ ദാരിദ്ര്യത്തെ പരിഹസിക്കുന്നില്ല.ആധികാരയുക്തമായ ചേഷ്ടകളിലൂടെ അവനെ അന്യവല്ക്കരിക്കുന്നില്ല.പുതുകാല സാമ്പത്തിക മാന്ദ്യത്തിൽ ദാരിദ്ര്യരേഖക്ക്  താഴേക്ക് തെന്നി വീഴുന്ന യവനകുടുംബങ്ങൾ ഈ വാണിഭവഴികളിൽ വന്നു നിറയുന്നു.ഒരാഴ്ചക്കുള്ള പച്ചക്കറികൾ,ഇലവർഗ്ഗങ്ങൾ ,മുട്ട ,ചീസ് എന്നിവയൊക്കെയുമായി മടങ്ങുന്നു.


ഓരോ ഇനം പച്ചക്കറിയും  പല ഗ്രേഡുകളിലുണ്ട്.നാലിനും നാലരക്കും  കൃഷിപ്പാടങ്ങളിൽ നിന്നും കർഷകർ പുറപ്പെടുന്നത് അന്നത്തെ പുത്തൻ വിളവും  പറിച്ചെടുത്താണ്.ഇതാണ്  ഒന്നാം തരം.പിന്നങ്ങോട്ട്  ഗുണവും പഴക്കവും വെച്ച് താഴ്ന്ന തരങ്ങൾ.തരം  താഴുമ്പോൾ വിലയും താഴും.സമയം  വൈകുമ്പോഴും വിലകൾ താഴേക്ക് വീഴും.രാവിലെ ഏഴരയോടെ തുടങ്ങുന്ന കച്ചവടം രണ്ടരയോടെ പൂട്ടിക്കെട്ടും. അപ്പോഴാണ് വിലക്കിഴവിന്റെ അയ്യരുകളി. അടുപ്പമുള്ള  സുഹൃത്തുക്കൾക്കും   സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും പച്ചക്കറികൾ വളരെ വില കുറച്ചോ ചിലപ്പോഴൊക്കെ സൗജന്യമായിത്തന്നെ നല്കിയോ ആണ് നന്മ നിറഞ്ഞ ഗ്രാമങ്ങൾ തിരിച്ചു പോകുന്നത്.
ചിത്രകല,ശില്പകല,പുരാവസ്തുശാസ്ത്രം,ഖനനം തുടങ്ങിയ വിഷയങ്ങളിൽ പഠനഗവേഷണങ്ങൾക്കെത്തുന്ന വിദേശവിദ്യാർത്ഥികൾ ഈ ചന്തകൾക്കടുത്ത് താമസസ്ഥലവും ചന്തകളിൽ നിന്ന് 'വിലവിമുക്ത' പച്ചക്കറികളും തരപ്പെടുത്തുന്നത് പതിവാണത്രേ.അങ്ങനെ മാനുഷികവും സോഷ്യലിസ്റ്റിക്കുമായ പരിസരം കൂടിയുണ്ട് ഈ ചന്ത വഴികൾക്ക്. ഒന്നരമണി നേരത്ത് ഉച്ചസൂര്യനേയും കൊണ്ട് ഞങ്ങളിവിടെയെത്തുമ്പോൾ കച്ചവടം വിലക്കിഴിവിന്റെ ഉച്ചിയിലായിുന്നു. മിനി അത്ഭുതലോകത്തെ ആലീസായി.ചിലയിനങ്ങൾക്ക് തൃശൂർ ശക്തൻ മാർക്കറ്റിലെ വിലയേയുള്ളു.മൂന്നാം തരങ്ങൾക്ക് അത്ര കൂടി വിലയില്ല.അവയാകട്ടെ നമ്മുടെ ഒന്നാം തരത്തേക്കാൾ മുന്തിയതുമാണ്.ഓരോ കൂനക്ക് മുകളിലും വിലക്കുറ്റികളുമുണ്ട്.വിലപേശലില്ല.പേശാൻ മാത്രം അധികവിലയില്ല. ചുവന്ന ബനിയനുമേൽ കറുത്ത ജാക്കറ്റിട്ട് വിയർക്കുന്ന ഒരു താടിക്കാരൻ സുന്ദരനിൽ നിന്നും മൂന്നാംതരം തക്കാളി നാലെണ്ണമെടുത്ത് വിലയിടാൻ ഏൽപ്പിച്ചു.സുന്ദരനത് തൂക്കി നോക്കാതെ വിലയിടാതെ കബതബ മൊഴിഞ്ഞ് കൊണ്ടു പൊയ്ക്കോളൂ എന്ന് മുദ്ര കാട്ടി.എന്തായിരുന്നു ആ കബതബ?ദരിദ്രവാസികൾ,നാലു തക്കാളിക്ക് വന്നിരിക്കുന്നു എന്നാണോ.ഞങ്ങൾ പ്രതിഷേധപൂർവ്വം സാധനം തിരികെ വെച്ചു.സുന്ദരൻ സൗഹാർദം ചിന്തുന്ന ചിരിയുമായി ഞങ്ങളെ തടഞ്ഞു നിർത്തി.കബതബ കുറച്ച് മുദ്രകൾ കൂട്ടി കാര്യം പറഞ്ഞു. എല്ലാം കൂടി ഞങ്ങൾ മനസ്സിലാക്കിയെടുത്തത് ഇങ്ങനെ.കൂട്ടുകാരേ,ഇത് വിലയിടാൻ മാത്രമൊന്നുമില്ല.ഇതിലും കൂടുതൽ നിങ്ങൾക്കാവശ്യവുമില്ലായിരിക്കും.നിങ്ങൾ ടൂറിസ്റ്റുകളല്ലേ, ഞങ്ങൾക്കു പ്രിയപ്പെട്ടവരല്ലേ.ഇതു കൊണ്ടു പോകണം. ഞങ്ങളുടെ സന്തോഷത്തിന്. ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങളാണ് പലപ്പോഴും യാത്രകളുടെ വലിയ പ്രചോദനങ്ങൾ.പലയിടങ്ങളിൽ നിന്നായി ഞങ്ങൾ പച്ചക്കറികൾ വാങ്ങിക്കൂട്ടി.ആതൻസിൽ നിന്നും രണ്ടു ദിവസത്തിനു ശേഷം മടങ്ങുകയാണെന്നുള്ളത് ഞങ്ങളെയപ്പോൾ സങ്കടപ്പെടുത്തി.
ഇവിടെ കച്ചവടത്തിനെത്തുന്നവർക്ക് രണ്ടു തരം ലൈസൻസാണ് നല്കുന്നത് . സ്വന്തം കൃഷിിടങ്ങളിൽ നിന്ന് കായ് കനികളുമായെത്തുന്നവർക്ക് ഉത്പാദകൻ ലൈസൻസ്(producer's license). തുണിത്തരങ്ങൾ,ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങി വന്ന് വില്ക്കുന്നവർക്ക് പ്രഫഷണൽ ലൈസൻസ്.രണ്ട് ലൈസൻസിനും രണ്ട് വർഷം പട്ടാള സേവനം നിർബന്ധം. തിരിച്ചു പോരുമ്പോൾ താടിക്കാരൻ സുന്ദരനെ വീണ്ടും കണ്ടു.നിറഞ്ഞ ചിരിയോടെ അയാൾ സ്വീകരിച്ചു .മൂപ്പർക്കും ഉണ്ടാവട്ടെ സന്തോഷം എന്നു കരുതി ഒാരോ കിലോ ചെറിപ്പഴങ്ങളും ചോളവും മുന്തിരിയും വാങ്ങി.എല്ലാം കൂടി കണക്കാക്കി വില കൊടുക്കുമ്പോൾ പഴയ നാലു തക്കാളിയുടെ വില കൂടിയെടുക്കാൻ പറഞ്ഞു.നോ നോ യൂ മൈ ഫ്രണ്ട്.നോ യൂറോ.നോ യൂറോ.ദാറ്റ് ഫ്രീ.അടുത്ത കൂട്ടുകാരോടെന്ന പോലെ ആംഗ്യങ്ങളുടേയും ബഹളങ്ങളുടേയും പൂത്തിരിച്ചിരിയുടേയും അകമ്പടിയോടെ അത്രയും അയാൾ പറഞ്ഞൊപ്പിക്കുമ്പോൾ ഞാൻ മിനിയോട് പറഞ്ഞു..എന്തൊരു സുന്ദരനാണീ താടിക്കാരൻ ! 1923ൽ ,യവന കുലപതി എന്ന് വർണ്ണിക്കപ്പെടുന്ന ഇലസ്തേറ്യോസ് വെനിസെലോസ് അവതരിപ്പിച്ചതു മുതൽ മാതൃകാപരമായ നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും ആണ് ഈ ജനകീയച്ചന്തകൾ പ്രവർത്തിക്കുന്നത്. ആതൻസിലും തുറമുഖനഗരമായ പൈറിയസിലും സൊസൈറ്റിയാണ് ഇതിന് നേതൃത്വം നല്കുന്നത്.കച്ചവടക്കാരെ ഒരുക്കുന്നതിലും മൊബൈൽ കെമിക്കൽ ടോയ്ലറ്റുകളടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും ഈ സൊസൈറ്റിയാണ്. ഏതൻസിൻ്റെ പല ഭാഗങ്ങളിൽ ഓരോ ദിവസങ്ങളിലായിട്ടാണ് ഈ ചന്തകൾ നടക്കുന്നത്. ആംബെലോക്കിപ്പിയിൽ അത് ഇന്നലെ, ശനിയാഴ്ചയായിരുന്നു. ഇന്നിപ്പോൾ പഴയ ചന്ത സ്ഥലത്തൊക്കെ രണ്ടു വശങ്ങളിലുമായി നിരനിരയായി കിടന്നുറങ്ങുകയാണ് സ്വകാര്യ കാറുകൾ.ലായ്ല്ക്കികളുള്ള ദിവസങ്ങളിൽ ഇവിടെ പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണ് .കാറുകൾക്കപ്പുറം ഓറഞ്ചു മരങ്ങളുടെ നിരകളാണ്.പച്ചയുടെ യൗവ്വനത്തഴപ്പുകൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും ഒാറഞ്ച് താരുണ്യങ്ങൾ.ടർക്കിയിലെ സെൽജുക്ക് -എഫസസ് പ്രദേശങ്ങളിലും ഈ കുഞ്ഞൻ മരങ്ങൾ മഞ്ഞഗോളങ്ങളേയും താങ്ങി പാതയോരങ്ങളിൽ നില്ക്കുന്നത് കണ്ടിട്ടുണ്ട് .
റോഡിന്റെ ഇരുവശങ്ങളിലും വരിയിട്ടു നില്ക്കുന്ന ഈ ഓറഞ്ചു മരങ്ങളും ഫ്ളാറ്റുകളുടെ ബാൽക്കണികളിലെല്ലാം തിക്കിത്തിരക്കി പുറത്തേക്കിറങ്ങുന്ന ഇലച്ചെടികളും പൂക്കളും ചേർന്ന് വല്ലാത്തൊരു കാൽപ്പനിക സൗന്ദര്യം നല്കുന്നുണ്ട് ആതൻസിലെ പാർപ്പിടസ്ഥലങ്ങളിലെ റോഡുകൾക്ക്. ശൈത്യകാലത്തോടടുക്കുമ്പോൾ ഓറഞ്ചുകളുടെ എണ്ണവും ഭംഗിയും വർദ്ധിക്കുമത്രേ. ക്രിസ്തുമസ് മരങ്ങളിലെ മഞ്ഞവിളക്കുകൾ പോലെ അവയങ്ങനെ തൂങ്ങിക്കിടക്കുമത്രേ.നമുക്ക് പരിചിതമായ മധുരനാരങ്ങകളല്ല ഇവ. കാണാനുള്ള ചന്തമേയുള്ളു,സാധനം ഭയങ്കര കയ്പാണ്.തോല് കളഞ്ഞ് പലതവണ തിളപ്പിച്ച് വെള്ളമൂറ്റിക്കളഞ്ഞ് ,പതിന്മടങ്ങ് മധുരം ചേർത്ത് വഴറ്റിയാലേ വായിൽ വെക്കാവുന്ന ജാമെങ്കിലുമാവൂ.ഗ്രീസിലെ ഉൾഗ്രാമങ്ങളിൽ ഇപ്പോഴും അതിഥി സത്കാരത്തിന് ഈ 'മാരകമധുരം' വിളമ്പുന്നുണ്ടത്രേ.വെറുതെയല്ല നവലോക പട്ടിണിക്കാലത്തും ഈ ഓറഞ്ചുകളിങ്ങനെ ആർക്കും വേണ്ടാതെ തൂങ്ങിക്കിടക്കുന്നത്. ഏതായാലും ഏതാനും ദിവസങ്ങളെ മധുരിപ്പിച്ച ഗ്രീസിന്റെ ഓർമ്മക്ക് കയ്പിന്റെ ഒരു പഴം കൈക്കലാക്കാൻ ഞാൻ ഒരുങ്ങി.കുഞ്ഞൻ മരങ്ങളെന്നൊക്കെത്തോന്നിയെങ്കിലും ഓറഞ്ചുകൾ അല്പം ഉയരത്തിൽ തന്നെയാണ്.സംഗതി നിയമവിരുദ്ധമാകുമോ എന്ന ശങ്ക കൂടിയാവുമ്പോൾ കൈകളങ്ങോട്ടെത്തുന്നില്ല. അപ്പോഴാണ് വിജനമായ ഞായറാഴ്ചയിൽ നിന്ന് ഒരു സുഹൃത്തെത്തിയത്.തലയിലെവിടെ ഒതുങ്ങിക്കൂടണമെന്നറിയാതെ പരക്കം പായുന്ന നീണ്ടു ചുരുണ്ട മുടി തൊപ്പി വെച്ചൊതുക്കാൻ ശ്രമിച്ചിട്ടുണ്ട്. അർദ്ധമനസ്സോടെ പൊങ്ങി നില്ക്കുന്ന ചെറിയ മുഖരോമങ്ങൾ.കനത്ത കണ്ണടയുടെ ആഴങ്ങളിൽ നിന്ന് കൂർത്തുവരുന്ന കണ്ണുകൾ. തന്റെ കൂടിയ പൊക്കവും ചെറിയ ചാട്ടവും കൊണ്ട് മൂപ്പരോറഞ്ച് പൊട്ടിച്ചു തന്നു. ഇൻന്ത്യൻ? അതെ. ഇത് ഭയങ്കര കയ്പ്പാണ്. എനിക്കറിയാം.ഒരെണ്ണം കയ്യിലിരിക്കട്ടെ എന്ന് കരുതി. ഞങ്ങളിത് പറിക്കുന്നത് പോലീസിനെ എറിയാനാണ്. മുൻസിപ്പാലിറ്റിക്കാരെ എറിയാനാണ്. 1967 മുതൽ 74 വരെ ഗ്രീസിൽ നില നിന്ന മിലിട്ടറി ജണ്ടയുടെ നേരെ എറിയപ്പെട്ടാണ് ഈ 'മാരകഫലായുധം' സമരരംഗത്തെത്തുന്നത്.1946ൽ തുടങ്ങി വർഷങ്ങളോളം നീണ്ടു നിന്ന ഗ്രീക്ക് അഭ്യന്തര യുദ്ധത്തിന്റെ സങ്കടകരമായ പരിണാമമായിരുന്നു ഏഴു ജനറൽമാർ നേതൃത്വം നല്കിയ ഏഴു വർഷത്തെ മിലിട്ടറി ജുണ്ടാവാഴ്ച. നമ്മുടെ നാടൻ സമുരായുധമായ കല്ല് ഇവിടെ പെട്ടന്ന് കിട്ടില്ലല്ലോ.അപ്പോൾ അധികാരത്തിനു നേരേയുള്ള ഏറ് ഈ കയ്പു പഴങ്ങൾ കൊണ്ടാവട്ടെ.സമരസാദ്ധ്യതകളുള്ള സമയത്ത് അധികാരികൾ ഓറഞ്ചു മരങ്ങളിൽ നിന്ന് ഈ അപകടകരങ്ങളായ ആയുധങ്ങൾ പറിച്ച് മാറ്റുക പതിവാണ്.പുത്തൻ സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതകാലത്ത് ഒരു പാട് തവണ ഈ നിരായുധീകരണം നടന്നിരിക്കണം. -ടൂറിസ്റ്റ്? യുവാവ് കുശലം തുടരുകയാണ്. -അതെ,ഒന്നു നടക്കാനിറങ്ങിയതാണ്. -എങ്കിൽ വരൂ,കുറച്ചു ദൂരം ഒരുമിച്ചു നടക്കാം.ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്. ഇന്ത്യയെക്കുറിച്ച് അല്പസ്വല്പം ധാരണകളൊക്കെയുണ്ട് സുഹൃത്തിന്.ഹിമാലയം.യോഗികൾ.യോഗ. ധ്യാനപരിശീലനം.നഗ്നസന്യാസിമാർ.ആനകൾ.ഐശ്വര്യ റായ്.അങ്ങനെയൊക്കെ. ഞങ്ങൾ ഒരുമിച്ച് നടന്നു.എന്നേക്കാൾ മെല്ലെയും എനിക്കൊരടി പിന്നിലുമായാണ് അയാൾ നടന്നത്.പക്ഷേ ഭാവഹാദികൾ അതിവേഗത്തിൽ ധൃതിപ്പെട്ടു നടക്കുന്ന ഒരുവന്റെയായിരുന്നു.അപ്പോഴൊക്കെ പുറത്ത് വിലങ്ങനെക്കിടന്ന് കൂട്ടിലടച്ച വയലിൻ കലപില കൂട്ടി. ഇടക്ക് ബ്രേക്കിട്ട പോലെ നില്ക്കും,തൊപ്പിയെടുത്ത് കയ്യിൽ വെച്ച് ചുഴറ്റും.എന്നിട്ടാണ് കൃത്യമായ സംസാരം. -എനിക്ക് ഹിമാലയത്തിൽ പോകണമെന്നുണ്ട്.അവിടെ മഹർഷിമാരുണ്ടല്ലോ.അവരിൽ നിന്ന് യോഗ അഭ്യസിക്കണം. -സ്വാഗതം.ഇന്ത്യയിലേക്കും ഹിമാലയത്തിലേക്കും. മഹർഷിമാർക്ക് ഇപ്പോഴും ക്ഷാമമൊന്നുമില്ല. യോഗ പിന്നെ ഇന്ത്യയിൽ എവിടെ നിന്നും പഠിക്കാം. സുഹൃത്ത് വീണ്ടും ബ്രേക്കിട്ടു. -താങ്കൾ ഹിമാലയത്തിൽ പോയിട്ടുണ്ടോ.യോഗ ചെയ്യാറുണ്ടോ -ഹിമാലയയാത്ര എന്റേയും സ്വപ്നമാണ്.ഒരിക്കൽ പോകും. യോഗയിൽ എനിക്ക് താല്പര്യമില്ല.എന്റെ മനസ്സിനേയും മൈഗ്രയ്നേയും സ്വസ്ഥമാക്കുന്ന എന്റെ യോഗ ഈ യാത്രകളാണ്.യാത്രകൾ മാത്രമാണ്. -യാത്രകൾ ഞങ്ങൾക്ക് വായുവാണ്.ഇല്ലാതായാൽ ഞങ്ങൾ തീർന്ന് പോകും.ഇടക്ക് ഞങ്ങൾ കൂട്ടുകാരോക്കെക്കൂടി മുങ്ങും.ഏതെങ്കിലും ദ്വീപിലേക്ക്.അല്ലെങ്കിൽ തെസ്സലോണിക്കിയിലെ മലയോരങ്ങളിലേക്ക്.ബൾഗേറിയൻ കൃഷിക്കളങ്ങളിലേക്ക് .കാപ്രിയിലേക്കോ സിരിൻജിലേക്കോ. അങ്ങനെ.കൂടെയെടുക്കുന്നത് ഞങ്ങളുടെ സംഗീതം മാത്രം.തെരുവകളിൽ ഞങ്ങൾ നിന്ന് പാടും.ചത്വരങ്ങളിൽ കച്ചേരി നടത്തും.കൃഷിക്കാർക്കൊപ്പം കൊയ്ത്ത് പാട്ട്.പള്ളിമേടകളിൽ കൊയറിനൊപ്പം. അങ്ങനെ കുറേ നാളുകൾ. ഇവരുടെ കൂട്ടം തിരിച്ചെത്തുമ്പോഴേക്കും ആതൻസിൽ പുതിയ സീസണിലേക്കുള്ള ആൾക്കുട്ടങ്ങൾ എത്തിത്തുടങ്ങും.അക്രോപൊലീസിന്റെ ചുവട്ടിലെ പ്ളാക്കായിൽ കടകളിലും തീൻമേശകളിലും സഞ്ചാരികൾ തിരക്ക് കൂട്ടിത്തുടങ്ങും.ഈ സുഹൃത്തിന്റെ രണ്ട് കൂട്ടുകാരികൾ ചേർന്ന് പ്ളക്കായിലെയൊരു തെരുവിൽ കൊച്ചു കട നടത്തുന്നു. ബനിയനുകൾ, സ്കർട്ടുകൾ, സ്കാർഫുകൾ,സഞ്ചികൾ,മേശവിരികൾ,അങ്ങനെയങ്ങനെ. നമ്മുടെ കക്ഷി അവിടെ നിന്ന് വയലിനിൽ യാത്രികരെ ക്ഷണിക്കും.ചിലപ്പോൾ ഒാർഡറനുസരിച്ച് ടീഷർട്ടിലോ തുണിസഞ്ചിയിലോ ലൈവായി ചിതങ്ങൾ പെയിന്റ് ചെയ്തു കൊടുക്കും.അഥീനയുടെ ചിത്രം.അക്രോപൊലീസിന്റെ ചിത്രം.കയ്പൻ ഓറഞ്ചു നിരകളുമായി നില്ക്കുന്ന പ്ളാക്കാ തെരുവുകളുടെ ചിത്രം.യുവ ഫ്രീക്കൻ സഞ്ചാരികളിലും സഞ്ചാര ബ്ളോഗുകളിലും പേരു വെക്കപ്പെടുന്നവരാണത്ര ഈ മൂവർ കൂട്ടം.ചിലപ്പോഴെങ്കിലും ,തലയിലെ തൊപ്പി നിലത്ത് മലർത്തി വെച്ച് ,തെരുവിലൊരു വയലിൻ കച്ചേരി നടത്തി യൂറോ പിരിവ് നടത്താനും മടിക്കാറില്ലത്രേ നമ്മുടെ ഈ സഖാവ്. ഇരുപതു മിനിടോളമായി ഞങ്ങൾ ഒരുമിച്ച് നടന്ന് തുടങ്ങിയിട്ട്.ചെറിയൊരു നാൽക്കവലയുടെ വക്കിലാണ് ഞങ്ങൾ.ഇവിടെ കുറച്ചൊക്കെ ആൾത്തിരക്കുണ്ട്. കുറച്ചപ്പുറം കുറച്ചധികം ആളുകളും തുറന്നിരിക്കുന്ന കുറേ കാപ്പിക്കടകളുമായി മറ്റൊരു കവലയാണ്.ഒരു കൊള്ളാവുന്ന പാർക്കിന്റെ പച്ചപ്പും മരബെഞ്ചുകളും സന്തോഷങ്ങളും അവിടെയുണ്ട്.പിരിയുന്നതിനു മുമ്പ് എനിക്ക് തിരിച്ചു നടക്കേണ്ട വഴികളൊക്കെ പറഞ്ഞ് തന്നു .എന്റെ പേര് ചോദിച്ചു.മോഹൻ എന്ന നിസ്സാര വാക്ക് മൊഹൈനും മൊഹീനുമാക്കി ഉപേക്ഷിച്ചു.പിന്നെ രോമമാകെ വടിച്ച് സ്ത്രൈണമായ മുഖത്ത് നുണക്കുഴികൾ വിരിയിച്ച് ബലിഷ്ഠമായൊരു കൈകുലുക്കലിനിടയിൽ ചോദിച്ചു....ഇന്ത്യയിൽ കമ്മൂണിസ്റ്റുകാരുണ്ടോ. ഞങ്ങൾക്കിപ്പോ പുതിയൊരു പാർട്ടിയുണ്ട്. അപ്പോൾ അയാളുടെ കണ്ണുകളിൽ തീ പൊടിഞ്ഞു.കയറ്റിവെച്ച ബനിയൻ കൈകൾക്കടിയിൽ ബൈസെപ്സുകൾ തുടുത്തുയർന്നു. ഞാൻ ചിരിച്ചു കൊണ്ടു നിന്നു.ഓർമ്മകളിലെയൊരു വിദ്യാർത്ഥി കോർണറിൽ നിന്ന് ഇം എം എസ് സംസാരിച്ച് മുറിയുന്നു.
2004ൽ തീവ്ര ഇടതന്മാരും മറ്റ് ഇടതു പക്ഷ പാർട്ടികളും ചേർന്നുണ്ടാക്കിയ സിറിസ എന്ന സംഘടനാസമുച്ചയത്തെക്കുറിച്ചാണ് ഈ സുഹൃത്ത് പറയുന്നത്.ഇതിൽ പരിസ്ഥിതി പ്രവർത്തകരുണ്ടായിരുന്നു, സാമ്രാജത്വ മുതലാളിത്ത വിരുദ്ധ ഗ്രൂപ്പുകളുണ്ടായിരുന്നു. സ്ത്രീവിമോചനപ്രസ്ഥാനക്കാരുണ്ടായിരുന്നു.2013ലാണ് സിറിസ അതിന്റെ അയഞ്ഞ കെട്ടുമട്ടുകളുപേക്ഷിച്ച് ഏകാഗ്രമായോരു പാർട്ടിയായത്.അലെക്സിസ് ട്സിപെരാസ് ആണ് ഇതിന്റെ കെജ്രിവാൾ. വർഷങ്ങൾക്കു മുൻപേ ഒരു ക്ളാസിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രീസിൽ നിലവിലുണ്ട്'. ഗ്രീസിലെ ഏറ്റവും മുതിർന്ന രാഷട്രീയ പാർട്ടി - KKE എന്ന് ചുരുക്കി വിളിക്കപ്പെടുന്ന ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇന്ത്യയിലെപ്പോലെ സോഷ്യലിസ്റ്റ് പാർട്ടിയായി തുടങ്ങി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയാകുകയായിരുന്നു ഇതും.വർഷങ്ങൾ നീണ്ട പീഢനങ്ങൾ, തടവ്, നാടുകടത്തൽ, നിരോധനം. ഇപ്പോൾ ജനമനസ്സുകളിൽ നിന്ന് മെല്ലെ പടിയിറക്കം.പുതു കമ്മ്യൂണിസ്റ്റ് സംഘമായ സിറിസയുടെ ഒപ്പം ചേരാൻ ഇവർ തയ്യാറുമല്ല. മിക്കയിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജീവചരിത്രം ഇങ്ങനെയൊക്കെത്തന്നെ.1946 ലെ അഭ്യന്തര യുദ്ധകാലത്ത് വലതുപക്ഷ സർക്കാരിനെതിരെ പട നയിച്ചിരുന്നത് ഇവരാണ്. പാർട്ടിയുടെ മിലിട്ടറി വിഭാഗമായ~ സ്റ്റാലിൻ്റെയും ടിറേറായുടെ യുഗോസ്ളാവിയയുടേയും ബൾഗേറിയയുടേയും പിന്തുണയോടെ നടത്തിയ പടയോട്ടം പിന്നീട് സ്റ്റാലിൻ്റെറയും ടിറ്റോയുടേയുംഇടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുറം പിന്തുണയില്ലാതെ ക്ഷയിക്കുകയായിരുന്നു. അയാൾ എന്റെ കയ്യിൽ നിന്നും കയ്പനോറഞ്ചെടുത്തു വെറുതേയൊന്ന് മണപ്പിച്ച് എനിക്ക് തന്നെ തിരികെ തന്നു. -Things are not good as it looks.This bitter orange. Athens.Greek economy. അടുത്ത കവലയിലെ തിരക്കിലേക്ക് മറയുമ്പോൾ,ഒരു റോക്ക് ബാൻഡ് സ്റ്റേജിലെ അവസാനരംഗം പോലെ കൈകളുയർത്തി വീശി അയാളിങ്ങനെ ഉറക്കെപ്പാടി -We will meet in Himalayas......in the Himalayas. എതൻസിൽ വീണ്ടും കാണാം. ഞാനും കൈകളുയർത്തി വീശി. അയാൾ കണിച്ച വഴികളിലേക്ക് ഞാൻ തിരിച്ചു നടന്നു.കുറച്ചൊക്കെ വിയർപ്പിക്കാവുന്ന നീണ്ടൊരു കയറ്റമാണ് മുന്നിൽ .ഇതാണ് മലമുകളിൽ പിറക്കുന്ന മഹാനഗരങ്ങളുടെ കുഴപ്പം.കയറ്റിറക്കങ്ങൾ കൊണ്ട് അവ നമ്മെ പരീക്ഷിക്കും.കയറ്റത്തിന്റെ അറ്റത്ത് പ്രധാന തെരുവിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.അറ്റം വരെ പച്ചയും കടും മഞ്ഞയും ചാലിച്ചു വരച്ച ഒാറഞ്ചു മരങ്ങൾ വരി തെറ്റാതെ നില്ക്കുന്നുണ്ട്. കയറ്റം പകുതിയിറക്കമായപ്പോൾ ,പ്രായം കൂനി വലുപ്പം കുറഞ്ഞ ഒരു വൃദ്ധയും പ്രായം കൊണ്ടോ പ്രകൃതം കൊണ്ടോ വലുപ്പം കുറഞ്ഞൊരു പട്ടിയും വലതു വശത്തെ ഇടവഴിയിൽ നിന്ന് കയറി വന്ന് എന്റെ മുന്നിലായി കയറ്റം കേറിത്തുടങ്ങി.പട്ടി നാക്ക് നീട്ടി അണച്ചുകൊണ്ടിരുന്നപ്പോൾ അമ്മൂമ്മ അവനെ കാത്തു നിന്നു.അമ്മൂമ്മ ക്ഷീണിച്ചു നിന്നപ്പോൾ അവൻ അവരുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ടു നിന്നു.എന്തിനാണാവോ നടത്തത്തിന് ഈ കയറ്റം തന്നെ ഇവർ തെരെഞ്ഞെുത്തത്? കയറ്റം കഴിഞ്ഞപ്പോഴേക്കും നല്ലൊരു നടത്തത്തിന്റെ അവശത കിട്ടിക്കഴിഞ്ഞിരുന്നു.അത്യാവശ്യം വിയർത്തൊലിച്ചിട്ടുമുണ്ട്.റോഡിൽ തിരക്കുണ്ടെങ്കിലും ഞായറാഴ്ചയുടെ ആലസ്യം നിലവിലുണ്ട്.റോഡിനപ്പുറത്തു നിന്നും കിഴക്കോട്ട് കേറിപ്പോകുന്ന വഴിയിൽ കുറച്ചു റെസ്റ്റോറന്റുകളാണ്.ഒരെണ്ണം മക് ഡൊണാൾഡ് ആണ്.മറ്റൊരെണ്ണത്തിന്റെ ബോർഡ് നിറയെ കബാബുകളുടെ മൊരിച്ചലാണ്,ടർക്കിഷ് ആയിരിക്കണം.ബാക്കിയുള്ളത് ഗ്രീക്കനോ ഇറ്റാലിയനോ ആവാം. എല്ലായിടത്തും അത്യാവശ്യം ആൾക്കാരുമുണ്ട്. ടൂറിസ്റ്റുകളാകാം,തുച്ഛമായ സ്കോളർഷിപ്പിൽ പഠനം ഉന്തി നീക്കുന്ന വിദേശവിദ്യാർത്ഥികളാകാം. റെസ്റ്റോറന്റുകൾക്കപ്പുറം പുത്തൻ സാമ്പത്തിക ക്രമത്തിന്റേയും ഗ്ളോബലൈസേഷന്റേയും ഒരു നോക്കുകുത്തി.ഉജാല നിറമുള്ള മഞ്ഞ ബനിയൻ.നെഞ്ചിൽ ഗ്രീക്ക് ലിഖിതം.മഞ്ഞയും ചുവപ്പും നീളൻ വരകൾ ഇടകലർന്ന മുക്കാൽ ട്രൗസർ.വാർദ്ധക്യത്തെ ക്ഷണിച്ച് കൊണ്ട് അയഞ്ഞ മുഖപേശികൾ.ധാരാളം പൗഡറിട്ടു മിനുക്കിയ മുഖവുമായി വളരെ സൗമ്യനായി, ഭക്ഷണം കഴിച്ചിറങ്ങുന്നവരോടും വഴിയാത്രക്കാരോടും കൈനീട്ടുകയാണ് അയാൾ.കാൽക്കലിരിക്കുന്ന ചൂരൽ പാത്രത്തിലും ഏതാനും യൂറോകളുണ്ട്.ഗ്രീസിൽ ഭിക്ഷാടനം ഇന്നത്ര അപൂർവമല്ല.മെട്രോ ട്രെയിനുകളിലും സ്ക്വയറുകളിലും അവരെക്കാണാം.'കരുണയുള്ളവരേ സഹായിക്കൂ ' നോട്ടീസുമായുള്ള കേരളീയ ശൈലിയും ട്രെയിനുകളിൽ നിലവിലുണ്ട്. കീറി മുഷിഞ്ഞ വസ്ത്രങ്ങൾ ഓദ്യോഗിക വേഷമായിട്ടില്ലെന്നേയുള്ളു.ദാരിദ്ര്യത്തിന്റേയും ഭിക്ഷാടനത്തിന്റേയും കാര്യത്തിലെങ്കിലും ഗ്ളോബലൈസേഷൻ അതിന്റെ പണികൾ ചെയ്യുന്നുണ്ട്. വഴിപോക്കരെല്ലാവരും നമ്മുടെ യവനഭിക്ഷുവിനെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.ചിലർ ബനിയനിലെ എഴുത്ത് വായിച്ച് കൂട്ടുകാരുമായി ചിരിച്ച് ചർച്ചിക്കുന്നുണ്ട്.എന്തോ പന്തികേടുണ്ട്.ഡൊണാൾഡിന്റെ കടയിൽ നിന്നിറങ്ങിയ തടിമാടൻ നീഗ്രോ യുവാവിന് കാര്യങ്ങൾ ചിരിയിലൊതുക്കാൻ കഴിയുന്നില്ല.അയാൾ ഒന്നു മടങ്ങി നിന്ന് മുട്ടുകളിൽ കൈകളൂന്നി കറുത്തു പൊന്തിയ മുഖത്ത് വെളുത്ത പൊന്തൻ പല്ലുകൾ നിരത്തി വലിയ വായിൽ പൊട്ടിച്ചിരി തുടങ്ങി.അന്തം വിട്ടു നില്ക്കുന്ന എന്നോടായി പിന്നെ കയ്യും കലാശവും കൊടും ചിരിയും ചേർത്തുള്ള കഥാപ്രസംഗം. -Ye man,ye man.you know what is written there?(ചിരി.മുഖം പൊത്തിച്ചിരി.)He says ,he is original beggar.genuine.(വലതു കാൽ നിലത്താഞ്ഞു ചവിട്ടി,ദേഹമാകെക്കുലുക്കി)oh my God. beggar.original beggar! ഇപ്പോൾ എനിക്ക് സംശമായി .ഇയാളൊരു അസ്സൽ തെണ്ടിയോ,അതോ ദരിദ്രകാലത്തിന്റെ സ്രഷ്ടാക്കളോട് കലഹിക്കുന്ന ക്ഷുഭിത യവന മനസ്സോ?ചുറ്റും നടക്കുന്ന ബഹളങ്ങൾക്കിടയിൽ,മാന്ദ്യകാലത്തിന്റെ പാർക്കിൻസോണിയൻ മുഖവുമായി അയാൾ കൈനീട്ടി നിന്നു. വെയിലിന്റെ ഇളം ചൂടും കയ്പ്പനോറഞ്ചു മരങ്ങളുടെ നിഴലും ഇണചേരാൻ തുടങ്ങുന്ന വഴിയിലൂടെ ഞാൻ നടത്തം തുടർന്നു.ഇനിയങ്ങോട്ട് പതിനഞ്ച് മിനിട്ടോളം ചൊടിയിൽ നടന്നാൽ എനിക്കെന്റെ നീലവീട്ടിലെത്താമെന്ന് കയ്യിൽ നിവർന്നിരുന്ന് ആംബലോക്കിപ്പി മാപ്പ് പറയുന്നു.സ്വല്പം വഴി തെറ്റിപ്പോയാൽ പ്രോസ്ഫിജിക ഹൗസിങ് കോംപ്ളക്സിലെത്താം .പ്രോസ്ഫിജിക എന്നാൽ അഭയാർത്ഥികൾ. രാജ്യങ്ങൾ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും അഭയാർത്ഥികളെ സൃഷ്ടിച്ചു കൊണ്ടാണ്.രാഷ്ട്രങ്ങൾ വളരുമ്പോഴും ക്ഷയിക്കുമ്പോഴും അഭയാർത്ഥികൾ ഉണ്ടാവുന്നു. കാലാകാലങ്ങളായി അത്തരം അഭയാർത്ഥിപ്രവാഹങ്ങളെ ഉൾക്കൊണ്ട കടലാണെന്ന് പറയാം ഈ കെട്ടിടങ്ങളെ. നാലാം നൂറ്റാണ്ടിൽ റോമാമഹാസാമ്രാജ്യം കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടു.കിഴക്കൻ സാമ്രാജ്യം പിന്നീട് ബൈസാൻടയിൻ ഭരണത്തിനു കീഴിലും അതിനുശേഷം ഒട്ടോമൻ തുർക്കികൾക്കു കീഴിലുമായി.ഗ്രീസിന്റെ സിംഹഭാഗവും ഒട്ടോമനുകൾ അടക്കിവാണു. ബൈസാന്ടയിൻ കാലഘട്ടത്തിൽ ഗ്രീക്ക് ഭാഷയും സംസ്കകാരവും കിഴക്കൻ സാമ്രാജ്യത്തിലെമ്പാടും ആധിപത്യം നേടിയിരുന്നു.അതിന്റെ ചിഹ്നങ്ങൾ ഇന്നത്തെ ടർക്കിയിലും ഗ്രീസിലും ചിതറിക്കിടക്കുന്നത് കാണാം.എന്നാൽ ഒട്ടോമനുകൾ സാമ്രാജ്യം പിടിച്ചടക്കിയപ്പോൾ ഗ്രീക്ക് പ്രതാപം തകർന്നു. ഓർത്തഡോക്സ് ക്രിസ്ത്യൻ വിശ്വാസികളായ ഗ്രീക്കുകാർ മുസ്ളീം ഒട്ടോമൻ ആധിപത്യത്തിനെതിരെ നിരന്തരം കലഹിച്ചു കൊണ്ടിരുന്നു.വർഷങ്ങൾ നീണ്ട യുദ്ധങ്ങൾ. .ലഹളകൾ.ഒടുവിൽ പ്രശസ്തമായ ഗ്രീക്ക് വിപ്ളവത്തിനുശേഷം 1823ൽ ഗ്രീസ് സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.പിന്നേയും പലായനങ്ങൾ പലതുണ്ടായി, അഭ്യന്തരകലഹങ്ങളുണ്ടായി. തുർക്കിക്കും ഗ്രീസിനുമിടയിൽ പലതവണ ജനസമൂഹങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു.സ്വാതന്ത്ര്യാനന്തരം ഭാരതത്തിനും പാക്കിസ്താനുമിടയിൽ ഉണ്ടായ മുറിവുകൾ തന്നെയാണ് അന്ന് അവിടെയുണ്ടായത്.അതിൽ ഏറെ ചോര ചോർന്ന മുറിവാണ് 'സ്മിർണ ദുരന്തം'.(സ്മൈർണി എന്ന് ഗൂഗിൾ അമ്മായി പറയുന്നു.ശരിയാണോ ആവോ.)ഇന്നത്തെ ടർക്കിയിലെ ഇസ്മിർ ആണ് ആയിരക്കണക്കിന് യവനരുടെ ചോര വീണ അന്നത്തെ സ്മിർണ. ഒട്ടോമനുകളും ഗ്രീക്കുകാരും ശത്രുപക്ഷങ്ങളിൽ നിരന്ന , 1914 മുതൽ 1918 വരെ തുടർന്ന ഒന്നാം ലോകമഹായുദ്ധം മതാടിസ്ഥാനത്തിലുള്ള ജനസഞ്ചയക്കൈമാറ്റത്തെ തടസ്സപ്പെടുത്തി.ആദ്യമഹായുദ്ധത്തിന്റെ അവസാനം ഒട്ടോമൻ സാമ്രാജ്യത്തിന്റേയും അവസാനമായിരുന്നു,1923 വരെ നീണ്ടു നിന്ന ഗ്രീസ് - ടർക്കി യുദ്ധത്തിന്റെ ആരംഭവുമായിരുന്നു.മുസ്തഫാ കെമാൽ അതാതുർക്കിന്റെ നേതൃത്വത്തിൽ ടർക്കിയെ ഒരു സ്വതന്ത്ര റിപ്പബ്ളിക്കാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സമയവുമായിരുന്നു അത്.പുതിയ റിപ്പബ്ളിക്കിന് വിദേശികളുടെ സാന്നിധ്യം ഭീഷണിയാകുമെന്ന് ആശങ്കപ്പെട്ട കെമാലിസ്റ്റുകൾ ഗ്രീക്കുകാരുടേയും അർമേനിയക്കാരുടേയും വംശഹത്യക്ക് നേതൃത്വം നല്കി.വംശഹത്യകളുടെ ചരിത്രത്തിൽ ചോരയും ചാരവും നിറച്ചതാണ് സ്മിർണയിലെ തീപ്പിടുത്തം.1922 സെപ്തംബർ 15നായിരുന്നു അത്.ഭരണാധികാരികൾ നിഷ്ക്കളങ്കത നടിച്ചപ്പോൾ,സ്മിർണയിലെ ഗ്രീക്ക്-അർമേനിയൻ അധിവാസപ്രദേശങ്ങളിൽ തീനാളങ്ങളും തുർക്കികളും ചേർന്നു തീർത്തു കളഞ്ഞത് ഒരു ലക്ഷം പേരെയാണ്. ലക്ഷക്കണക്കിന് പേർ കടൽ കടന്ന് ഗ്രീസിൽ അഭയാർത്ഥികളായി.ഈ കൂട്ടക്കുരുതിക്ക് ശേഷം 1923ൽ ജനങ്ങൾ ഒരിക്കൽ കൂടി കൈമാറ്റം ചെയ്യപ്പെട്ടു. ഇവരെയൊക്കെ ഉൾക്കൊള്ളാനുള്ള ആതൻസിന്റെ എളിയ ശ്രമമായിരുന്നു എട്ട് കെട്ടിടങ്ങളിലായി 228 അപ്പാർട്മെന്റുകളുമായി മുപ്പതുകളിൽ ഉയർന്നു വന്ന പ്രോസ്ഫിജിക കോംപ്ളക്സ്. ആംബെലോക്കെപ്പിയിലെ പ്രധാന തെരുവായ അലക്സാന്ത്ര റോഡിലൂടെയുള്ള അലസ നടത്തങ്ങളിൽ ,കാലവും കാലാവസ്ഥയും കലാപങ്ങളും മാന്തിപ്പൊളിച്ച ഈ കെട്ടിടക്കൂട്ടം സങ്കടപ്പെട്ടു നില്ക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.വിക്കിയും ഗൂഗ്ളും നല്കിയ വിവരങ്ങൾ സകുടുംബം അങ്ങോട്ട് കടന്നു ചെല്ലുന്നതിൽ നിന്നും വിലക്കി.അദ്യ അന്തേവാസികളുടെ പിൻമുറക്കാരായി മുപ്പത് കുടുംബങ്ങളേ ഇപ്പോൾ ബാക്കിയുള്ളു.ബാക്കിയെല്ലാം അനധികൃത കുടിയേറ്റക്കാരാണ്.മാന്ദ്യത്തിന്റേയും ദാരിദ്ര്യത്തിന്റേയും ഗ്രാമങ്ങൾ വിട്ടോടിപ്പോന്ന അഭ്യന്തര അഭയാർത്ഥികൾ .സ്വന്തം രാജ്യങ്ങളിൽ നിന്ന് യുദ്ധങ്ങളും കലാപങ്ങളും കുടഞ്ഞെറിഞ്ഞ സിറിയക്കാർ, ഇറാക്കികൾ, തുർക്കികൾ ,ഇറാനികൾ.സ്വാസ്ഥ്യത്തിന്റേയും ബോധത്തിന്റേയും തീരങ്ങളിൽ നിന്ന് തൂത്തെറിയപ്പെട്ട ഡ്രഗ്ഗ് അഡിക്ടുകൾ.കെട്ടിടങ്ങളെപ്പോലെത്തന്നെ അലങ്കോലവും അരക്ഷിതവുമാണ് ഇവിടത്തെ താമസവും. പ്രോസ്ഫിജിക്കയുടെ സാമീപ്യം കൊണ്ടു തന്നെയാകാം ഞങ്ങളുടെ ഗംഭീരൻ നീല വീടിന്റെ വാടക ഞങ്ങളുടെ ഇച്ഛയോളം തുച്ഛമായത്. പറഞ്ഞു പറഞ്ഞ് ഞാൻ അഭയാർത്ഥിക്കെട്ടിടങ്ങൾക്ക് അടുത്തെത്തിയിരിക്കുന്നു.നിരനിരയായി അടുക്കി വെച്ച ദീർഘചതുരപ്പെട്ടികൾ പോലെ കെട്ടിടങ്ങൾ.മുപ്പതുകളിൽ ഇവ നിർമ്മിക്കുമ്പോൾ കാലത്തിനു മുന്നേ മണ്ണിലുറച്ച വാസ്തുശില്പവൈദഗ്ധ്ദ്യം എന്നാണ് വാഴ്ത്തപ്പെട്ടത്. വർഷങ്ങളുടെ പഴക്കവും അധികാരികളുടെ അവഗണനയും ഒത്തു ചേർന്ന് ശ്രമിച്ചിട്ടും ഇവ തകരാതെ നില്ക്കുന്നത് അന്നത്തെ നിർമ്മാണത്തിലെ കേമത്തം കൊണ്ടാണ്. കെട്ടിടങ്ങൾക്കിടയിലെ വഴികളിലും പരിസരങ്ങളിലും മരങ്ങൾ നിർലോഭമായി തണൽ വിരിച്ച് നില്ക്കുന്നുണ്ട്. ധാരാളമായുള്ള പാർക്കിങ്ങ് ഇടങ്ങളിൽ കാറുകൾക്കും കുറവില്ല.ചില കെട്ടിടങ്ങളുടെ പുറത്ത് ചെറിയ തോതിലുള്ള അടുക്കള സംവിധാനങ്ങളും കാണാം.തേപ്പുകളടർന്ന് രൂപം കൊണ്ട ഭുപടങ്ങളുടെ അതിർത്തികളെ വെട്ടിപ്പൊളിച്ച് പടർന്ന് കയറുന്ന ഗ്രാഫിറ്റിയൻ ചുവരെഴുത്തുകൾ. അവക്കിടയിൽ അഭ്യന്തരകലാപം വരച്ചു ചേർത്ത വെടിയുണ്ടപ്പാടുകൾ.ബാൽക്കണികളിലിരുന്ന് വാ പൊളിക്കുന്ന ഡിഷ് ആന്റിനകൾ.അലക്കിയുണങ്ങിയിട്ടും മുഷിവു മാറാതെ ബാൽക്കണിയഴികളിൽ തൂങ്ങിത്തേങ്ങുന്ന വസ്ത്രങ്ങൾ.അവയിൽ പലായനത്തിന്റെ ഉറവിടങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് പർദ്ദകൾ,സൽവാറുകൾ,നരച്ചു കീറിയ ജീൻസുകൾ,പല നിലകളിൽ തൊങ്ങലു തൂക്കിയ നീളൻ പാവാടകൾ,ഡിഷ്ദാഷകൾ.ചില്ലുകൾ തകർന്നും പാളികൾ പൊളിഞ്ഞും കാറ്റെന്ന ജാരനെ അകത്തേക്ക് ക്ഷണിക്കുന്നു ചില ജനലുകൾ.പുറം ലോകത്തോട് കടന്ന് പോകൂ എന്നാക്രോശിച്ച് വീഞ്ഞപ്പലകകൾ തറച്ചടച്ച് മുഖം തിരിച്ചിരിക്കുന്നുണ്ട് ,മറ്റു ചില ജാലകങ്ങൾ.മുറ്റങ്ങളിലും ഇടവഴികളിലും പലയിനം മുഖങ്ങളുമായി ഓടിക്കളിക്കുന്നുണ്ട് കുട്ടികൾ, നാളത്തെ അഭയാർത്ഥികൾ.
അത്ര അസുന്ദരമൊന്നുമല്ല പരിസരങ്ങളെങ്കിലും അനാഥത്വത്തിന്റെ കനവും കയ്പും കയ്പനോറഞ്ചു മരങ്ങൾക്കിടയിലൂടെ പലായനം ചെയ്യുന്ന കാറ്റിലുണ്ട്.നാലാമത്തെ കെട്ടിടം കഴിഞ്ഞുള്ള ഇടവഴിയിൽ നില്കുകയാണ് ഞാൻ.ഗ്രീസിന്റെ ഭൂതത്തിലേക്കും ഭാവിയിലേക്കും നോക്കേണ്ട വർത്തമാനത്തറയിലാണ് ഞാൻ.ഉണങ്ങാൻ തീരുമാനിച്ച രണ്ടു മരങ്ങൾക്കിടയിൽ വലിച്ചു കെട്ടിയിരിക്കുന്നു വലിയൊരു കറുത്ത ബാനർ.അതിൽ രോഷം പൊടിയുന്ന വടിവിൽ ഗ്രീക്ക് എഴുത്തുകൾ.ചില പ്രതീകാത്മക ചിത്രവരകൾ. ഏതാനും മാസങ്ങൾക്കു മുമ്പ് പ്രോസ്ഫിജിക്ക കോപ്ളക്സ് പൊളിച്ചു മാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.അതിന്റെ ബാക്കിയാണിത്. അന്ന് സമരക്കാരുടെ പ്രധാന വായ്താരി ഇങ്ങനെയായിരുന്നു- സുപ്രീം കോടതി കത്തിക്കുക.പോലീസ് ആസ്ഥാനം ബോംബിട്ടു തകർക്കുക.പ്രോസ്ഫിജിക കോംപ്ളക്സ് സംരക്ഷിക്കുക.കോടതിയും ഹെല്ലെനിക്ക് പോലീസ് ആസ്ഥാനവുംഈ അഭയാർത്ഥിക്കൂടാരങ്ങളുടെ അയൽക്കെട്ടിടങ്ങളാണ്.രണ്ടായിരത്തി നാലിലെ ഒളിംപിക്സ് കാലത്ത് , അക്രോപൊലീസ് വരച്ചു പൊലിപ്പിച്ച ഭീമൻ കാൻവാസ് കൊണ്ട് മറച്ചു വെച്ചിരുന്നു ഈ 'നാണക്കേടിന്റെ അയൽപ്പക്കങ്ങളെ.'രണ്ടു ദിവസത്തിനകം ഈ മറ പൊളിഞ്ഞു വീഴുകയും ആതൻസും പ്രോസ്ഫിജിക്കയും ലോകത്തിനു മുന്നിൽ നഗ്നരാവുകയും ചെയ്തു. പ്രക്ഷോഭങ്ങളുടേയും കോടതി ഇടപെടലുകളുടേയും ഫലമായി 2008 ൽ ഇത് സംരക്ഷിത മേഖലയാക്കച്ചെട്ടു. അതിനു ശേഷവും അധികാരികൾ തുടർന്ന കുത്തിത്തിരിപ്പുകളാണ് കഴിഞ്ഞ മാസങ്ങളിലെ ജാഥകൾക്കും കുത്തിയിരുപ്പ് സമരങ്ങൾക്കും ഇടയാക്കിത് . ബാനറിനു പിന്നിലായുള്ള ചുമരിന്റെ പകുതിയിൽ മങ്ങാൻ മടിച്ചു നില്ക്കുന്നുണ്ട് കറുപ്പും ചുവപ്പും തീയും കലർന്നൊരു ചിത്രം.ആളുന്ന തീ.തകർന്നു വീഴുന്ന കെട്ടിടങ്ങൾ.ഓടുന്ന കാലുകൾ.വാവിട്ടു കരയുന്നവർ ആകാശത്തിലേക്കെറിഞ്ഞ കൈകൾ. സ്മിർണയാണോ?ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന് പറയുകയാണോ? ചുമർചിത്രത്തിലേക്കങ്ങനെ നോക്കി നില്കെ ശരീരം മെല്ലെ പൊള്ളുന്നു.പഴകിയ ചാരത്തിന്റെ ഗന്ധം മൂക്കിലേക്ക് മെല്ലെ വലിഞ്ഞ് കയറുന്നു.അവ്യക്തമായിട്ടാണെങ്കിലും നിലവിളികൾ കേൾക്കുന്നുണ്ടോ? യവനചരിത്രത്തിന്റെ സങ്കടങ്ങളിൽ നിന്ന് രക്ഷപ്പെട്ടോടുന്ന അഭയാർത്ഥിയെപ്പോലെ ഞാൻ അലക്സാൻത്ര തെരുവിലേക്ക് വേഗത്തിൽ നടന്നു. അലക്സാൻത്ര റോഡിലെത്തി ഇടത്തോട്ട് തിരിഞ്ഞപ്പോൾ മുമ്പിൽ ആയാസപ്പെട്ടു നീങ്ങുന്നു ഒരു നിതംബസമൃദ്ധ. വലിയ ചന്തികളുരുട്ടിയുരുട്ടിയങ്ങനെ. പിന്നിൽ നിന്നുള്ള കാഴ്ചയിൽ മറ്റുള്ള ശരീര അളവുകൾ സാധാരണം.ഏഴാം ദിവസത്തെ ശബത്തിലേക്കും വിശ്രമത്തിലേക്കും കടക്കുന്നതിന്റെ തിരക്കിൽ ദൈവം ചെയ്തു പോകുന്ന അസുന്ദരസൃഷ്ടികളാണ് ഇവർ.ബാക്കി വരുന്ന നിർമ്മാണവസ്തുക്കൾ എവിടെയെങ്കിലുമൊക്കെ അടിച്ചേൽപ്പിക്കുകയാണ് സ്രഷ്ടാവ്. കുറച്ചു ദൂരം ആ മാംസക്കുന്നുകൾ നോക്കി നടന്ന് ഹെല്ലനിക്ക് പോലീസ് ആസ്ഥാനം കടന്ന് ഞാൻ ഇടത്തോട്ട് തിരിഞ്ഞു.ഇനി രണ്ട് മിനിറ്റ് ,ഞാൻ എന്റെ നീലവീട്ടിലെത്തും. തന്റെ നിതംബസമൃദ്ധിയും നോക്കിക്കൊണ്ടൊരാൾ പിന്നാലെയുണ്ടെന്നറിഞ്ഞ പോലെ അപ്പോൾ അവർ തിരിഞ്ഞ് നിന്ന് പുഞ്ചിരിച്ചു.അക്രൊപ്പൊലീസിലെ മാർബിൾ തൂണു പോലെ ഞാൻ മണ്ണിലുറച്ചു നിന്നു പോയി. സ്മൈർണയിലെ ചൂടും ചാരത്തിന്റെ ചൂരും നിലവിളികളും മനസ്സിൽ നിന്നൂർന്ന് പോയി. ഒന്നര മണിക്കൂർ നേരത്തെ കയറ്റിറക്ക നടത്തത്തിൻ്റെ വിയർപ്പൊക്കെ വലിഞ്ഞു പോയി. അവരുടെ അരക്കട്ടിന്റ അരോചകമായ ധാരാളിത്തമോ അലക്സാൻത്ര തെരുവിൽ തിരക്കു കൂട്ടുന്ന വാഹനങ്ങളോ കാഴ്ചയിലില്ല.അതീവ സുന്ദരമായൊരു മുഖം എന്നെ നോക്കി മാദകമായി പുഞ്ചിരിക്കുന്നു .കണ്ണുകൾ കാതുകൾ പുരികങ്ങൾ നീണ്ട നാസിക തേനിറ്റുന്ന ചെഞ്ചുണ്ടുകൾ, നുണക്കുഴികളെ പൊലിപ്പിച്ച്‌ തുടുത്ത കവിളുകൾ , എല്ലാം ഒന്നിനൊന്നു സുന്ദരം. യവന സ്ത്രീ സൗന്ദര്യത്തിന്റെ മുഖക്കാഴ്ച. യവനചരിത്രകഥകളിലെ ഏതോ അപ്സരസ്സിൻ്റെ മോഹിപ്പിക്കുന്ന മുഖം. അഥീനയുടേ താണോ?അതോ അർടെമിസോ അഫ്രോഡിറ്റോ? യാത്രകളിൽ ഇങ്ങനെയാണ്: കാഴ്ചകൾ ഇങ്ങനെയാണ്. അസുഖകരങ്ങളായ അനുഭവങ്ങൾക്കിടയിൽ, മടുപ്പിക്കുന്ന അലച്ചിലുകൾക്കൊടുവിൽ ,അനാകർഷകമായ ദൃശ്യങ്ങൾക്കപ്പുറം ഏതെങ്കിലും ഒരു വളവു തിരിയുമ്പോൾ, ജീവിതാവസാനം വരെ മനസ്സിലിരിക്കുന്ന ഒരു അതിസുന്ദരൻ കാഴ്ച നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടാവും. രണ്ടു മൂന്നു നിമിഷങ്ങൾക്കു ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ എല്ലാവരും കുളിച്ച് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്.ഞങ്ങളുടെ നീല വീടിന്റെ പിൻ വരാന്തയിലെ ചെറിയ വട്ട മേശയിൽ പ്രാതലിനുള്ള പാത്രങ്ങൾ നിരന്നിരിക്കുന്നു.പിൻ വരാന്തയിലെ പിച്ചിച്ചെടിപ്പന്തൽ വിതറിയ കുഞ്ഞിപ്പൂക്കളെ മൂലയിലേക്ക് ഒതുക്കിക്കിടത്തിയിട്ടുണ്ട്.പുതു ചൈതന്യം നല്കുന്ന പൂമണം വരാന്ത മുഴുവൻ പരന്നിട്ടുണ്ട് .