Monday 14 January 2019

ഹക്കുണ മത്താത്ത - ഭാഗം മൂന്ന് (ആഫ്രിക്കൻ സഫാരി )



    മസായിപ്പുരയിൽ 
_____________________


ഞങ്ങൾക്ക് മുന്നേവന്ന സംഘത്തെ കൂകി വിളിച്ചു വണ്ടി കേറ്റി വിട്ട സംഘം ബോമയിലേക്ക് മടങ്ങി.അവരിൽ ചിലർ ഞങ്ങളെ 'മാ'യിലും ഗുഡ് മോർണിങ്ങിലും അഭിവാദ്യം ചെയ്തു. ഞങ്ങൾ നോയ്ലിനൊപ്പം ബോമയിലേക്ക് നടന്നു.റഷീദ്, പച്ചയിലവല വിരിച്ച് വെളിച്ചം അരിച്ചെടുക്കുന്ന അക്കേഷ്യയ്ക്കടിയിലേക്ക് ക്രൂയിസർക്കുതിരയെ കെട്ടിയിട്ട് കാത്ത് നിന്നു. 

മുൾച്ചെടിച്ചില്ലകളും മരക്കൊമ്പുകളും മണ്ണിൽ വരിയൊപ്പിച്ച് കുത്തിനിർത്തി വളച്ചെടുത്ത പത്തോ പന്ത്രണ്ടോ സെന്റ്  ഭൂമിയാണ് ഈ ബോമ. ഒരു ബോമയ്ക്കുള്ളിൽ പത്തിനടുത്ത് എൻകാജി എന്ന മസായിക്കൂരകൾ ഉണ്ടാവും. ബോമയ്ക്കുള്ളിൽ മറ്റൊരു വട്ടവും കൂടിയുണ്ടാവും. വളർത്തുമൃഗങ്ങൾക്കുള്ള 'അതീവസുരക്ഷായിടം' ആണിത്. ബോമയുടെ പരമ്പരാഗതശൈലി നോയ്ലും കൂട്ടരും ഇവിടെ പാലിച്ചിട്ടുണ്ട്.മുൾച്ചെടിക്കമ്പുകൾ അട്ടിയിട്ട് പുറത്തെ വേലിക്ക് (മാ ഭാഷയിൽ എങ്കാങ്ങ്)പതിവിലേറെ ബലപ്പെടുത്തലുണ്ട് ഇവിടെ.നമ്മുടെ നാട്ടിലെ മുൾവേലികളെക്കാൾ'മുൾപ്പരമാണ് ' ഈ വേലി.





അമ്മയേയും മിനിയേയും അമ്മുവിനേയും മസായിപ്പെൺകിടാങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. തങ്ങളുടെ ഡിസ്ക്കു പോലുള്ള കണ്ഠാഭരണങ്ങൾ അണിയിച്ചും പാട്ടു പാടിയും ഇളകിയാടിയും അവരെ മാക്കം കൂട്ടാനുള്ള ശ്രമത്തിലായിരുന്നു മസായിസുന്ദരികൾ. മുട്ടുകളുടെ മുറുമുറുപ്പും പ്രായത്തിന്റെ പരിഭവും അവഗണിച്ച് അമ്മ പറ്റാവുന്ന വിധത്തിൽ ആടുന്നുണ്ട്. ഗോത്ര നൃത്തങ്ങൾ തനിക്കെളുപ്പം വഴങ്ങുന്നതാണെന്ന് അമ്മു പറമ്പിക്കുളത്തെ ആദിവാസി ഊരിൽ തെളിയിച്ചിട്ടുണ്ട്.

ഞാൻ നോയ്ലുമായി സംസാരിച്ചുകൊണ്ടു നിന്നു. മസായി ജീവിതത്തെക്കുറിച്ച് 'ഒന്നാം കൈ' വിവരശേഖരണമാണ് ലക്ഷ്യം. നോയ്ൽ തീരെ സംസാരപ്രിയനല്ല. ചോദിച്ചാൽ ഉത്തരം .അല്ലെങ്കിൽ ഒരു ഗൈഡിന്റെ അനുഷ്ഠാനവിവരണം. മുഖം തീരെ പ്രസന്നമല്ല. വല്ലാത്തൊരു ഭാരം തൂങ്ങുന്ന ഭാവം. ഗോരംഗോരയിൽ  നിന്നുള്ള വഴിക്ക് തലതൂങ്ങിക്കഴുതകളെ കണ്ടപ്പോഴുണ്ടായ സങ്കടം എനിക്കിപ്പോഴും തോന്നി.കടും നീലയിൽ കറുത്ത വരകൾ കള്ളികളിടുന്ന ഷുക്കയിൽ നോയ്ൽ കൂടുതൽ ഇരുണ്ടു പോകുന്നു. എന്നാൽ ഇതിനിടയിലൊന്നും മങ്ങിപ്പോകാതെയൊരു സൗഹൃദം സൂക്ഷ്മമായി സൂക്ഷിച്ചിരുന്നു അയാൾ.അതെന്നെ ധൈര്യപ്പെടുത്തി.



കടുംനിറങ്ങളിൽ, മിക്കവാറും ചുവപ്പിൽ, കറുത്ത കള്ളികൾ മേയുന്ന പരുത്തിപ്പുതപ്പാണ് ഷുക്ക. ഇന്ന് മസായികളുടെ പ്രതീകപ്പര്യായം തന്നെയാണ് ഷുക്ക. മസായികളുടെ പരമ്പരാഗതവേഷമൊന്നുമല്ല ഇത് . മസായി ഗോത്രത്തിന് പുറത്തും നഗരങ്ങളിലും ദരിദ്രന്റെ ആഫ്രിക്കൻ കമ്പിളിയാണത്.ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ മാത്രമാണ് ഷുക്ക മസായികളുടെ ഗോത്രവേഷമായി സ്ഥാനമുറപ്പിക്കുന്നത്. കോളോണിയൽ കാലത്ത് സ്കോട്ടിഷ് കമ്പനികളിൽ നിന്നാണ് ഷുക്ക  വന്നതെന്ന് കരുതുന്നു. അതിന് മുമ്പ് കാലിത്തൊലിയും ആട്ടിൻതോലുമായിരുന്നു മസായീശരീരം മറച്ചിരുന്നത്. കാട്ടിലെ പരുക്കൻ ജീവിതത്തിനും കടുത്ത കാലാവസ്ഥയ്ക്കും ചേർന്നതായിരുന്നു ഒന്നാം തരം പരുത്തിയിൽ നെയ്ത ഷുക്ക.

ദാർ എസ്സെലാമിലെ തുണിമില്ലുകളുടെ കുത്തകയായിരുന്നു ഷുക്ക. ഇന്ന് ചൈനയിൽ നിന്നുള്ള ഷുക്കകളാണ് മസായികൾ ഉപയോഗിക്കുന്നത്. എവിടെ നിന്ന് ഷുക്ക വാങ്ങിയാലും അതിന്റെ മൂലയിലും കവറിലും ഇങ്ങനെ എഴുതിയിട്ടുണ്ടാവും -The original Masai shukka,made in China.

ടൂറിസത്തിന്റെ ഭാഗമാകുന്ന ഓരോ മസായിക്കൂട്ടത്തിലും നോയ്ലിനെപ്പോലെയുള്ള രണ്ടോ മൂന്നോ ഗൈഡുമാരുണ്ടാവും. സന്ദർശകരോട് സംസാരത്തിലും ഭാഷയിലും പിടിച്ചു നില്ക്കാൻ പഠിപ്പുള്ളവർ. പാശ്ചാത്യരുടെ മിഷനറി പ്രവർത്തിനിടയിലാണ് മസായിക്ക്  മെച്ചപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസവും ആഗ്ലേയപരിജ്ഞാനവും ലഭിച്ചുതുടങ്ങിയത്. പകരം മസായികൾ അവരുടെ കുരിശും കുർബാനയും സ്വീകരിച്ചു.നോയ്ൽ എന്നപേരു പറയുന്നുണ്ട് അയാളുടെ സ്ക്കൂൾ പശ്ചാത്തലവും മതവും. പഠിക്കാൻ പോയി ക്രിസ്ത്യാനിയായ നോയ്ലിന് ജീസസിനും മദർ മേരിക്കുമപ്പുറം ആരേയും അറിയില്ല.പ്രാർത്ഥിക്കുന്നത് മലയോടും മഴയോടും മരത്തോടും മാനത്തോടും.ഏകദൈവ - എങ്കായ് -വിശ്വാസത്തിന്റെ ജീനുകൾ നുരയ്ക്കുന്ന മസായിത്തലയിൽ മറ്റു 'ദൈവങ്ങൾ' എങ്ങനെ നുഴഞ്ഞു കയറാൻ ?

മസായിപ്പുരാണത്തിൽ ആദിയിൽ ആകാശവും ഭൂമിയും ഒന്നായിരുന്നു. മണ്ണും വിണ്ണും വേർപിരിയുമ്പോഴാണ് എങ്കായ് സംഭവിക്കുന്നത്. ഈജിപ്തിലേയും സോമാലിയയിലേയും ചില ഗോത്രങ്ങളും ഇതേ ദൈവസങ്കല്പങ്ങൾ പുലർത്തുന്നുണ്ട്. പൗരുഷത്തിന്റേയും സ്ത്രൈണതയുടേയും മിശ്രിതമാണ് എങ്കായ് ദൈവം. നമ്മുടെ അർദ്ധനാരീശ്വരന്റെ ആഫ്രിക്കൻ പതിപ്പ്.ആഫ്രിക്കയിലെ മിക്ക ഗോത്രദൈവങ്ങളുടേയും നിർമ്മാണം ഈ മട്ടിലാണ്. ഉദാഹരണത്തിന് ഈജിപ്തിലെ ഇമാന - അമിനാറ്റ (Imana-Aminata) ദ്വന്ദ്വം..

എങ്കായ്ക്ക്  മറ്റൊരു ദ്വന്ദ്വവ്യക്തിത്വം കൂടിയുണ്ട്. നന്മയുടെ ഭാഗമായ കറുപ്പു നിറമുള്ള എങ്കായ് നരോക്ക്. ചുവപ്പുനിറത്തിൽ തിന്മയുടെ നന്യോക്ക് .ശ്രദ്ധിക്കുക ആഫ്രിക്കൻ പുരാണങ്ങളിൽ നന്മയുടെ നിറം കറുപ്പാണ്. തിന്മയ്ക്ക് ചുവപ്പോ വെളുപ്പൊ നിറവും ഇംഗ്ലീഷുകാരന്റെ മുഖവുമാണ്. 

എങ്കായ് ദൈവം കന്നുകളെത്തന്നു. മേച്ചിൽപ്പുറങ്ങൾ തന്നു. തങ്ങളെ ലോകത്തിലെ എല്ലാ കന്നുകാലികളുടേയും ഉടമസ്ഥരാക്കി. അതാണ് മസായി വിശ്വാസം. എവിടെ കന്നുകളെക്കണ്ടാലും അവരത് സ്വന്തമാക്കും. മറ്റ് ഗോത്രങ്ങളുടെ വളർത്തുമൃഗങ്ങളെ കടത്തിക്കൊണ്ടു പോരും. വേണ്ടിവന്നാൽ അതിന് വേണ്ടി പടവെട്ടും. അതിൽ അവർ തെറ്റൊന്നും കണ്ടില്ല. എങ്കായ് ദൈവം പറഞ്ഞിട്ടുണ്ടല്ലോ? ആ അനുഗ്രഹം ഉണ്ടല്ലോ? മസായികളുടെ തുള്ളൽ നൃത്തം അന്യന്റെ ആലയിലേക്ക് ചാടി കന്നുകളെ തട്ടിക്കൊണ്ടു പോരാനുള്ള പരിശീലനമാണെന്നൊരു ദുഷ് വർത്തമാനമുണ്ട്.
ഇന്ന് അവനവന്റെ കന്നുകളെ കൊണ്ട് ഇവർ തൃപ്തരാണ്. അവയെത്തന്നെ മേയ്ക്കാൻ പുല്ലില്ല.

നോയ്ലിൽ നിന്ന് വിവരങ്ങൾ വീഴുന്നത് കാട്ടിലെ തൂളൽ മഴ പോലെയാണ്. ഇടയ്ക്കൊന്ന് നനഞ്ഞാലായി. പതിവു പല്ലവികൾക്കപ്പുറം എന്തെങ്കിലും പാടിക്കണമെങ്കിൽ വല്ലാതെ ശ്രമിക്കണം.  മസായിപ്പുരദർശനത്തിന് ആളൊന്നുക്ക് പതിനഞ്ചു ഡോളറാണ് ഫീസ്. ഞാൻ നൽകിയ നൂറു ഡോളർ നോട്ട്, ബാക്കി പോകുമ്പോൾ തരാം എന്നു പറഞ്ഞ് നോയ്ൽ ഷുക്കയുടെ ഏതോ മടക്കിൽ ഒളിപ്പിച്ചു.




അമ്മുവും അമ്മയും മസായിച്ചമയങ്ങളണിഞ്ഞ് പെൺകിടാങ്ങളോട് സംസാരത്തിലാണ്. പെൺകിടാങ്ങളെല്ലാം മൊട്ടത്തലച്ചികളാണ്. വിവിധ കടുംനിറങ്ങളിലുള്ള ഷുക്കകൾ തോളെല്ലിന് മുകളിൽ കെട്ടിയിട്ടിരിക്കുന്നു.അമ്മയെ അവർക്ക് ശ്ശി പിടിച്ചിരിക്കുന്നു. അമ്മയും നല്ല ഉത്സാഹത്തിലാണ്. എന്താണാവോ അവരുടെ പൊതുഭാഷ ! മിനി 'ക്യാമറ പ്രവർത്തനത്തിലേക്ക് ' തിരിഞ്ഞിരിക്കുന്നു. അവരിൽ ആരാണ് ഏറ്റവും സുന്ദരിയെന്ന് ഞാൻ നോയ്ലിനോട് ചോദിച്ചു. എന്റെയും നോയ്ലിന്റേയും 'സൗന്ദര്യം' ഒന്നല്ലല്ലോ. അവൾ, പിന്നെ അവളും അവളും എന്ന് പറഞ്ഞ് നോയ്ൽ നാലുപേരെ ചൂണ്ടിക്കാണിച്ചു.നാലും മൊട്ടത്തലകൾ . സാമാന്യത്തിലധികം ഉയരം. മുഴച്ചു നിൽക്കുന്ന മിനുങ്ങിയ കവിളെല്ലുകൾ. ബാക്കി സൗന്ദര്യക്കണക്കുകളൊക്കെ നീളൻ ഷുക്കകൾ ഒളിപ്പിക്കുന്നു. ഇതൊക്കെയായിരിക്കാം സൗന്ദര്യം എന്ന് ഞാനും കരുതി. അരുഷയിലെ പച്ചക്കറിക്കടക്കാരി തന്ന പാഠം ഞാൻ മറന്നിട്ടില്ല.


ബോമയുടെ നടുത്തളത്തിൽ ഒരു കൂട്ടം മസായിക്കുട്ടന്മാർ അവരുടെ 'വടിത്തുളളൽ ' നൃത്തം ആരംഭിച്ചിരിക്കുന്നു. എല്ലാവരും തോട്ടിപ്പരുവം. ഒരു കൈയിൽ വടി കുത്തനെപ്പിടിച്ച്  കുത്തനെ ചാടുകയാണ്. പഴയ ടയറു വെട്ടിയുണ്ടാക്കിയ ചെരുപ്പിട്ട്   (മൃഗത്തോൽച്ചെരുപ്പിൽ നിന്ന് ടയർച്ചെരുപ്പിലേക്ക് മാറിയിട്ട് അധികകാലമായിട്ടില്ല)കാൽവിരലുകളിൽ കുത്തി നിന്ന് അങ്ങനെ ഉയരുകയാണ്. അരമീറ്ററോളമൊക്കെയാണ് അങ്ങനെ പൊങ്ങുന്നത്. അഡുമ എന്നാണിതിന്റെ മസായിപ്പേര്. അർത്ഥം കുത്തനെച്ചാടുക എന്ന് തന്നെ .എമുറാത്ത (സുന്നത്ത്) എങ്കിയാമ (വിവാഹം ) യുനോട്ടോ (പടയാളികളുടെ തലവടിക്കൽ) എന്നിങ്ങനെയുള്ള പരമ്പരാഗതാഘോഷങ്ങളുടെ ഭാഗമായാണ് അഡുമ നടക്കാറ്. ആഘോഷങ്ങൾ പത്ത്  ദിവസങ്ങളോളം നീണ്ടു നിൽക്കും. ആൺകുട്ടികളും പെൺകുട്ടികളും മുതിർന്ന് പുരുഷനും സ്ത്രീയും ആവുന്ന സമയമാണിത്. രണ്ടു കൂട്ടർക്കും സുന്നത്തുണ്ടാവും. ഗവൺമെൻറിന്റേയും സന്നദ്ധ സംഘടനകളുടേയും വിദ്യാഭ്യാസത്തിന്റേയും ഇടപെടലിലൂടെ പെൺസുന്നത്ത് ഏതാണ്ട് നിലച്ചിട്ടുണ്ട്. ചെറിയ പടയാളികൾ (ജൂനിയർ മോറാൻ ) വലിയ പടയാളികളാവുന്നതും പടയാളികൾ വിവാഹത്തിന് ക്വാളിഫൈ ചെയ്യുന്നതും ഈ സമയത്താണ്. ഇപ്പോൾ നടക്കുന്നത്  ടൂറിസ്റ്റുകൾക്കായുള്ള പരിഷ്ക്കരിച്ച പതിപ്പാണ്.

ഞാൻ നോയ്ലിനെ ഉപേക്ഷിച്ച് അഡുമക്കാരുടെ കൂട്ടത്തിൽ ചേർന്നു. എന്റെ എല്ലാ കോമാളിത്തരങ്ങളും പകർത്തിക്കോളൂ എന്ന് പറഞ്ഞ്  എന്റെ ക്യാമറ കൂടി മിനിയെ ഏൽപ്പിച്ചു. ഉന്നതശീർഷർക്കിടയിൽ നിന്ന് രണ്ടു ചെറിയ തോട്ടികളെ കണ്ടെത്തി അവർക്കിടയിൽ ചെന്ന് നിന്നു. എല്ലാവരും ഈ കുട്ടിത്തടിയനെ നീളൻ വടി തന്ന് സന്തോഷത്തോടെ കൂട്ടത്തിൽ ചേർത്തു. പടമെടുപ്പുകാരുടെ സൗകര്യത്തിനായി മുഴുവട്ടത്തിൽ നടക്കേണ്ട നൃത്തം അരവട്ടത്തിലാണ് നടക്കുന്നത്. അവരുടെ ഓഹോയ് ഇഹേയ് കൂഹായ് കോറസ്സിലൊക്കെ ഞനെളുപ്പം സെറ്റ് ആയി. പിന്നെ ചാട്ടമായി. ഈരണ്ടു പേരായി മുന്നിലേക്ക് ചെന്ന് ചാട്ടം.വലതു കൈയിൽ വടി കുത്തനെ പിടിച്ച് കാൽവിരലുകളിൽ ആഞ്ഞ് നേരെ മേലോട്ടു പൊങ്ങണം. അങ്ങനെ എന്റെ ഊഴമായി. ചാടുമ്പോൾ വടി കുത്തനെപ്പിടിക്കാൻ തന്നെ എനിക്ക് നാലഞ്ചു ചാട്ടം വേണ്ടിവന്നു. എൺപത് കിലോയുടെ മലയാളിപ്പിണ്ഡം ഭൂമി വിട്ടുയരാൻ ആഫ്രിക്കൻ ഭൂഗുരുത്വാകർഷണം സമ്മതിക്കുന്നില്ല. എന്റെ കൂടെച്ചാടുന്ന പഹയൻ എന്നെ നാണം കെടുത്താനായി ഒരടിയോളമൊക്കെയാണ് പൊങ്ങുന്നത്.അപ്പുറത്ത് ചന്തിയുന്തിച്ച് മുന്നോട്ടൊന്ന് കുനിഞ്ഞ് കൈയടിച്ച് കുഹായ് പാടി നൃത്തം തുടരുന്ന പെൺകിടാങ്ങൾ എന്റെ സാഹസം കണ്ട് ചിരിക്കുന്നുണ്ട്. അമ്മുവിന്റേയും മിനിയുടേയും മാത്രമല്ല ഇടയ്ക്കു കേറി വന്ന ഒരു മദാമ്മയുടെ ക്യാമറയ്ക്കും ഞാൻ വിരുന്നാകുന്നുണ്ട്.



ഏതാനും ചാട്ടങ്ങൾ കഴിഞ്ഞ് ഞങ്ങൾ പിൻവാങ്ങി. ഓഹോയ് കൂ ഹോയ് തുടങ്ങി. എന്റെ ചാട്ടക്കൂട്ടുകാരൻ തോളിലൂടെ കൈയിട്ട് എന്നെ ചേർത്തു പിടിച്ച് സമാധാനപ്പെടുത്തുകയും അടുത്ത വട്ടം ചാട്ടം ഗംഭീരമാകുമെന്ന്  ഉറപ്പിക്കുകയും ചെയ്തു. എന്റെ ഹൃദയം ആഫ്രിക്കൻ പെരുമ്പറ പോലെ സന്തോഷത്തിൽ മുഴങ്ങി. മസായികളുടെ വലിയ ഗുണമാണിത്. നമ്മുടെ ആദിവാസികളെപ്പോലെ, മററു ആദിമ ഗോത്രക്കാരെപ്പോലെ മസായി അപകർഷതയോ  അമിത വിധേയത്വമോ പ്രദർശിപ്പിക്കുന്നില്ല. ആഫ്രിക്കയിലെ ജീവിതരീതി തന്നെയായിരുന്ന അടിമക്കച്ചവടത്തെ ചെറുത്തു നിന്ന ഒരേയൊരു ഗോത്രമാണിത്. നൈൽ നദിയുടെ തീരത്ത് നിന്ന്  തെക്കോട്ടിറങ്ങി ,മറ്റു ഗോത്രങ്ങളെ തുരത്തിയോടിച്ച്  ഗ്രെയ്റ്റ് റിഫ്ട് വാലിയും സമീപദേശങ്ങളും സ്വന്തമാക്കിയ ശൂരന്മാരാണിവർ. കുന്തവും പരിചയും  ചെറിയ മരഗദയും ആയിരുന്നു ആയുധങ്ങൾ .നൂറു മീറ്ററപ്പുറമുള്ള ശത്രുവിനെപ്പോലും എറിഞ്ഞു വീഴ്ത്തിയിരുന്നു, ഒറിൻക എന്ന ഗദ. ഇന്നും ഇതൊക്കെത്തന്നെയാണ് മസായി വീരന്മാരുടെ ആയുധങ്ങൾ. 

ഞാൻ വീണ്ടും ചട്ടത്തിനൊരുങ്ങി.ഇത്തവണ ഷൂസ് ഊരിമാറ്റി മസായി സുഹൃത്തിന്റെ ടയർ ചെരുപ്പിട്ടു. ചാട്ടത്തിന്റെ കൂടോത്രം അതിന്റെ ഉള്ളിലാണെങ്കിലോ! ഏതായാലും ആഫ്രിക്കൻ മണ്ണ് കാര്യമായി താഴോട്ട് പിടിച്ച് വലിച്ചില്ല. ഏതാനും സെൻറിമീറ്ററോക്കെ പൊങ്ങാനാവുന്നുണ്ട്. ഓഹോയ് വായ്ത്താരിക്ക് ഒച്ചയും ഈണവും മെച്ചപ്പെടുകയും ചെയ്തു. ഇപ്പോഴിത്ര മതി.ഞാൻ അഡുമക്കാരോട് നന്ദി പറഞ്ഞ് പിൻവാങ്ങി.





ചൊല്ല് - മറുചൊല്ല് എന്ന മട്ടിലാണ് മസായിപ്പാട്ടുകൾ . അതങ്ങനെ പാടിയും ആടിയും കൂവിയും കേട്ടും തലമുറകളുടെ സ്വന്തമാകുന്നു. തുളുവിനെപ്പോലെ എഴുത്തറിയാത്ത ശബ്ദാഘോഷമാണ് മസായി (മാ) ഭാഷ എന്നാണ് ഞാൻ കരുതിയിരുന്നത്.നോയ്ൽ അത് തിരുത്തിത്തന്നു.മാ ഭാഷയിൽ ഏറെ പുസ്തകങ്ങളുണ്ടോ എന്ന് നോയ്ലിനറിയില്ല.എന്നാൽ ബൈബിളുണ്ട് എന്ന് മൂപ്പർ ഉറപ്പിച്ചു പറയുന്നു. സ്വാഹിലിയും ഇംഗ്ലീഷുമാണ് ടാൻസാനിയയിലെ വ്യവഹാരഭാഷകൾ. അപൂർവ്വമായാണ് മാ  പഠിപ്പിക്കുന്നതും ഉപയോഗിക്കുന്നതും .

ഗൈഡൻ നോയ്ൽ തന്റെ അനുഷ്ഠാനവിവരണത്തിലേക്ക് മടങ്ങി. മറ്റു മസായികളെപ്പോലെയല്ല നോയ്ൽ.പൊക്കോമില്ല. കൂട്ടുമില്ല. ചുക്കു കടിച്ച മുഖവും. കൈയിലെ നീളൻ വടി നീട്ടിക്കുത്തി, അരപ്പട്ടയിൽ വലതു വശത്ത് തൂങ്ങുന്ന കഠാരയുമായങ്ങനെ നിൽക്കും . തങ്ങൾ നോമാഡിക്കുകളാണെന്നാണ് മൂപ്പര് പറയുന്നത് .ഒന്നിലധികം ഇണകളെ കൂട്ടുന്നവരും.  കളത്രവും കുട്ടികളും കന്നുകാലിയുമാണ് ഒരു പുരുഷന്റെ സമ്പത്തിന്റെ അളവുകൾ.  മൂന്നോ നാലോ മാസമാണ് ഒരിടത്തുണ്ടാവുക. അപ്പോഴേക്കും  ആ പ്രദേശത്തെ പുല്ലൊക്കെ കന്നുകാലികൾ ഒരു വിധം നിരപ്പാക്കിയിട്ടുണ്ടാവും. പിന്നെ കുടിലുകളൊക്കെ പൊളിച്ച് സാധനങ്ങൾ കഴുതകൾക്ക് പുറത്ത് കെട്ടിവെച്ച് കാലികളുമായി പുറപ്പെടുകയായി, മറ്റൊരു മേച്ചിൽപ്പുറം തേടി. കൂട്ടത്തിലൊരാൾ മരിച്ചു പോയാലും അവർ ബോമയുപേക്ഷിച്ചു പോകും. മൃതദേഹം കാടിന് കൊടുക്കും.

അങ്ങനെ പറഞ്ഞു വന്നാൽ മസായികൾ സെമിനൊമാഡിക്കാണ്. ഇന്ന് കാടും മസായിനാടും ചുരുങ്ങിവരുകയാണ്. മൃഗങ്ങളും മസായികളും പെരുകുകയാണ്. റിസോർട്ടുകളും വൈൽഡ് ലൈഫ് ലോഡ്ജുകളും രാജകീയ നായാട്ടു സംലങ്ങളും കൂടുതൽ കാട് സ്വന്തമാക്കുന്നു. മൃഗങ്ങളേയും മസായികളേയും തുരത്തുന്നു. ഓടിപ്പോകാത്തവർ ഏറ്റുമുട്ടലുകളിൽ മരിക്കുന്നു. കുടിലുകൾക്ക് തീയിടുന്നു. കന്നുകളെക്കാല്ലുന്നു. ചുരുങ്ങിപ്പോയ കാടിനായി പെരുകിയ മൃഗങ്ങളും മസായികളും മത്സരിക്കുന്നു. ഗതികെട്ട് മസായികൾ കൃഷിയിലേക്കും നഗരത്തിലേക്കും നീങ്ങുന്നുണ്ട്. നഗരങ്ങളിലവർ ബാർബർമാരും കേശാലങ്കാരവിദഗ്ദരും സെക്യൂരിറ്റിക്കാരും ആയി ജോലി നോക്കുന്നു. എത്ര നാഗരികനായാലും മസായി മാസത്തിലൊരിക്കലെങ്കിലും , മുണ്ടൻ പാട്ട ബസ് കയറിയോ, കാടിനുള്ളിലെ ക്യാമ്പുകളിലേക്ക് വെള്ളവും മറ്റു സാധങ്ങളും കൊണ്ടുപോകുന്ന ലോറികളിൽ കയറിയോ പിതൃഗോത്രത്തിന്റെ   ബോമകളിലെത്തുമെന്നാണ് നോയ്ൽ  പറയുന്നത്. പാന്റും ടീ ഷർട്ടും ഊരിവെച്ച് ഷുക്ക മുറുക്കിയവർ കന്നുകൾക്കും കൂട്ടുകാർക്കുമൊപ്പം കാട്ടിലലയും. കാലിച്ചോരയും ചൂടൻ പുതുപ്പാലും കുടിച്ച് ,ആട്ടിറച്ചി ചുട്ടു തിന്ന്, ബോമയിലെ മണ്ണിൽ, നക്ഷത്രപ്രിന്റുള്ള ഷുക്ക പുതച്ച രാത്രിപ്പെണ്ണിനൊപ്പം കിടന്നുറങ്ങും.

അപൂർവ്വം സംഘങ്ങൾ അരുഷ പോലെയുള്ള നഗരങ്ങളിലേക്ക് സ്ഥിരമായി കുടിയേറിയിട്ടുണ്ട്. അരുഷയിൽ നിന്നുള്ള ഹൈവേയിലൂടെയാണ് ഞങ്ങൾ വന്നത് .റോഡിൽ നിന്നകന്ന് കണ്ടിരുന്ന തകരഷീറ്റുകൾ മേഞ്ഞ പുരകൾ മസായികളുടേതാണെന്ന് ഞങ്ങൾ കരുതിയില്ല. പൂണ്ണമായും കാട്ടുവാസികളും അപരിഷ്കൃതരുമാണ് മസായികൾ എന്നാണല്ലോ ഞങ്ങൾ പഠിച്ചത്.സെരംങ്കട്ടിയിലും ഗോറങ്ങ്ഗോരോയിലും ഞങ്ങൾ കണ്ടതിനേക്കാൾ വലിയ കാലിക്കൂട്ടങ്ങളുമായി ബാലന്മാർ മേഞ്ഞു നടക്കുന്നത് ഞങ്ങളവിടെ കണ്ടിരുന്നു.മുതിർന്നവരേയും കുട്ടികളേയും സ്ത്രീകളേയും കുടിലിൽ വിട്ട് യുവാക്കൾ (മോറാൻമാർ ) കാലികളുമായി മേയാൻ പോകും. ദിവസങ്ങൾ കഴിഞ്ഞാവും മടക്കം. ഇവരെ നമുക്ക് അർബൻ നൊമാഡിക് എന്നു വിളിക്കാം. കാലിപ്പണി പൂർണ്ണമായി ഉപേക്ഷിച്ച മസായികളും നഗരങ്ങളിലുണ്ട്. കൃഷിയിലും മറ്റ് തൊഴിലുകളിലും വ്യാപൃതരായവർ .അർബൻ മസായികൾ.  അധികകാലമിനി അലഞ്ഞു തിരിഞ്ഞു കഴിയാനാവില്ലെന്ന് അറിയുന്ന മസായികൾ അറിവിലേക്ക് തിരിയുന്നുണ്ട്.കാട്ടിലും വിദൂര ഗ്രാമങ്ങളിലും കഴിയുന്ന മസായികളേക്കാൾ വിദ്യാഭ്യാസ-ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഇവർക്ക് കിട്ടുന്നു.ഇവർക്കിടയിൽ നിന്ന് ടീച്ചർമാരും എഞ്ചിനീയർമാരും ഡോക്ടർമാരും രാഷ്ട്രീയ നേതാക്കളും ഉണ്ടാവുന്നുണ്ട്. രണ്ടുവട്ടം ടാൻസാനിയയുടെ പ്രധാനമന്ത്രിയായിരുന്ന എഡ്വേർഡ് സൊക്കോയ്ൻ (Edward Sokoine) ഇക്കൂട്ടരിൽ പെട്ടതാണ്. ടാൻസാനിയയുടെ 'രാഷ്ട്രപിതാവായ ' ജൂലിയസ് നെരേരയുടെ വലംകയ്യും, 1984 ൽ കാറപകടത്തിൽ മരണപ്പെട്ടില്ലെങ്കിൽ നെരേരയുടെ പിൻഗാമിയായി പ്രസിഡന്റാകേണ്ട ആളുമായിരുന്നു ഈ നാൽപ്പത്തിയാറുകാരൻ.

നോയ്ൽ ജോലി തുടരുന്നു. അയാൾ ഞങ്ങളെ അയാളുടെ കുടിലിലേക്ക് കൊണ്ടുപോയി.വലിയ വട്ടക്കുട്ട കമഴ്ത്തിവെച്ച പോലുള്ള കുടിൽ. മരക്കമ്പുകൾ വട്ടത്തിൽ മണ്ണിലേക്കിറക്കി ,വിലങ്ങനെ ചെറുചില്ലകൾ വെച്ചു കെട്ടി, ഇലകൾ കൊണ്ട് പൊതിഞ്ഞ്, അതിൽ മണ്ണ് -ചാണകം -ഗോമൂത്രം മിശ്രിതം തേച്ചു പിടിപ്പിക്കുന്നു. ഇതിന് മുകളിൽ ചാണകം മെഴുകിയാൽ ചുമരായി.മേൽക്കൂരയും അക്കേഷ്യക്കമ്പുകളുണ്ടാക്കുന്ന അസ്ഥിപജ്ഞരത്തിൽ പുല്ലും ഇലകളും നിറച്ച്  ചാണക മിശ്രിതം ( മചാഗോ മിശ്രിതം ) തേച്ചുപിടിപ്പിച്ചുണ്ടാക്കുന്നു




വന്യമൃഗങ്ങളെത്തടയാൻ ഈ ചാണകച്ചുമരുകൾക്കാവുമോ? ഞാൻ നോയ്ലിനോട് ചോദിച്ചു. ഏയ്, ഇതിന് ആ ഉദ്ദേശ്യമില്ല. അത് ആ പുറംവേലിയുടെ പണിയാണ് .അത് ഞങ്ങൾ പുരുഷന്മാരുടെ പണിയാണ്.എങ്കാങ്ങ് എന്നു വിളിക്കുന്ന അക്കേഷ്യ മുൾവേലി ചൂണ്ടിനോയ്ൽ പറഞ്ഞു.നോയ്ലിന്റെ ആൺകോയ്മ ചുരമാന്തുന്നു.

സിംഹമോ പുലിയോ നിങ്ങളുടെ കന്നുകളെ കൊന്നു തിന്നാറുണ്ടോ? ഞാൻ ചോദിച്ചു.
അപൂർവ്വമാണ്.
അങ്ങനെയുണ്ടായാൽ? വന്യമൃഗങ്ങൾ നിങ്ങളെ പരിക്കേൽപ്പിച്ചാൽ? ആരെയെങ്കിലും കൊന്നാൽ?
ഞങ്ങൾ കൊല്ലും.. നിർവികാരമായ മുഖത്തിന് കോട്ടം വരുത്താതെ നോയ്ൽ പറഞ്ഞു.

വന്യമൃഗങ്ങൾ കൊന്നു കളയുന്ന വളർത്തുമൃഗങ്ങൾക്ക് സർക്കാർ വക നഷ്ടപരിഹാരം എന്ന ചടങ്ങൊക്കെയുണ്ട്.ഒരു നടക്കാചടങ്ങ് .അത് കൊണ്ട് അവർ കൊല്ലുന്നു. കുന്തവും അമ്പും വില്ലും കുഞ്ഞൻ ഗദയുമുപയോഗിച്ച് ,ശത്രുവിനെ തീർത്തു കളയുന്നു. തരംഗീറിയിലും മന്യാരയിലുമാണ് മനുഷ്യ - മൃഗ സംഘർഷങ്ങൾ കൂടുതലുണ്ടാവുന്നത്. ഇവിടെത്തന്നെയാണ്  കൃഷിക്കും ലോഡ്ജുകൾക്കും മററ് ടൂറിസ്റ്റ് സൗകര്യങ്ങൾക്കുമായി കൂടുതൽ കാട് കയ്യേറിയിട്ടുള്ളത്. മുഖ്യ നഗരങ്ങളോട് അടുത്തു കിടക്കുന്ന ഇവിടെ മസായികളും മററു ഗോത്രങ്ങളും മൃഗങ്ങളെ നേരിടുന്നത്  അമ്പും കല്ലും കുന്തവുമായിട്ടൊന്നുമല്ല. നല്ല നാടൻ തോക്കാണ് അവിടങ്ങളിൽ മൃഗങ്ങളെ നേരിടുന്നത്.

അതിരുകളെക്കുറിച്ച് അറിവില്ലാത്ത ചില സിംഹത്താൻമാർ ചിലപ്പോൾ ഗ്രാമത്തിലെത്തും. അതിലും അപൂർവ്വമായി  ,ചില പഞ്ഞദിനങ്ങളിൽ,ചിലർ മസായികളുടെ കാലികളെത്തേടിയെത്തും .അതല്ലാതെ മൃഗങ്ങൾ മസായികളെത്തേടിയോ മസായികൾ മൃഗവേട്ടയ്ക്കോ ഇറങ്ങാറില്ല. മസായിയുടെ ശൗര്യം വിളംബരം ചെയ്യാറുണ്ടായിരുന്ന 'സിംഹവധം' ഇപ്പോഴിവർ ആടാറില്ല. അസുഖ ബാധിതരായ ,പരിക്കേറ്റ സിംഹങ്ങളേയും മറ്റു മൃഗങ്ങളേയും കസ്റ്റഡിയിലെടുത്ത് ചികിത്സക്കേൽപ്പിക്കാനും കാട്ടിലെ കമ്പിക്കെണികൾ(snares ) നീക്കം ചെയ്യാനും ഇന്ന് വനപാലകരെ സഹായിക്കുന്നത് മസായികളാണ്.അങ്ങനെ മഹാവനങ്ങളായ സെരങ്കട്ടിയിലും ഗോരംഗോറയിലും മസായി-മൃഗ - വനപാലക കൂട്ടായ്മ രൂപപ്പെടുന്നുണ്ട്.

കുടിലിലേക്ക് ഞാനും അമ്മുവും മാത്രമാണ് കയറിയത്.ഞവണിക്കയുടെ വായിലേക്കെന്ന പോലെ ഒരു വശത്ത് നിന്നാണ് വാതിൽ. ഉള്ളിൽ കുറ്റാക്കൂരിരുട്ട്. ഏതാനും നിമിഷങ്ങളെടുത്തു നിലം പറ്റിക്കിടക്കുന്ന രണ്ടു കുള്ളൻ കട്ടിലുകളും ഒരടുപ്പും ഏതാനും പാത്രങ്ങളും തിരിച്ചറിയാൻ കഴിയാതെ പോയ ഏതാനും വസ്തുക്കളും അല്പമൊന്ന് തെളിഞ്ഞു കാണാൻ. തീ കത്തിപ്പടരാനുള്ളതെല്ലാമുള്ള വലിയൊരു ചാണകവരളിയായ കുടിലിനുള്ളിൽ (എൻകാജി) പാചകം എന്നത് തീക്കളി തന്നെയാണ്.


കുടിലിലേക്ക് കടക്കുമ്പോൾ എങ്കാങ്ങിനെച്ചൊല്ലിയുള്ള നോയ്ലിന്റെ ആൺ വമ്പിന്  ഓ... male big male എന്ന് അമ്മുവിലെ ഫെമിനിച്ചി രോഷം കൊള്ളുകയും കുറച്ചു കൂടി കടുപ്പമുള്ള വാക്കുകൾ വിഴുങ്ങുകയും ചെയ്തിരുന്നു. നോയ്ലിന്റെ മുഖം അപ്പോൾ കൂടുതൽ ഇരുണ്ടു പോകുന്നത് കൂരയിലെ കൂരിരുട്ടിലേക്ക് കയറുമ്പോൾ ഞാൻ കണ്ടിരുന്നു. കൂരയിൽ നിന്ന് പുറത്തെത്തി നോയ്ൽ സംസാരം തുടങ്ങിയതും എങ്കാങ്ങിൽ നിന്ന് തന്നെയാണ്. 

പുറംവേലി കെട്ടൽ ഉൾപ്പെടെ പ്രതിരോധവും സംരക്ഷണവുമാണ് മോറാന്മാർ (പടയാളികൾ ) എന്ന് വിളിക്കപ്പെടുന്ന യുവാക്കളുടെ വകുപ്പുകൾ. കുടുംബത്തെയും കുലത്തെയും വളർത്തുമൃഗങ്ങളെയും മേച്ചിലിടങ്ങളെയും വന്യമൃഗങ്ങളിൽ നിന്നും പുറത്തു നിന്നുള്ള മനുഷ്യരിൽ നിന്നും സംരക്ഷിക്കുക. നാൽക്കാലികളെ മേയ്ക്കുന്നതും ആണുങ്ങളുടെ - പ്രത്യേകിച്ചും കുട്ടികളുടെയും യുവാക്കളുടേയും പണിയാണ് .കന്നുകാലികളേയും മസായീകരകൗശലങ്ങളേയും നാട്ടു ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നതും കൂട്ടത്തിനാവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതും ഇവർ തന്നെ. ബാക്കിയുള്ള ഒട്ടുമിക്ക ജോലികളും സ്ത്രീ കളുടെ സംവരണമാണ്. കടിലുകെട്ടൽ കുട്ടികളെ വളർത്തൽ, പാൽ കറന്നെടുക്കൽ, വെച്ചുവിളമ്പൽ, അങ്ങനെയെല്ലാം.

നഗരപ്രാന്തങ്ങളിൽ മസായിച്ചന്തകളുണ്ട്. ചിലയിടങ്ങളിൽ മസായിച്ചന്തദിനം തന്നെയുണ്ട്. അവിടെയാണ് മസായികളുടെ കൊടുക്കൽ-വാങ്ങൽ.കുഞ്ഞൻ ലോറികളിലും മുണ്ടൻ ലോളിയോണ്ട ബസ്സുകളിലും പിക്കപ്പുകളിലും അടുക്കടുക്കായി നിരന്ന് മടങ്ങുന്ന കറമ്പൻ മൊട്ടത്തലകളും ഷുക്കകളുടെ വർണ്ണ വൈചിത്ര്യവും ചന്തമുള്ള കാഴ്ചയാണ്.

പുരുഷ കേന്ദ്രീകൃതമാണ് മസായികളുടെ ഗോത്രഘടന എന്ന് നോയ്ൽ സമ്മതിക്കുന്നു. പിന്നീടങ്ങോട്ട് നോയ്ൽ പറഞ്ഞതെല്ലാം ഏതൊരു മസായിസംബന്ധ വെബ്സൈറ്റിൽ വായിക്കാവുന്നവ തന്നെ.   അത്ര സുഖകരമല്ലാത്ത അനുമാനങ്ങളും അതിലേക്കെത്തുന്ന വസ്തുതകളും നോയ്ൽ വിട്ടു കളയുന്നുണ്ടെന്ന് മാത്രം. വിവാഹങ്ങൾ നിശ്ചയിക്കുന്നത് മസായിക്കൂട്ടത്തിലെ മൂപ്പന്മാരാണ്.പെൺകുട്ടിക്കോ അവളുടെ അമ്മയ്ക്കോ അതിൽ കാര്യമൊന്നുമില്ല. അനുസരിക്കുക. അത്ര തന്നെ. പുരുഷന്റെ മൂന്നാമത്തേയും നാലാമത്തേയും പെണ്ണുകെട്ടാവുമ്പോൾ ഇണകൾക്കിടയിലെ ദൂരം പതിനഞ്ചിലേറെ വർഷങ്ങളായിരിക്കും. അതു കൊണ്ട് തന്നെ ഇവരിൽ പലരും ചെറുപ്പത്തിലേ വിധവകളാകും. ഇവർക്ക് പിന്നെ വിവാഹമില്ല. സ്വന്തമായി കന്നുകളോ കൃഷിയോ ഉണ്ടാവില്ല. ആൺമക്കളുണ്ടെങ്കിൽ അവരുടെ ദയയിൽ കഴിഞ്ഞുകൂടാം. വിവാഹ സമയത്ത് സ്ത്രീധനമെന്ന പോലെ കൂടെക്കൊണ്ടു വരുന്ന കന്നുകൾ പോലും ഗൃഹനാഥന്റേയും പിന്നീട് ഇളയ മകന്റേതുമാകും. പിതൃസ്വത്തിലാക്കട്ടെ പെൺമക്കൾക്ക് അവകാശമില്ല .ആൺമക്കളില്ലാത്ത വിധവകളുടെ ജീവിതം കാലിക്കൂട്ടത്തിലെ മുതുക്കിപ്പശുവിനേക്കാൾ കഷ്ടമാണ്. 

മാറ്റത്തിന്റെ ഇളം കാറ്റുകൾ ബോമകളിൽ വീശിത്തുടങ്ങുന്നുണ്ട്. ബഹുഭാര്യത്വം തുടരുന്നുണ്ടെങ്കിലും അത് പഴയ പോലെയത്ര ' ബഹു 'അല്ല .വരന്റെ പ്രായം പെൺകുട്ടിയുടെ അച്ഛനേക്കാൾ താഴെയാകണം എന്നും ഇന്ന് നിഷ്ക്കർഷയുണ്ട്. ചില എൻജിയോകൾ പശുക്കളെ വളർത്താൻ നൽകിയും കൃഷിയിടങ്ങളിൽ പുനരധിവസിപ്പിച്ചുമൊക്കെ വിധവകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. പഠിക്കാൻ വാശി പിടിക്കുന്ന പെൺകുട്ടികളുടെ മസായിക്കഥകളും ഇന്നപൂർവ്വമല്ല. 



ബോമയിൽത്തന്നെ ഒരു സ്ക്കൂളുണ്ട്. വിരോധമില്ലെങ്കിൽ സ്ക്കൂളിലൊന്നുകയറാം എന്ന് വളരെ ഭവ്യതയോടെയാണ് നോയ്ൽ ക്ഷണിച്ചത്.കമ്പുകൾ കുത്തി നാട്ടി മേൽക്കൂര മേഞ്ഞ ചെറിയൊരു ചതുരമുറിയാണ് സ്ക്കൂൾ .   സ്ക്കൂളിലേക്ക് കയറുമ്പോൾ ഒരു സുന്ദരി മദാമ്മ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. മുട്ടറ്റം തേടിയിറങ്ങുന്ന മഞ്ഞപ്പാവാട നിതംബങ്ങളെ മറച്ച് പണി നിർത്തിയിരിക്കുന്നു.ഇവർക്ക് വേണ്ടിയാണ് സ്ക്കൂൾപ്പുരയിൽ നിന്ന് ഉച്ചത്തിലുള്ള ഇംഗ്ലീഷ് അക്ഷരമാലാപ്പാട്ടും വൺ മുതൽ ടെൻ വരെച്ചൊല്ലലും താങ്ക്യുവും കേട്ടത്.പുറത്തേക്ക് കേട്ട ഇംഗ്ലീഷ് കേമത്തത്തിനോട് അകത്തെ സാഹചര്യങ്ങൾ ചേരുന്നില്ല. അഴുക്കും പൊടിയും കുസൃതി കൂട്ടുന്ന തറയിൽ പൊക്കം കുറഞ്ഞ ഏതാനും ബെഞ്ചുകളിൽ ഇരുപതോളം കുട്ടികൾ തിങ്ങിയിരുന്നു.പല പ്രായക്കാർ, പല വലിപ്പക്കാർ .മൂക്കിൽ നിന്ന് നിരന്തരം തള്ളി വരുന്ന കൊഴുത്ത മഞ്ഞയെ കുട്ടികൾ അവഗണിച്ചു നാണം കെടുത്തുന്നു. മൂക്കൊന്ന് തുടയ്ക്കാൻ മെനക്കെട്ട അല്പം ചിലരുടെ മുഖത്ത് മണ്ണും മൂക്കളയും ചേർന്ന് ചില വികൃതാക്ഷരങ്ങൾ എഴുതിയിരിക്കുന്നു. പെട്ടിപ്പുറത്തിരുന്ന ഷർട്ടും പാന്റ്സും ധരിച്ച മുപ്പതുകാരൻ അയാം ദ ടീച്ചർ എന്ന് പരിചയപ്പെടുത്തി.ഒരു വശത്തെ ബോമച്ചുവരിൽ ചെറിയൊരു ബ്ലാക്ക് ബോർഡ്. വൃത്തിയായി എഴുതി വെച്ച ഏബിസിഡികൾ. കുട്ടികൾ എബിസിഡി പാടിക്കഴിഞ്ഞ് മറ്റേതോ ഇംഗ്ലീഷ് പാട്ടിലേക്ക് കടന്നപ്പോഴേക്കും ക്ലാസിൽ വെച്ചിരുന്ന സംഭാവനപ്പെട്ടിയിൽ രണ്ടായിരം ടാൻസാനിയൻഷില്ലിങ്ങിട്ട് ഞാനും അമ്മുവും പുറത്ത് കടന്നു.   " സ്ക്കൂൾ പ്രദർശനം " അത്രയ്ക്ക് അസ്വസ്ഥരാക്കിയിരുന്നു, ഞങ്ങളെ .

ഈ മരക്കൊമ്പുമറ സ്ക്കൂളിൽ എന്തെങ്കിലും പഠനം നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഒരു സംഭാവനപ്പെട്ടി വെയ്ക്കാനുള്ള സ്ഥലം മാത്രമായിരിക്കാം അത്. കൂടുതൽ പഠിക്കണമെന്നുള്ളവർ അടുത്തുള്ള ഗോരംഗോരയിലേക്കോ ലോലിയോണ്ടോയിലേക്കോ പോകണമത്രേ. ഈ അടുത്തെന്ന് പറയുന്നത്  എത്ര ദൂരെയാണെന്ന് ചോദിച്ച് നോയ്ലിനെ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. നമ്മുടെ 'അടുത്തി'നേക്കാൾ അകലെയകലെയാണ് മസായിയുടെ അടുത്ത് .

പുറത്ത് സുന്ദരി മദാമ്മ നോയ്ലുമായി സംസാരിച്ചു നില്ക്കുന്നുണ്ടായിരുന്നു. അൽപവസ്ത്രങ്ങൾ ഞങ്ങൾക്കായി നീക്കിവെച്ച മാദകവെളുപ്പു നോക്കി നോയ്ലിനോട് ഞാനൊരു കുസൃതിച്ചോദ്യം ചോദിച്ചു.ഈ വെളുപ്പു നിറം നിങ്ങൾക്കിഷ്ടമാണോ? നോയ്ൽ അതിലെ കുസൃതി കണ്ടില്ല. അല്ല .ഞങ്ങൾക്കിഷ്ടമല്ല. ഞങ്ങൾക്കിഷ്ടം കറുപ്പ് ,നീല, ചുവപ്പ്.നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ് . ഞങ്ങൾക്കത്ഭുതമായി .കാടന്മാരായിട്ടും പച്ച ആ പട്ടികയിലുണ്ടായില്ല. പിന്നെ ചുവന്ന മണ്ണ്.  ചോര ചേർന്ന് ചുവന്ന മണ്ണ്. മസായിയ്ക്ക് മണ്ണാണ് ജീവിതം.Land is life. 

തിരിച്ചു നടക്കുമ്പോൾ നോയ്ൽ നൂറു ഡോളറിന്റെ ബാക്കി നാൽപ്പത് ഡോളർ തന്നു.
ഈ ഡോളറുകളൊക്കെയെന്ത് ചെയ്യും എന്നായി ഞാൻ. കാലിമേച്ച് നടന്ന് ,കലിച്ചോര കുടിച്ച് ,മാംസം വേവിക്കാതെയോ പാതി വേവിച്ചോ കഴിച്ച് മരക്കമ്പുകളും പുല്ലും മണ്ണും ചാണകവും ചേർന്നു പണിയുന്ന കൂരകളിൽ കഴിയുന്ന ഇവർക്കെന്തിന് ഡോളർ എന്ന ശങ്ക നൂറ് ഡോളർ കൊടുക്കുമ്പോഴേ എനിക്കുണ്ടായിരുന്നു. 
ഒരു ടാങ്കർ വെള്ളത്തിന് ഞങ്ങൾ കൊടുക്കുന്നത് നാന്നൂറ് ഡോളറാണ്. പിടിച്ചു പിടിച്ച് മൂന്ന് മാസത്തേക്ക് ഞങ്ങൾ അതുപയോഗിക്കും. 
അത് ഞെട്ടിക്കുന്ന തുകയും അറിവുമായിരുന്നു. ഞാൻ പിന്നെ വരവുചെലവു കണക്ക് ചോദിച്ചില്ല.

ബോമയുടെ നടുവട്ടത്തിനോട് ചേർന്ന് പല തട്ടുകളിലായി  മസായികളുടെ ആഭരണങ്ങളും കരകൗശലങ്ങളും എക്സിബിഷൻ കം സെയിലിന് നിരത്തിയിട്ടുണ്ട്.ഞാൻ അവയിൽ നിന്ന് മാറി നടന്നു. അത്യുന്നതവിലകളാണ് അവരിതിനാവശ്യപ്പെടുക. വിലപേശി നിൽക്കുന്ന സന്ദർശകരോട് പരുഷമായി പെരുമാറാനും നിർബന്ധപൂർവ്വം വാങ്ങിപ്പിക്കാനും ഇവർക്ക് മടിയില്ലെന്ന് കേട്ടിട്ടുണ്ട്. തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയുന്ന ഗോത്രജനത മറ്റുള്ളവരെ ചൂഷണം ചെയ്യാൻ പഠിച്ചിരിക്കുന്നു.

നടുത്തളത്തിൽ അഡുമക്കാർ ഇടവേളകിട്ട് നൃത്തം തുടരുന്നുണ്ട്.കൂടെച്ചാടാൻ എന്നെപ്പോലൊരു കോമാളിയെ അവർക്കിനിയും കിട്ടിയിട്ടില്ല. ഒന്ന് രണ്ടു പേർ പഴയ സഹനർത്തകനെ കൈവീശിക്കാണിക്കുന്നുണ്ട്.    എല്ലാവരും തോട്ടി പോലെ നീണ്ടും പലക പോലെ പരന്നും ആണ്. ദുർമേദസ്  തീരെയില്ല. കുറേക്കാലം പട്ടിണിയായാൽ കോലമിങ്ങനെയാവും എന്ന് പരിഹസിക്കരുത്. അവരുടെ തുള്ളൽ നൃത്തം കണ്ടാൽ  ഊർജ്ജശേഖരത്തിന്റെ അളവിൽ നാം അത്ഭുതപ്പെടും.

തങ്ങൾക്കിടയിൽ രോഗങ്ങൾ പൊതുവെ കുറവാണെന്ന് നോയ്ൽ അവകാശപ്പെടുന്നു .പ്രാഥമിക ചികിത്സയൊക്കെ പരമ്പരാഗത കാട്ടുമരുന്നുപയോഗിച്ച് ബോമയിൽത്തന്നെയാണ്. അതിലൊടുങ്ങാത്ത കേസുകളെ ഹെൽത്ത് സെന്ററുകളിലേക്ക് കൊണ്ടു പോകും. വേണമെങ്കിൽ ടൗണിലേക്ക്.അങ്ങനെയൊക്കെയാണ് നോയ്ലിലെ ഗൈഡ് വിസ്തരിക്കുന്നത്. എന്ത് നല്ല നടക്കാത്ത സ്വപ്നം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെന്ന പോലെ ആരോഗ്യരംഗത്തും പ്രധാനസേവകർ എൻജിയോകളും പുറത്ത് നിന്നുള്ള സന്നദ്ധപ്രവർത്തകരുമാണ്.ഈ അല്പശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നത് മസായികളുടെ അലച്ചിൽ ശീലമാണ്. അപൂർവ്വമായിട്ടുള്ള മൊബൈൽ ക്ളിനിക്കുകൾ ഒരു പരിധി വരെ ഈ പരിമിതികൾ മറികടക്കുന്നുണ്ട്.

മസായിയുടെ പ്രധാന ഭക്ഷണങ്ങൾ പാലും ഇറച്ചിയും ആട്ടിൻ കൊഴുപ്പും കാലിച്ചോരയുമാണ്.ഭക്ഷണം പൂണ്ണമായി പാകം ചെയ്യൽ അടുത്ത കാലത്ത് തുടങ്ങിയതാണ്. ഇപ്പോൾ  പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ( ചോളം, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയവ ചിലയിടങ്ങളിൽ അവർ കൃഷി ചെയ്യുന്നുണ്ട് ) മസായികൾ രുചിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്രധാന ഊർജ്ജ സ്രോതസ്സ്  കൊഴുപ്പു തന്നെ. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അനുവദിക്കുന്ന 'ദിനംപ്രതി മുന്നൂറ് മില്ലിഗ്രാമി'നേക്കാൾ പല മടങ്ങാണ് ഇവർ കഴിക്കുന്നത് . ഈ ജീവിതരീതി വെച്ചു നോക്കിയാൽ ജീവിതശൈലീരോഗങ്ങളുടെ പെരുങ്കാടാകേണ്ടതാണ് മസായിശരീരം.എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. മസായിയുടെ ചോരയിലോ ചോരക്കുഴലുകളിലോ കൊഴുപ്പടിയുന്നില്ല. ഹൃദയഭിത്തികളെ അവ താറുമാറാക്കുന്നില്ല. പല്ലിലും എല്ലിലും പഞ്ചസാരക്കണക്കിലും പ്രശ്നങ്ങളില്ല. കുറേക്കാലമായി ഗവേഷകർ മസായികളുടെ ശരീരത്തിന്റെ അത്ഭുതങ്ങളിൽ കെട്ടിമറിയുന്നു. അവസാനം മസായിഗോത്രത്തിന്റെ ജനിതകത്തെച്ചാരിയൊഴിയുകയായിരുന്നു ഗവേഷകർ. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും പുരാതന ഗോത്രത്തിന്റെ ഡിഎൻ ഏ കുരുക്കുകളിൽ നിന്ന് ചോർന്നു കിട്ടുന്ന ജനിതക രഹസ്യം വരുംതലമുറകളെ കൊഴുപ്പു സംബന്ധിയായ അസുഖങ്ങളിൽ നിന്ന് മോചിപ്പിച്ചേക്കും. 

തീവ്രമായ കായികാദ്ധ്വാനം ശീലമാക്കിയവരല്ല മസായികൾ.അവരങ്ങനെ നടക്കും. കന്നുകാലികൾക്കൊപ്പം മേച്ചിൽപ്പുറങ്ങളിലൂടെ .വേട്ടവേളകളിൽ കാട്ടുമൃഗങ്ങൾക്കു പിന്നാലെയും മൃഗങ്ങൾ തിരിച്ചോടിക്കുമ്പോഴും ഓടിയെന്നു വരും. അത്ര തന്നെ. നമ്മുടെ ഫിറ്റ്നസ് പരാക്രമങ്ങളെ പുച്ഛിക്കുന്നതാണ് ഇവരുടെ ജീവിതക്രമം. 

മസായി വീണു പോകുന്നത് പകർച്ചവ്യാധികളുടെ പടയോട്ടത്തിലാണ്.1883 മുതൽ 1902 വരെയുള്ള വർഷങ്ങൾ മസായികളുടേയും കന്നുകളുടേയും തെക്കനാഫ്രിക്കൻ വനങ്ങളുടേയും ' തുടച്ചു നീക്കൽ' കാലമായിരുന്നു. ഈ കാലഘട്ടം emutai എന്നറിയപ്പെടുന്നു. എമുത്തായി എന്നാൽ തുടച്ചു നീക്കൽ എന്ന് തന്നെ. വസൂരിയും റിൻഡർ പെസ്റ്റും ബോവെയ്ൻ ന്യുമോണിയയും തെക്കനാഫ്രിക്കൻ വനങ്ങളിൽ വേട്ടക്കിറങ്ങി. തെക്കനാഫ്രിക്കയിൽ നിന്നൊളിച്ചു കടന്ന മഴമേഘങ്ങൾ ആ വറുതിക്കാലത്തിന് രൂക്ഷത കൂട്ടി.  പകുതിയിലേറെ മസായികളും പകുതിയോളം വന്യമൃഗങ്ങളും എൺപതു ശതമാനം കന്നുകാലികളും ചത്തൊടുങ്ങി. വലിയൊരു ഭൂപ്രദേശത്ത് അസൂയാവഹമായ കന്നുകാലി സമ്പത്തുമായി തങ്ങളുടെ പുഷ്ക്കലകാലം  ആസ്വദിക്കുമ്പോഴാണ് മസായി ഗോത്രത്തിനുമേൽ എമുത്തായി വന്നു വീഴുന്നത്. തകർന്ന് തരിപ്പണമായിപ്പോയി വീരന്മാരുടെ വനഗോത്രം.ഒന്ന് നിവർന്ന്  നിൽക്കാനാണെങ്കിൽ പോലും മസായിക്ക് സമയവും സഹായവും വേണമായിരുന്നു. ഈ തക്കത്തിലാണ് ബ്രിട്ടീഷ് ,പോർട്ട്ഗീസ് കോളനിക്കാർ മസായിയുടെ ജീവിതത്തിലേക്കും മണ്ണിലേക്കും കടന്നു കയറുന്നത്.കെനിയയുടെ വടക്കനതിർത്തി മുതൽ ടാൻസാനിയയുടെ മദ്ധ്യഭാഗം വരെ പരന്നു കിടന്നിരുന്ന മസായി ലാൻഡ് എന്ന ഗോത്രസാമ്രാജ്യം അതോടെ ചുരുങ്ങിത്തുടങ്ങി. പിന്നെ കോളണികളായി, പാർക്കുകളായി, നായാട്ടു സങ്കേതങ്ങളായി, ടൂറിസമായി . മസായി പരുങ്ങലിലായി.  കന്നുകൾ നിങ്ങൾക്കുള്ളത്, മേഞ്ഞുനടക്കാനുള്ള പുൽമേടുകളും നിങ്ങൾക്കുള്ളത് എന്ന എങ്കായ് ദൈവവചനമല്ലാതെ ഭൂകൈവശരേഖകളൊന്നുമില്ലായിരുന്നു മസായികളുടെ കയ്യിൽ. എങ്കായിയെ അനുസരിക്കാത്ത ഒരു കൂട്ടം ആളുകൾ ഒരു കാലത്ത്,കോടതി എന്ന സംവിധാനത്തിൽ തങ്ങളോട് രേഖകൾ കാണിക്കൂ എന്ന് പറയുമെന്ന്  ആ നിഷ്ക്കളങ്കർക്കറിയില്ലായിരുന്നു. 


സർക്കാർ സംവിധാനങ്ങൾ മസായികളെ അവഗണിക്കുന്നതിനെക്കുറിച്ച്, അവരുടെ പരമ്പരാഗത മേച്ചിൽ ദേശങ്ങൾ അകത്തും പുറത്തുമുള്ള കുത്തകകൾക്ക് പതിച്ചുനല്കുന്നതിനെക്കുറിച്ച് ,സാമൂഹ്യ ജീവിതത്തിൽ നിന്നും മസായി ദേശത്ത് നിന്നും അരികുകളിലേക്ക് അവൾ തള്ളപ്പെടുന്നതിനെക്കുറിച്ച് നോയ്ൽ എന്ന ഗൈഡ് ഒന്നും പറഞ്ഞില്ല. ഒന്നും പറയില്ല. മസായികളുടെ സങ്കടങ്ങളെക്കുറിച്ചോ സംഘർഷങ്ങളെക്കുറിച്ചോ ചേദിച്ചാൽ ,എയ്‌ അങ്ങനെയൊന്നുമില്ലെന്ന് ആണയിടും.എത്ര കുത്തിക്കുത്തി ചോദിച്ചാലും ഡ്രൈവർ റഷീദും ടൂർ ഓപ്പറേറ്റർ രജബുവും ഒന്നും പറയില്ല. ടൂറിസത്തിന്റെ അന്നം അകത്താക്കുന്നവരൊന്നും പറയില്ല. അതൊക്കെ അറിയണമെങ്കിൽ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും IWGIA പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുടേയും വെബ് സൈറ്റ് തപ്പണം. അവരുടെ ലീഫ് ലെറ്റുകൾ വായിക്കണം. 

ദുബായ് രാജകുടുംബത്തിന്റെ കീഴിലുള്ള ഓർട്ടെല്ലോ ബിസിനസ്സ് കോർപ്പറേഷനാണ് മസായിഭൂമി വെട്ടിപ്പിടിച്ചെടുത്തവരിൽ മുന്തിയ വില്ലൻ.ലോളിയോണ്ടയിൽ ആയിരത്തഞ്ഞൂറേക്കറിൽ ഒരു എമിറേറ്റ്സ് തന്നെ കെട്ടിപ്പടുത്തു അവർ. രാജകുടുംബാംഗങ്ങളും അവരുടെ സുഹൃത്തുക്കളും അവിടെ തമ്പടിച്ച് മൃഗയാവിനോദത്തിലേർപ്പെട്ടു. അവർക്ക് വന്നിറങ്ങാൻ എയർസ്ട്രിപ്പും താമസിക്കാൻ സപ്തനക്ഷത്രസൗകര്യങ്ങളും തയ്യാറായി. സമീപ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൂറിസ്റ്റുകൾ തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഇത്തിസലാത്തിന്റെ സിഗ്നൽ കണ്ട് അന്തിച്ചു. നായാട്ടു ചുങ്കവും മറ്റ് കൂലികളും പിരിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും മുതലീശ്വരന്മാരായി. ഷെയ്ക്കുമാർ ,സുരക്ഷിത സ്ഥാനങ്ങളിരുന്ന് സിംഹത്തേയും മറ്റു വന്യമൃഗങ്ങളേയും വെടിവെച്ചിട്ട് വീരസ്യം കാട്ടി. പതിനായിരക്കണക്കിന് മസായികൾ വീടുകളും അവരുടെ കന്നുകാലികൾ മേച്ചിലിടങ്ങളും നഷ്ടപ്പെട്ട് കഷ്ടത്തിലായി.മസായികളും ഓർട്ടെല്ലോയുടെ ഗുണ്ടകളും പല തവണ ഏറ്റുമുട്ടി. രണ്ടായിരത്തി ഒമ്പതിലെ വരൾച്ചാക്കാലത്ത്, OBC ക്യാമ്പിലെ ജലസ്രോതസ്സുകൾ മസായിയിൽ നിന്നും അവന്റെ കന്നുകളിൽ നിന്നും സംരക്ഷിക്കാൻ ടാൻസാനിയൻ പോലീസ് കാവൽ നിന്നു. കുടിനീരിനായലഞ്ഞ് മനുഷ്യരും മൃഗങ്ങളും മരിച്ചുവീണു. ഗതികെട്ട് ക്യാമ്പിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവർ വെടിയേറ്റും വീണു. അങ്ങനെ സർക്കാർ സംവിധാനങ്ങളും അറബികൾക്കൊപ്പം ചേർന്നപ്പോൾ തോൽക്കുന്നത് മസായികളായി.

തദ്ദേശീയ പരമ്പരാഗതജനതയുടെ (indigenous people) സംരക്ഷണം ഉറപ്പു വരുത്തുന്ന ,യുണൈറ്റഡ് നാഷൻസ് വിളംബരത്തിലെ ഒരൊപ്പ് ടാൻസാനിയയുടേതാണ്. (The United Nations Declaration on the Rights of Indigenous Peoples  UNDRIP  2007)  എന്നാൽ നൂറ്റിമുപ്പതോളം പ്രാചീന ഗോത്രങ്ങളുള്ള ടാൻസാനിയയിൽ  അങ്ങനെയൊരു ജനവിഭാഗം തന്നെയില്ലെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ.സർക്കാർ കണക്കെടുപ്പുകളിലൊന്നും അഞ്ചു ലക്ഷത്തോളം വരുന്ന മസായികൾ എണ്ണപ്പെടുന്നില്ല. പിന്നെന്ത് സംരക്ഷണം ?ആർക്ക് സംരക്ഷണം ?


1993 ൽ തുടങ്ങിയ ഈ നായാട്ടു സാമ്രാജ്യം വിപുലപ്പെടുത്താൻ രണ്ടായിരത്തിപ്പതിനേഴിൽ ശ്രമം തുടങ്ങി.നായാട്ടുകാരുടെ സൗകര്യത്തിലേക്ക് ഒരു വൈൽഡ് ലൈഫ് കോറിഡോർ സ്വാപിക്കുകയായിരുന്നു ലക്ഷ്യം. മസായികളുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും സമരപരമ്പരകൾക്ക് അത് തുടക്കമിട്ടു. കുത്തിയിരിപ്പു സമരങ്ങളും കൂറ്റൻ മാർച്ചുകളും നടന്നു.സെരങ്കട്ടിയിൽ നിന്നും 
ഗ്രെയ്റ്റ് മൈഗ്രേഷനിലെ മൃഗങ്ങളെപ്പോലെ അരുഷയിലെ 'സർക്കാർ വനങ്ങളിലേക്ക് ' നീതിയുടെ പച്ചപ്പുല്ല് തേടി അവർ നടന്നു. IWGIA (International Work Group for Indigenous Affairs ) പോലെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ പ്രശ്നത്തിലിടപെട്ടു. മുഖ്യധാര -സമൂഹമാധ്യമങ്ങൾ മസായി പ്രതിഷേധത്തിന്റെ ശബ്ദവർധിനികളായി. ഭീമ ഹർജികളും ലോകമെമ്പാടു നിന്നും പ്രതിഷേധങ്ങളുമായി ടാൻസാനിയൻ സർക്കാർ വലഞ്ഞു. അവസാനം പ്രസിഡന്റ്  മാഗുഫുളിക്ക് ഇടപെടേണ്ടി വന്നു. കോറിഡോർ പ്രൊജക്ട് റദ്ദാക്കി. ഒർട്ടെല്ലോ കമ്പനിക്കുള്ള ലൈസൻസ് പുതുക്കുന്നതല്ലെന്ന് സർക്കാർ അറിയിച്ചു.സമരാവേശഭരിതരായിരുന്ന മസായികൾക്ക് അത് സാന്ത്വനമായില്ല. ഉവ്വുവ്വ് ,ഇതൊക്കെ കുറെ കണ്ടിരിക്കുന്നു എന്നായി അവർ.ടൂറിസത്തിന്റെ പണക്കിലുക്കത്തേക്കാൾ ഒച്ചയൊന്നുമില്ല അവരുടെ കൂട്ടക്കരച്ചിലിനില്ലെന്ന് അവർക്കറിയാം.  ലോകത്തെവിടെയും അവഗണിക്കപ്പെടുന്ന ജനതയ്ക്ക് സർക്കാരിലുള്ള വിശ്വാസം ഇങ്ങനെയൊക്കെയാണ്. പുതിയ ടൂറിസം മന്ത്രിയിലും അരുഷക്കോടതിയിൽ മസായികളുടെ ഭൂസ്വത്തുടമസ്ഥതയ്ക്കായി നടക്കുന്ന വ്യവഹാരത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് ഈ വീരഗോത്രം.

മസായികളുടെയും അവരുടെ നാല്ക്കാലികളുടേയും മറ്റൊരു വർഗ്ഗശത്രുവാണ് തോംസൺ സഫാരി എന്ന അമേരിക്കൻ  കമ്പനി. പന്ത്രണ്ടായിരത്തിൽപരം ഏക്കറുകളാണ് ഇവർ തട്ടിച്ചെടുത്തത്.ഇവർക്കെതിരെയും , സ്ഥിരമായി തള്ളപ്പെടുന്ന കോടതിക്കേസുകളായും  സർവൈവൽ ഇന്റർനാഷണൽ പോലുള്ള അന്താരാഷ്ട ആക്ടിവിസ്റ്റ് സംഘങ്ങളുടെ മുറവിളിയാലും മസായി പ്രതിഷേധം പുകയുന്നുണ്ട്. രസകരമായ വസ്തുത, പ്രാകൃതരെന്ന് കരുതപ്പെടുന്ന ഈ ആഫ്രിക്കൻ ഗോത്രജനതയുടെ സമരങ്ങളെല്ലാം മുന്നേറിയിട്ടുള്ളത് പരിഷ്കൃതസമൂഹത്തിന്റെ ഇടങ്ങളായ  സോഷ്യൽ മീഡിയകളിലാണ്.avaaz.org ലാണ് ഓൺലൈൻ പെറ്റീഷണുകളിലേക്ക് ലക്ഷക്കണക്കിന് ഒപ്പുകൾ സംഭരിച്ചത്


പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു, കാണിക്കാനുള്ളതെല്ലാം കാണിച്ചു എന്ന മട്ടിൽ ഗൈഡൻ നോയ്ൽ ബോമക്ക് പുറത്തേക്ക് നടക്കുകയാണ്.അമ്മയും മിനിയും ബോമയ്ക്കു പുറത്തെത്തിക്കഴിഞ്ഞു.പുതിയൊരു സംഘം സഫാരിക്കാരുമായി ചങ്ങാത്തത്തിലാവുകയാണവർ. 'പുരുഷ നിർമ്മിത' എങ്കാങ്ങിനടുത്തുള്ള നോയ്ലിന്റെ എൻകാജിയിൽ നിന്ന് ഒരു പെൺകുട്ടി പൊടിപ്പുഞ്ചിരിയുമായി ഇറങ്ങി വന്നു. പാതി പോലും വിടരാത്ത പുഞ്ചിരിയിലും അവൾ സുന്ദരിയും മോഹിനിയും ആയിരുന്നു. തുറന്നങ്ങു ചിരിക്ക് പെണ്ണേ എന്ന് കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നുണ്ട്. നുണക്കുഴികളെ വെളിപ്പെടുത്തുന്നൊരു പുഞ്ചിരിയിൽ അവളുടെ സൗന്ദര്യം ജ്വലിക്കുന്നത് കാണാൻ   അവളോടൊപ്പം നടന്നു തുടങ്ങിയ എന്റെ കണ്ണുകളെ  നോയ്ൽ തിരിച്ചുവിളിച്ചു.
ഭാര്യയാണ് .അവളും പിന്നെയവളും എന്ന് പാടി നോയ്ൽ ചൂണ്ടിയ ആദ്യത്തെ സുന്ദരിയായിരുന്നു അത്. അമ്പട കള്ളാ .
എത്ര ഭാര്യമാരുണ്ടെന്നായി ഞാൻ. 
ആദ്യത്തെ ഭാര്യയാണ്. ഞാൻ വളരെ ചെറുപ്പമാണ് .
അതിനൊക്കെ ഇനിയും സമയം കിടക്കുന്നുവെന്ന മട്ടിൽ നോയ്ൽ.



ഉച്ചയോടടുത്തെങ്കിലും സാവന്നയിലെ കാറ്റിൽ കുറച്ചു തണുപ്പ് കലരുന്നുണ്ട്.നീലാകാശത്ത് തുള്ളിച്ചാടിക്കൊണ്ടിരുന്ന മേഘങ്ങൾ  വെയിൽ പുതച്ച് ഉച്ചമയക്കത്തിൽ നിശ്ചലരായി.അഡുമക്കാർ ചാട്ടം നിർത്തി, അടുത്ത കൂട്ടം സന്ദർശകരെ കാത്ത് വിശ്രമിക്കുന്നു. ഇരുപതോളം കന്നുകൾ ബോമയ്ക്കപ്പുറം ദൂരെയുള്ള മേച്ചിൽപ്പുറങ്ങളിലേക്ക്  നീങ്ങുന്നുണ്ട്.  റഷീദ് , ലാൻഡ് ക്രൂയിസർ കുതിരയെ അക്കേഷ്യച്ചുവട്ടിൽ നിന്ന് അഴിച്ചുകൊണ്ടുവന്നു. വിട പറഞ്ഞിറങ്ങുമ്പോൾ തോളത്ത് കൈയിട്ട് അമ്മ നോയ്ലിനൊപ്പം പടമെടുത്തു.എന്നിട്ട്  പ്രിയപ്പെട്ട അടുപ്പക്കാരനോടെന്നപോലെ അമ്മ ചോദിച്ചു - ഞങ്ങൾ, സഫാരിക്കാരിങ്ങനെ വരുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടല്ലേ?
ഒരു കൂട്ടരുടെ ദാരിദ്ര്യവും മെച്ചമല്ലാത്ത ജീവിതവും കാഴ്ചവസ്തുവാക്കുന്നതിലെ അപമാനം അമ്മയെപ്പോലെ ഞങ്ങളെയും ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.
നോയ്ൽ  ഒന്നും പറഞ്ഞില്ല. സ്വതവേ പ്രസന്നമല്ലാത്ത മുഖത്ത് നിന്ന് ,നോയ്ൽ മെനക്കെട്ടു പിടിച്ചു വെച്ചിരുന്ന വെളിച്ചവും കെട്ടു പോയി. ഗൈഡിന്റെ മേലാട ഊരിയെറിഞ്ഞ് അയാൾ സാദാ മസായിയായി. പിന്നെ അമ്മയുടെ കൈ പിടിച്ച് 'മാ'യിൽ നന്ദി പറഞ്ഞ് പുതിയ കൂട്ടം സന്ദർശകരുമായി ബോമയിലേക്ക്.



റഷീദ് അമ്മയെ സഫാരി വണ്ടിയുടെ ഉയരമുള്ള സീറ്റിലേക്ക് താങ്ങിക്കയറ്റുന്നു. ഹക്കുണമത്താത്ത പാടാൻ മറന്ന റഷീദിനെ അമ്മ ഓർമ്മപ്പെടുത്തുന്നു. എന്താ റഷീദേ, ഹക്കുണപ്പാട്ടില്ലേ.റഷീദ് പാട്ട് തുടങ്ങി - സൂപ്പർ മാമ, ഹക്കുണ  മത്താത്ത .

ബോമയിൽ, പുതിയ സന്ദർശകർക്ക് മുമ്പിൽ നോയ്ൽ വീണ്ടും ഗൈഡായി. അയാൾ ഇങ്ങനെ പറയുന്നുണ്ടാകണം - ഞങ്ങൾ നോമാഡിക്കുകളാണ്. ഞങ്ങളുടെ നാൽക്കാലികളുമായി പുൽമേടുകൾ തേടിയലയുന്നവർ. 
ഇനിയെത്ര കാലം ഇവർക്ക് ഈ ജീവിതശൈലി തുടരാനാവും? മസായികൾക്ക് അലയാനും അവരുടെ കന്നുകാലികൾക്ക് മേയാനും എങ്കായ് ദൈവം നൽകിയ പുൽമേടുകളും മലമടക്കുകളും കാട്ടകങ്ങളും ടൂറിസ്റ്റുകൾക്കും ലോഡ്ജുകൾക്കും മൃഗങ്ങൾക്കും സംവരണം ചെയ്യപ്പെടുകയാണ്. മസായിയുടെ കുടിലുകൾ കത്തിയമരുകയാണ്. ലോളിയോണ്ടോയിൽ അധികാരികളുടെ മുഷ്ക്കിൽ മസായികളും അവരുടെ വളർത്തുമൃഗങ്ങളും ആട്ടിയോടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അത് ഗോരംഗോറയിലും സെരങ്കട്ടിയിലും സംഭവിക്കാം. പുതിയ റിസർവ്ഡ് വനങ്ങളിൽ പുതുരാജാക്കന്മാർ വേട്ടക്കിറങ്ങാം.
വെടിയേറ്റ് വീഴുന്ന മൃഗങ്ങളേക്കാൾ ഞങ്ങളെ വേദനിപ്പിച്ചത് ,മനുഷ്യപക്ഷത്തേക്ക് ചായുന്ന സ്വാർത്ഥത കൊണ്ടാകാം ,മേച്ചിലിടങ്ങൾ നഷ്ടപ്പെടുന്ന മസായിക്കൂട്ടമാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന തനത് സംസ്കാരത്തിന്റെ നിസ്സഹായതയും നിലവിളിയുമുണ്ട്  ആ പലായനങ്ങളിൽ.മസായികളും മൃഗങ്ങളും വഞ്ചിക്കപ്പെടുകയാണ്. രണ്ടു കൂട്ടരും വേട്ടയാടപ്പെടുകയാണ്.

മസായികൾ ഇന്ന് പൊരുതുന്നത്  ഭരണകൂടത്തോടാണ്. സെരങ്കട്ടിയിലും ഗോരംഗോരോയിലും കാലിമേച്ച് കഴിഞ്ഞിരുന്ന കാലത്ത് വല്ലപ്പോഴുമാണ് മസായികളും മൃഗങ്ങളും ഇടയുന്നത്. ഇന്ന് മൃഗങ്ങളേക്കാൾ മൃഗീയമായി അധികാരികൾ അടിച്ചമർത്തുമ്പോൾ പഴയ കുന്തവും അമ്പും വില്ലും കഠാരയും കാലിച്ചോര കുടിച്ച കരുത്തും അവർക്ക് പോരാതെ വരുന്നു.മസായി ദേശത്തിന്റെ ഹൃദയമാണ് ലോളിയോണ്ടോ. അവിടെയാണ് ഭരണകൂടം വെടി വെക്കുന്നത്. അത് കൊണ്ടാണ് ഇത്രയും ചോരയൊഴുകുന്നത്.

റഷീദ് വണ്ടിയെടുത്തു. ഞങ്ങൾ നോയ്ലിനേയും ബോമയേയും മസായിക്കൂട്ടുകാരെയും അവരുടെ അനിശ്ചിത ഭാവിയേയും ഖേദപൂർവ്വം കയ്യൊഴിഞ്ഞ്  കാടിന്റെ കാഴ്ചകളിലേക്ക് യാത്ര തുടർന്നു.


1 comment:

  1. സുന്ദരമായ വിവരണം. സ്നേഹാദരങ്ങൾ, ആശംസകൾ

    ReplyDelete